കാലിക്കറ്റ്, എം.ജി. സര്‍വകലാശാലകളുടെ ബി.എ. മലയാളം കോഴ്‌സിന്റെ പരിഷ്‌കരിച്ച സിലബസില്‍ ഇടംപിടിച്ച് മലയാളികളുടെ ജനപ്രിയ കൃതികളും. അടുത്തകാലത്ത് മലയാള സാഹിത്യരംഗത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിവിധ എഴുത്തുകാരുടെ രചനകളും പാഠഭാഗങ്ങളായി വിദ്യാര്‍ഥികള്‍ക്ക് മുന്നിലെത്തുന്നു. എഴുത്തിലെ ബഹുസ്വരതയെ ഉള്‍ക്കൊണ്ടുകൊണ്ടാണ് പാഠ്യപദ്ധതിയില്‍ രചനകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

To advertise here,

നീറുന്ന ജീവിതാനുഭവങ്ങളെ എഴുത്തിലൂടെ ലളിതമായി ആവിഷ്‌കരിച്ച് മലയാളികളുടെ ഉള്ളുപൊള്ളിച്ച മുഹമ്മദ് അബ്ബാസിന്റെ 'വിശപ്പ് പ്രണയം ഉന്മാദം', തിരക്കഥാകൃത്തുകൂടിയായ അഖില്‍ പി. ധര്‍മജന്റെ ജനപ്രിയ നോവല്‍ 'റാം കെയര്‍ ഓഫ് ആനന്ദി', ക്വീര്‍ എഴുത്തുകാരന്‍ ആദിയുടെ 'പെണ്ണപ്പന്‍' തുടങ്ങിയ പുസ്തകങ്ങളിലെ ഭാഗങ്ങളാണ് പുതിയ സിലബസില്‍ ശ്രദ്ധേയമായവ. 

എട്ടാംക്ലാസുവരെ തമിഴ് മാത്രം പഠിച്ച മുഹമ്മദ് അബ്ബാസിന്റെ പുസ്തകമായ 'വിശപ്പ് പ്രണയം ഉന്മാദ'ത്തിലെ 'ഇവാന്‍ ഇലിയിച്ചിന്റെ ആത്മഹത്യാശ്രമം' എന്ന ഭാഗം കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എ. മലയാളം സിലബസിന്റെ ഭാഗമായതിനെക്കുറിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയിരുന്നു.

കേരളത്തില്‍ ഒരു സ്‌കൂളിലും പോവാത്ത ഒരാളുടെ എഴുത്ത് പാഠപുസ്തകത്തിന്റെ ഭാഗമായതിലുള്ള സന്തോഷം പങ്കുവെച്ചായിരുന്നു അദ്ദേഹം കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നത്. 

പുതുകാല എഴുത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവലാണ് 'റാം കെയര്‍ ഓഫ് ആനന്ദി'. അഖില്‍ പി. ധര്‍മജന്റെ ഈ പുസ്തകത്തിലെ ഇരുപത്തിനാലാം അധ്യായമാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എ. മലയാളത്തിലെ 'ക്വീര്‍ പഠനങ്ങളി'ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

"നോവല്‍ഭാഗം യൂണിവേഴ്‌സിറ്റിയുടെ പാഠ്യവിഷയമായതില്‍ വളരെ സന്തോഷമുണ്ട്. അപ്രതീക്ഷിതമാണത്. ബി.എ. മലയാളത്തില്‍ ക്വീര്‍ പഠനത്തിലാണ് നോവലിലെ ഭാഗമുള്ളത്. നോവലിലെ മല്ലി എന്ന കഥാപാത്രസൃഷ്ടിയിലുണ്ടായ വിജയമായാണ് ഞാനിതിനെ കാണുന്നത്. നോവല്‍ വായിച്ചിട്ടുള്ളവര്‍ക്ക് മനസ്സില്‍ തങ്ങിനില്‍ക്കുന്നതാണ് മല്ലി എന്ന കഥാപാത്രവും മല്ലിയും റാമുമുള്ള സന്ദര്‍ഭങ്ങളുമെല്ലാം. മല്ലിയുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും നോവലില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. അതായിരിക്കണം ക്വീര്‍ പഠനങ്ങളിലേക്ക് ഈ പുസ്തകത്തെ തിരഞ്ഞെടുത്തതെന്ന് ഞാന്‍ വിശ്വസിക്കുന്നു" -അഖില്‍ പി. ധര്‍മജന്‍ മാതൃഭൂമി ഡോട്‌കോമിനോട് പ്രതികരിച്ചു. 

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ മലയാള വിഭാഗത്തില്‍ ഗവേഷകനായ ആദിയുടെ ആദ്യ കവിതാസമാഹാരമാണ് ധ്വനി ബുക്‌സ് പ്രസിദ്ധീകരിച്ച 'പെണ്ണപ്പന്‍'. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ബി.എ. മലയാളത്തിലെ 'ലിംഗപദവി പഠന'ത്തില്‍ ഈ കവിത പാഠ്യവിഷയമായി. വിജയരാജമല്ലികയുടെ 'പൈപ്പിന്‍ചോട്' എന്ന കവിതയും ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി യുവപുരസ്‌കാര്‍ നേടിയ ആര്‍. ശ്യാംകൃഷ്ണന്റെ 'മഹേഷിന്റെ പ്രതികാരം' എന്ന കഥയും ആര്‍. രാജശ്രീയുടെ നോവല്‍ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത'യും എം.ജി. സര്‍വകലാശാലയുടെ പുതിയ സിലബസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

placeholder
വിജയരാജമല്ലിക

കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എ. മലയാളം ഭാഷയും സാഹിത്യവും ഓണേഴ്‌സ് ഒന്നാംവര്‍ഷ മേജര്‍ പേപ്പറായ 'മലയാള കവിതാപരിചയ'ത്തിലും ആദിയുടെ കവിത പാഠ്യവിഷയമായിട്ടുണ്ട്. 

"കാലിക്കറ്റ്, എം.ജി. യൂണിവേഴ്‌സിറ്റിയുടെ സിലബസുകളിലാണ് 'പെണ്ണപ്പന്‍' ഇടംനേടിയിരിക്കുന്നുവെന്നത് വളരെ സന്തോഷം തോന്നുന്ന കാര്യമാണ്. 2022 ഡിസംബറിലാണ് ഈ കവിതാസമാഹാരം പ്രസിദ്ധീകരിച്ചത്. അതിനുമുമ്പ് 'പെണ്ണപ്പന്‍' എന്ന കവിത ഞാന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. അന്നത് വലിയതോതില്‍ സ്വീകരിക്കപ്പെടുകയും ചര്‍ച്ചയാവുകയും ചെയ്തിരുന്നു. കവിതാസമാഹാരം പ്രസിദ്ധീകരിച്ചപ്പോള്‍ അതേ പേരുതന്നെ നല്‍കി. എന്റെ വ്യക്തിപരമായ അനുഭവമെന്നതിലുപരി ഒരുപാട് ക്വീര്‍ വ്യക്തികളെ ആ കവിത സ്വാധീനിച്ചിട്ടുണ്ട്.

കേന്ദ്രസാഹിത്യ അക്കാദമിയുടെ ഇന്ത്യന്‍ ലിറ്ററേച്ചര്‍ എന്ന ജേണലില്‍ കെ. സച്ചിദാനന്ദന്‍ മാഷ് 'പെണ്ണപ്പ'ന്റെ ഇംഗ്ലീഷ് പരിഭാഷ 'വുമണ്‍ ഡാഡ്'എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരുന്നു. എഴുത്തില്‍ യാതൊരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത എനിക്ക് ഈ അംഗീകാരങ്ങളെല്ലാം വളരെ സന്തോഷം തരുന്നതാണ്. മലയാള കവിതയുടെ ചരിത്രത്തിലൊരിടം കിട്ടുന്നത് വലിയൊരു കാര്യമായാണ് ഞാന്‍ കാണുന്നത്. ക്വീര്‍ അനുഭവങ്ങള്‍, രചനകള്‍ എന്നിവയെല്ലാം മുഖ്യധാരയില്‍ ചര്‍ച്ചയാകുന്നതും പാഠപുസ്തകത്തിലിടം നേടുന്നതും നിസ്സാര കാര്യങ്ങളല്ല. ട്രാന്‍സ്‌ജെന്‍ഡര്‍ ആയ വിജയരാജമല്ലികയുടെ കവിതകള്‍ മുമ്പേ സിലബസുകളില്‍ ഇടംപിടിച്ചവയാണ്. ഇപ്പോള്‍ പരിഷ്‌കരിച്ച കാലിക്കറ്റ്, എം.ജി. സര്‍വകലാശാലകളിലും അവരുടെ കവിതയുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനപ്പുറത്തേക്ക് നീങ്ങുന്ന ലിംഗത്വത്തിന്റെ ബഹുസ്വരമായ ലോകങ്ങള്‍കൂടി ഉള്‍പ്പെടുന്ന ഒരു താക്കോല്‍വാക്കായാണ് 'ക്വീര്‍' എന്ന് നമ്മള്‍ ഉപയോഗിക്കുന്നത്. ക്വീര്‍ സാഹിത്യം എന്ന രീതിയിലേക്ക് ഒരു പുതിയ സാഹിത്യജനുസ്സ് ഉണ്ടായി വരുന്നു. അതിലെ എഴുത്താള്‍മാരെ അംഗീകരിക്കുന്ന ചരിത്രപരമായ നീക്കമായാണ് സിലബസില്‍ കവിത ഉള്‍പ്പെടുത്തിയതിനെ കാണുന്നത്. ആ ചരിത്രപരമായ ചുവടുവെയ്പ്പിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്.  

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലാണ് ഞാന്‍ ബിരുദവും ബി.എഡ്ഡും പഠിച്ചത്. അവിടെനിന്ന് ക്വീര്‍ ഐഡന്റിറ്റിയുടെ പേരില്‍ അധ്യാപകരുടെ ഭാഗത്തുനിന്നും ഒരുപാട് ചൂഷണങ്ങള്‍ നേരിട്ടാണ് ഞാന്‍ എന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അതിന്റെ നിയമപോരാട്ടങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസസമ്പ്രദായത്തിനകത്തുനിന്ന് ഞാന്‍ നിരന്തരം പുറന്തള്ളപ്പെട്ടിട്ടുണ്ട്. ഇതേ അധ്യാപകര്‍ ഭാവിയില്‍ എന്റെ കവിത കുട്ടികളെ പഠിപ്പിക്കാന്‍ പോകുന്നു എന്നറിയുമ്പോള്‍ സന്തോഷം തോന്നുന്നു. അവര്‍ അത് എങ്ങനെ പഠിക്കുമെന്നത് മറ്റൊരു ചോദ്യമാണ്. 'ഇവനൊക്കെ എന്തിന് പഠിക്കാന്‍ വരുന്നു' എന്ന് എന്നെ വിരല്‍ ചൂണ്ടി ചോദിച്ച്, ബാക്കി കുട്ടികളുടെ മുമ്പില്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി നാണംകെടുത്തിയ അധ്യാപകരോട് 'ഇതിനുകൂടിയാണ് ഞാന്‍ പഠിക്കാന്‍ വന്നിരുന്നത്' എന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കുന്ന ഒരു രാഷ്ട്രീയപ്രസ്താവനയായി ഞാന്‍ ഈ മാറ്റത്തെ കാണുന്നു. അദൃശ്യതയില്‍ ആഴ്ന്നുപോയ രക്തസാക്ഷിത്വം വഹിച്ച, കൊല്ലപ്പെട്ട ഒരുപാട് ക്വീര്‍ വ്യക്തികളുണ്ട്. ജീവിച്ചിരിക്കുക എന്നുള്ളത് ഞങ്ങളെപ്പോലുള്ള മനുഷ്യര്‍ക്ക് എളുപ്പമുള്ള ഒരു കാര്യമല്ല. സ്വന്തം ജീവിതത്തിനോടും ശരീരത്തോടും യാതൊരു മതിപ്പും തോന്നാത്ത ഒരാളാണ് ഞാന്‍. ഇത്തരം നേട്ടങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ എനിക്കെന്നെ കുറിച്ച് മതിപ്പ് തോന്നിതുടങ്ങുന്നു"- ആദി പറഞ്ഞു.

placeholder
ഷീജ വക്കം

ആധുനികാനന്തര കവിത എന്ന വിഭാഗത്തിലാണ് 'പെണ്ണപ്പനും' ഷീജ വക്കം രചിച്ച 'വാളമീന്‍ കല്‍പ്പിക്കുന്നു' എന്ന കവിതയും ഉള്‍പ്പെട്ടിരിക്കുന്നത്.