സിവില്‍ സര്‍വീസ് പരിശീലനകാലം ഹിമാലയവും പൈന്‍മരങ്ങളും അതിരുകളിടുന്ന മനോഹരമായ മസൂറിയിലായിരുന്നു. പുതിയ ലോകം, പുതിയ സുഹൃത്തുക്കള്‍, വ്യത്യസ്തമായ അനുഭവങ്ങള്‍, അണുമാത്ര പിഴയ്ക്കാത്ത അച്ചടക്കം. എല്ലാം കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ വിവാഹം. ജീവിതം മുന്നോട്ടുനീങ്ങുകയാണ്...

To advertise here,

സ്യൂട്ടും ടൈയും ഇല്ലെങ്കിലും മാന്യമായ വേഷത്തില്‍ ഷാജഹാന്‍ റോഡിലെ (ഇപ്പോഴാ പേര് മാറിയിരിക്കാം) യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ ആസ്ഥാനത്ത് ഞാന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. ആരൊക്കെയായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡിലെ അംഗങ്ങള്‍ എന്നൊന്നും എനിക്കിപ്പോള്‍ ഓര്‍മയില്ല. ഇംഗ്‌ളീഷ് സാഹിത്യത്തിലെ ചോദ്യങ്ങള്‍ ചോദിച്ചത് പ്രൊഫ. മീനാക്ഷി മുഖര്‍ജി ആയിരുന്നെന്നാണ് ഓര്‍മ. എന്റെ ലളിതമായ വേഷത്തെക്കുറിച്ചും ചോദ്യമുണ്ടായി. ഗൗരവസ്വരത്തിലല്ല, ഒഴുക്കന്‍മട്ടിലുള്ള ഒരു പരാമര്‍ശമെന്നനിലയില്‍ മാത്രം. ഞാനതിനു സമാധാനം പറഞ്ഞു: ''ഞങ്ങള്‍ക്ക് കേരളത്തില്‍ കടുത്ത ശൈത്യമില്ല, അതുകൊണ്ട് പലര്‍ക്കും സ്യൂട്ട് ഉണ്ടാകാറില്ല. പിന്നെ മേയിലെ ഡല്‍ഹി കാലാവസ്ഥയില്‍ അതൊരു സുഖമുള്ള വസ്ത്രമായിട്ടു തോന്നിയതുമില്ല.'' കേരളത്തിലെ സര്‍ക്കാരുകളുടെ സാമൂഹികക്ഷേമ പരിപാടികളെക്കുറിച്ചും ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് എന്തുകൊണ്ടാണ് രണ്ടാംസ്ഥാനത്തു മാത്രം പരിഗണിച്ചതെന്നും ചോദ്യങ്ങളുണ്ടായി. അറിയാവുന്നതൊക്കെ പറഞ്ഞു, അറിഞ്ഞുകൂടാത്ത ചോദ്യങ്ങളില്‍ കേറിപ്പിടിച്ച് അബദ്ധത്തില്‍ ചാടിയില്ല. പൊതുവേ സൗഹൃദപൂര്‍ണമായിരുന്ന നാല്‍പ്പതു മിനിറ്റുനീണ്ട അഭിമുഖം അവസാനിച്ചപ്പോള്‍ ഞാന്‍ സ്വയം പറഞ്ഞു: 'മോശമായില്ല'.

എന്നാല്‍, ഈ സ്വയം വിലയിരുത്തല്‍ പലപ്പോഴും ഒരു മായാവിയാകാം. സ്വന്തം പ്രകടനത്തെപ്പറ്റി നമുക്കുതോന്നിയ അഭിപ്രായമായിക്കൊള്ളണമെന്നില്ല വിധികര്‍ത്താക്കള്‍ക്ക്. അവരുടെ പ്രതികരണങ്ങളില്‍നിന്ന് അതൊന്നും പക്ഷേ, മനസ്സിലായിക്കൊള്ളണമെന്നില്ല. വ്യാജസംതൃപ്തിയില്‍ പുറത്തിറങ്ങി നമ്മുടെ മികച്ച പ്രകടനത്തെപ്പറ്റി സുഹൃത്തുക്കളോടൊക്കെ (വീമ്പു) പറയുകയും റിസള്‍ട്ടു വരുമ്പോള്‍ കഥ മാറിപ്പോവുകയും ചെയ്തിട്ടുള്ള സന്ദര്‍ഭങ്ങള്‍ വിരളമല്ല. വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞ്, സര്‍വീസില്‍നിന്ന് റിട്ടയര്‍ ചെയ്തശേഷം, 2013-ല്‍ സിവില്‍ സര്‍വീസ് പരീക്ഷയുടെ മുഖാമുഖത്തിന് വിദഗ്ധാംഗമായി ഞാന്‍ പങ്കെടുക്കുകയുണ്ടായി. ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍, ഭാഷ, ആത്മവിശ്വാസം എന്നിവയുടെ മികവുകൊണ്ട് ഒരു പെണ്‍കുട്ടിയുടെ പ്രകടനം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ആ കുട്ടി ഐ.എ.എസില്‍ ശോഭിക്കുമെന്ന് എനിക്കുതോന്നി. അഭിമുഖം കഴിഞ്ഞുള്ള ചര്‍ച്ചയില്‍ എന്റെ വിലയിരുത്തലിനോട് മറ്റുള്ള അംഗങ്ങള്‍ യോജിച്ചില്ല. ബോധ്യമില്ലാത്ത ഉത്തരങ്ങളാണ് കുട്ടി പറഞ്ഞതെന്നും, നല്ല ഇംഗ്‌ളീഷില്‍ സംസാരിക്കാനുള്ള കഴിവുകൊണ്ട് തന്റെ കുറവുകളെ മറയ്ക്കാന്‍ മാത്രമാണ് അവര്‍ക്കു സാധിച്ചതെന്നുമായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡിലെ മറ്റംഗങ്ങളുടെ വിലയിരുത്തല്‍. ഞാന്‍ കരുതിവെച്ച മാര്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞില്ല. അവസാനപട്ടികയില്‍ ആ പെണ്‍കുട്ടി സ്ഥാനംപിടിച്ചതുമില്ല. എന്നാല്‍, അഭിമുഖത്തിലെ തന്റെ പ്രകടനം വളരെ നന്നായി എന്നായിരിക്കും ആ കുട്ടിയുടെ വിചാരം. Do not bluff എന്ന് എം.കെ. ജോസഫ്‌സാര്‍ ഉപദേശിച്ചത് എത്ര കൃത്യം! സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവിന് ഇപ്പോള്‍ Personality Test എന്നാണ് പേര്. വാസ്തവത്തില്‍ അത് ഉദ്യോഗാര്‍ഥിയുടെ മനോഭാവങ്ങളും വ്യക്തിത്വസവിശേഷതകളും മൂല്യബോധവുമെല്ലാം മനസ്സിലാക്കാനുള്ള അവസരമാണ്. നിര്‍ദിഷ്ട ജോലിയില്‍ മികവോടെ പ്രവര്‍ത്തിക്കാനുള്ള വ്യക്തിത്വബലമുണ്ടോ എന്നുമാത്രമാണ് ഇവിടെ അന്വേഷിക്കുന്നത് (പക്ഷേ, എഴുത്തുപരീക്ഷയില്‍ അത്രയും വലിയ മാര്‍ക്ക് വാങ്ങിയിട്ടുണ്ടെങ്കില്‍, വ്യക്തിത്വത്തിന്റെ പരിമിതികള്‍ കാരണം അഭിമുഖത്തില്‍ കിട്ടിയ കുറഞ്ഞ മാര്‍ക്കുകള്‍ക്ക് ഒരുദ്യോഗാര്‍ഥിയുടെ സര്‍വീസ് പ്രവേശനം തടയാനാവില്ല).

എന്തായാലും 1978 മേയിലെ ആ അഭിമുഖം കഴിഞ്ഞപ്പോള്‍ എനിക്കുതോന്നിയ സംതൃപ്തി വ്യാജമായിരുന്നില്ല എന്ന് ജൂണ്‍ അവസാനവാരമായപ്പോഴേക്കു ബോധ്യമായി. റിസള്‍ട്ടുവന്നു. ഐ.എ.എസിലേക്ക് ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഒന്നുമില്ലെങ്കിലും ഒറ്റരാത്രികൊണ്ട് വാര്‍ത്തപരന്നു. ഹിന്ദു പത്രത്തില്‍നിന്ന് റിസള്‍ട്ടറിഞ്ഞ് അച്ഛന്‍ മദ്രാസില്‍നിന്ന് വിളിച്ചഭിനന്ദിച്ചു. എങ്കിലും എനിക്ക് നേരിട്ട് റിസള്‍ട്ടുകാണാഞ്ഞിട്ട് ഒരങ്കലാപ്പ്. മറ്റേതെങ്കിലും ജയകുമാറാണെങ്കിലോ? പനവിള ജങ്ഷനിലെ കേന്ദ്രസര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ രാവിലെ എത്തി. എന്റെ പേരും നമ്പറും തന്നെയാണെന്ന് ഉറപ്പുവരുത്തിയപ്പോഴേ ഉള്‍പ്രമോദത്തെ ഞാന്‍ അംഗീകരിക്കാന്‍ തുടങ്ങിയുള്ളൂ. വീട്ടിലേക്കു മടങ്ങുമ്പോള്‍ എന്റെ വികാരമെന്തായിരുന്നു? അനുഗ്രഹത്തിന്റെ അദൃശ്യഹസ്തങ്ങള്‍ തഴുകുന്നതുപോലെ എനിക്കുതോന്നി. ഇത്രയും വലിയ അനുഗ്രഹത്തിന് എനിക്ക് അര്‍ഹതയുണ്ടോ? ആരോടെന്നറിയാത്ത കൃതജ്ഞതാഭാവം ഉള്ളില്‍ ഊറിവരുന്നതുപോലെതോന്നി.

ഈ മാനസികാവസ്ഥയാണ് അനേകം വര്‍ഷങ്ങള്‍ക്കുശേഷം 'പക്ഷേ' എന്ന സിനിമയില്‍ സമാനമായ ഒരു കഥാസന്ദര്‍ഭത്തിനുവേണ്ടി ഗാനരചന നടത്തുമ്പോള്‍ ഈ വരികളായി രൂപംകൊണ്ടത്.

സൂര്യാംശുവോരോ വയല്‍പ്പൂവിലും
വൈരം പതിക്കുന്നുവോ?
സീമന്തകുങ്കുമശ്രീയണിഞ്ഞു
ചെമ്പകം പൂക്കുന്നുവോ?
മണ്ണിന്റെ പ്രാര്‍ത്ഥനാ ലാവണ്യമായ്,
വിണ്ണിന്റെ ആശംസയായ്...

ഞങ്ങളുടെ കുടുംബത്തില്‍ സിവില്‍ സര്‍വീസ് പാരമ്പര്യമില്ല. ഐ.എ.എസുകാരെ പരിചയംപോലുമുണ്ടായിരുന്നില്ല. എന്നിട്ടും ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് എന്ന അപ്രാപ്യമെന്നുതോന്നിയിരുന്ന മലമുകളിലെ മാണിക്യക്കൊട്ടാരത്തിലേക്ക് പ്രവേശനാനുമതി ലഭിച്ചിരിക്കുന്നു. പരീക്ഷയ്ക്കുമുമ്പുള്ള അധ്വാനം ആ വിജയത്തിന് നിദാനമായിരുന്നെങ്കിലും അവിശ്വസനീയതയായിരുന്നു ആദ്യവികാരം. പിന്നെ പതുക്കെപ്പതുക്കെയാണ് യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടുക. വീട്ടില്‍ ആളും ആരവവുമായി. ഫോണ്‍ബെല്ല് തുടര്‍ച്ചയായി മുഴങ്ങി. ജൂലായ് ആദ്യവാരത്തോടെ മസൂറിയിലെ ലാല്‍ ബഹാദുര്‍ നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനില്‍ എത്തിച്ചേരാന്‍ അറിയിപ്പുകിട്ടി. കെ.കെ. എക്‌സ്പ്രസ് എന്ന് അന്ന് പേരുണ്ടായിരുന്ന ഇപ്പോഴത്തെ കേരള എക്‌സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്തു. ഒപ്പം സെലക്ഷന്‍ കിട്ടിയ കൊല്ലം സ്വദേശി, ഇംഗ്ലീഷ് എം.എ. പഠിച്ച, ഇന്ത്യന്‍ കോഫി ഹൗസിലെ ബൗദ്ധികചര്‍ച്ചകളില്‍ ചിലപ്പോള്‍മാത്രം കണ്ടുമുട്ടിയിരുന്ന വി. രാജഗോപാലനും അതേ ട്രെയിനില്‍ ടിക്കറ്റെടുത്തു. ഇതിനിടെ വിവാഹം വാക്കുപറഞ്ഞുറപ്പിച്ചിരുന്നു. എന്നാല്‍, എന്‍ഗേജ്മെന്റ് എന്ന ചടങ്ങൊന്നും നടത്തിയില്ല. അതിന്റെ ആവശ്യം എനിക്ക് ബോധ്യപ്പെട്ടില്ല. മനസ്സിനിണങ്ങുകയും തീരുമാനിക്കുകയും ചെയ്‌തെങ്കില്‍ പിന്നെ ചടങ്ങെന്തിന്?

ഡല്‍ഹിയില്‍നിന്ന് ട്രെയിനില്‍ ദെഹ്റാദൂണ്‍വരെയും അവിടെനിന്ന് ബസില്‍ മസൂറിയിലേക്കും യാത്രയായി. ദെഹ്റാദൂണില്‍നിന്ന് ചിത്ര എന്ന മലയാളി പെണ്‍കുട്ടി മസൂറി അക്കാദമിയിലേക്കു പോകാനായി ഞങ്ങള്‍ക്കൊപ്പം കൂടി. മലയാളിയാണെങ്കിലും മലയാളം അറിയില്ല. സംഭാഷണമധ്യേയാണ് സാക്ഷാല്‍ കെ.ആര്‍. നാരായണന്റെ മകളാണ് ചിത്ര എന്നറിയുന്നത്. പില്‍ക്കാലത്ത് ഡെന്മാര്‍ക്കിലെയും മറ്റും അംബാസഡറായി പ്രശസ്തയായിത്തീര്‍ന്ന ചിത്രയുടെ പരിചയത്തില്‍ വൈസ് പ്രസിഡന്റായിരിക്കെ കെ.ആര്‍. നാരായണന്റെ വസതിയില്‍ പലപ്രാവശ്യം ക്ഷണിക്കപ്പെടാനും അദ്ദേഹവുമായി നല്ല പരിചയം സ്ഥാപിക്കാനും എനിക്ക് സാധിച്ചു.

ഐ.എ.എസുകാരുടെ പരിശീലനകേന്ദ്രം മസൂറിയിലാണെന്നത് ഈ സര്‍വീസിന് വിദൂരതയുടെ ഒരു പരിവേഷം ചാര്‍ത്തിക്കൊടുക്കുന്നുണ്ട്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുവരുന്ന വിഭിന്ന അഭിരുചികളും പശ്ചാത്തലങ്ങളുമുള്ള യുവതീയുവാക്കളെ ഭാവിയിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരാക്കിമാറ്റി വിവിധ സംസ്ഥാനങ്ങളിലേക്ക് അയക്കാന്‍ സജ്ജരാക്കുന്ന രണ്ടുവര്‍ഷത്തെ പരിശീലനം ഒരദ്ഭുതപ്രക്രിയയാണെന്ന് സമ്മതിക്കാതെ തരമില്ല. ഹിമാലയന്‍ പര്‍വതനിരകളും ഹിമാവൃതമായ ശൃംഗദൃശ്യങ്ങളുംകൊണ്ട് വലയംചെയ്യപ്പെട്ട, പൈന്‍മരങ്ങളും ദേവതാരുക്കളുമെല്ലാം നിറഞ്ഞ മലഞ്ചെരിവുകള്‍ക്കപ്പുറം, പരിഷ്‌കൃതിയുടെയും അച്ചടക്കത്തിന്റെയും പാരമ്പര്യത്തിന്റെയും ഒരു തുരുത്താണ് ലാല്‍ ബഹാദുര്‍ ശാസ്ത്രി അക്കാദമി. ബ്രിട്ടീഷ് കാലത്തെ ഓര്‍മിപ്പിക്കുന്നവയായിരുന്നു കെട്ടിടങ്ങളും അവയുടെ പേരുകളും. ഹാപ്പി വാലി എന്നു പേരുള്ള ഹോസ്റ്റലിലായിരുന്നു എന്റെ മുറി. ആദ്യത്തെ നാലുമാസം എല്ലാ സര്‍വീസുകളിലുമുള്ളവര്‍ മസൂറി അക്കാദമിയില്‍ ഒത്തുകൂടും. നാലുമാസത്തെ പൊതുപരിശീലനത്തിനുശേഷം ഓരോ സര്‍വീസുകാര്‍ അവരുടെ സ്ഥാപനങ്ങളിലേക്ക് വിശദമായ പരിശീലനത്തിനുപോകും. ഐ.പി.എസുകാര്‍ ഹൈദരാബാദിലെ പോലീസ് അക്കാദമിയിലേക്ക്, വിദേശസര്‍വീസിലുള്ളവര്‍ ഡല്‍ഹിയിലേക്ക്, ആദായനികുതിക്കാര്‍ നാഗ്പുരിലേക്ക്...അങ്ങനെ ഓരോ സ്ഥാപനത്തിലേക്ക്. ഐ.എ.എസുകാര്‍ മാത്രം മസൂറിയില്‍ പരിശീലനത്തിന്റെ അടുത്തഘട്ടത്തിലേക്കു കടക്കും.

placeholder
കെ. ജയകുമാറും ഭാര്യ മീരയും
കെ. ജയകുമാറും ഭാര്യ മീരയും

മണ്ണന്തലയില്‍നിന്ന് മസൂറിയിലെത്തിയ എനിക്ക് ആദ്യദിവസങ്ങളില്‍ ലേശം ആത്മവിശ്വാസക്കുറവ് അനുഭവപ്പെട്ടു. കൂടെയുള്ളവരില്‍ ചിലര്‍ അങ്ങ് ഓക്സ്ഫഡില്‍നിന്നും ഹാര്‍വാഡില്‍നിന്നും പഠിത്തം പൂര്‍ത്തിയാക്കിവന്നവരാണ്. പിന്നെ ജെ.എന്‍.യു., ഡല്‍ഹി സര്‍വകലാശാല, സെയ്ന്റ് സ്റ്റീഫന്‍സ് കോളേജ് എന്നിങ്ങനെയുള്ള ദേശീയപ്രശസ്തിയുള്ള സ്ഥാപനങ്ങളില്‍നിന്നുവന്ന ഡല്‍ഹി ബുദ്ധിജീവികള്‍ (അവര്‍ക്ക് അറിഞ്ഞുകൂടാത്തതായി ഒന്നുമില്ല!). പിന്നെ ഉത്തര്‍പ്രദേശില്‍നിന്നുള്ള ഹിന്ദി സംഘം. ഇംഗ്‌ളീഷ് ഉച്ചാരണത്തെക്കുറിച്ചായിരുന്നു എനിക്ക് അധൈര്യം. ആദ്യത്തെ കുറച്ചുദിവസം ഞാന്‍ അധികം സംസാരിക്കാതെ പമ്മിപ്പതുങ്ങിയൊക്കെ നടന്നു. ആള്‍ക്കൂട്ടത്തില്‍ ശ്രോതാവായിമാത്രം പങ്കെടുത്തു. ഏതായാലും ഒരാഴ്ചത്തെ സശ്രദ്ധനിരീക്ഷണത്തില്‍നിന്ന് ഒരു സംഗതി പകല്‍പോലെ തെളിഞ്ഞു; ഇവിടത്തെ ഏറ്റവും മഹാന്മാരായി നടക്കുന്നവര്‍ക്കും നമുക്കും വിവരമെല്ലാം ഒരുപോലെ. പിന്നെ ഇംഗ്ലണ്ടിലോ അമേരിക്കയിലോ പഠിച്ചതിന്റെ ഫലമായി ഉച്ചാരണത്തില്‍വരുന്ന മാറ്റങ്ങള്‍ അത്ര കാര്യമാക്കാനില്ല. ഇവരോടൊക്കെ പിടിച്ചുനില്‍ക്കാന്‍വേണ്ട കോപ്പൊക്കെ നമ്മുടെ കൈവശവുമുണ്ട്. പഞ്ചാബിപോലെയും ബംഗാളിപോലെയും തെലുങ്കുപോലെയും ഇംഗ്‌ളീഷ് ഉച്ചരിക്കുന്ന മിടുക്കന്മാരും തിരഞ്ഞെടുക്കപ്പെട്ടവരിലുണ്ട്. അങ്ങനെ ഒരാഴ്ചകഴിഞ്ഞപ്പോള്‍ സ്വയംതീര്‍ത്ത തോടുപൊട്ടിച്ച് ഞാന്‍ മുഖ്യധാരയിലേക്ക് മടികൂടാതെയിറങ്ങി.

രാവിലത്തെ യോഗാ ക്ലാസും വൈകുന്നേരത്തെ കുതിരസവാരിയും മറ്റനേകം കായികവിനോദങ്ങളുമെല്ലാം സജ്ജീകരിച്ചിരിക്കുന്നത് പല ലക്ഷ്യങ്ങളോടെയാണ്. ഇവയോടൊക്കെയുള്ള പരിചയവും ഇണക്കവും സ്വായത്തമാക്കുക. പിന്നെ നമ്മളെ അച്ചടക്കമുള്ളവരാക്കിമാറ്റുക. അച്ചടക്കത്തിന് അക്കാദമിയില്‍ വലിയ പ്രാധാന്യമാണ് (ഉദ്യോഗത്തിലുടനീളം ഈ അച്ചടക്കം നമുക്ക് തുണയാകും). ക്‌ളാസുകളില്‍ വൈകിയെത്തുക സാധ്യമല്ല. അകത്തുനിന്ന് വാതില്‍ പൂട്ടും. പരിശീലനത്തിന്റെ ഓരോ ഘട്ടത്തില്‍ അക്കാദമിയില്‍നിന്ന് പുറത്തുപോകും. ഗ്രാമസന്ദര്‍ശനം (മൂന്നാഴ്ച ഒരു ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ ജീവിക്കണം), ആദിവാസി മേഖലയിലെ പരിശീലനം, സൈന്യവുമായി ഒരാഴ്ചത്തെ ജീവിതം, ഹിമാലയന്‍ മേഖലകളിലേക്ക് ട്രക്കിങ്, ഭാരതദര്‍ശനം തുടങ്ങി അനേകം പ്രായോഗികഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് പരിശീലനം (പരിശീലനത്തില്‍ കാലോചിതമായ വലിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടേയിരിക്കും. ആധുനിക സാങ്കേതികവിദ്യകളുമായുള്ള പരിചയത്തിന് ഇന്ന് വലിയ പ്രാധാന്യമുണ്ട്. കൂടാതെ വിദേശപരിശീലനവുമുണ്ട്).

ഏതു സംസ്ഥാനമായിരിക്കും കിട്ടുക എന്ന ചോദ്യം തുടക്കത്തിലുള്ള വലിയൊരാശങ്കയാണ്. ആദ്യത്തെ ആറേഴുമാസങ്ങള്‍ക്കുള്ളില്‍ ഈ ആശങ്കയ്ക്ക് വിരാമമാകും. സ്വന്തം സംസ്ഥാനം എല്ലാവര്‍ക്കും കിട്ടുകയില്ല. ആകെ സീറ്റുകളില്‍ അമ്പതുശതമാനം ആ സംസ്ഥാനത്തിനകത്തുള്ളവരെക്കൊണ്ടും അമ്പതുശതമാനം മറ്റുസംസ്ഥാനങ്ങളില്‍നിന്നുള്ളവരെക്കൊണ്ടും നിറയ്ക്കുകയായിരുന്നു അന്നത്തെ രീതി. പിന്നീട് മൂന്നിലൊന്നു ഒഴിവുകള്‍മാത്രം അതതു സംസ്ഥാനത്തില്‍നിന്നുള്ളവര്‍ക്കും മൂന്നില്‍രണ്ടു സീറ്റുകള്‍ പുറത്തുള്ള ഉദ്യോഗസ്ഥര്‍ക്കുമായി നിശ്ചയിക്കപ്പെട്ടു. കേരളത്തില്‍നിന്നുള്ളവരില്‍ രണ്ടാമനായിരുന്നു ഞാന്‍. ആ വര്‍ഷം അഞ്ചുസീറ്റുകളായിരുന്നു കേരളത്തില്‍. മൂന്നുമലയാളികള്‍, രണ്ടു പുറംസംസ്ഥാനക്കാര്‍. എം.പി. ജോസഫിനും എനിക്കും രാജഗോപാലനും കേരള കേഡര്‍ കിട്ടി. ഭാരത് ദര്‍ശന്‍ കഴിഞ്ഞ് അക്കാദമിയില്‍ മടങ്ങിയെത്തിയ ദിവസമായിരുന്നു കേഡര്‍ അലോട്‌മെന്റ് അറിഞ്ഞത്. സര്‍വീസിലേക്ക് പ്രവേശനം കിട്ടിയ ദിവസം തോന്നിയതിന് സമാനമായ ആഹ്‌ളാദം അനുഭവപ്പെട്ടു, കേരളം ലഭിച്ചപ്പോള്‍.

അക്കാദമിയിലെത്തുന്ന യുവതീയുവാക്കള്‍ക്കിടയില്‍ പ്രണയം തളിരിടുന്നത് സ്വാഭാവികം. അമ്പതുശതമാനത്തിലേറെ പ്രണയങ്ങള്‍ വിവാഹത്തില്‍ കലാശിക്കാറുമുണ്ട്. ഐ.എ.എസ്. പ്രണയമിഥുനങ്ങള്‍ക്കുമുന്നില്‍ അവര്‍ക്കുകിട്ടിയ സംസ്ഥാനങ്ങള്‍ ഏത് എന്ന ചോദ്യം ഒരു മതില്‍ കെട്ടിയുയര്‍ത്തുന്നുണ്ട്. ഇരുവര്‍ക്കും ഒരേ സംസ്ഥാനമാണെങ്കില്‍ കാര്യങ്ങള്‍ ശുഭം. ഏതാണ് സംസ്ഥാനം എന്നറിഞ്ഞതിനുശേഷമല്ല പ്രണയം ആരംഭിക്കുക. പ്രണയം ആരംഭിച്ചുകഴിയുമ്പോഴാണ് കാമുകന്‍ തമിഴ്‌നാട്ടിലും കാമുകി പഞ്ചാബിലുമാണെന്നറിയുന്നത്. സ്വന്തം സംസ്ഥാനത്തേക്കു മാറ്റം കിട്ടാനായി തന്ത്രപരമായി ആരംഭിക്കുന്ന പ്രണയത്തിനൊന്നും കേന്ദ്രസര്‍ക്കാരിന്റെ കണ്ണില്‍ പൊടിയിടാന്‍ കഴിയില്ല. രണ്ടിടത്തായിപ്പോയ ഭാര്യാഭര്‍ത്താക്കന്മാരെ മൂന്നാമതൊരു സംസ്ഥാനത്തിലേക്കു മാറാന്‍ അനുവദിക്കും. എന്തായാലും വലിയ പൊല്ലാപ്പാണ് അക്കാദമിയില്‍ ഉയിരിടുന്ന പ്രേമങ്ങളെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞങ്ങളുടെ ബാച്ചില്‍ പൂത്ത പത്തോളം ഗൗരവതരമായ പ്രണയങ്ങളില്‍ നാലെണ്ണം വിവാഹത്തില്‍ കലാശിച്ചു. ഒന്നിലെ പെണ്‍കുട്ടി പതിനഞ്ചുവര്‍ഷം കഴിഞ്ഞ് മരിച്ചുപോയി. ഒന്ന് വിവാഹമോചനത്തിലെത്തി. രണ്ടെണ്ണം തട്ടിയും മുട്ടിയുമങ്ങു പോകുന്നു. വിവാഹലക്ഷ്യമില്ലാത്ത പ്രണയങ്ങളും ഒട്ടേറെയാണ്. എനിക്കീ അനുഭവഭാഗ്യം തുടക്കത്തിലേ നഷ്ടമായി. ആദ്യമേതന്നെ എന്റെ വിവാഹമുറപ്പിച്ചിരിക്കുകയാണെന്ന സംഗതി കേരളത്തില്‍നിന്നെത്തിയ സുഹൃത്തുക്കള്‍ പ്രചരിപ്പിച്ചതോടെ എനിക്കുള്ള പ്രണയമൂല്യം ഇടിഞ്ഞു. കോളേജുകളില്‍ തളിര്‍ക്കുന്ന ദുര്‍ബലപ്രണയങ്ങളല്ല അക്കാദമിയില്‍, കാര്യമാകാനുള്ള കളിയാണത്. അതുകൊണ്ടുതന്നെ എന്നോടാരും കാര്യമായ അടുപ്പം കാണിച്ചില്ല; വേണ്ടാത്ത ചട്ടലംഘനങ്ങള്‍ക്കൊന്നും ഞാന്‍ മുതിര്‍ന്നതുമില്ല.

ഇതിനിടെ നാട്ടില്‍ വാക്കുപറഞ്ഞ വിവാഹത്തിനോട് വീട്ടില്‍നിന്നൊക്കെ ഒരു തണുപ്പന്‍ പ്രതികരണം. കത്തുകളിലൊന്നും അതിനെക്കുറിച്ചു പരാമര്‍ശമില്ല. പ്രതിശ്രുതവധുവും ഞാനുമായി കത്തിലൂടെയോ ഫോണിലൂടെയോ നിരന്തരമുള്ള ആശയവിനിമയമില്ല. വല്ലപ്പോഴും ഒരു ട്രങ്ക് കാള്‍ വിളി -അത്രമാത്രം. 1979 ഏപ്രില്‍ മാസത്തില്‍ ആദ്യഘട്ടം പരിശീലനം പൂര്‍ത്തിയാക്കി കേരളത്തിലേക്കുവരേണ്ട സമയമായി. വിവാഹവിഷയത്തില്‍ കടന്നുവന്ന മൗനം എന്തുകൊണ്ടെന്ന് അവിടെയിരുന്നുകൊണ്ട് ഊഹിക്കാന്‍ എനിക്കായില്ല. തൃശ്ശൂര്‍ ജില്ലയില്‍ അസിസ്റ്റന്റ് കളക്ടര്‍ (അണ്ടര്‍ ട്രെയിനിങ്) ആയി എന്നെ നിയോഗിച്ചുകൊണ്ടുള്ള അറിയിപ്പുകിട്ടി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സംസ്ഥാനതല പരിശീലനത്തിനായി ഞാന്‍ തിരിച്ചെത്തി.

അപ്പോഴാണ് വിവാഹക്കാര്യത്തിലെ മൗനത്തിന്റെ പൊരുള്‍ മറനീക്കി പുറത്തുവരുന്നത്. ചില പ്രായോഗിക ബുദ്ധിയുള്ള അഭ്യുദയകാംക്ഷികളും ഉപദേഷ്ടാക്കളും നിശ്ചയിച്ച വിവാഹത്തില്‍നിന്ന് പിന്മാറാന്‍ അച്ഛനെയും അമ്മയെയും പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. 'ഐ.എ.എസ്. കിട്ടുന്നതിനുമുമ്പ് ഉറപ്പിച്ചതാണല്ലോ, ഇപ്പോള്‍ സംഗതി മാറിയില്ലേ.' പ്രലോഭനാത്മകങ്ങളായ ഓഫറുകളുമായി പലരും വീട്ടുകാരെ സമീപിച്ചുകൊണ്ടേയിരുന്നു. ഞാന്‍ വന്നിട്ട് തീരുമാനിക്കാം എന്ന നിലപാടെടുത്ത് അച്ഛനും അമ്മയും. ഇതൊക്കെ അമ്മ എന്നോട് വിശദീകരിക്കുമ്പോള്‍ എനിക്ക് ഒരു ആശയക്കുഴപ്പവുമുണ്ടായില്ല. വിവാഹക്കമ്പോളത്തില്‍ വിലപേശിനില്‍ക്കാന്‍ എനിക്കുദ്ദേശ്യമില്ല. നേരത്തേ കണ്ടുറപ്പിച്ചല്ലോ വധുവിനെ; അതിനൊരു പുനര്‍വിചിന്തനത്തിന്റെ ആവശ്യമെന്ത്? അന്തസ്സില്ലാത്ത പ്രലോഭനങ്ങളും അവയുടെ ഗണിതവും സ്വീകാര്യമല്ല എന്ന എന്റെ നിലപാടറിഞ്ഞതോടെ ആരും പിന്നെ തര്‍ക്കംപറഞ്ഞില്ല. ഏതായാലും ഞാന്‍തന്നെ മുന്‍കൈയെടുത്ത് വിവാഹത്തീയതി കുറിപ്പിച്ചു. തിരുവനന്തപുരം സുബ്രഹ്‌മണ്യം ഹാളും ഉറപ്പിച്ചു. അങ്ങനെ പരിശീലനത്തിനിടെ, 1979 ഓഗസ്റ്റ് 30-ന് ഞങ്ങള്‍ വിവാഹിതരായി.