നര്‍ത്തകനും നടനുമായി ഡോ. ആര്‍.എല്‍.വി. രാമകൃഷ്ണനുനേരെ കലാമണ്ഡലം സത്യഭാമ അധിക്ഷേപ പരാമര്‍ശം നടത്തിയ വിഷയത്തെ ചില കോണുകളില്‍കൂടി കാണുകയാണ്. ബോധത്തിന്റെ മാധ്യമം എന്ന നിലയില്‍ ഭാഷ എങ്ങനെ വരുന്നു എന്നതാണ് ആദ്യമായി മുന്നില്‍ നില്‍ക്കുന്ന വസ്തുത. സവിശേഷമായ ദേശചിഹ്നങ്ങള്‍ വാക്കിലും പ്രതീകങ്ങളിലും നിരന്തരം പ്രത്യക്ഷപ്പെടുന്ന വെറുപ്പിന്റെ നാല്‍ക്കവലയിലാണ് സത്യഭാമയുടെ പ്രതികരണം പ്രത്യക്ഷപ്പെടുന്നത്.
സമൂഹത്തില്‍ കാലാനുസൃതമായി മനുഷ്യബന്ധങ്ങളില്‍ രൂപപ്പെട്ട മൈത്രിയെ അരോചകമായ വിധത്തില്‍ വിള്ളലുണ്ടാക്കുന്ന വാക്കുകള്‍ നിരന്തരമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രമായാലും സംഗീതമായാലും രാഷ്ട്രീയമായാലും മതമായാലും നൃത്തകലയായാലും 'പുതിയ ഇന്ത്യന്‍ കാല'ത്തിന്റെ പങ്കാളിത്തമില്ലാതെയല്ല ഇതൊന്നും സംഭവിക്കുന്നത്. വെറുപ്പ് വേണ്ടപോലെ, ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാനുള്ള ഒരു ഇന്ത്യന്‍ സാഹചര്യം പലയിടങ്ങളിലായി രൂപപ്പെട്ടിട്ടുണ്ട്.
വെറുപ്പ് ഉല്‍പ്പാദിപ്പിക്കുന്ന വാക്കുകള്‍ ആത്മവിശ്വാസത്തോടെ പറയാനും അതിന് പരമമായ പ്രാധാന്യം ലഭിക്കുന്നതുമായ ഒരു രാഷ്ട്രീയ-സാംസ്‌കാരിക സാഹചര്യം. വാക്ക്, ആ നിലയില്‍, ഈ കാലത്തിന്റെ സാഹചര്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. ആത്മവിനാശകരമായ വെറുപ്പ് പടര്‍ത്തുന്ന ഭാഷയില്‍ സത്യഭാമ മാത്രമല്ല, മറ്റ് പലരും എന്തുകൊണ്ട് സംസാരിക്കുന്നു?
പ്രധാനപ്പെട്ട കാര്യമിതാണ്:
വിവേചനരഹിതമായി മാത്രമല്ല, വിവേകരഹിതമായി തന്നെ ആത്മനാശകരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഒരു സ്ഥല/കാലം രൂപപ്പെട്ടിരിക്കുന്നു. അതായത്, സാംസ്‌കാരികമായും മാനസികമായും. ഇനി തുല്യതാവാദികള്‍ എന്ന് വിശ്വസിക്കുന്ന പലരിലും, ആന്തരികമായി അത്തരമൊരു 'വെറുപ്പിന്റെ ധിഷണ' രൂപപ്പെട്ടിട്ടുണ്ട്. മത ധ്രുവീകരണം, ജാതി ധ്രുവീകരണം, പോലെ നിറവും ധ്രുവീകരണത്തിന്റെ ഉപാധികളില്‍ പ്രധാനപ്പെട്ടതായി മാറുന്നു. വെറുപ്പിന്റെ രൂപങ്ങള്‍ ലോകാധിപത്യം ഉറപ്പിച്ചത് വംശീയത പറഞ്ഞുതന്നെയാണ്.
'കറുപ്പ് 'എങ്ങനെയാണ് മതാത്മകമായ വസ്ത്രജ്വരമായി പര്‍ദ്ദയിലൂടെ വളര്‍ന്നത്? യൗവനത്തിലെ ഒരനുഭവം ഉദാഹരണമായി എടുക്കാം. 'അഴകുള്ള 'ഫായിസ എന്തിനാ കറുത്ത പര്‍ദ്ദയിട്ട് നടക്കുന്നത് എന്നത് ആകുലതയോടുകൂടി ഞാനവളോട് തന്നെ ചോദിച്ചിരുന്നു. ഒരിക്കല്‍ ഇടവഴിയിലൂടെ പകല്‍വെളിച്ചത്തില്‍ ഒരു 'ഇരുട്ട്' നടന്നുവരുന്നു. മുന്നിലെത്തിയപ്പോള്‍ 'ഇരുട്ട്' നിന്നു.
'ഞാനാ ഫായിസ.'
അവള്‍ പറഞ്ഞു.
ഞാന്‍ ചിരിച്ചു.
അവളും തിരിച്ച് ചിരിച്ചിരിക്കണം. അവളുടെ ചിരിക്ക്, ഉപ്പിലിട്ട മാങ്ങ തിന്നുമ്പോഴുള്ള രുചിയാണ്. പര്‍ദ്ദ എന്ന മുഖംമൂടിയ വസ്ത്രത്തിന്റെ ശ്വാസസുഷിരങ്ങളിലൂടെ അവള്‍ ചിരിക്കുന്നത് ഞാന്‍ കണ്ടില്ല.
വെളുവെളുത്ത ഫായിസ എന്തിനാ കറുകറുത്ത പര്‍ദ്ദയിട്ട് നടക്കുന്നത് എന്ന്, വല്ലാത്തൊരു നിരാശയോടെ ആലോചിച്ചുപോയി. വസ്ത്രത്തിന്റെ ഒരു ധ്രുവീകരണം കറുത്ത പര്‍ദ്ദയുടെ രൂപത്തില്‍ സംഭവിച്ചുകഴിഞ്ഞിരുന്നു.
'സൗന്ദര്യം' എന്ന കോളത്തില്‍ വെളുപ്പാണല്ലൊ സൗന്ദര്യം. കാലങ്ങളായി അങ്ങനെയാണ് ആ കോളം പൂരിപ്പിക്കുന്നത്. സ്‌കൂള്‍തലം മുതല്‍ കറുത്ത കുട്ടികള്‍ അനുഭവിക്കുന്ന ഉള്ളുരുകുന്ന അപകര്‍ഷതകളുടെ പേര്‍ കൂടിയാണ് ഇന്നും, ഒരു പരിഷ്‌കൃത സമൂഹത്തിലും മോഹിനി രൂപത്തില്‍ വരുന്നത്.
വെള്ളിത്തിരയില്‍ പാട്ടുപാടി നമ്മെ മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും തീരത്തേക്ക് കൊണ്ടുപോയവരൊക്കെ വെളുത്തവര്‍. രണ്ട് പുരുഷകാമനകളുടെ ആദ്യ ദുഃഖ നായിക, കടലെടുത്തവള്‍, തകഴിയുടെ 'കറുത്തമ്മ'യുടെ നിറമെന്താ? എന്ന് റീലില്‍ പലരും ചോദിക്കുന്നു. ഇടക്കാലത്ത് മലയാളീ യൗവനങ്ങള്‍ ഏകാന്തരാവുകളില്‍ ഏത് നായികയെ ഓര്‍ത്താണ്
'മലരേ...
നിന്നെ കാണാതിരുന്നാല്‍
മിഴിവേകിയ നിറമെല്ലാം
മായുന്ന പോലെ...' എന്ന് പാടിയത്?
'പ്രേമം', എന്ന സിനിമയിലെ ആ വെളുത്ത കാമുകി എല്ലാവരുടെയും ഹൃദയം കവര്‍ന്നു. ഹൃദയം കവരുന്ന അഴക് വെളുപ്പാണെന്ന് പറഞ്ഞ് പറഞ്ഞുണ്ടാക്കിയ ബോധത്തെ തന്നെയാണ് സത്യഭാമ പ്രതിഫലിപ്പിക്കുന്നത്.
കണ്ണാടി നോക്കൂ, ആത്മവഞ്ചനയോടെ അഹത്തെ മറച്ചുവെക്കുന്ന ഒരു അഴകിയ ബോധത്തെ കാണുന്നില്ലേ? ആ അഴകിയ ആത്മബോധത്തിന്റെ പ്രതിഫലനങ്ങളാണ് നമ്മുടെ പത്രങ്ങളിലെ ഞായറാഴ്ചകളില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന പരസ്യകോളം. മാട്രിമോണിയല്‍ പരസ്യങ്ങളില്‍ നാം ആരെയാണ് തേടുന്നത്?
വെളുത്ത സുന്ദരിയെ.
പച്ചപ്പരമാര്‍ഥമായി, വലിയൊരു വിഭാഗം മലയാളീ ആണ്‍/പെണ്‍ യൗവനങ്ങളുടെ മുഖത്ത് നോക്കിയാണ് അവര്‍ വെളുപ്പിലാറാടുന്നത്. സോപ്പ് പരസ്യങ്ങളില്‍, കല്യാണ ദിവസങ്ങളില്‍, എന്തിന് വാര്‍ത്തകള്‍ വായിക്കുമ്പോള്‍ പുട്ടിയിട്ട് വെളുപ്പിച്ചെടുക്കുന്ന നമ്മുടെ ബോധത്തെയാണ് സത്യഭാമ കുടഞ്ഞെറിയുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ കൂട്ടമായി പോയി ചോദിച്ചിട്ടും അവര്‍ പരിഭ്രമിക്കാതിരുന്നത്, 'നമ്മള്‍' പലരും 'അതായതുകൊണ്ടാണ്.' കറുപ്പ് അപകര്‍ഷതയുടെ ഒരു നിറമായി എത്രയോ കാലമായി ചാര്‍ത്തപ്പെട്ടിരിക്കുന്നു. അവര്‍ക്കറിയാം, നമ്മള്‍, വലിയൊരു വിഭാഗം, അതാണെന്ന്. ഉറക്കത്തില്‍ പോലും വെളുപ്പിനെ കെട്ടിപ്പുണരാന്‍ വെമ്പുന്നവര്‍.
നൃത്തത്തെയോ മോഹിനിയാട്ടത്തെയോ അല്ല, കറുത്ത ശരീരത്തെയാണ് അവര്‍ നിന്ദിക്കുന്നത്. ചരിത്രത്തിന്റെ ദീര്‍ഘമായ അനുഭൂതി കാലങ്ങള്‍ മാത്രമല്ല, മതങ്ങളുടെസ്വര്‍ഗീയ വിചാരങ്ങളും വെളുപ്പിനെ മായികമായ വെളിച്ചത്തില്‍ നിര്‍ത്തിയിട്ടുണ്ട്. സ്വര്‍ഗീയ അപ്‌സരസ്സുകളും ഹൂറിമാറും വെളുപ്പ് അഴകായി പ്രത്യക്ഷപ്പെടുന്ന ശരീര പ്രതിനിധാനങ്ങളാണ്. വെളുത്ത ദൈവം, വെളുത്ത സുന്ദരികള്‍ ഉള്ള സ്വര്‍ഗം.
ഡോ. ടി.പി. സുകുമാരന്‍ എഴുതിയ 'പരിസ്ഥി സൗന്ദര്യത്തിന് ഒരാമുഖം' എന്ന പുസ്തകം എന്താണ് കറുപ്പിന്റെ സൗന്ദര്യശാസ്ത്രം എന്ന് വിശദമാക്കുന്ന മലയാളത്തിലെ പ്രധാനപ്പെട്ട ഒരു കൃതിയാണ്. പരിസ്ഥിതി, സൗന്ദര്യം, സംഗീതം, നൃത്തം, പാട്ട് പാരമ്പര്യം ഇവയില്‍ കറുപ്പ് / കരുത്ത് ഇവയുടെ സവിശേഷമായ സന്നിവേശങ്ങള്‍ എവ്വിധമാണ് പ്രതിഫലിക്കുന്നതെന്ന് സുകുമാരന്‍ മാഷ് സൂചിപ്പിക്കുന്നുണ്ട്. അതിലദ്ദേഹം എടുത്തു പറയുന്നത് ആഫ്രിക്കന്‍ സംഗീതം ലോകത്തുണ്ടാക്കിയ തുറവികളാണ്.
'കറുപ്പി'നെ ആലങ്കാരികമായും കാവ്യാത്മമകമായും പ്രശംസിക്കുമ്പോഴും കറുപ്പിന്റെ സര്‍ഗാത്മക തുറവികള്‍ക്ക് നാം സിനിമയില്‍ മാത്രമല്ല, മാട്രിമോണിയല്‍ കോളത്തില്‍ പോലും ഇടം കൊടുത്തില്ല. ഇടം കൊടുക്കാവുന്ന ഇടങ്ങളിലെല്ലാം ഇടങ്കോലിടുകയും ഇടങ്ങേറാക്കുകയും ചെയ്യുന്ന ആ അഴകിയ ബോധത്തിന് ഉള്ളിലെ വെറുപ്പെല്ലാം / നിര്‍ലജ്ജമായി പറയാവുന്ന സംസ്‌കാരിക ദേശരാഷ്ട്രീയം ഇന്ത്യയില്‍ രൂപപ്പെട്ടിരിക്കുന്നു. അപരനിന്ദ സര്‍വതലത്തില്‍ വ്യവരിക്കുന്ന ഒരു സമൂഹ സന്ദര്‍ഭത്തില്‍ അതീവ ലളിതമായ പോംവഴികള്‍ ഇല്ല.
Content Highlights: Thaha Madayi writes about colour discrimination and intolerance
Published: 25 Mar 2024, 05:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented