പാലക്കാട് എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകള്‍ നടന്നതിനുപിന്നാലെ കേരളത്തില്‍ അരങ്ങേറിയത് പ്രതിഷേധങ്ങളുടെയും പ്രതിരോധങ്ങളുടെയും പൊങ്കാലകളായിരുന്നു. രാഹുല്‍ തന്റെ പദവികള്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് എതിര്‍ രാഷ്ട്രീയപ്പാര്‍ട്ടികളും വനിതാ സംഘടനകളും വിദ്യാര്‍ഥി സംഘടനകളും രംഗത്തിറങ്ങി. ആരോപണമുന്നയിച്ച സ്ത്രീകളുടെ ഫോട്ടോകള്‍ ഉപയോഗിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ വ്യക്തിഹത്യകള്‍ നടന്നു. രാഹുലുമായി നടന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവിട്ട യുവതി താന്‍ ഗര്‍ഭിണിയാണെന്നു പറയുമ്പോള്‍ കുഞ്ഞിനെ നശിപ്പിക്കാനുള്ള നിര്‍ദ്ദേശം നല്‍കുന്ന യുവ എം.എല്‍.എയെ സമൂഹം ഏതുവിധത്തില്‍ പ്രതിരോധിച്ചു, ന്യായീകരിച്ചു, വിശകലനം ചെയ്തു എന്നു നിരീക്ഷിക്കുകയാണ് എഴുത്തുകാരായ സക്കറിയ, വൈശാഖന്‍, കല്‍പറ്റ നാരായണന്‍, ഗ്രേസി ടീച്ചര്‍, ബെന്യാമിന്‍, എസ്. ശാരദക്കുട്ടി, തനൂജ ഭട്ടതിരി എന്നിവര്‍.  

To advertise here,

കോണ്‍ഗ്രസ്സും പോലീസും വ്യക്തത വരുത്തണം- വൈശാഖന്‍

ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പൊതുമണ്ഡലത്തെ വളരെയേറെ മലിനീകരിക്കുന്ന വാര്‍ത്തകളാണ്. പരാതി എഴുതിക്കൊടുത്തിട്ടില്ല എന്നു പറയുമ്പോഴും വാര്‍ത്തകളിലൂടെ പരാതികള്‍ വരുന്നുണ്ട്. ഇതിന്റെ നിജസ്ഥിതി എന്താണ്, ഇദ്ദേഹം അപരാധിയാണോ നിരപരാധിയാണോ എന്ന് തെളിയിക്കുന്ന തരത്തിലുള്ള പ്രവൃത്തി പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതാണ്. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കെതിരെ ആരോപണമുന്നയിക്കുന്ന സ്ത്രീകള്‍ക്ക് ജീവന് ഭീഷണിയുണ്ടോ എന്ന ഭയം പോലുമുണ്ടാകും. ആ വിഷയത്തില്‍ സമൂഹം ഇടപെടുന്ന രീതിയില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നോ പോലീസിന്റെ ഭാഗത്തുനിന്നോ ഇപ്പോള്‍ നിലനില്‍ക്കുന്ന ആരോപണങ്ങള്‍ക്ക് വ്യക്തത വരുത്തിയെങ്കില്‍ മാത്രമേ ഇപ്പോള്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥ മാറിക്കിട്ടുകയുള്ളൂ. കോണ്‍ഗ്രസ് പാര്‍ട്ടിയും ഈ വിഷയം സമൂഹത്തിനുബോധ്യമാകുന്ന തരത്തില്‍ വ്യക്തത വരുത്തേണ്ടതും പരിഹാരം സ്വീകരിക്കേണ്ടതുമാണ്. 

 'ആണത്തം'എന്തൊരു ബലഹീനതയാണ്, ചതിയാണ്- കല്‍പറ്റ നാരായണന്‍

ഗ്ലാമര്‍ ഒരധികാരമാണെന്ന് ചില യുവനേതാക്കളെങ്കിലും കരുതുന്നു. അധികാരം എന്ന ആണത്തം സ്ത്രീകളെ അപമാനിക്കുന്നതിലോ സ്ത്രീത്വത്തെ
അവഗണിക്കുന്നതിലോ ആനന്ദം കാണുന്നു. എല്ലാറ്റിനേയും ഉപയോഗത്തിന്റെ കണ്ണിലൂടെ കാണുന്ന ഈ താരങ്ങള്‍ സ്ത്രീയില്‍ ലൈംഗികമായ ഉപയോഗം മാത്രം കാണുന്നു. അമ്മയിലും ലൈംഗികോപയോഗം മാത്രംകണ്ട ഈഡിപ്പസിന് കിട്ടിയ ശിക്ഷ ഓര്‍ക്കുക. സ്ത്രീ അതുമാവാമെന്നല്ലാതെ അത് മാത്രമാണെന്ന് ധരിച്ചതിനുള്ള ശിക്ഷ. അവരെ താരമാക്കിയ എല്ലാ യോഗ്യതകളും----- നിശ്ചയമായും അവര്‍ക്കതുണ്ട്., എതിരാളികളുടെ ഉറക്കം നഷ്ടപ്പെടുന്ന അളവില്‍ അതുണ്ട്--- ഇതില്‍ തട്ടിത്തകരുന്നു., 'ആണത്തം' എന്തൊരു ബലഹീനതയാണ്, ചതിയാണ്.

രാഹുലിനെപ്പോലെയുള്ളവരുടെ സ്ഥാനം മാന്‍കൂട്ടത്തിലല്ല, ചെന്നായ്ക്കൂട്ടത്തിലാണ്- ഗ്രേസി ടീച്ചര്‍

പൊതുപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ സംശുദ്ധമായ ജീവിതം നയിക്കുകതന്നെ വേണം. രാഷ്ട്രീയത്തില്‍ ധാര്‍മ്മികതയ്ക്ക് തീരെ സ്ഥാനമില്ലാതെയായിക്കഴിഞ്ഞു. മിക്ക രാഷ്ട്രീയപ്പാര്‍ട്ടികളിലേയും പ്രവര്‍ത്തകര്‍ക്കെതിരെ സ്ത്രീകളുമായി വഴിവിട്ട ബന്ധംആരോപിക്കപ്പെടുന്നുണ്ട്. അത് പലപ്പോഴും വെറുമൊരു ആരോപണം മാത്രമല്ല, കഴമ്പുണ്ട്. മുമ്പൊക്കെ ഇത്തരം പ്രശ്‌നങ്ങളുണ്ടായപ്പോള്‍ രാജിവയ്ക്കാനുള്ള ഒരു ധാര്‍മ്മികത നേതാക്കള്‍ക്കുണ്ടായിരുന്നു. നിങ്ങള്‍ക്കില്ലാത്ത ധാര്‍മ്മികത ഞങ്ങള്‍ക്കെന്തിന് എന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ പരസ്പരം വെല്ലുവിളിക്കുന്നത് അശ്ലീലമാണ്. രാഹുലിനെപ്പോലെയുള്ളവരുടെ സ്ഥാനം മാന്‍കൂട്ടത്തിലല്ല, ചെന്നായ്ക്കൂട്ടത്തിലാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഈ പെണ്‍കുട്ടികളോട് എനിക്കൊരു ചോദ്യമുണ്ട്. വിളക്കത്തെ ഈയാംപാറ്റകളാവുന്നതെന്തിന്?

നടക്കുന്നത് അതിഭീകരമായ ഇരട്ടത്താപ്പ് - സക്കറിയ

പൊതുധാരണകളെയും പൊതുമര്യാദകളെയും ബഹുമാനിച്ചുകൊണ്ട് സമൂഹത്തില്‍ കഴിയുന്നവരാരും തന്നെ സ്ത്രീകള അവഗണിക്കുകയോ, മനുഷ്യത്വവിരുദ്ധമായ രീതിയില്‍ പെരുമാറാനോ പാടില്ല എന്ന സാമാന്യബോധം നമുക്കിടയിലുള്ളതാണ്. പക്ഷേ പലരിലൂടെയും അത് വീണ്ടും ലംഘിക്കപ്പെട്ടു എന്നാണ് വര്‍ത്തമാനകാല അവസ്ഥകള്‍ വിളിച്ചുപറയുന്നത്. പൊതുപ്രവര്‍ത്തകര്‍ പലതരത്തിലുള്ള വിവാദങ്ങളില്‍ നിരന്തരം ഉള്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴും ആരും പഠിക്കുന്നില്ല. പക്ഷേ ഇത്തരം സംഭവങ്ങള്‍, പ്രശ്‌നങ്ങള്‍ എത്രകാലം സമൂഹത്തില്‍ ചര്‍ച്ചയായി നിലനില്‍ക്കുന്നു എന്നതാണ് ചോദ്യം. കുറ്റാരോപിതനായ വ്യക്തി തന്റെ ഔദ്യോഗിക ഭാരവാഹിത്വത്തില്‍ നിന്നും രാജിവെക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്യുന്നതോടെ ആ പ്രശ്‌നം തന്നെ ഇല്ലാതാവുന്ന അവസ്ഥയാണ് നമ്മുടെ സമൂഹത്തിലുള്ളത്. ഇരയാക്കപ്പെട്ട ആ യുവതിയുടെ ജീവിതം നമ്മള്‍ മറക്കുന്നു. ആ കുട്ടി എവിടെപ്പോയി, എന്തു സംഭവിച്ചു, സുരക്ഷിതയാണോ എന്നു ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ? അടുത്ത പ്രശ്‌നം വരുമ്പോള്‍ ഇത് നമുക്ക് തികച്ചും അപ്രധാനവും കേട്ടുപഴകിയതുമായ വിഷയമായി മാറുന്നു. എത്ര ഗുരുതരമായ പ്രശ്‌നവും ആവര്‍ത്തിക്കപ്പെടുന്നത് സമാനമായ മുന്‍സംഭവങ്ങള്‍ സമൂഹവും നിയമവും ഒരുപോലെ മറക്കുന്നതുകൊണ്ടാണ്. കുറേ ബഹളങ്ങള്‍ കൊണ്ട് നമ്മള്‍ തൃപ്തരാവുന്നു. ഈ പെണ്‍കുട്ടി തന്റെ അനുഭവം തുറന്നു പറഞ്ഞതിലൂടെ നമ്മള്‍ എത്രപേര്‍ പിന്തുണച്ചു? എത്രപേര്‍ കുറ്റാരോപിതനെ മാന്യവത്ക്കരിച്ചു? വെറെ പലരുടെയും കാര്യത്തില്‍ തുറന്നുപറച്ചിലുകള്‍ നടത്തിയ പെണ്‍കുട്ടികളുടെ അവസ്ഥയില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടായോ? അതിഭീകരമായ ഇരട്ടത്താപ്പ് ഇതിനകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീകളുടെ പക്ഷത്തുനിന്നുകൊണ്ടുള്ള, അവരുടെ അവസ്ഥയില്‍ ആകുലതപ്പെട്ടുകൊണ്ടുള്ള ഒരു സംവാദമല്ല ഇവിടെ നടക്കുന്നത്. ഒരു പ്രത്യേകരാഷ്ട്രീയപ്പാര്‍ട്ടിയെ ചുറ്റിപ്പറ്റിയുള്ള സംവാദങ്ങള്‍ മാത്രമായി ഇത് ഒതുങ്ങുന്നു. സ്ത്രീപക്ഷമായ നിലപാടുകള്‍ക്കല്ല ഇവിടെ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. അതേസമയം മൂന്നരക്കോടി മലയാളികളുടെ ജീവിതങ്ങളെ ഒരു പുതിയ ഭാവിയിലേക്കു നയിക്കാനുള്ള ഉത്തരവാദിത്തം ആര്‍ത്തിയോടെ ഏറ്റെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ മനഃശാസ്ത്രം സംസ്‌കാരശൂന്യമാവുകയാണ് ചെയ്യുന്നത്. സ്ത്രീകളെ അലങ്കാരവസ്തുക്കളും ആജ്ഞാനുവര്‍ത്തികളും പുരുഷാധിപത്യ ബിനാമികളും മാത്രമായി കാണുകയാണ് ചെയ്യുന്നത്. 

ആണിന്റെ കെട്ട കാഴ്ചകള്‍ വിളിച്ചുപറയുന്ന പെണ്ണിനെയാണ് ഇന്ന് കാണാനാവുക-എസ്. ശാരദക്കുട്ടി

ആണധികാര രാഷ്ട്രീയത്തിന്റെ ഏറ്റവും വികൃതവും അറപ്പുളവാക്കുന്നതും പൈശാചികവുമായ ഒരു മുഖമാണ് ജനപ്രതിനിധി കൂടിയായ രാഹുല്‍ മാങ്കൂട്ടത്തിന്റെ ചെയ്തികളില്‍ കഴിഞ്ഞ ദിവസങ്ങളായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സത്യത്തില്‍ മിന്നല്‍ വേഗത്തിലുള്ള, അസൂയാവഹമായ രാഷ്ട്രീയവളര്‍ച്ചയില്‍ നിന്ന് പാതാളത്തിലേക്കെന്ന വണ്ണമുള്ള ഈ സ്വയംകൃതപതനം കണ്ട ഞെട്ടലിലായിരുന്നു കുറെ സമയം.

പെണ്‍കുട്ടികള്‍ പഴയ പെണ്‍കുട്ടികളല്ലെങ്കിലും ആങ്കൂട്ടങ്ങള്‍ക്ക് ഒരു വളര്‍ച്ചയുമുണ്ടാകുന്നില്ല എന്ന കാര്യം എത്രയോ തവണ പറഞ്ഞു കഴിഞ്ഞതാണ്.
അവള്‍ ശരിയല്ല, അവള്‍ ചാറ്റ് ചെയ്യുന്നു, അവള്‍ രാത്രിയില്‍ വിളിക്കുന്നു, അവള്‍ക്കെന്നോട് ക്രഷാണ് എന്നുദ്‌ഘോഷിക്കുന്ന ആണ്‍കൂട്ടത്തെ ആദ്യമായല്ല കാണുന്നതും. ആ ക്രൂരഭരണങ്ങളെ മറികടക്കല്‍ എന്നാല്‍ പാട്രിയാര്‍ക്കല്‍ ഫാഷിസ്റ്റ് രേഖയെ മറികടക്കുക എന്നു തന്നെയാണ്. അധികാരമില്ലായ്മയുടെ പലതരം അവസ്ഥകളോടുള്ള പ്രതിഷേധമാണത്. 

 നൂറ്റാണ്ടുകളായി സ്ത്രീകള്‍ ഓടിയ ഓട്ടങ്ങളും ചാടിക്കടന്ന ഹര്‍ഡില്‍സും ഒന്നു തിരിഞ്ഞുനോക്കൂ. ഏതുരംഗത്തായാലും സ്ത്രീകള്‍ ഓടിയേടത്തോളമൊന്നും, ചാടിക്കടന്നിടത്തോളമൊന്നും ഇവിടെ ഒരു പുരുഷനും എത്തിയിട്ടില്ല.

ഈ 'ബുദ്ധിയില്ലാത്ത' പെണ്ണുങ്ങള്‍ എന്റെ പിന്നാലെ ഇങ്ങനെ എന്റെ 'കാര്യം' കാണുന്നതു വരെ ഇഴഞ്ഞോളും എന്ന ലിംഗഗര്‍വ്വിന് തിരിച്ചടി കിട്ടിത്തുടങ്ങിയിട്ട് കാലം കുറെയായല്ലോ. ഇങ്ങനെ കാലങ്ങളായിത്തുടരുന്ന ലിംഗഗര്‍വ്വിനെ വലിച്ചു പുറത്തെടുത്ത് മുളകു പുരട്ടി പൊരിവെയിലത്തു നിര്‍ത്താന്‍ ധൈര്യപ്പെടുന്ന പെണ്‍കുട്ടികളെയാണ് കവി കെ.സി. ഉമേഷ് ബാബു 'വിഷകന്യകമാര്‍' എന്ന് ഒരു ലജ്ജയുമില്ലാതെ ചാനല്‍ ചര്‍ച്ചയില്‍ വിശേഷിപ്പിച്ചത്. പാവം പിടിച്ച മിടുക്കന്മാരായ ചുണക്കുട്ടികളെ വഴിപിഴപ്പിക്കുന്നത് സോഷ്യല്‍ മീഡിയയിലെ 'വിഷകന്യക'മാരാണെന്ന് പറയുന്നതിലൂടെ ഉമേഷ് ബാബു തന്റെ പുരോഗമനജീവിതനാട്യങ്ങളെയും തന്റെ കവിനാട്യങ്ങളെയും പരിതാപകരമാം വിധം വെളിപ്പെടുത്തുക മാത്രമല്ല ചെയ്തത്, സ്വയം മുറിവേറ്റ് പൊതുമധ്യത്തില്‍ നീതിക്കുവേണ്ടി ശബ്ദിക്കുന്നവരെ അവഹേളിക്കുക കൂടിയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ വരെ അയാളുടെ നീചത്വങ്ങള്‍ക്ക് എതിരെ സംസാരിക്കുമ്പോഴാണ് പുരോഗമന മുഖംമൂടിയണിഞ്ഞ ഈ കുലപുരുഷ പ്രതിനിധി അതിജീവനശ്രമം നടത്തുന്നവരെ അവഹേളിച്ചു കൊണ്ട് പീഡകന് സത്സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. പെണ്ണിനെ കുറിച്ചുള്ള നിങ്ങളുടെ ചിന്താഗതികളും കാഴ്ചപ്പാടുകളും ഇന്നും നൂറ്റാണ്ടുകള്‍ക്കു പിന്നില്‍ത്തന്നെ. ഈ വാക്കുകള്‍ക്ക് കേരളത്തിലെ സ്ത്രീകള്‍ നിങ്ങള്‍ക്ക് മാപ്പു നല്‍കില്ല.

 ആണധികാരത്തിന്റെയും ജാത്യധികാരത്തിന്റെയും വലിയ കോട്ടകളെ അനായാസം തച്ചുടയ്ക്കുന്നതിന് സ്ത്രീക്ക് ശാസ്ത്രം നല്‍കിയ ഏറ്റവും മികച്ച ടൂള്‍ ആണ് സോഷ്യല്‍ മീഡിയ. ഒരു കുരുക്കിനും പിടി കൊടുക്കാതെ, അവര്‍ സ്വയം രക്ഷിച്ചെടുക്കുകയാണ്.

മാന്യതയുടെ തോതളക്കുന്ന നിങ്ങളുടെ ആ പഴയ ഉപകരണത്തിന് അവള്‍ പുല്ലുവില പോലും നല്‍കില്ല. പറയാനുള്ളത് ധൈര്യപൂര്‍വ്വം പറയുകയും, തനിക്കെതിരെ നീളുന്ന വിരലുകളുടെ മുന ഒടിച്ചുകളയുകയും ചെയ്യുന്ന സ്ത്രീകള്‍ ഇതുപോലെയുള്ള പുരുഷന്മാര്‍ക്കൊപ്പമെത്താനല്ല, മറിച്ച് പഴയ തന്നേക്കാള്‍ മികച്ച ഒരു തന്നെത്തന്നെ സൃഷ്ടിച്ചെടുക്കാനുള്ള യത്‌നത്തിലാണ്.   

തന്നെ ആക്രമിക്കുവാനെത്തുന്ന ആണത്തത്തെ, സവര്‍ണ്ണതയെ, മേല്‍ക്കോയ്മാ ഭാവങ്ങളെ നിഷ്‌ക്രിയമാക്കുന്ന തരത്തില്‍ ഒരു സ്ത്രീബോധം ഇവിടെ ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നു. ധീരതയുടെ വിഷയത്തിലും പാരമ്പര്യ ധാരണകളെ ചവിട്ടിത്തെറിപ്പിക്കുന്ന വിഷയത്തിലും സ്ത്രീകള്‍ നേടിയ വളര്‍ച്ച അത്ഭുതകരമാണ്. അതിനെ ഭയക്കുന്നവരുടെ ശബ്ദമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ 'who cares'- ലും ഉമേഷ് ബാബുവിന്റെ വിഷകന്യകയിലും കേള്‍ക്കുന്നത്. 

ഇന്നത്തെ സ്ത്രീ നേടിയ ആധുനികമായ ഒരുള്‍ബലമുണ്ട്. അതിനെ സമൂഹവും അധികാരകേന്ദ്രങ്ങളും ഭയപ്പെടുന്നുണ്ട് എന്നതാണ് അവള്‍ നേടിയ ജ്ഞാനപീഠം. അത് ഒരധികൃതരും ചെയ്തു തന്ന ഔദാര്യമല്ല. മറിച്ച് പാട്രിയാര്‍ക്കല്‍ വ്യവസ്ഥകളോട് മല്ലടിച്ച് തലമുറകളിലൂടെ അവള്‍ നേടിയെടുത്ത പീഠമാണ്. കുതറുന്ന, കലഹിക്കുന്ന, പ്രതിരോധിക്കുന്ന തന്റേടിയായ സ്ത്രീയെയാണ് സോഷ്യല്‍ മീഡിയ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. ആണിന്റെ കെട്ടുകാഴ്ചയായിരുന്ന പഴയ പെണ്ണിനെയല്ല, ആണിന്റെ കെട്ട കാഴ്ചകള്‍ ഉറക്കെ വിളിച്ചുപറയുന്ന പുതിയ പെണ്ണിനെയാണ് ഇന്ന് കാണാനാവുക. 

പൊതുസമൂഹം കാണിക്കുന്ന ആ വലിയ വ്യഗ്രതയെ ഭയക്കണം- ബെന്യാമിന്‍

ഇത്തരം ആരോപണങ്ങള്‍ ശബ്ദരേഖകള്‍ അടക്കം പലര്‍ക്കെതിരെയും മുമ്പും പുറത്തുവന്നിട്ടുണ്ട്. പരാതിയില്ല, മതിയായ തെളിവുകളില്ല തുടങ്ങിയ ഒഴിവുകഴികള്‍ നിരത്തിക്കൊണ്ട് അവരവരുടെ കക്ഷിക്കാരെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് അപ്പോളെല്ലാം സംഭവിക്കുന്നത്. ഇപ്പോളുള്ള ആരോപണത്തില്‍ ശബ്ദരേഖകളും ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടും ഉണ്ടായിട്ടുപോലും പരസ്യമായി തങ്ങളുടെ അനുഭവങ്ങള്‍ പുറത്തുപറയുന്നവരെ തെറിവിളിക്കുന്ന പ്രവണതയിലാണ് നമ്മുടെ സമൂഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കുറ്റാരോപിതനായ വ്യക്തി ഒരു പോസ്റ്റിട്ടാല്‍ അത് പങ്കുവെച്ചുകൊണ്ട് അയാളെ പ്രോത്സാഹിപ്പിക്കുന്ന പ്രവണതയാണ് അയാളെ നമ്മുടെ ഇടത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്നതിനുപകരം ചെയ്യുന്നത്. ഈ പ്രോത്സാഹനം നല്‍കുന്നതില്‍ പൊതുസമൂഹം കാണിക്കുന്ന ആ വലിയ വ്യഗ്രതയെ നാം ഭയക്കുക തന്നെ വേണം. ആ പൊതുസമൂഹത്തില്‍ പുരുഷന്മാര്‍ മാത്രമല്ല , സ്ത്രീകളും ഉണ്ടെന്നതാണ് അത്ഭുതകരമായ കാര്യം. ഇതൊന്നും തെറ്റായ കാര്യമല്ല, സ്വാഭാവികമായും സംഭവിക്കുന്ന കാര്യങ്ങള്‍ എന്ന രീതിയില്‍ ന്യായീകരിക്കുന്നവര്‍, വെളിപ്പെടുത്തലുകള്‍ വൈകിപ്പോയി എന്നു വിലയിരുത്തുന്നവര്‍, മതിയായ തെളിവില്ല എന്ന് കാരണം കാണിക്കുന്നവര്‍... സ്ത്രീകള്‍ ഇങ്ങനെയൊക്കെ ചെയ്യാന്‍ തയ്യാറായിട്ടല്ലേ എന്നുപറയുന്ന ഒരു പൊതുസമൂഹം ഇവിടെയുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഈ പൊതുസമൂഹത്തിന്റെ ഭൂരിപക്ഷമായ ബലത്തിലാണ് ഇവരൊക്കെ കുറച്ചുനാള്‍ കഴിയുമ്പോള്‍ എല്ലാം തേഞ്ഞുമാഞ്ഞുപോയി എന്നു പറഞ്ഞുകൊണ്ട് വീണ്ടു പുറത്തിറങ്ങി സജീവമാകുന്നത്. ഈ പൊതുമനഃസ്ഥിതി മാറാതെ ഇത്തരം അവസ്ഥകളെ മാറ്റിമറിക്കാന്‍ കഴിയില്ല. 

ഇരയാക്കപ്പെട്ടു എന്നു പറയുന്ന പെണ്‍കുട്ടി കടന്നുപോകുന്ന മാനസികാവസ്ഥ എന്താണ് എന്നതിനെക്കുറിച്ചും അവള്‍ അതില്‍നിന്നും പുറത്തുവരാന്‍ എത്ര സമയമെടുക്കും എന്നതിനെക്കുറിച്ചും ആലോചിക്കാന്‍പോലും വളരെ ഉയര്‍ന്ന ബൗദ്ധികമെന്ന് പറയുന്ന, ഇന്നത്തെ കേരളീയ സമൂഹത്തിന് കഴിയുന്നില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. എത്ര പെണ്‍കുട്ടികള്‍ക്ക് പുറത്തുവന്ന് കാര്യങ്ങള്‍ പറയാന്‍ കഴിയും എന്നൊരു ചോദ്യം നിലനില്‍ക്കുന്നുണ്ട്. ആ പെണ്‍കുട്ടികളെ ഇല്ലായ്മ ചെയ്യുന്ന തരത്തില്‍ മോശമായ വാക്കുകള്‍ കൊണ്ടാണ്, ഈ വിഷയവുമായി യാതൊരു ബന്ധമില്ലാത്ത പുരുഷന്മാരും സ്ത്രീകളും പെട്ടെന്ന് ചാടി പുറത്തേക്ക് വന്ന് പ്രതിരോധം സൃഷ്ടിക്കുന്നതായി കാണാന്‍ കഴിയുന്നത്. ഇത് ഏതെങ്കിലും ഒരു പാര്‍ട്ടിയിലോ പ്രസ്ഥാനത്തിലോ ഉള്ളതല്ല, കേരളീയ പൊതുസമൂഹത്തിന്റെ സ്വഭാവമായിട്ടാണ് കാണുന്നത്. അതുകൊണ്ടാണ് കുറച്ചുകഴിയുമ്പോള്‍ ഇതെല്ലാം തേഞ്ഞുമാഞ്ഞുപോകുന്നതും പൊതുസമൂഹത്തില്‍ വിരാജിച്ചുകൊണ്ടിരിക്കുന്നതും. ഇത്തരം സമൂഹത്തോട് എഴുത്തുകാര്‍ അഭിപ്രായം പറഞ്ഞതുകൊണ്ട് കാര്യമില്ല എന്നതുകൊണ്ടായിരിക്കാം ഒരു പക്ഷേ എഴുത്തുകാര്‍ ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയാതിരിക്കുന്നത്. അപലപിച്ചിട്ടു കാര്യമില്ല എന്നറിയാവുന്ന സമൂഹത്തിലാണ് നില്‍ക്കുന്നത് എന്ന സത്യം ഓരോ സംഭവവികാസങ്ങളും എഴുത്തുകാരെ ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നുണ്ട്. 

എന്താണ് പരസ്പര സൗഹൃദങ്ങള്‍, സ്ത്രീകളോടുള്ള കാഴ്ചപ്പാട് എങ്ങനെയായിരിക്കണം, എന്താണ് സ്‌നേഹബന്ധം, ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ എര്‍പ്പെടുമ്പോള്‍ പുലര്‍ത്തേണ്ട മാന്യതകള്‍ എന്താണ് എന്നൊക്കെയുള്ള വലിയ മര്യാദകള്‍ ബന്ധങ്ങളുടെ അടിസ്ഥാനഘടങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. യു.എസ് നേവിയില്‍ ഞാന്‍ കുറച്ചുകാലം ജോലിചെയ്തിരുന്നു. മനുഷ്യബന്ധങ്ങളെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും അവിടെ എഴുതിവെച്ചിരുന്ന കുറച്ചു ഓര്‍മപ്പെടുത്തലുകളുണ്ടായിരുന്നു. വ്യക്തിജീവിതത്തില്‍ പാലിക്കപ്പെടേണ്ടതായ ഉപദേശങ്ങളായിട്ടായിരുന്നു ഞാന്‍ ആ നിര്‍ദ്ദേശങ്ങളെ കണ്ടത്. നിങ്ങള്‍ സ്‌നേഹത്തിലാണ് എന്നുള്ളത് ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള കാരണമല്ല എന്നതാണ് ഒന്നാമതായി പറയുന്നത്. നിങ്ങള്‍ക്കിഷ്ടപ്പെടുന്ന, ആകര്‍ഷിക്കപ്പെടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ സ്ത്രീകള്‍ ധരിച്ചു എന്നുള്ളത് അവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള സൂചനയല്ല. ഉഭയസമ്മതപ്രകാരം ഇതിനുമുമ്പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നത് അടുത്ത തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കാരണമല്ല. ഓരോ തവണയും നിങ്ങള്‍ക്കാ സമ്മതം ആവശ്യമാണ്. അത്തരത്തില്‍ കുറേക്കൂടി ആര്‍ജവമുള്ള, മൂല്യബോധമുള്ള സമൂഹമായി നാം മാറേണ്ടതുണ്ട്. ഇരകളാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കാന്‍ സമൂഹത്തിന് കഴിയട്ടെ,  സ്ത്രീകളോട് കുറേക്കൂടി മാന്യമായി പെരുമാറാന്‍ പുരുഷന്മാര്‍ക്ക് കഴിയട്ടെ. അധികാരവും സ്വാധീനവും സ്ത്രീകളെ ഇരകളാക്കിമാറ്റാന്‍ വേണ്ടിയുള്ള ആയുധങ്ങളാക്കരുത്. ഇത്തരം പ്രവണതകള്‍ തെറ്റായ സന്ദേശമാണ് യുവതലമുറയ്ക്ക് നല്‍കുന്നത്. പുതിയ തലമുറ കുറേക്കൂടി ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധാലുക്കളാണ്. മുതിര്‍ന്ന തലമുറയെ ഇത്തരം കാര്യങ്ങളില്‍ യാതൊരു കാരണവശാലും മാതൃകയാക്കരുത് എന്നുകൂടി പറയാനാഗ്രഹിക്കുന്നു. 

നമ്മുടെ സമൂഹം കട്ടിലിനെ ചോദ്യം ചെയ്യുന്നു- തനൂജ ഭട്ടതിരി

ഒന്നോ രണ്ടോ പരാതികളല്ല ഇപ്പോള്‍ രാഹുലിന്റെ പേരില്‍ വന്നിരിക്കുന്നത്. പല സ്ത്രീകള്‍ പരാതിയുമായി മുന്നോട്ടുവന്നിട്ടുണ്ട്. ഒരേ സമയം പല സ്ത്രീകളുമായി ബന്ധം സ്ഥാപിക്കാന്‍ ഇയാള്‍ മുതിര്‍ന്നിട്ടുണ്ടെന്നും ആ ബന്ധം നിലനിര്‍ത്താന്‍ സ്വയം മുന്‍കൈയെടുത്തെന്നും അതില്‍ പ്രശ്‌നം വന്നപ്പോള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെന്നുമൊക്കെ ഇതുവരെയുള്ള വിവരങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. അങ്ങനെയൊരാള്‍, ആരുതന്നെയായാലും, പൊതുജനതയുടെ മുന്നില്‍ പ്രശ്‌നമായിട്ട് തന്നെ നില്‍ക്കുന്നയാള്‍ തന്നെയാണ്. അങ്ങനെ നോക്കുമ്പോള്‍ ഒരു ജനപ്രതിനിധി എന്ന നിലയില്‍ വളരെ ഗുരുതരമായ അന്തരീക്ഷമാണ് രാഹുല്‍ സൃഷ്ടിച്ചിരിക്കുന്നത്. കൂടെ നില്‍ക്കുന്നവര്‍ തെറ്റു ചെയ്താല്‍ അവരെ പൊതിഞ്ഞുസംരക്ഷിക്കുന്ന പ്രവണത കാണിക്കാതെ ഉമ തോമസ്സിനെപ്പോലുള്ളവര്‍ നടത്തിയ പ്രസ്താവന സ്വാഗതാര്‍ഹമാണ്. തന്റെ വീട്ടിലെ പെണ്‍കുട്ടികളെപ്പോലുള്ളവര്‍ നാളെ ഈ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരോടൊപ്പമാവരുത് പാര്‍ട്ടി എന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. സ്ത്രീകളെ ആകര്‍ഷിക്കാന്‍ കഴിവുള്ള പുരുഷന്മാര്‍ക്ക് ഒരുപാട് കഴിവുകളുണ്ടാവും ഒരുപാട് പോരായ്മകളുമുണ്ടാവും. അധികാരം, സൗകുമാര്യം, ശബ്ദം, പ്രസംഗിക്കാനുള്ള കഴിവ്, കലാഭിരുചികള്‍... ഇങ്ങനെയുള്ള പുരുഷന്മാരുമായി പെണ്‍കുട്ടികള്‍ അടുക്കുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതൊന്നുമല്ല. ബന്ധങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ അറിയാം സ്ത്രീ-പുരുഷബന്ധം എങ്ങനെയായിരുന്നു നിലനിന്നിരുന്നതെന്ന്. ആത്മാര്‍ഥമായ ബന്ധങ്ങള്‍ എത്രയുണ്ടായിരുന്നുവെന്നും നമുക്ക് അറിയാം. 

രാഹുല്‍ വിഷയം കക്ഷിരാഷ്ട്രീയം നോക്കാതെ ജനങ്ങള്‍ ഏറ്റെടുക്കാന്‍ കാരണം ഗര്‍ഭിണിയായ ഒരു യുവതി ഇയാളുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളിലെ യാഥാര്‍ഥ്യമാണ്, ആത്മാര്‍ഥതയാണ്. അവള്‍ കട്ടിലിന്റെയരികില്‍ എത്തിയിട്ടല്ലേ എന്ന ചോദ്യവും നമ്മുടെ സമൂഹത്തില്‍ നിന്നുയര്‍ന്നു. ലോകത്തെ എല്ലാ മനുഷ്യരും ഉണ്ടായത് ഒരു സ്ത്രീയോ പുരുഷനോ കട്ടില്‍ വിരിച്ചതുകൊണ്ടാണല്ലോ. അത് പൊലിപ്പിച്ചുപറയേണ്ടതായ കാര്യമൊന്നുമില്ല. ഈ വിഷയം സമൂഹം ചര്‍ച്ച ചെയ്യാന്‍ തയ്യാറായി എന്നതും ആ പെണ്‍കുട്ടി തന്റെ ആത്മാഭിമാനം മുറിവേറ്റപ്പോള്‍ പ്രതികരിച്ചു എന്നതും സ്വാഗതാര്‍ഹമാണ്. പ്രതീക്ഷയുള്ള മറ്റൊരുകാര്യം തന്റെ മാനം പോയി, ആത്മഹത്യ ചെയ്യുന്നു എന്നൊന്നും പറയാതെ അന്തസ്സായി അവള്‍ പൊരുതി നില്‍ക്കുന്നു. അയാള്‍ കാണണമെന്നു പറയുമ്പോള്‍ തന്നെ കൊല്ലാനാണോ, കുഞ്ഞിനെ കൊല്ലാനാണോ, എന്നവള്‍ ഉറക്കെ ചോദിക്കുന്നു. രാഹുല്‍ ചോദിക്കുന്നതുപോലെ അവളെ കൊല്ലാന്‍ എത്രനിമിഷം വേണ്ടിവരും എന്നതിനെപ്പോലും അവള്‍ അന്തസ്സോടെ വെല്ലുവിളിക്കുന്നു.

ഇത്രയും തീവ്രമായ വിഷയങ്ങളെ ആളുകള്‍ നിസ്സാരമായിക്കണ്ട് സോഷ്യല്‍ മീഡിയയില്‍ ഗൗരവം ചോര്‍ന്നുപോകത്തക്കവിധത്തില്‍ അവതരിപ്പിക്കുന്നത് അത്യന്തം വേദനാജനകമാണ്. ഒരു പെണ്‍കുട്ടിയോടുള്ള നീതിനിഷേധമാണിത്. രാഹുലിനെതിരേ പരാതി പറഞ്ഞ നടിയുടെ വസ്ത്രത്തിനുപിറകേയാണ് നമ്മള്‍ പോയത്. നടിയുടെ പരാതിയെ എത്രകണ്ട് ഗൗനിച്ചു? വ്യക്തിഹത്യകള്‍ നടത്തി വിഷയം നിസ്സാരമാക്കി തള്ളിക്കളയുന്ന പ്രവണതയ്‌ക്കെതിരേ നിലപാട് എടുക്കേണ്ടതുണ്ട്. 

സമൂഹം ഒരു പ്രശ്‌നം നേരിടുമ്പോള്‍ രണ്ടുതട്ടായി തിരിഞ്ഞ് വഷളാക്കുകയും നിസ്സാരമാക്കുകയും ചെയ്യുകയാണ് നമ്മള്‍. അതിനിടയില്‍ വിഷയത്തിന്റെ ഗൗരവം ചോര്‍ന്നുപോകുന്നു. ഗര്‍ഭിണിയായ ഒരു സ്ത്രീയോട് ആ ഭ്രൂണം അലസിപ്പിക്കണം എന്ന് ആവശ്യപ്പെട്ടതാണ്, കല്‍പിച്ചതാണ്, രാഹുല്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. ഒരു കൊലപാതകത്തിന് തുല്യമായ ക്രൈം ആണത്. സ്ത്രീയുടെ ശരീരം സ്ത്രീയുടെ അവകാശം എന്നു കൊട്ടിഘോഷിക്കുന്ന സമൂഹത്തിലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. പ്രസവിക്കണോ വേണ്ടയോ എന്ന് ആ യുവതി ശക്തമായ തിരുമാനമെടുക്കുമ്പോള്‍, നിങ്ങളുടെ ആരുടെയും സഹായമില്ലാതെ വളര്‍ത്തിക്കോളാം എന്നു പറയുമ്പോള്‍ വീണ്ടും വീണ്ടും ആ കുഞ്ഞിനെ നശിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്ന അയാളുടെ മാനസികനില എന്താണ്? ആ ഒരൊറ്റ കാരണം കൊണ്ടുതന്നെ രാഹുല്‍ ജനാധിപത്യ സംവിധാനത്തിലെ ഒരു പദവിയിലും തുടരാന്‍ അര്‍ഹനല്ല.