
തന്റെ 'കിളിനോച്ചിയിലെ ശലഭങ്ങള്‍' എന്ന കഥാസമാഹാരത്തിന് ഷീലാ ടോമി എഴുതിയ ആമുഖക്കുറിപ്പ്
ജീവിതത്തിന്റെ ചവര്‍പ്പും മധുരവും കൈക്കുമ്പിളില്‍ കോരിയെടുക്കാനുള്ള എളിയ ഉദ്യമമാണ് എനിക്ക് കഥകള്‍. തൃപ്തിയുടെ തീര്‍ഥഘട്ടങ്ങള്‍ തേടിയുള്ള യാത്രകള്‍ക്കിടയില്‍ കഥകള്‍ സംഭവിക്കുകയാണ്; എഴുതപ്പെടുകയല്ല. കഴിഞ്ഞ രണ്ടു വ്യാഴവട്ടക്കാലത്തില്‍, പലപ്പോഴായി, രണ്ടു നോവലുകള്‍ക്ക് മുമ്പും പിമ്പുമായി, സംഭവിച്ച ചില കഥകളാണ് ഈ സമാഹാരത്തില്‍ നിങ്ങള്‍ക്കു സമര്‍പ്പിക്കുന്നത്. കോളേജ് കാലത്തിനിപ്പുറം, ചില രചനകള്‍ മഷിപുരണ്ടതിനുശേഷം, നീണ്ട മൗനത്തിലേക്ക് വീണുപോയ നാളുകളില്‍, മൂന്നു കുഞ്ഞുങ്ങളുടെ അമ്മയെന്ന മഹാകാവ്യത്തിന്റെ രചനയില്‍, ഉദ്യോഗസ്ഥയായി, വായനക്കാരിയായി, ചിറകൊതുക്കി ഇരിക്കുമ്പോഴും കഥകള്‍ എന്നില്‍ പറന്നിരുന്നു; എന്നോടൊപ്പം ആഹ്ലാദിക്കുകയും നുറുങ്ങുകയും വികാരംകൊള്ളുകയും ചെയ്തിരുന്നു.
പിന്നീട് നോവലെഴുത്തിന്റെ ലഹരിയിലേക്കും വേദനയിലേക്കും വീഴുവോളം എഴുത്ത് എനിക്ക് തപസ്യയായിരുന്നില്ല. തിരിഞ്ഞുനോക്കവേ എന്നിലെ എഴുത്തുകാരിയുടെ രൂപപ്പെടലിന്റെ സാക്ഷ്യമായി തോന്നുന്നു, പല കാലങ്ങളില്‍ ഓര്‍മ്മകളുടെ ശിലാപാളികളില്‍ വിരിഞ്ഞ ഈ പൂക്കള്‍. എന്നിലെ എന്നെ വീണ്ടെടുത്ത അക്ഷരങ്ങള്‍! ഈ ചെറിയ എഴുത്തുകള്‍ ജീവിതത്തിന് അര്‍ത്ഥമേകി എന്നൊക്കെ പറഞ്ഞാല്‍ വെറും കിറുക്കായി തോന്നാം. പക്ഷേ, സത്യമതാണ്. കാലഭേദങ്ങളുടെ വാസനാവൈവിധ്യം നിങ്ങള്‍ ഇവയില്‍ ദര്‍ശിക്കുമെന്ന് പ്രതീക്ഷിച്ചോട്ടെ.

എന്ന പുസ്തകത്തിന്റെ കവര്‍
പറയണമെന്ന അദമ്യമായ ആഗ്രഹം തോന്നിയ ചില പേലവനിമിഷങ്ങളില്‍ മാത്രം അടര്‍ന്നുവീണ ഈ നക്ഷത്രങ്ങള്‍ എന്നിലെന്നപോലെ നിങ്ങളിലും പലപ്പോഴും മിന്നിയ ചിന്തകളായിരിക്കാം. നിങ്ങളുടെയും നിനവുകളായിരിക്കാം, വ്യസനങ്ങളായിരിക്കാം. മുമ്പില്‍ അശുഭകരമായി വിങ്ങിനില്‍ക്കുന്ന ദുരന്തങ്ങള്‍ ഭീതി ഉയര്‍ത്തിയ സമയത്താണ് 'മെല്‍ക്വിയാഡിസ്' വരുന്നത്. മുല്ലപ്പെരിയാര്‍ ആശങ്കയുണര്‍ത്തിയ കാലം. സൗമ്യ എന്ന പെണ്‍കുട്ടി റെയില്‍വേ ട്രാക്കില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സമയം. എഴുതാനിരുന്നപ്പോള്‍ അവളെക്കുറിച്ചുള്ള ആകുലതകള്‍ ഭൂമിയെക്കുറിച്ചുള്ള വേവലാതികളായി രൂപാന്തരപ്പെടുകയായി.
ഏകാന്തതയുടെ നൂറു വര്‍ഷങ്ങളിലെ ജിപ്‌സിയുടെ കുഴല്‍ക്കണ്ണാടിയിലൂടെ ഭാവിയുടെ അപായസൂചനകള്‍ കാണുകയായി. അതേസമയം 'ബ്രഹ്‌മഗിരിയിലെ മഞ്ഞ്' പ്രണയവും വിരഹവും നിസ്സഹായതയും പകര്‍ന്ന സ്വച്ഛന്ദമായ അനുഭൂതിയായിരുന്നു. നിമജ്ജനം ചെയ്യപ്പെടാത്ത പ്രണയം മനസ്സിനെ മഥിക്കുന്ന ഓര്‍മ്മയാണല്ലോ എന്നും. എന്റെ കുസൃതികളില്‍ എന്നും കൂടെയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്ന നസ്രത്തിലെ യുവാവുമായുള്ള, യേശുവുമായുള്ള സൗഹൃദത്തില്‍നിന്ന്, സല്ലാപത്തില്‍നിന്ന് വിരിഞ്ഞ കഥയാണ് 'തലീത്താ കൂം.'
പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ നീതിപീഠത്തിനു മുമ്പില്‍ അവമതിക്കപ്പെടുന്ന ഒന്നിലേറെ സംഭവങ്ങള്‍ നടന്ന കാലത്താണ് 'ബത്തൂലിയ' സംഭവിക്കുന്നത്. ബൈബിള്‍ പഴയനിയമത്തിലെ യൂദിത്തിന്റെ ആയുധം ഓരോ പെണ്‍കുട്ടിയും കൈയില്‍ കരുതേണ്ടിവരുമോ എന്ന രോഷം കഥയുടെ രൂപമാര്‍ന്നു. ഇതിലെ ഏറ്റവും പഴയ കഥകളില്‍ ഒന്നാണ് 'മകള്‍.' ഒരു കൗമാരക്കാരിയുടെ ആത്മഹത്യ തീര്‍ത്ത ഞെട്ടലാണ് 'മകളി'ലേക്ക് എത്തിച്ചത്. സ്വന്തം വീടകംപോലും സുരക്ഷിതമല്ലെന്ന പൊള്ളിക്കുന്ന തിരിച്ചറിവില്‍ ആരോടും ഒന്നും പങ്കിടാനാവാതെ എല്ലാം ഉള്ളിലടക്കുന്ന പാവം പൈതങ്ങള്‍! കളിച്ചും ചിരിച്ചും പാറിനടക്കേണ്ട പ്രായത്തില്‍ അവര്‍ ഡിപ്രഷനില്‍ മുങ്ങിത്താഴുന്നു. ഏകാന്തവ്യഥകളുടെ തുരുത്തിലെ തേങ്ങലുകള്‍ ആരു കേള്‍ക്കാന്‍! ആ പിടച്ചിലാണ് 'മകളായി' പിറന്നത്.
അബുദാബിയില്‍ താമസിക്കുന്ന സമയത്ത് മനോജ് എന്ന പ്രിയസഹചാരിയുടെ അകാലമൃത്യു നല്‍കിയ നൊമ്പരമാണ് 'നിന്റെ ഓര്‍മ്മയ്ക്ക്.' തിരികെ പോകാന്‍ ഒരു രാജ്യമില്ലാത്ത നിസ്സഹായരായ മനുഷ്യരുടെ വ്യഥകളും അതില്‍ നിഴലായിച്ചേര്‍ന്നു. സ്വന്തം മണ്ണും ദേശവും വിട്ടോടേണ്ടിവന്ന അനേകര്‍ അന്ന് ജോലിസ്ഥലത്തുണ്ടായിരുന്നു. അന്നം അന്വേഷിച്ച്, അവനവനെത്തന്നെ അന്വേഷിച്ച്, മനുഷ്യന്‍ യുഗങ്ങള്‍ക്കുമുമ്പ് തുടങ്ങിയ യാത്രയാണല്ലോ പ്രവാസം.
എല്ലാ കേള്‍വികളെയും തത്ത്വശാസ്ത്രങ്ങളെയും അപ്രസക്തമാക്കുന്ന അതിദാരുണ രാഷ്ട്രീയക്കൊലകള്‍ നമുക്കു നല്‍കുന്ന ആഘാതമാണ് 'കാഴ്ച'യുടെ രൂപകമായത്. ഞാന്‍ എന്റെ അനുജന്റെ, സ്‌നേഹിതന്റെ, സഖാവിന്റെ കാവല്‍ക്കാരനല്ലെന്നു കൈയൊഴിയുന്ന കാലത്തിന്റെ ഭീകരതയാണ് 'കാഴ്ച.' അത് എന്റെയും നിങ്ങളുടെയും ആകുലതകള്‍ തന്നെ. 'മൃണാളിനിയുടെയും താരയുടെയും കഥ' പറയാന്‍ ഞാന്‍ നിമിത്തമായി എന്നുമാത്രം. അത് പരശ്ശതം പെണ്‍മനസ്സുകളുടെ ശബ്ദമാണ്. 'രാത്രിയുടെ ഏകാന്തയാമത്തില്‍ കൊക്കൂണ്‍ പൊട്ടി ചിത്രശലഭങ്ങള്‍ പറന്നുയരുന്നത് സ്വപ്നം കാണുന്ന' പ്രിയപ്പെട്ട പെണ്ണുങ്ങളേ, നിങ്ങളുടെ കഥ.
ശ്രീലങ്കയില്‍ ആഭ്യന്തരയുദ്ധം വിനാശംവിതച്ച പുലിവേട്ടയുടെ കാലത്താണ് 'കിളിനോച്ചി' വരുന്നത്. ഹൗസ് ഹെല്‍പ്പുകളായി ജോലി ചെയ്യുന്ന ശ്രീലങ്കന്‍ പെണ്‍കുട്ടികള്‍ അന്ന് ഗള്‍ഫ് നഗരങ്ങളില്‍ സാധാരണമായിരുന്നു. അങ്ങനെ ചിലര്‍ എന്റെ പരിചിതവട്ടത്തിലുമുണ്ടായിരുന്നു. കാവേരി ലക്ഷ്മി അവരിലൊരാള്‍ മാത്രം. ഇത് ലങ്കയുടെ കഥ മാത്രമല്ല. ലോകമെങ്ങും പലായനങ്ങള്‍ തുടരുകയാണല്ലോ. രാജ്യനാമങ്ങള്‍ മാത്രമേ മാറുന്നുള്ളൂ. ഇന്നും 'നൂറായിരം ബോധിവൃക്ഷക്കൊമ്പുകള്‍ അടര്‍ന്നുവീണുകൊണ്ടിരിക്കുകയാണ്' എങ്ങും.
'മഹാ-ഭാരതവും കുറേ തസ്‌കരന്മാരും' എന്ന കഥയില്‍ ബേപ്പൂര്‍ സുല്‍ത്താനും ഗാന്ധിജിയും ഒരുമിക്കുന്ന ഒരു രാത്രി നിങ്ങള്‍ കാണും. മാനവികതയുടെ മരണമാഘോഷിക്കുന്ന വ്യവസ്ഥിതിയെ വിചാരണ നടത്തുന്ന ഏറെ ആസ്വദിച്ചെഴുതിയ ഒരു ആക്ഷേപഹാസ്യം. ചില കഥകളിലെ നാല്‍ക്കവലകളിലെങ്കിലും നമ്മള്‍ കണ്ടുമുട്ടുമെന്ന പ്രതീക്ഷയോടെ സ്‌നേഹനൊമ്പരങ്ങളുടെ ഈ ദലമര്‍മ്മരങ്ങള്‍ നിങ്ങള്‍ക്ക് പകരുകയാണ്. ജന്മാന്തരബന്ധങ്ങളുടെ മുത്തശ്ശിഗന്ധം നിങ്ങളും ഇവയില്‍ അനുഭവിച്ചേക്കാം.
Content Highlights: writer sheela tomy on kilinochiyile salabhangal
Published: 31 Jan 2025, 10:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented