
അന്തരിച്ച മാര്‍ക്‌സിസ്റ്റ് തത്വചിന്തകനും നിരൂപകനുമായിരുന്ന എജാസ് അഹ്‌മദിനെക്കുറിച്ച് ട്രൈകോണ്ടിനെന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ റിസര്‍ച്ചിലെ ഗവേഷകനായ സുബിന്‍ ഡെന്നിസ് എഴുതുന്നു.
അന്താരാഷ്ട്ര സംഭവവികാസങ്ങളെ സംബന്ധിച്ച് ലോകത്തെ ഏറ്റവും വലിയ വിദഗ്ധരില്‍ ഒരാളായിരുന്നു എജാസ് അഹ്‌മദ്. ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഉയര്‍ച്ചയെപ്പറ്റി Frontline-ല്‍ അദ്ദേഹം എഴുതിയ പരമ്പര സുപ്രധാനമാണ്. പശ്ചിമേഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലെയും സാമ്രാജ്യത്വ യുദ്ധങ്ങളെപ്പറ്റി Frontline-ലും Newsclick ഇന്റര്‍വ്യൂകളിലുമായി അദ്ദേഹം നടത്തിയ വിശകലനങ്ങള്‍ ഇവിടങ്ങളില്‍ നടക്കുന്നതെന്ത് എന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചവര്‍ക്കെല്ലാം വഴികാട്ടികളായി.
ഈജിപ്തില്‍ 2013-ല്‍ നടന്ന സൈനിക അട്ടിമറി, സിറിയയ്‌ക്കെതിരെ സാമ്രാജ്യത്വവും ഇസ്ലാമിക മതമൗലികവാദികളും ചേര്‍ന്നു നടത്തിയ യുദ്ധം തുടങ്ങിയ വിഷയങ്ങളെ മനസ്സിലാക്കേണ്ടതെങ്ങനെ, ഇവയുടെ പ്രാധാന്യമെന്ത് എന്നൊക്കെ മനസ്സിലാക്കാന്‍ എന്നെ സഹായിച്ചത് എജാസ് അഹ്‌മദിന്റെ ലേഖനങ്ങളും ഇന്റര്‍വ്യൂകളും ആണ് എന്നത് ഈ ഘട്ടത്തില്‍ ഓര്‍ക്കുന്നു. മാര്‍ക്സിസ്റ്റ് തത്വചിന്ത, വര്‍ഗീയത, ഫാഷിസം, സാമ്രാജ്യത്വം, പോസ്റ്റ്-മോഡേണിസം തുടങ്ങിയ വിഷയങ്ങളില്‍ ആഴമേറിയ വിശകലനങ്ങള്‍ നടത്തിയ ചിന്തകനാണ് എജാസ് അഹ്‌മദ്. സാഹിത്യ നിരൂപകനായിട്ടായിരുന്നു എഴുത്ത് ആരംഭിച്ചത്.
പോസ്റ്റ്-മോഡേണിസത്തെയും പോസ്റ്റ്-കൊളോണിയലിസത്തെയും നിശിതമായി വിമര്‍ശിച്ച അദ്ദേഹം, മാര്‍ക്സിസ്റ്റ് തത്വശാസ്ത്രത്തെപ്പറ്റിയും മാര്‍ക്സിന്റെ രചനകളെപ്പറ്റിയും വെളിച്ചം വീശുന്ന നിരവധി ലേഖനങ്ങള്‍ എഴുതി. ഇന്ത്യയിലെ ഹിന്ദുത്വ വര്‍ഗീയതയെപ്പറ്റി സുപ്രധാനമായ ലേഖനങ്ങള്‍ എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. ഇസ്ലാമിക മതമൗലികവാദത്തിന്റെ അപകടങ്ങള്‍ തുറന്നുകാട്ടി. ദേശീയതയെപ്പറ്റിയും, സാമ്രാജ്യത്വ യുദ്ധങ്ങളില്‍ മാധ്യമങ്ങളുടെ പങ്കിനെപ്പറ്റിയും കുറിക്കുകൊള്ളുന്ന നിരീക്ഷണങ്ങള്‍ നടത്തി. ദീര്‍ഘകാലം Frontline മാസികയില്‍ ലേഖനങ്ങള്‍ എഴുതി. അനവധി തവണ Newsclick-മായുള്ള ഇന്റര്‍വ്യൂകളില്‍ സംസാരിച്ചു.
'In Theory: Classes, Nations, Literatures'(1982), 'Lineages of the Present: Ideological and Political Genealogies of Contemporary South Asia' (2001), 'On Communalism and Globalization: Offensives of the Far Right' (2002), 'Iraq, Afghanistan and the Imperialism of Our Time' (2004) തുടങ്ങിയവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. എജാസ് അഹ്‌മദുമായി വിജയ് പ്രഷാദ് നടത്തിയ ദീര്‍ഘ സംഭാഷണം 'Nothing Human is Alien to Me' എന്ന പേരില്‍ 2020-ല്‍ LeftWord Books പ്രസിദ്ധീകരിച്ചു.ഉത്തര്‍ പ്രദേശിലെ മുസഫ്ഫര്‍ നഗറിലാണ് എജാസ് അഹ്‌മദ് ജനിച്ചത്. ഇന്ത്യാ-പാക് വിഭജനത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബം പാകിസ്താനിലേയ്ക്ക് കുടിയേറി. ലാഹോറില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമായി. 1970-കളില്‍ പാകിസ്താനിലെ രാഷ്ട്രീയ സാഹചര്യം മോശമായതിനെത്തുടര്‍ന്ന് യു.എസിലേയ്ക്ക് താമസം മാറ്റി. യു.എസില്‍ റട്ഗേഴ്സ് യൂണിവേഴ്സിറ്റിയില്‍ പഠിപ്പിച്ചു. വിയറ്റ്നാം യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന്റെയും കറുത്ത വര്‍ഗക്കാരുടെ വിമോചനത്തിനായുള്ള പ്രസ്ഥാനത്തിന്റെയും ഭാഗമായി.
ഇന്ത്യയില്‍ താമസമാക്കാനാഗ്രഹിച്ച അദ്ദേഹം 1980-കളുടെ മധ്യത്തോടെ ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തി. ന്യൂഡല്‍ഹിയിലെ നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയില്‍ (തീന്‍ മൂര്‍ത്തി ഭവന്‍) പ്രൊഫെസോറിയല്‍ ഫെലോ ആയും ജവാഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസില്‍ വിസിറ്റിംഗ് പ്രൊഫസറായും പ്രവര്‍ത്തിച്ചു. കാനഡയിലെ ടൊറന്റോയിലുള്ള യോര്‍ക്ക് യൂണിവേഴ്സിറ്റിയിലും പഠിപ്പിച്ചു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ, വിശിഷ്യ സി.പി.ഐ.(എം)-ന്റെ, അടിയുറച്ച സഹയാത്രികനായിരുന്നു.
2013-ല്‍ ജവാഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ എസ്.എഫ്.ഐ. സംഘടിപ്പിച്ച പതിനൊന്നാമത് ഇ.എം.എസ്. അനുസ്മരണ പ്രഭാഷണം നടത്തിയത് എജാസ് അഹ്‌മദ് ആയിരുന്നു. ആ പരിപാടിയുടെ ആമുഖപ്രസംഗകന്‍ എന്ന നിലയില്‍ എജാസ് അഹ്‌മദിനൊപ്പം വേദിയിലുണ്ടായിരുന്നത് വ്യക്തിപരമായി എന്നും സന്തോഷത്തോടെ ഓര്‍ക്കുന്ന കാര്യമാണ്.
ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം മോശമായതോടെ വിസ നീട്ടിക്കിട്ടുന്നത് ബുദ്ധിമുട്ടായതിനെത്തുടര്‍ന്ന് അദ്ദേഹം 2010-കളുടെ മധ്യത്തോടെ യു.എസിലേയ്ക്ക് തിരികെ പോയി. ഇര്‍വിനിലുള്ള യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ Chancellor's Profesosr ആയി. വളരെ ഉത്കൃഷ്ടരായ പണ്ഡിതര്‍ക്കു മാത്രം നല്‍കുന്ന പദവിയാണത്. ഇന്ത്യയില്‍ അവസാനകാലം ചെലവഴിക്കണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം വിസ നിയന്ത്രണങ്ങള്‍ മൂലം സഫലമായില്ല. ഇന്നത്തെ ലോകത്തെ മനസ്സിലാക്കാനും പുരോഗമനപരമായ ദിശയില്‍ അതിനെ മാറ്റിത്തീര്‍ക്കാനും ആഗ്രഹിക്കുന്ന എല്ലാവരും വായിക്കേണ്ട ചിന്തകനാണ് എജാസ് അഹ്‌മദ്.
Content Highlights: subin dennis writes about marxian critic aijaz ahmad
Published: 10 Mar 2022, 12:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented