ബംഗാളിലെ ഒരു ഗ്രാമപ്രദേശമായിരുന്നു അത്- വയലിനു നടുവിലൂടെ നീണ്ടുപോകുന്ന ഒറ്റവരമ്പിലൂടെ, പുറകിൽ തൂക്കിയ സ്‌കൂൾബാഗുമായി, ഒരു പെൺകുട്ടി തെറ്റിയും തെന്നിയും നടന്നുപോവുന്നു. അവൾ സ്‌കൂളിൽനിന്ന് മടങ്ങുകയാണ്. മിക്കവാറും അവൾ അന്ന് ഒരു തരിപോലും ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ല. അവൾ എന്നെനോക്കി കൈകൂപ്പിക്കൊണ്ട് പറഞ്ഞു: നമോവാകം.

To advertise here,

അവൾക്ക് കൊടുക്കാനായി എന്തെങ്കിലും തേടി ഞാനെന്റെ കീശയിൽ തിരഞ്ഞു. ഒരു കഷണം ബിസ്‌കറ്റ് മാത്രമേ കിട്ടിയുള്ളൂ. ഞാനതവൾക്ക് കൊടുത്തു. അമ്പിളിമാമനെ കിട്ടിയ സന്തോഷത്തോടെ എനിക്ക് നന്ദിപറഞ്ഞ് അവൾ നടന്നകന്നു.

അവൾ നടന്നകലുന്നതു നോക്കി ഞാൻ നിന്നു. മെലിഞ്ഞുശോഷിച്ച ഒരു നായ അല്പനിമിഷങ്ങൾക്കുശേഷം അവളുടെ നടവഴിക്കു കുറുകേ നടന്നുവന്നു. ഞാൻ നൽകിയ ബിസ്‌കറ്റിന്റെ പാതി കഷണം അവൾ ആ നായക്ക് ഇട്ടുകൊടുക്കുന്നത് ഞാൻ കണ്ടു. അതിലൂടെ, പങ്കുവെക്കുന്നതിലെ ആനന്ദം എന്താണെന്ന് ഇന്ത്യ എന്നെ പഠിപ്പിക്കുകയായിരുന്നു.

(INDIA MY LOVE, DOMINIQUE LAPIERRE)

കൊൽക്കത്തയിൽനിന്ന് ഇരുപത്തിയഞ്ച് കിലോമീറ്റർ ദൂരെ, 1772-ൽ ഈസ്റ്റ് ഇന്ത്യ കമ്പനി ആദ്യത്തെ പട്ടാളബാരക്ക് പണിയുകയും 1857-ൽ ശിപ്പായി ലഹളയുടെ നേതാവ് മംഗൾ പാണ്ഡെയെ മുപ്പതാം വയസ്സിൽ തൂക്കിലേറ്റുകയും ചെയ്ത ബാരക്പുർ പട്ടണം കാൽബൈശാഖി*യുടെ മങ്ങലിലും ഉഷ്ണിച്ച് വിയർത്തൊലിച്ചുകൊണ്ടേയിരുന്നു. ഏറെപ്പഴക്കമുള്ള റെയിൽവേസ്റ്റേഷനുമുന്നിൽ മുച്ചക്ര ടുക് ടുക് വണ്ടികളുടെ കോലാഹലം. അതിലൊന്നിൽക്കയറി പട്ടണത്തെ മുറിച്ചുകടക്കുമ്പോൾ ഉഷ്ണക്കാറ്റിലും ദാദാ ബൗദി ബിരിയാണി**യുടെ എരിവുള്ള മണം. അവയുടെ പ്രസിദ്ധമായ കടകൾക്കുമുന്നിൽ വിയർത്തൊലിച്ച് ക്ഷമയോടെ കാത്തുനിൽക്കുന്നവർ.

ബാരാസാത്ത് റോഡിൽനിന്ന് ശിവാലിപ്പാറ റോഡിലേക്ക് കയറിയയുടനെ, പ്രദേശം വൃത്തിയോടെ പ്രകാശിച്ചു. ഹൃദ്യമായ ഉദ്യാനങ്ങളാലും വാഴത്തോപ്പുകളാലും ചുറ്റപ്പെട്ട, മഞ്ഞയും വെള്ളയും നീലയും പെയിന്റടിച്ച വീടുകൾ. പുറംപ്രദേശങ്ങൾക്കില്ലാത്ത അഴകും ശാന്തതയും. ഉദ്യാനത്തിൽ മഴത്തുമ്പികളുടെ നൃത്തം. വളഞ്ഞുതിരിഞ്ഞുപോവുന്ന ആ റോഡിന്റെ അരികിലായിരുന്നു ഉദയൻ.

നീലപ്പെയിന്റടിച്ച്, അല്പം തുരുമ്പിച്ച ഗേറ്റുകൾ തുറന്നത് എട്ടേക്കറിൽ പരന്നുകിടക്കുന്ന വിശാലമായ മാന്തോപ്പിലേക്ക്. മാന്തോപ്പിൽ നിറയെ പലപല കെട്ടിടങ്ങൾ. അവയിൽച്ചിലതിൽനിന്ന് ക്ലാസ്മുറികളുടെ മർമരം, ഉച്ചഭക്ഷണം കഴിഞ്ഞ പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം, ചോറിന്റെയും ദാൽ കറിയുടെയും മുറിച്ച ചെറുനാരങ്ങയുടെയും മണം...

1970-ൽ, ജെയിംസ് സ്റ്റീവൻസ് എന്ന ബ്രിട്ടീഷുകാരൻ, കുഷ്ഠരോഗികളുടെ ദരിദ്രചേരികളിൽനിന്നു കണ്ടെടുത്ത 11 കുട്ടികളുമായി ആരംഭിച്ച ഉദയൻ റെസിഡൻഷ്യൽ ഹോമിലെ ആദ്യബാച്ചിൽപ്പെട്ട സ്വപൻകുമാർ നയ്യ മനുഷ്യത്വത്തിന്റെ ആ മാന്തോപ്പിലൂടെ എന്നെയും സുഹൃത്ത് വേണുഗോപാലിനെയും വഴിനടത്തി. ഉദയന്റെ അദ്ഭുതകരമായ കഥ പറഞ്ഞുകൊണ്ടായിരുന്നു സ്വപൻ ഞങ്ങൾക്കുമുന്നിൽ നടന്നത്.

Brothers Of All Men എന്ന സംഘടനയിൽ അംഗമായ ജെയിംസ് സ്റ്റീവൻസ്, മനുഷ്യനെ സേവിക്കാൻ മാത്രമായാണ് 1968-ലെ മഴ കോരിച്ചൊരിയുന്ന ഒരു പകലിൽ കൊൽക്കത്ത നഗരത്തിൽ വന്നിറങ്ങിയത്. പ്രളയത്തിൽ മുങ്ങിയ ആ നഗരം അയാളെ ഞെട്ടിച്ചു. പുഴുക്കളെപ്പോലെ മനുഷ്യർ! കുടിലുകളിൽ, വഴിയോരങ്ങളിൽ, റെയിലോരങ്ങളിൽ, ജീർണിച്ച ചേരികളിൽ, ഓടകളുടെ ഓരങ്ങളിൽ... എവിടെയും മുഷിഞ്ഞ മനുഷ്യർ, മനുഷ്യർ! മനുഷ്യരെ സ്‌നേഹിക്കാനും സേവിക്കാനുമായി കൊൽക്കത്തയിൽ എത്തുന്നവർക്ക് ഒരേയൊരു ആശ്രയമേ ഉണ്ടായിരുന്നുള്ളൂ: മദർ തെരേസ -ജെയിംസും മദറിന്റെ മുന്നിലെത്തി.

മറ്റാരും ഏറ്റെടുക്കാത്ത എന്തെങ്കിലും ദൗത്യമുണ്ടോ എന്നായിരുന്നു ജെയിംസ് മദറിനോട് ചോദിച്ചത്. മുഴുവൻ ലോകത്തിന്റെയും അവഗണനയും വെറുപ്പുമേറ്റുവാങ്ങി, പൊതുജീവിത വഴികളിൽനിന്നുമാറി ഒറ്റപ്പെട്ടു ജീവിക്കുന്ന കുഷ്ഠരോഗികൾക്കിടയിലേക്കായിരുന്നു മദർ ജെയിംസിനെ പറഞ്ഞയച്ചത്.

''അവരുടെ കുട്ടികൾക്കുവേണ്ടി എന്തെങ്കിലും ചെയ്തുകൂടേ?''-മദർ ചോദിച്ചു

തീർത്തും അപരിചിതമായ ഈ രാജ്യത്ത് തനിക്കതിന് സാധിക്കുമോ എന്ന് സംശയിച്ച ജെയിംസിനോട് മദർ പറഞ്ഞു:

''ദൈവം പൂർണത പ്രതീക്ഷിക്കുന്നില്ല; നമുക്കു ശ്രമിക്കാമെന്നു മാത്രം''

അതൊരു കൺതുറപ്പിക്കലായിരുന്നു. കൊൽക്കത്തയെ തന്റെ സേവനഭൂമിയായി ജെയിംസ് വരിച്ചു.

ആ മനുഷ്യൻ കുഷ്ഠരോഗികൾ അടിഞ്ഞുപാർത്തിരുന്ന കോളനികളിൽപ്പോയി കുട്ടികളെ കണ്ടെത്തി. അവരെ പാർപ്പിക്കാനായി കൊൽക്കത്തയിൽ ഒരു വീടിനായുള്ള ശ്രമം കനത്ത വാടകയിൽത്തട്ടി മുടങ്ങി. അങ്ങനെയാണ് അദ്ദേഹം ബാരക്പുരിലേക്കുപോയത്. അവിടെ ബ്രീട്ടിഷുകാർ പണിത ഒരു ബംഗ്ലാവിൽ കുട്ടികളെ പാർപ്പിച്ചു. അവർക്ക് വസ്ത്രം, ഭക്ഷണം, വിദ്യാഭ്യാസം, വൃത്തിയുള്ള താമസം എന്നിവ നൽകി -ഉദയൻ ഉദിച്ചു. ആദ്യവർഷം കഴിഞ്ഞപ്പോഴേക്കും ഉദയനിലെ അന്തേവാസികളുടെ എണ്ണം അൻപതായി ഉയർന്നു. ജെയിംസിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും അനുഗ്രഹമായി മദർ തെരേസയുണ്ടായിരുന്നു.

മഹത്തായ ലക്ഷ്യങ്ങളിലേക്ക് യാത്രചെയ്യുന്നവർക്കുമുന്നിൽ എപ്പോഴും പ്രതിബന്ധങ്ങളുണ്ടായിട്ടുണ്ട്; എന്തുചെയ്യണമെന്നറിയാതെ അവർ പകച്ചുനിന്നിട്ടുണ്ട്. ശാന്തിനികേതന്റെയും വിശ്വഭാരതി സർവകലാശാലയുടെയും ആദ്യകാലങ്ങളിൽ രബീന്ദ്രനാഥ ടാഗോറും കേരള കലാമണ്ഡലത്തിന്റെ തുടക്കസമയങ്ങളിൽ വള്ളത്തോളും എത്രയോതവണ മുന്നോട്ടുള്ള വഴിമുട്ടിനിന്നത് അവയുടെ ചരിത്രത്തിലെ ജ്വലിക്കുന്ന നിമിഷങ്ങളാണ്. ഉദയന്റെ മുന്നോട്ടുള്ള യാത്രയ്ക്കുവേണ്ടി ധനശേഖരണത്തിനായി ജെയിംസ് യൂറോപ്പിലേക്കു നടത്തിയ യാത്ര പരാജയപ്പെട്ടു. പണംകൊടുത്ത കൊൽക്കത്തയിലെ കൊള്ളപ്പലിശക്കാർ ഭീഷണിയുമായി വരാൻതുടങ്ങി. പാവപ്പെട്ട ആ കുട്ടികളെ അവരുടെ ജീർണിച്ച ചേരികളിലേക്കും ജീവിതത്തിലേക്കും തിരിച്ചയക്കുന്നതിനെക്കുറിച്ച് ജെയിംസ് ആലോചിച്ചുതുടങ്ങി. എവിടെനിന്നെങ്കിലും ഒരുകൈ സഹായത്തിനായി അദ്ദേഹം നിശ്ശബ്ദം നിലവിളിച്ചു, പ്രാർഥിച്ചു.

ഡൊമിനിക് ലാപിയർ, ലാറി കോളിൻസ് എന്നിവർ ചേർന്നെഴുതിയ സ്വാതന്ത്ര്യം അർധരാത്രിയിൽ (FREEDOM AT MIDNIGHT) എന്ന പുസ്തകം ലോകമാകെ വായിക്കുന്ന കാലമായിരുന്നു അത്. രണ്ടുവർഷം ഇന്ത്യമുഴുവൻ റോൾസ് റോയ്സ് കാറിൽ സഞ്ചരിച്ച്, അപൂർവങ്ങളായ രേഖകൾ ശേഖരിച്ച്, വലിയ രാഷ്ട്രനേതാക്കന്മാരെമുതൽ ഗ്രാമീണ കർഷകരെവരെ കണ്ട് സംസാരിച്ച് എഴുതിയ ഈ പുസ്തകം അതിന്റെ നാടകീയമായ അവതരണരീതികൊണ്ടും സുഭഗമായ പാരായണക്ഷമതകൊണ്ടും ലോകത്തിനുമുന്നിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് മറ്റൊരു വിതാനം നൽകി. പുസ്തകത്തിന്റെ റോയൽറ്റിയായി കോടിക്കണക്കിനു രൂപ ലാപിയറിന്റെയും കോളിൻസിന്റെയും അക്കൗണ്ടുകളിലേക്കൊഴുകി. ഇന്ത്യ ഈ രണ്ടെഴുത്തുകാരെ അതിസമ്പന്നരാക്കി.

ആ പുസ്തകത്തിന്റെ രചനയോടെ ഡൊമിനിക് ലാപിയറെ ഇന്ത്യ വശീകരിച്ചു (INDIA MY LOVE എന്ന പേരിൽ ഒരു പുസ്തകംതന്നെ അദ്ദേഹം പിന്നീട് എഴുതി). ഇന്ത്യതന്ന പണത്തിന്റെ മുഖ്യഭാഗം ഇന്ത്യക്കുതന്നെ കൊടുക്കണം എന്ന് ലാപിയർ തീരുമാനിച്ചു. ഭാര്യ ഡൊനിക്കുമൊത്ത് അദ്ദേഹം ഇന്ത്യയിലെത്തി -കാലം ഒരുക്കിവെച്ചതുപൊലെ കൊൽക്കത്തയിൽ, മദർ തെരേസയ്ക്കു മുന്നിൽ! അൻപതിനായിരം യു.എസ്. ഡോളർ അവരുടെ ബാഗിലുണ്ടായിരുന്നു.

വന്നകാര്യം ലാപിയർ മദറിനോടു പറഞ്ഞു. എന്നിട്ട് തുടർന്നു:

''കൈയിലുള്ളത് കടലിലെ ഒരു തുള്ളി മാത്രമാണ് എന്ന് ഞങ്ങൾക്കറിയാം''

അപ്പോൾ കണ്ണീരും കനിവും കലർന്ന ശബ്ദത്തിൽ മദർ പറഞ്ഞു:

''ഈ തുള്ളികൂടി ചേർന്നില്ലെങ്കിൽ കടൽ കടലാവില്ല''

മദർ ലാപിയറെയും ഭാര്യയെയും ജെയിംസ് സ്റ്റീവൻസിനരികിലേക്കു വിട്ടു. അപ്പോഴേക്കും ഉദയനിലെ കുട്ടികളുടെ എണ്ണം പിന്നെയും വർധിച്ചിരുന്നു. ബാരക്പുരിൽ ചെന്നപ്പോൾക്കണ്ട കാഴ്ചയെക്കുറിച്ച് ലാപിയർ എഴുതി:

''...അതുവരെ അദ്ദേഹത്തെ സഹായിച്ചിരുന്നവർ അവരുടെ പ്രവർത്തനങ്ങൾ മൂന്നാംലോക രാജ്യങ്ങളിലേക്ക് മാറ്റിയിരുന്നു. ജെയിംസ് പലതരത്തിൽ ഒരുപാട് ശ്രമിച്ചെങ്കിലും കൊൽക്കത്തയിലെ കുഷ്ഠരോഗികളുടെ കാര്യത്തിൽ പടിഞ്ഞാറൻ ലോകം ഒട്ടും താത്പര്യമെടുത്തില്ല. കടംവാങ്ങിയ പണത്തിന്റെ പലിശ പെരുകി. നിരാശയിൽ മുങ്ങിയ അദ്ദേഹം ഏറ്റവും കടുത്ത നടപടിയിലേക്ക് കടക്കാനൊരുങ്ങുകയായിരുന്നു -ചേരികളിലെ ഭീതിദമായ ലോകത്തിലേക്ക് കുട്ടികളെ തിരിച്ചയക്കുക... അതുകേട്ടപ്പോൾ വികാരത്തള്ളിച്ചയോടെ എന്റെ ഭാര്യ ഞങ്ങൾ കൊണ്ടുവന്ന പണം ബാഗിൽനിന്നുമെടുത്ത് ജെയിംസിന്റെ മുന്നിൽവെച്ചു

'താങ്കളുടെ കടങ്ങൾ വീട്ടാനുള്ള ആദ്യ ഗഡുവാണിത്' -അവൾ പറഞ്ഞു

കൂടുതലൊന്നുമാലോചിക്കാതെ ഞാൻ കൂട്ടിച്ചേർത്തു - ഉദയൻ അടച്ചുപൂട്ടാതിരിക്കാൻ നമുക്ക് ഒരുമിച്ചു പോരാടാം

തിരിച്ച് ഫ്രാൻസിലേക്കു പോയതിനുശേഷം LA VIE എന്ന മാസികയിൽ ഉദയനെക്കുറിച്ച് ലാപിയർ എഴുതി:

''നിങ്ങളിൽ ആയിരം പേരെങ്കിലും അൻപത് യൂറോ -ഭേദപ്പെട്ട ഒരു ഹോട്ടലിലെ ഉച്ചഭക്ഷണത്തിന്റെ ചെലവ്- തരുകയാണെങ്കിൽ കൊൽക്കത്തയിലെ ചേരിയിലെ നൂറ്റിയിരുപത് കുട്ടികളെ പട്ടിണിയിൽനിന്നു രക്ഷിക്കാം''

അടുത്തദിവസങ്ങളിൽ അഞ്ചു ചാക്കുകളിലാണ് ലാപിയറെത്തേടി അത് വായിച്ചവരുടെ കത്തുകൾ വന്നത്. ഭാര്യയുടെ അഞ്ചു സഹോദരിമാരടക്കം പന്ത്രണ്ട് സന്നദ്ധസേവകർ വേണ്ടിവന്നു ആ ചാക്കുകെട്ടുകൾ അഴിച്ച് തരംതിരിക്കാൻ. അതിൽ നിറയെ ചെക്കുകളും മണിയോർഡറുകളും ബാങ്ക് നോട്ടുകളുമായിരുന്നു. അജ്ഞാതരായ വായനക്കാരുടെ കാരുണ്യം എവിടെനിന്നൊക്കെയോ ഉറവപൊട്ടിയൊഴുകി. കുട്ടിയുടെ ഒന്നാം പിറന്നാൾമുതൽ കല്യാണത്തിനുവരെ മാറ്റിവെച്ചിരുന്ന പണമെടുത്ത് അവർ അയക്കുകയായിരുന്നു. ഡൊമിനിക് ലാപിയർ ജെയിംസ് സ്റ്റീവൻസിന് ടെലഗ്രാം അയച്ചു:

UDAYAN HOME SAVED. YOU CAN TAKE IN FIFTY MORE CHILDREN. WE'RE COMING -ഉദയൻ സുരക്ഷിതമാണ്. താങ്കൾക്ക് അൻപത് കുട്ടികളെക്കൂടിയെടുക്കാം. ഞങ്ങൾ വരുന്നു!

പറഞ്ഞതുപോലെ ലാപിയർ വന്നു.

ജെയിംസ് സ്റ്റീവൻസ് അദ്ദേഹത്തെ അവഗണിക്കപ്പെട്ട മനുഷ്യർ അടിഞ്ഞുകൂടിയ കുഷ്ഠരോഗക്കോളനികൾ കാണിച്ചുകൊടുത്തു. ഹൗറയ്ക്കടുത്ത് പിൽഘാനയിൽ, ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് ലാപിയർ ഒരു മനുഷ്യനെ കണ്ടുമുട്ടി: ബ്രദർ ഗാസ്റ്റൺ; ചേരിനിവാസികളുടെ ഗാസ്റ്റൺ ദാ. കൈയിൽ ഒരു ബൈബിളും ഒരു ഷേവിങ് റേസറും ബ്രഷും മാത്രമടങ്ങുന്ന ബാഗുമായി, സ്വിറ്റ്സർലൻഡിൽനിന്ന് 1972-ലെ ഒക്ടോബർ പ്രഭാതത്തിൽ കൊൽക്കത്തയിൽ വന്നിറങ്ങിയ ഒരാൾ. മനുഷ്യസ്‌നേഹവും സേവനവും മാത്രമായിരുന്നു അയാളുടെ മതം.

ലാപിയർ ആ ചേരിയിൽ ഗാസ്റ്റണിന്റെകൂടെ ജീവിക്കാൻ തുടങ്ങി. ജീവിതത്തിന്റെ ഭീതിദമായ മുഖങ്ങൾ ഒരോന്നോരോന്നായി ഗാസ്റ്റൺ അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. ചാക്കുകഷണങ്ങൾ മറച്ചുകെട്ടിയ ഒരു മുറിയിൽ ഗാസ്റ്റണിനൊപ്പം താമസിച്ചതിനെക്കുറിച്ച് ലാപിയർ എഴുതി:

...ഗാസ്റ്റണിന് കിടക്കാൻ കിടക്കയില്ലായിരുന്നു. മൺനിലത്ത്, ആവശ്യം കഴിഞ്ഞാൽ മടക്കിവെക്കാവുന്ന ഒരു പായയിലായിരുന്നു അദ്ദേഹം കിടന്നിരുന്നത്. ഷേവിങ് ബ്രഷ്, റേസർ, ഒരു ജറുസലേം ബൈബിൾ എന്നിവ മാത്രമായിരുന്നു അദ്ദേഹത്തിന് സ്വന്തമെന്നു പറയാനുണ്ടായിരുന്നത്. പാറ്റകൾനിറഞ്ഞ ഒരു തകരപ്പെട്ടിയിൽ അവ അദ്ദേഹം സൂക്ഷിച്ചുവെച്ചു. മഴ പെയ്യുമ്പോൾ അവിടത്തെ ഓടകളും കക്കൂസും കവിഞ്ഞൊഴുകും; ചേരി വിസർജനത്തിന്റെ തടാകമാവും. ജനലുകളില്ലാത്തതിനാൽ ഗാസ്റ്റൺ എപ്പോഴും മുറി തുറന്നിടുമായിരുന്നു. വർഷത്തിൽ ഒൻപതുമാസവും നാൽപ്പത് ഡിഗ്രിക്കു മുകളിലാവും ചൂട്....

രാത്രിയാവുമ്പോൾ തേളും പഴുതാരയും പാമ്പുകളും ഇഴഞ്ഞെത്തുന്ന ആ മുറിയിൽ പാന്റ്‌സും ഷർട്ടും ചുരുട്ടി തലയണയാക്കി ലാപിയർ എന്ന അതിപ്രശസ്തനായ എഴുത്തുകാരൻ കിടന്നു. കുഷ്ഠരോഗികളും കൂട്ടിക്കൊടുപ്പുകാരും ഭിന്നലിംഗക്കാരും കൊടും ക്രിമിനലുകളും ചേരിജീവിതത്തിൽ ഇടകലരുന്നത് അദ്ദേഹം കണ്ടു; പാരീസിലെ പളപളപ്പുള്ള ലോകംകണ്ട് പരിചയിച്ചയാൾ ഭൂമിയിൽ ഇങ്ങനെയും ജീവിതമുണ്ടെന്നറിഞ്ഞ് പൊള്ളി.

രണ്ട് ദീർഘവർഷങ്ങളാണ് ലാപിയർ ആ ചേരിയിൽ പാർത്തത്. ഈ രണ്ടു വർഷവും ആ ദരിദ്രചേരിയിൽനിന്നും തനിക്ക് അനുകമ്പയും സ്‌നേഹവുംമാത്രമാണ് ലഭിച്ചത് എന്ന്് ലാപിയർ എഴുതിയിട്ടുണ്ട്. ഒരിക്കലും അക്രമിക്കപ്പെട്ടില്ല, മോഷ്ടിക്കപ്പെട്ടില്ല. ആകെയുള്ള സമ്പാദ്യമായ സ്വന്തം മൂക്കുത്തിവിറ്റ് ചായപ്പൊടി വാങ്ങിവന്ന് ചായയിട്ടുകൊടുത്ത് ചിരിച്ചുനിൽക്കുന്ന വീട്ടമ്മമാരെക്കണ്ട് അദ്ദേഹം അമ്പരന്നു. തിരിച്ചുപോവുമ്പോൾ ലാപിയറുടെയും ഭാര്യയുടെയും പെട്ടിയുടെ കനംകൂടി -പിൽഘാന ചേരിനിവാസികൾ നൽകിയ സമ്മാനങ്ങളായിരുന്നു അവയിൽ നിറയെ...

ഈ ജീവിതാനുഭവങ്ങളിൽനിന്ന് ക്ലാസിക് സ്പർശമുള്ള ഒരു കൃതി പിറന്നു: THE CITY OF JOY. അതിൽനിറയെ കൊൽക്കത്തയുടെ ജീവസ്പന്ദനമായിരുന്നു. തന്നെ സ്‌നേഹിച്ച പാവപ്പെട്ട മനുഷ്യരെ ലാപിയർ 'ഭുവനപ്രകാശങ്ങൾ' എന്ന്് വിളിച്ചു. ബ്രദർ ഗാസ്റ്റൺ പുസ്തകത്തിൽ സ്റ്റെഫാൻ കൊവാൾസ്‌കി എന്നപേരിൽ നിറഞ്ഞുനിന്നു. ഒൻപത് മില്യൺ കോപ്പിയാണ് ആ പുസ്തകം വിറ്റത്. പുസ്തകം വായിച്ച് ലോകം കരഞ്ഞു. ലാപിയറുടെ ജീവിതത്തെയും ആ പുസ്തകരചന മാറ്റിമറിച്ചു. THE CITY OF JOY-യുടെ പിൻകുറിപ്പിൽ ലാപിയർ എഴുതി:

...അതെന്റെ ജീവിതത്തെ മാറ്റിമറിച്ചു. ആനന്ദനഗരത്തിലെ സാഹസികരായ അന്തേവാസികളോടൊപ്പമുള്ള ജീവിതം മുൻഗണനകളെക്കുറിച്ചുള്ള എന്റെ ധാരണയെയും ജീവിതത്തിലെ യഥാർഥമൂല്യങ്ങളെക്കുറിച്ചുള്ള എന്റെ ഗണനയെയും പരിപൂർണമായും പരിവർത്തിപ്പിച്ചു. വിശപ്പ്, രോഗം, ചികിത്സാസൗകര്യങ്ങളുടെ പരിപൂർണമായ അഭാവം, തൊഴിലില്ലായ്മ എന്നിങ്ങനെ ജീവിതത്തിന്റെ യഥാർഥപ്രശ്‌നങ്ങളുമായുള്ള ഈ ഏറ്റുമുട്ടലിനുശേഷം യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ മടങ്ങിയപ്പോൾ ഒരിക്കലും പാർക്കിങ്സ്ഥലംപോലുള്ള കാര്യങ്ങൾക്കായി ഞാൻ ശണ്ഠകൂടിയിട്ടില്ല. ദിവസം ഇരുപത്തിയഞ്ചു പൈസകൊണ്ട് ജീവൻ നിലനിർത്തേണ്ടിവരുന്ന മനുഷ്യരോടൊപ്പം ഈ മാസങ്ങളിൽ ജീവിതം പങ്കിട്ടത് വസ്തുക്കളുടെ യഥാർഥ വിലയെന്തെന്ന് എന്നെ പഠിപ്പിച്ചു. ഇപ്പോൾ ഞാൻ മുറിവിട്ട് പുറത്തേക്കിറങ്ങുമ്പോൾ മുറിയിലെ വൈദ്യുതോപകരണങ്ങൾ അണയ്ക്കുന്നു. സോപ്പുകഷണം തേഞ്ഞുതീരുംവരെ ഇപ്പോൾ ഞാൻ ഉപയോഗിക്കുന്നു. സൂക്ഷിച്ചുവെക്കാവുന്നതോ പിന്നീടുപയോഗിക്കാവുന്നതോ ആയ സാധനങ്ങൾ ചവറ്റുകുട്ടയിലേക്ക് എറിയുന്നത് ഒഴിവാക്കുന്നു... 'നൽകപ്പെടാത്തതെല്ലാം നഷ്ടമാവുന്നു' എന്ന മനോഹരമായ ഇന്ത്യൻ പഴമൊഴിയുടെ പൊരുളെന്തെന്ന് ആനന്ദനഗരത്തിലെ സുഹൃത്തുക്കളുടെ ഔദാര്യം എന്നെ പഠിപ്പിച്ചു...

റോയൽറ്റിക്കുപുറമേ, പുസ്തകത്തിന്റെ വായനക്കാരുടെ കാരുണ്യം പലതരത്തിൽ ലാപിയറെത്തേടിയെത്തി. '...ലോകമെങ്ങുമുള്ള ആയിരക്കണക്കിന് വായനക്കാർ എനിക്ക് കത്തുകളയക്കാൻ തുടങ്ങി. THE CITY OF JOY രചിച്ചതിനുള്ള നന്ദിപ്രകടനമായിരുന്നു അവയെല്ലാം... മിക്കവാറും എല്ലാ കവറുകളിലും ഒരു ചെക്കുണ്ടായിരുന്നു. ചിലപ്പോൾ ഒരു ചെറിയ ആഭരണപ്പൊതി, സ്വർണക്കട്ടി, അല്ലെങ്കിൽ സ്റ്റോക്ക് എക്സേഞ്ച് ഓഹരികളുടെ സഞ്ചയം.' പേരുവെച്ചിട്ടില്ലാത്ത ഒരു കത്തിലെ ഹ്രസ്വസന്ദേശം ഇപ്രകാരമായിരുന്നു: 'ദ സിറ്റി ഓഫ് ജോയ് വളരെ മനോഹരമാണ്. അതിനാൽ ഇതൊടൊപ്പമുള്ള വസ്തുക്കൾ അയക്കാൻ സന്തോഷമുണ്ട്്. ദയവായി അവ വിൽക്കുക. ഞങ്ങളുടെ വിരലുകൾക്ക് ചുറ്റുമെന്നതിനെക്കാൾ അവ കൂടുതൽ ഉപകാരപ്രദമാവുക ആനന്ദനഗരത്തിലായിരിക്കും -രണ്ട് വിവാഹമോതിരങ്ങൾ ആ കത്തിൽ ഒട്ടിച്ചുവെച്ചിരുന്നു

എഴുതിക്കിട്ടിയതെല്ലാം ഡൊമിനിക് ലാപിയർ ജെയിംസ് സ്റ്റീവൻസിന്റെ മുന്നിൽവെച്ചിട്ട് പറഞ്ഞു:

''ഇതെല്ലാം ഉദയനുള്ളതാണ്''

റൊണാൾ ജോഫെ THE CITY OF JOY പിന്നീട് സിനിമയാക്കിയപ്പോൾ ലഭിച്ച വലിയ പ്രതിഫലവും ലാപിയർ ഉദയനു നൽകി. മഴക്കാറുകൾ മാറി ഉദയൻ ജ്വലിച്ചു പ്രകാശിച്ചു.

സ്വപനോടൊപ്പം ആ മാന്തോട്ടത്തിലൂടെ നടക്കുമ്പോൾ പ്രധാന കെട്ടിടങ്ങളുടെ ചുമരുകളിലെല്ലാം മങ്ങിത്തുടങ്ങിയ ശിലാഫലകങ്ങൾ കാണാം:

'THIS COTTAGE IS A GIFT OF LOVE FROM THE DOMINIQUE LAPIERRE FOUNDATION -WHAT IS NOT GIVEN IS LOST'

സ്‌കൂൾ ബസിനു പുറമേയും എഴുതിയിട്ടുണ്ട്:

'DONATED BY CITY OF JOY AID UK'

ഒരു എഴുത്തുകാരനും അയാൾ എഴുതുന്ന അക്ഷരങ്ങളും അജ്ഞാതരായ ഏതൊക്കെയോ മനുഷ്യർക്ക് അന്നമാവുന്നു; വസ്ത്രമാവുന്നു; ജീവിതംതന്നെയാവുന്നു. എഴുത്തുകാരൻ അപ്പോൾ ദൈവികതയ്ക്കപ്പുറത്തേക്ക് വളരുന്നു.

ലാപിയർ പിന്നീട് ഒരു അഭിമുഖത്തിൽ പറഞ്ഞു: ഇന്ത്യ എന്നെ പഠിപ്പിച്ചു- ഒരു എഴുത്തുകാരന് ഹെമിങ്വേ ആവുന്നതുപോലെ മദർ തെരേസയാവാനും സാധിക്കും.

 

* ബംഗാളിൽ മൺസൂണിന് തൊട്ടുമുൻപുള്ള മഴക്കാർ മൂടലും മങ്ങലും കാറ്റും

** ബംഗാളിലെ വേറിട്ട രുചിയുള്ള ബിരിയാണി

• ജെയിംസ് സ്റ്റീവൻസ് ഉദയനിലെ കുട്ടികൾക്കൊപ്പം

• മദർ തെരേസ