
ആള്‍ വരും മുന്‍പേ ശുണ്ഠി പടികടന്നെത്തി. 'കച്ചറക്കാരനാണ് ട്ടോ. സൂക്ഷിച്ചോളി. ശുണ്ഠി വന്നാല്‍ പേപ്പര്‍വെയ്റ്റ് വരെ എടുത്ത് എറിഞ്ഞുകളയുംന്നാണ് കേള്‍വി..' ഡെസ്‌ക്കില്‍ ഒപ്പം ജോലി ചെയ്തിരുന്നവരിലൊരാളുടെ മുന്നറിയിപ്പ്.
പുതിയ റസിഡന്റ് എഡിറ്റര്‍ക്ക് വേണ്ടി നീക്കിവെച്ചിരുന്ന ക്യാബിന്റെ മേശപ്പുറത്തെ സ്ഫടികം കൊണ്ടുള്ള പേപ്പര്‍ വെയ്റ്റ് വായുവില്‍ ചീറിപ്പാഞ്ഞ് ടമാര്‍ പടാര്‍ ശബ്ദത്തോടെ ചില്ലുവാതില്‍ തകര്‍ക്കുന്ന ദൃശ്യമാണ് ആ നിമിഷം മനസ്സില്‍ തെളിഞ്ഞത്. അറിയാതെ തല വെട്ടിത്തിരിച്ചുപോയി. ഈശ്വരാ എന്തൊക്കെ കാണേണ്ടി വരുമോ ആവോ.
എന്നാല്‍ വന്നണഞ്ഞ മനുഷ്യന്‍ എല്ലാ 'പ്രതീക്ഷ'യും തെറ്റിച്ചു. ചുണ്ടില്‍ എരിഞ്ഞുകൊണ്ടിരുന്ന ബീഡി കുത്തിക്കെടുത്തി പത്രത്തിന്റെ ജനറല്‍ മാനേജരോടൊപ്പം തൊണ്ടയാട്ടെ കേരള കൗമുദി പത്രത്തിന്റെ ഡെസ്‌കില്‍ അദ്ദേഹം കടന്നുവന്നത് നിറവാര്‍ന്ന പുഞ്ചിരിയോടെയാണ്.
'ഇത് എന്‍ പി മുഹമ്മദ് സാര്‍. നമ്മുടെ പുതിയ റെസിഡന്റ് എഡിറ്റര്‍.' -ജി.എം പറഞ്ഞു.
ചിരിച്ചുകൊണ്ടൊന്ന് തൊഴുതു ആഗതന്‍. എന്നിട്ട് ഞങ്ങള്‍ പത്രപ്രവര്‍ത്തന പരിശീലനാര്‍ത്ഥികളോടായി പറഞ്ഞു: 'ങ്ങളെന്നെ സാര്‍ എന്നൊന്നും വിളിക്കണ്ട. എന്‍പീന്ന് വിളിച്ചാല്‍ മതി...'
അവിടെ തുടങ്ങുന്നു എന്റെ പത്രപ്രവര്‍ത്തന ജീവിതത്തിലെ എന്‍.പി പര്‍വ്വം.
എന്‍.പിയുടെ മകന്‍ ഹാഫിസ് മുഹമ്മദിനെ നേരത്തെ അറിയാം. കേരള കൗമുദി ഫോട്ടോഗ്രാഫര്‍ പി മുസ്തഫ എന്ന മുസ്തുവിന്റെ സുഹൃത്ത്. എഴുത്തുകാരന്‍, സംഗീതപ്രേമി. മുസ്തുവാണ് എന്‍.പിയുടെ വ്യക്തിത്വത്തിന്റെ മൃദുല വശം വെളിപ്പെടുത്തിയത്. 'നീ വിചാരിക്കുമ്പോലെയല്ല. കണ്ടാല്‍ പരുക്കനെന്നു തോന്നും. എന്നാല്‍ ആള്‍ രസികനാണ്. പാട്ടിലും പന്തുകളിയിലുമൊക്കെ തല്പരന്‍.'
എന്‍.പിയുടെ രണ്ടു കൃതികള്‍ വായിച്ചിരുന്നു കോളേജ് പഠനകാലത്ത്. ഒന്ന് മരം എന്ന നോവല്‍. പിന്നെ എം.ടി വാസുദേവന്‍ നായരുമൊത്തെഴുതിയ 'അറബിപ്പൊന്ന്.' സിനിമയാക്കിയ നോവലാണ് മരം. സംവിധാനം യൂസഫലി കേച്ചേരി. പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ, കല്ലായിപ്പുഴയൊരു മണവാട്ടി, മൊഞ്ചത്തിപ്പെണ്ണേ നിന്‍ ചുണ്ട് തുടങ്ങി കേള്‍ക്കാനിമ്പമുള്ള കുറെ പാട്ടുകളുണ്ടായിരുന്നു ആ പടത്തില്‍. അറബിപ്പൊന്ന് ഇഷ്ടപ്പെടാന്‍ ഒരു കാരണം അതില്‍ നമ്മളറിയുന്ന കോഴിക്കോട്ടെ ചില റിയല്‍ ലൈഫ് കഥാപാത്രങ്ങള്‍ ഉള്ളതുകൊണ്ടുകൂടിയാണ്; അടുത്ത ബന്ധു ഉള്‍പ്പെടെ.
ചുമതലയേറ്റ ദിവസം തന്നെ ഓരോരുത്തരേയും വന്നു പരിചയപ്പെട്ടു എന്‍.പി; കൂട്ടത്തില്‍ എന്നേയും. പേര് പറഞ്ഞപ്പോള്‍ നെറ്റിയൊന്നു ചുളിഞ്ഞോ എന്ന് സംശയം. പക്ഷേ ആ ചുളിവ് നിവര്‍ന്ന് മനോഹരമായ ഒരു ചിരിയായി മാറിയത് ഞൊടിയിടയിലാണ്.
'അപ്പൊ ങ്ങളാണ് അബ്ദുള്‍ഖാദറിന്റെ മക്കളെപ്പറ്റി എഴുതീത്, അല്ലേ?' എന്‍.പിയുടെ അപ്രതീക്ഷിത ചോദ്യം. അതെ എന്ന് ഞാന്‍. തലേ ആഴ്ചത്തെ കൗമുദി വീക്കെന്‍ഡില്‍ ഗായകന്‍ കോഴിക്കോട് അബ്ദുള്‍ഖാദറിന്റെ മക്കളായ നജ്മല്‍ ബാബുവിനേയും സത്യജിത്തിനേയും കുറിച്ച് എഴുതിയ ലേഖനം വായിച്ചിരിക്കണം മൂപ്പര്‍. ഈശ്വരാ, എന്തെങ്കിലും കുഴപ്പം വന്നു ഭവിച്ചിരിക്കുമോ അതില്‍?
'മക്കളൊന്നും വാപ്പാന്റെ അത്ര പൊന്തിവന്നില്ല.'- എന്‍ പി പറഞ്ഞു. 'കഴിവുള്ളോരാ. പ്രത്യേകിച്ച് നജ്മല്‍ ബാബു. ഏതായാലും എഴുതിയത് നന്നായി. അവരെപ്പറ്റിയൊന്നും മുന്‍പാരും എഴുതിക്കണ്ടിട്ടില്ല.'
സമാധാനമായി. പ്രശ്‌നമൊന്നും ഇല്ല എന്നര്‍ത്ഥം. 'എങ്ങനെ നാം മറക്കും' എന്ന തലക്കെട്ടോടെ അടിച്ചുവന്ന ആ ലേഖനത്തിന്റെ പേരില്‍ ആദ്യം ലഭിച്ച അഭിനന്ദനമായിരുന്നു അത്.
വൈകുന്നേരം നാല് മണിയായപ്പോള്‍ എന്‍.പി ക്യാബിനു പുറത്തുവന്നു. 'ങ്ങള് വരുന്നോ? മ്മക്കൊരു ചായ കുടിച്ചു വന്നാലോ?' -എന്നോടാണ് ചോദ്യം. ക്ഷണിക്കുന്നത് പത്രത്തിന്റെ റസിഡന്റ് എഡിറ്റര്‍. പിന്നെന്തിന് രണ്ടുവട്ടം ചിന്തിക്കണം?.
എന്‍.പിയുമൊത്ത് തൊണ്ടയാട്ടങ്ങാടിയിലെ കുമാരേട്ടന്റെ ചായക്കടയിലേക്കുള്ള ആ ആദ്യനടത്തം ഓര്‍മ്മയുണ്ട്. അതുപോലുള്ള അനേകം സായാഹ്നനടത്തങ്ങളുടെ തുടക്കമായിരുന്നു അത്. അത്തരം നടത്തങ്ങള്‍ക്കിടയിലാണ് എന്‍.പിയുടെ സംഭവബഹുലമായ ജീവചരിത്രം എനിക്ക് മുന്നില്‍ ഇതള്‍ വിരിഞ്ഞത്. എത്രയെത്ര കഥകള്‍, എത്രയെത്ര അനര്‍ഘ നിമിഷങ്ങളുടെ വീണ്ടെടുപ്പുകള്‍... ചുണ്ടില്‍ സദാസമയവും പുകഞ്ഞുകൊണ്ടിരുന്ന ബീഡിയുടെ 'ലഹരി' നുകര്‍ന്ന് എന്‍.പി പങ്കുവെച്ച കഥകളില്‍ സാധാരണക്കാര്‍ തൊട്ട് ചരിത്രപുരുഷന്മാര്‍ വരെയുണ്ടായിരുന്നു: ബഷീറും രാമു കാര്യാട്ടും എം.ടിയും കുട്ടികൃഷ്ണമാരാരും വികെഎന്നും പി ഭാസ്‌കരനും ഒഎന്‍വിയും അഴീക്കോടും ബാബുരാജും മാധവിക്കുട്ടിയും തിക്കോടിയനും പ്രേംനസീറും കെ.പി ഉമ്മറും ഉള്‍പ്പെടെ.
കൗതുകത്തോടെ എല്ലാം കേട്ട്, ആസ്വദിച്ച് കൂടെനടന്നു തുടക്കക്കാരനായ പത്രപ്രവര്‍ത്തകന്‍. ഇടയ്ക്ക് കുസൃതിച്ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അതുക്കും മേലെ കുസൃതി നിറഞ്ഞ ഉത്തരങ്ങളുമായി എന്നെ നിലംപരിശാക്കി എന്‍.പി.
ആത്മസുഹൃത്തായ എം.ടിയെ വാസുദേവന്‍ നായര്‍ എന്നാണ് എന്‍.പി വിളിക്കുക. ഒരു ദിവസം ക്യാബിനിലേക്ക് വിളിച്ചുവരുത്തി എന്‍.പി ചോദിച്ചു: 'മാതൃഭൂമി ആഴ്ചപ്പതിപ്പില് സ്‌പോര്‍ട്‌സിനെ കുറിച്ച് എഴുതിക്കൂടേ? വാസുദേവന്‍ നായര് വിളിച്ചിരുന്നു. അടുത്ത ആഴ്ച്ചത്തേക്ക് ഒരു ആര്‍ട്ടിക്കിള്‍ വേണം ന്ന് പറഞ്ഞു. എനിക്ക് ങ്ങടെ പേരാ ഓര്‍മവന്നത്...'
വിശ്വസിക്കാന്‍ പ്രയാസം തോന്നി ആദ്യം. എം.ടി പത്രാധിപരായ മാതൃഭൂമിയില്‍ ബൈലൈന്‍ അച്ചടിച്ചുകാണാന്‍ ആര്‍ക്കാണ് മോഹമുണ്ടാകാതിരിക്കുക? പ്രശ്‌നം അതല്ല. കൗമുദിയില്‍ ജോലി ചെയ്യുമ്പോള്‍ എതിര്‍ പക്ഷത്തുള്ള പ്രസിദ്ധീകരണത്തില്‍ എഴുതുന്നത് കുഴപ്പമാവില്ലേ?
ചോദിക്കും മുന്‍പേ മറുപടി വന്നു: 'വീക്കിലീല് എഴുതുന്നു എന്നുവെച്ച് ബേജാറാവേണ്ട. ഞാന്‍ വിശ്വനാഥനോട് പറഞ്ഞോളാം.' വിശ്വനാഥന്‍ എന്നാല്‍ എ. പി വിശ്വനാഥന്‍. കൗമുദി പത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍.
പിറ്റേന്ന് തന്നെ മാതൃഭൂമി ഓഫീസില്‍ ചെന്ന് എം.ടിയെ കണ്ടു. എന്‍.പി അയച്ച ആളായതുകൊണ്ട് മാത്രം അപൂര്‍വസുന്ദരമായ ഒരു സമ്മാനം നല്‍കി എനിക്ക് എം ടി. ഒട്ടും പ്രതീക്ഷിക്കാതെ പൂത്തിരിയായി വിടരുകയും അതേ മാത്ര 'ശൂ' എന്ന് കൊഴിഞ്ഞുപോകുകയും ചെയ്ത ഒരു ചിരി. അതോ എന്റെ തോന്നല്‍ മാത്രമായിരുന്നോ അത്? ഇപ്പോഴും അത്ര തിട്ടമില്ല.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആദ്യലേഖനം പ്രസിദ്ധീകരിച്ചു വന്നത് അങ്ങനെയാണ്. വിഷയം ചെസ്സ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ്. ലേഖനം നന്നായിരുന്നു എന്ന എം.ടിയുടെ സാക്ഷ്യപ്പെടുത്തല്‍ എന്‍ പിയില്‍ നിന്നറിഞ്ഞപ്പോള്‍ ഉണ്ടായ സന്തോഷത്തിന് അതിരില്ല. ഏത് അവാര്‍ഡിനേക്കാള്‍ വലിയ അംഗീകാരമാണല്ലോ.
'ന്റെ ഭാര്യ നല്ല പാചകക്കാരി ആണ് ട്ടോ. ഒരു ദിവസം വന്നാല്‍ നല്ലൊരു സദ്യ തരാം രവിക്ക്.' നിനച്ചിരിക്കാതെ ഒരു നാള്‍ എന്‍.പിയുടെ ക്ഷണം. 'മാപ്ലാര്‌ടെ വക നല്ല നായര്‍ സദ്യ, എന്താ, ങ്ങള് പോരുന്നോ ?''
ചെന്നു. എന്‍.പിക്കും മക്കള്‍ക്കുമൊപ്പമിരുന്നു കഴിച്ച സുഭിക്ഷമായ ആ ഉച്ചഭക്ഷണത്തിന്റെ സ്വാദ് ഇന്നുമുണ്ട് നാവിന്‍ തുമ്പില്‍.
എന്‍.പിയെ കാണാന്‍ പ്രശസ്തരായ സാഹിത്യകാരന്മാര്‍ ഓഫീസില്‍ വരും. പല പ്രമുഖരേയും നേരില്‍ കണ്ടത് അങ്ങനെയാണ്. ഒരിക്കല്‍ വികെഎന്‍ വന്നപ്പോള്‍ എന്‍.പി അകത്തേക്ക് വിളിച്ചു പരിചയപ്പെടുത്തി. 'ഇത് രവിമേനോന്‍. നമ്മടെ സ്‌പോര്‍ട്‌സ് ഡെസ്‌കിന്റെ ആളാ. കളിയെ കുറിച്ചാണ് എഴുതുക.'
അടിമുടി ഒന്നുഴിഞ്ഞു നോക്കി പിതാമഹന്‍: 'കണ്ടാ തോന്നില്ല്യല്ലോ കളികളുടെ ആളാന്ന്. മേനോന്‍മാര്‍ക്ക് പേരുദോഷം കേള്‍പ്പിക്കരുത് ട്ടോ.' പിന്നെ കുലുങ്ങിക്കുലുങ്ങിയുള്ള ആ ട്രേഡ് മാര്‍ക്ക് ചിരി.
മറ്റൊരിക്കല്‍ വന്നത് യൂസഫലി കേച്ചേരിയാണ്. ഇക്കരെയാണെന്റെ താമസം, അനുരാഗഗാനം പോലെ, പൊന്നില്‍ കുളിച്ച രാത്രി, അനുരാഗം കണ്ണില്‍ മുളയ്ക്കും, കടലേ നീലക്കടലേ തുടങ്ങിയ ഇഷ്ടഗാനങ്ങള്‍ കുറിച്ച വിരലുകള്‍ അന്തം വിട്ടു നോക്കിയിരിക്കേ, എന്‍.പി പറഞ്ഞു: 'കാമുകനാണ്. എവര്‍ഗ്രീന്‍ റൊമാന്റിക്.' അതുകേട്ട് പൊട്ടിച്ചിരിച്ചു യൂസഫലി.
രണ്ടു വര്‍ഷത്തോളമേ ഉണ്ടായിരുന്നുള്ളൂ എന്‍.പി കൗമുദിയില്‍. പക്ഷേ സംഭവബഹുലമായിരുന്നു ആ കാലം. മാധ്യമപ്രവര്‍ത്തന ജീവിതത്തില്‍ നിന്ന് ഒരിക്കലും അടര്‍ത്തിമാറ്റാന്‍ കഴിയാത്ത ഒന്ന്.
Content Highlights: Ravi Memon memoir about author NP Muhammed
Published: 17 Sept 2025, 04:40 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented