
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ബാനു മുഷ്താഖിൻെറ പ്രഭാഷണം വായിക്കാം;
ഇംഗ്ലീഷില്‍ അത്ര വളരെ പ്രാവീണ്യമുള്ളയാളല്ല ഞാന്‍. തികച്ചും വ്യത്യസ്തമായൊരു സംസ്‌കാരമുള്ള പഴയ മൈസൂര്‍ മേഖലയില്‍ നിന്നാണു ഞാന്‍ വരുന്നത്. അവിടത്തെ മുസ്ലിം ജനവിഭാഗം ഉറുദുവാണ് സംസാരിക്കുന്നത്. അതുകൊണ്ട്, ഉറുദുവാണ് എന്റെ മാതൃഭാഷ. എന്റെ കുടുംബത്തിലാകെ ഞാന്‍ മാത്രമാണ് കര്‍ണാടകത്തിന്റെ പ്രാദേശികഭാഷയായ കന്നഡ പഠിച്ച പെണ്‍കുട്ടി. ഉറുദുവും അറബിയും വീട്ടില്‍വെച്ചുതന്നെ പഠിച്ചു. സ്‌കൂളില്‍ വെച്ച് ഇംഗ്ലീഷും ഹിന്ദിയും അഭ്യസിച്ചു. ഇത്രയും ഭാഷകള്‍ക്കിടയില്‍ കന്നഡഭാഷയുടെ സൗന്ദര്യവും ആഭിജാത്യവും മാത്രമാണ് എനിക്കുള്‍ക്കൊള്ളാന്‍ കഴിഞ്ഞത്.
ഇങ്ങനെയൊരു പശ്ചാത്തലത്തില്‍നിന്നു വരുന്നതിനാല്‍, ഇംഗ്ലീഷിലോ ഉറുദുവിലോ പൊതുസദസ്സിനുമുമ്പില്‍ സംസാരിക്കേണ്ടിവരുമ്പോഴൊക്കെ ഞാനൊന്നു പതറുന്നു. അത്തരം മുഹൂര്‍ത്തങ്ങളില്‍ ബഷീറിന്റെ സ്മരണ എനിക്കു ധൈര്യം പകരാറുണ്ട്.
നിങ്ങള്‍ കേരളീയര്‍ അദ്ദേഹത്തെ ആധുനിക മലയാള സാഹിത്യകാരനായും ചിന്തകനായും മനുഷ്യമഹത്ത്വവാദിയായും സ്വാതന്ത്ര്യസമരസേനാനിയായും നോവലിസ്റ്റായും കഥാകൃത്തായുമൊക്കെ ഓര്‍മിക്കുന്നു. ബന്ദായ സാഹിത്യസംഘടന എന്ന വിപ്ലവ സാഹിത്യപ്രസ്ഥാനത്തിന്റെ ഭാഗമായി സ്വയം തിരിച്ചറിയുന്ന എനിക്കും സുഹൃത്തുക്കള്‍ക്കും ബഷീര്‍ ആദര്‍ശപുരുഷനാണ്.
സ്വയം ആവിഷ്‌കാരത്തിന് അദ്ദേഹത്തിന് തന്റേതായ വ്യത്യസ്തമായ മാര്‍ഗങ്ങളുണ്ടായിരുന്നു എന്നതാണിതിന് ഒന്നാമത്തെ കാരണം. അദ്ദേഹം സാഹിത്യ ഭാഷയെയും സാധാരണക്കാരുടെ സംസാരഭാഷയെയും വെവ്വേറെയായിക്കണ്ടില്ല. തന്റെ വാക്യങ്ങളുടെ വ്യാകരണശുദ്ധിയെപ്പറ്റി വേവലാതിപ്പെട്ടതുമില്ല. അതുവഴി അദ്ദേഹം ഒട്ടേറെ വിമര്‍ശകരെ അസ്വസ്ഥരാക്കി.
1970കളിലാണ് ബന്ദായ സാഹിത്യസംഘടന(ബിഎസ്എസ്) തുടങ്ങിയത്. ഇടതുപക്ഷത്തോടും ജനാധിപത്യ ആശയങ്ങളോടും പ്രതിബദ്ധതയുള്ളവരുടെ സാംസ്‌കാരിക സംഘടനയാണത്. ചൂഷിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും വ്യത്യസ്തമായ ശബ്ദമെന്ന നിലയിലാണ് ഈ സംഘടന ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ ബിഎസ്എസ് മുസ്ലിം, ദലിത്, പെണ്‍ സാഹിത്യങ്ങളിലേക്കെല്ലാം പന്തലിച്ചുനില്‍ക്കുന്ന പ്രസ്ഥാനമാണ്. ജാതീയമായ അതിരുകള്‍ക്കകത്തായിരുന്ന പദാവലിയെ പ്രാദേശിക ഭാഷയിലേക്കു വിമോചിപ്പിക്കുകയാണ് ഈ വിപ്ലവകാരികള്‍ ചെയ്തത്.
ഒരു മടിയുമില്ലാതെ ദലിത് എഴുത്തുകാര്‍ അവരുടെ സ്വന്തം വാക്കുകളെയും ശൈലികളെയും പ്രതീകങ്ങളെയും കഥാപാത്രങ്ങളെയും ആവിഷ്‌കരിക്കുന്നു. ബന്ദായ പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായി വായിക്കപ്പെട്ട എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. ആവിഷ്‌കാരത്തിലെ ആത്മാര്‍ഥതയും മൗലികതയുമാണിതിനു കാരണം. ആഖ്യാനത്തിനുള്ള ജന്മസിദ്ധമായ പ്രതിഭയ്ക്കൊപ്പം, സാഹിത്യത്തിന്റെ പതിവുബന്ധങ്ങളോടുള്ള അവഗണനയും ഏകതാനമല്ലാത്ത സാമൂഹികപശ്ചാത്തലവും അനന്യസ്വഭാവമുള്ള എഴുത്തുകാരനായി അദ്ദേഹത്തെ രൂപപ്പെടുത്തി.
അതുകൊണ്ട്, എന്റെ വ്യാകരണത്തെക്കുറിച്ച് അധികം ആലോചിക്കാതിരിക്കുക. എന്റെ ചിന്തകള്‍ പങ്കുവെക്കാനും വീക്ഷണങ്ങള്‍ വ്യക്തമാക്കാനും കഴിയുന്നതുതന്നെ വളരെയേറെ സംതൃപ്തി നല്‍കുന്നു. കേരളത്തിലെ ദരിദ്രരും നിരക്ഷരരുമായ മുസ്ലിം ജനസമൂഹത്തിന്റെ ലളിതജീവിതചിത്രങ്ങള്‍ ആവിഷ്‌കരിച്ച അദ്ദേഹത്തിന്റെ രചനകളില്‍ മഹത്തായ വിപ്ലവവീര്യമുണ്ടെന്നു കാണാനാവും.
തീര്‍ച്ചയായും സാഹിത്യമെന്നത് മനുഷ്യന്‍ ജീവിതത്തില്‍ കാണുന്നതിന്റെയും അനുഭവിക്കുന്നതിന്റെയും ചിന്തിക്കുന്നതിന്റെയും വികാരം കൊള്ളുന്നതിന്റെയും വിവരണമാണ്. അതുകൊണ്ട്, അടിസ്ഥാനപരമായി അത്, ഭാഷയെന്ന മാധ്യമത്തിലൂടെ ജീവിതത്തോടുള്ള പ്രതികരണം തന്നെയാണ്. മഹത്തായൊരു രചന പിറവിയെടുക്കുന്നത് അതിന്റെ കര്‍ത്താവിന്‍ മസ്തിഷ്‌കത്തില്‍നിന്നും ഹൃദയത്തില്‍ നിന്നുമാണ്. എഴുത്തുകാരന്റെ ആന്തരികജീവിതവും രചനാവൈഭവവും സൃഷ്ടികളിലൂടെ വായിച്ചെടുക്കാം. എഴുതിയ കഥകളെന്നപോലെ, വ്യത്യസ്തവും ആവേശഭരിതവുമായിരുന്നു ആ ജീവിതവും.
അഞ്ചു ദശകങ്ങള്‍ക്കുമുമ്പ് മലയാള സാഹിത്യഭൂപടം അദ്ദേഹം മാറ്റിവരച്ചു. കഥാഖ്യാനകലയില്‍ അദ്ദേഹം മാറ്റംവരുത്തി. രാഷ്ട്രീയവും ജയിലും, പോക്കറ്റടിക്കാര്‍, സ്വവര്‍ഗാനുരാഗികള്‍ ഇവയൊക്കെ സാഹിത്യത്തില്‍ പ്രവേശിക്കപ്പെട്ടു. ഹാസ്യവും സന്താപവും അദ്ദേഹം രചനകളില്‍ വിദഗ്ധമായി വിളക്കിച്ചേര്‍ത്തു. പ്രണയം, വിശപ്പ്, ദാരിദ്ര്യം എന്നിവയായിരുന്നു അദ്ദേഹം രചനകളില്‍ ആവര്‍ത്തിച്ച് ആവിഷ്‌കരിച്ച പ്രമേയങ്ങള്‍. ആഖ്യാനശൈലിയിലെയും ആവിഷ്‌കരണത്തിലെയും വ്യത്യസ്തത, തത്ത്വചിന്താപരമായ ഉള്ളടക്കം, സാമൂഹികവിമര്‍ശം, പ്രതിബദ്ധത എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍കൊണ്ട് വൈവിധ്യമുള്ളവയായിരുന്നു അവ.
പ്രേമലേഖനത്തിലേക്ക് ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. തമാശ നിറഞ്ഞൊരു പ്രണയകഥയാണത്. ഹിന്ദു മതക്കാരനായ കേശവന്‍ നായര്‍ എന്ന ബാങ്ക് ജീവനക്കാരന്‍ സാറാമ്മയുടെ വീടിന്റെ മുകളില്‍ താമസിക്കുന്നു. സുന്ദരിയും അവിവാഹിതയും തൊഴില്‍ രഹിതയുമായ ക്രിസ്ത്യന്‍ യുവതിയാണ് വീട്ടുടമയുടെ മകളായ സാറാമ്മ. 1940കളിലെ കേരളത്തിന്റെ അവസ്ഥ തുറന്നുകാട്ടുകയാണ് ബഷീര്‍. പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങളിലൂടെ മത യാഥാസ്ഥിതികത്വത്തെയും സ്ത്രീധന സമ്പ്രദായത്തെയും ബഷീര്‍ ആക്രമിക്കുന്നു. ഇന്നും തഴച്ചുവളരുന്ന സാമൂഹിക തിന്മകളാണിവ. സ്ത്രീധനം, മതയാഥാസ്ഥിതികത്വം എന്നിവക്കെതിരെ പോരാടാന്‍ സ്വയം സന്നദ്ധനാവുന്ന എഴുത്തുകാരനെ സാമൂഹികശാസ്ത്രജ്ഞനെന്നാണു വിളിക്കേണ്ടത്.
പുസ്തകരൂപത്തില്‍ പുറത്തുവന്ന ബഷീറിന്റെ ആദ്യസൃഷ്ടിയാണ് പ്രേമലേഖനം. ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ക്കെതിരായി എഴുതിയതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ രാഷ്ട്രീയത്തടവുകാരനായിക്കഴിയുമ്പോഴാണ് ബഷീര്‍ ഇതെഴുതിയത്. സഹതടവുകാരെ, പ്രത്യേകിച്ച് ജീവപര്യന്തക്കാരെ രസിപ്പിക്കാനായി ജയിലില്‍ വെച്ച് അദ്ദേഹം ഒട്ടേറെ കഥകളെഴുതി. പക്ഷേ, ജയില്‍ വിടുമ്പോള്‍ അദ്ദേഹം കൈയില്‍ക്കരുതിയത് പ്രേമലേഖനം മാത്രമായിരുന്നു. 1941-ല്‍ അദ്ദേഹം അതു പ്രസിദ്ധീകരിച്ചു. 1944-ല്‍ ആ ഗ്രന്ഥം നിരോധിക്കപ്പെടുകയും ചെയ്തു-രാഷ്ട്രീയമായ ഒന്നും അതിലില്ലാതിരുന്നിട്ടും.
ഈ സന്ദര്‍ഭത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വോള്‍ട്ടയറുടെ വാക്കുകള്‍ ഞാനോര്‍ക്കുന്നു -നിങ്ങള്‍ പറഞ്ഞതിനോടു ഞാന്‍ വിയോജിക്കുന്നു. എങ്കിലും, അതു പറയാന്‍ നിങ്ങള്‍ക്കുള്ള അവകാശത്തിനുവേണ്ടി മരിക്കാനും ഞാന്‍ തയ്യാറാകും.
സര്‍ഗാവിഷ്‌കാരത്തെ സംബന്ധിച്ചിടത്തോളം, ക്ഷിപ്രപ്രകോപനത്തിനു സാധ്യതയുള്ളതാണ് നമ്മുടെ രാജ്യത്തെ സാമൂഹികസാഹചര്യങ്ങള്‍. ബറോഡ എസ്.ജി. യൂണിവേഴ്‌സിറ്റിയിലെ ചന്ദ്രമോഹന്‍ സംഭവം നിങ്ങളെ ഒന്നോര്‍മിപ്പിച്ചുകൊള്ളട്ടെ.
ഇന്ത്യാഗവണ്‍മെന്റ് 1989-ല്‍ സല്‍മാന്‍ റുഷ്ദിയുടെ സാത്താനിക് വേഴ്‌സസ് നിരോധിച്ച ശേഷം ഒരാളുടെയും ആവിഷ്‌കാ രസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയിട്ടില്ലെന്നു വാദിക്കാന്‍ കഴിയും. ഒരു രചനയും തടസ്സപ്പെടുത്തുന്ന തരത്തിലുള്ള സെന്‍സറിങ് ഇവിടെ ഉണ്ടായിരുന്നില്ല. എന്നിട്ടും ആക്രമിക്കപ്പെടുമെന്ന, അധിക്ഷേപിക്കപ്പെടുമെന്ന ഭീതി നിലനില്ക്കുന്നു. അപ്പോള്‍, അതിന്റെ കാരണങ്ങളെന്തെന്നറിയാന്‍ നമുക്കു മറ്റെങ്ങോട്ടേക്കെങ്കിലും നോക്കേണ്ടിവരുന്നു. റുഷ്ദിനിരോധനാനന്തരകാലത്തെ രസകരമായ സംഗതി സ്റ്റേറ്റ് സെന്‍സര്‍ ഷിപ്പിന്റെ സ്ഥാനത്ത് സ്ട്രീറ്റ് സെന്‍സര്‍ഷിപ്പ് ശക്തിയോടെ ഉദയം ചെയ്തുവെന്നതാണ്.
രാഷ്ട്രത്തിന്റെ നിയന്ത്രണങ്ങള്‍ കുറഞ്ഞപ്പോള്‍ ആള്‍ക്കൂട്ടം അക്രമോത്സുകമായി നിയന്ത്രണങ്ങള്‍ നടപ്പാക്കിത്തുടങ്ങി- ബലം പ്രയോഗിച്ചും നിയമത്തിനതീതമായും നിയമവിരുദ്ധമായും. ഇത്തരത്തിലുള്ള അക്രമങ്ങള്‍ തടയുന്നതിലും ആവിഷ്‌കാരസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിലും ഭരണകൂടം പരാജയപ്പെടുകയാണെന്ന്, വാരണാസിയില്‍ ദീപാമേത്തയുടെ ചലച്ചിത്രസംഘം ആക്രമിക്കപ്പെട്ടപ്പോള്‍ കൂടുതല്‍ വെളിവായി.
സ്വതന്ത്രാവിഷ്‌കാരങ്ങള്‍ നിരോധിക്കപ്പെട്ട സംഭവങ്ങള്‍ സമീപഭൂതകാലത്തൊന്നുമുണ്ടായിട്ടില്ലെന്നു പറയുമ്പോള്‍, മറ്റൊരു കാര്യംകൂടി ഓര്‍ക്കേണ്ടതുണ്ട്. സ്വതന്ത്രമായ ആവിഷ്‌കാരങ്ങള്‍ക്കെതിരെ തന്നിഷ്ടപ്രകാരം ഓരോ വിഭാഗക്കാര്‍ അഴിച്ചുവിട്ട ആക്രമണങ്ങളില്‍ നിന്ന് ഭരണകൂടം സംരക്ഷണം നല്‍കിയ സംഭവവും ഒന്നു പോലുമുണ്ടായിട്ടില്ല. സാത്താനിക് വേഴ്സസ് നിരോധിച്ചതിനെ അപലപിച്ചതിന്റെ പേരില്‍ 1992-ല്‍ ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി പ്രൊഫസര്‍ മുഷിരുല്‍ ഹസ്സനു നേരെയുണ്ടായ അക്രമങ്ങളെക്കുറിച്ചോര്‍ക്കുക. ചിത്രകാരന്‍ എം. എഫ്. ഹുസൈന്റെ സൃഷ്ടികള്‍ക്കും ദീപ മേത്തയുടെ ഫയര്‍, വാട്ടര്‍ എന്നീ സിനിമകള്‍ക്കും നേരെ ആക്രമണമുണ്ടായി.
ഈയടുത്ത കാലത്ത്, ഗുജറാത്തിലെ മുസ്ലിംവിരുദ്ധകലാപം റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും ഇതു നേരിടേണ്ടിവന്നു. അപ്പോള്‍ നമുക്കു വ്യക്തമാകുന്ന കാര്യമിതാണ്- ഭരണകൂടത്തിന്റെ സാന്നിധ്യമോ അസാന്നിധ്യമോ ആവിഷ്‌കാരസ്വാതന്ത്യം ഉറപ്പാക്കുന്നതിനുള്ള ഘടകമല്ല. നയപരമായ തീരുമാനം ഉണ്ടാവട്ടെ, ഇല്ലാതിരിക്കട്ടെ, നിശ്ശബ്ദരാക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് അത് നടപ്പാക്കാം. അതില്‍ ഇടപെടണോ വേണ്ടയോ എന്ന ഭരണകൂടം തീരുമാനിക്കുന്നത് രാഷ്ട്രീയകാര്യസാധ്യത്തിനനുഗുണമാണോ എന്നതനുസരിച്ചിരിക്കും. ഈ സാഹചര്യത്തിലാണ് സെന്‍സര്‍ഷിപ്പിന്റെ പരമ്പരാഗത നിര്‍വചനത്തിലെ ഗൂഢവും ദുഷ്ടവുമായ അംശങ്ങള്‍ കൂടുതല്‍ വെളിവാകുന്നത്.
ആയുധമേന്തിയ ഭീകരതയിലൂടെയും സെന്‍സര്‍ഷിപ്പ് ഭീകരതയിലൂടെയും മതഫാസിസം നമ്മുടെ ജീവിതങ്ങള്‍ക്കുമേല്‍ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. മുന്‍നിശ്ചയിക്കപ്പെട്ട സങ്കുചിതവൃത്തത്തിനകത്ത് എല്ലാവരുടെയും ജീവിതങ്ങളെ ഒതുക്കിയമര്‍ത്താനുള്ള ശ്രമം അക്രമത്തിന്റെ പരമകാഷ്ഠയാണ്. ചിന്തകള്‍ക്കുപോലും വിലങ്ങണിയിക്കുന്നതും ജീവിതശൈലികള്‍ ഒരേ അച്ചിലാകണമെന്നു ശാഠ്യം പിടിക്കുന്നതും ഇതിന്റെ ഭാഗമായാണ്.
അടിച്ചമര്‍ത്തലിന്റെ അളവ് എത്രകൂടിയാലും മനുഷ്യന്റെ ചിന്തകളെയും അടിസ്ഥാനവീക്ഷണങ്ങളെയും വിലങ്ങണിയിക്കാന്‍ കഴിയില്ല. സ്വയം ഉയരാന്‍ കൊതിക്കുന്ന എല്ലാ സമൂഹങ്ങളും വിവിധ വീക്ഷണങ്ങള്‍ ജനാധിപത്യരീതിയില്‍ ആവിഷ്‌ക്കരിക്കാനുതകുന്ന മട്ടില്‍ വാതിലുകള്‍ തുറന്നിടും. അത്തരമൊരസ്ഥ സൃഷ്ടിക്കേണ്ടത് നാമോരോരുത്തരുടെയും കടമയാണ്.
നമ്മുടെ ഭരണഘടനയുടെ 19 (1) (എ) വകുപ്പ് ഓരോ വ്യക്തിക്കും ആവിഷ്‌കാരസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നു. ലോകത്തെ എല്ലാ ജനാധിപത്യരാജ്യങ്ങളിലും ഇത്തരം അവകാശമുണ്ട്.
തുടക്കത്തില്‍, എന്തെഴുതണം, എങ്ങനെ അതു കൈകാര്യം ചെയ്യണമെന്ന വിഷയത്തിലാണ് നിയന്ത്രണങ്ങളേര്‍പ്പെടുത്തുക. പിന്നെ, കലാപ്രവര്‍ത്തകര്‍ക്കുമേല്‍, ഭാഷ, സംസ്‌കാരം, വംശം എന്നിവയുടെ പേരിലൊക്കെ നിയന്ത്രണങ്ങള്‍ക്കു ശ്രമമുണ്ടാകുന്നു. ചില വീക്ഷണങ്ങളോടുള്ള എതിരഭിപ്രായം പ്രകടിപ്പിക്കുന്നത് അനുവദിക്കാനുള്ള പ്രാഥമികമര്യാദപോലും കാണിക്കാതിരിക്കുന്ന വിധത്തിലുള്ള പ്രവണതകളും ഉണ്ടാകുന്നു.
വ്യത്യസ്തവീക്ഷണങ്ങളെയും സര്‍ഗാത്മകമായ ആശയങ്ങളെയും ആവിഷ്‌കാരങ്ങളെയും അക്രമത്തിലൂടെ അടിച്ചമര്‍ത്തുക എന്ന സദാചാരപോലീസിന്റെ ജോലിയാണ് സംസ്‌കാരത്തിന്റെ സംരക്ഷകരെന്നു സ്വയം പ്രഖ്യാപിച്ച് രംഗത്തെത്തുന്നവര്‍ ചെയ്യുന്നത്. ഇത്തരം അടിച്ചമര്‍ത്തലിന് ഏറെ ഇരയാകുന്നത് യുവാക്കളും സ്ത്രീകളും സര്‍ഗാത്മകരംഗത്ത് പ്രവര്‍ത്തിക്കുന്നവരുമാണ്.
(പുനഃപ്രസിദ്ധീകരണം. പരിഭാഷ: കെ.കെ. അജിത് കുമാര്‍)
Content Highlights: Vaikkom muhammed basheer memories by Banu Mushtaq
Published: 05 Jul 2025, 08:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented