
പോളിഷ് എഴുത്തുകാരി മാഗ്ദലേന തൂലേയുടെ 'Dreams and Stones' എന്ന പുസ്തകത്തെപ്പറ്റിയാണ് ഇത്തവണ 'വാക്കോള'ത്തില്‍;
ആളുകളെ തുറന്നു നോക്കിയാല്‍ നമുക്ക് ഭൂദൃശ്യങ്ങള്‍ കാണാനാകും. എന്നെയാണ് തുറക്കുന്നതെങ്കില്‍ കടല്‍ത്തീരങ്ങളെയാകും കാണാനാവുക. ഓര്‍മ മണല്‍ത്തരികളെപ്പോലെയാണ്. കുറച്ച് ഞാന്‍ സൂക്ഷിച്ചുവെക്കുന്നു, ബാക്കിയാവുന്നത് ഉതിര്‍ന്നുവീഴുന്നു.' ഫ്രഞ്ച് ചലച്ചിത്ര സംവിധായക ആന്യെസ് വാര്‍ദ (Agnès Varda)യുടെ The Beaches of Agnès എന്ന സിനിമയിലെ ഈ വാക്കുകള്‍ ഒരു ഭൂഭാഗം എങ്ങനെയാണ് ഓര്‍മയായി മാറുന്നതെന്ന് കാവ്യാത്മകമായി പറഞ്ഞുതരുന്നു. എങ്കിലും ഓര്‍മ പൂര്‍ണമല്ല, മണല്‍ത്തരികളെപ്പോലെ അതില്‍ അധികവും നഷ്ടപ്പെട്ടുകഴിഞ്ഞു. ശേഷിക്കുന്നവ മാത്രമേ നമ്മളില്‍ നിലനില്‍ക്കുന്നുള്ളൂ.
ഇതിന്റെ നേര്‍വിപരീതമാണ്. പോളിഷ് എഴുത്തുകാരി മാഗ്ദലേന തൂലെ (Magdalena Tulli)യുടെ Dreams and Stones എന്ന നോവല്‍. സത്യത്തില്‍ നോവലല്ല, ഗദ്യരൂപത്തിലുള്ള കവിതയാണ് മോഡേണ്‍ ക്ലാസിക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന, നൂറ്റിപ്പതിമ്മൂന്ന് പുറങ്ങള്‍മാത്രമുള്ള ഈ പുസ്തകം. ഇതില്‍ ഓര്‍മകള്‍ നഷ്ടപ്പെടുന്നില്ല, അടരടരുകളായി, ശിലാപാളികളായി അവ നിലനില്‍ക്കുന്നു, സ്വയം പുനര്‍നിര്‍മിക്കുന്നു.
ലോകവൃക്ഷത്തെ(Tree of the World) വിവരിച്ചുകൊണ്ടാണ് നോവല്‍ തുടങ്ങുന്നത്. മറ്റു വൃക്ഷങ്ങളെപ്പോലെത്തന്നെയാണ് അതും. ഋതുക്കള്‍ക്കനുസരിച്ച് അവയില്‍ ഇലകളും പൂക്കളും നിറങ്ങളും വരുന്നു, പോകുന്നു. അതുമാത്രമല്ല, അതിനടിയില്‍ ഒരു എതിര്‍വൃക്ഷംകൂടി വളരുന്നുണ്ടെന്ന് എഴുത്തുകാരി പറയുന്നു: 'പച്ചപ്പ് ഏറ്റവും പുതുമയോടെ നില്‍ക്കുമ്പോള്‍, പക്ഷികള്‍ ചില്ലകള്‍തോറുമിരുന്ന് പാടുമ്പോള്‍ കുതിര്‍ന്ന, ഇരുണ്ട, കീടങ്ങള്‍ തിന്നുതീര്‍ത്തുകൊണ്ടിരിക്കുന്ന ഒരു എതിര്‍മരം ഭൂമിക്കടിയില്‍ വളരുന്നു. അടിയിലുള്ള മരത്തിന്റെ തായ്ത്തടി മേല്‍മരത്തിന്റെ തുടര്‍ച്ചയാണ്. ഓരോ ചില്ലയും മണ്ണിനടിയില്‍ ആഴ്ന്നുകിടക്കുന്ന അതേപോലുള്ള മറ്റൊരു മരക്കൊമ്പുമായി അദൃശ്യമായ ഒരു ജലനാളിയാല്‍ ബന്ധപ്പെട്ടിരിക്കുന്നു.' ഈ അധോതലവൃക്ഷം വളര്‍ന്നുകൊണ്ടേയിരിക്കുകയാണ് നോവലിലുടനീളം; പലതായി മനുഷ്യരും കെട്ടിടങ്ങളും തെരുവുകളും നഗരവുമായി, നഗരത്തിനുമേല്‍ തൂങ്ങിക്കിടക്കുന്ന കറുത്ത നക്ഷത്രങ്ങളായി.
ആ മരത്തിലുണ്ടാകുന്ന ഫലങ്ങളില്‍ ഉള്‍പ്പെട്ട ഒരു നഗരത്തെപ്പറ്റിയാണ് നോവലില്‍ പറയുന്നത്. സ്വാഭാവികമായും അതിനും ഒരു അപരനുണ്ട്. അതിന്റെ നിര്‍മാണവും അപനിര്‍മാണവും ഇതില്‍ വിവരിക്കുന്നു. കഥ പറയുന്ന അദൃശ്യനായ ആളല്ലാതെ മറ്റു കഥാപാത്രങ്ങളില്ല ഇതില്‍. അല്ലെങ്കില്‍ ആ നഗരത്തിലെ കെട്ടിടങ്ങളിലെ ഇഷ്ടികകള്‍ മുതല്‍ തെരുവില്‍ പാകിയിരിക്കുന്ന കല്ലുകള്‍വരെ കഥാപാത്രങ്ങളാണെന്നും വരാം. അതുമല്ലെങ്കില്‍, എല്ലാം ഒരുപോലെയാണെന്നും എന്നാല്‍, ഓരോന്നും വ്യത്യസ്തമാണെന്നും പറയുന്ന ഒരു നോവലില്‍ കഥാപാത്രങ്ങളെ വേര്‍തിരിച്ചെടുക്കുന്നതും അസാധ്യം.
ആ നഗരത്തില്‍ പാര്‍ക്കുന്നവരുടെ വിധിയും വ്യത്യസ്തമല്ല. നോവലില്‍നിന്ന്: 'നക്ഷത്രത്തിന്റെ രൂപത്തില്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന ഒരു നഗരത്തിലെ അന്തേവാസികള്‍ തിരഞ്ഞെടുക്കല്‍ എന്ന ആവശ്യത്തെ അഭിമുഖീകരിക്കേണ്ടതില്ല. അവര്‍ നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. മറ്റൊരുതരത്തില്‍ എല്ലാ നേര്‍രേഖകള്‍ക്കും ഒരു സമാന്തരം കൂടിയുണ്ടെന്നും ഓര്‍ക്കേണ്ടതുണ്ട്.' ഇവിടെ എഴുത്തുകാരി മറ്റൊന്നുകൂടി പറഞ്ഞുവെക്കുന്നു: 'ലോകത്തെ ഒരു മരമെന്നു കരുതുമ്പോള്‍ നമ്മളതിനെ മരമായി കാണുന്നു. യന്ത്രമെന്നു കരുതുമ്പോള്‍ അതൊരു യന്ത്രമാണുതാനും.' കാഴ്ചപ്പാട് മാത്രമല്ല, ലോകത്തിന്റെ മാറിമറിയുന്ന ജൈവിക യാന്ത്രിക സ്വഭാവങ്ങള്‍കൂടി ഈ വാക്കുകളിലുണ്ട്.
രണ്ടാം ലോകയുദ്ധത്തില്‍ തകര്‍ന്ന പോളിഷ് തലസ്ഥാനം വാഴ്സയുടെ പുനര്‍നിര്‍മാണമാണ് എഴുത്തുകാരി വിവരിക്കുന്നതെന്നു തോന്നിയേക്കാം. പക്ഷേ, ശ്രദ്ധാപൂര്‍വമായ, പൂര്‍വകാലത്തെ തിരിച്ചുപിടിക്കുന്ന ആ നിര്‍മിതിയില്‍ ഒളിഞ്ഞിരിക്കുന്നതും വീണ്ടും സംഭവിച്ചേക്കാവുന്നതുമായ ഒരു തകര്‍ച്ചകൂടി ഈ പുസ്തകം കാണിച്ചുതരുന്നുണ്ട്. ചെക്ക് എഴുത്തുകാരന്‍ പവേല്‍ ബ്രിഡ്ച് (Pavel Brycz) എഴുതിയ I, Ctiy എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു: 'ഒരു ചെറിയ പാരീസ് ആണ് പ്രാഗ്. അവള്‍ ചെറുതാണ്, പാഴാക്കപ്പെട്ടവളും കരയുന്നവളുമാണ്. അവള്‍ നിങ്ങളുടെ കൈപിടിച്ച് വീട്ടില്‍ പോകാനാഗ്രഹിക്കുന്നു.' നഗരത്തിന്റെ വാക്കുകളെന്ന നിലയ്ക്ക് എഴുത്തുകാരന്‍ ഇതുകൂടി ചേര്‍ക്കുന്നു: 'എന്നെ വിശ്വസിക്കൂ; വെറുമൊരു നഗരം മാത്രമാണ് ഞാനെങ്കിലും എന്റെ ഹൃദയത്തിലെ ജനത മൂകരാകാന്‍ ഞാനാഗ്രഹിക്കുന്നില്ല.' പക്ഷേ, ബ്രിഡ്ചിന്റെ പ്രാഗ് അല്ല മാഗ്ദലേന തൂലെയുടെ വാഴ്സ. അവിടെ ഗൃഹാതുരത്വമില്ല. നിര്‍മാണത്തിന്റെയും തകര്‍ച്ചയുടെയും ആതുരതകളേയുള്ളൂ.
ഇറ്റാലിയന്‍ എഴുത്തുകാരന്‍ ഈത്താലോ കല്‍വീനോ (Italo Calivno)യുടെ Invisible Cities എന്ന നോവലിനെ ചിലപ്പോഴൊക്കെ തൂലേയുടെ പുസ്തകം ഓര്‍മ്മയിലെത്തിക്കുന്നു. കല്‍വിനോ ഇങ്ങനെ എഴുതി: 'നഗരം ആവര്‍ത്തനസ്വഭാവമുള്ളതാണ്. സ്വയം ആവര്‍ത്തിക്കുന്നതുകൊണ്ട് അതിന്റെ ഏതെങ്കിലും ഒരംശം മനസ്സില്‍ ഒട്ടിപ്പിടിച്ചുനില്‍ക്കുന്നു.' കടകള്‍ നിറഞ്ഞ തെരുവുകള്‍ ഒരു നാവികന്റെ ശരീരത്തില്‍ പച്ചകുത്തിയ അടയാളങ്ങളാണെന്നാണ് കഥ പറയുന്ന മാര്‍ക്കോ പോളോയ്ക്ക് തോന്നുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ സഹയാത്രികര്‍ നഗരത്തില്‍ പച്ചകുത്തുന്ന ഒരേയൊരാളേ ഉള്ളൂവെന്ന് ആണയിടുന്നു.
'ഓര്‍മയും ആവര്‍ത്തനസ്വഭാവമുള്ളതാണ്, അവ അടയാളങ്ങളെ ആവര്‍ത്തിക്കുന്നതുകൊണ്ട് നഗരം നിലനില്‍ക്കാന്‍ തുടങ്ങുന്നു.' എന്ന് നോവലില്‍ വീണ്ടും പറയുന്നു. നഗരത്തിന്റെയും ഓര്‍മയുടെയും ഈ ആവര്‍ത്തനസ്വഭാവം തൂലേയുടെ നോവലിലും കാണാവുന്നതാണ്. കല്‍വീനോയുടെ നഗരങ്ങളാണ് കാണാമറയത്തെങ്കില്‍ തൂലേയുടെ നഗര നിര്‍മാതാക്കളാണ് അദൃശ്യര്‍. അവര്‍ എവിടെയും താമസിക്കുന്നില്ല, അല്ലെങ്കില്‍ എല്ലായിടത്തും താമസിക്കുന്നുണ്ട്; കച്ചേരി നടക്കുന്ന സ്ഥലത്ത് സംഗീതം ജീവിക്കുന്നതുപോലെ.
അതിപ്രശസ്തനായ പോളിഷ് എഴുത്തുകാരന്‍ ബ്രൂനോ ഷുള്‍സ് (Bruno Schulz) രചിച്ച The Street of Crocodiles എന്ന നോവലില്‍ നഗരത്തിലെ തെരുവുകളില്‍ സംഭവിച്ചേക്കാവുന്ന അബദ്ധങ്ങളുടെ അനന്തസാധ്യതകളെപ്പറ്റി പറയുന്നുണ്ട്: 'തെറ്റായ വാതില്‍ തുറന്ന് തെറ്റായ കോണിപ്പടികളില്‍ കാല്‍വെച്ചാല്‍ നിങ്ങള്‍ ലക്ഷ്യത്തെപ്പറ്റി മറന്നുപോയെന്നുവരും. പിന്നെ ദിവസങ്ങളെടുക്കും അതെന്താണെന്ന് വീണ്ടും ഓര്‍മവരാന്‍.' തൂലേയുടെ പുസ്തകത്തിലെ ദുഃഖം നിറഞ്ഞ തെരുവുകളിലെ കെട്ടിടങ്ങള്‍ പരസ്പരം കൂടിപ്പിണയുന്നവയാണ്. ഓര്‍മ അവയെ അഴിച്ചെടുക്കുന്നു. അതുകൊണ്ടുതന്നെ സ്ഥിരമായ ഒരു രൂപം അവയ്ക്കില്ല. അങ്ങനെ അവയും നമ്മളെ വഴിതെറ്റിക്കുന്നു.
സ്വപ്നങ്ങളുടെയും കല്ലുകളുടെയും നോവല്‍ അവസാനിക്കുന്നു: കല്ലുകള്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ. ലോകവൃക്ഷമെന്നത് അയഥാര്‍ഥമായ ഒന്നാണ്; അതിലെ ഇലകള്‍ മാത്രമായ മനുഷ്യരും.
Content Highlights: Magdalena Tulli polish writer book analysis
Published: 21 Nov 2024, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented