മരമേതായാലും മണ്ണിലെഴുതുന്നത് മൈത്രി പേടിയും കണ്ണീരും തോർത്തി ലോകത്തെ ഭാവിയിലേക്കൊഴുക്കുന്ന മൈത്രി (കെ.ജി.എസ് - സഞ്ചാരി മരങ്ങൾ)

To advertise here,

പരിസ്ഥിതിയുമായി മനുഷ്യർ പുലർത്തേണ്ട ഗാഢമായ മൈത്രിയെക്കുറിച്ചുള്ള നിസ്തുല ആഖ്യാനമാണ് മാധവ് ഗാഡ്ലിന്റെ ആത്മകഥ. Western Ghat A Love Story എന്ന പേരിൽ ഇംഗ്ലീഷിൽ ഇറങ്ങും മുമ്പേ മലയാളത്തിലെത്തിയ 'പശ്ചിമഘട്ടം ഒരു പ്രണയകഥ' 2023- ലെ ഏറ്റവും മൂല്യവത്തായ പുസ്തകമായി കാണുന്നു. പരിസ്ഥിതി പ്രവർത്തകനും ആക്ടിവിസ്റ്റുമായ വിനോദ് പയ്യടയുടെ ഈ വിവർത്തനസംരംഭം മലയാളത്തിന് ലഭിച്ച ഒരു മികച്ച വരദാനമാണെന്ന് പറയാം. പ്രചോനാത്മകവും വിജ്ഞാനപ്രദവുമായ ഈ ഗ്രന്ഥം ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് വഴിയും വെളിച്ചവുമായിത്തീരുമെന്നതിൽ സംശയമില്ല. പാരിസ്ഥിതിക പ്രജ്ഞയുടെ ഗിരിശൃംഗങ്ങളിലേക്കാണ് ഈ കൃതിയുടെ വായന നമ്മെ നയിക്കുന്നത്.

പ്രകൃതിയുടെ നൈസർഗികമായ വൈവിധ്യങ്ങളിൽ, ജീവനെ നിലനിർത്തുന്ന അതിന്റെ ശാദ്വലതയിൽ അനുരക്തനായ, നമ്മുടെ കാലഘട്ടത്തിലെ ഒരസാധാരണ ശാസ്ത്രജ്ഞനെ, സർവചരാചരങ്ങളോടും നിർല്ലോഭമായ സ്നേഹം ചൊരിഞ്ഞ മാനവികതയുടെ ആദർശമാതൃകയെ നാം ഈ ആത്മകഥയിലൂടെ അറിയുന്നു. പ്രകൃതിയെ സഹജജ്ഞാനപരമായും അക്കാദമികമായും ആഴത്തിൽ നിരീക്ഷിച്ച് പഠിച്ചതിന്റെ ഉൾക്കാഴ്ചകൾ ഓരോ വാക്കിലും വരികളിലും നിറഞ്ഞിരിക്കുന്നു. ഇത്ര സുവിശദവും ശാസ്ത്രീയവും വിശകലനപരവുമായി രചിച്ച പ്രകൃതികഥനം അപൂർവമത്രേ.

മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധവിനിമയങ്ങളുടെ നിതാന്തസമസ്യകളെ ശാസ്ത്രീയമായി നിർദ്ധാരണം ചെയ്യാൻ നിയുക്തമായ ജന്മമെന്ന് തോന്നും മാധവ് ഗാഡ്ഗിലിന്റെ ജീവിതം വായിക്കുമ്പോൾ. ശാസ്ത്രജ്ഞാനവും പുരോഗമനചിന്തയും സമ്പത്തും മാനവികബോധവും ഉള്ള കുടുംബ പരിതസ്ഥിതിയിൽ ജനിച്ചുവളർന്ന അനുഗ്രഹിക്കപ്പെട്ട ജന്മം എന്നുതന്നെ പറയാവുന്ന ജീവിതം. കേംബ്രിഡ്ജിൽ ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിൽ ഉപരിപഠനം നടത്തിയ, ഇന്ത്യയിൽ സഹകരണ പ്രസ്ഥാനത്തിന് നാന്ദികുറിച്ച, ആസൂത്രണകമ്മീഷൻ ഉപാധ്യക്ഷനായി പ്രവർത്തിച്ച പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞൻ, ധനഞ്ജയ് രാമചന്ദ്രഗാഡ്ഗിലിന്റെയും പ്രമീളയുടെയും നാല് മക്കളിൽ ഇളയവനായി 1942 -ലാണ് മാധവ് ഗാഡ്ഗിൽ ജനിച്ചത്.

പക്ഷിനിരീക്ഷകനായ സലിം അലി പിതാവിന്റെ സുഹൃത്തായിരുന്നു. പുരാവസ്തുഗവേഷകയും ചരിത്രപണ്ഡിതയുമായ ഇരാവതി കാർവെ അയൽവാസിയായിരുന്നു. ശാസ്ത്രീയാന്വേഷണങ്ങളിലും പ്രകൃതിനിരീക്ഷണത്തിലും തൽപരരായ ഉയർന്ന വ്യക്തികളുടെ സാന്നിധ്യവും സമ്പർക്കവും, പിതാവിന്റെ പുസ്തകശേഖരവും പിന്തുണയുമൊക്കെ മാധവ് ഗാഡ്ഗിൽ എന്ന ബാലനെ പ്രകൃതിപഠനത്തിൽ ഉത്സുകനാക്കി. പക്ഷിനിരീക്ഷണവും കുന്നും മലകളും മരങ്ങളുമേറി കാടുകൾ താണ്ടിയുമുള്ള പഠനങ്ങളുമെല്ലാമാണ് കുട്ടിക്കാലത്തുതന്നെ താൻ പ്രകൃതിവാദിയായിത്തീരാൻ കാരണമായതെന്ന് ഗാഡ്ഗിൽ എഴുതുന്നുണ്ട്.

പശ്ചിമഘട്ടത്തോട് ഒരു പ്രത്യേക ആകർഷണം കുട്ടിക്കാലത്തു തന്നെ പ്രകൃതിപഠനസഞ്ചാരങ്ങളിലൂടെ രൂപപ്പെട്ടിരുന്നുവത്രേ. ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, മറാത്തി ഭാഷകളിലെഴുതപ്പെട്ട വിപുലമായ പുസ്തകങ്ങളുടെ ശേഖരം പിതാവിനുണ്ടായിരുന്നു. അതൊക്കെ ആവേശത്തോടെ വായിച്ച കാലത്ത് ക്യാപ്റ്റൻ ഡഫ് എഴുതിയ 'മാറാത്തകളുടെ ചരിത്രം'എന്ന പുസ്തകത്തിലെ പശ്ചിമഘട്ടത്തെക്കുറിച്ചുള്ള വിവരണം വല്ലാതെ സ്പർശിച്ചു. പശ്ചിമഘട്ട പ്രണത്തിന്റെ വിത്ത് മനസ്സിൽ പൊട്ടിമുളച്ചത് അതിൽ നിന്നാണെന്ന് ഗാഡ്ഗിൽ ഓർക്കുന്നുണ്ട്. പശ്ചിമഘട്ടഭൂമിയിലൂടെയുള്ള നിരവധി യാത്രകൾ ഒരു വിസ്മയമായി ഉള്ളിൽ നിറഞ്ഞു.

നാഗ്പൂരിലെ പിതാവിന്റെ ഓറഞ്ചുതോട്ടത്തിൽ വേനൽക്കാലതാമസത്തിനെത്തുമ്പോൾ, മലകളും കാടുകളും കയറി പശ്ചിമഘട്ടചുരങ്ങളിലെ ഏതെങ്കിലും ഗിരിശൃംഗത്തിൽ കയറിയെത്തുമ്പോൾ കണ്ട പശ്ചിമഘട്ടചാരുത, എവിടെയും ദൃശ്യമാകുന്ന വശ്യപ്രകൃതി, തൊട്ടുരുമ്മിക്കിടക്കുന്ന മലനിരകൾ, മൂന്നോനാലോ ആയിരം അടി ഉയരത്തിൽ ചിലയിടങ്ങളിലൊഴിച്ച് മരങ്ങളുടെ സമൃദ്ധമായ ആവരണം, അതിജീവനശേഷിയുള്ള കുറ്റിച്ചെടികൾക്കുപോലും വേരുകൾ ആഴ്ത്താൻ കഴിയുന്ന കരിമ്പാറക്കൂട്ടങ്ങൾ എന്നിങ്ങനെ കാളിദാസന്റെ പർവതവർണ്ണനകളെ അനുസ്മരിപ്പിക്കുന്ന മട്ടിൽ കാവ്യാത്മകമായി പശ്ചിമഘട്ട പ്രണയാഭിനിവേശത്തെക്കുറിച്ച് ഗാഡ്ഗിൽ എഴുതുന്നുണ്ട്. പശ്ചിമഘട്ടം ഒരു പ്രണയകഥ എന്ന് തന്നെ ആത്മകഥയ്ക്ക് പേരിട്ടതിന്റെ കഥ, തന്റെ പ്രകൃതിശാസ്ത്രജ്ഞനായി വളർത്തിയ നിസ്തുലമായ ഭൂവിഭാഗത്തിന് സമർപ്പിക്കുന്ന ശ്രദ്ധാഞ്ജലി തന്നെയാണ്.

പ്രണയവും അന്വേഷണവും തുടങ്ങുന്നു എന്ന ആത്മകഥയുടെ പ്രഥമ അധ്യായം ഗാഡ്ഗലിന്റെ ജ്ഞാനതൃഷ്ണയുടെയും പ്രകൃതിജ്ഞാനസപര്യയുടെയും പശ്ചാത്തലമായിത്തീരുന്നുണ്ട്. മാത്രമല്ല ചെറുപ്രായത്തിൽ തന്നെ മാനവികവും നൈതികവുമായ ബോധം അടിയുറച്ചതിനെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. പുസ്തകവായനയും പ്രകൃതിയറിവുകളും പഠനയാത്രകളും ഒക്കെ പ്രോത്സാഹിപ്പിച്ചിരുന്ന പിതാവ് ചെറുതും വലുതുമായ ജീവജാലങ്ങളെക്കുറിച്ചു പഠിക്കാൻ പ്രേരിപ്പിക്കുക മാത്രമല്ല, ജനങ്ങൾ അവരുടെ സംസ്‌കാരം ജീവിതപരിസരം ഇവയിലൊക്കെ താത്പര്യം ജനിപ്പിക്കുവാനും ശ്രമിച്ചിരുന്നു എന്ന് ഗാഡ്ഗിൽ ഓർക്കുന്നുണ്ട്. ഇതിന്റെയെല്ലാം ആത്യന്തിക ഫലത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതിയിരിക്കുന്നു. 'പതിനഞ്ചാം വയസ്സിൽ തന്നെ മതവിശ്വാസങ്ങളെക്കുറിച്ചുള്ള ധാരണകൾ ഇതുവഴി രൂപപ്പെട്ടു. വ്യവസ്ഥാപിതമായ ഒരു മതത്തിലും എനിക്കു വിശ്വാസമില്ല. ഇവയിലെല്ലാം എനിക്ക് നല്ല സുഹൃത്തുക്കൾ ഉണ്ടെങ്കിലും സംസ്‌കാരത്തിന്റെ ബഹുമുഖമായ ആവിഷ്‌ക്കാരങ്ങളിൽ ഞാൻ അതീവതത്പരനാണ്.

സംസ്‌കൃതം അറിയുന്നതിനാൽ ഋഗ്വേദം, രാമായണം, മഹാഭാരതം, ഭഗവത്ഗീത തുടങ്ങിയവയുടെ പല ഭാഗങ്ങളും മൂലഭാഷയിൽ തന്നെ വായിക്കുവാൻ സാധിച്ചിട്ടുണ്ട്. സംഗീതവും ഹിന്ദുഭജനകളും ഞാൻ ആസ്വദിച്ചിരുന്നു. എന്നാൽ എന്റെ കയ്യിലുള്ള ഏക പ്രതിമ എന്റെ സുഹൃത്തിൽ നിന്ന് ഞാൻ പ്രത്യേകം നിർമിച്ച് വാങ്ങിയ ഭൂമിസ്പർശമുദ്രയായിരിക്കുന്ന ബുദ്ധന്റേതാണ്. തനിക്ക് ജ്ഞാനോദയം ലഭിച്ചത് ഏതെങ്കിലും ദൈവിക പ്രചോദനത്തിൽ നിന്നല്ലെന്നും മണ്ണുമായുള്ള അനുഭവത്തിൽ നിന്നുമാണെന്നുമാണ് ബുദ്ധൻ പറഞ്ഞത്. വസ്തുനിഷ്ഠമായ യാഥാർഥ്യമാണ് എല്ലാ ജ്ഞാനത്തിന്റെയും അടിസ്ഥാനമെന്ന് വിശ്വസിക്കുന്ന ശാസ്ത്രജ്ഞരെപ്പോലെ ഒരു യുക്തിവാദിയായിരുന്നു ബുദ്ധൻ' (പുറം. 27) എന്ന് ഗാഡ്ഗിൽ എഴുതിയത് വായിക്കുമ്പോൾ ബുദ്ധത്വത്തിന്റെ, ഉത്തമമനുഷ്യത്വത്തിന്റെ ആരൂഢങ്ങൾ ചെറുപ്രായത്തിലെ ഉറപ്പിക്കപ്പെട്ട അപൂർവ വ്യക്തിത്വത്തെ നാം തിരിച്ചറിയുന്നു. ജൈവവൈവിധ്യങ്ങളുടെ അപാരതയിൽ നിന്ന് ജ്ഞാനത്തെ നിർദ്ധാരണം ചെയ്യുന്ന ബുദ്ധസഞ്ചാരങ്ങളായിരുന്നു ഗാഡ്ഗിലിന്റെ സർവകലാശാല ജീവിതം. ഹാർവാർഡിലെ ഗവേഷണം വരെ നീളുന്ന വിദ്യാർഥിജീവിതം സമർപ്പിതവും ഫലസമൃദ്ധവുമായിരുന്നു. വിദ്യാർഥികൾക്കും ഗവേഷകർക്കും ആദർശമാതൃകതന്നെയാണ് ഗാഡ്ഗലിന്റെ കലാശാലജീവിതാഖ്യാനം തുറന്നു തരുന്നത്. പഠനവിഷയത്തിലും അതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിലും അറിവ് അന്വേഷണത്തിലും അതിന്റെ കൃത്യമായ റിപ്പോർട്ടിലും മികവും വൈദഗ്ദ്യവും പുലർത്തിയ പഠനകാലം.

അറിഞ്ഞതിൽ നിന്നും അറിയാത്തതിലേക്കുള്ള നിരന്തരയാത്രകളായിരുന്നു. ജീവിതത്തിലുടനീളം വസ്തുനിഷ്ഠതയിലും ശാസ്ത്രീയതയിലും ഊന്നുന്ന ഈ രീതി തന്നെയാണ് അദ്ദേഹത്തെ ശാസ്ത്രകാരന്മാരിലെ ഏകാന്തപഥികനാക്കുന്നത്. ഓരോന്നു പഠിക്കുമ്പോഴും ഗാഡ്ഗിലിൻ പഠനം ഒരഭിനിവേശമായിത്തീരുകയായിരുന്നു. മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ മറൈൻ ബയോളജിയിൽ എം.എസ്.സി.യ്ക്ക് ചേർന്ന ഗാഡ്ഗിൽ, കടലിനോടും മത്സ്യങ്ങളോടും മത്സ്യത്തൊഴിലാളികളോടും ചങ്ങാത്തത്തിലാവുകയും, മത്സ്യങ്ങളുടെ ജീവശാസ്ത്രത്തിലേക്കും നീലക്കടലിന്റെ ആഴങ്ങളിലേക്കും അവസാനിക്കാത്ത കൗതുകത്തോടെ യാത്രചെയ്തതിനെയും കുറിച്ച് ആവേശത്തോടെ എഴുതുന്നുണ്ട്.

ഇപ്രകാരം പരിസരങ്ങളോടും ആവാസവ്യവസ്ഥയോടും ഇഴുകിച്ചേരുകയും ചങ്ങാത്തത്തിലാവുകയും ചെയ്യുന്ന പ്രകൃതമാണ് ഗാഡ്ഗിലിനെ ലോകോത്തര പരിസ്ഥിതിശാസ്ത്രജ്ഞനായി വളർത്തിയത് എന്നു കാണാം. ശാസ്ത്രപഠനത്തിന്റെ അന്തസത്ത ഉൾക്കൊള്ളാൻ ഹാർവാഡ് പഠനകാലം സഹായിച്ചിട്ടുണ്ട് എന്ന് ഗാഡ്ഗിൽ ഓർക്കുന്നു. ശാസ്ത്രജ്ഞൻ ആരായിരിക്കണം എന്തായിരിക്കണം എന്നതിനെക്കുറിച്ചും ശാസ്ത്രത്തിന്റെ നൈതികതയെക്കുറിച്ചും ഉറച്ച ബോധ്യങ്ങൾ അവിടെ നിന്ന് ആർജ്ജിക്കാൻ കഴിഞ്ഞു. 'ഞാൻ ജീവിതത്തിലുടനീളം പ്രമാണീകരിക്കപ്പെട്ട സംഗതികളെ പരിശോധനയ്ക്ക് വിധേയമാക്കാതെയും ശരിയാണെന്ന് ബോധ്യപ്പെടാതെയും ഒന്നും സ്വീകരിച്ചിട്ടില്ല. അധികാരികളുടെ പ്രതികരണത്തെക്കുറിച്ച് വേവലാതിപ്പെട്ടിട്ടുമില്ല? (പുറം. 47) എന്ന് ശാസ്ത്രജ്ഞനെന്ന നിലയിൽ തന്റെ നൈതിക നിലപാട് അസന്ദിഗ്ധമായി പറയുന്നുണ്ട് അദ്ദേഹം.

ഹാർവാർഡ് ദിനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളിൽ പാരിസ്ഥിതികശാസ്ത്രത്തിനുണ്ടായ വികാസത്തെക്കുറിച്ചുള്ള സമഗ്രചിത്രം തരുന്നുണ്ട്. കമ്പ്യൂട്ടറുകളും പരിണാമപാരിസ്ഥിതികശാസ്ത്രവും എന്ന അധ്യായം ഇതിനു തെളിവാണ്. ശാസ്ത്രത്തിന്റെ യഥാർഥ സത്തയെ ഉൾക്കൊണ്ട ഗവേഷണങ്ങളായിരുന്നു അന്ന് നടന്നിരുന്നതെന്ന് സൂചിപ്പിക്കുമ്പോഴും ഗവേഷണ-അക്കാദമിക് രംഗത്ത് ഒരു അഭാവം ഗാഡ്ഗിൽ ശ്രദ്ധിച്ചിരുന്നു. അക്കാലത്ത് ഹാർവാർഡിൽ സ്ത്രീകളോ കറുത്തവരോ തദ്ദേശീയ അമേരിക്കൻ വിഭാഗത്തിൽപ്പെട്ടവരോ വൈജ്ഞാനിക അധ്യയനമേഖലയിൽ ഉണ്ടായിരുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. അധ്യാപകൻ, ഗവേഷകൻ, പരിസ്ഥിതി ശാസ്ത്രജ്ഞൻ, ശാസ്ത്രത്തിന്റെ ജനകീയ പ്രചാരകൻ എന്നീ നിലകളിൽ ഒരു നിമിഷവും പാഴാക്കാതെയുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനായതിന്റെ വിവരങ്ങളാണ് ഈ ആത്മകഥാപുസ്തകത്തിലെ ഏറെ അധ്യായങ്ങളിൽ. പരിസ്ഥിതിയെയും ആവാസവ്യവസ്ഥയ്ക്ക് ഏറ്റ ആഘാതങ്ങളെയും കുറിച്ചുള്ള സവിസ്തര പരാമർശങ്ങൾ ശാസ്ത്രലേഖനങ്ങളുടെയും ഗവേഷണപ്രബന്ധങ്ങളുടെയും ഗൗരവം കൈവരിക്കുന്നതു കാണാം. ഇന്ത്യയുടെ വൈവിധ്യമാർന്ന ഭൂപ്രകൃതികളിൽ, ആവാസവ്യൂഹങ്ങളിലെല്ലാം മാധവ് ഗാഡ്ഗിലിന്റെ പാദമുദ്രകൾ പതിഞ്ഞിട്ടുണ്ട്.

ഇന്ത്യയുടെ പ്രകൃതിവൈവിധ്യത്തെ ഇത്രമേൽ അറിയുകയും അലയുകയും അന്വേഷിക്കുകയും റിപ്പോർട്ടുകളിലൂടെയും ലേഖനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും അവയെല്ലാം ബഹുജനവിജ്ഞാനത്തിന്റെ ഭാഗമാക്കുകയും ചെയ്ത ഗാഡ്ഗലിന്റെ ആത്മാർഥമായ വിവരണങ്ങൾ ഒരേ സമയം കവിതയായും ശാസ്ത്രമായും നമ്മെ സ്പർശിക്കുന്നു. മനുഷ്യൻ പാരിസ്ഥിതിക വ്യവസ്ഥയിലെ ഘടകം, വിശുദ്ധവനങ്ങളും സാമൂഹികജീവികളും, വന്യജീവിപഠനങ്ങൾ, മുളങ്കാടുകൾ, ഇടയരും കർഷകരും, ഒളിവേട്ടക്കാർ വനപാലകർ കീടങ്ങളും കീടനാശിനികളും തുടങ്ങിയ അധ്യായങ്ങളിൽ ഇന്ത്യ അഭിമുഖീകരിക്കുന്ന എല്ലാ പാരിസ്ഥിതിക പ്രതിസന്ധികളെയും അതിന്റെ പോംവഴി സഹിതം ഗാഡ്ഗിൽ അഭിസംബോധന ചെയ്യുന്നുണ്ട്. ആധുനിക ഇന്ത്യയിലുണ്ടായ എല്ലാ പാരിസ്ഥിതിക ആഘാതങ്ങളുടെയും ദുരന്തമുഖങ്ങളിലും പഠിതാവായോ അന്വേഷകനായോ ഔദ്യോഗിക അന്വേഷണസമിതിയുടെ ഭാഗമായോ മാധവ് ഗാഡ്ഗിൽ ഉണ്ടായിരുന്നു.

എം.കെ. പ്രസാദിനൊപ്പം സൈലന്റ് വാലിയിൽ, ചാലിയാർ മലിനീകരണവുമായി ബന്ധപ്പെട്ട പരിശോധനകളിൽ, ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ദുരന്തഭൂമിയിൽ, പശ്ചിമഘട്ടത്തിന്റെ തെക്കേയറ്റത്തുള്ള നെയ്യാറിന്റെ വൃഷ്ടിപ്രദേശത്തെ ചിത്രോപമമായ മഴക്കാടുകളിൽ, മുല്ലപ്പെരിയാർ പീഠഭൂമിയിൽ, മാൽഗോവ-പനാജി മേഖലകളിൽ, ഗോവ, ജോധ്പൂർ, ജെയ്സാൽമീർ, ഗഡ്വാൾ, ഹോഷംഗാബാദ് എന്നിവിടങ്ങളിൽ ഇടയരും കർഷകരും ആദിവാസികളും അധിവസിക്കുമിടങ്ങളിൽ ഉത്തരാഖണ്ഡിൽ, ഉത്തരകന്നടയിൽ, പശ്ചിമബംഗാളിലെ തേനി ഗ്രാമത്തിൽ, മിസോറാമിൽ, ഇംഫാലിൽ ആതിരപ്പള്ളിയിൽ, ഗദ്ചിരോലിയിൽ, പാച്ച്ഗാവിൽ, ലേഖയിൽ, സിൻസൂരിൽ ഇങ്ങനെ ഇന്ത്യയുടെ മുക്കിലും മൂലയിലും പാരിസ്ഥിതികാഘാതം നേരിടുന്ന ആവാസമേഖലകളിലെല്ലാം എത്തിയും കണ്ടും പഠിച്ചും ജനങ്ങളിൽ നിന്ന് വിവരശേഖരണം നടത്തിയും തയ്യാറാക്കിയ റിപ്പോർട്ടുകൾ, പരിസ്ഥിതി, വികസനം എന്നിവ സംബന്ധിച്ചുള്ള ആധികാരിക രേഖകളാണ്.

പാരിസ്ഥിതികാഘാത നിർണ്ണയങ്ങൾ, ജാതി ഒരു പ്രഹേളിക, ജനങ്ങളുടെ ജൈവവൈവിധ്യപട്ടിക, ഇന്ത്യയിലെ ജനങ്ങൾ, പശ്ചിമഘട്ടപഠനസമിതി തുടങ്ങിയ അധ്യായങ്ങൾ സൂക്ഷ്മാർത്ഥത്തിൽ സമഗ്ര ശാസ്ത്രപ്രബന്ധങ്ങൾ തന്നെയാണ്. ഇന്ത്യൻ ഭൂപ്രകൃതിയെയും അടിത്തട്ടിലെ ജനജീവിതത്തെയും നേരിട്ടറിഞ്ഞ ഗാഡ്ഗിൽ, ആധുനിക ഇന്ത്യയിൽ വികസനപദ്ധതികൾക്കുണ്ടായ ദുരവസ്ഥയെക്കുറിച്ച് പറയുന്ന ഭാഗം അധികാരവർഗത്തെ ലജ്ജിപ്പിക്കുന്നതാണ്. എല്ലാ വികസനപദ്ധതികളും യഥാർത്ഥത്തിൽ ആധുനിക വ്യവസായ മേഖലകളെയും ഉദ്യോഗസ്ഥമേധാവിത്വത്തെയും പ്രൊഫഷണലുകളെയും സമ്പന്ന കർഷകരെയുമാണ് ശക്തരാക്കിയത് (പുറം. 195) സുസ്ഥിരവികസനം, പ്രകൃതിവിഭവങ്ങളുടെ വിനിയോഗം, വനം വന്യജീവി സംരക്ഷണം, പാർശ്വവൽക്കൃത ജനതയുടെ അവകാശങ്ങൾ ഇവയുമായി ബന്ധപ്പെട്ട് ഗാഡ്ഗിൽ ആവിഷ്‌ക്കരിച്ച പരിസ്ഥിതിസൗഹൃദമായ ആശയങ്ങളും കർമ്മപദ്ധതികളും സ്വാഭാവികമായും മുതലാളിത്ത ശക്തികൾക്ക് ഉൾക്കൊള്ളാനായില്ല. അധികാരകേന്ദ്രങ്ങൾക്കും കണ്ണിലെ കരടായി മാറി ഈ പരിസ്ഥിതി ശാസ്ത്രജ്ഞൻ. എന്നാലോ പ്രകൃതി സത്യത്തിലും ശാസ്ത്രസത്യത്തിലും അടിയുറച്ചു നിന്ന് എല്ലാ കുത്സിതനീക്കങ്ങൾക്കും പ്രതിരോധം തീർക്കുകയായിരുന്നു മാധവ് ഗാഡ്ഗിൽ. പശ്ചിമഘട്ടവികസനസമിതിയുടെ ചെയർമാൻ എന്ന നിലയിൽ തയ്യാറാക്കിയ റിപ്പോർട്ട് അധിക്ഷേപം നേരിട്ടതിന്റെ ചരിത്രം സുവിദിതമാണല്ലോ. എന്നാൽ അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ സത്യമെന്ന് പിന്നീടുണ്ടായ പ്രകൃതിദുരന്തങ്ങൾ തന്നെ വെളിപ്പെടുത്തി.

ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കും മുമ്പെ ഈ ആത്മകഥയുടെ മലയാളവിവർത്തനം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡഃശ്ശ പ്രസിദ്ധീകരിച്ചതും താമസിയാതെ പുസ്തകരൂപത്തിൽ മാതൃഭൂമി തന്നെ പുറത്തിറക്കിയതും ഒരുപക്ഷേ ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ അടിസ്ഥാനരഹിതമായ വസ്തുതകൾ പ്രചരിപ്പിച്ചവർക്കുള്ള മധുരമായ മറുപടി കൂടിയാണെന്നു പറയാം. ഇക്കാര്യം വിനോദ് പയ്യട, പരിഭാഷകക്കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. ആത്മകഥയിലെ പശ്ചിമഘട്ടവികസനസമിതി എന്നുപേരുള്ള അധ്യായം എല്ലാം വ്യക്തമാക്കുന്നുണ്ട്. 'മുകളിൽ നിന്ന് പദ്ധതിനിർവഹണരേഖകൾ അടിച്ചേൽപ്പിക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി ജനങ്ങൾക്ക് പ്രസക്തമായ വിവരങ്ങളും നിർദ്ദേശങ്ങളും നൽകിക്കൊണ്ട്, താഴെത്തട്ടിൽ ഗ്രാമസമൂഹങ്ങൾ പ്രദേശപരമായ പ്രത്യേകതകൾക്കനുസരിച്ച് തീരുമാനമെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഹരിതഗൃഹസമീപനം എടുക്കുന്നതിന് വിദഗ്ദസമിതി തുടക്കം മുതൽ പ്രതിജ്ഞാബദ്ധമായിരുന്നു? (പുറം. 269) ഇങ്ങനെ പാരിസ്ഥിതികനൈതികതയ്ക്കു വേണ്ടിയുള്ള ഉറച്ച നിലപാടുകൾ ഈ റിപ്പോർട്ടിലുടനീളം കാണാം. ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനുള്ള ശാസ്ത്രീയമാർഗ്ഗങ്ങൾ അടങ്ങിയ ഈ കൃതി പാരിസ്ഥിതിക നൈതികതയുടെ മാനിഫെസ്റ്റോ ആണെന്നു പറയാം.

ഗാഡ്ഗിൽ ഉൾക്കൊണ്ട പ്രകൃതിജ്ഞാനങ്ങളെല്ലാം തന്നെ അടിത്തട്ടിലെ ജനങ്ങളുമായും പരിസ്ഥിതി പ്രവർത്തകരുമായുള്ള നിരന്തരസംവാദത്തിലൂടെയും പരിസരപഠനത്തിലൂടെയും ആർജ്ജിച്ചവയാണെന്നു കാണാം. അദ്ദേഹത്തിന്റെ പാരിസ്ഥിതികദർശനം അപ്രതിരോധ്യവും ജനകീയവുമാകുന്നതിന്റെ കാരണവും അതത്രേ. ആലംബമറ്റ ജനതയുടെയും ജീവജാലങ്ങളുടെയും ദുരിതങ്ങൾക്കും ആവാസവ്യവസ്ഥയുടെ തിരോഭാവങ്ങൾക്കും സാക്ഷ്യം വഹിച്ചതിന്റെ അനുഭൂതി മുദ്രകൾ ഈ ആത്മകഥയെ ഹൃദയസ്പർശിയാക്കുന്നു. ദുരൂഹസാഹചര്യത്തിൽ മരിച്ച, ദക്ഷിണഗോവയിലെ പരിസ്ഥിതി പ്രവർത്തകൻ ബിസ്മാർക്ക് ദിയാസിന്റെ ഓർമ്മയ്ക്കാണ് ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത്. ജനനിയായ ഈ ഭൂമിയെ അത്രമേൽ സ്നേഹിച്ച, ജനങ്ങളുടെ ശക്തിയിലും അറിവിലും വിവേകത്തിലും അങ്ങേയറ്റം വിശ്വസിച്ച പ്രിയസൃഹൃത്തായിരുന്നു ബിസ്മാർക്ക് എന്ന് ഗാഡ്ഗിൽ ഓർക്കുന്നു.

ഗോവയിലെ കാവ്രെ ഗ്രാമത്തിൽ നടക്കുന്ന ഖനനം മൂലം ഗ്രാമീണജനതയ്ക്കുണ്ടായ ദുരിതം പഠിക്കാൻ പോയപ്പോഴാണ് ഗാഡ്ഗിൽ ബിസ്മാർക്കിനെ പരിചയപ്പെട്ടത്. കുന്നിൻമുകളിലെ അതിമനോഹരമായ കാവ്രെ ഗ്രാമം ടൂറിസം മാഫിയകൾ ലക്ഷ്യമിട്ടിരുന്നു. അതിനെതിരായ പ്രവർത്തനങ്ങളിലായിരുന്നു ബിസ്മാർക്ക്. നല്ല നീന്തൽക്കാരൻ കൂടിയായ ബിസ്മാർക്കിനെ 2015 നവംബർ 5 ന് പുഴയിൽ മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. പരിസ്ഥിതി സംരക്ഷണ യജ്ഞത്തിനിടയിൽ രക്തസാക്ഷിത്വം വരിച്ച ബിസ്മാർക്കിനെപ്പോലുള്ള അനേകമനേകം പേർക്കുള്ള ശ്രദ്ധാജ്ഞലി കൂടിയായിത്തീരുന്നു ഒരർത്ഥത്തിൽ ഈ ആത്മകഥ. കാവ്യാത്മകമായ ശൈലിയാണ് ഈ ആത്മകഥയുടെ ആകർഷണങ്ങളിലൊന്ന്. ഓരോ അധ്യായങ്ങളുടെയും തുടക്കത്തിൽ അതിലെ പ്രതിപാദ്യത്തെ പ്രതീകാത്മകമായി അടയാളപ്പെടുത്തുന്ന കാവ്യശകലങ്ങൾ നൽകിയിരിക്കുന്നു.

'പരിസ്ഥിതി ശാസ്ത്രജ്ഞൻ പറഞ്ഞു പലകാര്യങ്ങളും പറയാൻ സമയമായെന്ന് വായുവിനെക്കുറിച്ചും വെള്ളത്തെക്കുറിച്ചും പാടുന്ന പക്ഷികളെക്കുറിച്ചും മാത്രമല്ല, മനുഷ്യനെക്കുറിച്ചും പണത്തെക്കുറിച്ചും സാമ്പത്തിക പരിഷ്‌ക്കാരത്തെക്കുറിച്ചും അതുണ്ടാക്കുന്ന മലിനീകരണത്തെയും വിഭവചൂഷണത്തെയും സാമൂഹികചുഴലികൾ ഉണ്ടാകുന്നതിനെക്കുറിച്ചും...'

ഇത്തരം കാവ്യാത്മക വചനങ്ങൾ പാരിസ്ഥിതികാവബോധത്തിലേക്കുള്ള സൗന്ദര്യപാതകൾ തുറന്നിടുന്നു. രഘുവംശത്തിലെ പശ്ചിമഘട്ടവർണ്ണനയിൽ തുടങ്ങി ദലൈലാമയുടെ പ്രകൃതിസംരക്ഷണ സന്ദേശത്തിൽ അവസാനിക്കുന്ന ഈ ആത്മകഥയിലെ ഇരുപത്തിയഞ്ച് അധ്യായങ്ങളും പ്രചോദനാത്മകവും ജ്ഞാനസാന്ദ്രവുമാണ്. പ്രകൃതിസംരക്ഷണത്തിന്റെയും ജൈവപ്രതിഭാസങ്ങൾക്കു പിന്നിലെ യാഥാർത്ഥ്യങ്ങൾ കണ്ടെത്താനുള്ള അന്വേഷണത്തിന്റെയും പാർശ്വവൽക്കൃതസമൂഹങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള യാത്രകളുടെയും ത്യാഗവും സഹനവും ഘനീഭവിച്ചു നിൽക്കുന്നു ഈ ആത്മകഥയിലെ ഓരോ വാക്കിലും വരികളിലും.

'നമ്മുടെ കാലഘട്ടം ഉയർത്തുന്ന വെല്ലുവിളി നേരിടാൻ മനുഷ്യവംശം ഉയർന്ന സാർവദേശീയ ഉത്തരവാദിത്വം വളർത്തിക്കൊണ്ടുവരേണ്ടതുണ്ട് എന്ന് ഞാൻ കരുതുന്നു. നാം നമ്മുടെ കുടുംബത്തിനും രാഷ്ട്രത്തിനും വേണ്ടി മാത്രമല്ല അധ്വാനിക്കാൻ പഠിക്കേണ്ടത്, എല്ലാ മനുഷ്യവർഗ്ഗത്തിന്റെയും ഗുണത്തിനുവേണ്ടിയാണ്. സാർവദേശീയ ഉത്തരവാദിത്വം മനുഷ്യന്റെ നിലനില്പിന്റെ താക്കോലാണ്. അത് ലോകസമാധാനത്തിന്റെയും പ്രകൃതിവിഭവങ്ങളുടെ തുല്യമായ വിനിയോഗത്തിന്റെയും ശരിയായ അടിത്തറയാണ്.

ഭാവിതലമുറയ്ക്കു വേണ്ടിയുള്ള കരുതലും പരിസ്ഥിതിയെ ശരിയായ രീതിയിൽ പരിപാലിക്കുകയും ഈ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്' എന്ന ദലൈലാമയുടെ ഉദ്ബോധനം ഉദ്ധരിച്ചുകൊണ്ടു വിരമിക്കുന്ന, പശ്ചിമഘട്ടം ഒരു പ്രണയകഥ, പരിസ്ഥിതിയുടെ കവിതയും ശാസ്ത്രവും തത്ത്വചിന്തയും പ്രകൃതിചരിത്രവും ഊഷ്മളമായ പ്രകൃതിയനുഭവവുമത്രേ. ഓരോ വായനക്കാരനെയും ബുദ്ധത്വത്തിലേക്കുയർത്തുന്ന ഗ്രന്ഥം. കെ.ജി. ശങ്കരപ്പിള്ള, സഞ്ചാരിമരങ്ങൾ എന്ന കവിതയിലെഴുതിയപോലെ പ്രകൃതിമൈത്രിയുടെ കഥ. പ്രകൃതിയിലെഴുതിയ മൈത്രിയുടെ ആത്മകഥകളാണ് മാധവ് ഗാഡ്ഗലിന്റെ പശ്ചിമഘട്ടം ഒരു പ്രണയകഥ.