പ്രശസ്ത സാഹിത്യകാരന്‍ പി. നരേന്ദ്രനാഥ് ഓര്‍മയായിട്ട് മുപ്പത്തിനാല് വര്‍ഷങ്ങള്‍... നാടകവും നോവലുകളും ബാലസാഹിത്യവുമടക്കം മുപ്പതില്‍പ്പരം കൃതികള്‍ രചിച്ച നരേന്ദ്രനാഥിന്റെ ബാലസാഹിത്യരചനകള്‍ ഏറെ പ്രശസ്തമാണ്. 'നുറുങ്ങുന്ന ശൃംഗലകള്‍' എന്ന ആദ്യകൃതി രചിക്കുമ്പോള്‍ അദ്ദേഹത്തിന് പ്രായം പതിനെട്ട്. ബാലസാഹിത്യമേഖലയിലെ സംഭാവനകള്‍ അദ്ദേഹത്തിന് കേന്ദ്ര-കേരള സാഹിത്യഅക്കാദമി അവാര്‍ഡുകള്‍ക്ക് അര്‍ഹനാക്കി. അനവധി ഭാഷകളിലേക്ക് കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. അമ്പത്തിയേഴാം വയസ്സില്‍, അകാലത്തില്‍ മരണമടഞ്ഞ, തന്റെ പിതാവിനെ ഓര്‍ക്കുകയാണ് മകളും ഗസല്‍ഗായികയുമായ സുനിത നെടുങ്ങാടി.
അച്ഛന്റെ കഥകള്‍ എനിക്ക് താരാട്ട് ആയിരുന്നില്ല; ഓരോ പ്രഭാതങ്ങളെയും വിജയകാഹളത്തോടെ സ്വീകരിക്കാന്‍ എന്നെ അനുവദിച്ച വീരഗാഥകള്‍ ആയിരുന്നു. അച്ഛന്‍ എന്ന മഹാഗുരു അഭ്യസിപ്പിച്ച ജീവിതകലയുടെ വിസ്മയവേദിയില്‍, അച്ഛന്‍ എന്ന കാവല്‍ മാലാഖയുടെ സന്ദേശവാഹകരായ അളവില്ലാത്ത മിന്നാമിനുങ്ങുകളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രഭാവലയത്തില്‍, അച്ഛന്‍ വിതച്ചതത്രയും ഞാന്‍ കൊയ്തുകൊണ്ടേയിരിക്കുന്നു.
ഓര്‍മ്മകള്‍ പുകയുന്ന അഗ്‌നിപര്‍വതങ്ങളുടെ താഴ്‌വരയില്‍ ഞങ്ങള്‍ ചൂടുകാഞ്ഞിരുന്നു. ഇന്‍ഡൊനീഷ്യയില്‍, ബാന്‍ദുങ്, താങ്കുബന്‍ പ്രാഹുവിലെ ഒരിക്കലും അണയാത്ത അഗ്‌നിപര്‍വതങ്ങള്‍ക്കു നടുവില്‍... 'തീക്കും തന്നുള്ളിലെ.., തോന്നിത്തുടങ്ങിതേ... തീ കായ വേണമെനിക്കുമെന്ന്' എന്ന് കവി പാടിയ രാത്രി ഇതുതന്നെ.
വല്ലപ്പോഴും ഒരു സായാഹ്നം യാത്രകള്‍ക്കായി ഞങ്ങള്‍ ഏഴംഗ സുഹൃത്തുക്കള്‍ നീക്കിവെക്കാറുണ്ട്. ജക്കാര്‍ത്തയില്‍ ഞാന്‍ പുതുതായി ആരംഭിച്ച 'സാഹിതി' എന്ന സംഗീത ബാന്‍ഡിലെ അംഗങ്ങള്‍ എന്നതിലുപരി എന്റെ ഹൃദയത്തിന്റെ അയല്‍ക്കാര്‍! ഭാഷയ്ക്കും മതത്തിനും പണത്തിനും മറ്റെന്തിനും അപ്പുറത്ത് നിരുപാധികസൗഹൃദത്തിന്റെ സൗന്ദര്യം വഹിക്കുന്ന സപ്തസ്വരങ്ങളാണവര്‍.
ബാന്‍ഡ് നടത്തിപ്പുകാരന്‍ ബാസുകിയുടെ തലയില്‍ തന്നെയാണ് എന്നത്തേയും പോലെ പുതിയ ആശയം ഉദിച്ചത്. എല്ലാവരും ഏതെങ്കിലും മൂന്നു പക്ഷി- മൃഗങ്ങളുടെ പേരുകള്‍ പറയണം. എത്ര എളുപ്പം! പക്ഷേ അതിലൊരു ചതി ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു.
ബാസുകി കറക്കിയ ശീതളപാനീയത്തിന്റെ കുപ്പി പമ്പരംപോലെ തിരിഞ്ഞ് ഇഫയുടെ നേരെവന്നു നിന്നു. മയില്‍, പൂമ്പാറ്റ, സിംഹം... ഇഫ ഉത്തരം നല്‍കി. യുലന്തിയും സന്തോസൊവും വാവീസും സനാതനും മത്സരിച്ചു. ഉത്തരങ്ങള്‍ ചിതറിത്തെറിച്ചു. കുരങ്ങനും കഴുതയും കണ്ടാമൃഗവും മുള്ളന്‍പന്നിയും കാക്കയും ഒക്കെ അതില്‍ വന്നു. കളിയുടെ രണ്ടാംപകുതിയിലേക്ക് ബാസുകി പ്രവേശിച്ചു.
ഞങ്ങള്‍ പറഞ്ഞത് മൂന്ന് ചോദ്യങ്ങളുടെ ഉത്തരങ്ങളാണത്രേ...
ആദ്യ ചോദ്യം: നീ ആരെന്ന് നീ കരുതുന്നു?
ഉത്തരം: കുരങ്ങന്‍
രണ്ട്- നീആരാണെന്നാണ് മറ്റുള്ളവര്‍കരുതുന്നത്
ഉത്തരം: കഴുത.
മൂന്ന്-യഥാര്‍ത്ഥത്തില്‍ നീ ആരാണ്?
ഉത്തരം: കണ്ടാമൃഗം.
പൊട്ടിച്ചിരികളും കളിവാക്കുകളും പരിഹാസങ്ങളും ശബ്ദമുഖരിതമാക്കിയ ആ രാത്രിയില്‍ ചോദ്യങ്ങള്‍ എന്റെ മനസ്സില്‍ പ്രതിധ്വനിച്ചു കൊണ്ടേയിരുന്നു.
എത്ര അര്‍ത്ഥഗാംഭീര്യമുള്ള ചോദ്യങ്ങള്‍! ഉത്തരം കണ്ടുപിടിക്കാനായാല്‍ ജീവിതം വ്യക്തവും ലളിതവും ആയേക്കാവുന്ന ഗഹനമായ മൂന്ന് ചോദ്യങ്ങള്‍.
തലശ്ശേരി ചേറ്റംകുന്നിലെ 'സാഹിതി' എന്നുപേരുള്ള വീട്ടില്‍ കുട്ടിയുടെ പാവയുടെ പേരിടല്‍ ചടങ്ങ് നടക്കുകയാണ്. അച്ഛന്‍ സഗൗരവം പാവയുടെ ചെവിയില്‍ മൂന്ന് തവണ പേര് ചൊല്ലി വിളിച്ചു. ബോബി... ബോബി... ബോബി.'
പെട്ടെന്നാണ് ചെകിടടപ്പിക്കുന്ന നിലവിളി കേട്ടത്. അച്ഛന്റെ പിറകെ കുട്ടിയും ഓടി. തെരുവില്‍ ആള്‍ക്കൂട്ടം. ലോറിയില്‍ നിന്ന് ചരക്കിറക്കുന്നതിനിടയില്‍ വലിയൊരു തടി കൂലിപ്പണിക്കാരന്റെ നെഞ്ചത്ത് വീണിരിക്കുന്നു. ആകെ ലഹളമയം. കുട്ടി പേടിച്ചരണ്ട് നിന്നു. 'അയാളെ അകത്തേക്ക് കൊണ്ടുവരൂ.' അച്ഛന്റെ ആജ്ഞ കുട്ടി കേട്ടു. 'അമൃതേ...' അച്ഛന്‍ അമ്മയെ വിളിക്കുന്നു. 'ഫൊമന്റ് ചെയ്യാന്‍ ചൂടുവെള്ളവും തുണിയും കൊണ്ടുവരൂ. കുറച്ചു ചായയും എടുത്തോളൂ..'
ആരൊക്കെയോ താങ്ങിപ്പിടിച്ചു ആ മനുഷ്യനെ അച്ഛന്റെ കിടക്കയില്‍ ചാരി ഇരുത്തി. അച്ഛന്‍ അയാളുടെ നെഞ്ച് ചൂടുവെള്ളത്തില്‍ പിഴിഞ്ഞെടുത്ത തുണികൊണ്ട് ചൂടാക്കുകയും, തടവുകയും ചെയ്തു. കുറച്ച് ആശ്വാസമായി എന്ന് തോന്നുന്നു. അച്ഛന്‍ അല്‍പ്പാല്‍പ്പമായി കൊടുത്ത ചായ അയാള്‍ കുടിച്ചു. അച്ഛനും ഡ്രൈവറും അയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി കുട്ടി ആശ്വാസത്തോടെ പാവക്കുട്ടിക്ക് ഇങ്ക് കൊടുക്കാന്‍ തുടങ്ങി.
പാലക്കാട്ട് അമ്മയുടെ വീട്ടില്‍ നിന്ന് ഞാന്‍ എന്റെ വീട്ടിലേക്ക് വലിഞ്ഞുനടന്നു. ഇരുട്ടായി. സമയം പോയത് അറിഞ്ഞില്ല. അഞ്ചുമിനിറ്റ് നടന്നാല്‍ എത്താവുന്ന ദൂരമേയുള്ളൂ എന്ന് പറഞ്ഞിട്ട് കാര്യമില്ല. വഴി നല്ലതല്ല. അടുത്തായതുകൊണ്ട് ഓട്ടോക്കാരും വരില്ല.
അതാ നീലിയമ്മ ഓടിക്കിതച്ചുപോകുന്നു. വലിയ സഞ്ചിയുമുണ്ട് കയ്യില്‍. എഴുപത്തഞ്ചു വയസ്സുള്ള വയോധികയാണ് നീലിയമ്മ. അടുത്ത് എവിടെയോ വീട്ടില്‍ താമസിച്ചു പണിയെടുക്കുന്നവരാണ്. ഞങ്ങള്‍ നല്ല കൂട്ടാണ്. അമ്മയെ പണിക്കുവിടാന്‍ മനസ്സില്ലാത്ത, ഒന്നിനൊക്കോണം പോന്ന, നായകപരിവേഷം കൊടുത്ത, ആണ്‍മക്കളെക്കുറിച്ചുള്ള നുണക്കഥകള്‍ ഞാന്‍ എത്ര വിശ്വസിച്ചിരിക്കുന്നു!
നീലി അമ്മേ... ഞാന്‍ വിളിച്ചു. അവര്‍ തിരിഞ്ഞുനോക്കി. വിയര്‍ത്തൊഴുകുന്നുണ്ട്. കിതയ്ക്കുന്നുണ്ട്. തീര്‍ത്തും പരവശയായി അവര്‍ പറഞ്ഞു. 'ഇന്നൊന്നു വീട്ടില്‍ പോകണം എന്ന് കരുതി. നാളെ തിരിച്ചെത്തുകയും വേണം. പണി കഴിഞ്ഞപ്പോള്‍ വൈകി മോളെ. വണ്ടിക്കൂലി പോലും തന്നിട്ടില്ല. കണ്ണിനു കാഴ്ചയും പിടിക്കുന്നില്ല. എന്തുചെയ്യും. ഒരു ഓട്ടോറിക്ഷ വരുന്നു. ഇരുനൂറ് രൂപയുടെ യാത്രയുണ്ട്. അവരെ വീട്ടിലാക്കി തിരിക്കുമ്പോള്‍ നീലിയമ്മ കൈകൂപ്പിയില്ല, നന്ദി പറഞ്ഞില്ല, കെട്ടിപ്പിടിച്ച് മൂര്‍ദ്ധാവില്‍ നുകര്‍ന്നു. എല്ലാ രാത്രികളിലും കണ്ണടയ്ക്കുമ്പോള്‍ അച്ഛന്‍ തരാറുള്ള ഉമ്മയുടെ വെറ്റിലമണം നീലിയമ്മയുടെ ആലിംഗനത്തിന് ഉണ്ടായത് എങ്ങനെ?
കുട്ടി കാറിന്റെ പിന്‍സീറ്റില്‍ അമ്മയുടെ മടിയില്‍ മയങ്ങി. കറുത്ത രാത്രി. തണുത്ത കാറ്റ്. കനത്ത മഴ. ഏതോ കല്യാണം കഴിഞ്ഞ് കുട്ടിയും, അച്ഛനും, അമ്മയും, ചേച്ചിമാരും കുന്നംകുളത്ത് വീട്ടിലേക്ക് തിരിച്ചുപോവുകയാണ്. അതിഭയങ്കരമായ ശബ്ദംകേട്ട് കുട്ടി ഞെട്ടി ഉണര്‍ന്നു. കാര്‍ ആരെയോ ഇടിച്ചിരിക്കുന്നു. ആളുകള്‍ കൂടുന്നു. എല്ലാവരും പരിഭ്രാന്തരാണ്. അച്ഛന്റെ നിര്‍ദേശം അനുസരിച്ച് ആരൊക്കെയോ ഒരാണ്‍കുട്ടിയെ പിന്‍സീറ്റില്‍ കിടത്തി. അമ്മയുടെ മടിയില്‍. കാര്‍ ചീറിപ്പാഞ്ഞു. അമ്മയുടെ പട്ടുസാരി ചോരയില്‍ കുതിര്‍ന്നിരുന്നു.
ആശുപത്രിയില്‍ തളംകെട്ടി നില്‍ക്കുന്ന നിശബ്ദത. കുട്ടി ഉറങ്ങി കണ്ണുതുറന്നപ്പോള്‍ വീട്ടിലെ പതുപതുത്ത മെത്തയില്‍ ആണ്. അമ്മ എവിടെ? ഊണുമുറിയില്‍ ശബ്ദം കേള്‍ക്കുന്നുണ്ട്. കുട്ടി അങ്ങോട്ട് നടന്നു. ഇന്നലെ കണ്ട ഏട്ടന്‍ അല്ലേ അത്? തലയില്‍ വലിയ കെട്ടുണ്ടല്ലോ... ഇഡ്ഡലി കഴിക്കുകയാണ്. അച്ഛന്‍ കുറേശ്ശെ സാമ്പാര്‍ കിണ്ണത്തിലേക്ക് ഒഴിച്ചുകൊടുക്കുന്നു. 'മോന്‍ തയ്യാറാണല്ലോ അല്ലേ'. അച്ഛന്‍ ചോദിക്കുന്നു. ഏട്ടന്‍ തലയുയര്‍ത്തി സ്‌നേഹത്തോടെ അച്ഛനെ നോക്കുന്നു. ആ കണ്ണുകള്‍ ഇങ്ങനെ തിളങ്ങുന്നത് എന്തിനാണാവോ?
ഉച്ചയോടെ ജീപ്പിലും കാറിലുമായി കുറച്ച് ആളുകള്‍ കുട്ടിയുടെ വീട്ടിലെത്തി. അച്ഛന്‍ അവരെ ആണ്‍കുട്ടിയുടെ അടുത്തേക്ക് ആനയിച്ചു. തേങ്ങിക്കരഞ്ഞുകൊണ്ട് ഒരു സ്ത്രീ ഏട്ടനെ കെട്ടിപ്പിടിക്കുന്നു. ദുഃഖം നിറഞ്ഞ മുഖത്തോടെ ഒരു പുരുഷന്‍ അവനെ ആശ്ലേഷിക്കുന്നു. മറ്റുള്ളവര്‍ ചുറ്റും കൂടുന്നു. കുട്ടിക്ക് മടുത്തു. അവള്‍ പാവക്കുട്ടിയെ തിരഞ്ഞുനടന്നു.
വീട്ടില്‍ നിന്നും ഒളിച്ചോടിയ ഒരു ബാലനാണ് അതെന്നും അവന്‍ അച്ഛനെ പേടിച്ചുപോന്നതാണെന്നും അവന്റെ സമ്മതത്തോടെ എന്റെ അച്ഛന്‍ രക്ഷിതാക്കളെ വിളിപ്പിച്ചതാണെന്നും മുതിര്‍ന്നപ്പോള്‍ കുട്ടിഅറിഞ്ഞു.
തൃശ്ശൂര്‍ സെന്റ്‌മേരിസ് കോളേജിലെ പതിനൊന്നാം വര്‍ഷ ക്ലാസ് മുറി. ശരീരമാകെ ശുഷ്‌കിച്ച, കാവേരി ചോദിച്ചു.' സുനിത നൂറ് രൂപ തരുമോ? ഫീസ് അടയ്ക്കാന്‍ തികയുന്നില്ല.'
എനിക്ക് വേവലാതിയായി. എന്റെ കൈയില്‍ ആകെ നൂറുരൂപയേ ഉള്ളൂ. അച്ഛന് തിരുവനന്തപുരത്താണ് ജോലി. അച്ഛന്റെ പെങ്ങളുടെ കൂടെ താമസിച്ചാണ് ഞാന്‍ പഠിക്കുന്നത്. ഓണത്തിനേ അച്ഛന്‍ വരൂ. അതിനിനിയും രണ്ടുമാസം ഉണ്ട്. അതുവരെയുള്ള വട്ടച്ചിലവ് ഇതില്‍ ഒതുക്കണം. കാവേരി എന്റെ സഹപാഠി മാത്രമാണ്, സുഹൃത്തല്ല. പക്ഷേ കൈയൊഴിയാന്‍ മനസ്സ് വരുന്നില്ല. കൈയില്‍ കാശ് വെച്ചുകൊടുത്തു. 'ഞാന്‍ തിരിച്ചു തരും'. കാവേരി പതുക്കെ പറഞ്ഞു. അധ്യാപിക വന്നു. ഞങ്ങള്‍ ധൃതിയില്‍ ഇരിപ്പിടങ്ങളിലേക്ക് നടന്നു.
ഓണക്കാല അവധി കഴിഞ്ഞ് തിരിച്ചെത്തിയ ഞാന്‍ ആ വാര്‍ത്ത കേട്ട് നടുങ്ങി. കാവേരി മരിച്ചു, ഹൃദ്രോഗം ആയിരുന്നു.
നിസ്സഹായയായ ആ സതീര്‍ത്ഥയെ സഹായിക്കാന്‍ ഞാന്‍ വിമുഖത കാണിച്ചിരുന്നെങ്കിലോ? ജീവിതകാലം മുഴുവന്‍ വിങ്ങിപ്പൊട്ടുന്ന മനസ്സും പേറി നടക്കേണ്ടി വരുമായിരുന്നില്ലേ. ദൂരെ എവിടെനിന്നോ ഒരു അച്ഛനും അമ്മയും കുട്ടിയും അടങ്ങുന്ന കുടുംബത്തിന്റെ പ്രാര്‍ത്ഥന ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ എന്നെ നയിക്കുന്നുണ്ടോ?
കുട്ടിയുടെ കയ്യില്‍ അച്ഛന്റെ പുതുപുത്തന്‍ പുസ്തകമാണ്. 'അമ്മയുടെ ഉമ്മ'. കുറെ കഥകളുണ്ട് അതില്‍. പലതിന്റെയും കൈയെഴുത്തുപ്രതി അവള്‍ വായിച്ചിട്ടില്ല. കുട്ടിക്ക് സന്തോഷമായി. വായിക്കാത്ത കഥകള്‍ പാടാത്ത പാട്ട് പോലെ അതിമധുരമല്ലേ...
കുട്ടി 'അമ്മയ്ക്ക് വിശ്രമം' എന്ന കഥയിലെത്തിയിരിക്കുന്നു. അതിലെ ഒരു വരിയില്‍ അവളുടെ കണ്ണുകള്‍ ഉടക്കി നിന്നു. 'സ്‌നേഹമുള്ള മക്കള്‍, സ്‌നേഹമുള്ള ഭര്‍ത്താവ്, ഒരു സ്ത്രീക്ക് ഇതില്‍പരം എന്തുവേണം! കുട്ടിയുടെ നെറ്റി ചുളിഞ്ഞു. എങ്കിലും വശീകരിക്കുന്ന വാക്കുകള്‍ അവളെയും കൊണ്ട് യാത്ര തുടര്‍ന്നു.
ഇത്രവേഗം കഴിഞ്ഞോ കഥകള്‍? ഒട്ടൊരു നിരാശയോടെ പുസ്തകം ഒരിക്കല്‍ കൂടി വാസനിച്ചുനോക്കി അവള്‍ അച്ഛനെ തിരഞ്ഞുനടന്നു. അച്ഛന്‍ അതാ അടുക്കളയില്‍. അടപ്രഥമന്‍ ഉണ്ടാക്കുകയാണ് അമ്മ. നാളികേരം ചെറുതായി അരിയുന്ന ജോലിയാണ് അമ്മ അച്ഛനെ ഏല്‍പ്പിച്ചിരിക്കുന്നത്.
കുട്ടി അച്ഛന്റെ അടുത്തെത്തി. തോളില്‍ കൈയിട്ടു. ആശയക്കുഴപ്പത്തിലായ മകളുടെ മുഖവും കൈയിലെ പുസ്തകവും കണ്ട് കാര്യം ഗൗരവമുള്ളതാണെന്ന് അച്ഛന് മനസ്സിലായി. ജോലി നിര്‍ത്തിവെച്ചു അച്ഛന്‍ പുരികം ഉയര്‍ത്തി. ചോദ്യചിഹ്നം? കുട്ടി പുസ്തകം നിവര്‍ത്തി. ഉറക്കെ വായിച്ചു. 'സ്‌നേഹമുള്ള മക്കള്‍. സ്‌നേഹമുള്ള ഭര്‍ത്താവ് ഒരു സ്ത്രീക്ക് ഇതില്‍പ്പരം എന്തുവേണം.'
'അതെന്തേ അങ്ങനെ പറഞ്ഞത് അച്ഛാ? 'കുട്ടി ചോദിച്ചു. 'എനിക്ക് അതല്ല പ്രധാനം. പാട്ടും പാവക്കുട്ടികളും ഐസ്‌ക്രീമും മിഠായിയും എനിക്കിഷ്ടാണ്. കടല്‍ എനിക്ക് എത്ര വേണ്ടപ്പെട്ടതാണെന്ന് അച്ഛന് അറിയില്ലേ?'
അച്ഛന്‍ ചിരിച്ചു. 'അതിപ്പോള്‍ അല്ലേ, മോള്‍ വലുതാകുമ്പോള്‍ മനസ്സുമാറിയാലോ?
'ഉവ്വോ അമ്മേ? 'കുട്ടി അമ്മയുടെ നേരെ തിരിഞ്ഞു. 'അമ്മയുടെ മനസ്സുമാറിയോ?''
അമ്മ ശാന്തഗംഭീരയായി ആലോചിച്ചു. പുഞ്ചിരിയോടെ പറഞ്ഞു. 'മോള്‍ പറഞ്ഞതാണ് ശരി. സ്ത്രീകളുടെ ഏറ്റവും വലിയ സന്തോഷം അതുമാത്രമല്ല.' അച്ഛന്റെ മുഖത്ത് വിരിഞ്ഞ ഭാവം അത്ഭുതത്തിന് അപ്പുറമായിരുന്നു സ്തബ്ധനായോ അച്ഛന്‍??
പൊടുന്നനെ അച്ഛന്‍ കുട്ടിയെ കെട്ടിപ്പിടിച്ചു. 'മോളെ പുതിയ പാഠത്തിന് നന്ദി 'അച്ഛന്‍ പിറുപിറുത്തു. അച്ഛന്റെ അടുത്ത പുസ്തകം പിറന്നു.'സുനിത മോളുടെ സ്വപ്നം'.
സുനിതമോള്‍ മന്ത്രിയായി രാജ്യത്തെ പട്ടിണി തുടച്ചുമാറ്റുന്ന കഥ പറയുന്ന പുസ്തകം. അതിനുശേഷം ധീരനായികമാരുടെ എത്രയെത്ര കഥകള്‍... ആണ്‍കുട്ടികളെക്കാള്‍ ഉശിരുള്ളവര്‍. അവര്‍ക്ക് രാജകുമാരനെയോ രാജ്യമോ സമ്മാനമായി കിട്ടിയില്ല. പക്ഷേ അവര്‍ ജയിച്ചപ്പോള്‍ ഒരു ജനത മുഴുവനും
ജയിച്ചു. ആര് ആരെ ഉള്‍ക്കൊണ്ടു, എന്തു പഠിപ്പിച്ചു, എന്തു പഠിച്ചു? അറിയില്ല. ആ പുസ്തകത്തിലെ കരള്‍കവരുന്ന കഥകള്‍ക്കിടയിലെ ഒരു മടിയുമില്ലാതെ അച്ഛന്‍ തിരുത്തിയ ആ ഒരു വരി എന്റെ ജീവിതവീക്ഷണം എന്നന്നേക്കുമായി മാറ്റിമറിച്ചു; ഞാന്‍ പോലുമറിയാതെ...
സ്വാതന്ത്ര്യത്തിന്റെ സ്വര്‍ണ വിഹായസ്സില്‍ ഞാന്‍ എന്നും പാറിപ്പറന്നു, പാട്ടിന്റെ തേനുണ്ടുകൊണ്ട്. ഓരോ നിമിഷത്തിന്റെയും മധുരവും ചവര്‍പ്പും നുണഞ്ഞ് ആസ്വദിച്ചുകൊണ്ട്... എന്തൊരു മാസ്മരികതയാണ് അച്ഛന്‍ വളര്‍ത്തിയ ഈ ജന്മത്തിന്!
കോലാഹലങ്ങള്‍ നിലച്ചിരിക്കുന്നു. നെരിപ്പോട് അണയാന്‍ തുടങ്ങുന്നു. കൂട്ടുകാര്‍ കൂടാരങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നു. മിന്നാമിനുങ്ങുകള്‍ പോലെ പറക്കുന്ന തീപ്പൊരികള്‍ നോക്കി ഞാനിരുന്നു.
മൂന്ന് ചോദ്യങ്ങള്‍ക്കും ഒരേ ഒരു ഉത്തരം.
നീ ആരെന്ന് നീ കരുതുന്നു?
അച്ഛന്റെ മകള്‍.
നീ ആരാണെന്നാണ് മറ്റുള്ളവര്‍ കരുതുന്നത്?
നിശ്ചയമായും അച്ഛന്റെ മകള്‍.
നീ യഥാര്‍ത്ഥത്തില്‍ ആരാണ്?
അച്ഛന്റെ മകള്‍.
ദൈവതുല്യനായ ഒരു മനുഷ്യന്റെ മകള്‍.
അടിവാരത്തില്‍ അഗ്‌നിപര്‍വതം പുകഞ്ഞുകൊണ്ടിരുന്നു. അല്ലെങ്കിലും ചില കനലുകള്‍ അണയാറില്ലല്ലോ...
Published: 02 Nov 2025, 12:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented