മലയാളവും മലയാളിയുമുള്ളിടത്തോളം മായാത്ത പേരും പൊരുളുമാണ് ഒ.വി. വിജയൻ. നോവലിസ്റ്റായും കഥാകൃത്തായും കാർട്ടൂണിസ്റ്റായും മാധ്യമപ്രവർത്തകനായുമൊക്കെ ഭാഷയിൽ കരകവിഞ്ഞ പ്രതിഭ. ഒ.വി. വിജയനെക്കുറിച്ചുള്ള ഈ പരമ്പരയിൽ വ്യക്തിയനുഭവങ്ങളോടൊപ്പം വിജയൻ എന്ന പ്രതിഭയുടെ പല തലങ്ങൾ വെളിപ്പെടുന്നു... ‘ഒ.വി.വിജയന്: ഒരു മരണഭയപ്രബന്ധം.’ കെ. രഘുനാഥന് എഴുതുന്ന പരമ്പര.

1968 ജനുവരി 28 മുതൽ ഓഗസ്റ്റ് നാലുവരെ 28 ലക്കങ്ങളായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതപ്പെട്ട ഖസാക്കിന്റെ ഇതിഹാസം എന്ന നോവൽ വായിച്ച അന്നത്തെ സാഹിത്യയുവാക്കളിൽ ഖസാക്കു ഭാഷയിൽ സംസാരിക്കുക എന്നൊരു അനുരാഗജ്വരം പടർന്നിരുന്നു. നാട്ടിടവഴിയിലൂടെ കാൽമടമ്പിടിച്ചു നടന്ന പെൺകിടാങ്ങളിൽ അവർ ഖസാക്കിലെ യാഗാശ്വമായ മൈമൂനയെ ദർശിച്ചു. വിയർപ്പുപൊടിഞ്ഞ ചെമ്പൻ രോമങ്ങൾക്കു കീഴതിരിട്ട സ്ത്രൈണത കിനിയുന്ന കൗമാരച്ചുണ്ടുകളിൽ നൈജാമലിയെ സ്പർശിച്ചു. അസമയത്ത് വാങ്കു വിളിച്ചു. സാർത്രിനെ വായിച്ച് ദഹിക്കാതെ അസ്തിത്വവാദം ബാധിച്ച നനഞ്ഞ രവിയെപ്പോലെ അസംബന്ധികളും ദാർശനിക ഫലിതക്കാരുമായി.
ആരാണീ റിൽക്കെയുടെ തൊട്ടടുത്തിരിക്കുന്ന മുട്ടത്തുവർക്കി എന്നന്വേഷിച്ചു. 'ഒക്കെ ഒരു യോഗാ മേഷ്ട്രേ' എന്ന് ദാർശനികഭാവത്തിൽ ഉരുവിട്ടു. മലമ്പുഴ ഗസ്റ്റ്ഹൗസിൽവെച്ച് പത്മയോട് രവി ചോദിച്ചപോലെ 'പ്രിൻസ്റ്റണിൽ നിന്നെ സായ്പന്മാർ തൊട്ടുനോക്കിയോ?' എന്ന് കാമുകിമാരോട് നാടകീയമായി ചോദിച്ചു. പുനർജനിയുടെ കൂട്, കരിമ്പനകളിലെ കാറ്റ്, പഥികന്റെ വ്രണം, മഴയുടെ സുരതാവേഗം, നരകപടം എന്നൊക്കെയിട്ട് വ്യാപകമായി കഥയും കവിതയുമെഴുതി. രോഗഗ്രസ്തമായ ഈ കാലം പിന്നീട് ബോർഹസ്സിനും നെരൂദയ്ക്കും മാർക്കേസിനും വഴിയൊഴിഞ്ഞ് ഗൃഹാതുരത്വം എന്ന പുരാവസ്തു മ്യൂസിയത്തിൽ പ്രവേശിച്ചു.
അങ്ങനെയിരിക്കേയാണ് അസ്തിത്വമുക്തമായ ഒരു വെളുപ്പാൻകാലത്ത് അപ്രതീക്ഷിതമായി ഒ.വി. വിജയനെ ആദ്യമായി ഞാൻ കണ്ടുമുട്ടുന്നത്.
ആയുസ്സിൽ ഒന്നല്ല, ഒന്നരദിവസത്തെ വിജയനെ.
വിജയനെക്കുറിച്ചുള്ള ജീവത്സാഹിത്യം വിശ്വസനീയമായി ഞാൻ കേൾക്കുന്നത് വി.കെയെന്റെ പത്‌നി വേദവതിയമ്മയിൽനിന്നായിരുന്നു. ഡൽഹിയിൽ അവരുടെ അതിഥിയായി ആദ്യകാലം കുറച്ചുദിവസം വിജയൻ താമസിക്കുകയുണ്ടായി. ശങ്കേഴ്‌സ് വീക്കിലിയിൽ വി.കെയെന്റെ കോളവും വിജയന്റെ കാർട്ടൂണും കാലിളകുന്ന ഒരേ വട്ടമേശയിൽനിന്ന് നാടിളക്കാൻ പുറപ്പെട്ടു.
വിജയന് പ്രത്യേക ആഹാരനിബന്ധനകളൊന്നുമില്ലത്രേ. പക്ഷേ, കുളിക്കാനും ഷേവുചെയ്യാനും ചൂടുവെള്ളം നിർബന്ധമാണ്. അത് നേരിട്ട് വേദയോട് ചോദിക്കാൻ ലജ്ജയാണ്. പകരം കടലാസിൽ എഴുതിക്കൊടുക്കും- ദാഹിക്കുന്നു ഭഗിനീ ശൈലിയിൽ, കുളിക്കാൻ കുറച്ച് ചൂടുവെള്ളം. കടലാസു കിട്ടിയില്ലെങ്കിൽ അടുക്കളച്ചുമരിൽ എഴുതും. എങ്ങനെയായാലും ചൂടുവെള്ളം തരമാക്കിയിരിക്കും.
ഒരുദിവസം അപ്രതീക്ഷിതമായി വിജയൻ യാത്രപറയാതെ സ്ഥലംവിട്ടു. ഒരു തുണ്ടുകടലാസിൽ എഴുതിവെച്ചിരുന്നു -ഞാൻ തെരേസയെ വിവാഹം കഴിക്കാൻ പോകുന്നു. പിന്നീടാണ് വിജയൻ കഥാപാത്രമായ പ്രശസ്ത കഥ, വി.കെ.എൻ. എഴുതുന്നത്. സൂര്യനിൽ ഒരു സ്ഥലം. സ്വന്തം വീട് വാടകയ്ക്കു കൊടുത്ത് മറ്റാരുടെയെങ്കിലും വീട്ടിൽ അതിഥിയായി താമസിക്കുന്ന ഹാസ്യചിത്രകാരൻ. നീചൻ.
ആ ചെറുകഥയുടെ പേരിൽ വിജയനും വി.കെയെന്നും തെറ്റിയത് മറ്റൊരു കഥ.
വിജയനും വി.കെയെന്നുമായി ബന്ധപ്പെട്ട ഒട്ടേറെ കഥകളുണ്ട്. വി.കെയെന്റെ വിനോദമായിരുന്നു വിജയൻ. വി.കെയെന്ന് ഹസ്തരേഖാശാസ്ത്രവും ജ്യോതിഷവും കൈപ്പിടിയിലുണ്ടായിരുന്നു. വിജയന് നിഗൂഢശാസ്ത്രങ്ങളിലൊന്നും പരസ്യമായ വിശ്വാസമില്ല. എങ്കിലും വി.കെയെന്റെ മുൻപിൽ വലംകൈ നീർത്തിപ്പിടിക്കുന്നത് വിജയന്റെ പതിവായിരുന്നു. കാശു ചോദിക്കുകയാണെന്നത്രേ ആദ്യം വി.കെ.എൻ. കരുതിയത്.
ഒരുദിവസം വിജയന്റെ ഹസ്തരേഖ നോക്കി വി.കെ.എൻ. പ്രവചിച്ചു. വിജയന് വടക്കുപടിഞ്ഞാറുനിന്ന് ഒരവാർഡ് കിട്ടാൻ പോകുന്നു.
''അതേതാണ് വി.കെ.എൻ.?'' -വിജയനു ജിജ്ഞാസയായി.
''മോസ്റ്റ് പ്രോബബ്ലി ബിർള അവാർഡ്''...
വിജയൻ അപ്പോൾ ചിന്തിച്ചത് ഏതു പുസ്തകത്തിനാണ്, ആരാണ് ജഡ്ജിമാർ, പ്രഖ്യാപനം എന്നാണ് എന്നൊന്നുമല്ല, അവാർഡ് തുക എത്ര എന്നാണ്.
''ടൂ ലാക്‌സ്'' -വി.കെ.എൻ. പറഞ്ഞു.
''എനിക്കോ, ഉറപ്പാണോ. വിശദമായി ഒന്നുകൂടി നോക്ക്'' -വിജയൻ കൈനീട്ടി. ''ഏതു രേഖപ്രകാരമാണത്?''
''ഭൂമധ്യരേഖ...''
''ഡോണ്ട് ജോക്ക് വി.കെ.എൻ.''
വിജയൻ പിന്നെയും സംശയാലുവായി.''ദിസീസ് നോ ജോക്ക്'' -വി.കെ.എൻ. ഉറപ്പിച്ചു: ''നിന്റെ രേഖാംശരേഖ നുണപറഞ്ഞില്ലെങ്കിൽ...''
''ഈഫ് യുവാർ ദാറ്റ് ഷുവർ''. വിജയൻ ചോദിച്ചുവത്രേ ''വൈ ഡോണ്ട് ഐ ആസ്‌ക് ഫോർ വൺ ലാക്ക് ആസ് അഡ്വാൻസ്?''
എന്ത്? സ്വന്തം പ്രയോഗം പിന്മടങ്ങി നെഞ്ചിനുനേരേ പാഞ്ഞുവരുന്നത് വി.കെ.എൻ. തുറന്നവായോടെ കണ്ടു. ഒരേസമയം നിഷ്‌കളങ്കവും നീചവുമായ ആ ഡയലോഗേറ്റ് വി.കെ.എൻ. പിന്നാക്കം മലച്ചു.
പിന്നീടൊരിക്കൽ വിജയന്റെ ജാതകം ഗണിച്ച് വി.കെ.എൻ. പ്രവചിച്ചു: ''നീ എന്തു വിശ്വസാഹിത്യം എഴുതിയാലും ജ്ഞാനപീഠം തരാവില്ലെ''ന്ന്...
അന്തിമലിസ്റ്റിലെ പുറത്തുവരുന്ന വാർത്തകൾ പ്രകാരം പീഠം വിജയന് തരായി എന്നുതന്നെ കരുതിയിരുന്ന സമയത്തായിരുന്നു വി.കെ.യെന്റെ പ്രവചനം. അനുബന്ധമായി ഒന്നുകൂടി പറഞ്ഞു, പക്ഷേ മറ്റേ ആൾക്ക്, (എം.ടി.ക്ക് ) ഒന്നും എഴുതിയില്ലെങ്കിലും വീട്ടിൽ കൊണ്ടുക്കൊടുക്കും. അത്ര ഒശത്താണ് ജാതകം.
എഴുത്തച്ഛൻ അവാർഡ് സ്വീകരിച്ചശേഷം പാലക്കാട്ടേക്കു പോകുംവഴി വിജയൻ തിരുവില്വാമലയെത്തി വി.കെ.യെന്നെ കണ്ടു. തിരുവനന്തപുരത്ത് വിജയനു നൽകിയ സ്വീകരണത്തിൽ എത്താമെന്നു വാക്കുകൊടുത്തിരുന്നതാണ് വി.കെ.എൻ. പോയില്ല. മറുപടിപ്രസംഗത്തിൽ വിജയൻ പറഞ്ഞത്രേ: ''വി.കെ.എൻ. വരാഞ്ഞതു നന്നായി. വന്നിരുന്നെങ്കിൽ ഓൾ അവർ ലിറ്റർറി ഗ്ലിറ്ററി വുഡ് ബി ലിറ്റർലി ബിലിറ്റിൽഡ്...'' എഴുത്തച്ഛൻമാരൊക്കെ വെറും കുഞ്ഞുണ്ണി ബാലസാഹിത്യമായേനേ എന്ന്... (മുക്തകണ്ഠം വി.കെ.എൻ./പേജ് 121 )
ഓട്ടുപുലായ്ക്കൽ വേലുക്കുട്ടി വിജയന് ആരുടെയും ആമുഖം ആവശ്യമില്ല. തെറ്റിദ്ധരിക്കപ്പെട്ടും തലതിരിച്ചു വായിക്കപ്പെട്ടും ആരാധിച്ചും ഭാഷാസൗഷ്ഠവത്തിൽ അഭിരമിച്ചും ആ നാമധേയം നിലനിൽക്കുന്നു. പക്ഷേ, ഒ.വി. വിജയനെന്ന മനുഷ്യനോ? അവിടെ വിജയന്റെ പ്രിയപ്പെട്ട പദങ്ങളായ പാരസ്പര്യവും നിരാമയത്വവും അനാസക്തിയുമൊന്നും എന്റെ അനുഭവത്തിൽ ഇല്ല. സങ്കല്പവും യാഥാർഥ്യവും എന്ന നഗ്‌നതയും വസ്ത്രവും മാത്രം! ഇതുതന്നെയാണ് എഴുത്തിനെയും മനുഷ്യനെയും വേർതിരിക്കുന്നത്. വിജയനും അത് ബാധകം.
''എനിക്കു ചില ദൗർബല്യങ്ങളുണ്ട്'' ഒരിടത്ത് വിജയൻ പറഞ്ഞിട്ടുണ്ട്: ''ഞാൻ ചിന്തിക്കുന്നതുപോലെ ചിന്തിക്കുന്നവരോടു തോന്നുന്ന ജ്വരതുല്യമായ സൗഹൃദം. ഈ സൗഹാർദത്തിനു സ്ത്രീപുരുഷ ഭേദമില്ലെന്നു പറയേണ്ടതില്ലല്ലോ. ഇതാണ് എന്റെ ഉത്കടമായ പ്രണയങ്ങൾ.''
എഴുത്തിലെ മനുഷ്യൻ തന്നെയായിരിക്കണം നമ്മളോട് ഇടപെടുന്ന മനുഷ്യനും എന്ന് നിബന്ധനവെക്കുന്നവർ മേല്പറഞ്ഞ വാക്യങ്ങൾ ആവർത്തിച്ചു വായിക്കേണ്ടതാണ് -ചുരുങ്ങിയത് വിജയനോട് ഇടപെടുമ്പോൾ.
ഞാൻ ചിന്തിക്കുന്നപോലെ ചിന്തിക്കുന്നവരോടു മാത്രം സൗഹൃദം. അതിന് എന്റെ കൃതികൾ, എന്റെ എഴുത്ത് പിന്തുടരുന്നവരിൽ മാത്രമേ എനിക്കു താത്പര്യമുള്ളൂ എന്ന അർഥം വിജയന്റെ വാക്കുകൾക്ക് കല്പിക്കാം. ഇത് ജനാധിപത്യപരമല്ലെന്നു തോന്നിയേക്കാം. അതിലെവിടെയാണ് പാരസ്പര്യവും കനിവും കർമബന്ധങ്ങളും? തർക്കിച്ചിട്ടു കാര്യമില്ല. അതയാളുടെ സ്വാതന്ത്ര്യമാണ്. വിജയന്റെ സന്ദേഹങ്ങൾ എഴുത്തിൽ മാത്രമല്ലെന്നും എഴുത്തിലെ വിജയൻ എഴുത്തിൽ മാത്രമാണെന്നും ജീവനോടെ ബോധ്യപ്പെട്ടതുകൊണ്ടാണ് ഇങ്ങനെയൊരാമുഖം.
വിജയന്റെ ഭാഷയിൽ ആവർത്തിച്ചുവരുന്ന ഒരു പദമുണ്ടല്ലോ- അസംബന്ധം. അതിലല്പം തേയിലയും പഞ്ചസാരയും ചേർത്താൽ ഫലിതസാഹിത്യമായി. സാഹിത്യത്തിനു പുറത്തെ സന്ദേഹിയായ വിജയനെ ഞാനങ്ങനെയാണ് കണ്ടതും അനുഭവിച്ചതും ഓർമ്മിക്കുന്നതും!
അർധവിരാമം
യാത്ര ഇഷ്ടമല്ലാത്തവനു കിട്ടിയ ശിക്ഷയായിരുന്നു എന്റെ തൊഴിൽസംബന്ധമായ സ്ഥലംമാറ്റയാത്രകൾ. പക്ഷേ, ജീവിക്കാൻ വേണ്ടിയുള്ള ആ നിർബന്ധയാത്രകളായിരുന്നു പ്രശസ്തവും അവിസ്മരണീയവുമായ ചില മനുഷ്യബന്ധങ്ങൾ യാദൃച്ഛികമായി നിർമിച്ചതും. അതിൽ അത്യന്തം അപ്രതീക്ഷിതമായ ഒരു സഹയാത്രയുടെ കഥയാണിത്. കർമബന്ധങ്ങളുടെ അകൽച്ചയും ദുഃഖവുമില്ലാത്ത കഥ.
1985. കണ്ണൂരിലേക്കുള്ള തീവണ്ടി തൃശ്ശൂരിലെത്തുന്നത് വെളുപ്പിന് അഞ്ചിനാണ്. ഞാനതിൽ കോഴിക്കോട്ടേക്കുള്ള സീസൺ ടിക്കറ്റുകാരനായിരുന്നു. റെയിൽവേ സ്റ്റേഷനുമുന്നിൽ സ്‌കൂട്ടറിന്റെ ചൂട്ടുവെളിച്ചത്തിൽ രണ്ടു ജീവബിന്ദുക്കൾ നടന്നുപോകുന്നത് കണ്ണിൽപ്പെട്ടു. അതിലൊരാൾ പുരാതന സുഹൃത്തും മനശ്ശാസ്ത്രജ്ഞനും അരവിന്ദന്റെ പോക്കുവെയിലിന്റെ തിരക്കഥാകൃത്തും സംഗീതജ്ഞനും എഴുത്തുകാരനുമായ ഡോ. എസ്.പി. രമേശാണ്. സ്ഥലകാലമൊന്നും ബാധിക്കാതെ സാൾട്ട് ആൻഡ് പെപ്പർ താടിക്കിടയിലൂടെ ഗർജിക്കുന്നമട്ടിലുള്ള ആ പൊട്ടിച്ചിരിക്കുള്ളിൽ ഡോക്ടറെ കാണുമ്പോഴും കേൾക്കുമ്പോഴുമൊക്കെ അദ്ദേഹം എഴുതിയ വാക്യം ഞാനോർമ്മിക്കും...
'...മരണാസന്നനായ എന്നെ ഒറ്റയ്ക്ക് ഒരു മുറിയിലാക്കി ഉസ്താദ് അമീർഖാന്റെ ഏതെങ്കിലുമൊരു ഖയാൽ താഴ്ന്നശബ്ദത്തിൽ വെച്ചിട്ട് വാതിൽ ചാരിയേക്കണം. അതിന്റെ താരാട്ടിൽ ഞാൻ സമാധാനമായി മരിച്ചോളാം...' (പക്ഷേ, ആ ഭാഗ്യം ഡോക്ടർക്കുണ്ടായില്ല. മരണം ഹൃദയാഘാതം മൂലമായിരുന്നു)
എസ്.പി. രമേശ് യാത്രയ്ക്ക് പുറപ്പെട്ടതല്ല. ഒരാളെ യാത്രയാക്കാൻ വന്നതായിരുന്നു. ജീവിതത്തിലും രമേശ് യാത്രക്കാരനല്ല. ആദ്യന്തം ആതിഥേയനാണ്. തൃശ്ശൂർ ശങ്കരയ്യർ റോഡിലെ വീട്ടിൽ എം. ഗോവിന്ദനും അരവിന്ദനും ഉൾപ്പെട്ട അതിഥികൾ. രാപകലില്ലാത്ത സംഭാഷണങ്ങൾ. ഡോ. രമേശിന്റെ ജ്യേഷ്ഠൻ അമർത്ത്യാനന്ദ, സ്വാമി രംഗനാഥാനന്ദയുടെ സെക്രട്ടറിയായിരുന്നു. സന്ന്യാസിയായിരിക്കേ, മേഘാലയത്തിലെ ഒരു ആദിവാസിപ്പെൺകുട്ടിയെ വിവാഹംചെയ്ത് മഠത്തിൽനിന്ന് നിഷ്‌കാസിതനായി. അമർത്ത്യാനന്ദ ഇംഗ്ലീഷിലെഴുതിയ ആത്മകഥ മനോഹരമായ മലയാളത്തിലാക്കി അർധവിരാമം എന്ന പേരിട്ടത് ഡോക്ടർ രമേശായിരുന്നു (അർധവിരാമമാണ് വി.കെയെന്റെ കാവിനോവലിന് ഇരയായത് എന്നോർക്കാം).
എന്നും ഒരു പശ്ചാത്തലസംഗീതംപോലെ ജീവിക്കാനാഗ്രഹിച്ച മനുഷ്യനായിരുന്നു എസ്.പി. കൂടെയുള്ള ആൾക്ക് വലിയ വിശേഷണങ്ങളോടെ ഡോ. എസ്.പി. എന്നെ പരിചയപ്പെടുത്തി. തിരിച്ച് അതിന്റെ ആവശ്യം വന്നില്ല. മുടി യഥേഷ്ടം വിഹരിക്കാൻവിട്ട് ജുബ്ബ ധരിച്ച അദ്ദേഹത്തിന്റെ രൂപത്തെക്കാൾ, ഇടിമുഴങ്ങുന്ന കാവ്യശബ്ദം കേരളമൊട്ടാകെ സുപരിചിതമായിരുന്നു. ചൊൽക്കാഴ്ചകളിലെ നങ്കൂരം. ശാന്ത, കുറത്തി, കാട്ടാളൻ...
കണ്ണു വേണമിരുപുറമെപ്പോഴും
കണ്ണു വേണം മുകളിലും താഴെയും- ചൊൽക്കവിതകൊണ്ടു നിർമിക്കപ്പെട്ട മനുഷ്യൻ. എനിക്ക് ഹസ്തദാനത്തിനു പകരം കടമ്മനിട്ട നിസ്സഹായനായി ഇരുകൈയും മലർത്തിക്കാട്ടി. പൊള്ളിയ കൈവെള്ളയിലാകെ വയലറ്റുനിറം.
''തീകൊണ്ടു കളിച്ചതാണ്'' -എസ്.പി. രമേശ് പറഞ്ഞു.
കിടക്കയിൽ തീപ്പൊരിവീണ് അഗ്‌നിബാധയുണ്ടായി. വിരിപ്പ് കുടഞ്ഞ് തീയണയ്ക്കാൻ ശ്രമിച്ചു. ഇരുകൈയും പൊള്ളിവീർത്തു. കടമ്മനിട്ട പുരുഷാർഥമന്ത്രം ജപിച്ച് കൈവെള്ളയിൽ ഊതിക്കൊണ്ടിരുന്നു.
കരളാകെ പൊള്ളിയതല്ലേ
കൈകൂടി പൊള്ളേണ്ടതല്ലേ
കടമ്മനിട്ട ശൈലിയിൽ എസ്.പി. സാരാംശം ചൊല്ലി.
പത്തനംതിട്ടയിലെ വീട്ടിൽനിന്നിറങ്ങിയാൽ കടമ്മനിട്ടയുടെ യാത്രകൾ ജില്ലകൾതോറും വിശ്രമിച്ചിട്ടായിരിക്കുമത്രേ. ആ കണക്കിൽ വീട്ടിൽനിന്നിറങ്ങിയിട്ട് ആറേഴു ദിവസമായിക്കാണും. ഇനി ലക്ഷ്യം അടുത്ത ജില്ലയാണ്. മലപ്പുറം. ''കടമ്മനിട്ടയെ തിരൂരിൽ കൃത്യമായി ഇറക്കണേ...'' -എസ്.പി. നിർദേശിച്ചു. എസ് 16 ആണ് കമ്പാർട്ടുമെന്റ്.
''ഞാൻ സീസൺ ടിക്കറ്റുകാരനാണ് -ജനറൽ ചാത്തൻസ്, റിസർവേഷനിൽ കയറാൻ അയിത്തമുണ്ട്''
''ഓ. അതുശരി പിന്നെന്തു ചെയ്യും?''
''എന്നാലെന്നെ തിരൂരിൽ കൊണ്ടാക്കിയിട്ടു പോ'' -കടമ്മനിട്ട എസ്.പി.യോടു പറഞ്ഞു.
''അതുപറ്റില്ല. എനിക്ക് എട്ടുമണിക്ക് ഒ.പി.യുള്ളതാ'' -ഡോക്ടർ പറഞ്ഞു. അപ്പോൾ തൃശ്ശൂർ മനോരോഗാശുപത്രി സൂപ്രണ്ടാണ് എസ്.പി.
''എന്നാൽ, ഞാൻ രഘുവിന്റെ ജനറലിൽ കേറിക്കോളാം'' -കടമ്മനിട്ട പരിഹാരം പറഞ്ഞു.
''ഈ വെന്ത കൈയുംവെച്ചോ?'' -എസ്.പി. ചോദിച്ചു.
''പിന്നല്ലാതെ.''
''തിരക്കുണ്ടാകും. സീറ്റു കിട്ടണമെന്നില്ല. നിൽക്കേണ്ടിവരും.'' -ഞാൻ പരമാവധി മുന്നറിയിപ്പുകൊടുത്തു.
എന്നിട്ടും എന്റൊപ്പം ജനറലിൽത്തന്നെ കയറാമെന്നു തീരുമാനിക്കുന്നു കടമ്മനിട്ട. കൃത്യസമയത്ത് തീവണ്ടിയെത്തി.
''ഈ ബാഗുണ്ട്. ഒന്നു സഹായിക്കണേ'' -ഞാനാ ബാഗെടുത്തു.
എസ്.പി. യാത്രപറഞ്ഞു. ചിരപരിചിതനായ ഞാൻ തിക്കിക്കയറി രണ്ടുസീറ്റു പിടിച്ചു. എന്തുകൊണ്ടാണ് കൂടെ ആരെങ്കിലും വേണമെന്ന് കടമ്മനിട്ട ആഗ്രഹിക്കുന്നതെന്ന് എനിക്കു മനസ്സിലായി. ആ ബാഗുതന്നെ കാരണം. അതു തനിയെ എടുക്കാൻ കൈ വയ്യ. അതിനെക്കാൾ തീവ്രമായ മറ്റൊന്ന് -ഏകാകിത്വം. ഒറ്റയ്ക്ക് എന്ന സങ്കല്പമില്ല. ആൾക്കൂട്ടമാണല്ലോ കടമ്മനിട്ടയ്ക്ക് കവിത; ജീവിതവും.
കുട്ടിയെ മടിയിൽവെച്ചിരിക്കുന്ന മാതിരി ഇരുകൈപ്പടവും തുടയിൽ മലർത്തിവെച്ച് ധ്യാനഗുരുവിനെപ്പോലെ കടമ്മനിട്ട സീറ്റിലിരുന്നു. അവിടവിടെ പൊള്ളിയ വയലറ്റ് കൈത്തലത്തിലേക്ക് സഹയാത്രികരിൽ ചിലരും കടമ്മനിട്ടയും ഇടയ്ക്കിടെ സഹതാപത്തോടെ നോക്കിക്കൊണ്ടിരുന്നു. പോസ്റ്റൽ ഓഡിറ്റ്‌സ് ആൻഡ് അക്കൗണ്ട്‌സ് വകുപ്പിൽ ഓഡിറ്ററാണ് അപ്പോൾ അദ്ദേഹം. കേരളം ഉച്ചത്തിൽ ചൊല്ലുന്ന പ്രധാനപ്പെട്ട കവിതകളൊക്കെ അക്കാലം കടമ്മനിട്ട എഴുതിക്കഴിഞ്ഞിരുന്നു. നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ, നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്... എന്നൊക്കെ നവസാക്ഷരർപോലും നിലവിളിക്കുന്ന കാലം. ആധുനികകവികളിൽ പെടുമെങ്കിലും കസ്റ്റംസ് പരിശോധനകളെ ഭയപ്പെടേണ്ട സിദ്ധാന്തങ്ങളൊന്നുമില്ലാതെ സ്വന്തം നെഞ്ചത്തെ പന്തവെളിച്ചത്തിലാണ് കണ്ണൂർക്കോട്ട, കിരാതവൃത്തം, മത്തങ്ങ എന്നിങ്ങനെ കേരള യാഥാർഥ്യങ്ങളെ കടമ്മനിട്ട കണ്ടെഴുതിയത്. ബാഹ്യലോകമാണ് ഈ മനുഷ്യൻ- സംഭാഷണത്തിലും ചിന്തയിലും പെരുമാറ്റത്തിലും. ഷൊർണൂർ സ്റ്റേഷൻ പടയണിപ്പടപോലെ തീവണ്ടിയെ വന്നുപൊതിഞ്ഞു.
''എന്തെങ്കിലും കഴിക്കണ്ടേ. കഴിച്ചാലോ?'' -കടമ്മനിട്ട ചോദിച്ചു.
''വേണം. കഴിക്കാം'' -ഞാനെഴുന്നേറ്റു.
''അവിടെയിരിക്ക്'' -കടമ്മനിട്ട പറഞ്ഞു, ''ബാഗ് നോക്കിക്കോ ഞാനിപ്പൊ വരാം''
വെന്ത കൈയും മലർത്തിപ്പിടിച്ച് ഈ മനുഷ്യൻ എവിടെപ്പോകുന്നു?
യാത്രക്കാരും ചാക്കുകെട്ടുകളും വിൽപ്പനക്കാരും ഭിക്ഷക്കാരും വണ്ടിയിലേക്ക് തള്ളിക്കയറിവന്നു. സീറ്റിൽവെച്ച കടമ്മനിട്ടയുടെ ബാഗ് തിരക്കിൽപ്പെട്ടുലയുന്നു. അതാ, പൊള്ളിയ ഉള്ളങ്കൈ രണ്ടിലും ഓരോ സെറ്റ് ഇഡ്ഡലിയുമായി തിരക്കിൽ ബാലൻസ് ചെയ്ത് കടമ്മനിട്ട ജനാല സീറ്റിനുപുറത്തെ പ്ലാറ്റ്‌ഫോമിലെത്തിയിരിക്കുന്നു. ഒരു കൈ എനിക്കു നീട്ടി:
''പിടിച്ചോ, ചൂടൊന്നുമില്ല''
എന്താണീ മനുഷ്യൻ? അന്നോളം അപരിചിതനായിരുന്ന എനിക്കുവേണ്ടി റിസർവേഷൻ സൗകര്യം ഉപേക്ഷിച്ച് ജനറൽ കമ്പാർട്ടുമെന്റിൽ കയറി. ഇപ്പോൾ എന്നെ കാവലിരുത്തി പ്ലാറ്റ്‌ഫോമിലിറങ്ങി, പൊള്ളിയ ഇരുകൈയിലും പ്രാതലുമായി തിക്കിത്തിരക്കി എത്തിയിരിക്കുന്നു.
''ഞാൻ പുറത്തേക്കു വരാം.'' സഹയാത്രികരെ രണ്ടുബാഗും നോക്കാനേൽപ്പിച്ച് ഞാൻ ഇറങ്ങിച്ചെന്നു. ഞങ്ങൾ തറകെട്ടിയ ബദാംമരത്തിന്റെ തണലിൽ ഇരുന്നു.
വെന്ത കൈപ്പടങ്ങളുംവെച്ച് ഈ മനുഷ്യൻ എങ്ങനെ ഇഡ്ഡലി തിന്നും? എരിവുള്ള ചുവപ്പൻ ചട്‌നിയും... ഞാനാലോചിച്ചു.
ഒരു സ്പൂൺ സംഘടിപ്പിച്ചാലോ എന്ന് ചോദിക്കുംമുൻപ് ഇരുവിരലുകൾ ഫോർക്കുപോലെയാക്കി കടമ്മനിട്ട ഇഡ്ഡലി കുത്തിയെടുത്തു വായിലേക്കിട്ടു. കടലാസുപ്ലേറ്റ് ചെരിച്ച് ചട്‌നി നാവിലേക്കൊഴിച്ചു മിക്സുചെയ്തു.
''ചൈനയിൽ പോയപ്പോൾ പഠിച്ചതാ'' -കടമ്മനിട്ട പറഞ്ഞു. കോലുകൊണ്ടുള്ള തീറ്റ. ചൈനയിലും ഇഡ്ഡലിയുണ്ടോ എന്നു സംശയിച്ച് ഞാൻ പറഞ്ഞു:
''ഇഡ്ഡലി ചെറുതായത് നന്നായി. ഒറ്റക്കുത്തിന് രണ്ടെണ്ണം ചാവും''
''എങ്ങനെ ഇതിലും ചെറുതാക്കും മക്കളേ...?'' -കടമ്മനിട്ട ചിരിച്ചു. പാവങ്ങൾ.
അടുത്ത വിരൽക്കുത്ത് ഇഡ്ഡലി വായിലേക്കുള്ള പാതിവഴിയിൽ നിർത്തി തെക്കോട്ടുനോക്കി തലചെരിച്ച് കടമ്മനിട്ട വിസ്മയിച്ചു...
''അതാ, നമ്മുടെ വിജയനല്ലേ ആ വരുന്നത്?''
(തുടരും)
Published: 09 Aug 2026, 12:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented