ഇന്ത്യന്‍ സിനിമയുടെ കഥാഘടനയില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിയ ടി. ദാമോദരന്‍ മാഷ് വിട പറഞ്ഞിട്ട് പന്ത്രണ്ട് വര്‍ഷം തികയുകയാണ്. ടി.ദാമോദരന്‍ എന്ന തിരക്കഥാകൃത്തിനെ സ്മരിക്കാതെ മലയാള സിനിമാചരിത്രത്തിന് മുന്നോട്ട് പോകാനാവില്ല. അക്കാലത്തെ രാഷ്ട്രീയ- മുതലാളിത്ത- ഭരണകൂട കൂട്ടുകെട്ടിലെ പുഴുക്കുത്തുകളെയും നിഗൂഢസത്യങ്ങളെയും ഭാവനയുടെ മൂശയിലിട്ട് സ്ഫുടം ചെയ്തെടുത്ത എത്രയെത്ര സിനിമകള്‍! കഥാപാത്രങ്ങള്‍! സാധാരണ സിനിമാ പ്രേക്ഷകര്‍ നെഞ്ചോടുചേര്‍ത്തു വെച്ച അപൂര്‍വ്വം ചില തിരക്കഥാകൃത്തുക്കളില്‍ പ്രമുഖസ്ഥാനം ദമോദരന്‍ മാസ്റ്റര്‍ക്കുണ്ടായിരുന്നു. ഭാവനാപൂര്‍ണ്ണമായ കാഴ്ചകള്‍ മാത്രമായിരുന്നില്ല മാഷിന്റെ കഥാപാത്രങ്ങള്‍ കാണിച്ചുതന്നിരുന്നത്. കാഴ്ചകള്‍ക്കപ്പുറം നാടിന്റെ നേര്‍ക്കാഴ്ചയും തീഷ്ണമായ യാഥാര്‍ത്ഥ്യങ്ങളും ഉള്‍ക്കൊള്ളുന്ന ചടുലമായ വാക്ശരങ്ങള്‍ നെഞ്ചുറപ്പോടെ പറയുന്ന കഥാപാത്രങ്ങളായിരുന്നു അവരെല്ലാവരും. ഒരു പക്ഷേ, ആ അഭിനയ മൂഹൂര്‍ത്തങ്ങളിലൂടെയാണ് ഇന്നും നിലനില്‍ക്കുന്ന പല നടന്‍മാര്‍ക്കും 'ആണത്തമുള്ളവന്‍' എന്ന 'പട്ടം ' ചാര്‍ത്തിക്കിട്ടിയത്. ഐ.വി. ശശി- ടി. ദാമോദരന്‍ സിനിമകള്‍ തിയേറ്ററില്‍ എത്തുന്നത് കാത്തുനിന്നിരുന്ന ഒരു വലിയ പ്രേക്ഷകനിര! പ്രധാന കഥാപാത്രങ്ങളുടെ വാക്കുകള്‍ക്ക് വജ്രായുധത്തിന്റെ മൂര്‍ച്ചയും ദ്യഢതയും കൈവന്നു. കരഘോഷങ്ങളില്ലാതെ, ആരവങ്ങളില്ലാതെ ഒരു സിനിമയും പ്രദരര്‍ശിപ്പിക്കാനായിട്ടില്ല.
1975-ല്‍ 'ലൗ മാരേജ് 'എന്ന സിനിമക്ക് സംവിധായകനായ ഹരിഹരന്റെ നിര്‍ബന്ധപ്രകാരമാണ് സ്‌കൂള്‍ ഡ്രില്‍ മാസ്റ്ററും നാടകകൃത്തും ഫുട്ബോള്‍ കമന്റേറ്ററുമായിരുന്ന ദാമോദരന്‍ മാസ്റ്റര്‍ തിരക്കഥാകൃത്തായത്. കോഴിക്കോട്ടെ എണ്ണം പറഞ്ഞ നാടകപ്രവര്‍ത്തകരില്‍ ഒരാളായിരുന്ന അദ്ദേഹം കോഴിക്കോട് ഫിസിക്കല്‍ എഡുക്കേഷന്‍ കോളേജിലെ പഠനത്തിനുശേഷം മാഹി അഴിയൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലും ബേപ്പൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലും കായികാദ്ധ്യാപകനായി. പത്താം ക്ലാസ്സ് വരെ പഠിക്കാന്‍ പ്രായപരിധിയില്ലായിരുന്ന കാലമായിരുന്നത് കൊണ്ട് മാഷേക്കാള്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ അന്ന് ബേപ്പൂര്‍ ഹൈസ്‌കൂളിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എല്ലാതരം ഗുണ്ടായിസങ്ങള്‍ക്കും അക്കാലത്ത് പ്രസിദ്ധിയുണ്ടായിരുന്ന സ്‌കൂളിനെ സ്വന്തം നാക്കും ചൂരല്‍വടിയും ഉപയോഗിച്ച് അച്ചടക്കത്തിന്റെ പാതയിലേക്ക് കൊണ്ടുവരുവാന്‍ മാഷ് വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ട്.
ക്ലാസ്സില്‍ അധ്യാപകരില്ലാതെ വരുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലോകനാടകങ്ങളെകുറിച്ചും ക്ലാസിക് കഥകളെക്കുറിച്ചും വായനയുടെ പ്രാധാന്യത്തെകുറിച്ചും ബോധവല്‍ക്കരിച്ചുകൊണ്ടായിരുന്നു മാഷുടെ ക്ലാസ്സുകള്‍. ഈ ക്ലാസ്സുകളെക്കുറിച്ച് പിന്നീട് പ്രഗ്തഭരായി തീര്‍ന്ന പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സ്മരണകളില്‍ ഇന്നും നിറഞ്ഞുനില്‍ക്കാറുണ്ട്. നാടകങ്ങള്‍ നടത്തി ഫണ്ട് സമാഹരിച്ച് സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സാമൂഹികമായ ഉത്തരവാദിത്വം മാഷ് സ്വയം ഏറ്റെടുത്തിരുന്നു. മാഷിന്റെ ശമ്പളത്തിന്റെ പകുതിയിലേറെയും സ്‌കൂളിലെ കായികതല്‍പ്പരരായിരുന്ന വിദ്യാര്‍ത്ഥികളുടെ ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുംവേണ്ടി ചെലവഴിക്കുന്നത് പതിവായിരുന്നു.
സിനിമയില്‍ സജീവമായി നിലകൊള്ളുമ്പോഴും സ്‌കൂളിലെ കാര്യങ്ങളില്‍ വളരെ ശ്രദ്ധാലുവായിരുന്നു മാഷ്. വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഉണ്ടായപ്പോള്‍ എല്ലാ രാഷ്ട്രീയ കക്ഷികളെയും വിളിച്ചുചേര്‍ത്ത് സമാധാനം പുന:സ്ഥാപിക്കുന്ന നടപടികള്‍ക്ക് നേതൃത്വം കൊടുത്തു. അങ്ങനെ, സ്‌കൂള്‍ അന്തരീക്ഷം സമാധാനപരമായി നിലനില്‍ക്കെ ഒരു പ്രബല രാഷ്ട്രീയ പ്രസ്ഥാനം ആ ഉടമ്പടി ലംഘിച്ചതുകണ്ട് സ്വന്തം ജോലി രാജിവെച്ച പാരമ്പര്യമാണ് മാഷിനുള്ളത്. വാക്കിന് അത്രത്തോളം വിലകല്‍പ്പിച്ചിരുന്ന മാഷ്. സമൂഹത്തിലെ വിവിധ സംഘടനാപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നുവെങ്കിലും, സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ അദ്ദേഹം വിമുഖനായിരുന്നു. കോഴിക്കോട് മീഞ്ചന്തയിലായിരുന്നു താമസമെങ്കിലും മാഷിന് ഏറ്റവും കൂടുതല്‍ സുഹൃദ് വലയങ്ങള്‍ ഉണ്ടായിരുന്നത് ബേപ്പൂരിലായിരുന്നു. കോഴിക്കോട് നഗരത്തിലും ബേപ്പൂരിലുമൊക്കെ സമൂഹത്തിന്റെ നാനാതുറകളിലുള്ള വലുതും ചെറുതുമായ ഗാഢമായ സൗഹൃദങ്ങള്‍ മാഷിനുണ്ടായിരുന്നു. ഇത് അദ്ദേഹത്തിന്റെ സിനിമകളിലും പ്രകടമായിരുന്നു. അറിയപ്പെടുന്ന നടന്മാരുടെ വലിയൊരു കൂട്ടം വ്യത്യസ്ഥങ്ങളായ കഥാപാത്രങ്ങളായി നിറഞ്ഞാടി.. അദ്ദേഹത്തിന്റെ സിനിമകളില്‍ കഥാപാത്രങ്ങളുടെ സമജ്ഞസമ്മേളനങ്ങളായിരുന്നവെങ്കിലും ഒരു കഥാപാത്രത്തിനും വെറുതെ വന്നുപോവാന്‍ മാഷ് ഇടം കൊടുത്തിട്ടില്ല.
പബ്ലിക് ലൈബ്രറിയെ വെല്ലുന്ന പുസ്തകശേഖരങ്ങളുള്ള ഒരു കെട്ടിടം സ്വന്തം വീടിനടുത്ത് മാഷ് നിര്‍മ്മിച്ചിരുന്നു. എഴുത്തും അതിഥി, സിനിമാ ചര്‍ച്ചകളും അവരുടെ വിശ്രമവും ഇവിടെയായിരുന്നു. അനവധി റഫറന്‍സുകള്‍, ഗ്രന്ഥങ്ങള്‍, വിവിധ മതഗ്രന്ഥങ്ങള്‍, ലോക ക്ലാസിക് കഥകളും നാടകങ്ങളും മറ്റു യാത്രാവിവരണങ്ങളും ലേഖനങ്ങളും തുടങ്ങി അനേകം ഗ്രന്ഥങ്ങളുടെ കലവറയായിരുന്നു ഈ ലൈബ്രറി.
ബേപ്പൂര്‍ ഹൈസ്‌കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വീരൂപിക്കാന്‍ ദാമോദരന്‍ മാസ്റ്റര്‍ എഴുതിയ നാടകമാണ് 'ആര്യന്‍ അനാര്യന്‍.' ഈ കഥയ്ക്ക് മാഷുമായി ബന്ധപ്പെട്ട ഒരു ബ്രാഹ്‌മണകുടുംബത്തിന്റെ ജീവിതവുമായി വലിയ ബന്ധമുണ്ട്. പിന്നീട് ഈ കഥ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് ആര്യന്‍ എന്ന ഹിറ്റ് സിനിമയായി മാറി. 'യുഗസന്ധി 'എന്ന പ്രെഫഷണല്‍ നാടകവും ഉടഞ്ഞ വിഗ്രഹങ്ങള്‍, 'നിഴല്‍' തുടങ്ങിയ നാടകങ്ങളും നാടകസ്നേഹികളായ ജനമനസ്സുകളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നവയാണ്. കെ.ടി. മുഹമ്മദിന്റെ കാഫര്‍ എന്ന നാടകത്തില്‍ പ്രധാന കഥാപാത്രത്തെ മാഷ് വേദിയില്‍ അവതരിപ്പിച്ചിരിന്നെങ്കിലും തുടര്‍ന്ന് ആ നാടകം പ്രഫഷണലായി അവതരിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ മാഷ് മാറിനില്‍ക്കുകയായിരുന്നു.
ലോകനാടക വേദിയിലെ ആദ്യ പരീക്ഷണം എന്ന് പറയാവുന്നതാണ് 'വഴിയമ്പലം' എന്ന നാടകം. എം.ടി. വാസുദേവന്‍ നായര്‍, കെ.ടി.മുഹമ്മദ്, തിക്കോടിയന്‍, ടി.ദാമോദരന്‍ എന്നീ പ്രഗത്ഭമതികളുടെ കൂട്ടായ രചനയിലാണ് ആഹ്വാന്‍ സെബാസ്റ്റ്യന്‍ 'വഴിയമ്പലം' എന്ന നാടകം അവതരിപ്പിച്ചത്.
ലോകസാഹിത്യത്തെകുറിച്ചും ഫുട്ബോളിനെകുറിച്ചും ലോക ഭരണാധികാരികളെകുറിച്ചും സാംസ്‌കാരിക ചരിത്രത്തെകുറിച്ചും എന്ത് സംശയം ചോദിച്ചാലും ഒരു പുസ്തകത്തിന്റെയും ആശ്രയമില്ലാതെ നിസംശയം ഉത്തരം നല്‍കിയിരുന്ന എന്‍സൈക്ലോപീഡിയായിരുന്നു ടി. ദാമോദരന്‍.
നാല്‍പതോളം സംസ്ഥാന ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് റഫറിയായിരുന്നു എന്നത് ഗിന്നസ് റക്കോര്‍ഡ് കിട്ടേണ്ട ഒരു ചരിത്ര സൂചികയാണ്. ഫുട്ബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ഹോക്കി, വോളിബോള്‍ തുടങ്ങിയ സംസ്ഥാന - ദേശീയ മത്സരങ്ങള്‍ക്ക് ആകാശവാണിക്ക് വേണ്ടി കമന്ററി പറയുന്നതില്‍ മാഷോളം മികവ് തെളിയച്ചവര്‍ വേറെയില്ല. ഓരോ താരത്തിന്റെ പക്ഷത്തും ബോള്‍ എത്തുമ്പോള്‍ ആ താരത്തെക്കുറിച്ചും മറ്റ് ലോക താരങ്ങളുടെ പേര് ചേര്‍ത്ത് ഉപമിച്ചും വിശ്രമമില്ലാതെ കമന്ററി പറയുന്നതിലും അദ്ദേഹത്തിന്റെ മിടുക്ക് അപാരമായിരുന്നു. ഏത് ശ്രോതാവിനും തന്റെ മുന്നില്‍ കളി നടക്കുന്നൊരനുഭവം മാഷിന്റെ കമന്ററിയിലൂടെ ശ്രോതാക്കള്‍ അനുഭവിച്ചിരുന്നു.
ഐ.വി. ശശി- ടി. ദാമോദരന്‍ കൂട്ട്കെട്ടില്‍ പിറന്നത് ആറാട്ട് മുതല്‍ ഈ നാടും അങ്ങാടിയും വാര്‍ത്തയും ഇന്‍സ്പെക്ടര്‍ ബല്‍റാം അടക്കം 1994 -ലെ 'ദി സിറ്റി' വരെ 26 സിനിമകളാണ്. ഇതിലെറെയും ഹിറ്റ് സിനിമകളും കാലത്തിനുമുമ്പേ സഞ്ചരിച്ചവയുമായിരുന്നു. മണിരത്നം ആദ്യമായും അവസാനമായും മലയാള ഭാഷയില്‍ സംവിധാനം നിര്‍വഹിച്ച 'ഉണരൂ', ഭരതന്‍ സംവിധാനം ചെയ്ത 'കാറ്റത്തെ കിളിക്കൂട്', 'ഇത്തിരിപ്പൂവേ ചുവന്ന പൂവേ' എന്നീ സിനിമകളില്‍ മാഷുടെ വേറിട്ട ഒരു രചനാരീതിയാണ് കാണുന്നത്. ജോഷി, പ്രിയദര്‍ശന്‍, ഷാജി കൈലാസ്, ജി.എസ്. വിജയന്‍, വി.എം. വിനു, ടി.എസ്. സുരേഷ് ബാബു, വി.ജി. തമ്പി, പോള്‍ ബാബു, അനില്‍ വക്കം എന്നീ സംവിധായകര്‍ക്ക് വേണ്ടി എഴുതിയതടക്കം 70 സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥകള്‍ എഴുതിയിട്ടുണ്ട്. ഐ.വി. ശശി സംവിധാനം ചെയ്ത സ്വാതന്ത്ര്യ സമര ചരിത്ര സിനിമയാണ് '1921'. ഈ തിരക്കഥയുടെ പേരില്‍ ഒട്ടനവധി വിവാദങ്ങളും ചോദ്യങ്ങളും ഉണ്ടായപ്പോള്‍ അന്നത്തെ മുന്‍നിര സിനിമാവാരികയായിരുന്ന ചിത്രഭൂമിയിലൂടെ എല്ലാ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മാഷ് മറുപടി പറയുന്ന 'ഒരു പംക്തി' മാസങ്ങളോളം നീണ്ടുനിന്നു. ഒരു തിരക്കഥയെകുറിച്ച് ഇങ്ങനെയൊരു ചോദ്യോത്തര പംക്തി ലോക സിനിമാചരിത്രത്തില്‍ തന്നെ ഉണ്ടായിരുന്നോ എന്ന് സംശയമാണ്. ടി. ദാമോദരന്‍ എന്ന വ്യക്തിയുടെ ആഴത്തിലുള്ള അറിവും പഠനവും തന്റേടവുമായിരുന്നു പംക്തിയിലൂടെ സമൂഹം വായിച്ചെടുത്തത്.
ചെറുപ്പത്തില്‍തന്നെ അദ്ദേഹത്തിന് അഭിനയം ഒരു പാഷനായിരുന്നു. പഴയകാല ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയായ 'പാതിരാവും പകല്‍വെളിച്ചവും' എന്ന സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. മാഷ് തിരക്കഥ എഴുതിയ എഴുപത് സിനിമകളിലും വേണമെങ്കില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അഭിനയിക്കാമായിരുന്നിട്ടും തന്റെ ലിഖിതങ്ങളെ ദൃശ്യവത്കരിക്കുമ്പോള്‍ അതിനോടൊപ്പം ജാഗ്രതയോടെ നിന്ന് കഥയേയും കഥാപാത്രങ്ങളെയും പരിപോഷിപ്പിക്കുന്നതിനാണ് മാഷ് മുന്‍തൂക്കം കൊടുത്തത്. അതുകൊണ്ട് തന്നെ സ്വന്തം ഇഷ്ടങ്ങളെ വിട്ടുകളഞ്ഞതായിരിക്കാം.
സ്വന്തം തിരക്കഥയല്ലാതെ പ്രിയദര്‍ശന്റെ 'കിളിച്ചുണ്ടന്‍ മാമ്പഴ'ത്തിലും, രഞ്ജിത്തിന്റെ 'പാലേരി മാണിക്യ'ത്തിലും നല്ല രണ്ടു കഥാപാത്രങ്ങളെ തന്മയത്വത്തോടെ ദാമോദരന്‍ മാസ്റ്റര്‍ അഭിനയിച്ചു.
കോഴിക്കോട് മീഞ്ചന്ത തച്ചമ്പലത്ത് ചോയിക്കുട്ടി- മാളു അമ്മ ദമ്പതികളുടെ മകനായി 1935-ലാണ് അദ്ദേഹം ജനിക്കുന്നത്. ഭാര്യ പുഷ്പ നേരത്തേ തന്നെ ലോകത്തോടു വിട പറഞ്ഞു. ഒട്ടനവധി കഥകളും കഥാപാത്രങ്ങളെയും ബാക്കി നിര്‍ത്തിക്കൊണ്ട് 2012 മാര്‍ച്ച് 28-ന് ടി.ദാമോദരന്‍ എന്ന സകലകലാവല്ലഭനും യാത്രയായി. സംവിധായകന്റെ തൊട്ടടുത്ത വലുപ്പത്തില്‍ സിനിമാ പോസ്റ്ററുകളിലും മറ്റു പരസ്യങ്ങളിലും തെളിഞ്ഞു നിന്നിരുന്ന തിരക്കഥാകൃത്തിന്റെ പേരും സമ്പ്രദായവും മാഷോടുകൂടി കാലംചെയ്തുപോയി എന്നത് മറ്റൊരു ചരിത്രം.
Content Highlights: t damodaran 12th death anniversary murali beypore writes
Published: 28 Mar 2024, 05:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented