സുനിൽ ഞാളിയത്ത്
കൂട്ടുകാരന് ജോഷിയുമൊത്ത് തലച്ചുമടായി, നടന്നും തളര്‍ന്നും ബസ്സേറിയും ബോട്ടിറങ്ങിയും കോട്ടയത്തു നിന്ന് അരുക്കൂറ്റിയിലെത്തിച്ച പുസ്തകക്കൂട്ടങ്ങള്‍ക്കിടയില്‍ ടി.പി.ഞാളിയത്തിന്റെ പുസ്തകവുമുണ്ടായിരുന്നു. ഒരു ഘാതകന്റെ ഡയറിക്കുറിപ്പുകള്‍ എന്ന പുസ്തകം. തകഴിയും കാരൂരും ബഷീറും പൊന്‍കുന്നം വര്‍ക്കിയുമടങ്ങുന്ന താരനിരയുടെ പുസ്തകങ്ങളായിരുന്നു തലച്ചുമടില്‍ ബാക്കി ഏറെയും. അരൂക്കുറ്റിയില്‍ പുതുതായി തുടങ്ങിയ (തുടങ്ങാന്‍ ആഗ്രഹിക്കുന്ന)ഗ്രന്ഥശാലയുടെ സമ്പത്താകാനുള്ള യാത്രയിലായിരുന്നു അപ്പോള്‍ ആ പുസ്തകങ്ങള്‍.
ആയിരത്തി തൊള്ളായിരത്തി എണ്പത്തിയഞ്ചിലോ എണ്‍പത്തിയാറിലോ ആണ് കാലം. അരൂക്കുറ്റിയില്‍ അന്നുണ്ടായിരുന്ന ഏക ഗ്രന്ഥശാലയായ വടുതല പബ്ലിക് ലൈബ്രറി മഴ ചോര്‍ന്നും ചിതലരിച്ചും തകര്‍ന്നടിഞ്ഞ് വായനാകൗമാരങ്ങളെ നിരാശയിലാഴ്ത്തിയ കാലം. നാലഞ്ച് കുമാരന്മാരും യുവാക്കളും ചേര്‍ന്ന് ഒരു ലൈബ്രറി സ്ഥാപിക്കാമെന്ന സാഹസവുമായി ഇറങ്ങിത്തിരിക്കുന്നു. സുഖലാലും ജോസഫും ഹാഷികും സുനിലുമടങ്ങുന്ന സംഘം. ചെറുവാടകയില് കിട്ടിയ ഒരു ചെറുമുറിയെ ലൈബ്രറി എന്ന് സങ്കല്പിക്കുന്നു. മലയാളി ഗ്രന്ഥശാല എന്ന് പേരിടുന്നു. നോട്ടീസ് അച്ചടിച്ച് സൈക്കിളില്‍ വിതരണം ചെയ്യുന്നു. പുസ്തകം വാങ്ങാന്‍ പണം കണ്ടെത്താനായി നാടന്‍ നറുക്കെടുപ്പ് പരിപാടി സംഘടിപ്പിക്കുന്നു. പിരിഞ്ഞു കിട്ടിയ ചെറിയ തുകയുമായി പുസ്തകം വാങ്ങാന്‍ കോട്ടയത്ത് നാഷണല്‍ ബുക് സ്റ്റാളിലെത്തുന്നു. അവിടെ നിന്ന് ചാക്ക് നൂലിട്ട് കെട്ടിയ രണ്ട് കെട്ടുകളുമായി രണ്ട് പേര് മടങ്ങുന്നു. അതിലൊരാള്‍ ജോഷി, മറ്റൊരാള്‍ ഇപ്പോള്‍ ഈ കുറിപ്പെഴുതുന്നയാള്‍.
ഞാളിയത്ത് ഒന്നാമന്

അന്ന് എന്‍.ബി.എസില്‍ നിന്ന് വാങ്ങിയ പുസ്തകക്കൂമ്പാരത്തില്‍ നിന്ന് തലനീട്ടിയ പുസ്തകത്തിന്റെ രചയിതാവിന്റെ പേര്, അതുവരെ വായിച്ചു പരിചയമില്ലായിരുന്നെങ്കിലും പേരിന്റെ പ്രത്യേകത കൊണ്ടുകൂടിയാകണം മനസ്സിലങ്ങനെ ഒട്ടിക്കിടന്നു ടി.പി.ഞാളിയത്ത്. തൊണ്ണൂറുകളില്‍, മാതൃഭുമി ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ കല്‍ക്കത്ത കത്തിനൊപ്പം സുനില്‍ ഞാളിയത്ത് എന്ന ബൈലൈന്‍ പരിചയപ്പെടും മുമ്പ് പരിചയപ്പെട്ടത് ടി.പി.ഞാളിയത്തിന്റെ പേരായിരുന്നു എന്നാണ് പറഞ്ഞു വന്നത്. അച്ഛനും മകനുമാണ് ഈ ഞാളിയത്തുമാര്‍ അന്ന് അറിയുമായിരുന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് സുനിലുമായി പരിചയപ്പെടുമ്പോഴാണ് ഞാളിയത്തുമാരുടെ ബന്ധം മനസ്സിലായത്! അറുപതുകളില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ നിര നേതാവായി കൊച്ചിയില്‍ നിറഞ്ഞു നിന്ന ടി.പി.ഞാളിയത്ത്, സോഷ്യലിസ്റ്റ് നേതാവ് രബിറേയുടെ നിര്‍ദേശ പ്രകാരം ഒഡീഷയില്‍ വിദ്യാഭ്യാസത്തിനെത്തിയതും തുടര്‍ന്ന് കൊല്‍ക്കത്തയിലേക്ക് നീങ്ങിയതും സുനിലില്‍ നിന്നറിഞ്ഞ ചരിത്രം. കല്‍ക്കത്തയില്‍ പ്രിന്റിംഗ് പ്രസ് ആരംഭിച്ച് കേരള രശ്മി എന്ന പ്രസിദ്ധീകരണം നടത്തിയതും കേരളത്തില്‍ നിന്നുള്ള വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ടി.പി.ഞാളിയത്ത് ലേഖകനായതും അക്കാല കൊല്‍ക്കത്ത മലയാളി ജീവിത ചരിത്രത്തില്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്നു. സോഷ്യലിസ്റ്റും യുക്തിവാദിയുമായിരുന്ന ടി.പി.ഞാളിയത്തിന്റെ ഏക സമ്പാദ്യം സമൂഹത്തോട് നിത്യം സംവദിച്ചിരുന്ന ഈ ജ്ഞാനജീവിതമായിരുന്നു. സുനില്‍ ഞാളിയത്ത് എന്ന വായനക്കാരനും എഴുത്തുകാരനും പരിഭാഷകനും രൂപപ്പെട്ട കാലവും ഇത് തന്നെ.
കൊല്‍ക്കത്തയില്‍ ജനിച്ച സുനില്‍ ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ പഠിച്ചത് കൊച്ചിയിലായിരുന്നു. തിരുവാങ്കുളത്ത്. എട്ടാം ക്ലാസ് മുതല്‍ കോളേജ് കാലം വരെ കൊല്‍ക്കത്തയില്‍. അതായത് ഏഴാം ക്ലാസ് വരെ മാത്രമാണ് സുനില്‍ മലയാളം, ക്ലാസ് മുറിയില്‍ പഠിച്ചത്. മലയാള ഭാഷയുടെ അലകും പിടിയും സുനിലിന് പിടികൊടുത്തത് ഏഴ് വര്‍ഷം. പിന്നീട് ദീര്‍ഘകാലം പഠിച്ചത് കല്ക്കട്ടയിലായരുന്നു. ഇംഗ്ലീഷ് ബിരുദ പഠനത്തിനിടയില്‍ മൂന്നാം ഭാഷയായി ബംഗാളി. എന്നാല്‍, ഇതിനിടയിലും മലയാളം നിലനിര്‍ത്താന്‍ അച്ഛന്റെ പുസ്തകക്കൂട്ടങ്ങളും അച്ഛനെ തേടിയെത്തിയ മലയാളം പ്രസിദ്ധീകരണങ്ങളും സഹായിച്ചു. സുനിലും പതുക്കെ എഴുതിത്തുടങ്ങിയപ്പോള്‍ ബംഗാളിക്കൊപ്പം മലയാളവും കൈപിടിച്ചു. ഭാഷകളുടെ സ്വരച്ചേര്‍ച്ച സുനില്‍ ഞാളിയത്ത് എന്ന പരിഭാഷകനിലേക്ക് ആവാഹിക്കപ്പെട്ടതിന്റെ തുടക്കം.
ഞാളിയത്ത് രണ്ടാമന്
കോളേജ് പഠനം കഴിഞ്ഞ ഉടന്‍ തന്നെ കല്‍ക്കട്ടയില്‍ ജോലി കിട്ടി. കേരളത്തിലെ പല പ്രസിദ്ധീകരണങ്ങളിലും ബംഗാള്‍ ഫുട്ബാളിന്റെ മാസ്മരികതയെക്കുറിച്ച് സുനിലിന്റെ ഫീച്ചറുകള്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. അതിനിടയില്‍ മാതൃഭൂമി പത്രത്തിന്റെ കൊല്‍ക്കത്ത ലേഖകനായി. 1997 മുതല്‍ 1999 വരെ മാതൃഭൂമിയുടെ പ്രതിനിധി. ഇതിനിടയിലാണ് സുനിലിന്റെ ആദ്യത്തെ പരിഭാഷാ ശ്രമം. ഗൃഹലക്ഷ്മി മാസിക പ്രസിദ്ധീകരിച്ച വനിതാ എഴുത്തുകാരികളുടെ കഥാ പതിപ്പിനായി സുചിത്രാ ഭട്ടാചാര്യയുടെ കഥ പരിഭാഷപ്പെടുത്തി. പ്രസിദ്ധീകരിച്ച ആദ്യ മൊഴിമാറ്റം അതാണ്. സുനിലിന്റെ പരിഭാഷയെ വിശ്വസിച്ച സുചിത്രാ ഭട്ടാചാര്യ തന്റെ എല്ലാ രചനകളും പരിഭാഷപ്പെടുത്താനുള്ള അവകാശം അതോടെ സുനിലിന് നല്കി. വിഖ്യാതരായ ബംഗാളി മലയാളം വിവര്‍ത്തകരുടെ കുലത്തിലേക്ക് സുനിലിന്റെ രംഗപ്രവേശമായി. മലയാളത്തിനും ബംഗാളി ഭാഷക്കുമിടയില്‍ പതുക്കെ സുനില്‍ ഞാളിയത്തും മനപ്പാലം നിര്‍മിക്കാന്‍ തുടങ്ങി. തുടര്‍ന്ന് മഹാശ്വേതാ ദേവി, സുനില്‍ ഗംഗോപാധ്യായ, തസ്ലിമ നസ്രീന്, മനോരഞ്ജന്‍ ബ്യാപാരി തുടങ്ങിയ പ്രശസ്തരുടെ രചനകളില്‍ മലയാളം പുരട്ടി. ബംഗാളി പത്രലോകത്ത് ധിഷണയുടെ ശബ്ദമായി അടയാളപ്പെടുന്ന വിക്രമന് നായരുടെ പശ്ചിം ദിഗന്തേ പ്രദോഷ് കാലെ മലയാളമായത് സുനിലിലൂടെയാണ്. ഇപ്പോള്‍ മഹാശ്വേതാ ദേവിയുടെ ബഷായ് ടുഡു എന്ന നോവലിന്റെ മൊഴിമാറ്റത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും.
പത്ത് വര്‍ഷത്തിലേറെയായി സുനിലുമായുള്ള സൗഹൃദം. നേരില്‍ കണ്ടത് നാലോ അഞ്ചോ തവണ. എന്നാല്‍ ഫോണ്‍ മുഖേന പരസ്പരം കേട്ടിരിക്കല്‍ നിത്യമെന്നോണം. ആര്‍ഭാടമില്ലാത്ത സുനിലിന്റെ സൗമ്യസാന്നിധ്യം അതു കൊണ്ട് തന്നെ നിത്യ പരിചിതം. സുനില്‍ കൊച്ചിയിലിരുന്ന് കാട്ടിയ വഴികളിലൂടെയാണ് ആദ്യമായി ബംഗാളിലെത്തുന്നത്. അന്ന് തുറന്നു തന്ന ബംഗാളിന്റെ സൗഹൃദ ലോകം ഇന്നും നിത്യഹരിതം. ഇപ്പോഴും ബംഗാളിലെത്തും മുമ്പും ഇടയിലും സുനിലിനെ തേടി വിളികള്‍ പായും. സുനിലിന്റെ മറുവിളിയില്‍ ബംഗാളിന്റെ ഉള്ളടക്കമുണ്ടാകും. മലയാളം കൊണ്ട്
ബംഗാളിനെ തൊടുന്ന ഒരാളുടെ അനുഭവപ്പകര്‍ച്ചയും....
......................................................................................................................................................
(ഒരു കാര്യം കൂടി : തലച്ചുമടായി അന്ന് എന്നോടൊപ്പം പുസ്തകം പേറിയ ജോഷി എന്ന പി.ഡി.ജോഷി ഇപ്പോള്‍ അധ്യാപകനും അധ്യാപക സംഘടനയുടെ സംസ്ഥാനതല നേതാവുമാണ്. മറ്റൊരു കാര്യം കൂടി : മലയാളി ഗ്രന്ഥശാല അകാലമായി അടഞ്ഞു. അവിടെ ഉണ്ടായിരുന്ന പുസ്തകങ്ങള്‍ കൂടി മൂലധനമാക്കി മറ്റൊരു ഗ്രന്ഥശാല തലയുയര്‍ത്തി. അതിപ്പോഴും വായന പരത്തുന്നു)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..