ചെങ്ങന്നൂർ: മരങ്ങൾക്കു പോലും മക്കളുടെ പേരിട്ടു വിളിച്ച ഒരമ്മ. ഒടുവിൽ ആർക്കും വേണ്ടാതെ, മരണം പ്രതീക്ഷിച്ചു കഴിഞ്ഞ വാർധക്യം. 40 കൊല്ലം മുൻപ് സംവിധായകൻ പത്മരാജൻ വാർധക്യത്തിലെ ഒറ്റപ്പെടൽ ‘തിങ്കളാഴ്ച നല്ല ദിവസ’മെന്ന ചലച്ചിത്രത്തിലൂടെ ആവിഷ്കരിച്ചപ്പോൾ സജിനി പവിത്രൻ എന്ന കഥാകാരിയും ജന്മമെടുത്തു. 1983-ൽ ആകാശവാണിക്കു വേണ്ടി സജിനിയെഴുതിയ ‘അമ്മയ്ക്കു വേണ്ടി’ എന്ന റേഡിയോ നാടകമാണ് ‘തിങ്കളാഴ്ച നല്ല ദിവസ’മെന്ന ചലച്ചിത്രത്തിന് പത്മരാജനു പ്രേരണയായത്.
അവധിക്കാലവും അമ്മയുടെ പിറന്നാളും ആഘോഷിക്കാൻ നാട്ടിലെത്തുന്ന മക്കളും ചെറുമക്കളും കടന്നുപോകുന്ന ദിവസങ്ങളും സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. പ്രവാസജീവിതത്തിന്റെ സങ്കീർണതകൾ, സ്വത്തുപ്രശ്നങ്ങൾ, ഗൃഹാതുരത്വം, ജാതിദുരഭിമാനം, വൃദ്ധസദനം തുടങ്ങി വിവിധ വിഷയങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്. മമ്മൂട്ടി, കവിയൂർ പൊന്നമ്മ, ശ്രീവിദ്യ എന്നിവരാണ് മുഖ്യവേഷമിട്ടത്.
സജിനി കഥയും കവിതയും എഴുതിയിരുന്നു. എന്നാൽ, റേഡിയോയോടുള്ള ഇഷ്ടമാണ് അവരുടെ ജീവിതരേഖ മാറ്റിയത്. ആകാശവാണിയിലേക്ക് സാഹിത്യഭംഗിയോടെ കത്തുകളെഴുതുമായിരുന്നു. കത്തുകൾ വായിച്ച അവതാരകയുടെ അഭിപ്രായം വഴിത്തിരിവായി. കത്തുകൾ മാത്രമല്ല, കഥയും കവിതയും എഴുതണമെന്നായിരുന്നു ‘ഉപദേശം’. തുടർന്ന് കഥകൾ, റേഡിയോ നാടകങ്ങൾ എന്നിവയെഴുതി. അക്കാലത്ത് ആകാശവാണിയിൽ അനൗൺസറായിരുന്നു പത്മരാജൻ. അദ്ദേഹം ‘അമ്മയ്ക്കു വേണ്ടി’യെന്ന നാടകം കേട്ടു. അതു സിനിമയാക്കാൻ തീരുമാനവുമെടുത്തു.
ശാസ്ത്രാധ്യാപികയിൽനിന്ന് ബാലസാഹിത്യകാരിയിലേക്ക്
ശാസ്ത്രാധ്യാപികയായിരുന്ന സജിനി പവിത്രന് ഏറെയിഷ്ടം കഥകളും ബാലസാഹിത്യവുമായിരുന്നു. നാടകങ്ങൾ, റേഡിയോ നാടകങ്ങൾ, തുടർനാടകങ്ങൾ എന്നിവയുമെഴുതി. എയ്ഡ്സ് വിഷയമാക്കിയെഴുതിയ ‘പരിത്രാണായ സാധൂനാം’ എന്ന കഥ തിരുവനന്തപുരം ദൂരദർശൻ ടെലിഫിലിമാക്കി സംപ്രേഷണം ചെയ്തു.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടാ, കൈയിലിരിക്കും കനകം, കാട്ടാളൻ കുട്ടു, ഒരു സ്വപ്നം പോലെ, അതാണു ശരി, രണ്ടുപേരും പഠിക്കട്ടെ, കുന്നുമ്മേൽ കോളനി, ദക്ഷിണായനം എന്നിങ്ങനെ 25-ൽ അധികം കൃതികൾ രചിച്ചു.
ബാലസാഹിത്യത്തിനുള്ള അധ്യാപക കലാസാഹിത്യ സമിതി അവാർഡ്, കെ.ജി.ടി.എ. വാർഷികാഘോഷ കമ്മിറ്റി അവാർഡ്, മാലി പുരസ്കാരം, ഉൺമ അക്ഷരദക്ഷിണ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
Content Highlights: Sajini Pavithran's radio drama 'Ammakku Vendi' inspired Padmarajan's film 'Thinkalazhcha Nalla Divasam'., Themes of the film include elderly loneliness, migration, and family dynamics., Sajini Pavithran was a versatile writer, teacher, and children's author with over 25 published works., Key awards include Mali Puraskaram and Adhyapaka Kalasahitya Samithi Award.
Published: 13 May 2026, 07:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented