
എഴുതാതെ വെറുതേയിരിക്കുന്ന ഒരു യോസയെ നമുക്ക് സങ്കല്പിക്കാന്കൂടി വയ്യാ; പ്രായമേറുന്തോറും തീക്ഷ്ണമാവുകയായിരുന്നല്ലോ അദ്ദേഹത്തിന്റെ എഴുത്ത്. അതുകൊണ്ടാകാം എഴുത്തില്‍നിന്നുമാത്രമല്ല, ജീവിതത്തില്‍നിന്നും വിരമിച്ചിരിക്കുകയാണ് അദ്ദേഹം. ഞായറാഴ്ച അന്തരിച്ച ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്‍ മാരിയോ വര്‍ഗാസ് യോസയെക്കുറിച്ച്...
2015-ല്‍, ലാറ്റിനമേരിക്കന്‍ എഴുത്തുകാരെ ലോകത്തിന്റെ മുന്‍നിരയിലേക്ക് ആനയിച്ച സാഹിത്യ ഏജന്റ് കാര്‍മെന്‍ ബാല്‍സേയ്‌സ് (Carmen Balcells) മരണമടഞ്ഞപ്പോള്‍ മാരിയോ വര്‍ഗാസ് യോസ ഇങ്ങനെ എഴുതി: 'പ്രിയപ്പെട്ട കാര്‍മെന്‍, വൈകാതെ നമുക്കു കാണാം.' വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണെങ്കിലും ഈ ഏപ്രില്‍ 13-ന് യോസ വാക്കുപാലിച്ചിരിക്കുന്നു.
2023-ല്‍ യോസ മറ്റൊരു പ്രഖ്യാപനംകൂടി നടത്തി: എഴുതിമുഴുമിപ്പിച്ച I Dedicate You My Silence എന്ന പുസ്തകം തന്റെ അവസാനത്തെ നോവലായിരിക്കാമെന്നും താന്‍ എഴുത്തില്‍നിന്ന് വിരമിക്കുകയാണെന്നും. എഴുതാതെ വെറുതേയിരിക്കുന്ന ഒരു യോസയെ നമുക്ക് സങ്കല്പിക്കാന്കൂടി വയ്യാ; പ്രായമേറുന്തോറും തീക്ഷ്ണമാവുകയായിരുന്നല്ലോ അദ്ദേഹത്തിന്റെ എഴുത്ത്. അതുകൊണ്ടാകാം എഴുത്തില്‍നിന്നുമാത്രമല്ല, ജീവിതത്തില്‍നിന്നും വിരമിച്ചിരിക്കുകയാണ് അദ്ദേഹം.
എഴുത്തും രാഷ്ട്രീയവും
1936-ല്‍ പെറുവിലെ അരെക്വിപ നഗരത്തില്‍ ജനിച്ച യോസയുടെ ആദ്യത്തെ നോവല്‍ The Time of the Hero ആണ്. Conversation in the Cathedral, Aunt Julia and the Scripwriter, The Feast of the Goat, A Fish in the Water എന്നിവയാണ് അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ മറ്റു കൃതികള്‍. സെര്‍വാന്തെസ് അവാര്‍ഡ് മുതല്‍ 2010-ല്‍ സാഹിത്യത്തിനുള്ള നൊബേല്‍പുരസ്‌കാരംവരെ അദ്ദേഹത്തിനു ലഭിച്ചു. തുടക്കത്തില്‍ മാര്‍കേസിനെപ്പോലെ ഇടതുപക്ഷസഹയാത്രികനായിരുന്നെങ്കിലും ക്യൂബന്‍ കവി ഹെബെര്‍ത്തോ പദിയ(Heberto Padilla)യെ കാസ്‌ട്രോ ഭരണകൂടം തടവിലാക്കിയത് അദ്ദേഹത്തെ മാറ്റിച്ചിന്തിപ്പിച്ചു. 'എനിക്കു വഴിതരൂ, അഭിവാദ്യംചെയ്യാതെ, എന്നോടൊന്നും സംസാരിക്കാതെ, എന്നെ കാണുമ്പോള്‍ വഴിമാറിപ്പോകൂ' എന്നെഴുതിയ പദിയയെ ഒറ്റയ്ക്കാക്കാന്‍ യോസയ്ക്ക് മനസ്സുവന്നില്ല. അദ്ദേഹം ഇടതുപക്ഷപ്രസ്ഥാനത്തില്‍നിന്നകന്നു. 1990-ല്‍ പെറുവിന്റെ പ്രസിഡന്റുസ്ഥാനത്തേക്ക് അദ്ദേഹം മത്സരിച്ചെങ്കിലും അല്‍ബെര്‍ത്തോ ഫുഹിമോറിയോട് പരാജയപ്പെട്ടു.
കൈയടക്കം നാടകത്തിലും
നോവലിസ്റ്റും ഉപന്യാസകാരനുമായ യോസയെയാണ് നമുക്ക് കൂടുതല്‍ പരിചയമെങ്കിലും മികച്ച മൂന്നു നാടകങ്ങള്‍ക്കൂടി അദ്ദേഹം രചിച്ചിട്ടുണ്ട്. ഇതിവൃത്തത്തെക്കാള്‍, അദ്ദേഹം സൃഷ്ടിക്കുന്ന ഘടനാപരമായ നൂതനത്വമാണ് ഈ നാടകങ്ങളെ വേറിട്ടതാക്കുന്നത്. യോസയെസ്സം ബന്ധിച്ചിടത്തോളം 'ആധുനികത എന്നത് രൂപപരമായ വസ്തുതകളും ആഖ്യാനസങ്കേതങ്ങളുമാണെ'ന്ന് Mario vargas Llosa: A Life of Writing എന്ന പുസ്തകത്തില്‍ റെയ്മണ്‍ഡ് ലെസ്ലി വില്യംസ് പറയുന്നതും ഇവിടെ ഓര്‍ക്കാവുന്നതാണ്.
The Young Lady from Tacna എന്ന നാടകത്തില്‍ അരങ്ങ് രണ്ടായി വിഭജിച്ചിരിക്കുന്നു. ഒന്ന്, കുടുംബത്തിലെ കാരണവന്മാരുടെ 1950-കളിലെ വീട്. മറ്റേതാകട്ടെ, അവരെ കഥാപാത്രങ്ങളാക്കി രചന നടത്തുന്ന ബെലിസാറിയോ എന്ന എഴുത്തുകാരന്റെ മുറിയും. ഈ രണ്ടു കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും പ്രവൃത്തികളും ഇടകലരുന്നു. നാടകത്തിന്റെ രംഗസജ്ജീകരണത്തെപ്പറ്റി യോസ എഴുതുന്നതിങ്ങനെ: 'അരങ്ങ് യാഥാര്‍ഥ്യത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതാകരുത്. അത് ബെലിസാറിയോ ഓര്‍ക്കുന്നവിധത്തിലുള്ളതായിരിക്കണം. അത് അയാളുടെ സങ്കല്പത്തിലുള്ള ഒരു മിഥ്യാവൃത്താന്തംമാത്രമാണ്. അതുകൊണ്ടുതന്നെ വസ്തുക്കളും കഥാപാത്രങ്ങളും യഥാര്‍ഥജീവിതത്തിലുള്ള അവയുടെ പകര്‍പ്പുകളുടേതില്‍നിന്ന് വ്യത്യസ്തമായ ഒരു വാസ്തവികതയാണ് കൈക്കൊള്ളേണ്ടത്.' ദൃശ്യപരമായ വസ്തുനിഷ്ഠത ഒഴിവാക്കിയതിനാലാണ് 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' വ്യത്യസ്തമാകുന്നതെന്ന് പ്രസ്തുത നോവലിനെക്കുറിച്ചുള്ള ഏറ്റവും മികച്ച പഠനമായി കണക്കാക്കുന്ന Garcia Marquez: Story of a Deicide എന്ന പുസ്തകത്തില്‍ യോസ പറയുന്നതും ഇതുകൊണ്ടായിരിക്കാം.
മനുഷ്യര്‍ കഥകള്‍ പറയേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് നാടകത്തിന്റെ ആമുഖത്തില്‍ യോസ ചോദിക്കുന്നുണ്ട്. 'മരണവും തോല്‍വിയുമായുള്ള പോരാട്ടത്തില്‍ അവ അവന് നിത്യതയുടെയും സമാശ്വാസത്തിന്റെയും ഒരു മിഥ്യാബോധം നല്‍കി സഹായിക്കുന്നതുകൊണ്ടാകാം. രാജ്യങ്ങളെന്നനിലയ്ക്കും വ്യക്തികളെന്നനിലയ്ക്കും നമ്മളെന്തെന്ന് മനസ്സിലാക്കുന്നതിനായുള്ള നമ്മുടെ ഒരേയൊരു അവലംബം, നമ്മളില്‍നിന്ന് പുറത്തുകടന്ന്, ഓര്‍മയുടെയും ഭാവനയുടെയും സഹായത്തോടെ കഥകളുടെ ലോകത്തേക്ക് സ്വയം വലിച്ചെറിയുക എന്നതാണ്' എന്ന് യോസ തുടര്‍ന്നെഴുതുന്നു. നാടകത്തിന്റെ അവസാനത്തില്‍ 'യഥാര്‍ഥ കഥയെന്തെന്ന് എനിക്കറിയാത്തതുകൊണ്ട് ഞാനതില്‍ പലതും കൂട്ടിച്ചേര്‍ത്തു'വെന്ന് ബെലിസാറിയോ പറയുമ്പോള്‍ വാസ്തവികതയുടെയും ഭാവനയുടെയും സങ്കലനംമാത്രമാണ് കഥയും അതേപോലെ ജീവിതവുമെന്ന് വ്യക്തമാകുന്നു.
കഥ കഥയ്ക്കുവേണ്ടി
അടിമുടി രാഷ്ട്രീയം നിറഞ്ഞതാണ് യോസയുടെ രചനകളെല്ലാമെങ്കിലും അങ്ങനെയല്ലാത്ത കഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്. The Storyteller എന്ന നോവല്‍ അത്തരമൊന്നാണ്. ആന്‍ഡീസ് പര്‍വതത്തിലെ മാച്ചിഗെന്‍ഗ എന്ന പുരാതനഗോത്രവര്‍ഗക്കാര്‍ ശത്രുക്കളുടെ ആക്രമണവും ക്ഷാമവുംകാരണം വനത്തിന്റെ പലഭാഗങ്ങളിലായി ചിതറിപ്പോകുമ്പോള്‍ കഥപറച്ചിലുകാരാണ് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിച്ച് അവരെ പരസ്പരം കൂട്ടിയിണക്കുന്നത്.
കഥകള്‍ എങ്ങനെയാണ് മനുഷ്യരെ ഒന്നിച്ചുചേര്‍ക്കുന്നതെന്ന് ഈ നോവല്‍ ഭംഗിയോടെ പറയുന്നു. അത്തരത്തിലുള്ള ഒരു കഥപറച്ചിലുകാരന്‍ ഒരിക്കല്‍ കാട്ടിലൊരിടത്ത് ഒറ്റയ്ക്കു താമസിക്കുന്ന ഒരാളെ കണ്ടെത്തി. കഥകള്‍ പറഞ്ഞിരുന്ന് രാത്രിയായി. അപ്പോള്‍ വനത്തിന്റെ ഒരുഭാഗം പ്രകാശിക്കാനും മറ്റൊരിടം ഇരുളാനും തുടങ്ങി. മിന്നാമിനുങ്ങുകള്‍ ഒപ്പിച്ച ഒരു പണിയായിരുന്നു അത്. കഥപറച്ചിലുകാരന്‍ അസ്വസ്ഥനായി. അപ്പോള്‍ മറ്റേയാള്‍ പറഞ്ഞു: ''അവ നിങ്ങളുടെ കഥകള്‍ കേള്‍ക്കുകയാണ്. നിങ്ങള്‍ പോയിക്കഴിഞ്ഞാല്‍ ആ കഥകളെല്ലാം അവയെനിക്ക് വീണ്ടും പറഞ്ഞുതരും. കഥകള്‍ കേള്‍ക്കുന്നതുകൊണ്ടുമാത്രമാണ് ഈ ദൗര്‍ഭാഗ്യങ്ങളെല്ലാം എനിക്ക് താങ്ങാന്‍ കഴിയുന്നത്.'' കഥകളിലൂടെമാത്രമാണ് മനുഷ്യന്‍ അതിജീവിക്കുന്നതെന്ന് അങ്ങനെ യോസ ആവര്‍ത്തിച്ചുപറയുന്നു.
എഴുത്തിന്റെ തുടക്കത്തില്‍ തന്നെ സ്വാധീനിച്ച പെറൂവിയന്‍ കവി സെസാര്‍ മോറോ (Cesar Moro) എഴുതിയതുപോലെ, 'കൈയില്‍നിന്ന് താഴെവീണു തകരുന്ന ചില്ലുഗ്ലാസ്, അതിനു കാരണമായി പറയുന്ന വെറും നുണമാത്രമാണ് സ്വാതന്ത്ര്യം' എന്ന് യോസ കരുതുന്നില്ല. എഴുത്തിന്റെയും മനുഷ്യന്റെയും സ്വാതന്ത്ര്യത്തിനുവേണ്ടി അദ്ദേഹം ശക്തമായി വാദിച്ചു; മിന്നാമിനുങ്ങുകളുടെയും നക്ഷത്രങ്ങളുടെയും വെളിച്ചം തന്റെ എഴുത്തില്‍ നിറച്ചുകൊണ്ടുതന്നെ.
ഒരു സുവര്‍ണകാലം
സംഭവബഹുലമായിരുന്നു മാരിയോ വര്‍ഗാസ് യോസയുടെ ജീവിതവും സാഹിത്യലോകവും. അരനൂറ്റാണ്ട് നീണ്ട സാഹിത്യജീവിതത്തില്‍ 'ദ കബ്സ് ആന്‍ഡ് അദര്‍' (1959) മുതല്‍ 'ഹാര്‍ഷ് ടൈംസ്' (2019) വരെ അദ്ദേഹം എഴുതി. പെറുവിലെ പട്ടാളത്തിലും സ്‌പെയിനിലെ വാര്‍ത്താ ഏജന്‍സിയിലും പാരീസിലെ പള്ളിക്കൂടത്തിലും ജോലിചെയ്തു. പതിന്നാലാംവയസ്സില്‍ തുടങ്ങി രണ്ടുവര്‍ഷംകൊണ്ട് അവസാനിച്ച മിലിട്ടറി അക്കാദമിയിലെ ജീവിതത്തില്‍നിന്ന് 'ദ ടൈം ഓഫ് ദ ഹീറോ' എന്ന ആദ്യ നോവല്‍ പിറന്നു. മിലിട്ടറി അക്കാദമിയിലെ അനുഭവങ്ങള്‍ നിറഞ്ഞ ആ നോവല്‍, പട്ടാളത്തെ അരിശംകൊള്ളിച്ചു. നോവലിന്റെ ആയിരം പതിപ്പുകള്‍ പട്ടാളം കത്തിച്ചു. പക്ഷേ, നോവലും നോവലിസ്റ്റും കീര്‍ത്തിനേടി. രാഷ്ട്രീയവും ഭാവനയും ചേരുംപടിചേര്‍ത്ത് യോസ എണ്ണംപറഞ്ഞ നോവലുകളെഴുതി.
കൗമാരകാലത്തെ പത്രപ്രവര്‍ത്തനജീവിതത്തില്‍ കണ്ട നിശാജീവിതങ്ങള്‍ കോറിയിട്ട 'കോണ്‍വര്‍സേഷന്‍ ഇന്‍ ദ കത്തീഡ്രല്‍' (1969) അദ്ദേഹത്തെ നവതരംഗ ലാറ്റിനമേരിക്കന്‍ എഴുത്തുകാര്‍ക്കൊപ്പം പ്രതിഷ്ഠിച്ചു. ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിനും കാര്‍ലോസ് ഫ്യുവെന്തസിനുമൊപ്പം യോസയും ഇടംനേടി.
മാര്‍ക്കേസിനു കൊടുത്ത ഇടി
1976 ഫെബ്രുവരി 17. മെക്‌സിക്കോ സിറ്റിയിലെ തിയേറ്ററില്‍ 'ആന്‍ഡിസസ് ഒഡീസി'യെന്ന ഡോക്യുമെന്ററി കാണാതെത്തിയതായിരുന്നു കൊളംബിയന്‍ സാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസ്. അദ്ദേഹത്തിന്റെ സുഹൃത്ത് മാരിയോ വര്‍ഗാസ് യോസയും സദസ്സിലുണ്ടായിരുന്നു. യോസയെ അഭിവാദ്യംചെയ്യാന്‍ ചിരിച്ചുകൊണ്ടുചെന്ന മാര്‍ക്കേസിന്റെ മുഖത്തുകിട്ടിയത് ഒരിടി. ചോരയൊഴുകുന്ന മുഖവുമായി മാര്‍ക്കേസ് നിലത്തുവീണു.
''നീ പട്രീഷ്യയോടു ചെയ്തതിന്'' എന്നു പറഞ്ഞുകൊണ്ടായിരുന്നു യോസയുടെ ഇടിയെന്നായിരുന്നു അക്കാലത്തെ മാധ്യമറിപ്പോര്‍ട്ടുകള്‍. യോസയുടെ ഭാര്യയായിരുന്നു പട്രീഷ്യ. അതല്ലാതെ ഇടിയുടെ യഥാര്‍ഥകാരണം ഒരിക്കലും പുറത്തുവന്നില്ല. മാര്‍ക്കേസിന് കാസ്‌ട്രോയുമായുള്ള അടുപ്പമാണ് ഇടിക്കിടയാക്കിയതെന്ന വ്യാഖ്യാനവും വന്നിരുന്നു.
ആ സംഭവത്തിനുശേഷം രണ്ടുപേരും മുപ്പതുവര്‍ഷത്തിലേറെ മിണ്ടാതെനടന്നു. ഒടുവില്‍ മാര്‍ക്കേസിന്റെ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' 40-ാം വാര്‍ഷികപ്പതിപ്പിന് അവതാരികയെഴുതി യോസ പിണക്കം അവസാനിപ്പിച്ചു. രണ്ടുപേരും പൊതുവേദികളില്‍ വീണ്ടുമെത്തി. മറ്റൊരു സ്ത്രീയുമായുള്ള യോസയുടെ ബന്ധം പട്രീഷ്യയെ മാര്‍ക്കേസ് അറിയിച്ചതും ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ ഉപദേശിച്ചതുമാണ് ഇടിക്കിടയാക്കിയതെന്ന് ഇരുവരുടെയും പരിഭാഷകന്‍ ഗ്രിഗറി റബാസ 2019-ല്‍ വെളിപ്പെടുത്തിയിരുന്നു.
Content Highlights: writer mario vargas llosa lifestory
Published: 16 Apr 2025, 07:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented