ലോക കത്തെഴുത്ത് ദിനത്തില്‍ തന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് എഴുത്തുകാരനായ അമല്‍. 

To advertise here,

സൈക്കിളില്‍ കിണി കിണി ബെല്ലടിച്ച് ഓണക്കാലത്തോടടുപ്പിച്ച് അമ്മൂമ്മയ്ക്ക് പെന്‍ഷനുമായി സ്‌റ്റൈലില്‍ വരുന്ന തലയും മീശയും നരച്ച പോസ്റ്റുമാന്‍ ആണ് തപാല്‍ വകുപ്പുമായി ബന്ധപ്പെട്ട ആദ്യ ഓര്‍മ. കാക്കി ഉടുപ്പും പാന്റും ധരിച്ച് നാട്ടുകാരോട് മൊത്തം കുശലം അന്വേഷിച്ച് വരുന്ന അങ്ങേര്‍ പോലീസ് ആണെന്നായിരുന്നു ചെറിയ കുട്ടിയായിരുന്ന എന്റെ വിചാരം. ഇറയത്തുവെച്ച നീല മഷിപ്പാഡില്‍ അമ്മൂമ്മയുടെ തള്ളവിരല്‍ അമര്‍ത്തി പെന്‍ഷന്‍ കടലാസില്‍ പതിപ്പിച്ച് പത്തും ഇരുപതും ഒക്കെ അടങ്ങുന്ന ഏതാനും നോട്ടുകള്‍ എണ്ണി നല്‍കി അയാള്‍ പോകാതെ ചിരിച്ചു ചിരിച്ചു നില്‍ക്കും. 'ഇതിരിക്കട്ട് ചായകുടിക്കിന്‍', എന്ന് പറഞ്ഞ് അമ്മൂമ്മ ഒരു നോട്ട് നല്‍കി കഴിയുമ്പോള്‍ സന്തോഷത്തോടെ സൈക്കിളില്‍ കയറി ഉറക്കെ ബെല്ലടിച്ച് ഇടവഴിയുടെ അറ്റത്തേക്ക് മറയും. അമ്മൂമ്മ പോസ്റ്റുമാന്‍ നല്‍കിയ ആ പുണ്യപുരാതന സ്ലിപ്പ് റബ്ബര്‍ ബാന്‍ഡ് കെട്ടി സ്ഥാവരജംഗങ്ങള്‍ക്കിടയില്‍ പതുക്കും. അതില്‍ ഒരു സ്ലിപ്പ് പോലും ഇന്ന് അമ്മുമ്മയുടെ ഓര്‍മകള്‍ പോലെ തന്നെ, കാണാനില്ല. ഒരെണ്ണമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്; ആ പഴയ ദിവസങ്ങളിലേക്ക് ഓര്‍മകള്‍ തിരിച്ചുവിടാന്‍. 

അടുത്ത തപാലോര്‍മ്മ മൂത്ത ചേട്ടന്‍ ജിത്തുമായി ബന്ധപ്പെട്ടതാണ്. വെഞ്ഞാറമൂട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന നവരസം മാസികയില്‍ ഏജന്‍സി ഉള്‍പ്പെടെ ചില ജോലികള്‍ ചേട്ടന് ഉണ്ടായിരുന്നു. അതിന്റെ എഡിറ്റര്‍ താജുള്‍ അഷിഗര്‍ (കുട്ടിക്കാലത്ത് വായിച്ച വായില്‍ കൊള്ളാത്ത ആ പേര് ഇപ്പോഴും അത്ഭുതത്തോടെ ഓര്‍ക്കുന്നു) വരിസംഖ്യ തുകകള്‍, അടുത്ത ലക്കത്തിന്റെ കാര്യങ്ങള്‍ ഒക്കെ ഓര്‍മിപ്പിച്ചുകൊണ്ട് സ്ഥിരമായി കാര്‍ഡുകളയക്കും. 25 പൈസയുടെ കടുവാ തലയുള്ള കാര്‍ഡുകള്‍ ഞാനാണ് എടുത്തുവെയ്ക്കാറ്. പിന്നെ സീരിയലിലേക്ക് വിഹാരരംഗം മാറ്റിയപ്പോള്‍ അവസരങ്ങള്‍ ചോദിച്ചും കഥകള്‍ പറഞ്ഞുമൊക്കെ ദിവസവും കത്തുകള്‍ കാര്‍ഡുകള്‍ ഇല്ലന്റുകള്‍ സാഞ്ചി സ്തൂപത്തിന്റെ ചിത്രമുള്ള നീളന്‍ സ്റ്റാമ്പൊട്ടിച്ച ഓറഞ്ച് നിറക്കവറുകള്‍, കവറിലിട്ടും കവറിലിടാതെയും ഗ്രീറ്റിംഗ്‌സ് കാര്‍ഡുകള്‍ ഒക്കെ വരും. അതിന്റെയൊക്കെ ആദ്യ വായനക്കാരന്‍ ഞാനായിരിക്കും.

ബാങ്കുകളില്‍ നിന്നും ലോണ്‍ എടുത്തത് ഓര്‍മിപ്പിച്ചുകൊണ്ടുള്ള ഇല്ലന്റുകള്‍ മാത്രം അമ്മയുടെ പേരില്‍ സ്ഥിരമായി വരാറുണ്ടായിരുന്നു. ചന്തമുള്ള കഥ പറയുന്ന സ്റ്റാമ്പുകള്‍ മാത്രം എടുത്തുവെക്കും. ഇന്റര്‍നെറ്റും വാട്‌സ്ആപ്പും ഫേസ്ബുക്കും മൊബൈല്‍ ഫോണും ഒന്നുമില്ലാതിരുന്ന അക്കാലത്ത് കത്തുകള്‍ എഴുതുന്നതും കാത്തിരിക്കുന്നതും നല്‍കുന്ന സുഖം കുട്ടിയായിരുന്ന എനിക്ക് അറിയില്ലായിരുന്നു. 

പത്താം ക്ലാസില്‍വെച്ച് ക്ലാസ് ടീച്ചര്‍ ഒരു കത്തുണ്ട് എന്ന് പറഞ്ഞപ്പോള്‍ ആകാംക്ഷകൊണ്ട് ഞെട്ടിപ്പോയി. പങ്കെടുത്ത ദിവസം തന്നെ സമ്മാനം കിട്ടില്ല എന്ന് ഉറപ്പിച്ചു മറന്ന ഒരു ചിത്രരചന മത്സരത്തിന്റെ കണ്‍സലേഷന്‍ സര്‍ട്ടിഫിക്കറ്റായിരുന്നു അത്. ക്ലാസില്‍ എല്ലാവരും കണ്ട ആ നല്ല വലിപ്പമുള്ള തപാല്‍ ഉരുപ്പടി നല്‍കിയ കിക്ക് മറക്കാവതല്ല. അക്കാലമായപ്പോഴേക്കും എഴുത്തും വരയും വായനയും ഒക്കെ വളരെ ആര്‍ജ്ജവത്തോടെ എടുത്തിരുന്നു. ഒരു ചിത്രരചന മത്സരത്തില്‍ പങ്കെടുക്കാനായി വേളാവൂര്‍ സുരേഷ് ബാബു മെമ്മോറിയല്‍ ക്ലബ്ബില്‍ എത്തിയപ്പോള്‍ അവിടെ സാഹിത്യ വാര്‍ത്തകളും പുസ്തക ചിത്രങ്ങളും ഒക്കെയുള്ള കറന്റ് ബുക്‌സ് ബുള്ളറ്റിന്‍ കണ്ടു. ഞാനൊരു പുസ്തകപ്രേമിയാണ് എനിക്കും ഇനി മുടങ്ങാതെ ബുള്ളറ്റിന്‍ അയക്കാമോ എന്ന് അപേക്ഷിച്ചുകൊണ്ട് അതിലെ വിലാസത്തിലേക്ക് ഒരു കാര്‍ഡ് അയച്ചു. 

പിരപ്പന്‍കോട് ജംഗ്ഷനില്‍, പണ്ട് അഞ്ചല്‍പ്പെട്ടി നിന്നിരുന്നയിടത്ത് പോസ്റ്റ് ഓഫീസിന് വേണ്ടി പഞ്ചായത്തിന് മുന്നില്‍ ഒരു പ്ലോട്ട് കെട്ടിതിരിച്ച് ഇട്ടിട്ടുണ്ടെങ്കിലും അന്നും ഇന്നും അവിടെയല്ല പോസ്റ്റ് ഓഫീസ്. കുറെ നടന്ന് കൊപ്പം മഞ്ചാടിമൂട് വരെ പോണം. സംവിധായകന്‍ രാജസേനന്റെ വീടിന് മുന്നിലൂടെ ടാങ്ക് സ്ഥിതി ചെയ്യുന്ന ചെറിയ കുന്ന് കയറിയിറങ്ങി പോസ്റ്റ് ഓഫീസില്‍ പോയി കൂട്ടിവെച്ച കാശ് നല്‍കി കുറേ കാര്‍ഡും സ്റ്റാമ്പുമൊക്കെ വാങ്ങി വെക്കും.

placeholder
അമലിന്റെ  ജപ്പാനീസ് സ്റ്റാമ്പ് കളക്ഷന്‍ | Photo: Special arrangement

വളരെ അതിശയകരമായി ഒരു ദിവസം എന്നെ തേടി ചെമ്പരത്തി ഇടവഴി ഇറങ്ങി കറുത്ത കുട ചൂടിയ, നാടാകെ നടന്നു നടന്നു വിയര്‍ത്തു കുളിച്ച പോസ്റ്റ് വുമണ്‍ വന്നു. അവരെ ഞാനും അവര്‍ എന്നെയും കൗതുകത്തോടെ നോക്കി. കറന്റ് ബുക്‌സ് ബുള്ളറ്റിന്‍! ആ സന്തോഷ നിമിഷം പറഞ്ഞറിയിക്കാനാവില്ല. എനിക്ക് കാര്‍ഡ് അയക്കാനും ഞാന്‍ കാര്‍ഡ് അയക്കാനും ഈ ലോകത്ത് ആരും ഇല്ല എന്നത് ആ നിമിഷം മാഞ്ഞുപോയി. എനിക്ക് കാര്‍ഡ് അയക്കാന്‍ ഇതുപോലെയുള്ള പ്രസിദ്ധീകരണങ്ങള്‍ ഉണ്ടല്ലോ എന്ന് ഉറപ്പിച്ചു. കൊതികൊണ്ട് ഞാന്‍ തന്നെ എനിക്ക് കാര്‍ഡ് അയച്ച സംഭവവും അക്കാലത്ത് ഉണ്ടായിട്ടുണ്ട്.

പിന്നെ സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നും പിരപ്പന്‍കോട് സോമശേഖരന്‍ നായര്‍ മെമ്മോറിയല്‍ ലൈബ്രറിയില്‍ നിന്നും സൗജന്യമായി ബുള്ളറ്റിനുകള്‍ അയച്ചു തരാന്‍ കഴിയുമെന്ന് തോന്നിയ സകല പ്രസിദ്ധീകരണങ്ങളിലേക്കും കാര്‍ഡുകള്‍ അയക്കാന്‍ തുടങ്ങി. ടി.ബി.എസ്. പൂര്‍ണ ബുള്ളറ്റിന്‍, പെന്‍ ബുക്‌സ്, ചിന്ത, വിദ്യാര്‍ഥിമിത്രം, ഡിസി ബുക്‌സ് നല്‍കുന്ന ബ്രോഷറുകള്‍, സൗജന്യ കാറ്റലോഗുകള്‍, മള്‍ബെറിയില്‍ നിന്ന് ഷെല്‍വി അയച്ച ഓര്‍മ പുസ്തകത്തിന്റെ ബ്രോഷറുകള്‍, ഉണ്‍മ തുടങ്ങി കുറേ മിനി മാസികകള്‍ ഒക്കെ തുടര്‍ന്ന് എന്നെ തേടി വരാന്‍ തുടങ്ങി. അവയെല്ലാം ആര്‍ത്തിയോടെ വായിച്ചു സൂക്ഷിച്ച് അടുക്കിവെയ്ക്കും.

placeholder
കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാം

പോസ്റ്റ് വുമണ്‍ ഞങ്ങളുടെ കുഞ്ഞ് ഇടവഴി വഴി കടന്നുവരുന്ന സമയങ്ങള്‍ മനപ്പാഠമായി. അവരുടെ കാലടിയൊച്ചകള്‍ക്ക് കാതോര്‍ത്ത് എന്തൊക്കെയോ വിലപ്പെട്ടത് വരാനുണ്ട് എന്ന പ്രതീക്ഷകളോടെ കാത്തിരിക്കും. തപാല്‍ ഉരുപ്പടികളൊന്നും ഇല്ലാത്ത ദിവസം വല്ലാതെ ശൂന്യമായി നിരാശയില്‍ മുങ്ങിത്താഴും. എന്നെ എഴുതാനും വരയ്ക്കാനും എഴുത്തുകാരനാകാന്‍ സ്വപ്നം കാണാനും പഠിപ്പിച്ചത് നിസ്സാരമായ ഇത്തരം കാറ്റലോഗ് ഉരുപടികള്‍ കൂടിയാണ് ഗ്രന്ഥാലോകം പോലെയുള്ള പ്രതികരണങ്ങളില്‍ കാണുന്ന വിലാസം എടുത്ത് പല എഴുത്തുകാര്‍ക്കും കാര്‍ട്ടൂണിസ്റ്റുകള്‍ക്കും ഒക്കെ കത്തുകള്‍ അയച്ചിട്ടുണ്ട്. ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാം ഞാനെന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് അയച്ച രണ്ട് മറുപടി കത്തുകള്‍ ഇന്നും വിസ്മയമാണ്. 

പ്ലസ് ടു സമയത്ത് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പി.വി. കൃഷ്ണന്‍ മാഷിനോട് എങ്ങനെയാണ് അച്ചടിക്കാന്‍ വേണ്ടി കാര്‍ട്ടൂണ്‍ മാച്ച് അയക്കേണ്ടത് എന്ന് ഒരു കാര്‍ഡ് അയച്ച് ചോദിച്ചു. അത്ഭുതമെന്ന് പറയട്ടെ, വളരെ വിശദമായി എല്ലാം എഴുതിയ ഒരു ഇല്ലന്റ് അദ്ദേഹം അയച്ചുതന്നു. അത് പ്രകാരം തിരുവനന്തപുരം വിന്നേഴ്‌സില്‍ പോയി ഇന്ത്യന്‍ ഇങ്കും ബോണ്ടുപേപ്പറും ചെല്‍പാക് മഷിയും കാലിഗ്രാഫി നിബ്ബുകളും വാങ്ങി. കാര്‍ട്ടൂണ്‍ വരച്ച് ദേശാഭിമാനി പത്രത്തിലെ കലാലയത്തിലേക്ക് അയച്ചു. അത് അച്ചടിച്ചുവന്നത് നല്‍കിയ സന്തോഷം സ്വര്‍ഗീയമായിരുന്നു. കുഞ്ഞു കഥ എഴുതി അയച്ചതും ദേശാഭിമാനിയില്‍ അച്ചടിച്ചു വന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പിരപ്പന്‍കോട്, വെഞ്ഞാറമൂട്, സ്റ്റ്യാച്യുവിലെ ജി.പി.ഒ. എന്നിവിടങ്ങളില്‍ നിന്നും ഞാന്‍ പ്രസിദ്ധീകരണങ്ങളിലേക്ക് അയച്ച രചനകള്‍ക്ക് കൈയും കണക്കുമില്ല. 

ദിവസേന പോസ്റ്റ് ഓഫീസില്‍ പോയ യൗവനവര്‍ഷങ്ങള്‍. സ്റ്റ്യാച്യുവിലെ രമേശന്‍ ചേട്ടന്റെ തട്ടില്‍ കാണുന്ന സകല സാഹിത്യ-ഹാസ്യ പ്രസിദ്ധീകരണങ്ങളിലേക്കും ഓരോന്ന് അയയ്ക്കും. പോസ്റ്റുവുമണ്‍ വരാനായി കാത്തിരിക്കും. അച്ചടിച്ചുവരുന്ന കാര്‍ട്ടൂണുകള്‍ക്കും ഹാസ്യ കഥകള്‍ക്കും ഫലിത ബിന്ദുക്കള്‍ക്കും ചിത്രഭൂമിയും ഹാസ്യകൈരളിയും മനോരമയും മംഗളവും കൃത്യമായി പ്രതിഫലം അയച്ചിരുന്നു. വല്ലപ്പോഴും വരുന്ന മണി ഓഡര്‍ സീലുകള്‍ നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. BSNL ബില്ലുകളുമായി അപ്പോഴും പോസ്റ്റുവുമണ്‍ കുന്നുകളും മലകളും ഇടവഴികളും റബ്ബറുങ്കാടുകളും കയറിയിറങ്ങി നടക്കുന്നത് കാണാമായിരുന്നു.

പിന്നീട് മാവേലിക്കര തട്ടകമായപ്പോള്‍ പോലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള പോസ്റ്റ് ഓഫീസ് ചിരപരിചിത സ്ഥലമായി മാറി. എന്റെ പേരില്‍ രവിവര്‍മ കോളേജിലേക്കും കാര്‍ഡുകളും പ്രസിദ്ധീകരണങ്ങളും വന്നു തുടങ്ങി. കൗമുദി പത്രത്തില്‍ വന്ന ഒരു കുഞ്ഞു കഥയ്ക്ക് ഒരു പെണ്‍കുട്ടി പ്രണയലേഖനം എഴുതി കോളേജിലേക്ക് അയച്ചത് മറക്കാനാവില്ല. ക്ലാസിലെ പലരെയും അതുകാട്ടി ഒന്ന് ഞെളിയാന്‍ ശ്രമിച്ചു. കഥകള്‍ മുഖ്യധാരാപ്രസിദ്ധീകരണങ്ങളില്‍ അയക്കലും തിരിച്ചുവരലും ആയിരുന്നു അക്കാലത്ത് തപാല്‍ ലോകവുമായി ഉണ്ടായിരുന്ന ബന്ധം. കല്‍ക്കട്ട ശാന്തിനികേതനില്‍ പഠിക്കവേ നന്ദന്‍ ഓഫീസിന് മുന്നില്‍ ആണ് സകലര്‍ക്കും വരുന്ന തപാല്‍ ഉരുപ്പടികള്‍ വയ്ക്കുക. ദിവസവും അവിടെ പോയി ഓരോന്നും എടുത്ത് കൊതിയോടെ നോക്കും. ഒരിക്കലും കാതങ്ങള്‍ താണ്ടി ഒരു കത്ത് അവിടേക്ക് വരില്ല എന്നറിയാം. എന്നാലും ദിവസവും പോയി നോക്കും. ജനയുഗം വാരാന്തം എന്റെ കഥ വന്ന ലക്കങ്ങള്‍ അയച്ചുതന്നത് അവിടെ കണ്ടത് ഒരുപാട് സന്തോഷം നല്‍കി. 

കാലം വളരെ പെട്ടെന്ന് മാറാന്‍ തുടങ്ങി. ഇന്റര്‍നെറ്റ്, ഇ-മെയില്‍, മൊബൈല്‍ ഫോണ്‍, ഒരു കൂട്ടം സമൂഹമാധ്യമങ്ങള്‍ ഒക്കെ കടന്നുവന്നു. സന്ദേശം അയക്കാന്‍ വിരലറ്റംകൊണ്ട് ഒറ്റത്തോണ്ടല്‍ മതിയെന്നായി. സകലതും മാറി മറിഞ്ഞു. കാത്തിരിപ്പിന്റെ സുഖം അറിഞ്ഞ കാലത്തിനെ ഒരു സെക്കന്റ് പോലും ഒന്നിനും കാത്തിരിക്കാന്‍ ആകാത്ത തരം അക്ഷമയിലേക്ക് സാങ്കേതികവിദ്യ മാറ്റി. ഞാന്‍ മറ്റൊരു രാജ്യത്തേക്ക്, ജപ്പാനിലേക്ക് അവിചാരിതമായി മാറി പോയപ്പോള്‍ കാര്‍ഡുകളും കവറുകളും ഇല്ലെന്റുകളും വീടിന്റെ പടികടന്ന് തീരെ വരാതായി. പ്രസിദ്ധീകരണങ്ങള്‍ വീട്ടിലേക്ക് വരുന്നതു തന്നെ അപൂര്‍വമായി. നാട്ടില്‍ ചെന്നപ്പോള്‍ പോസ്റ്റ് വുമണിന് പകരം ഒരു യുവാവ് തപാലുമായി ബൈക്കില്‍ പറന്നു നടക്കുന്നതെന്ന് കണ്ടു. അയാള്‍ മൊബൈലില്‍ സംസാരിക്കുന്നതും കത്തുമായി വരട്ടെ എന്ന് വാട്‌സ്ആപ്പ് കോളിലൂടെ ചോദിക്കുന്നതും കേട്ടു.

placeholder
ടോക്കിയോ ഒളിമ്പിക്‌സില്‍ 
സ്വര്‍ണം നേടിയതിന്
ആദരസൂചകമായി പോസ്റ്റല്‍ വകുപ്പ് സ്ഥാപിച്ച
സ്വര്‍ണ പോസ്റ്റ് ബോക്‌സ്.

 സ്റ്റാമ്പ് ശേഖരണം മാത്രം ഇപ്പോഴും എന്നെ തപാല്‍ വകുപ്പുമായി ചേര്‍ത്ത് നിര്‍ത്തുന്നു. മനോഹരമായ തപാല്‍ സംവിധാനമാണ് ജപ്പാനിലുള്ളത്. പോസ്റ്റ് ഓഫീസില്‍ ചെന്നാല്‍ കാര്‍ട്ടൂണ്‍ ചിത്രങ്ങളും കാര്‍ട്ടൂണ്‍ പ്രതിമകളും പാവകളും ഒക്കെ അലങ്കരിച്ച് ഭംഗിയുള്ള ഒരു ഇടമാക്കി അതിനെ മാറ്റിയിരിക്കുന്നത് കാണാം. ഇവിടുത്തെ സ്റ്റാമ്പുകളും കാണാന്‍ ഏറെ ചന്തമുള്ളതാണ്. സാങ്കേതികമായി ഇത്രയും വികസിച്ച രാജ്യമായിട്ടും ഓഫീസ് രേഖകള്‍ ഡോക്യുമെന്റുകള്‍ എല്ലാം തപാല്‍ വഴിയാണ് അയക്കുക. കൂടാതെ ഗിഫ്റ്റ്, സമ്മാനപ്പെട്ടികള്‍, ആശംസ കാര്‍ഡ് എന്നിവ നല്‍കണമെന്ന വളരെ സജീവവും നിര്‍ബന്ധിതമായി ചെയ്യേണ്ടതുമായ സംസ്‌കാരവും ഉണ്ട്. ഭീകരമായ തിരക്കുള്ള രണ്ട് പ്രൈവറ്റ് കൊറിയര്‍ കമ്പനികള്‍ തന്നെ ഈ നാട്ടില്‍ കാണാം. അതില്‍ ഒന്നിലാണ് (യമാത്തോ എന്ന പേരിലുള്ള) ഞാന്‍ ആദ്യമായി ഇവിടെ വന്നശേഷം പാര്‍ട്ട് ടൈം ജോലി ചെയ്തത്. 

അത്തരം ജോലി കോണ്‍ട്രാക്ട് കത്തുകള്‍, ശമ്പള രേഖകള്‍ ഒക്കെ എനിക്കും തപാലില്‍ ലഭിക്കാറുണ്ട്. ടോക്കിയോ ഒളിമ്പിക്‌സ് നടന്നപ്പോള്‍ ഇവിടുത്തെ ഗവണ്‍മെന്റ് സ്വര്‍ണമെഡല്‍ നേടുന്ന കായികതാരത്തിന്റെ വീടിനടുത്തുള്ള പോസ്റ്റ് ബോക്‌സ് ആദരസൂചകമായി എക്കാലത്തേക്കും സ്വര്‍ണനിറം പൂശി കാത്തുസൂക്ഷിക്കും എന്ന തീരുമാനമെടുത്തിരുന്നു. യാത്രകള്‍ പോകുമ്പോഴൊക്കെ ഒരു സ്വര്‍ണ പോസ്റ്റ് ബോക്‌സ് കാണുന്നുണ്ടോ എന്ന് നോക്കാറുണ്ട്. 

ഇവിടെ എല്ലാ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും പോസ്റ്റ് ബോക്‌സ് ഉണ്ടായിരിക്കും. അതിലേക്ക് എനിക്ക് ആര് എന്ത് അയക്കാന്‍? തപാല്‍ ഉള്‍പ്പടികള്‍ വന്ന് കാണാനുള്ള കൊതികൊണ്ട് ആമസോണില്‍ പുസ്തകങ്ങള്‍ ധാരാളമായി ഓര്‍ഡര്‍ ചെയ്യുന്ന ശീലം തുടങ്ങി. അങ്ങനെ ഇന്നും ഇപ്പോഴും പുസ്തകവുമായി പോസ്റ്റുമാന്‍ വരുന്നത് കാത്തിരിക്കുന്നു...