'വാതില്‍ക്കല് വെള്ളരിപ്രാവ്...
വാക്കുകൊണ്ട് മുട്ടണ കേട്ട്...'

പുസ്തകങ്ങള്‍ക്ക് ചിറകുകളുണ്ട്. സ്വപ്നങ്ങളുടെ മൃദുതൂവലുകളില്‍ ഉയര്‍ത്തി അവ നിങ്ങളെ  ആകാശപരിധികള്‍ക്കുമപ്പുറം പറത്തിക്കൊണ്ടുപോവും. എന്റെ പുസ്തകങ്ങള്‍ക്കും ചിറകുകള്‍ മുളച്ചിരുന്നു. സത്യമായും അവ സഞ്ചാരികളായിരുന്നു.

To advertise here,

കറുത്ത പെയിന്റടിച്ച് വെളുത്തനിറത്തില്‍ നമ്പറും പേരും വരച്ചിട്ട ട്രങ്ക് പെട്ടികളില്‍ പരിഭവങ്ങളില്ലാതെ അവ ഞങ്ങളുടെ കൂടെ സഞ്ചരിച്ചു. കടല്‍ത്തീരങ്ങള്‍, പീഠഭൂമികള്‍, മരുദേശങ്ങള്‍, അതിര്‍ത്തിഗ്രാമങ്ങള്‍... അവയും സഞ്ചരിച്ചുകൊണ്ടേയിരുന്നു.

ഹെമിങ്‌വേയുടെ ഓള്‍ഡ് മാന്‍ ആന്‍ഡ് സീയിലെ കടലും വയസ്സനും കോംപാറ്റ് യൂണിഫോമിന്റെ പോക്കറ്റില്‍ക്കിടന്ന് കയറിയ മഞ്ഞുമലകള്‍ എത്ര!, പീറ്റര്‍ മാത്തിസന്റെ സ്നോലെപ്പേര്‍ഡും ഞാനും ഒരുമിച്ച് മരുഭൂമിയില്‍ക്കണ്ട ഉദയങ്ങള്‍ എത്ര! വരണ്ട ചൂടുള്ള ഉച്ചകളില്‍ മഞ്ഞുപുലി എനിക്ക് തണുത്തുറഞ്ഞ കിഴക്കന്‍ മലകളുടെ കുളിരുതന്നു, ഉടല്‍പ്പുള്ളികളില്‍ തട്ടി പ്രതിഫലിക്കുന്ന മഞ്ഞുസൂര്യന്റെ മഞ്ഞപ്രകാശം തന്നു! ഫയറിങ് റേഞ്ചില്‍ വെടിയൊച്ചകേട്ട് നടുങ്ങിപ്പറന്നുയരുന്ന പൂമ്പാറ്റകളോടും ചെറുകിളികളോടും എന്റെ സൈലന്റ് സ്പ്രിങ് സാരമില്ല, സാരമില്ല എന്ന് മിണ്ടിപ്പറഞ്ഞു. ശ്യോക് എന്ന മരണനദിയോട് ഹക്കിള്‍ബറി ഫിന്‍ മിസിസിപ്പിക്കഥകള്‍ പറഞ്ഞു.

രാജസ്ഥാനിലെ ഉഷ്ണപ്പൊടിക്കാറ്റില്‍ കുഞ്ഞുങ്ങളോടൊപ്പം പട്ടംപറത്തിയ കൈറ്റ് റണ്ണര്‍. ഡെന്റല്‍ ചെയര്‍ മയങ്ങുന്ന ഉച്ചനേരങ്ങളില്‍ സ്പിരിറ്റ് മണത്തില്‍ തലകുടഞ്ഞുണരുന്ന രണ്ടാമൂഴം. മണ്ണെണ്ണ ബുക്കാരിയുടെ മണ്ണെണ്ണമണംപിടിച്ച ഖസാക്കിന്റെ ഇതിഹാസം. തവാങ്ങിലെ തണുപ്പില്‍ ഉരുളികുന്നത്തിന്റെ ലുത്തിനിയ. തോക്കിന്റെ പുള്‍ത്രൂ(തോക്ക് വൃത്തിയാക്കുന്ന നൂല്)വിലുള്ള ഗ്രീസ് പറ്റിപ്പിടിച്ച എന്റെ സഞ്ചാരിയുടെ ദൈവം. 'I can wait,  I can think, I can fast.' 

മഞ്ഞുകാറ്റിലെവിടെയോ ഇരുന്ന് പേര്‍ത്തും പേര്‍ത്തും തഥാഗതനെ മന്ത്രിച്ചുതന്ന സിദ്ധാര്‍ഥ. മൊബൈലിന് കണക്ഷന്‍ കിട്ടാത്ത, ചാനലുകള്‍ കിട്ടാത്ത മലന്തുഞ്ചങ്ങളിലെ ജീവിതത്തില്‍ കൂട്ടായിരുന്ന എന്റെ പുസ്തകങ്ങള്‍. ഏതു മലമണ്ടയിലും നിറയെ റേഞ്ചുള്ളവര്‍! സന്തോഷങ്ങളില്‍ പുതിയ പുസ്തകങ്ങള്‍ വാങ്ങുകയും സങ്കടത്തില്‍ പഴയതും പ്രിയപ്പെട്ടതും വീണ്ടുംവീണ്ടും വായിക്കുകയും ചെയ്യുന്ന വിചിത്രശീലങ്ങള്‍ക്ക് കാവല്‍നിന്ന കൂട്ടുകാര്‍. ഒരുപാടു നീണ്ടൊരു യാത്രയെങ്കിലും യാത്രതന്നെ ജീവിതമെങ്കിലും സഞ്ചാരിയുടെ ഭാണ്ഡത്തില്‍ ഭാരങ്ങള്‍ പാടില്ല എന്നറിയാമെങ്കിലും പ്രിയപ്പെട്ടവരെ വഴിയിലുപേക്ഷിച്ച് പോരാനാവുമോ? പ്രിയത്തോടെ കൈമാറിയവയൊഴികെ ബാക്കിയുള്ളവരെല്ലാം കൂടെത്തന്നെയുണ്ട്. ഒടുവില്‍ പതിറ്റാണ്ടുകളുടെ യാത്രയ്ക്കൊടുവില്‍ ചേക്കേറാന്‍ ഞങ്ങള്‍ക്കൊരിടമെങ്കില്‍, അവര്‍ക്കുമൊരിടം.

ഞങ്ങളുടെ കുഞ്ഞുലൈബ്രറി ഒരുങ്ങുകയാണ്. പെട്ടികളല്ല തുറക്കുന്നത് ഓര്‍മകളാണ്! പുസ്തകങ്ങള്‍ക്കിടയില്‍നിന്ന് മക്കളുടെ പഴയ ക്ലാസ് ഫോട്ടോകള്‍ ചാടിവരുന്നു. ഒന്നാം ക്ലാസില്‍വെച്ച് സമ്മാനംകിട്ടിയ വിംപികിഡ് ഡയറികണ്ട് മകള്‍ തുള്ളിച്ചാടുന്നു, അപ്പ കുഞ്ഞിലേ വാങ്ങിത്തന്ന റഷ്യന്‍ കഥാപുസ്തകത്തിലെ കോഴിക്കുഞ്ഞിനെയും താറാക്കുഞ്ഞിനെയുംകണ്ട് ഞാനും. ഇനിയുമുണ്ട് ഇമോഷണല്‍ ട്രഷറുകള്‍! ആദ്യ പേജുകള്‍ അടര്‍ന്നുപോയ എന്റെ മാലി രാമായണം, എന്നോ നഷ്ടപ്പെട്ടു എന്നുകരുതി സങ്കടപ്പെട്ട ചില പ്രിയപ്പെട്ട പുസ്തകങ്ങള്‍, പ്രിയപ്പെട്ടവരുടെ പുസ്തകങ്ങള്‍. ചിലതിന്റെ ആദ്യ എഡിഷനുകള്‍. പുസ്തക സമ്മാനങ്ങള്‍...

പുസ്തക ഭ്രാന്തിയായ ഒരു ജോലിക്കാരിയമ്മ

കൂടും കുടുക്കയും കുഞ്ഞുങ്ങളുമുള്ള, പ്രാരബ്ധക്കാരിയായ ഒരു വായനക്കാരി എന്തുചെയ്യും? അവളുടെ ഒഴിവുസമയങ്ങള്‍ പുസ്തകങ്ങള്‍ക്കുകൂടിയാണ് എന്ന് വാശിയുള്ള, പുസ്തകഭ്രാന്തുള്ള ഒരു  ജോലിക്കാരിയമ്മ? അവള്‍ കുഞ്ഞുമക്കളെയും വായനയുടെ മാജിക് സ്പെല്ലില്‍ പിടിച്ചിടാന്‍ നോക്കും. ലൈബ്രറിയില്‍ കയറിയാല്‍പ്പിന്നെ ചിണുങ്ങാത്ത, കുട്ടികളുടെ സെക്ഷനിലെ ഉയരംകുറഞ്ഞ കസേരകളിലിരുന്ന് തിരിച്ചുവരാന്‍ കൂട്ടാക്കാതെ കുട്ടിക്കഥയും പിന്നെ വലിയകഥകളും വായിക്കുന്ന കുഞ്ഞുങ്ങളാണ് അവള്‍ക്കാവശ്യം. അത് അവളുടെ സര്‍വൈവല്‍ ആണ്. അവളുടെ അഭിരുചികള്‍ അവള്‍ കുട്ടികളിലേക്ക് പതിവെച്ചെടുത്തു എന്ന കുറ്റബോധം അവിടെ കിടക്കട്ടെ, അവരെ അവള്‍ ലൈബ്രറികളില്‍ മാത്രമല്ല ഫുട്‌ബോള്‍ ഗ്രൗണ്ടുകളിലും കളിയിടങ്ങളിലും കൊണ്ടുപോകാറുണ്ടായിരുന്നല്ലോ.

കാപ്പിമണക്കുന്ന ചെമ്പക ബുക്ക് കഫെ 

അങ്ങനെ ഒരു മഴക്കാലദിവസം അവളുടെ കുട്ടി അമ്മയെ കൂട്ടിപ്പോയ ഒരിടമാണ് ചെമ്പക.
''അമ്മയ്ക്കവിടെ ഇഷ്ടപ്പെടും അവിടെ ബട്ടര്‍ഫ്രൂട്ട് മരങ്ങളുടെ തണലില്‍ നിറയെ പുസ്തകങ്ങളുണ്ട്.'' -എന്നവള്‍ അമ്മയെ പ്രലോഭിപ്പിക്കും. മൗണ്ടന്‍ ഡിവിഷന്റെ ലൈബ്രറിയില്‍ നിറച്ചും പഴയ ഇംഗ്ലീഷ് ഫെയറി ടെയിലുകളുണ്ട് എന്നും പറഞ്ഞ് ഞായറാഴ്ച ദിവസങ്ങളിലെല്ലാം നിറയെ ഉരുളന്‍കല്ലുകളുള്ള ആ മഞ്ഞുപുഴയുടെ തീരത്തുള്ള പഴക്കം മണക്കുന്ന ലൈബ്രറിമുറികളിലൂടെ കുട്ടികളെയുംകൂട്ടി നടന്നിരുന്ന ഒരു അമ്മ ഉള്ളിലിരുന്ന് ഊറിച്ചിരിക്കും. ഇവള്‍ ശരിക്കും വലുതായി അല്ലേ എന്ന് കണ്‍കോണിലൂടെ ഒന്ന് പാളിനോക്കും. തണുപ്പൂറുന്ന കല്‍ച്ചുമരുകളുള്ള ഗ്രന്ഥപ്പുരയില്‍ ഒറ്റയിരിപ്പിലിരുന്ന് വായിച്ച് തണുത്തുപോയ അമ്മയും മക്കളും പിന്നെ പുഴയുടെ തൊട്ടുതീരത്തുള്ള മൊംപ ഗോത്രക്കാരുടെ കടയിലിരുന്ന് ആവിയുയരുന്ന സൂപ്പി മാഗി ഊതിയൂതിക്കുടിക്കും. 

ഉരുളന്‍കല്ലുകളില്‍ ചാടിക്കുതിക്കുന്ന ഹിമവാഹിനി പറയുന്ന മഞ്ഞുമലരഹസ്യങ്ങള്‍ അമ്മ, ഞാന്‍ മക്കള്‍ക്കായി പരാവര്‍ത്തനം ചെയ്യും കുറച്ചുനാളുകള്‍ കഴിയുമ്പോള്‍ മഞ്ഞുപുഴ അങ്ങനെയല്ല ഇങ്ങനെയാ പറഞ്ഞു തന്നതെന്ന് അവര്‍ അമ്മയോട് പുതിയ ഉണ്ടാക്കിക്കഥകള്‍ പറയും. ഇത് ചെമ്പക കഫേയാണ്. പക്ഷേ, ഇവിടത്തെ ചെമ്പകം എവിടെയാണ്? ഒരിക്കലൊരു ചെമ്പകം ഉണ്ടായിരുന്നിരിക്കണം. ചെമ്പകസുഗന്ധമുള്ള പുസ്തകങ്ങളുമായി ഒരു ഇല്ലാത്ത ചെമ്പകമരം നിങ്ങളെ വരവേല്‍ക്കും. മേല്‍ക്കൂരയില്‍നിന്ന് തൂങ്ങിയിറങ്ങുന്ന പൂവള്ളികള്‍ മെലിഞ്ഞ വിരലുകള്‍ നീട്ടി തൊട്ടുനോക്കും. 

''എത്രനേരം വേണമെങ്കിലുമിരിക്കൂ, ഏതു പുസ്തകം വേണമെങ്കിലും വായിക്കൂ. തിരിച്ചുപോവുമ്പോള്‍, വാങ്ങുന്നുണ്ടെങ്കില്‍ മാത്രം പണംതരൂ. ഇല്ലെങ്കില്‍ എടുത്തിടത്ത് തിരിച്ചുവെച്ചോളൂ. നോ പ്രോബ്ലം.'' -റിയ പറയുന്നു.

സ്ത്രീകള്‍ നടത്തുന്ന ഇടം. സ്ത്രീകള്‍തന്നെ വിളമ്പുകാരും. നിലത്തിട്ട ദറിയില്‍ കാലുംനീട്ടി ഭിത്തിയില്‍ ചാരിയിരുന്ന് സന്ധ്യമയങ്ങുവോളം ഫ്രീയായി പുസ്തകം വായിക്കുന്ന കോളേജ് കുട്ടികളെ, ഓരോരോ മൂലകളില്‍ പുസ്തകവും കോഫിയും പ്രണയവുമായി മണിക്കൂറുകള്‍ പോസ്റ്റാവുന്ന ചെറുപ്പക്കാരെ ഒക്കെ ഒരു നോട്ടംകൊണ്ടുപോലും ശല്യപ്പെടുത്താത്ത ജീവനക്കാര്‍. ജനലിനടുത്തിരിക്കൂ, വെണ്ണപ്പഴമരങ്ങളുടെ, കൊഴുത്തപച്ചയില്‍ തിളങ്ങുന്ന ഇലകളെ നോക്കൂ. അവയില്‍ പറ്റിപ്പിടിച്ച് ഒളിവെട്ടുന്ന രാവിലത്തെ മഴയുടെ തുള്ളികള്‍ നോക്കൂ. സുഗന്ധമുള്ള മൗനത്തോടൊപ്പം കാപ്പിമണവും പുരട്ടിവെച്ച പുസ്തകറാക്കുകള്‍. 

അവക്കാഡോ മരത്തിന്റെ പരുക്കന്‍ തൊലിയില്‍ കൊക്കുരച്ച് മൂര്‍ച്ചവെപ്പിച്ചുകൊണ്ടൊരു ഒറ്റയാന്‍മൈന ബഹളംവെച്ചു. ഉള്ളിലേക്കാഞ്ഞ ശാഖയില്‍ തൂങ്ങിക്കിടക്കുന്ന ഇളം ബട്ടര്‍ഫ്രൂട്ടുകള്‍ പെയ്യാനായുന്ന മഴക്കാറ്റില്‍ തുള്ളി വിറച്ചു. മഴയ്ക്കുതൊട്ടു മുന്‍പേയുള്ള മഞ്ഞവെയിലില്‍ അവയുടെ എമറാള്‍ഡ്ഗ്രീന്‍ ഇരുളിമ തിളങ്ങി. ഒരു മഴ പെയ്തെങ്കില്‍, അത് വേഗം പെയ്തെങ്കില്‍ എന്നു ഞാന്‍ കൊതിച്ചു. അവസാനത്തെ ജക്കരാന്തപ്പൂക്കളെയും പൊഴിച്ചിടുന്ന, മഞ്ഞക്കണ്ണുള്ള ആ തോന്ന്യാസി മൈനയുടെ മിനുമിനുക്കഴുത്തില്‍ മൃദുവായി ഉമ്മവെക്കുന്ന ഒരു നനുത്ത മഴ... മല്ലിഗൈപ്പൂ വിതറുമ്പോലെ, പന്നീരു ഗുലാബി തളിക്കും പോലെ ഒരു ബാംഗ്ലൂര്‍ മഴ...

വാക്കുകളുടെ ബ്ലോസം

ചര്‍ച്ച് സ്ട്രീറ്റിലെ മൂന്നുനില പുസ്തകക്കട നിറയെ മുന്‍പേ സ്നേഹിക്കപ്പെട്ട പുസ്തകങ്ങളാണ്. ഇത്രയും പുസ്തകങ്ങള്‍ ഒരുമിച്ചുകണ്ടാല്‍ നിങ്ങള്‍ ഒരു പക്കാ പുസ്തകപ്രേമിയാണെങ്കില്‍ ഒരു നിമിഷത്തേക്ക്  ബോധം മറഞ്ഞേക്കാം! മണത്തും താളുകള്‍ മറിച്ചും വെറുതേ അവയുടെ കൂട്ട് ആസ്വദിച്ചും പഴയ പുസ്തകങ്ങളുടെ ഗന്ധം ആവുന്നത്ര ഉള്ളോട്ട് വലിച്ചും ഉന്മത്തരായി നിങ്ങള്‍ ഇരുമ്പലമാരകള്‍ക്കിടയിലൂടെ നീളുന്ന പുസ്തകവഴികള്‍തോറും കറങ്ങിനടക്കും. ഒടുവില്‍ ബ്രിഗേഡ് റോഡില്‍നിന്ന് വാങ്ങാന്‍ പോയ ചെരിപ്പ് പിന്നെ വാങ്ങിക്കാം എന്ന് കാലിനോട് സോറി പറഞ്ഞ് ആ പൈസയ്ക്ക് ഒരു സഞ്ചിനിറയെ പുസ്തകങ്ങളുമായി തിരിച്ചുപോരും. ഒരിക്കല്‍ ആരാലോ സ്നേഹിക്കപ്പെട്ട, പിന്നീടുപേക്ഷിക്കപ്പെട്ട പുസ്തകങ്ങള്‍ ഇത്തിരി സങ്കടത്തോടെ, ചിണുങ്ങലോടെ നിങ്ങളെ പിന്തുടരും. 
''ഓരോ പുസ്തകത്തിനും ഓരോ ജീവിതമുണ്ട്, അതിന്റെ ജാതകവുമുണ്ട് കുഞ്ഞുങ്ങളേ...''
എന്നുംപറഞ്ഞ് നിങ്ങള്‍ അതുങ്ങളെ ചിരിച്ചുമയക്കാന്‍ നോക്കും. പിന്നെ പുറത്ത് പതിയെ തട്ടിക്കൊടുത്ത് പുന്നാരിച്ച് കൂടെക്കൊണ്ടുപോരും. 

പടികളില്‍വെച്ച് കണ്ടുമുട്ടിയതാണ് അവളെ. ബെംഗളൂരുവില്‍ ഡിഗ്രി പഠിക്കാന്‍ വന്ന ഗുല്‍ബര്‍ഗക്കാരി. 
''പഠിക്കാനുള്ളതും കിട്ടുമോ? സെക്കന്‍ഡ് ഹാന്‍ഡ്? കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങിന്റെ പുസ്തകങ്ങള്‍?''
''നനഗെ ഗൊത്തില്ല'' എന്ന് കൈമലര്‍ത്തുമ്പോള്‍ പുറകില്‍നിന്നൊരു ചെറുപ്പക്കാരന്‍ രണ്ടു കൈയും വിടര്‍ത്തി വിളിച്ചുപറയുന്നു: ''Any type, Bro....! ഏതു തരവും. സൂര്യനുകീഴെയുള്ള എല്ലാ തരവും''
അതേ, ഇന്ത്യയിലെ ഏറ്റവും വലിയ സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകക്കടയാണിത്. ലക്ഷക്കണക്കിന് പുസ്തകങ്ങളുണ്ട്.  എല്ലാ സെക്ഷനുകളുമുണ്ട്, പഠിത്തപ്പുസ്തകങ്ങളും. പുസ്തകം വാങ്ങാന്‍ പണമില്ലാതെ ഇനി കുട്ടികള്‍ ഇവിടെ പഠിക്കാതിരിക്കരുത്.
''അച്ഛാ എനിക്ക് പഠിക്കണം''
''മകനെ എന്റെ കൈയില്‍ പണമില്ലല്ലോ. നന്നത്രെ ദുട്ടില്ല മകനെ...''

2001-ഒരു എന്‍ജിനിയറിങ് വിദ്യാര്‍ഥി പഠിക്കാനുള്ള പണമുണ്ടാക്കാന്‍ പുസ്തകങ്ങള്‍ വില്‍ക്കാനിറങ്ങുന്നു. അന്ന് റിപ്പയറിങ് നടന്നുകൊണ്ടിരുന്ന എം.ജി. റോഡിലെ ഹിഗ്ഗിന്‍ ബോത്തംസ് എന്ന വമ്പന്‍ പുസ്തകക്കടയുടെ മുന്നിലെ ഫുട്ട്പാത്തില്‍ ഒരു കുഞ്ഞുബാഗുനിറയെ പുസ്തകങ്ങളുമായി തെരുവുകച്ചവടം തുടങ്ങുന്നു. ബ്ലോസമില്‍ ഏതു പുസ്തകം നിങ്ങള്‍ക്കാവശ്യം എന്നു ചോദിച്ച് നിങ്ങളെ ചിരിച്ചുകൊണ്ട് വരവേല്‍ക്കുന്ന മായി ഗൗഡയാണത്. ഒരു തെരുവുപുസ്തകക്കച്ചവടക്കാരന്റെ പരുക്കന്‍ ദിവസങ്ങള്‍, പോലീസിനെ ഭയന്നുള്ള ഓട്ടങ്ങള്‍, പിന്നെ ഒരു ഒറ്റമുറിക്കടയില്‍നിന്ന് ഇപ്പോള്‍ മൂന്നു നിലകളിലേക്കുള്ള മാറ്റം. എല്ലാംകൂടി രണ്ടുവരിയില്‍ പറഞ്ഞുതീര്‍ത്ത് മായിഗൗഡ ചിരിക്കുന്നു.

പുസ്തകക്കടല്‍! അതിലൂടെ തുഴഞ്ഞ് നമ്മള്‍ ആവശ്യപ്പെട്ട പുസ്തകങ്ങള്‍ ഒളിച്ചിരിക്കുന്ന ഒരു വാക്കിന്‍തുരുത്തിലേക്ക് നയിക്കുന്നു മായിഗൗഡ. ഈ പുസ്തകസമുദ്രത്തിലെ നാവികന്‍! തേടിനടന്ന കസാന്‍ദ് സാക്കീസിന്റെ പുസ്തകം ഫ്രീഡം ആന്‍ഡ് ഡെത്ത് അവിടെ മുന്‍നിരപ്പുസ്തകങ്ങളുടെയും അടിയില്‍ നമ്മളെ കാത്തിരിക്കുന്നു. ആര്‍ക്കും വേണ്ടത് ഇവിടെ കിട്ടും. ഒരു അലമാരയില്‍ ബര്‍ട്രന്‍ഡ് റസല്‍ എങ്കില്‍ മറ്റതില്‍ മുറക്കാമി. കുട്ടിക്കാലത്ത് വായിച്ച് വീണ്ടും വായിക്കാന്‍ കൊതിച്ച് മറന്ന കോമിക്ക് പുസ്തകങ്ങള്‍ ഉണ്ട്. 

placeholder
ചിത്രീകരണം: ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയാ ചെറിയാൻ (റിട്ട.) 

കാര്‍ട്ടൂണ്‍ ഗൈഡ് ടു ആള്‍ജിബ്ര തൊട്ട് കാര്‍ട്ടൂണ്‍ ഗൈഡ് ടു സെക്സ് വരെയുണ്ട്. 60 രൂപയ്ക്ക് ഒരു നോവല്‍ എന്ന പ്രലോഭനംപോലുമുണ്ട്. അട്ടംവരെ ഉയരംവെച്ച ഇരുമ്പലമാരകള്‍ക്കുള്ളിലെവിടെയോ നിങ്ങള്‍ എത്രയോ കാലമായി നിധിപോലെ തേടിനടന്ന ആ പുസ്തകം ഒളിഞ്ഞിരിപ്പുണ്ട്. പുസ്തകങ്ങളുടെ ആഭിചാരം തന്നെയാണ്. അല്ലെങ്കില്‍ ആവേശത്തിരയില്‍ ആര്‍ത്തിരമ്പുന്ന ബ്രിഗേഡ് റോഡിലെ ചെറുപ്പം ഇതിനുള്ളില്‍ കയറുമ്പോള്‍ ഒരു ആശ്രമത്തിനുള്ളിലെപോലെ എങ്ങനെ ശാന്തരാവുന്നു?

We all family

പഴയ താളുകള്‍ മറിയുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന അടിവരകളും മാര്‍ജിന്‍കുറിപ്പുകളും അഡീഷണല്‍ ബോണസ് ആകുന്നു. മുന്‍പത്തെ വായനക്കാരാ/ വായനക്കാരീ നീ എന്നെപ്പോലെത്തന്നെയോ ചിന്തിച്ചിരുന്നത്? അവരുടെ മഷിമണമുള്ള കുറിപ്പുകള്‍, അവര്‍ വരച്ചുവെച്ച കുഞ്ഞുപടങ്ങള്‍, അവരുടെ നിഗൂഢപ്രിയങ്ങള്‍... അവരെവിടെയുണ്ടാവും ഈ ഭൂമിയില്‍ എന്നൊരു മഹാകൗതുകം! ഇന്ത്യയിലോ വിദേശത്തോ? മരിച്ചോ ജീവിച്ചോ? ഒരിക്കല്‍ വായിച്ച ആളോടുള്ള ഒരു തുള്ളി പ്രിയവും ബഹുമാനവും ചേര്‍ത്ത് നിങ്ങളാ പുസ്തകം സ്നേഹത്തോടെ നിങ്ങളുടെ കുഞ്ഞുലൈബ്രറിയുടെ വലത്തെമൂലയില്‍ സൂക്ഷിച്ചുവെക്കുന്നു. ഇരുമ്പിന്റെ മണമുള്ള പുസ്തകറാക്കുകള്‍ക്ക് നടുവിലെ ഇടുങ്ങിയ ഇടനാഴികളില്‍ തമ്മില്‍ കണ്ടുമുട്ടുന്ന മനുഷ്യര്‍ കൈമാറുന്ന ഒരു സ്നേഹപ്പുഞ്ചിരിയുണ്ട്. അതെ, ബന്ധുക്കളാണ്! സകലമാന പുസ്തകത്തീറ്റക്കാരെയും തമ്മില്‍ക്കൊരുക്കുന്ന പുസ്തകപ്രണയത്തിന്റെ ജനിതകനൂല്! 
We all family
ഈ പുസ്തകക്കടലിന് നടുവില്‍ നില്‍ക്കുമ്പോള്‍ ഇതുവരെ വായിച്ചതൊക്കെ എത്ര കുറച്ചാണെന്നൊരു വെളിപാട് നിങ്ങള്‍ക്ക് കിട്ടിയേക്കാം. ഇനിയെത്ര ലോകം കാണാനിരിക്കുന്നു... ഇനിയെത്ര വായിക്കാനിരിക്കുന്നു... സമയം എത്ര കുറവാണ്... നമ്മളൊന്നും ഒന്നും വായിച്ചിട്ടില്ലെന്നേ... 
മൂന്നുനിലകളിലേക്കുമുണ്ട് പടികള്‍. വശങ്ങളിലെല്ലാം പുസ്തകച്ചിത്രങ്ങള്‍ വരച്ചുചേര്‍ത്തിട്ടുണ്ട് വായനക്കാരായ വരയാളുകള്‍. 
''പടവുകളുടെ ഇടയിലായി പുസ്തകസ്പൈനുകള്‍* കൂടെ വരച്ചിട്ടാല്‍ നന്നായിരിക്കും.'' നമ്മുടെ എളിയ ബ്യൂട്ടിഫിക്കേഷന്‍ ടിപ്പ് മായിഗൗഡ പുഞ്ചിരിയോടെ സ്വീകരിക്കുന്നു. 
''പുസ്തകങ്ങളുടെ സ്പൈനും മനുഷ്യന്റെ സ്പൈനും തമ്മിലെന്ത്?'' -മകള്‍ ചോദിക്കുന്നു.
''ലോകത്തെവിടെയൊക്കെ മനുഷ്യര്‍ നിവര്‍ന്നു നിന്നിട്ടുണ്ടോ, അതിന്റെയൊക്കെ പിന്നില്‍ വായനയുടെയും പുസ്തകത്തിന്റെയും നട്ടെല്ലുണ്ട്, കുഞ്ഞേ''

(*Spine of a book / back bone of a book - ഷെല്‍ഫിലിരിക്കുമ്പോള്‍ നമ്മള്‍ കാണുന്ന ഭാഗമാണ് ബുക്ക് സ്പൈന്‍)