നന്ദികെട്ടവരോ മലയാളത്തിലെ എഴുത്തുകാര്‍?


പ്രദീപ് പനങ്ങാട്

എല്ലാ ആഘോഷങ്ങള്‍ക്കും തിരശ്ശില വീണു. എസ് കെ നായര്‍ നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിച്ചു. വി ബി സി പത്രപ്രവര്‍ത്തനത്തോട് ഏതാണ്ട് വിടപറഞ്ഞു.

ഫയൽ ചിത്രം

ഥയുടെ മാന്ത്രികനായ ഉറൂബ് വെള്ളമടിക്കുമോ? അന്തർമുഖനായ എം.ടി പ്രണയിച്ചിട്ടുണ്ടോ? മലയാറ്റൂർ ഇപ്പോഴും ഗൗരവക്കാരനാണോ? തുടങ്ങിയ കൗമാരകൗതുകങ്ങളെയെല്ലാം ശമിപ്പിച്ച പുസ്തകമായിരുന്നു 'പൂർണത തേടുന്ന അപൂർണ ബിന്ദുക്കൾ.' വി. ബി. സി നായർ എന്ന പത്രാധിപർ എന്നെ ആദ്യം ആവേശിച്ചത് ഈ പുസ്തകത്തിലൂടെയാണ്, ആർത്തിപിടിച്ച വായനയിലൂടെ സാധിച്ച സാംസ്കാരികമായ ഒളിഞ്ഞുനോട്ടം. എന്റെ നാട്ടിലെ ജനത ഗ്രന്ഥശാലയിൽ നിന്നാണ് 'പൂർണ്ണത തേടുന്ന അപൂർണ്ണ ബിന്ദുക്കൾ' കിട്ടുന്നത്. വിസ്മയത്തോടെയാണ് ആ പുസ്തകത്തിലൂടെ ഒരു രാത്രി മുഴുവൻ കടന്നുപോയത്. കാരണം എന്റെ പല കൗതുകങ്ങളുടെയും ഉത്തരങ്ങൾ അതിൽ ഉണ്ടായിരുന്നു. മുന്നിലൂടെ നിരന്തരം കടന്നുപോകുന്ന മനുഷ്യകഥാനുഗായികളെക്കുറിച്ചുള്ള ചില സംശയങ്ങളായിരുന്നു അത്. തകഴി, ബഷീർ എം.ടി, ഉറൂബ് എല്ലാം വായനാവേഗത്തിൽ തിക്കിത്തള്ളിക്കയറിയ കാലമായിരുന്നു അത്. പുസ്തകങ്ങളിലെ ജീവിതം പോലെയാണോ ഈ മനുഷ്യ കഥാനുഗായികരുടെ സ്വകാര്യജീവിതവും? ആരോട് അന്വേഷിക്കും. അപ്പോഴാണ് ആ ജീവിതരഹസ്യങ്ങളുടെ അത്ഭുതലോകം വിബിസി തുറന്നിട്ടത്. ഓരോ ജീവിതത്തിനു മുൻപിലും വിസ്മയഭരിതനായി നിന്നു. ഓരോ എഴുത്തുകാരനും ഓരോ വിഭിന്ന ജീവിതപ്രപഞ്ചമാണെന്ന് തിരിച്ചറിഞ്ഞു. ഒന്നും മറ്റൊരു ലോകത്തോട് താരതമ്യപ്പെടുത്താൻ കഴിയുന്നതല്ല.

ആധുനിക മലയാളിയുടെ ഭാവുകത്വത്തെ സ്വാധിനിച്ച മലയാളനാട് വാരികയിൽ പ്രസിദ്ധീകരിച്ച ഒരു പരമ്പരയായിരുന്നു 'പൂർണത തേടുന്ന അപൂർണബിന്ദുക്കൾ.' വാരികയുടെ പത്രാധിപർ വി ബി സി നായരാണ് ഈ ജീവിതലോകം തയ്യാറാക്കിയത്. കേരളം കണ്ട മികച്ച ലിറ്റററി എഡിറ്റർമാരിൽ ഒരാളാണ് വി ബി സി.

വി ബി സി എന്ന പത്രാധിപരെ കണ്ടെത്തിയത് കാമ്പിശ്ശേരി കരുണാകരനായിരുന്നു. വ്യവസായി ആയ എസ് കെ നായർ എഴുത്തുകാരുടെയും ചലച്ചിത്രപ്രവർത്തകരുടെയും അടുത്ത സുഹൃത്തായിരുന്നു. അവരോടൊപ്പമുള്ള സായാഹ്നസൗഹൃദങ്ങളിൽ നിന്നാണ് ഒരു സാഹിത്യ പ്രസിദ്ധീകരണം എന്ന ആശയം ഉണ്ടാവുന്നത്. ജനയുഗം വാരികയുടെ ആത്മാവും പരമാത്മാവുമായ കാമ്പിശ്ശേരിയെ പത്രാധിപരാക്കാനായിരുന്നു എസ് കെ ആഗ്രഹിച്ചത്. ജനയുഗം എന്ന തറവാട് ഉപേക്ഷിക്കാൻ അദ്ദേഹം തയാറായില്ല. പകരം ശിഷ്യനായ വി ബാലചന്ദ്രൻ നായരെ വണ്ടി കയറ്റി വിട്ടു. അത് ചരിത്രത്തിലേക്കുള്ള യാത്രയായിരുന്നു. ബാലചന്ദ്രൻ, വി ബി സി നായരായി മാറി. കൊല്ലത്തു നിന്ന് പ്രസിദ്ധീകരിച്ച മലയാളരാജ്യത്തിൽ നിന്നാണ് വി ബി സി പത്രപ്രവർത്തനം തുടങ്ങുന്നത്. പിന്നീട് പട്ടം താണു പിള്ളയുടെ കേരളജനതയിലും ജോലി ചെയ്തു. അവിടെനിന്നും പുറത്തു വന്ന് ജനയുഗം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് കാമ്പിശ്ശേരി മലയാളനാട്ടിലേക്കു പറഞ്ഞുവിട്ടത്. തന്നെ കാണാൻ വന്ന മെലിഞ്ഞുണങ്ങിയ, പയ്യനായ ബാലചന്ദ്രനെ, എസ് കെ യ്ക്ക് ആദ്യം ബോധിച്ചില്ല. പക്ഷേ കാമ്പിശ്ശേരിക്ക് ആ പയ്യനിൽ പൂർണ വിശ്വാസം ഉണ്ടായിരുന്നു. വി ബി സി ഒറ്റ നിബന്ധനയേ എസ്കെ യ്ക്ക് മുൻപിൽ വെച്ചുള്ളൂ, പത്രാധിപർ എന്ന നിലയിൽ പൂർണസ്വാതന്ത്ര്യം തരണം, എസ്കെ സമ്മതിച്ചു. പിറ്റേദിവസം തന്നെ ഒരു കാറും ഡ്രൈവറും ചെലവഴിക്കാനുള്ള പണവും കൊടുത്തു വി ബി സി യെ യാത്രയയച്ചു. കേരളം മുഴുവൻ കറങ്ങി. എല്ലാ എഴുത്തുകാരെയും നേരിൽ കണ്ടു, സത്‌കരിച്ചു, ആഘോഷിച്ചു. ബഷീർ, തകഴി തുടങ്ങി ബാലചന്ദ്രൻ ചുള്ളിക്കാട് വരെയുള്ളവരുമായി സൗഹൃദത്തിലായി. മലയാളനാട് വി ബി സി യിലൂടെ അതിന്റെ ചരിത്രം രചിച്ചുതുടങ്ങി.

നിരവധി പുതുമകളാണ് വിബിസി ആവിഷ്കരിച്ചത്. എം കൃഷ്ണൻ നായരെ കൊണ്ട് സാഹിത്യവാരഫലം എഴുതിക്കാൻ പ്രേരണ നൽകിയത് വിബിസി യാണ്. ആ പേരിട്ടത് കെ. ബാലകൃഷ്ണൻ ആയിരുന്നു. മാധവിക്കുട്ടിയുടെ 'എന്റെ കഥ'യും, ഒ.വി വിജയന്റെ 'ധർമ്മപുരാണ'വുമെല്ലാം വിബിസി യുടെ കൈകളിലൂടെയാണ് പുറത്തുവന്നത്. ഒ.വി വിജയനുമായി അസാധാരണ ആത്മബന്ധം സൂക്ഷിച്ചിരുന്നു. എഴുപതുകളിൽ എഴുതിത്തെളിഞ്ഞു വന്ന എല്ലാവരും വിബിസി യുടെ പരിഗണനയ്ക്കായി കാത്തുനിന്നു. അക്കാലത്ത് വി ബി സി എന്ന പത്രാധിപർ എല്ലാ രീതികളിലും ആഘോഷിക്കപ്പെട്ടു. ഈ പത്രാധിപരെ കാണാൻ എഴുത്തുകാർ കൊല്ലത്ത് തമ്പടിച്ചു. കെ. ബാലകൃഷ്ണനു ശേഷം ഏറെ ആഘോഷിക്കപ്പെട്ട പത്രാധിപർ വി ബി സി തന്നെയാണ്. അദേഹത്തിന്റെ എഴുത്തുകളും ശ്രദ്ധിക്കപ്പെട്ടു. മംഗലശ്ശേരി എന്ന പേരിൽ എഴുതിയ സിനിമാനിരൂപണങ്ങൾ അസ്വസ്ഥതകൾ സൃഷ്ട്ടിച്ചു. മുഖഭാഗചിത്രങ്ങൾ എന്ന പേരിൽ ഒരു പംക്തി എഴുതിയിരുന്നു. പക്ഷേ വിബിസി എന്ന എഴുത്തുകാരനെ പ്രസിദ്ധനാക്കിയത് 'പൂർണത തേടുന്ന അപൂർണ ബിന്ദുക്കൾ' എന്ന പരമ്പരയാണ്.

vbc
രാംദാസ് വൈദ്യരോടൊപ്പം വിബിസി

എഴുത്തുകാരുമായി പുലർത്തിയിരുന്ന വ്യക്തിബന്ധങ്ങളാണ് ഈ പരമ്പര സാധ്യമാക്കിയത്. ഓരോ എഴുത്തുകാരുടെയും വ്യക്തിജീവിതത്തെക്കുറിച്ചുള്ള ആവിഷ്കാരമായിരുന്നു ആ പരമ്പര. ഇതിന്റെ പിറവിയെ കുറിച്ച് വി ബി സി എഴുതി: ''1974 മാർച്ച് മാസത്തിലെ ഒരു ബുധനാഴ്ച. അടുത്ത മലയാളനാടിന്റെ ഓണപ്പതിപ്പ് എങ്ങനെ പുതുമയുള്ളതാക്കാം? എസ് കെ നായരും ഞാനും ഗാഢമായ ആലോചനയിൽ ഏർപ്പെട്ടു. പല വഴികളിലൂടെ ആലോചന നീണ്ടു. ഒടുവിൽ അൽപനേരം ആലോചിച്ചിട്ട് എസ് കെ നായർ പറഞ്ഞു: 'വിബിസി ക്കു മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരെയെല്ലാം അടുത്തറിയാമല്ലോ. അവരുടെ സ്വകാര്യജീവിതത്തിലേക്ക് വെളിച്ചം വീഴുന്ന ഒരു ഫീച്ചർ ആയാൽ എന്താ?' അങ്ങനെയാണ് 'പൂർണതയെ തേടുന്ന അപൂർണബിന്ദുക്കൾ'ക്ക് ജീവൻ വീണത്. '' 1974-ഇൽ തുടങ്ങിയ പരമ്പര 1982ലെ ഓണപ്പതിപ്പോടെ പരമ്പര അവസാനിച്ചു. അവസാന ലക്കം ബാലചന്ദ്രൻ ചുള്ളിക്കാടിനെ കുറിച്ചുള്ളതായിരുന്നു. സാഹിത്യ വായനക്കാരെ ഹരം കൊള്ളിച്ച പരമ്പരയായിരുന്നു അത്.

എസ്കെ പറഞ്ഞതുപോലെ, എഴുത്തുകാരുടെ സ്വകാര്യജീവിതത്തിലേക്ക് വി ബി സി കടന്നുകയറി. പ്രണയവും വിവാഹവും എഴുതി. ജീവിതവും കൃതികളും വിശദീകരിച്ചു. ശീലങ്ങളും ദുശീലങ്ങളും ചോദിച്ചറിഞ്ഞു. അതെല്ലാം എഴുതി. എഴുത്തുകാരെ പൊതുവെ മദ്യപാനികളയാണ് അറിയപ്പെടുന്നത്. മഹാകവി ജി മുതൽ എല്ലാവരോടും ഇക്കാര്യം ചോദിച്ചു. അവരുടെ തുറന്നുപറച്ചിൽ എഴുതി ജിയെ കുറിച്ച് പറയുമ്പോൾ വി ബി സി എഴുതി: 'സിഗരറ്റുവലി ജിക്ക് വർഷങ്ങളായുള്ള ശീലമാണ്. ഇടയ്ക്ക് എട്ടുവർഷം പുകവലി ഉപേക്ഷിച്ചു ജീവിച്ചു. ആസ്മാ രോഗശമനത്തിന് ശേഷം വീണ്ടും തുടങ്ങി. മദ്യം ഇതുവരെ തൊട്ടിട്ടില്ല. മാംസവും കഴിച്ചിട്ടില്ല.' എന്നാൽ മഹാകവി പി യെക്കുറിച്ച് എഴുതുന്നത് ഇങ്ങനെ: 'മഹാകവി നല്ല പോലെ മദ്യപിക്കും. ഒരു ദിവസം മദ്യമില്ലെങ്കിൽ ഒരു തകരാറുമില്ല. ഒരിക്കലും മദ്യത്തിന് അടിമയല്ല.' തകഴിയോടൊപ്പം മദ്യപിക്കാറുള്ള വി ബി സി എഴുതി: 'തകഴിയോടൊപ്പം എത്രയോ വർഷങ്ങളായി ഞാൻ മദ്യപിച്ചിട്ടുണ്ട്. ഒരിക്കലും ഒരു മദ്യപാനിയായി ഞാൻ ഈ വലിയ മനുഷ്യനെ കണ്ടിട്ടില്ല. എത്രയധികം മദ്യപിച്ചാലും ശബ്ദത്തിലോ ചലനത്തിലോ ഒരു വ്യത്യാസവും ഉണ്ടാകാത്ത എനിക്ക് വളരെയടുത്തു പരിചയമുള്ളവരിൽ ഏക സാഹിത്യകാരൻ.'

എം.ടി യുടെ സ്വകാര്യജീവിതത്തെക്കുറിച്ച് ആദ്യം എഴുതിയത് വി ബി സി യാണ്. എം.ടി യുടെ മദ്യപാനത്തെക്കുറിച്ചും പറഞ്ഞു: 'എം ടി ദിവസവും മദ്യപിക്കാറില്ല. വല്ലപ്പോഴും. ചിലപ്പോൾ മാസങ്ങളോളം തൊട്ടില്ലെന്ന് വരും. ചില സാഹചര്യങ്ങളിൽ രണ്ടോ മൂന്നോ ദിവസങ്ങൾ അടുപ്പിച്ചു വേണ്ടി വന്നുവെന്ന് വരും. ജോലിചെയ്യുമ്പോൾ ഒരിക്കലും മദ്യപിക്കില്ല.' എന്നാൽ ഉറൂബിന്റെ ശീലങ്ങളെ ഇങ്ങനെ അവതരിപ്പിക്കുന്നു: 'ഉറൂബ് മദ്യപാനിയല്ല. എല്ലാത്തരം മദ്യവും രുചിച്ചുനോക്കിയിട്ടുണ്ട്. സ്കോച്ചു മുതൽ പട്ടച്ചാരായം വരെ. പക്ഷേ ഒന്നും ഇഷ്ടപ്പെട്ടിട്ടില്ല. ഒരു ശിക്ഷയായിട്ടാണ് തോന്നിയിട്ടുള്ളത്.' കെ സുരേന്ദ്രനെ കുറിച്ച് എഴുതുന്നു: 'കെ സുരേന്ദ്രൻ മദ്യപിക്കുന്ന സ്വഭാവക്കാരനാണ്. പക്ഷേ ഒരിക്കലും അത് ഒരു അത്യാവശ്യമായി അദ്ദേഹത്തിന് തോന്നാറില്ല.' ഇത്തരം തുറന്നെഴുത്തുകൾ ആദ്യം നടത്തിയത് വി ബി സി യാണ്.

മഹാകവി പി യെക്കുറിച്ച് ഇങ്ങനെ എഴുതി, 'ഇത്രയധികം സ്ത്രീകളുമായി ഇടപെട്ടിട്ടുള്ള ഒരു മനുഷ്യൻ കേരളത്തിൽ ഉണ്ടാവുമെന്ന് തോന്നുന്നില്ല. 'ഞാനൊന്നു ശരിക്കുനോക്കിയാൽ മതി ആ പെണ്ണ് എന്റെ പിറകെയുണ്ടാവും.' പി അങ്ങനെ പറയുന്നു. വ്യഭിചാരം ഒരു പാപമായി പി കരുതുന്നില്ല. ബഷീറിന്റെ ആദ്യ വ്യഭിചാരത്തിന്റെ കഥയും ഇതിലുണ്ട്. ഓരോ ജീവിതത്തിന്റെയും ഇരുട്ടും വെളിച്ചവും ഈ പരമ്പരയിൽ ഉണ്ട്. സ്നേഹവും തിരസ്കാരവും ഉണ്ട്. ശക്തിയും ദൗർബല്യവും ഉണ്ട്. വി ബി സി എന്ന പത്രാധിപരുടെ ധിക്ഷണാശക്തിയും വി ബി സി എന്ന സുഹൃത്തിന്റെ സ്നേഹാദരങ്ങളും ചേർന്നു സൃഷ്ടിച്ചതാണ് 'പൂർണത തേടുന്ന അപൂർണബിന്ദുക്കൾ.'

എൺപതുകളുടെ ആദ്യപാദങ്ങളിൽ വി ബി സി മലയാളനാടിന്റെ പടിയിറങ്ങി. പിന്നീട് അധികകാലം മലയാളനാട് തുടർന്നില്ല. എല്ലാ ആഘോഷങ്ങൾക്കും തിരശ്ശില വീണു. എസ് കെ നായർ നിരവധി പ്രതിസന്ധികൾ അഭിമുഖീകരിച്ചു. വി ബി സി പത്രപ്രവർത്തനത്തോട് ഏതാണ്ട് വിടപറഞ്ഞു. മലയാളനാടിന് മുൻപിൽ കാത്തുനിന്ന എഴുത്തുകാർ ഇവരെ ക്രമേണ മറന്നുതുടങ്ങി. അവർ പുതിയ ചില്ലകളിൽ കൂടുകൂട്ടി. പുരസ്കാരങ്ങളും പദവികളും തേടിയെത്തി. എസ് കെ വിട പറഞ്ഞു. വി ബി സി ഇപ്പോഴും ജീവിക്കുന്നു, കൊല്ലത്ത് ഇരവിപുരത്തിനടുത്ത് വാളത്തുഗലിൽ മംഗലശ്ശേരി വീട്ടിൽ. ഒരിക്കൽ വി ബി സി ദുഃഖം അടക്കി പറഞ്ഞു: 'മലയാളത്തിലെ എഴുത്തുകാർ നന്ദികെട്ടവരാണ്'. ആണോ അറിയില്ല. കാലം തീരുമാനിക്കട്ടെ.

Content Highlights :Pradeep Panangad Writes about veteran Editor VBC Nair

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented