ഗുരു നിത്യ ചൈതന്യ യതിയുടെ ഓര്‍മകള്‍ക്ക് കാല്‍നൂറ്റാണ്ട് തികയുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്‍ ഷൗക്കത്ത് എഴുതുന്നു.
എന്തുകൊണ്ടാണ് ഗുരു നിത്യയുടെ സാന്നിധ്യത്തെ നാം അത്രമാത്രം കൊതിക്കുന്നത്? അറിവിന്റെ ലോകത്തെ അലിവോടെയും വിഭാഗീയതയില്ലാതെയും നമ്മോടു ചേര്‍ന്നുനിന്നു ജീവിച്ചതുകൊണ്ടും ഇന്ന് അദ്ദേഹത്തെപ്പോലുള്ള സാന്നിധ്യങ്ങള്‍ അത്രമാത്രം വിരളമായതുകൊണ്ടും എന്നുതന്നെയാണ് ഉത്തരം.
''എന്റെ ആത്മസ്വരം ഒരു വീണയ്‌ക്കോ പിയാനോക്കോ വയലിനോ ഉള്ളപോലെ ഇനിമയുള്ളതല്ലെങ്കിലും ഒരു മൃദംഗത്തിന്റേതുപോലെ ചുറ്റുമുയരുന്ന രാഗങ്ങളോട് ലയിച്ച് താളക്രമമുണ്ടാക്കാന്‍ പോരുന്നതാണ്. പ്രപഞ്ചവാസികളില്‍ ചിലര്‍ മന്ദബുദ്ധികളോ വക്രഗതിയുള്ളവരോ ആയിരിക്കാം. എന്നാലും ഇഹലോകജീവിതത്തെ ഞാന്‍ അഭികാമ്യമായി കരുതുന്നു. എത്ര കിറുക്കുപിടിച്ച ലോകത്തെയും ധാരണകൊണ്ടും സൗമ്യതകൊണ്ടും നമുക്ക് മധുരതരമാക്കാന്‍ കഴിയും.''
ഗുരു നിത്യചൈതന്യയതിയുടെ വാക്കുകളാണിത്. ജീവിതം നിരാശയിലേക്ക് വീണുപോകാവുന്ന അവസ്ഥയിലെത്തുമ്പോഴെല്ലാം ഈ വാക്കുകള്‍ ആവര്‍ത്തിച്ചു വായിക്കാറുണ്ട്. അപ്പോഴെല്ലാം പ്രത്യാശയുടെ മുകുളങ്ങള്‍ ഹൃദയത്തില്‍ വിരിഞ്ഞുവരുകയും ചാടിയെഴുന്നേറ്റ് ജീവിതത്തിന്റെ പ്രസന്നതയിലേക്ക് നടന്നുതുടങ്ങാറുമുണ്ട്.
അങ്ങനെയൊരു ജീവിതം തനിക്ക് ജീവിക്കാനായത് എന്തുകൊണ്ടെന്ന് ഗുരു മറ്റൊരിടത്തു പറയുന്നുണ്ട്. എത്ര ഹൃദ്യവും സൗമ്യവുമായാണ് ഗുരു തന്റെ വഴി നമ്മോട് മൊഴിയുന്നത്!
''എന്നും എന്റെ പാദങ്ങളെ നയിച്ചിട്ടുള്ളത് വെടിപ്പായി എനിക്ക് കാണാന്‍ കഴിഞ്ഞിരുന്ന ജീവിതമൂല്യങ്ങളാണ്. ഒരിക്കലും എന്റെ കാലിടറിയിട്ടില്ലെന്നോ ഞാന്‍ വീണിട്ടില്ലെന്നോ അതുകൊണ്ട് അര്‍ഥമാക്കരുത്. നടന്നുതുടങ്ങിയ മാര്‍ഗം മാറ്റേണ്ടുന്ന ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ല. ആശയങ്ങള്‍ വ്യത്യാസപ്പെടുന്നില്ല എന്നല്ല പറയുന്നത്. അതെപ്പോഴും മാറിക്കൊണ്ടു തന്നെയിരിക്കും. അകമേ എനിക്കു വിശ്വസിക്കാവുന്ന ഒരു ഏകതാനതയുണ്ട്. മറ്റുള്ളവരോടും എന്നോടുതന്നെയും പാലിക്കുന്ന ഒരു വിശ്വസ്തത അതില്‍ ഭദ്രമായിരിക്കുന്നു. എന്റെ വ്യക്തിത്വത്തിന്റെ നട്ടെല്ലായിരിക്കുന്നത് ഈ വിശ്വസ്തതയ്ക്ക് അര്‍പ്പണംചെയ്തിട്ടുള്ള ആത്മാര്‍ഥതയാണ്. മിഷണറിമാര്‍ക്കുള്ളതുപോലെ ഒരു കര്‍ത്തവ്യബോധം എനിക്കില്ല. അങ്ങനെ ഒരു നിക്ഷിപ്തതാത്പര്യവും എനിക്കില്ല. അകവും പുറവും പ്രശാന്തമായിരിക്കണം എന്ന ഒറ്റനോട്ടമേ എനിക്കുള്ളൂ.''
ജീവന് ജീവിതത്തിലേക്കുള്ള വഴി എത്ര സങ്കീര്‍ണമാണെങ്കിലും സരളവും സൗമ്യവുമായ ഒരാകാശം നമ്മെ പുണര്‍ന്നുനില്‍ക്കുന്നുണ്ടെന്ന് ജീവിച്ചനുഭവിപ്പിച്ച സാന്നിധ്യമായിരുന്നു ഗുരു നിത്യചൈതന്യയതി.
മനുഷ്യത്വത്തെക്കുറിച്ചും മാനവികതയെക്കുറിച്ചും ജീവിതത്തെ സര്‍ഗാത്മകമാക്കാന്‍ സഹായിക്കുന്ന എന്തിനെക്കുറിച്ചും ആലോചിക്കുമ്പോള്‍ സഹൃദയരായ കേരളീയരുടെ ചിന്തയില്‍ ഇന്നും വെളിച്ചംവിതറുന്ന സാന്നിധ്യമായി ഗുരു നിത്യയുണ്ട്. കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി കേരളത്തിലങ്ങോളമിങ്ങോളം യാത്രചെയ്യുന്ന ഒരാളെന്ന നിലയില്‍ ഇടപെടേണ്ടിവന്ന സംവാദങ്ങളിലെല്ലാം ആവര്‍ത്തിച്ചു കേട്ട ഒരു ആത്മഗതം ''ഇന്ന് ഗുരു നിത്യ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനെ.'' എന്നതായിരുന്നു.
എന്തുകൊണ്ടാണ് ഗുരു നിത്യയുടെ സാന്നിധ്യത്തെ നാം അത്രമാത്രം കൊതിക്കുന്നത്? അറിവിന്റെ ലോകത്തെ അലിവോടെയും വിഭാഗീയതയില്ലാതെയും നമ്മോടു ചേര്‍ന്നുനിന്നു ജീവിച്ചതുകൊണ്ടും ഇന്ന് അദ്ദേഹത്തെപ്പോലുള്ള സാന്നിധ്യങ്ങള്‍ അത്രമാത്രം വിരളമായതുകൊണ്ടും എന്നുതന്നെയാണ് ഉത്തരം.
ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ദേശത്തിന്റെയോ ഭാഷയുടെയോ ഒന്നും കറയേല്‍ക്കാതെ ജീവിക്കാനായ നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം. ആത്മീയതയുടെ ഹൃദയപക്ഷം ജീവിച്ച സന്ന്യാസി. വൈരാഗ്യത്തെ അനുരാഗമാക്കിയ സാന്നിധ്യം. 'ഞാന്‍ തന്നെയാണ് സര്‍വം' എന്നറിയുമ്പോള്‍ എല്ലാറ്റിലേക്കും സ്‌നേഹമായി നിറയുകയല്ലാതെ മറ്റെന്താണ് വഴി എന്നതായിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനം.
ആത്മീയലോകങ്ങളില്‍ പൊതുവേ കണ്ടുപോരുന്ന വിധേയപ്പെടലും വിധേയപ്പെടുത്തലും നിത്യന്റെ ലോകത്തില്ല. ഗുരു ചമഞ്ഞ് അദ്ദേഹം സിംഹസനത്തിലിരുന്നില്ല. സാധാരണത്വമാണ് ഗുരുത്വമെന്ന് അദ്ദേഹം വിളിച്ചുപറയുകയല്ല ചെയ്തത്, ജീവിച്ചു കാണിക്കുകയാണ്.
അതിശയോക്തികളുടെ ലോകങ്ങളില്‍ പളപളക്കുന്ന ആത്മീയതയെ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കേണ്ടതെങ്ങനെയെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രവും സാഹിത്യവും സംഗീതവുമെല്ലാം അതിനു കരുക്കളാക്കി. മതത്തിലും മതത്തില്‍നിന്നുണ്ടായിവന്ന മിസ്റ്റിസിസത്തിലും മാത്രം ഉടക്കിക്കിടന്നിരുന്ന ആത്മീയതയെന്ന പ്രവാഹത്തെ അതില്‍നിന്ന് മോചിപ്പിച്ച് അല്ലെങ്കില്‍ വികസിപ്പിച്ച് കലാസാഹിത്യസംഗീതാദികളോട് വിലയിപ്പിച്ചതിന്റെ പേരിലാകും നിത്യന്‍ സ്മരിക്കപ്പെടുക. അല്ലെങ്കില്‍ സ്മരിക്കപ്പെടേണ്ടത്.

തത്ത്വചിന്താപ്രധാനമായ ഗ്രന്ഥങ്ങളോടൊപ്പം സിമോണ്‍ ഡി ബുവ്വ അവരുടെ കഥ പറയുന്നു, നെരൂദയുടെ ഓര്‍മ്മക്കുറിപ്പുകള്‍, ഹെസ്സെയുടെ ദേശാടനം, ടാഗോറിന്റെ ഗീതാഞ്ജലി, റൂമിയുടെ മസ്നവി തുടങ്ങിയ പുസ്തകങ്ങളും വാന്‍ഗോഗിനെയും ബെയ്ഥോവനെയും കുറിച്ചുള്ള ലേഖനങ്ങളുമെല്ലാം സൗന്ദര്യാത്മകമായി അദ്ദേഹം അവതരിപ്പിക്കുമ്പോള്‍ ആത്മീയതയെന്നാല്‍ സത്യവും സൗന്ദര്യവും നിറഞ്ഞ വൈകാരികശുദ്ധിയാണെന്ന് നാം അറിയും. അതുതന്നെയാണ് നിത്യന്റെ പ്രസക്തിയും.
ചരിക്കുന്ന മാര്‍ഗം സഹജമെങ്കില്‍ മാറ്റത്തിന് പരിണാമത്തിന്റെ സൗമ്യമുണ്ടായിരിക്കുമെന്ന് നിത്യന്‍ പറഞ്ഞതോര്‍ക്കുന്നു. എല്ലാ എടുത്തുചാട്ടങ്ങളും നമ്മെ പിന്നോട്ടടിക്കുകയേയുള്ളൂ. ധൃതി ഒരിക്കലും പരിണാമത്തിന്റെ വഴിയല്ല. അത് ജീവന്റെ കാര്യത്തിലായാലും സംസ്‌കാരത്തിന്റെ കാര്യത്തിലായാലും. അത്രപെട്ടെന്നു മാറുന്ന പ്രകൃതമല്ല മനുഷ്യന്റേത്. തന്ത്രപരമായി മാത്രമേ മാറ്റത്തിന്റെ കാറ്റിനെ ബോധത്തിലേക്കു കയറ്റിവിടാനാകൂ. അത് പ്രാകൃതത്വത്തില്‍ത്തന്നെ മയങ്ങിക്കിടക്കാനാണ് ഇഷ്ടപ്പെടുക. ആ ബോധവൃത്തിയെ സ്ഥൂലമായും സൂക്ഷ്മമായും അറിയുന്ന ജ്ഞാനികള്‍ താങ്ങാവുന്ന, ഉള്‍ക്കൊള്ളാവുന്ന തരത്തിലേ അറിവിനെ പ്രയോഗിക്കുകയുള്ളൂ. പ്രേതശല്യമുണ്ടെന്ന് സങ്കടം പറഞ്ഞുവന്നവന്റെ കൈയില്‍ പ്രേതത്തിന് കത്തെഴുതിയയച്ച നാരായണഗുരു പ്രേതവിശ്വാസത്തെ പരിപോഷിപ്പിക്കുകയല്ല ചെയ്തത്. ആ ഭക്തന്റെ ഭയത്തെ തന്ത്രപരമായി മാറ്റിയാലേ ജ്ഞാനത്തെ അവിടെ പ്രതിഷ്ഠിക്കാനാകൂ എന്ന വിവേകത്തെയാണ് അവിടെ നാം കാണേണ്ടത്.
നിത്യനെ ഓര്‍ക്കുമ്പോഴും അതുതന്നെയാണ് തെളിയുന്നത്. പാത്രമറിഞ്ഞു വിളമ്പുകയെന്ന വിവേകത്തെ ജീവിതത്തിലുടനീളം പ്രയോഗിച്ച വ്യക്തിത്വം. എന്തെങ്കിലും വിശ്വാസമോ ആചാരാനുഷ്ഠാനങ്ങളോ ബാധിച്ച വ്യക്തിത്വമായിരുന്നില്ല അദ്ദേഹം. പരമ്പൊരുളിന്റെ നിറവാര്‍ന്ന മഹാശൂന്യതയല്ലാതെ മറ്റൊന്നും അദ്ദേഹത്തിന് ധ്യാനവിഷയമായിരുന്നില്ല. അപ്പോഴും വിശ്വാസിക്കും അവിശ്വാസിക്കും ഒരേപോലെ പാരസ്പര്യപ്പെടാവുന്ന ഒരിടം അവിടെയുണ്ടായിരുന്നു. സ്‌നേഹത്തിന്റെ മഹനീയമായ ഇടം. അതിനെയാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്. കണ്ടുകൊണ്ടിരുന്നത്. തന്റെ മുന്നിലെത്തുന്നവര്‍ എന്തു വിശ്വസിക്കുന്നു, എന്തുചിന്തിക്കുന്നു എന്നത് അദ്ദേഹത്തിന് വിഷയമേയായിരുന്നില്ല. അദ്ദേഹം അവരില്‍ കണ്ടത് തന്നിലിരുന്നു വിളങ്ങുന്ന അതേ പൊരുളിനെയാണ്. അതിനോടാണ് അദ്ദേഹം സംവദിച്ചത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിനരികിലെത്തിയവര്‍ക്കെല്ലാം ഒരു അന്യഥാബോധവുമില്ലാതെ ആ സാന്നിധ്യത്തെ അനുഭവിക്കാനായത്.
മനുഷ്യനാവുക എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. നല്ലൊരു മനുഷ്യനായിരിക്കുകയെന്നത് വലിയ തപസ്സാണെന്നും ഓര്‍മിപ്പിച്ചു. ബ്രഹ്‌മത്തെയും ആത്മാവിനെയും ദൈവത്തെയും സ്‌നേഹിക്കുക എളുപ്പമാണെന്നും അതിന് ഒരു സങ്കല്പം മതിയെന്നും എന്നാല്‍, തൊട്ടടുത്തിരിക്കുന്ന സുഹൃത്തിനെ സ്‌നേഹിക്കുക എളുപ്പമല്ലെന്നും അതിന് വിലകൊടുക്കേണ്ടി വരുമെന്നും തൊട്ടുകാണിച്ചു. ആ വിലകൊടുക്കാന്‍ തയ്യാറാകുന്നിടത്താണ് ജീവിതമെന്ന് ജീവിച്ചു കാണിച്ചു.
അതെ. ആ മനുഷ്യന്‍ ജീവിച്ച നനവാര്‍ന്ന ദര്‍ശനം ഏതു കാലവും തേടുന്നതാണ്. ആ വെളിച്ചമില്ലാത്തിടത്തോളം നാം വിഭാഗീയതയുടെ ഇരുളില്‍ കിടന്ന് ഉഴറിക്കൊണ്ടിരിക്കും. ലോകത്തുണ്ടായ ഗുരുക്കന്മാരെല്ലാം നമ്മോടു പറഞ്ഞുകൊണ്ടിരുന്ന ആ കാരുണ്യത്തെ ഹൃദയത്തിലേക്കാവാഹിക്കാന്‍ നിത്യനും നമ്മോടു പറയുന്നു. ആ പരമ്പരയിലെ കണ്ണികളാകാന്‍ നമുക്കാകട്ടെ എന്ന പ്രാര്‍ഥനയേ എന്നുമുള്ളൂ.
.
Content Highlights: shoukath writes on guru nithya chaithanya yathi 25th death anniversary
Published: 14 May 2024, 12:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented