ഇന്ത്യന്‍ ദളിത് എഴുത്തുകാരന്‍ ശരണ്‍കുമാര്‍ ലിംബാളെയുടെ സനാതന്‍ എന്ന നോവല്‍ മാതൃഭൂമി ബുക്‌സിനുവേണ്ടി ഡോ.എന്‍.എം സണ്ണി പരിഭാഷപ്പെടുത്തിയിരിക്കുന്നു. നോവലിന് ലിംബാളെ എഴുതിയ ആമുഖക്കുറിപ്പ്. 

To advertise here,

ഞാന്‍ എഴുതുന്നത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുമോ എന്ന് എനിക്കറിയില്ല. ആര്‍ക്കെങ്കിലും ഇഷ്ടപ്പെടില്ല എന്നു കരുതി ഞാന്‍ എഴുതാതിരിക്കുന്നില്ല. 
എന്റെ ധാരണകള്‍ക്കനുസരിച്ചാണ് ഞാന്‍ എഴുതുന്നത്. എന്റെ ബുദ്ധിയാണ് എന്റെ പരീക്ഷണശാല. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അടുപ്പില്‍ വെന്തു പാകമായതാണ് എന്റെ ബുദ്ധി. ഇന്ത്യന്‍ സംസ്‌കാരം വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒരുപോലെ ഇടകലര്‍ന്ന് ജീവിക്കാന്‍ കഴിയുന്ന ഇടമായിരിക്കണം. ഏതെങ്കിലും ഒരു മതത്തെക്കുറിച്ചു മാത്രമുള്ള സംസാരം ഇന്ത്യയെ മുഴുവന്‍ പ്രതിനിധീകരിക്കുന്നതല്ല. സനാതന്‍ എന്ന നോവല്‍ ദളിത് ജീവിതത്തെക്കുറിച്ചുള്ള ചില വെളിപ്പെടുത്തലുകളാണ്. എല്ലാ മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളും ദളിതരെ അവരുടെ പരിസരങ്ങളില്‍നിന്ന് ഒരു നിശ്ചിത അകലത്തില്‍ നിര്‍ത്തി. അവരെ അശുദ്ധരായി കണക്കാക്കി. വിവേചനപരമായ അകലം പാലിച്ചു. ദളിതര്‍ നിരാലംബരായി. ഈ നോവല്‍ അതു തുറന്നുകാണിക്കാനുള്ള ശ്രമമാണ്. വിവേചനത്തിനെതിരെ ഉയര്‍ന്നുവന്ന സ്വാഭാവികമായ മുന്നേറ്റമാണ് ഇത്. വിവേചനത്തിനെതിരേയുള്ള ഈ ചെറുത്തുനില്‍പ്പ് കരുത്താര്‍ജ്ജിക്കുമ്പോള്‍ ഉടമമനോഭാവം വെല്ലുവിളി നേരിടും. അക്കാര്യം ഞാന്‍ അടിവരയിടുന്നു. സമൂഹനന്മയ്ക്കുവേണ്ടി ജാഗ്രതയോടെ പ്രവര്‍ത്തിക്കുമ്പോഴാണ് ഭാവിഭൂതങ്ങളുടെ ശരിയായ ആവിഷ്‌കാരം സാദ്ധ്യമാവുക. ചരിത്രത്തിന്റെ കാല്‍പ്പനികമൂല്യങ്ങളെ പൊള്ളുന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം ആവിഷ്‌കരിക്കുന്നതിനുവേണ്ടി ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്.

വര്‍ണ്ണവ്യവസ്ഥ എന്നത് സംവരണവ്യവസ്ഥതന്നെയാണ്. ജ്ഞാനാധികാരം ബ്രാഹ്‌മണര്‍ക്കുവേണ്ടി സംവരണംചെയ്യപ്പെട്ടിരുന്നു. രാജാധികാരം ക്ഷത്രിയര്‍ക്കും വ്യാപാരാധികാരം വൈശ്യര്‍ക്കുമായി സംരക്ഷിക്കപ്പെട്ടു. ത്രിവര്‍ണ്ണസേവ ശൂദ്രന്മാര്‍ക്ക് വിധിക്കപ്പെട്ടു. അയിത്തജാതിക്കാരെയും, ആദിവാസികളെയും കുറിച്ച് ചിന്തിക്കാന്‍പോലും ആളുണ്ടായില്ല. അത് ഈശ്വരനിര്‍മ്മിതവ്യവസ്ഥ എന്നു വിധിച്ച് ആയിരക്കണക്കിനു വര്‍ഷം അടിച്ചേല്‍പ്പിച്ചു. സാമൂഹികമായ അസമത്വത്തിന് അതു കാരണമായി. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഈ സാമൂഹിക അസമത്വം അവസാനിപ്പിക്കുന്നതിനുവേണ്ടി വര്‍ണ്ണവ്യവസ്ഥയെ തിരസ്‌കരിച്ചുകൊണ്ട് അയിത്തജാതിക്കാര്‍ക്കും ആദിവാസികള്‍ക്കും സംവരണം ഏര്‍പ്പെടുത്തി. ഒരുവശത്ത് ആയിരക്കണക്കിനു വര്‍ഷം സംവരണത്തിന്റെ ആനുകൂല്യം അനുഭവിച്ച സമൂഹം, മറുവശത്ത് നൂറ്റാണ്ടുകളോളം കൊടിയ യാതനകളില്‍ കഴിഞ്ഞുകൂടിയ ജനത. അതാണ് ഈ നോവല്‍. ഇപ്പോഴും ദളിതര്‍ക്കു നല്‍കിയ സംവരണം അര്‍ഹരായ എല്ലാവരിലും എത്തിച്ചേര്‍ന്നിട്ടില്ല.

സംവരണംമൂലം അയിത്തജാതിക്കാര്‍ക്കും ആദിവാസികള്‍ക്കും സമൂഹത്തില്‍ മുന്നേറ്റമുണ്ടായിട്ടുണ്ട്. അതുപോലെത്തന്നെ സവര്‍ണ്ണസമുദായങ്ങള്‍ക്ക് അമര്‍ഷവും ഉണ്ടായിട്ടുണ്ട്. വിദ്യാഭ്യാസം, ജനാധിപത്യം, നിയമം, പോരാട്ടം എന്നിവ സമൂഹത്തിന്റെ അടിത്തട്ടുവരെ എത്തിച്ചേര്‍ന്നു. അതിലൂടെ ജാഗ്രതയും നവോന്മേഷവും ഉയര്‍ന്നുവന്നു. 

ദളിതരില്‍ വിദ്യാസമ്പന്നരായ വ്യക്തികളിലൂടെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും പുനര്‍വ്വിചിന്തനം നടക്കുന്നു. ചരിത്രവും പാരമ്പര്യവും ദളിതരോടു പൊറുക്കാനാവാത്ത തെറ്റാണ് ചെയ്തത്. അവരെ വഞ്ചിച്ചു. മഹാര്‍ജാതിയുടെ വിശ്വാസയോഗ്യമല്ലാത്ത ചരിത്രം രചിക്കപ്പെട്ടു. അതില്‍ അര്‍ദ്ധസത്യങ്ങളേയുള്ളൂ. മഹാര്‍ജാതിയെക്കുറിച്ച് ഞാന്‍ ചിലതു വായിച്ചു. അതില്‍നിന്നാണ് എനിക്ക് ഈ നോവല്‍ എഴുതാനുള്ള പ്രേരണ ലഭിച്ചത്. ഡോ. ബാബാസാഹിബ് അംബേദ്കര്‍, അലക്സാണ്ടര്‍ റോബര്‍ട്സണ്‍, മഹര്‍ഷി വി.ആര്‍. ഷിന്റെ, ശ്രീ. എം. മാട്ടെ, ശങ്കര്‍ റാവു ഖരാത്, പി.എ. ഗവലി, അനില്‍ കതാരെ, സഞ്ജയ് സോന്‍വണി, രാ.ശെ. സാലുംഖെ, ബലിരാം കാംബലെ, സുധാകര്‍ കാംബെ തുടങ്ങിയവരുടെ ലേഖനങ്ങള്‍ വായിക്കുകയുണ്ടായി. ബി.എസ്. ശിന്ദേയുടെ അമൃത്നാക്, സഞ്ജയ് സോന്‍വണിയുടെ പാനിപത് തുടങ്ങിയ നോവലുകള്‍ വായിച്ചതിനുശേഷമാണ് സനാതന്‍ എഴുതണം എന്ന തീരുമാനത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നത്. ഈ നോവല്‍ മഹാര്‍ജാതിയുടെ ചരിത്രമല്ല. ഇതവരുടെ വര്‍ത്തമാനമാണ്. ബാബാസാഹിബ് അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചതിനു ശേഷമാണ് മതശുദ്ധീകരണപ്രക്രിയ ആരംഭിച്ചത്. ഹിന്ദുമതം, അയിത്തജാതിക്കാര്‍ക്കും ആദിവാസികള്‍ക്കും സങ്കല്‍പ്പിക്കാനാവാത്ത അത്രയും നഷ്ടം വരുത്തിവെച്ചു. നാളിതുവരെ അതിന്റെ കണക്കെടുത്തിട്ടില്ല. പിന്നെ എങ്ങനെയാണ് നഷ്ടപരിഹാരം നല്‍കാനാവുക. ഈ നോവല്‍ ആ നഷ്ടത്തെക്കുറിച്ച് ചിലതു പറയാന്‍ ആഗ്രഹിക്കുന്നു. ദുരന്തത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാറുണ്ട്. ഇവിടെ ആയിരക്കണക്കിനാളുകള്‍ നൂറ്റാണ്ടുകളായി, ദാരിദ്ര്യത്തിലും അജ്ഞതയിലും പിടയുകയാണ്. അവരുടെ ദാരിദ്ര്യത്തിന്റെ കണക്കെടുക്കണം. അടിത്തട്ടുവരെ പരിശോധിക്കണം. അധികകാലം അവരെ കണ്ടില്ലെന്നു നടിക്കാനാവില്ല. ഈ നോവല്‍ അതിലേക്കാണ് വെളിച്ചംവീശുന്നത്.

ചരിത്രത്തോടോ ചരിത്രപുരുഷന്മാരോടോ അനാദരവു കാണിക്കുന്നതിന് പ്രത്യേകിച്ച് ഉദ്ദേശ്യമില്ല. മംഗള്‍ പാണ്ഡെ, ഝാന്‍സി റാണി ലക്ഷ്മി ബായി എന്നിവര്‍ മഹാവ്യക്തിത്വങ്ങളാണ്. ഒരു പരാതിയേയുള്ളൂ. ആദിവാസികളും ദളിതരും ഈ രാജ്യത്തെ സ്വന്തമെന്നപോലെ സ്നേഹിച്ചവരാണ്. രാജ്യത്തിനുവേണ്ടി ത്യാഗം സഹിച്ചവരാണ്. രക്തസാക്ഷികളായവരാണ്. ആരാലും അതു പരിഗണിക്കപ്പെട്ടില്ല. ഈ നോവല്‍ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇതു ദളിതര്‍ക്കുവേണ്ടി മാത്രം എഴുതപ്പെട്ട നോവലല്ല. നവലോകനിര്‍മ്മിതിയിലേക്കുള്ള ചുവടുവെപ്പാണ്. പുത്തന്‍ മാനവസംസ്‌കാരം, നവഭാരതനിര്‍മ്മിതി അതാണ് ഈ രചനയുടെ ലക്ഷ്യം. വായനക്കാര്‍ നിശ്ചയമായും ഇതു സ്വീകരിക്കും. സമൂഹത്തിലെ സര്‍ഗ്ഗാത്മകവും ക്രിയാത്മകവും ജനാധിപത്യപരവുമായ പ്രവൃത്തികളില്‍ വിശ്വസിക്കുന്ന ഒരു തലമുറ ഇവിടെ സജീവമാണ്. ആ തലമുറ അന്യായത്തിനും അനീതിക്കുമെതിരേ ജാഗ്രതപുലര്‍ത്തുകയും കാലത്തിനൊത്ത് സഞ്ചരിക്കുകയും ചെയ്യുന്നവരാണ്. പ്രാചീനകാലം മുതല്‍ക്കുതന്നെ മാനവികതാവാദികള്‍ പീഡിതര്‍ക്കൊപ്പം നിന്നിരുന്നു. എവിടെയെങ്കിലും അതിന്റെ നൈരന്തര്യം മുറിഞ്ഞുപോയിട്ടുണ്ടോ, പരിശോധിക്കേണ്ട സമയമാണ്.

മംഗളൂരിലെ അഡ്വ. പുനീത് അപ്പു, കൊല്‍ക്കത്തയിലെ പ്രൊഫ. ജയദീപ് സാരംഗി, ലഖ്നൗവിലെ പ്രൊഫ. വീരേന്ദ്ര യാദവ് തുടങ്ങിയവരുമായി ഈ നോവലിനെക്കുറിച്ച് വിശദമായിത്തന്നെ ചര്‍ച്ചനടത്തുകയുണ്ടായി. അവരുടെ പേരുകള്‍ ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. ഈ നോവലില്‍ മിത്തുകളും പുരാണകഥകളും ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ റഫറന്‍സ് ഗ്രന്ഥങ്ങളെക്കുറിച്ച് സൂചിപ്പിച്ചുവല്ലോ. ഗൂഗിളും വിക്കിപീഡിയയും സഹായകമായിട്ടുണ്ട്. എല്ലാവരോടും നന്ദി.