
വിശിഷ്ട പണ്ഡിതരുടെയും സംന്യാസിവര്യന്മാരുടെയും തത്വചിന്തകരുടെയും അവരില്‍ പ്രമുഖനായിരുന്ന ശ്രീ ശങ്കരാചാര്യരുടെയും നാടായ, ദൈവങ്ങളുടെ മനോഹരമായ ഈ നാട്ടിലേക്ക് ഞാന്‍ എപ്പോഴും ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെത്തുമ്പോള്‍ വീട്ടിലേക്ക് വന്നുകയറുന്ന അനുഭവമാണ് എപ്പോഴും ഉണ്ടായിട്ടുള്ളത്. കേരളത്തില്‍ ഇതെന്റെ പതിനൊന്നാമത്തെ സന്ദര്‍ശനമാണെന്ന് അറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. ഇവിടെ നില്‍ക്കുമ്പോള്‍ മാതൃഭൂമി മാനേജിങ് ഡയറക്ടറും എഴുത്തുകാരനും വാഗ്മിയുമായിരുന്നു എം.പി വീരേന്ദ്രകുമാറിന്റെ ഓര്‍മകള്‍ എന്നില്‍ നിറയുന്നു. അതോടൊപ്പം തന്നെ ഇന്ത്യന്‍ സാഹിത്യത്തിലെ തലമുതിര്‍ന്നയാളും എന്റെ സഹോദരനുമായിരുന്ന എം.ടി വാസുദേവന്‍ നായരെയും ഓര്‍ക്കുകയാണ്. 2018-ല്‍ കോഴിക്കോട് സന്ദര്‍ശിച്ചപ്പോള്‍ ഈ രണ്ട് മഹാന്മാരുടെയും അനുഗ്രഹാശ്ശിസുകള്‍ ഏറ്റുവാങ്ങാന്‍ എനിക്കു സാധിച്ചിരുന്നു. രണ്ടുപേര്‍ക്കും എന്റെ ആദരഞ്ജലികള്‍ അര്‍പ്പിക്കുകയാണ്.
1998-ല്‍ എം.ടിയുടെ പത്രാധിപത്യത്തില്‍ എന്റെ നോവല്‍ 'ദ്രൗപദി' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വിവര്‍ത്തനം ചെയ്ത് ഖണ്ഡശ്ശഃയായി പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്. 'മോതിരം' എന്ന കഥയുടെ വിവര്‍ത്തനവും അച്ചടിച്ചുവന്നു. മാതൃഭൂമിയില്‍ സൃഷ്ടികള്‍ അച്ചടിച്ചുവരിക എന്നത് ഏതൊരു ഇന്ത്യന്‍ എഴുത്തുകാരുടെയും സ്വപ്‌നമാണ്. എം.ടിയോടും മാതൃഭൂമിയോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ ജീവരക്തമായ ചിന്തകര്‍, എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, വായനക്കാര്‍ തുടങ്ങിയവരുടെ സമക്ഷത്തില്‍ ശ്രേഷ്ഠമായ ഈ സാഹിത്യപുരസ്‌കാരം മലയാളത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ സാറാ ജോസഫിന് സമ്മാനിക്കാന്‍ നിയോഗിക്കപ്പെട്ടതില്‍ ഞാന്‍ കൃതാര്‍ഥതയുളളവളാണ്.
1923-ല്‍ മാതൃഭൂമി പിറവികൊണ്ടത് ഇന്ത്യന്‍ പത്രസ്ഥാപനങ്ങളുടെ നീണ്ടനിരയില്‍ ഒന്നുമാത്രമായി ഒതുങ്ങാന്‍ വേണ്ടിയായിരുന്നില്ല. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി ദേശീയദിനപത്രമായി സ്വീകരിക്കപ്പെട്ടുകൊണ്ട്, മഹാത്മാഗാന്ധിയുടെ അനുഗ്രഹാശ്ശിസുകളോടെ കെ.പി കേശവമേനോന്റെ സാരഥ്യത്തില്‍ സ്ഥാപിക്കപ്പെട്ടതാണ്. ദേശീയതയുടെ ശബ്ദം ഉയര്‍ത്തിക്കേള്‍പ്പിച്ചുകൊണ്ട് തന്റെ പേരിന്റെ അര്‍ഥത്തോട് പൂര്‍ണമായും നീതിപുലര്‍ത്താന്‍ മാതൃഭൂമിക്ക് കഴിഞ്ഞു.
2024-ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരം മലയാളസാഹിത്യത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലും സ്വയമൊരു പ്രസ്ഥാനമായി മാറിയ സാറാജോസഫിന് സമ്മാനിക്കുന്ന അനര്‍ഘ നിമിഷമാണിത്. അവരുടെ കഥകള്‍ വെറും മഷിമുക്കി എഴുതപ്പെട്ടവയല്ല. തീകൊണ്ട് കാച്ചിയെടുത്ത്, മാനുഷികതയെക്കുറിച്ച് ആഴത്തിലുള്ള ബോധ്യങ്ങളുടെ വെളിച്ചത്തില്‍ സൃഷ്ടിക്കപ്പെട്ടവയാണ്. തന്റെ കഥകളിലൂടെയും നോവലുകളിലൂടെയും നിശബ്ദരാക്കപ്പെട്ടവര്‍ക്ക് സാറാ ജോസഫ് ശബ്ദം നല്‍കി. അന്നേവരെ തികച്ചും ഉപരിപ്ലവമായി മാത്രം പരാമര്‍ശിക്കപ്പെട്ടിരുന്ന ജീവിതങ്ങളിലേക്കും പ്രശ്‌നങ്ങളിലേക്കും എഴുത്തുകാരി നമ്മുടെ ശ്രദ്ധ തിരിച്ചുവിട്ടു. മായികലോകങ്ങളൊന്നും തന്നെ സാറാ ജോസഫ് സൃഷ്ടിച്ചില്ല. ജാതി, വര്‍ഗ, ലിംഗ അസമത്വങ്ങളിലൂന്നിയ ക്രൂരയാഥാര്‍ഥ്യമുള്‍ക്കൊള്ളുന്ന, നമ്മള്‍ ജീവിക്കുന്ന ലോകത്തെ നേരിടാന്‍ അവര്‍ നമ്മെ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു.

അടിച്ചമര്‍ത്തപ്പെട്ടവരുടെ വീക്ഷണത്തിലൂടെ കാര്യങ്ങളെ നോക്കിക്കാണാന്‍ സാറാ ജോസഫ് നമ്മെ പ്രേരിപ്പിച്ചു, സഹതാപത്തോടെയല്ല മറിച്ച് മാന്യതയോടെ, സത്വരതയോടെ, ധൈര്യത്തോടെ. എഴുത്തുകാരുടെയും വായനക്കാരുടെയും തലമുറകള്‍ക്ക് മുന്നില്‍ തന്റെ പ്രബലമായ സാഹിത്യശബ്ദത്തോടെ ദീപവാഹകയായി അവര്‍ നിന്നു. സാറാ ജോസഫിനെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം നല്‍കി ആദരിക്കുന്നതിലൂടെ അവരുടെ അക്ഷരങ്ങളെ ഘോഷിക്കുകയല്ല നമ്മള്‍ ചെയ്യുന്നത് മറിച്ച് അവര്‍ വഹിക്കുന്ന ഭയരഹിതമായ സത്യങ്ങളെ ആഘോഷിക്കുകയാണ്. ധൈര്യശാലികളുടെ വിനയവും യഥാര്‍ഥ ബോധ്യത്തിലൂന്നിക്കൊണ്ട് സത്യം പറയാനുള്ള പ്രതിബദ്ധതയും കൊണ്ട് നിറഞ്ഞ ഒരു സാമൂഹിക പരിഷ്‌കര്‍ത്താവിന്റെ ധര്‍മം നിര്‍വഹിക്കുന്നതാണ് സാറാ ജോസഫിന്റെ രചനകള്‍.
ജെന്റര്‍ വിഷയങ്ങള്‍ മാത്രമല്ല, ജാതി-വര്‍ഗ-ലൈംഗിക വിഷയങ്ങളിലും ഫെമിനിസ്റ്റ് സാഹിത്യം പര്യവേക്ഷണം ചെയ്തിട്ടുണ്ട്. ലിംഗാധിഷ്ഠിത അതിക്രമങ്ങളും സ്ത്രീഅവകാശങ്ങളും സത്വപ്രതിസന്ധിയുടെ സങ്കീര്‍ണതകളും പുതിയ മാനത്തില്‍ സംവദിക്കാന്‍ വാതില്‍ തുറക്കപ്പെട്ടത് ഇവിടെയാണ്. ഇത് ബോധവത്ക്കരണം സാധ്യമാക്കാനും സാമൂഹിക മാറ്റത്തിന് ഉത്തേജനം നല്‍കാനും സഹായകമായി.
ആധുനിക കാലത്തെ ഒരു എഴുത്തുകാരന്‍/ കാരി രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ ജീവിക്കുകയും സ്വന്തം ചരിത്രരേഖ സൃഷ്ടിക്കുകയും ചെയ്യുന്നു. വ്യക്തിയുടേയോ, സമൂഹത്തിന്റെയോ, ലോകത്തിന്റേതുതന്നയോ ആയിട്ടുള്ള, സ്വയമുള്ളതും അല്ലാത്തതുമായ സംഘര്‍ഷവും ഏറ്റുമുട്ടലുകളും കൊണ്ട് നിറഞ്ഞ, കാലമില്ലാത്തതും അല്ലാത്തതുമായ ഒരു ചരിത്രമാണ് ആഖ്യായിക എന്നത്. വാക്കുകളില്ലാത്ത യാഥാര്‍ഥ്യത്തിലേക്ക് വാക്കുകള്‍ക്ക് എത്തിച്ചേരാനുള്ള അവസ്ഥ സംജാതമാകാന്‍ ഒരു യഥാര്‍ഥ എഴുത്തുകാരന്‍ സദാ ദൃശ്യവും അദൃശ്യവുമായ, ചലിക്കുന്നതും നിശ്ചലവുമായ, അവസ്ഥയെ മറികടന്നുകൊണ്ടേയിരിക്കുന്നു. സാഹിത്യം ലിംഗ-ഭൗമ സീമകള്‍ക്കപ്പുറം നിലകൊള്ളുന്ന ഒന്നാണ്. സത്യത്തിനുവേണ്ടിയുള്ള അന്തമില്ലാത്ത ദാഹമാണ് എഴുത്ത്. പക്ഷേ പാരമ്പര്യമോ ചരിത്രമോ പോലുള്ള ഒരു സമയപരിധിയില്‍ കുടുങ്ങിയ ഒരു മനസ്സിന് സത്യം ഗ്രഹിക്കാന്‍ കഴിയില്ല, കാരണം സത്യമെന്നത് കാലാതീതമായ അവസ്ഥയാണ്. വിശ്വകവി ടാഗോര്‍ പറഞ്ഞതുപോലെ 'കാലത്തിന്റെ ശാശ്വത പ്രവാഹത്തില്‍ ജീവിതം നിസ്സഹായമാണ്.' എന്നാല്‍ എഴുത്തുകാരുടെ ജീവിതം അവരുടെ ആയുഷ്‌കാലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ഒരു എഴുത്തുകാരന്‍/കാരി തന്റെ ജീവിതത്തെ എഴുത്ത്, പ്രമേയം, സമയം, സംസ്‌കാരം, കഥാപാത്രങ്ങള്‍ എന്നിവയുമായി അടുത്തു നിരീക്ഷിക്കുകയോ സങ്കല്‍പ്പിക്കുകയോ ചെയ്യുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം കസേരയില്‍ ഇരുന്നുകൊണ്ട് മഷികൊണ്ട് എഴുതുകയല്ല ചെയ്യുന്നത്. എന്റെ സര്‍ഗാത്മകഭൂമികയില്‍ ഒഴുകുന്ന രക്തം കൊണ്ടാണ് ഞാനെഴുതുന്നത്.
ദേശീയ വൈകാരിക വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍, ഇന്ത്യ പോലുള്ള വിശാലമായ ഒരു രാജ്യത്ത് വസിക്കുന്ന നമ്മള്‍, ഒന്നിലധികം ഭാഷകളും, ധാര്‍മ്മികതയും, സാമൂഹിക തലങ്ങളും ഉള്ളവരാണ്, സമാനമായ സാഹിത്യ-ചരിത്ര പശ്ചാത്തലവും, സമാനമായ സാമൂഹിക സാംസ്‌കാരിക പൈതൃകവും, ഭാഷാ തടസ്സത്തെ നേരിടുന്നതില്‍ ഏതാണ്ട് സമാനമായ പ്രശ്‌നങ്ങളും വെല്ലുവിളികളും നമുക്കുണ്ട്. വിരോധാഭാസമെന്നുപറയട്ടെ, ഭാഷ നമുക്കിടയിലുള്ള വലിയ വിഘാതമായി നിലനില്‍ക്കുന്നു. വിവിധ ദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്കിടയില്‍ മതിലുകള്‍ സൃഷ്ടിക്കുന്നു ഭാഷ. പക്ഷേ ആ മതിലുകള്‍ തകര്‍ത്ത് ഇന്ത്യയെ ഒരൊറ്റ അവിഭാജ്യ ആത്മാവായി നിലനിര്‍ത്താനുള്ള ശക്തി സാഹിത്യത്തിനാണ് ഉള്ളത്. മതമോ ഭാഷയോ പരിഗണിക്കാതെ നമുക്ക് 'ഇന്ത്യന്‍ സാഹിത്യ'ത്തിലൂടെ നമ്മുടെ സ്വന്തം ആത്മാവിന്റെ ഗീതം കേള്‍ക്കാന്‍ കഴിയും, കാരണം ഇന്ത്യയുടെ ആത്മാവിന്റെ ശബ്ദം ഒന്നാണ്. ഓരോ ദേശത്തെയും കുറിച്ചുള്ള മികച്ച ധാരണയ്ക്കും സാഹിത്യസംഗമത്തിനും കൈമാറ്റങ്ങള്‍ക്കും വിവര്‍ത്തനമാണ് മികച്ച വേദി. എന്റെ കൃതികള്‍ക്ക് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പടാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. മാതൃഭൂമിയടക്കമുള്ള എന്റെ പ്രസാധകരോടും വിവര്‍ത്തകരോടും ഈയവസരത്തില്‍ ഞാന്‍ നന്ദി പറയുന്നു.
ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കാന്‍ വാക്കുകള്‍ തേടുന്ന, അസംതൃപ്തനും നിവൃത്തിയില്ലാത്തവനുമായ ഒരു ജീവിയാണ് എഴുത്തുകാരന്‍. അപര്യാപ്തതയാണ് ഒരു എഴുത്തുകാരന്റെ ശാപം, കാരണം അയാളുടെ വികാരങ്ങളുടെയും അനുഭവങ്ങളുടെയും ആഴം കൃത്യമായി ചിത്രീകരിക്കാന്‍ വാക്കുകള്‍ക്ക് കഴിയാതെ പോകുന്നു. അതുകൊണ്ടുതന്നെ ഒരു സൃഷ്ടിയുണ്ടായതിനുശേഷവും എന്തെങ്കിലും പറയപ്പെടാതെ അവശേഷിക്കുന്നു, അതിനാല്‍ത്തന്നെ സൃഷ്ടിയുടെ വേദന ഒരു വറ്റാത്ത പ്രവാഹമായി നിലനില്‍ക്കുന്നു. സര്‍ഗാത്മകപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ വാക്കിനായുള്ള അലച്ചില്‍ എന്നത് എഴുത്തുകാരെ സംബന്ധിച്ചിടത്തോളം സ്വതസിദ്ധമായ ഒരു മാനസിക പ്രക്രിയയാണ്. സമൂഹത്തിലേക്ക് തിരിച്ചുപിടിച്ച കണ്ണാടി മാത്രമല്ല സാഹിത്യം, ഓരോന്നിനെക്കുറിച്ചും എഴുത്തുകാരന്‍ തന്റെയുള്ളില്‍ സാംശീകരിച്ച് വെച്ചിട്ടുള്ള, സൃഷ്ടിപരമായ ആന്തരികസ്വത്വത്തിലേക്ക് കൂടി തിരിച്ചുപിടിച്ച കണ്ണാടിയാണത്. ഇവിടെ ഭാഷ പ്രവര്‍ത്തിക്കുന്നത് ഒരാളുടെ വികാരങ്ങളുടെയും അനുഭവങ്ങളുടെയും കാതല്‍ പുറത്തുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ്, അത് നിത്യതയില്‍ രേഖപ്പെടുത്തപ്പെടുന്നു.
ഇവിടെ കൂടിയിരിക്കുന്ന യുവ എഴുത്തുകാരോടും ജേണലിസ്റ്റുകളോടും വിദ്യാര്‍ഥികളോടും ഞാന്‍ പറയുന്നു, പേന നിങ്ങളുടെ ശബ്ദമാവട്ടെ. അക്ഷരം നിങ്ങളുടെ ആയുധമാവട്ടെ. സത്യം നിങ്ങളുടെ മാര്‍ഗമാവട്ടെ. സാറാ ജോസഫിനെപ്പോലുള്ളവരുടെ ശബ്ദം ഇനിയും ഉയര്‍ന്നുകേള്‍ക്കാന്‍ മാതൃഭൂമി പോലുള്ള സ്ഥാപനങ്ങളുടെ പിന്തുണ ഇനിയുമുണ്ടാവട്ടെ. അങ്ങനെ ചെയ്യുന്നതിലൂടെ, നമ്മള്‍ കൂടുതല്‍ പ്രബുദ്ധവും, അനുകമ്പയുള്ളതും, ധൈര്യശാലിയുമായ ഒരു ലോകത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
അവസാനമായി പറയട്ടെ, സത്യത്തിന്റെയും സാഹിത്യമികവിന്റെയും പൊതുജനസേവനത്തിന്റെയും ദീപം നമുക്ക് മുന്നോട്ട് തെളിക്കാം. നമുക്ക് ഒരുപാട് വായിക്കാം. നിശബ്ദരാക്കപ്പെട്ടവര്‍ക്കായി നമുക്ക് കാതോര്‍ക്കാം. ഇതുവരെ കേള്‍ക്കാത്തവരുടെ ശബ്ദം ഉയര്‍ത്തിക്കേള്‍ക്കാം. നീതിയോടും സൗന്ദര്യത്തോടും സ്വാതന്ത്ര്യത്തോടും വളരെയടുത്തുനില്‍ക്കുന്നതാണ് നമ്മള്‍ പറയുന്നതും എഴുതുന്നതുമായ ഓരോ വാക്കും എന്നത് നമുക്ക് ഉറപ്പാക്കാം. സ്‌നേഹിക്കാനും ജീവിക്കാനും അനുവദിക്കുക എന്നതാണ് എന്റെ മുദ്രാവാക്യം. എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി.
Content Highlights: prathibha ray mathrubhumi literary award speech sarah joseph
Published: 08 Jun 2025, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented