
ലളിതാംബിക അന്തര്‍ജനത്തിന്റെ ജീവിതം പഠിക്കുമ്പോള്‍ അവരെ സ്വാധീനിച്ച വ്യക്തികളെ കൃത്യമായി മനസ്സിലാക്കാവുന്നതാണ്. അതില്‍ പ്രധാനപ്പെട്ടവരാണ് ശ്രീനാരായണഗുരു, ഗാന്ധിജി, ടാഗോര്‍, പണ്ടാല സാര്‍ എന്നറിയപ്പെട്ടിരുന്ന തന്റെ ഗുരുവായ സ്വാമി നിരഞ്ജനാനന്ദ, കൂടാതെ അമ്മയും അച്ഛനും എന്നിവര്‍. അതില്‍ കുട്ടിക്കാലം മുതല്‍ ജീവിതാവസാനംവരെ ലളിതാംബിക അന്തര്‍ജനത്തിന്റെ ചിന്താമണ്ഡലത്തിലും പ്രവൃത്തിയിലും ഉണര്‍ന്ന് നിന്നിരുന്നത് മഹാത്മാഗാന്ധിയുടെ ആശയങ്ങളാണ്.
ഗാന്ധിജിയെ ആത്മാവിലേക്ക് അത്രയേറെ സ്വാംശീകരിച്ചിരുന്നു ലളിതാംബിക അന്തര്‍ജനം. ലളിതാംബിക ജനിച്ച കോട്ടവട്ടം തെങ്ങുന്നത്ത് മഠത്തിലെ അതിഥി മന്ദിരത്തിന്റെ മതിലില്‍ മൂന്ന് മഹാരഥന്മാരുടെ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. സ്വാമി വിവേകാനന്ദന്‍, രവീന്ദ്രനാഥ ടാഗോര്‍, മഹാത്മാഗാന്ധി. അവര്‍ മതത്തെയും സാഹിത്യത്തെയും രാഷ്ട്രീയത്തെയും പ്രതിനിധാനം ചെയ്യുന്നതുകൊണ്ടാവാം ആ മുറിയില്‍വെച്ച് നടന്ന ചര്‍ച്ചകളൊക്കെ ഈ വിഷയങ്ങളെക്കുറിച്ചുള്ളതായിരുന്നു എന്ന് അന്തര്‍ജനം രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നുപേരും ലളിതാംബികയുടെ വ്യക്തിത്വത്തെ സ്വാധീനിച്ചെങ്കിലും ഗാന്ധിജിയാണ് പിന്നെപ്പിന്നെ പിടിമുറുക്കിയത്.
എഴുത്തുകാരി എന്ന നിലയില്‍ ടാഗോറിനായിരുന്നു ആ സ്ഥാനം വരേണ്ടിയിരുന്നത്. എന്നാല്‍, പൊതുജനങ്ങള്‍ അടങ്ങുന്ന രാഷ്ട്രീയമില്ലാതെ സാഹിത്യം ഉണ്ടായിട്ട് കാര്യമില്ല എന്ന ചിന്താധാരയില്‍ പെട്ടതുകൊണ്ടാകാം, രാഷ്ട്രീയം തട്ടകമാക്കിയ ഗാന്ധിജി തന്നെയാണ് ലളിതാംബികയെ മാറ്റിമറിച്ചത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ ആ കുട്ടി സ്വാതന്ത്ര്യ സമരത്തെപ്പറ്റി ചിന്തിക്കുകയും എഴുതുകയും ചെയ്തു. സ്വാതന്ത്ര്യസമരവീര്യം നാട്ടിലെങ്ങും നിറഞ്ഞുനിന്നിരുന്ന സമയമാണ്. ജീവനില്ലാത്ത സാധനങ്ങള്‍ പോലും ഈ വിഷയം സംസാരിക്കുന്നത് പോലെ തോന്നും. കുട്ടിക്കാലത്ത് ഇങ്ങനെ എഴുതിയവയൊക്കെ പക്ഷേ കീറിക്കളയുകയാണ് ആ കുട്ടി ചെയ്തത്. എന്നിരുന്നാലും മാപ്പിള ലഹള, വൈക്കം സത്യാഗ്രഹം, നികുതി നിഷേധം ഇവയൊക്കെ വായിച്ച് ചിന്തിച്ച് പലതും കുത്തിക്കുറിച്ചുകൊണ്ടേയിരുന്നു ആ പെണ്‍കുട്ടി. മഹാത്മാഗാന്ധിയെക്കുറിച്ച് സമഗ്രമായി ആദ്യമായി അവര്‍ വായിച്ചത് കെ.പി. കേശവമേനോന്റെ 'മഹാത്മാഗാന്ധി' എന്ന ജീവചരിത്ര ഗ്രന്ഥത്തിലാണ്.
ആ പുസ്തകം വായിച്ച് കഴിഞ്ഞപ്പോഴേക്കും ഖദറിനുവേണ്ടി ആ കുട്ടി കരയാന്‍ തുടങ്ങി. ലളിതാംബികയുടെ വാശിപ്പുറത്ത് ചര്‍ക്ക വാങ്ങിക്കുകയും നൂല്‍ നൂല്‍ക്കാനുള്ള സംവിധാനങ്ങളൊക്കെ അവിടെ ഏര്‍പ്പാട് ചെയ്യുകയും ചെയ്തു അച്ഛന്‍. പരുത്തി നടണമെന്നുള്ളതും ആ കുട്ടിയുടെ ആവശ്യമായിരുന്നു. അതുകൊണ്ട് പരുത്തി കൃഷിയും തുടങ്ങി. തന്റെ മുറിയിലെ മതിലുകളില്‍ മുഴുവന്‍ നിരവധി രാഷ്ട്രീയനേതാക്കളുടെ പടങ്ങള്‍ ഒട്ടിച്ചുവച്ചു, എങ്കിലും അതില്‍ പ്രധാനി ഗാന്ധിജി തന്നെയായിരുന്നു.

പഴയ പട്ടുടുപ്പുകള്‍ ഒന്നും തനിക്ക് വേണ്ട, ഖദര്‍ അല്ലാതെ ഇനി ഒന്നും ഉടുക്കുകയില്ല എന്ന് അച്ഛനോട് ഒരിക്കല്‍ കൊച്ചു ലളിതാംബിക പറഞ്ഞു. അന്ന് അച്ഛന്‍ ഇങ്ങനെ ചോദിച്ചു: 'എന്താണ് ഖദറിന് ഇത്ര വിശേഷം?'
ആ മിടുക്കിക്ക് ഉടന്‍ ഉത്തരം പറയാനായി.
'അത് സ്വദേശിയാണ്, ഗാന്ധിജി പറയുന്നു അത് ഉടുക്കണമെന്ന്.'
ഉടനെ അച്ഛന്‍ ചോദിച്ചു: 'അപ്പോള്‍ ഇവിടെ 'വെളിയത്തും' 'തലച്ചിറ'യിലും ഒക്കെ നെയ്യുന്ന മുണ്ടുകള്‍ സ്വദേശി അല്ലേ? അവര്‍ക്കും കഞ്ഞി കുടിക്കണ്ടേ?'
കുഞ്ഞുലളിതാംബികയ്ക്ക് ആകെ പരിഭ്രമമായി.
വെളിയത്തുകാരനായ ഒരു വൃദ്ധന്‍ പുതിയ മുണ്ടുകളുമായി വരാറുള്ളത് അപ്പോള്‍ ആ ബാലിക ഓര്‍ത്തു. അത് വിറ്റ് കിട്ടുന്ന നെല്ലും പണവുമായാണ് അയാള്‍ തിരികെ പോകുക. അതുകൊണ്ടാണ് അയാളുടെ കുടുംബം കഴിയുന്നത് എന്ന് അയാള്‍ തന്നെ പറഞ്ഞ് കുട്ടിക്ക് അറിയാം. തന്റെ ഖദര്‍ താല്‍പര്യം ഒരു ഭ്രമം മാത്രമാണോ എന്ന് ആ കുട്ടി അപ്പോള്‍ ചിന്തിച്ചുപോയി.
മഹാത്മാഗാന്ധിയെ കാണുക എന്നുള്ളത് ലളിതാംബിക അന്തര്‍ജനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയൊരു ആഗ്രഹമായിരുന്നു. അതുകൊണ്ടുതന്നെ കിട്ടിയ അവസരത്തിലെല്ലാം പ്രസംഗം കേള്‍ക്കാനും കാണാനുമായി ലളിതാംബിക പോയിട്ടുണ്ട്. ഒരിക്കല്‍ പ്രസംഗം കഴിഞ്ഞ് ഗാന്ധിജി കടപ്പാക്കടയിലേക്ക് പോയപ്പോള്‍ ലളിതാംബികയും പുറകെ പോയി. ഹരിജന കേന്ദ്രത്തില്‍ പോയി തിരിച്ച് എ.ഡി. കോട്ടണ്‍ മില്ലില്‍ വന്ന്, തളര്‍ന്നലഞ്ഞിരുന്ന മഹാത്മാഗാന്ധിയുടെ സന്നിധിയിലേക്ക്, കടത്തിവിടാത്ത സുരക്ഷാഭടന്മാരോട് അക്രമോത്സുകയായി പെരുമാറി, അവര്‍ എത്തിച്ചേര്‍ന്നു. കൈയിലുണ്ടായിരുന്ന ഉപഹാരങ്ങള്‍ സമര്‍പ്പിച്ച് ആ പാദങ്ങളില്‍തൊട്ട് നമസ്‌ക്കരിച്ചു. ഗാന്ധിജി അല്‍പം ശകാരരൂപത്തില്‍ തന്നെ പറഞ്ഞു: 'മതി..മതി.. ഞാന്‍ ഈശ്വരനല്ല കുട്ടി... എനിക്ക് വിശക്കാറുണ്ട്. വിശക്കുമ്പോള്‍ എനിക്ക് ഭക്ഷണം വേണം ഞാന്‍ ഈശ്വരന്‍ അല്ല.'
അന്ന് താലിമാല ഒഴിച്ച് ബാക്കി ധരിച്ചിരുന്ന കമ്മലും വളയും മോതിരവും ഗാന്ധിജിക്ക് സമര്‍പ്പിച്ചു. കൊടുക്കുന്നത് മറ്റാരും അറിയരുത് എന്നുള്ളതുകൊണ്ട് ഇങ്ങനെ സംഭാവന ചെയ്തത് അന്തര്‍ജനം ഒരിടത്തും എഴുതിയിട്ടുമില്ല. എന്നാല്‍ അതിനെക്കുറിച്ച് അന്തര്‍ജനത്തിന്റെ മൂത്ത മകന്‍ ഭാസ്‌കരകുമാര്‍ എഴുതിയിട്ടുണ്ട്. ലളിതാംബിക അന്തര്‍ജനം മരണം വരെയും ആര്‍ഭാടങ്ങള്‍ക്ക് അതീതയായിരുന്നു. ഒരു വിശേഷ അവസരങ്ങളില്‍ പോലും പതിവായി ധരിച്ചിരുന്ന വളരെ കുറച്ച് ആഭരണങ്ങളല്ലാതെ മറ്റൊന്നും ധരിച്ചിരുന്നില്ല.
1922-25 കാലഘട്ടത്തെക്കുറിച്ച് അന്തര്‍ജനം ഇങ്ങനെ എഴുതിയിട്ടുണ്ട്; 'വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് അവയുടെ സമുജ്ജ്വല ഘട്ടങ്ങളില്‍ മനുഷ്യനെ എന്തും മറവിയില്‍പ്പെടുത്തി വീരാരാധനപരമാക്കുന്ന ഒരു സവിശേഷതയുണ്ട്. തുല്യമായ ആദര്‍ശങ്ങളും തുല്യമായ അവശതകളും തുല്യമായ അഭിലാഷങ്ങളും ഉള്ള ഒരു ജനവിഭാഗം ഏകീഭവിച്ച് അവരുടെ സര്‍വ്വാത്മനാ ഉള്ള പ്രതിനിധിയായി ഒരു നേതാവിനെ കണ്ടെത്തുന്നു. ആ വ്യക്തിയെ അനുസരിക്കുന്നു സ്‌നേഹിക്കുകയും വിശ്വസിക്കുകയും ആരാധിക്കുകയും കൂടി ചെയ്തു പോകുന്നു. ഒരു പക്ഷേ, അന്ധമെന്നുപോലും പറയാവുന്ന ഈ ആത്മസമര്‍പ്പണഭാവത്തില്‍ നിന്നാണ് പ്രസ്ഥാനത്തിനാവശ്യമായ ധാര്‍മികശക്തി നേടിയെടുക്കുന്നത്.'
ഇതേ കാലഘട്ടത്തില്‍ വൈദേശിക ഭരണത്തോടുള്ള പ്രതിഷേധം നാട്ടിലുടനീളം ഉയര്‍ന്നുവന്നു. നേതാവായി ഗാന്ധിജിയും. സഹനസമരങ്ങള്‍, സത്യഗ്രഹങ്ങള്‍, അറസ്റ്റ്, വെടിവെപ്പ്, മര്‍ദനങ്ങള്‍ ഇങ്ങനെ വിമോചന സമരം കൊടുംമ്പിരികൊണ്ടു. കോണ്‍ഗ്രസില്‍ ഒരു വിഭാഗം സി.ആര്‍. ദാസിന്റെ നേതൃത്വത്തില്‍ സ്വരാജ്യകക്ഷി രൂപീകരിച്ചു. നിയമസഭയില്‍ കടന്നുകൂടുകയും ചെയ്തു. മറ്റൊരു വിഭാഗം നൂല്‍ നൂല്‍പ്പ്, അയിത്തോച്ചാടനം, സ്വയംപര്യാപ്തത ഇങ്ങനെ സാമൂഹ്യ സാമുദായിക പരിഷ്‌കരണങ്ങളില്‍ ഏര്‍പ്പെട്ടു.
ഇതുമാത്രമേ അന്ന് നാട്ടില്‍ ചര്‍ച്ചയുണ്ടായിരുന്നുള്ളൂ. സമരം എങ്ങും ചലനമുണ്ടാക്കി. ലളിതാംബിക അന്തര്‍ജനത്തെ പോലെ നിരവധി പേര്‍ പട്ടുവസ്ത്രങ്ങള്‍ ഉപേക്ഷിക്കുകയും പരുത്തി വസ്ത്രങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. പനിനീര്‍ച്ചെടികള്‍ വെട്ടിക്കളഞ്ഞ് പരുത്തി നട്ടുപിടിപ്പിച്ചു. ചര്‍ക്കയും ഗീതയും കൂട്ടുകാരായി. കാപ്പിയും ചായയും തുടങ്ങിയ എല്ലാവിധ ലഹരി പാനീയങ്ങളുടെയും വര്‍ജനം ജനങ്ങള്‍ ആകെ നടത്തി. ഇവയൊക്കെ ഗാന്ധി ശിഷ്യന്മാരുടെ മുഖമുദ്രയായിരുന്നു. ചെറുപ്പത്തില്‍ ലളിതാംബിക കരുതിയത് സ്വയം ഒരു തപസ്വിയുടെ നിലയിലായെങ്കിലേ സ്വരാജ്യഭടയായി മാറാന്‍ കഴിയുകയുള്ളൂ എന്നാണ്. അന്നും പഴമക്കാര്‍ ഇതിനെയൊക്കെ തീവ്രമായി എതിര്‍ത്തു. എന്നാല്‍ അതില്‍ ഇരട്ടി ആവേശത്തോടെ യുവാക്കള്‍ ഇവ മുറുകെ പിടിച്ചു.
ഈ ദേവാസുരയുദ്ധം അന്നത്തെ എല്ലാ കുടുംബങ്ങളിലും ഉണ്ടായിരുന്നു എന്ന് അന്തര്‍ജനം പിന്നീട് എഴുതിയിട്ടുണ്ട്. ഗാന്ധിസത്തില്‍ സാമുദായിക ആചാരങ്ങളെ അവഗണിക്കേണ്ട പലതും ഉണ്ടായിരുന്നു. നമ്പൂതിരിമാര്‍ക്കിടയില്‍ ദേശീയബോധം ഉള്ളവര്‍ക്ക് ഈ പ്രശ്‌നം ഗുരുതരമായി. സാമുദായിക പരിവര്‍ത്തനത്തിന്റെ ആദ്യ അലകള്‍ ഈ ആവശ്യത്തില്‍ നിന്നാണ് ഉണ്ടായത് എന്നാണ് ലളിതാംബിക അന്തര്‍ജനം വിലയിരുത്തുന്നത്. ഒരു കൂട്ടര്‍ ഗാന്ധിജിയെ ദേവനായി ഭജിച്ചു; മറുകൂട്ടര്‍ അസുരനായി ഗണിച്ചു. ഗാന്ധിജിയുമായി ബന്ധപ്പെട്ട, തന്റെ കൗമാര കാലത്തുണ്ടായ ഒരു അനുഭവം ലളിതാംബിക പങ്കുവെച്ചിട്ടുണ്ട്. ബന്ധുവും പ്രശസ്തനുമായ ചെങ്ങന്നൂര്‍ നെടുംമ്പ്രത്തു നാരായണന്‍ പോറ്റി എന്ന കവിയോട്, ലളിതാംബിക ഉള്‍പ്പെട്ട ചില കുട്ടികള്‍ ഒരു കാര്യം ആവശ്യപ്പെട്ടു; 'മഹാത്മാഗാന്ധിയെ പറ്റി ഒരു കവിത എഴുതിത്തരൂ...ഒരു നല്ല കവിത. ദിവസവും ചൊല്ലാന്‍ ആണ്.' അദ്ദേഹം ചിരിച്ചു പോയി.

'തരാമല്ലോ.. മന്ത്രമായിട്ടാണോ വേണ്ടത്? അതോ പാട്ട് ആയിട്ടാണോ?'
'മന്ത്രമായിട്ട് മതി, പാട്ട് ഒരുപാടുണ്ടല്ലോ.' -കൊച്ചു ലളിതാംബിക പറഞ്ഞു.
ഒരു മണിക്കൂറിനകം അദ്ദേഹം 'ഗാന്ധ്യാഷ്ടകം' എഴുതി കൊടുത്തു. മുകുന്ദാഷ്ടകം, സരസ്വത്യാഷ്ടകം പോലെയുള്ള ഒന്ന്. കേട്ടവര്‍ കേട്ടവര്‍ കാണാപ്പാഠം പഠിച്ച് വളരെ വേഗം അത് പ്രചാരത്തിലായി. അതെഴുതിയതിന് ആ കവിയെ പഴമക്കാര്‍ ഒരുപാട്, വാക്കാല്‍ ഭര്‍ത്സിക്കുകയും ചെയ്തു. അദ്ദേഹം പതറിയില്ല എന്ന് മാത്രമല്ല, പുതിയ തലമുറയുടെ ഇഷ്ടകവിയായി മാറിയതില്‍ സന്തോഷിക്കുകയും ചെയ്തു. ഗാന്ധ്യാഷ്ടകം അന്ന് പലരുടെയും ഗീതയായിരുന്നു.
1932-33 കാലമായപ്പോഴേക്കും മന്ത്രങ്ങളും മുദ്രാവാക്യങ്ങളുമൊക്കെ മാറിയിരുന്നു. പക്ഷേ, അന്നും ഗാന്ധി തന്നെയായിരുന്നു ദേവന്‍. പലരും കുഴങ്ങിയിരിക്കുകയാണ്, പഴമയോട് എതിര്‍പ്പാണ്, എന്നാല്‍, പുതുമയെ പ്രാപിക്കാന്‍ ആവുന്നുമില്ല! വേഷം മാറിയിട്ടുണ്ട്, എന്നാല്‍ ഘോഷ മാറിയിട്ടില്ല. പ്രസംഗങ്ങളുണ്ട്, എന്നാല്‍ പ്രവൃത്തിയില്‍ ആയിട്ടില്ല! ആ കാലത്തിന്റെ ചൂടില്‍ ഒഴുകിക്കൊണ്ടിരുന്നപ്പോള്‍ താന്‍ നേരിട്ട മറ്റൊരനുഭവംകൂടി ലളിതാംബിക രേഖപ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവിന്റെ നാടായ രാമപുരത്തെ വീടിനടുത്തുള്ള ഒരു ഇല്ലത്ത് എന്നും പുരാണ പാരായണം നടത്തുന്നുണ്ട്. ആ സമയത്ത് തന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്നതുകൊണ്ട്, പുരാണം കേള്‍ക്കാന്‍ നിത്യേന പോകാന്‍ മുതിര്‍ന്നവര്‍ ആവശ്യപ്പെട്ടിരുന്നു. വിളക്കിന് മുന്നില്‍ ഭാഗവതം വായനക്കാരന്‍ ഇരിക്കും. ചുറ്റും പുരുഷന്മാര്‍. കിഴക്കിനീലും വടക്കിനീലുമായി അന്തര്‍ജനങ്ങള്‍.
പണ്ഡിതനായ ഒരു കവിയാണ് പുരാണ വായനക്കാരന്‍. ഓരോ വരിയും വായിച്ച് വിസ്തരിക്കുന്നതിനിടെ, യുവാക്കളുടെ പരിഷ്‌കാരങ്ങളെ കുറിച്ചും ഗാന്ധിജിയെക്കുറിച്ചും ദേശീയ പ്രസ്ഥാനത്തെ കുറിച്ചും എല്ലാം മോശമായി പറയുകയും അധിക്ഷേപിക്കാറുമുണ്ട് വായനക്കാരന്‍. പലതുകേട്ടും ലളിതാംബിക പല്ലിറുമ്മിക്കൊണ്ടിരുന്നു. പുരുഷ സദസ്സില്‍ ഒന്നും പറയാന്‍ സാധിക്കില്ലല്ലോ. ഒരിക്കല്‍ ഗാന്ധിജി കലിയുടെ അവതാരം ആണെന്ന് വായനക്കാരന്‍ പറയുകയുണ്ടായി. എന്നിട്ട് അയാള്‍ സ്വയം എഴുതിയ ഒരു ശ്ലോകം ഉറക്കെ ചൊല്ലുകയും ചെയ്തു.
'ഗാന്ധിതന്‍ വാക്കിനാല്‍ ചിത്തഭ്രാന്തി വന്ന മനുഷ്യരെ... മാന്തിയാല്‍ സൂര്യദേവന്റെ കാന്തി കയ്യില്‍ കിടക്കുമോ?'-ഇങ്ങനെയായിരുന്നു ആ ശ്ലോകം.
ഇത് കേട്ടതും അവിടെ കൂടിയവര്‍ എല്ലാവരുംകൂടി ആര്‍ത്ത് ചിരിയായി. മഹാത്മ എന്നല്ല ദുരാത്മ എന്നുതന്നെ പറയണം എന്നൊക്കെയായി വര്‍ത്തമാനം.
അന്ന് രാത്രി ലളിതാംബിക അന്തര്‍ജനത്തിന് ഉറങ്ങാന്‍ സാധിച്ചില്ല. കുഞ്ഞിലേമുതല്‍ മനസ്സില്‍വെച്ച് ആരാധിച്ച ഒരു മനുഷ്യനെ കുറിച്ചാണ് ഇത്രയും മോശമായി കേള്‍ക്കേണ്ടിവന്നത്. അപ്പോഴാണ് താന്‍ കുഞ്ഞിലെ പഠിച്ച ഗാന്ധ്യാഷ്ടകത്തെ കുറിച്ച് ലളിതാംബിക ഓര്‍ത്തത്. ഹൃദിസ്ഥമാക്കിയത് ചൊല്ലി നോക്കിയപ്പോള്‍ മുഴുവനും ഓര്‍മയുണ്ട്. ഒരു ശ്ലോകം ഒഴിച്ച്... പുരാണ വായനക്കാരനെക്കാള്‍ എത്രയോ പ്രസിദ്ധിയും പാണ്ഡിത്യവും ഉള്ള ആളാണ് ഗാന്ധ്യാഷ്ടകം എഴുതിയിരിക്കുന്നത്. ഓര്‍മവന്ന 7 ശ്ലോകങ്ങളും ഒരു പേപ്പറില്‍ അന്തര്‍ജനം എഴുതിവെച്ചു. ( ആ 7 ശ്ലോകങ്ങളും അന്തര്‍ജനത്തിന്റെ 'ആത്മകഥയ്ക്ക് ഒരു ആമുഖം' എന്നുള്ള പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്) മറന്നുപോയ ഒരു ശ്ലോകം ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ സേവനത്തെ പ്രകീര്‍ത്തിച്ചുള്ളതാണ് എന്ന് ലളിതാംബിക ഓര്‍ത്തു. അന്ന് പാരായണം കേള്‍ക്കാന്‍ പോയപ്പോള്‍ ഈ ഏഴ് ശ്ലോകങ്ങളും എഴുതിയ കടലാസും കൈയിലെടുത്തു. നേരത്തെ അവിടെയെത്തി, ഭാഗവതം പുസ്തകത്തിന്റെ അടയാളം വെച്ചിരിക്കുന്ന ഭാഗത്ത്, മടക്കിയ കടലാസുവെച്ചു. വായനക്കാരന്‍ ധ്യാനിച്ച് ഭഗവതം തുറന്നപ്പോള്‍ ഈ കടലാസാണ് കണ്ടത്. അതെടുത്ത് വായിച്ച് ഒന്നും മിണ്ടാതെ കണ്ണാടി കൂട്ടിനകത്തുവെച്ചു. പിന്നീട് ഒരിക്കലും അതിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയുണ്ടായില്ലയെങ്കിലും ഗാന്ധിജിയെ കുറ്റം പറയുന്ന രീതി അതോടെ വായനക്കാരന്‍ നിര്‍ത്തി.

മറക്കുട ഉപയോഗിക്കാതെ പുറത്തേക്കിറങ്ങാന്‍ പാടില്ല എന്ന നിബന്ധനയുണ്ട് അന്ന്. ആര് പറഞ്ഞിട്ടും അനുസരിക്കാതെ, പരിഷ്‌കൃതവേഷം തന്നെയായിരുന്നു അന്ന് ലളിതാംബിക ധരിച്ചിരുന്നത്. ഖദര്‍ മുണ്ടും ബ്ലൗസും, മുന്തിരിവള്ളി ബോര്‍ഡര്‍ ഉള്ള പച്ച ഖദര്‍ ഷോളും, ആണ് സാധാരണ വേഷം. അന്ന് ആ പ്രദേശത്ത് ലളിതാംബിക അന്തര്‍ജനം മാത്രമേ മാറു മറക്കാറുള്ളൂ. പലരും അതിന് ചീത്ത പറയാറുമുണ്ടായിരുന്നു. ഭാഗവതത്തില്‍ ഗാന്ധി ശ്ലോകം വെച്ചതിന്റെ അടുത്ത ദിവസം അമ്പലത്തിലേക്ക് പോയപ്പോള്‍, വട്ടംകൂടിയിരുന്ന് ചിലര്‍ പരിഹസിച്ചു.
'ഇവരൊക്കെ അമ്പലത്തില്‍ കയറിയാല്‍ പുണ്യാഹം വേണ്ടേ?
എല്ലാരേം വിളിച്ചുകേറ്റാന്‍ ആണല്ലോ ഇവറ്റകളുടെ പുറപ്പാട്...എനിക്ക് അതല്ല സംശയം, കാന്തിമന്ത്രം ചൊല്ലി നടക്കുന്ന ഇവര്‍ക്ക് എന്തിനാ അമ്പലം? കൈകൊട്ടി പുറത്താക്കേണ്ട വഹ! പോയി വല്ല മീന്‍ ചന്തയിലും പ്രസംഗിക്കട്ടെ!'
അടി കൊണ്ടതുപോലെ ലളിതാംബിക നിന്നുപോയി. വീണ്ടും വീണ്ടും എഴുതാം എന്നല്ലാതെ വഴിവക്കില്‍ നിന്ന് ഇവരോടൊന്നും തര്‍ക്കിക്കാന്‍ വയ്യ. അമ്പലത്തിലേക്ക് പോകാതെ അന്ന് അവര്‍ വേഗം തിരിച്ച് വീട്ടിലേക്ക് നടന്നു.
ലളിതാംബികയുടെ അസ്വസ്ഥത കണ്ട് ഭര്‍ത്താവ് പറഞ്ഞു;
'വിശ്വാസികള്‍ക്കെല്ലാം അമ്പലത്തില്‍ കയറാന്‍ സാധിക്കുന്ന ഒരു ദിനം വരികതന്നെ ചെയ്യും.'
സാമുദായിക ജീവിതത്തിന്റെ ജീര്‍ണിച്ച കഴുക്കോലുകള്‍ പൊളിച്ചുമാറ്റിയാല്‍ മാത്രം പോരാ, നവീനവും ഉറപ്പുള്ളതുമായ പുതിയ കെട്ടിടം പണിയാനും ഉള്ള അസംസ്‌കൃത വസ്തുക്കള്‍ ഒരുക്കുന്നതും, കലാകാരുടെ എഴുത്തുകാരുടെ കടമയാണെന്ന് അന്തര്‍ജനം വിശ്വസിച്ചിരുന്നു. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞതിനുശേഷം ആണ് അന്തര്‍ജനം ഭര്‍ത്താവിന്റെ വീട്ടിലേക്ക് കുടിയേറുന്നത്. നമ്പൂതിരിമാരുടെ ഇടയില്‍ അത് പതിവില്ലാത്തതാണ്. ആദ്യകുറേ വര്‍ഷങ്ങളില്‍ സ്വന്തം ജന്മഗൃഹത്തുതന്നെയായിരുന്നു അന്തര്‍ജനവും ഭര്‍ത്താവും താമസിച്ചിരുന്നത്. തന്റെ പരിഷ്‌കാരജീവിതം തറവാട്ടില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു എന്ന് തോന്നിയതുകൊണ്ട് മാറി താമസിക്കാന്‍ ലളിതാംബിക ആഗ്രഹിച്ചു. അങ്ങനെയാണ് ജന്മഗൃഹമായ കോട്ടവട്ടം തറവാട്ടില്‍ നിന്ന് അല്‍പം ദൂരം മാറി ഒരു വീട് പണിത് 'ഭാസ്‌കര വിലാസം' എന്ന പേരിട്ട് അവിടെ ജീവിതം തുടങ്ങുന്നത്.
ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടമായി ഈ വീട്ടില്‍ ജീവിച്ച കാലത്തെ അടയാളപ്പെടുത്തുന്നുണ്ട് ലളിതാംബിക. അവിടെ ആരെയും അവര്‍ക്ക് ഭയക്കേണ്ടിയിരുന്നില്ല. എല്ലാ ജാതി മതക്കാരും അവിടെ അതിഥികളായിരുന്നു. അടുക്കളയില്‍ കയറി അവര്‍ ഭക്ഷണം കഴിച്ചു. ഒരുമിച്ചിരുന്നു ചര്‍ച്ചകള്‍ നടത്തി. അന്തര്‍ജനത്തിന് അഭിമാനമായിരുന്നു അത്. അവിടെവെച്ചും ലളിതാംബിക ചര്‍ക്ക വാങ്ങുകയും സ്വന്തമായി നൂല്‍നൂല്‍ക്കുകയും ചെയ്തു. തറിയിട്ട് നൂല്‍നൂറ്റ് മുണ്ടുകള്‍ നെയ്തു. ഗാന്ധിജി വന്നപ്പോള്‍ നേരിട്ടുപോയി അതില്‍ രണ്ട് വസ്ത്രങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. ലളിതാംബിക അന്തര്‍ജനം കലയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടത് സ്വാതന്ത്ര്യമാണ്. സ്വന്തമായി ഒരു ഭവനം, സ്‌നേഹം, സൗഹൃദം ഇതൊക്കെയില്ലെങ്കില്‍ ജീവിതം എന്തായി പോയേനെ എന്ന് ലളിതാംബിക വ്യാകുലപ്പെട്ടിട്ടുണ്ട്. രാമപുരത്ത് തറവാട്ടില്‍നിന്നും മാറി സ്വന്തം വീട് വെച്ചപ്പോള്‍, തറവാട്ട് പേര് കൊടുക്കാതെ, ഗാന്ധിജിയുടെ ശാന്തി മന്ത്രത്തെ അനുസ്മരിപ്പിക്കുന്ന 'ശാന്തി ഭവന്‍ 'എന്ന പേരാണ് നല്‍കിയത്.
ഗാന്ധിജി നിസ്സഹകരണത്തിലൂടെ നാട്ടിലെങ്ങും തീനാളം കൊളുത്തിയ സമയം സ്വാതന്ത്ര്യചൂടുപിടിച്ച ചുഴലിക്കാറ്റ് പത്രങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ജനങ്ങള്‍ക്ക് ആവേശം നല്‍കി. ലളിതാംബികയ്ക്ക് പ്രസംഗങ്ങളെല്ലാമൊന്നും കേള്‍ക്കാന്‍ പോകാന്‍ സൗകര്യം ഉണ്ടായിരുന്നില്ല. എന്നാല്‍, അന്നത്തെ പരിസരങ്ങളും മറ്റുസാഹചര്യങ്ങളും കാരണം ദേശസേവികയായി ലളിതാംബിക അറിയാതെ മാറി. കുട്ടികള്‍ എല്ലാകാലത്തും ആവേശത്തില്‍ പെട്ടാല്‍ തീവ്രവാദത്തിലേക്ക് തിരിയും. നിലവിലുള്ള നിയമങ്ങളെ നിഷേധിക്കും. വിപ്ലവം ആയിരിക്കും ലക്ഷ്യം. തലമുറകള്‍ അങ്ങനെയാണ് മുന്നേറുക. കുട്ടിക്കാലത്ത് ഈ രാഷ്ട്രീയ ബോധ്യങ്ങള്‍ വന്നുപെട്ടതുകൊണ്ടാണ് താന്‍ എഴുത്തുകാരിയായി മാറിയതെന്ന് ലളിതാംബിക പറഞ്ഞിട്ടുണ്ട്
പതിമൂന്നാം വയസ്സിലാണ് ലളിതാംബിക, ആരാധന കാരണം ഗാന്ധിജിയെ കുറിച്ച് 'അഭിനവ പാര്‍ത്ഥസാരഥി' എന്ന ലേഖനം എഴുതിയത്. കഥ, കവിത, ലേഖനം എല്ലാംകൂടി കുഴഞ്ഞ എന്തോ ഒന്നായിരുന്നു അത് എന്നാണ് അന്തര്‍ജനം പിന്നീട് ആ ലേഖനത്തെ വിലയിരുത്തിയത്. വായിച്ചാല്‍ ആരും ചിരിച്ചുപോകുമെങ്കിലും അത് തന്റെ കുഞ്ഞിക്കൈകള്‍കൊണ്ട് എഴുതിയതാണെന്നും അതിനോട് അതീവ വാത്സല്യം ആണെന്നും ലളിതാംബിക അന്തര്‍ജനം പറഞ്ഞിട്ടുണ്ട്. എന്നാല്‍ 1098 കര്‍ക്കിടകം ചിങ്ങം ലക്കം ശാരദയില്‍ ആ ലേഖനം അച്ചടിച്ചുവന്നു. ലളിതാംബിക എഴുതി പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ ലേഖനമായിരുന്നു അത്.
പുനലൂരില്‍ പലവ്യഞ്ജന കട നടത്തുന്ന പി.എന്‍. ശങ്കരപ്പിള്ളയുടെ തന്നെ മാനേജ്‌മെന്റില്‍ ശാരദ എന്ന മാസികയും പുറത്തിറങ്ങുന്നുണ്ടായിരുന്നു. ചന്തയില്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ പോയ ഒരു പണിക്കാരിയുടെ കൈയിലാണ് ആ ലേഖനം കൊടുത്തയക്കുന്നത്. പങ്കിക്കുഞ്ഞ് തന്നതാണെന്ന് പറഞ്ഞാണ് ലേഖനം ആ പണിക്കാരി പി.എന്‍. ശങ്കരപ്പിള്ളയെ ഏല്‍പ്പിക്കുന്നത്. ലളിതാംബിക പക്ഷേ പിന്നീട് അതേക്കുറിച്ച് മറന്നുപോയി. നാളുകള്‍ കുറച്ചുകഴിഞ്ഞു. ആരോ അന്ന്, ഉമ്മറപ്പടിയില്‍ ഉറക്കെ വായിക്കുന്നു.
'യര്‍വാഡാ ജയിലില്‍ കിടക്കുന്ന ആ ദിവ്യമംഗളവിഗ്രഹത്തിന്റെ ധാര്‍മിക ജ്യോതിസ്..'
ബാക്കി കേള്‍ക്കാന്‍ പറ്റാതെ കാതുകള്‍ കൊട്ടിയടയുന്നു. തന്റെ ലേഖനത്തിലെ വരികള്‍..അന്ന് ലളിതാംബിക ഞെട്ടി!
ആരോ ചോദിക്കുന്നു; 'ഇത് അവള്‍ തന്നെ എഴുതിയതാണോ?'
എല്ലാവരില്‍ നിന്നും വഴക്ക് പ്രതീക്ഷിച്ച അവളെ അരികില്‍ വിളിച്ച് അച്ഛന്‍ ഇത്രമാത്രം പറഞ്ഞു.' ഇനി മാസികയ്ക്ക് അയക്കുന്നതിനു മുന്‍പ് ഒന്ന് കാണിക്കൂ... തെറ്റുണ്ടെങ്കില്‍ തിരുത്താമല്ലോ. ഈ ലേഖനം വളരെ നന്നായിട്ടുണ്ട്.'
കേട്ടത് പാതി കേള്‍ക്കാത്ത പാതി കൊച്ചുലളിതാംബിക മുറ്റത്തേക്ക് ഇറങ്ങിയോടി.അച്ഛന്‍ പുറകില്‍നിന്ന് പറയുന്നത് കേട്ടു;
'പാവം കുഞ്ഞ്! അവള്‍ക്ക് ഒന്നും അറിയില്ല!'
എന്താണ് അച്ഛന്‍ അങ്ങനെ പറഞ്ഞത് എന്ന് ആ കൊച്ചുകുട്ടി അത്ഭുതത്തോടെ ഓര്‍ത്തു. പിന്നീടാണ് മനസ്സിലായത്, എന്തെങ്കിലും കഴിവുകളോടെ വളര്‍ന്നുവരുന്ന പെണ്‍കുട്ടിക്ക് എന്തെല്ലാംതരം ചങ്ങലകള്‍ ഇടുന്ന ലോകമാണ് ചുറ്റുമെന്ന് ഓര്‍ത്താണ് അച്ഛന്‍ അങ്ങനെ പറഞ്ഞതെന്ന്.

ലളിതാംബികയുടെ രണ്ടാമത്തെ മകന്‍ പിറന്നത് ഗാന്ധിജിയെ യര്‍വ്വാഡ ജയിലില്‍ നിന്ന് വിട്ടയച്ച ദിവസമാണ്. അതുകൊണ്ടുതന്നെ കുട്ടിക്ക് മോഹനന്‍ എന്ന പേരുമിട്ടു. അതിനും പലരുടെയും പരിഹാസം കേള്‍ക്കേണ്ടി വന്നു. 1958-ല്‍ രാമപുരം ബോയ്‌സ് സ്‌കൂളില്‍വെച്ച് ഒരു ഖാദി ഗ്രാമവ്യവസായ പ്രദര്‍ശനം നടത്തിയിരുന്നു. കെ. ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്തര്‍ജനം ആവശ്യപ്പെട്ടതനുസരിച്ച് ആ പരിപാടി നടന്നത്. ഒരാഴ്ച നീണ്ടുനിന്ന ആ പ്രദര്‍ശനത്തില്‍ വിവിധ സമ്മേളനങ്ങളും കലാപരിപാടികളും ഉള്‍പ്പെടുത്തിയിരുന്നു. പല സാഹിത്യകാരന്മാരും പങ്കെടുത്ത സാംസ്‌കാരിക സമ്മേളനവും ഉണ്ടായിരുന്നു. എല്ലാത്തിന്റെയും അടിത്തട്ടിലായി ഗാന്ധിജിയോടുള്ള ആരാധനയായിരുന്നു ലളിതാംബിക അന്തര്‍ജ്ജനത്തെ മുന്നോട്ടു നയിച്ചിരുന്നത്.
ലളിതാംബിക അന്തര്‍ജനത്തിന് തന്റെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലും എഴുത്ത് ജീവിതത്തിലും സാംസ്‌കാരിക ജീവിതത്തിലും സത്യത്തോടെ നിലനില്‍ക്കാന്‍ ഗാന്ധിജിയുടെ ചിന്തകള്‍ വളരെയേറെ കരുത്ത് നല്‍കി. ലളിതാംബിക അന്തര്‍ജനത്തിന്റെ അവസാന പൊതുപരിപാടിയിലും മരണത്തിലും ഗാന്ധിജിയുടെ സ്പര്‍ശമുണ്ട്. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ പരിപാടിയിലാണ് ലളിതാംബിക അന്തര്‍ജനം ഏറ്റവും അവസാനമായി പങ്കെടുത്തത്. 1987-ല്‍ ആയിരുന്നു അത്. യൂണിവേഴ്‌സിറ്റിയുടെ യുവജനോത്സവം ഉദ്ഘാടനം ചെയ്തത് ലളിതാംബിക അന്തര്‍ജനം ആയിരുന്നു. ലളിതാംബിക അന്തര്‍ജനം അവസാനമായി പറഞ്ഞ വാക്കുകള്‍ ഗാന്ധിജിയെ ഓര്‍ത്തുകൊണ്ടുതന്നെയായിരുന്നു.
ഗാന്ധിജിയുടെ നാമധേയത്തിലുള്ള സര്‍വകലാശാല യഥാര്‍ഥ ഗാന്ധിജിയെ മറക്കരുത് എന്നും, നാടന്‍ സംഗീതവും നൃത്തവും മറന്നുകൊണ്ട് ആഡംബരപൂര്‍വം അരങ്ങേറുന്ന കലാപരിപാടികള്‍ എതിര്‍ക്കപ്പെടേണ്ടവയാണെന്നും, സ്റ്റേജില്‍ ചിലങ്ക കെട്ടിയാടുന്ന നൃത്തം മാത്രമല്ല കൊയ്യുന്നവന്റെയും മെതിക്കുന്നവന്റെയും ചലനത്തില്‍പോലും നൃത്തം ഉണ്ടെന്നും, പാണന്റെ തുടിക്കും സംഗീതം ഉണ്ടെന്നും അന്തര്‍ജനം പ്രസംഗിച്ചു.
'ഓരോ കര്‍മവും കലയാക്കി മാറ്റണം. ഞങ്ങളുടെ തലമുറയുടെ കാലം കഴിഞ്ഞാലും കലയും കര്‍മവും ഇവിടെ നിലനില്‍ക്കും. ഈ നാലാം തലമുറയുടെ കര്‍മങ്ങള്‍ക്ക്, കല, ശക്തി നല്‍കട്ടെ.'
ഏറ്റവും അവസാനമായി ഈ വാക്കുകള്‍ പറഞ്ഞാണ് അവര്‍ പ്രസംഗം അവസാനിപ്പിച്ചത്. അന്ന് ക്ഷീണമുണ്ടായിരുന്നു. കസേരയില്‍ ഇരുന്നാണ് പ്രസംഗിച്ചത്. ഇടയ്ക്കിടയ്ക്ക് നിര്‍ത്തിയാണ് പ്രസംഗിച്ചത്.
അത് അവസാനത്തെ പ്രസംഗം ആകുമെന്ന് ആരും വിചാരിച്ചില്ല. പക്ഷേ ഗാന്ധിജിയുടെ സ്മരണകള്‍ ഉറങ്ങുന്ന ഒരു ഭൂമികയില്‍ നിന്ന്, ഗാന്ധിജിയെ ഓര്‍ത്തുകൊണ്ട്, ആ ഊര്‍ജം മുഴുവന്‍ ഉള്‍ക്കൊണ്ട്, ശാന്തമായി ഈ വാക്കുകള്‍ പറഞ്ഞുകൊണ്ട്, തന്റെ കര്‍മ്മഭരിതമായ ജീവിതം പ്രപഞ്ചത്തിലേക്ക് ലയിപ്പിക്കാന്‍ സാധിച്ചു എന്നത് ലളിതാംബിക അന്തര്‍ജനത്തെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹമായിരുന്നു!
Content Highlights: Thanooja Bhattathiri, Write up, Lalithambika Antharjanam, Mahatma Gandhi
Published: 30 Jan 2024, 04:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented