‌ശ്രീധന്യ റോഡ് മുറിച്ചുകടക്കാന്‍ സീബ്രാവരയ്ക്കടുത്ത് നില്‍ക്കുകയാണ്. നില്‍പ്പ് നീളുന്നതല്ലാതെ കടക്കാനാകുന്നില്ല. അല്ലെങ്കിലും റോഡ് കടക്കാന്‍ നേരത്ത് ശ്രീധന്യയ്ക്ക് തലപെരുക്കുന്നതുപോലെ തോന്നും. ഭൂമിയുടെ ഏതോ നടുക്കണ്ടത്തില്‍, അണ്ഡകടാഹത്തിന്റെ ഒത്തമധ്യത്തില്‍ കുട്ടവഞ്ചിയില്‍ വട്ടംകറങ്ങുന്നതുപോലെ ഒരാന്തല്‍ വരും. നൂറുനൂറായിരം ആദികളും വ്യാധികളും മനസ്സിലൂടോടിക്കളിക്കും. ഓട്ടോറിക്ഷയേതാ കാറേതാ ബസേതാന്നറിയാതെ കണ്ണുംമിഴിച്ച് ആ നില്‍പ്പ് തുടങ്ങീട്ട് ഒരഞ്ച് മിനിറ്റായിക്കാണും. അഞ്ചുമിനിറ്റല്ലേ എന്ന് ചിന്തിക്കേണ്ട. കാല്‍നടയാത്രക്കാരുടെ നിയമപുസ്തകത്തില്‍  അഞ്ച് മിനിറ്റ് വലിയ കാലയളവുതന്നെയാണ്. വയസ്സായ അപ്പൂപ്പന്മാരും ചുറുചുറുക്കുള്ള പെമ്പിള്ളേരും ഗുമുഗുമാന്നല്ലേ റോഡ് കടക്കുന്നത്. അവരോടൊപ്പം ഓടിയെത്താന്‍ പോലും അന്നേരം ശ്രീധന്യയുടെ തലച്ചോര്‍ സമ്മതിക്കില്ല.

To advertise here,

ബീവറേജില്‍ നിന്ന് വരുന്ന ഒരു സ്ഥിരം കുടിയനുണ്ട്. അയാള്‍ മിക്കവാറും ആ നേരത്താണ് ആടിയാടി റോഡ് കടക്കാന്‍ വരാറുള്ളത്. കമോണ്‍ എന്ന് ശ്രീധന്യയെ നോക്കി അയാള്‍ ആജ്ഞാപിക്കും. അടിയന്‍ എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് കാലുകള്‍  അയാള്‍ക്കൊപ്പം ചലിക്കും. ചീറിപ്പാഞ്ഞുവരുന്ന ലോറികളെപ്പോലും ഭയപ്പെടാതെ ആ കുടിയനൊപ്പം റോഡ് കടക്കാം. മൂന്നാല് ദിവസമായിട്ട് അയാളെ കാണാനില്ല. ബീവറേജ് അപ്പുറത്തേക്ക് മാറ്റിക്കാണുമോ അതോ അയാള്‍ കുടി നിര്‍ത്തിക്കാണുമോ?

മോള് റോഡ് കടക്കാനല്ലേ? ആ ചോദ്യം കേട്ടാണ് ശ്രീധന്യ സ്ഥലജലഭ്രംശത്തില്‍ നിന്നുണര്‍ന്നത്. കണ്ടിട്ട് പോസ്റ്റ്മാനാണെന്നു തോന്നുന്നു. അതേ എന്ന് പറഞ്ഞപ്പോള്‍ അയാളും റോഡ് കടക്കാനാണെന്ന് മറുവചിച്ചു. ആളുകൂടിയ ധൈര്യത്തില്‍ അവര്‍ രണ്ടാളും ഒന്നിച്ച് കടന്നു. അപ്പുറത്തെത്തിയപ്പോള്‍ പരസ്പരം ഒന്നു പുഞ്ചിരിച്ച ശേഷം രണ്ടാളും രണ്ട് വഴിക്കു പോയി.

മറ്റൊരാള്‍ കൂടെയുണ്ടാവുമ്പോള്‍ നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുമെന്നും ഒറ്റയ്ക്കാവുമ്പോഴും ആരെങ്കിലും കൂടെയുണ്ടെന്ന് ചിന്തിച്ചാല്‍ പേടി പമ്പ കടക്കുമെന്നും ബിനോയ് പറഞ്ഞിട്ടുണ്ട്. അതുമാത്രമല്ല ഒറ്റയ്ക്കാവുമ്പോള്‍ താന്‍ കൂടെയുണ്ടെന്ന് ചിന്തിക്കണമെന്നും ബിനോയ് പറഞ്ഞിട്ടുണ്ട്. ബിനോയ് ആരാണെന്നല്ലേ? ശ്രീധന്യയുടെ ഉറ്റ സുഹൃത്താണ്. മോട്ടിവേഷണല്‍ സ്പീക്കറാണ്. അവന്റെ ഭ്രമണപഥത്തില്‍ കിടന്ന് കറങ്ങി ശ്രീധന്യയുടെ ജഡത്വം ഏറെക്കുറെ കുറഞ്ഞിട്ടുണ്ട്.

ശ്രീധന്യയുടെ ഇപ്പോഴത്തെ ഈ നടത്തവും ബിനോയെ കാണാനാണ്. കണ്ടാല്‍ നല്ല മുഖശ്രീയാണ് ശ്രീധന്യയ്ക്ക്. അവളെ ശ്രീക്കുട്ടിയെന്നാണ് അടുപ്പക്കാര്‍ വിളിക്കുന്നത്. നല്ല വെളുത്ത വട്ടമുഖം. ചിരിക്കുമ്പോള്‍ കണ്ണുകള്‍ ചെറുതാവും. സെല്‍ഫിയെടുക്കുമ്പോള്‍ ഉള്ള ചുണ്ടുകോട്ടലൊഴിച്ചാല്‍ അല്‍ക്കിടു സുന്ദരി. ഇനിയങ്ങോട്ട് ശ്രീധന്യയെ ശ്രീക്കുട്ടിയെന്നാണ് വിളിക്കുന്നത്.

ശ്രീക്കുട്ടി റസ്‌റ്റോറന്റിലേക്ക് ചെന്നു. പെട്ടെന്നാരും ശ്രദ്ധിക്കാത്ത മൂലയില്‍ രണ്ട് സീറ്റ് കണ്ടുപിടിച്ചു. അവിടെച്ചെന്ന് മാസ്‌ക്കൂരി ശ്വാസം വിട്ടു. വീണ്ടും മാസ്‌ക്കെടുത്തിട്ടു. വല്ലവരും കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയണ്ടല്ലോ.

ശ്രീക്കുട്ടി ഫോണില്‍ ബിനോയിയെ വിളിച്ചു. ഇപ്പോഴെത്തുമെന്ന് മറുപടി കിട്ടി. വെയിറ്റര്‍ വന്നപ്പോള്‍ ഒരാള്‍കൂടി ഉണ്ടെന്ന് മറ്റാരും കേള്‍ക്കാതെ അടക്കം പറഞ്ഞു. പക്ഷേ, അത് ഒരാള്‍ കേട്ടുകഴിഞ്ഞിരുന്നു. ശ്രീക്കുട്ടിയുടെ വയര്‍. ബിനോയ് ഇപ്പോഴെത്തുമെന്ന് പറഞ്ഞതും വയറിന് ഒരാന്തല്‍. ശ്രീക്കുട്ടി ഇപ്പോള്‍ ബിനോയിയെ കാണുന്നത് വളരെ പ്രധാനപ്പെട്ടൊരു കാര്യം ചര്‍ച്ച ചെയ്യാനാണെന്ന് വയറിന് മനസ്സിലായിക്കഴിഞ്ഞു. മനുഷ്യശരീരത്തിലെ യഥാര്‍ത്ഥ മാനസികരോഗി വയറാണ്. അശുഭകരമായത് അയല്‍പക്കത്തൂടൊന്ന് പോയാല്‍ മതി. ഉരുണ്ടുകേറ്റം, ഗ്യാസ് ട്രബിള്‍, വയറിളക്കം ആകെ മൊത്തം സൈക്കോ റിഫ്‌ളക്ഷന്‍സ്. ശ്രീക്കുട്ടി ഓടിച്ചെന്ന് ടോയ്‌ലെറ്റ് അന്വേഷിച്ചു. ഓ...ഇത്തവണ പിരിയഡ്‌സിന്റെ രൂപത്തിലാണ് പണി തന്നിരിക്കുന്നത്. ശ്രീക്കുട്ടി വീണ്ടും സീറ്റില്‍വന്ന് ബാഗില്‍നിന്ന് പാഡുമെടുത്ത് ഷോളില്‍ ചുറ്റി വീണ്ടും ടോയ്‌ലെറ്റിലേക്ക്. ആരൊക്കെയോ നോക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ തലച്ചോറ് കണ്ണില്‍ ഇരുട്ട് ആവശ്യത്തിലധികം കുത്തിക്കയറ്റിയതിനാല്‍ ആരെയും കാണേണ്ടി വന്നില്ല. ഒടുവില്‍ ടോയ്‌ലെറ്റില്‍ നിന്ന് ഫോണും പിടിച്ച് വരുന്ന ശ്രീക്കുട്ടിയെയാണ് ബിനോയ് കണ്ടത്. ബിനോയ് പഠിപ്പിച്ചുകൊടുത്ത അതേ കൃത്രിമച്ചിരിയുമായി ശ്രീക്കുട്ടി സീറ്റില്‍ വന്നിരുന്നു.

ഇത്തവണ അധികം വളച്ചുകെട്ടലുകളില്ലാതെ ശ്രീക്കുട്ടി സ്‌കോര്‍ ചെയ്തു. എനിക്ക് ബിനോയിയെ വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നുണ്ട്. അഭിപ്രായം എന്തുതന്നെയായാലും പറയാന്‍ മടിക്കരുത്. അത് അധികം വൈകില്ലെന്ന് മാത്രം പ്രതീക്ഷിക്കുന്നു. എന്ന് സ്വന്തം ശ്രീക്കുട്ടി എന്ന് കൂടി പറഞ്ഞാല്‍ ഒരു കത്തുവായിച്ച അനുഭവം ബിനോയിക്ക് കിട്ടുമായിരുന്നു. പക്ഷേ, കൂടുതല്‍ ദീര്‍ഘിപ്പിക്കാതെ ശ്രീക്കുട്ടി യാത്ര പറഞ്ഞ് ഹോസ്റ്റലിലേക്ക് പോയി.

അന്ന് രാത്രി കഠിനമായ വയറുവേദനയുമായി മല്ലിടുമ്പോള്‍ ശ്രീക്കുട്ടി വെറുതെ ബിനോയിയുടെ ഡിപി എടുത്ത് നോക്കി. നല്ല എണ്ണക്കറുപ്പ്. ഒരാനച്ചന്തം! ശ്രീക്കുട്ടി ഫോണിലെ ക്യാമറ ഓണ്‍ചെയ്തു തന്നെത്തന്നെ നോക്കി. നല്ല പൂര്‍ണചന്ദ്രനെപ്പോലെയുണ്ട്. ആനപ്പുറത്തൊരു പൂര്‍ണചന്ദ്രന്‍ കൂടിയുണ്ടെങ്കില്‍ കേമമല്ലേ? ശിവന്റെ തലയിലെ ചന്ദ്രക്കല പോലെ. എന്നാലും ബിനോയിയെ എന്തുകൊണ്ടാവും ശ്രീക്കുട്ടി തിരഞ്ഞെടുത്തത്. മോട്ടിവേഷണല്‍ സ്പീക്കറുടെ പ്രചോദനം ജീവിതത്തിന് അനിവാര്യമായതുകൊണ്ടായിരിക്കുമോ? അതിന്റെ ഉത്തരം ശ്രീക്കുട്ടി ബിനോയിയെ അടുത്ത് പരിചയപ്പെട്ട ദിവസം തന്നെ ഡയറിയില്‍ കുറിച്ചുവച്ചിട്ടുണ്ടായിരുന്നു. അത് ഏതാണ്ട് ഇങ്ങനെയാണ്.

''എന്റെ മുഖം ആകാശത്തെ അമ്പിളിമാമനെപ്പോലെയാണെന്നും ഞാന്‍ വെണ്‍ക്കല്‍ ശില്പമാണെന്നും എന്റെ എംഎ ക്ലാസ്സിലെ കാമുകനാണ് ആദ്യം പറഞ്ഞത്. അതില്‍ ആദ്യം പറഞ്ഞത് അവന് എന്നെ കണ്ടപ്പോ തോന്നിയതാവും. എന്നാല്‍ ഞാന്‍ വെണ്ണക്കല്‍ ശില്പമാണെന്ന് അവന്‍ ഊഹിച്ചതാ. കാരണം എന്താണെന്നോ എന്റെ മുഖം മാത്രമേ വെളുത്തിട്ടുള്ളൂ. എന്റെ വയറും മുലകളും മറ്റെല്ലായിടവും കരിയില പോലെ ഇരുണ്ടിട്ടാ. കൃഷ്ണമണിപോലെ വെള്ളയില്‍ പൊതിഞ്ഞ കറുപ്പാ ഞാന്‍! അതുകൊണ്ട് എല്ലാ കാമുകന്മാരെയും ഞാന്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. ആരുമായും മറ്റേ എടപാടിനൊന്നും ഞാന്‍ പോയതേയില്ല. കൊതിയില്ലാഞ്ഞിട്ടൊന്നുമല്ല. ഇക്കാര്യമെങ്ങാന്‍ അവര് പാട്ടാക്കിയാലോ? അതുകൊണ്ട് ഞാനൊരു കല്യാണം കഴിക്കുന്നെങ്കില്‍ കരിക്കട്ടപോലെ കറുത്ത ഒരുത്തനെയായിരിക്കും. അതാവുമ്പോ അവനെന്നെ കളിയാക്കില്ലല്ലോ. ഇന്ന് ഞാന്‍ പരിചയപ്പെട്ട ബിനോയ് എനിക്കു പറ്റിയവനാണെന്നാണ് എന്റെ ഒരു ഉള്‍വിളി. കാത്തിരുന്നുകാണാം! ''

കല്യാണം കഴിക്കുന്നെങ്കില്‍ കരിക്കട്ടപോലെ കറുത്ത ഒരുത്തനെയായിരിക്കും എന്ന ആ തീരുമാനം ഒരു മരമാണെങ്കില്‍ ആ മരത്തിലെ ആദ്യത്തെ പാകമായ പഴമാണ് ബിനോയ്. ഇത്രയും കാലം മരത്തെ വെള്ളമൊഴിച്ച് വളര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു ശ്രീക്കുട്ടി.

അവള്‍ ആവശ്യപ്പെട്ടതുപോലെ ബിനോയിയുടെ തീരുമാനം അധികം വൈകിയില്ലെന്നു മാത്രമല്ല. വളരെ നേരത്തെയുമായിരുന്നു. എനിക്ക് സമ്മതമാണ് എന്ന മെസേജ് വാട്ട്‌സാപ്പില്‍ വന്ന് മുട്ടി. ശ്രീക്കുട്ടി ആകെ തളിര്‍ത്തു പൂത്തു. ഇനി പൂവിടണം.

എന്നാല്‍ എല്ലാ തീരുമാനങ്ങള്‍ക്കും ചില മാനങ്ങളുണ്ട്. ചില ലക്ഷ്യങ്ങള്‍. അതില്‍ പലതും തീരുമാനം എടുത്തവര്‍ക്കുമാത്രം അറിയുന്നതായിരിക്കും. ക്ലച്ചും ആക്‌സിലറേറ്ററും ബ്രേക്കും മാറ്റിമാറ്റിപ്പിടിച്ച് ആ തീരുമാനത്തില്‍ കൊണ്ട് ചെന്നെത്തിക്കുന്നതിലാണ് കാര്യം. അതുതന്നെയാണ് ബിനോയിയും ചെയ്തത്. ബിനോയിയുടെ ആ തീരുമാനം എന്താണെന്ന് നമുക്ക് വഴിയേ അറിയാം.

അന്ന് ശ്രീക്കുട്ടിയുടെയും ബിനോയിയുടെയും  ആദ്യരാത്രിയായിരുന്നു. ബിനോയിയുടെ അമ്മ നേരത്തെ കിടന്നു. ബിനോയിക്ക് അമ്മ മാത്രമേ ഉള്ളൂ.  കുളിച്ചുവരാമെന്ന് പറഞ്ഞ് ബിനോയ് കുളിമുറിയിലേക്ക് പോയി. ശ്രീക്കുട്ടി നേരത്തെ തന്നെ കുളിച്ചിരുന്നു.  സാരിയൊന്നും ഉടുക്കാന്‍ മെനക്കെടാതെ ഒരു നൈറ്റ് ഡ്രസാണ് ശ്രീക്കുട്ടി ഇട്ടത്. അവള്‍ ജനല്‍ തുറന്നു. നല്ല തണുത്ത കാറ്റ്. എവിടെയോ മഴ പെയ്യുന്നുണ്ടെന്ന് തോന്നുന്നു. ശ്രീക്കുട്ടി സ്വപ്‌നലോകത്തേക്ക് കടന്നു. പെട്ടെന്ന്  കുളിമുറിയുടെ വാതില്‍ തുറന്ന് ബിനോയ് മുറിയിലേക്കിറങ്ങി. ഷര്‍ട്ടിടാതെ കള്ളിമുണ്ട് മാത്രം ഇട്ടാണ് ബിനോയ് വന്നത്. അക്കാഴ്ച കണ്ട് ശ്രീക്കുട്ടിയുടെ കണ്ണില്‍ വീണ്ടും ഇരുട്ടുകയറി. വയറിന് ഭ്രാന്തിളകി. അതാ ബിനോയിയുടെ രോമം നിറഞ്ഞ വിരിമാറ് വെളുത്തിരിക്കുന്നു. കൈക്കും കഴുത്തിനു മെല്ലാം നല്ല വെളുപ്പ്. ദൈവമേ...അവള്‍ക്ക് ശബ്ദം പുറത്തുവന്നില്ല. അപകര്‍ഷത്തിന്റെ ആഴക്കയത്തിലേക്ക് അവള്‍ കാല് നീട്ടി. ചാടണോ വേണ്ടയോ?  അപ്പോള്‍ ബിനോയ് പറഞ്ഞു: നീ എന്താ ഈ നോക്കുന്നേ? എന്റെ മുഖം മാത്രം എങ്ങനാ കറുത്തുപോയതെന്നാണോ? ഞാനും അതെന്നോട് തന്നെ ചോദിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഒരു വെളുത്ത പെണ്ണിനെയേ കെട്ടൂന്ന് ഞാന്‍ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാ. എന്തായാലും അത് നടന്നു.

ശ്രീക്കുട്ടിക്ക് താന്‍ നടുറോഡില്‍ കാല്‍നടയായി നില്‍ക്കുകയാണെന്നും ചുറ്റും കാറും ലോറിയും ബസും മാറിമാറി ഹോണടിക്കുകയാണെന്നും തോന്നി. അപ്പോള്‍ പുറത്തെ ഇരുട്ടില്‍ ഒരു കുറ്റിമുല്ല വെളുക്കനെ ചിരിച്ചു.