‘‘.......ചെന്നായ്‌ക്കളിൽ ഒന്ന് സാവധാനത്തിൽ അതിന്റെ തല അവന്റെനേരേ തിരിച്ചു, മുരളാതെ അത് പല്ലുകൾ പുറത്തുകാണിച്ചു, ഫ്ലോറിയൻ അവരിൽ ഒരാൾമാത്രമാണെന്നതുപോലെ, അതുകൊണ്ടുതന്നെ ഭയപ്പെടാനൊന്നുമില്ല. അവ സാൽ നദിയിലെ ജലത്തിൽ നോക്കുകയാണെന്ന് ഫ്ലോറിയൻ അറിഞ്ഞു, അവനെപ്പോലെ അവയും തളർന്നുകഴിഞ്ഞു. അവന്‌ മനസ്സിലായി, ആ ചെന്നായ്‌ക്കളും അവനും കേൾക്കുകയാണെന്ന്. ഭൂമിയിലേക്ക് ഇറങ്ങി വരുന്ന ദയാരഹിതമായ രാത്രിയിൽ, അവരെന്നെന്നും നദിയുടെ ശാന്തമായ, കിലുങ്ങുന്ന, മധുരമായ ശബ്ദം അന്ധമായി എന്നെന്നും കേട്ടുകൊണ്ടിരിക്കുമെന്ന്.”

To advertise here,

416 പുറങ്ങളിൽ, ഒറ്റവാചകമായി സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരംനേടിയ ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രസ്നഹോർക്കയി(Laszlo Krasznahorkai) എഴുതിയ Herscht 07769 എന്ന നോവൽ അവസാനിക്കുന്നത് ഇങ്ങനെയാണ്. നാസി സിദ്ധാന്തങ്ങളിൽ ആകൃഷ്ടനായ ഫ്ലോറിയൻ ഹെർഷ്റ്റ് എന്ന ചെറുപ്പക്കാരൻ ജർമൻ ചാൻസലറായിരുന്ന ആംഗേല മെർക്കലിന് ഒരു കത്തെഴുതുന്നതിലൂടെയാണ് നോവൽ വികസിക്കുന്നത് ഭൗതികദ്രവ്യത്തിന്റെ നാശത്തിലൂടെ ലോകം ഇല്ലാതാവുമെന്ന്‌ കാണിച്ചുകൊണ്ടാണ് ആ എഴുത്ത്. നവനാസിയായ (Neo Nazi) ബോസ് എന്നയാൾക്കുവേണ്ടി ജോലി ചെയ്യുന്നയാളാണെങ്കിലും ഭീമാകാരനായ ഫ്ലോറിയൻ ശാന്തനും നല്ലവനുമാണ്. ചിത്രകാരന്മാർ ചുവരുകളിൽ വരയ്ക്കുന്ന ‘ഗ്രാഫിറ്റി’കൾ വൃത്തിയാക്കുന്ന ജോലിയാണ് ബോസ് അവനെ ഏൽപ്പിച്ചിരിക്കുന്നത്. സംഗീതജ്ഞൻ ബാഹിന്റെ (Johann Sebastian Bach) സ്മാരകങ്ങളിൽ ചെന്നായയുടെ രൂപങ്ങൾ വരക്കുന്ന ഒരു ചിത്രകാരൻ, ഹിറ്റ്‌ലറെപ്പോലെ ബാഹിനെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്ന ബോസിനെ പ്രകോപിതനാക്കുന്നു. അയാളെ പിടിക്കാനുള്ള ശ്രമത്തിൽ ഹെർഷ്റ്റ് ചെന്നെത്തുന്നതാകട്ടെ യഥാർഥ ചെന്നായ്‌ക്കൾക്കിടയിലും.

‘പ്രതീക്ഷ ഒരു തെറ്റാണ്’ എന്ന് പുസ്തകത്തിന്റെ തുടക്കത്തിൽ ക്രസ്നഹോർക്കയി എഴുതിയിട്ടുണ്ട്. നാസിസം എല്ലാ അർഥത്തിലും തിരിച്ചുവന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ താനെഴുതുന്നത് കഥയല്ല, വിവരണംമാത്രമാണെന്ന്‌ പറയുന്ന അദ്ദേഹത്തിന് മറ്റൊരു വിധത്തിൽ യാഥാർഥ്യങ്ങളെ ആവിഷ്കരിക്കാനാവില്ലതന്നെ. എങ്കിൽക്കൂടി ദയയറ്റ രാത്രിയിൽ നദിയുടെ ഒഴുക്ക് കേട്ടുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനും രണ്ടുമൃഗങ്ങളും വേറേ ഏതൊക്കെയോ തലങ്ങളിൽ ആ വിവരണത്തെ കൊണ്ടുചെല്ലുന്നുണ്ട്.

ക്രസ്നഹോർക്കയിയുടെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കാവുന്ന Satantango എന്ന നോവലിൽ പ്രതീക്ഷയെ മറ്റൊരു വിധത്തിലാണ് നിർവചിച്ചിരിക്കുന്നത്: ഒരാൾ ഒരു ചിത്രം കാണുകയാണ് പലതവണ കണ്ടിട്ടുള്ള ഒരു ചിത്രം. എന്നിട്ടും താനിതുവരെ കാണാത്ത എന്തോ ഒന്ന് കണ്ടെത്താനുള്ള പ്രതീക്ഷയിൽ അയാളത് വീണ്ടും നോക്കുകയാണ്. അയാൾ വെറുതേ നോക്കുകയല്ല, ആ പ്രതീക്ഷയാണ് അയാളുടെ ജീവിതം. ചിരപരിചിതമായ കാര്യങ്ങളിൽ പുതുതായി എന്തെങ്കിലും കണ്ടെത്താനുള്ള പ്രതീക്ഷതന്നെയാണ് ക്രസ്നഹോർക്കയിയുടെ എഴുത്തിൽ നിരാശകളെ അതിലംഘിച്ചുകൊണ്ട് പ്രകടമാകുന്നത്.

ക്രാസ്നഹോർക്കയിയുടെ കൃതികൾ മനുഷ്യമനസ്സിന്റെ ഇരുണ്ട, വിഷാദംനിറഞ്ഞ ലോകങ്ങളുടെ ചിത്രീകരണങ്ങളാണ്. ‘ഹേമന്തത്തിലെ ദയാഹീനമായ മഴകൾ’ അതിൽ ഉറഞ്ഞുകൂടി നിൽക്കുന്നു. സാഹിത്യത്തിലെ ആധുനികതയുടെ വക്താക്കളിൽ പ്രധാനിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ എഴുത്തുകൾ കഥനത്തെക്കാൾ കഥയില്ലായ്മകളുടെ അനന്തവൈചിത്ര്യം നമുക്ക്‌ കാണിച്ചുതരുന്നു. കാരണം, ആ കഥയില്ലായ്മകൾ ഓരോന്നും ഓരോ സമുദ്രമാണ്. നമ്മുടെ ഓരോരുത്തരുടെയും മനസ്സിന്റെ അടിത്തട്ടിലെ കാറും കോളും നിറഞ്ഞ അശാന്തസമുദ്രങ്ങൾ. A Drop of Water എന്ന കഥയിൽ ഇത് നമുക്ക് അനുഭവിക്കാൻ കഴിയുന്നുണ്ട്.

വാരാണസിയിലാണ് കഥ നടക്കുന്നത്. ശ്മശാനങ്ങളുടെയും ക്ഷേത്രങ്ങളുടെയും ആ നഗരത്തിലൂടെ ചുറ്റിത്തിരിയുന്ന ഒരു യൂറോപ്യൻ സഞ്ചാരി കാണുന്ന കാഴ്ചകൾ ഒരുതരം ഡോക്യുമെന്ററി സ്വഭാവത്തോടെ ചിത്രീകരിക്കുകയാണിവിടെ. ഒറ്റക്കൈയിൽ തലകീഴായിനിന്ന് ഭിക്ഷയാചിക്കുന്ന ഒരുവനിൽനിന്നാണ് കഥ തുടങ്ങുന്നത്. ആരും അയാളെ ശ്രദ്ധിക്കുന്നതുപോലുമില്ല. അയാളുടെ ഇടതുകൈ ആംഗ്യങ്ങൾ കാണിക്കുന്നു. സമീപത്തുള്ള ഒരു ടേപ്പ് റെക്കോഡറിൽനിന്ന് ബാബ സെഹ്ഗാളിന്റെ മേംസാബ് ഓ മേംസാബ് എന്ന പാട്ടുയരുന്നു. മനുഷ്യരുടെ ആ സമുദ്രത്തിൽ അയാൾ-മറ്റുള്ളവരെപ്പോലെ-ഒറ്റപ്പെട്ടുപോകുന്നു. കാവിവസ്ത്രം ധരിച്ച ഒരു സ്ത്രീ അരയാൽവൃക്ഷത്തെ വലം വെച്ചുകൊണ്ടിരിക്കുന്നു. മാലിന്യക്കൂമ്പാരങ്ങൾ, ശവഘോഷയാത്രകൾ... ക്രാസ്നഹോർക്കയി വി.എസ്. നയ്‌പ്പാളിനെപ്പോലെ, ഇന്ത്യയുടെ വൈകൃതങ്ങൾമാത്രം കാണുകയാണെന്നുകരുതിയാൽ തെറ്റി. മനുഷ്യരാശിയുടെ മുഴുവൻ അന്തസ്സത്തയെയാണ് തൻറേതായ ഇരുണ്ട വെളിച്ചത്തിൽ ക്രാസ്നഹോർക്കയി കാണിച്ചുതരുന്നത്. കഥയിലൊരിടത്ത് ഏതാണ്ട് ഭ്രാന്തനായ ഒരു സന്ന്യാസി സഞ്ചാരിയോട് ചോദിക്കുന്നു:

‘‘നിങ്ങൾക്കറിയാമോ ഗംഗയിലെ ഓരോ തുള്ളി ജലവും ഓരോ ക്ഷേത്രമാണെന്ന്?’’

മുപ്പതോളം പുറങ്ങളിൽ ഒരേയൊരു നീണ്ട വാചകമായി രൂപപ്പെട്ടിരിക്കുന്ന ഈ കഥയിലെ ക്ഷേത്രത്തിന്റെയും മാലിന്യത്തിന്റെയും വൈരുധ്യങ്ങൾ അല്ലെങ്കിൽ ഐക്യപ്പെടലുകൾ വിവരണാതീതമാണ്. ഓർമ്മ എന്നത് മറവിയുടെ കലയാണെന്ന് Not on the Heraclitean Pathഎന്ന കഥയിൽ ക്രസ്നഹോർക്കയി പറയുന്നുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ എഴുത്തുകൾ മനുഷ്യരാശിയെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു, ഒരിക്കലും മറക്കാൻ പാടില്ലാത്ത ചിലതിനെ.

ഒറ്റനോട്ടത്തിൽ

ലാസ്ലോ ക്രസ്നഹോർക്കയിയുടെ പ്രേരകവും ദർശനാത്മകവുമായ രചനകൾ സർവനാശത്തെക്കുറിച്ചുള്ള ഭീതിക്കിടയിലും കലയുടെ ശക്തിയെ ആവർത്തിച്ച്‌ ഉറപ്പിക്കുന്നതാണെന്ന് നൊേബൽ പുരസ്കാരനിർണയസമിതി വിലയിരുത്തുന്നു. അതിസങ്കീർണവും പലപ്പോഴും വിഷാദാത്മകവുമായ എഴുത്താണ് അദ്ദേഹത്തിന്റേത്. 1954-ൽ ഹംഗറിയിലെ ഗ്യുലയിലാണ് ക്രസ്നഹോർക്കയി ജനിച്ചത്. ഹംഗറിയിലെ സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ ജോസഫ് അറ്റില പുരസ്കാരം 1983-ൽ അദ്ദേഹത്തിനുലഭിച്ചു. Satantango എന്ന നോവൽ 2015-ലെ മാൻ ബുക്കർ പുരസ്കാരത്തിനും അർഹമായി.The Melancholy of Resistance, War & War, Chasing Homer തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികൾ