കാല്‍നൂറ്റാണ്ടോളം അഴീക്കോടിന്റെ സന്തതസഹചാരിയായി നിഴല്‍പോലെ ഒപ്പം നിന്ന് പരിചരിച്ചതും പരിപാലിച്ചതും പി.ഐ. സുരേഷ് ബാബുവാണ്. അഴീക്കോടിന്റെ സ്വന്തം സുരേശനായിരുന്ന അദ്ദേഹം ദീര്‍ഘകാലത്തെ ബന്ധവും ഓര്‍മകളും പങ്കുവെക്കുകയാണ്; 

To advertise here,

1987-ല്‍ വിയ്യൂരിലെ വീട്ടില്‍ അഴീക്കോട് സാര്‍ താമസം തുടങ്ങിയ കാലത്താണ് അക്കാദമിയിലെ ജീവനക്കാരനായ പോളേട്ടന്‍ വഴി ഞാന്‍ ഡ്രൈവറായി എത്തുന്നത്. പരിചയപ്പെട്ട അന്നുതന്നെ ഒരു ചെറിയ യാത്ര. പിറ്റേന്ന് നേരേ കോഴിക്കോട്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടിലേക്ക്.

മാരുതി 800 ആയിരുന്നു ആദ്യവാഹനം. പിന്നീട് രാത്രിയും പകലുമായി വിശ്രമമില്ലാത്ത യാത്രകളായിരുന്നു. ഒരു പിതൃ-പുത്ര ബന്ധത്തിലേക്ക് ആ അടുപ്പം വളര്‍ന്നു. അദ്ദേഹത്തിനൊപ്പം ഗള്‍ഫ് നാടുകളിലേക്കും മറ്റ് വിദേശരാജ്യങ്ങളിലേക്കുംവരെ ഒപ്പമുണ്ടായി.

19-കാരനായ ഡ്രൈവര്‍പയ്യനായ ഞാന്‍ രണ്ടു വര്‍ഷംകൊണ്ട് അഴീക്കോടിനെ ആകമാനം മാറ്റിയെടുത്തു. ഒരിക്കല്‍ ആലുവയില്‍വെച്ച് ഒരു സൈക്കിളുമായി കാര്‍ ഉരസി പോറലുണ്ടായതൊഴിച്ചാല്‍ യാതൊരപകടവും നടന്നിട്ടില്ല.

അദ്ദേഹത്തിന്റെ ദിനചര്യകളും ശീലങ്ങളും മനഃപാഠമായി. ഒടുവില്‍ രോഗശയ്യയിലായ 47 ദിവസവും തുടര്‍ച്ചയായി ശുശ്രൂഷിക്കാനും ഭാഗ്യമുണ്ടായി. അഴീക്കോട് എനിക്ക് ഗുരുതുല്യനായ സാര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷവും മിക്കപ്പോഴും വീട്ടിലെത്തി സാറുമൊന്നിച്ചുള്ള അനുഭവങ്ങള്‍ മനസ്സിലോര്‍ക്കും. ഇപ്പോഴുമെത്താറുണ്ട്.

അഴീക്കോട് മാഷിനെ ഓര്‍ക്കുമ്പോള്‍

അഴീക്കോടുമൊത്തുള്ള ഓര്‍മകള്‍ പങ്കിടുന്നു, സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയും എഴുത്തുകാരനുമായ ആര്‍. ഗോപാലകൃഷ്ണന്‍;

ഴീക്കോട് മാഷിന്റെ പ്രഭാഷണം ആദ്യമായി കേള്‍ക്കുന്നത് വിദ്യാര്‍ഥിജീവിതകാലത്താണ്. എറണാകുളത്ത് എന്‍.വി. കൃഷ്ണവാര്യരും മറ്റും പങ്കെടുത്ത വേദിയില്‍ മാഷിന്റെ ഉജ്ജ്വലമായ വാഗ്‌ധോരണി ആദ്യമായി ശ്രവിച്ചു. പിന്നീട്, കാണുന്നത് 1980-കളുടെ തുടക്കത്തില്‍ കോഴിക്കോട് കല്‍പക ഹോട്ടലില്‍ നടന്ന ചെറിയ സംഘത്തിന്റെ സമ്മേളനത്തിലാണ്.

അന്നാണ് മാഷിനെ അടുത്തുകാണുന്നതും പേരുപറഞ്ഞ് പരിചയപ്പെടുന്നതും. സാഹിത്യപത്രപ്രവര്‍ത്തനമാണ് ഇഷ്ടം എന്നു സൂചിപ്പിച്ചപ്പോള്‍ മാഷ് പല നിര്‍ദേശങ്ങളും തന്നു.

അവസാനം ഞങ്ങള്‍ പങ്കെടുത്ത സാഹിത്യസമ്മേളനത്തെക്കൂടി സ്മരിക്കാതെ വയ്യാ. അത് മാഷ് അവസാനം പങ്കെടുത്ത സാഹിത്യപരിപാടി കൂടിയായിരുന്നു. 'കൊച്ചി പുസ്തകോത്സവത്തിലെ 'തകഴി ശതാബ്ദി' സമ്മേളനമായിരുന്നു അത്.

2011 ഡിസംബര്‍ ആറിന് നടന്ന ഈ സമ്മേളനത്തിന് വരുമ്പോള്‍ അദ്ദേഹം അവശനായിരുന്നു. ആ സമ്മേളനത്തില്‍ അധ്യക്ഷനാകാനുള്ള ഭാഗ്യം എനിക്കാണ് സിദ്ധിച്ചത്.

യോഗാനന്തരം അത്താഴത്തിനു ക്ഷണിച്ചു. വിവശമായ പുഞ്ചിരിയോടെ ഞങ്ങളെ നോക്കി. അപ്പോള്‍ അര്‍ബുദത്തിനെതിരേ ആയുര്‍വേദ ഔഷധസേവ തുടങ്ങിയിരുന്നു;

നോണ്‍ വെജ് വര്‍ജിക്കണമെന്ന നിര്‍ദേശവും ഉണ്ടായിരുന്നു, ഭക്ഷണത്തിനുമുമ്പ് കഴിക്കേണ്ട മരുന്നുകളും. 'വേണ്ടാ' ദുര്‍ബലമായ സ്വരത്തില്‍ പറഞ്ഞു, മാഷുപോയി...

മാഷ് നാഷണല്‍ ബുക്ക് ട്രസ്റ്റ് സാരഥി ആയിരുന്ന കാലം. ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സാര്‍വദേശീയ കവിയരങ്ങ് നടന്നു. പ്രതിപക്ഷനേതാവായ വാജ്‌പേയി ഉള്‍പ്പെടെയുള്ളവര്‍ അതില്‍ പങ്കെടുത്തു. സമാപനസമ്മേളനത്തില്‍ പ്രഭാഷണം നടത്തിയ മാഷ് ഇങ്ങനെ പറഞ്ഞു:

''ഇവിടേക്ക് വരുമ്പോള്‍ നിങ്ങള്‍ പല ദേശക്കാരായിരുന്നു; വിസ വാങ്ങി ഈ രാജ്യത്തു വന്നിറങ്ങിയവര്‍. ഇപ്പോള്‍ നാം കവിതകളിലൂടെ രാജ്യക്കാരായി മാറി; ഇനി നമ്മളെ വേര്‍തിരിക്കുന്ന വിസകള്‍ ആവശ്യമില്ല. കാവ്യച്ചരടില്‍ കോര്‍ത്ത ഒരു മാല്യം മാത്രം!'' -സദസ്സ് എഴുന്നേറ്റുനിന്ന് കൈയടിച്ചു. വാജ്‌പേയി കൈകളുയര്‍ത്തി 'വാഹ്... വാഹ്...' എന്നു വിളിച്ചു.