
ഈയിടെ അന്തരിച്ച തന്റെ പിതാവിനെക്കുറിച്ച് എഴുത്തുകാരന്‍ വിനോയ് തോമസിന്റെ ഓര്‍മ്മക്കുറിപ്പ്
'മുതല്‍' നോവല്‍ വായിച്ച പലരുടെയും സംശയമാണ് ശ്രീപൂമരത്തിലാശാനെപ്പോലെ ഒരു ആശാന്‍ എനിക്കുണ്ടോ എന്നത്. സത്യം പറയട്ടെ, ഉണ്ട്. ജീവിതത്തിന്റെ സങ്കീര്‍ണതകളെ ഈസിയായി നേരിടാനുള്ള നുറുങ്ങുവിദ്യകള്‍ പഠിപ്പിച്ചുതന്ന എന്റെ ചാച്ചനായിരുന്നു ആ ആശാന്‍. അതിനായി ചാച്ചന്‍ കണ്ടുപിടിച്ച വഴികള്‍ ശ്രീപൂമരത്തിലാശാന്റെ മട്ടില്‍ വിചിത്രവും വിസ്മയകരവുമായിരുന്നു.
ഉദാഹരണത്തിന് ജീവിതം ദുഃഖമയമാണ് എന്നും ആ സത്യം തിരിച്ചറിഞ്ഞ് ദുഃഖത്തെ മറികടക്കാന്‍ എന്തെങ്കിലും ചെയ്യുന്നവര്‍ക്കേ ഈ ലോകത്ത് രക്ഷയുള്ളൂ എന്നൊക്കെയുള്ള കാര്യങ്ങളാണ് ചാച്ചന് തന്റെ മക്കളെ പഠിപ്പിക്കേണ്ടത് എന്നുവെക്കുക. അതിനുവേണ്ടി മിക്ക രക്ഷാകര്‍ത്താക്കളും എന്താണ് ചെയ്യുക? തങ്ങളുടെ മക്കളെ അടുത്തുവിളിച്ചിരുത്തി ബുദ്ധിസ്റ്റ് ലൈനില്‍ ഉപദേശക്ലാസെടുത്ത് ബോറടിപ്പിക്കും. പക്ഷേ, ചാച്ചന്‍ ആങ്ങനെയല്ല. മക്കള്‍ ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ചില ജീവിതമുഹൂര്‍ത്തങ്ങള്‍ എല്ലാ ദിവസവും അങ്ങേര് സൃഷ്ടിച്ചുകൊണ്ടേയിരിക്കും. കക്ഷിക്കറിയാം മക്കള്‍ക്ക് ബുദ്ധിയുണ്ടെങ്കില്‍ താന്‍ ഒപ്പിച്ചുവെക്കുന്ന ഏടാകൂടങ്ങളിലൂടെ നിരന്തരം ഡാര്‍ക്കടിച്ച് ഡാര്‍ക്കടിച്ച് ദുഃഖത്തില്‍നിന്ന് രക്ഷപ്പെടാനുള്ള വഴി മക്കള്‍തന്നെ എങ്ങനെയെങ്കിലും കണ്ടുപിടിക്കുമെന്ന്.
ആഴ്ചയില്‍ ഒരു ദിവസം ഏതെങ്കിലുമൊരാളെ എതിരാളിയായി തിരഞ്ഞെടുത്ത് അവരുമായി ടൗണിലോ വഴിയിലോ കിടന്ന് ചാച്ചന്‍ കശപിശയുണ്ടാക്കും. ആ എന്‍കൗണ്ടറില്‍ താന്‍ പരാജയപ്പെടും എന്ന സംശയമുണ്ടായാല്‍ അന്നേരെ ''വിനോയിയെ, ആ കത്തിയിങ്ങെടുത്തോടാ...'' എന്ന വിളിയോടെ പുള്ളി സീനില്‍നിന്ന് എസ്‌കേപ്പായി വീട്ടിലെത്തും. പിന്നെ ചാച്ചനെ എതിരാളിക്ക് വിട്ടുകൊടുക്കാതെ സംരക്ഷിക്കേണ്ടത് ഞങ്ങള്‍ വീട്ടുകാരുടെ ഡ്യൂട്ടിയാണ്. ''ചാച്ചാ പോകല്ലേ'' ''അയാളെ കൊല്ലല്ലേ'' എന്നൊക്കെ അപേക്ഷിച്ചുകൊണ്ട് ഞങ്ങള്‍ ചാച്ചനെ വട്ടംപിടിക്കണം. പക്ഷേ, ചാച്ചന്‍ നില്‍ക്കില്ല. തെയ്യമുറഞ്ഞോടുന്നതുപോലെ ഞങ്ങളെ തട്ടിത്തെറുപ്പിച്ച് അങ്ങേര് ഓടും. 'എന്റെ അടിച്ചതിനകം' എന്ന് പുള്ളി വിശേഷിപ്പിക്കാറുള്ള പറമ്പിന്റെ അതിരിലെത്തുമ്പോള്‍ ചാച്ചന്‍ നില്‍ക്കും. അങ്ങേര്‍ക്കറിയാം ഈ അടിച്ചതിനകത്തിന്റെ അപ്പുറം പോയാല്‍ എതിരാളി തന്നെ എടുത്തിട്ട് അലക്കുമെന്ന്.
ഉടമസ്ഥന്റെ ഉള്ള്
വീട്ടില്‍ വെറുംകഞ്ഞിവെക്കാന്‍ നല്ലനേരം നോക്കേണ്ട അവസ്ഥയായിരുന്നെങ്കിലും ധാരാളം ആശ്രിതരുള്ള ഒരു ജന്മിയാകണം എന്നതായിരുന്നു ചാച്ചന്റെ ഏറ്റവും വലിയ ആഗ്രഹം. അതിനുവേണ്ടി പല മനുഷ്യരെയും തന്റെ കുടികിടപ്പുകാരാക്കി മാറ്റാന്‍ ചാച്ചന്‍ ശ്രമിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ, ആ ശ്രമങ്ങളൊക്കെ നല്ലരീതിയില്‍ പാളി. അങ്ങനെ മനുഷ്യരായിട്ടുള്ള ആശ്രിതരെ കിട്ടാതായിക്കഴിഞ്ഞപ്പോഴാണ് പുള്ളിക്കാരന്‍ പട്ടികളിലേക്ക് തിരിയുന്നത്. അതാകുമ്പോള്‍ കേസും പുക്കാറും ഉണ്ടാകില്ലല്ലോ. എവിടെയെങ്കിലും അനാഥരായ പട്ടിക്കുഞ്ഞുങ്ങളെ കണ്ടാല്‍ പിന്നെ മേലുകീഴ് നോക്കാതെ അതുങ്ങളെ വീട്ടില്‍ കൊണ്ടുവന്ന് കുടികിടപ്പുകാരായി മാറ്റിയിട്ടേ ചാച്ചന്‍ വിശ്രമിക്കാറുള്ളൂ.
ഇങ്ങനെ ചാച്ചന്‍ കൊണ്ടുവരാറുള്ള കുടികിടപ്പുകാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മിക്കവാറും മമ്മിക്കായിരിക്കും. ചാച്ചന്‍ സ്‌നേഹത്തോടെ വിളിച്ചുകൊണ്ടുവരുന്ന കുടികിടപ്പുകാരൊക്കെ എത്ര നല്ലവരായാലും കുറച്ചുനാളുകള്‍ കഴിയുമ്പോള്‍ ചാച്ചന് കൊള്ളരുതാത്തവരായി മാറും. പിന്നെ അവരെ എങ്ങനെയെങ്കിലും കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചാച്ചന്‍ ആരംഭിക്കും. ഈ ചാച്ചനായിരുന്നു ഉടമസ്ഥന്‍ എന്ന കഥയെഴുതുമ്പോള്‍ എന്റെ മനസ്സിലുണ്ടായിരുന്നത്. പട്ടികളുമായുണ്ടായിരുന്ന ഈ എന്‍കൗണ്ടര്‍ ജീവിതാവസാനംവരെ ചാച്ചന്‍ കൊണ്ടുപോയി. ഇപ്പോള്‍ എന്റെ വീട്ടിലുള്ള ജോ എന്ന പെണ്‍പട്ടിയോടായിരുന്നു അവസാനത്തെ ഏറ്റുമുട്ടല്‍. എന്റെ മകള്‍ അക്ഷരി ഒരു ബന്ധുവീട്ടില്‍നിന്ന് കൊണ്ടുവന്നതാണ് ജോയെ. ചാച്ചന്റെ പ്രായത്തിലുള്ള മിക്ക കാരണവന്‍മാരെയുംപോലെ പെണ്‍കുഞ്ഞുങ്ങളെയും പെണ്‍പട്ടികളെയും ചാച്ചനും ഇഷ്ടമില്ലായിരുന്നു. എന്റെ പെങ്ങളിലും അക്ഷരിയിലുമൊക്കെ കുറ്റം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതുപോലെ ജോയിലും എന്തെങ്കിലുമൊക്കെ കുരുത്തക്കേടുകള്‍ ഉണ്ടായിരിക്കുമെന്ന് ചാച്ചന്‍ വിശ്വസിച്ചു. കൂട്ടില്‍ കാഷ്ഠിക്കുക, ആളുകള്‍ വരുമ്പോള്‍ കുരയ്ക്കാതിരിക്കുക, അഴിച്ചുവിട്ടാല്‍ കോഴികളെ ഓടിക്കുക, തിരികെ കൂട്ടില്‍ കയറാതിരിക്കുക എന്നിങ്ങനെ ചാച്ചന് ഇഷ്ടപ്പെടാത്ത കുറച്ചു കാര്യങ്ങള്‍ ജോയും ചെയ്യാറുണ്ടായിരുന്നു. അതങ്ങനെ കുറച്ച് അധികമായപ്പോള്‍ ചാച്ചന്‍ ജോയെ കൊല്ലാന്‍ തീരുമാനിച്ചു.
സീന്‍ മാറുന്നു
പക്ഷേ, ഇപ്രാവശ്യം വീട്ടില്‍ എല്ലാവരും അക്ഷരിയുടെ തീരുമാനത്തിനൊപ്പമാണ് നിന്നത്. ജോ എത്ര മോശക്കാരിയാണെങ്കിലും അവളെ വീട്ടിലെ ഒരു ആളെപ്പോലെ പരിഗണിക്കും എന്ന ആ ദൃഢനിശ്ചയത്തിനൊപ്പം ചാച്ചനും നില്‍ക്കേണ്ടിവന്നു. ചാച്ചന്‍ പതുക്കെപ്പതുക്കെ ജോയെ ഇഷ്ടപ്പെട്ടു തുടങ്ങുകയായിരുന്നു. ഒരിക്കല്‍ ജോയുടെ പല്ലുകള്‍ക്കിടയില്‍ ഒരു എല്ലിന്‍കഷണം കുടുങ്ങിയപ്പോള്‍ അത് കണ്ടുപിടിച്ചതും ഹോസ്പിറ്റലില്‍ കൊണ്ടുപോയി എത്രയും പെട്ടെന്ന് എടുക്കണമെന്ന് ആവശ്യപ്പെട്ടതും ചാച്ചനായിരുന്നു. പക്ഷേ, ജോ ചാച്ചനെ ഒരിക്കലും മൈന്‍ഡ് ചെയ്യാറില്ല.
ജോ വീട്ടില്‍ വന്ന് രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ചാച്ചന് അസുഖം ആരംഭിച്ചു. രോഗം കണ്ടുപിടിച്ചപ്പോള്‍ തന്നെ പാലിയേറ്റീവ് കീമോയും റേഡിയേഷനുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ആ ചികിത്സകൊണ്ട് പിന്നീടുള്ള ഒരുവര്‍ഷത്തെ ചാച്ചന്റെ ജീവിതം അങ്ങേര് അതുവരെ ജീവിച്ചതുപോലെതന്നെ ആഘോഷമായി കഴിച്ചുകൂട്ടാന്‍ സാധിച്ചു. ആദ്യത്തെ കുറച്ച് കോഴ്‌സ് കീമോ കഴിഞ്ഞപ്പോള്‍ തന്റെ രോഗമൊക്കെ സുഖപ്പെട്ടു എന്നാണ് ചാച്ചന്‍ കരുതിയത്. ആ ധാരണ തിരുത്തേണ്ടന്നായിരുന്നു ഞങ്ങളുടെ തീരുമാനം.
ചാച്ചന് പന്ത്രണ്ടാമത്തെ കീമോ ചെയ്തുകഴിഞ്ഞിരിക്കുന്ന സമയം. ഒരുദിവസം പകല്‍ ഞങ്ങള്‍ ജോലിക്കുപോയ സമയത്ത് ചാച്ചന്‍ വീട്ടില്‍ തനിച്ചായി. അക്ഷരിക്ക് ഒരു ടെസ്റ്റ് അറ്റന്‍ഡ് ചെയ്യാനായി മമ്മിയും അവളും എറണാകുളത്ത് പോയിരിക്കുകയായിരുന്നു. അന്നുച്ചയ്ക്ക് ചാച്ചന്‍ ബെവറജില്‍ പോയി ഒരഞ്ഞൂറ് വാങ്ങിക്കൊണ്ടുവന്ന് പകുതി കഴിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ വീട്ടില്‍ ആളില്ലാത്തതല്ലേ, വീട്ടുപണികളൊക്കെ ഒതുക്കിക്കളയാം എന്നൊരു സഹായമനോഭാവം ചാച്ചന് വന്നു. ചാച്ചന്‍ പശുവിനെ കറക്കുകയും ജോയെ കൂട്ടില്‍നിന്ന് അഴിച്ച് പുറത്തുകെട്ടാന്‍ ശ്രമിക്കുകയും ചെയ്തു. പതിവില്ലാത്ത വിധം ചാച്ചന്‍ തന്നെ കൂട്ടില്‍നിന്ന് പുറത്തിറക്കാന്‍ ശ്രമിക്കുന്നതു കണ്ടപ്പോള്‍ ജോ പേടിച്ചുപോയി. അവള്‍ ചാച്ചന്റെ പിടിയില്‍നിന്ന് രക്ഷപ്പെടുന്നതിനായി പറമ്പിന്റെ അതിരിനപ്പുറത്തേക്കോടി. ചാച്ചന്‍ പിന്നാലെ പാഞ്ഞു. അങ്ങനെ രണ്ടുപേരും 'അടിച്ചതിന്' പുറത്തായി. അതോടെ സീന്‍ മാറി.
അമൂല്യ മുതല്‍
ഞാന്‍ സ്‌കൂളില്‍നിന്ന് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ എനിക്ക് വൈഫിന്റെ ഫോണ്‍ വന്നു. ചാച്ചനെ പട്ടി വീഴിച്ചു. കൈയൊടിഞ്ഞ അങ്ങേരെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഞാന്‍ തിടുക്കത്തില്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ വഴിയരികില്‍ ആരോ കെട്ടിയിട്ടിരിക്കുന്ന ജോയെ കണ്ട് കാര്‍ നിര്‍ത്തി. എന്നെ കണ്ടതേ ജോ ആദ്യം ഒന്ന് തലകുനിച്ചു. പിന്നെ ഞാന്‍ ഒന്നും ചെയ്തിട്ടില്ല എന്ന മട്ടില്‍ എന്നെ ദയനീയമായി നോക്കി.
ഒരു കൈയില്‍ കീമോയുടെ പിക് ലൈനും മറ്റേ കൈയില്‍ പ്ലാസ്റ്ററുമായി ചാച്ചന്‍ കുറച്ചുദിവസം വീട്ടില്‍ ഇരിപ്പായി. തിണ്ണയിലിരുന്ന് അങ്ങേര്‍ ജോയുടെ കൂടിനു നേര്‍ക്ക് നോക്കും. ജോ പഴയതുപോലെ തന്നെയാണ്. ചാച്ചന്‍ എന്നൊരാള്‍ വീട്ടിലുണ്ടെന്ന ഒരു ഭാവവും അവള്‍ക്കില്ല. ചാച്ചന്റെ കൈയിലെ പ്ലാസ്റ്ററെടുത്ത് കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ അങ്ങേര്‍ക്ക് ഫിറ്റ്‌സ് വന്ന് വീണു. അസുഖം ബ്രെയിനിലേക്ക് വ്യാപിച്ചതിനാല്‍ പിന്നീടദ്ദേഹം എഴുന്നേറ്റില്ല. പൊതുവേ ആരു വന്നാലും കുരച്ച് ബഹളമുണ്ടാക്കുന്ന ജോ, ചാച്ചന്‍ മരിച്ച ദിവസം ശാന്തയായി ഒച്ചയനക്കങ്ങളില്ലാതെ കൂട്ടില്‍ കിടന്നു. അനേകം ആണ്‍പട്ടികളുടെ ഉടമസ്ഥനും കുടിയൊഴിക്കലുകാരനുമായിരുന്ന ചാച്ചനെ ഒടുവില്‍ വീഴിച്ചത് ജോ എന്ന പെണ്‍പട്ടിയായിരുന്നു. ഉടമസ്ഥന്‍ എന്ന കഥയിലെ പെണ്‍മക്കളിലൊരാളെപ്പോലെ.
ചാച്ചന്‍ ജീവിച്ച കഥയിലെ വളരെവളരെ ചെറിയൊരു സംഭവം മാത്രമാണ് പട്ടികളും ചാച്ചനുമെന്നത്. ചാച്ചന്റെ ജീവിതത്തിലെ എല്ലാ അംശങ്ങളിലും അനേകം കഥകള്‍ക്കുള്ള മെറ്റീരിയലുകളുണ്ട്. ഞാന്‍ വെറുതെ ആലോചിക്കും സാധാരണ അച്ഛനമ്മമാര്‍ മക്കള്‍ക്കുവേണ്ടി എന്തൊക്കെയാണ് കരുതിവെക്കാറുള്ളത്. സ്വര്‍ണം, പണം, ഭൂസ്വത്ത് എന്നിങ്ങനെ പലവിധ മുതലുകളാണല്ലോ. പക്ഷേ, ചാച്ചന്‍ അങ്ങനെയല്ല. ഇനിയുള്ള എന്റെ ജീവിതകാലം മുഴുവനുമിരുന്ന് എഴുതിയാലും തീരാത്തത്ര കഥകളാണ് ചാച്ചന്‍ എനിക്കുവേണ്ടി ഉണ്ടാക്കിവെച്ചിരിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ചാച്ചനോളം അമൂല്യമായി മറ്റെന്തു മുതലാണെനിക്കുള്ളത്.
Content Highlights: writer vinoy thomas, memories memories
Published: 10 Feb 2025, 08:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented