കെ. ജയകുമാറിന്റെ വൈവിധ്യമാര്‍ന്നതും സമ്പന്നവുമായ ജീവിതാനുഭവസ്മരണകളാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'സഞ്ചാരത്തിന്റെ സംഗീതം.' പുസ്തകത്തില്‍ നിന്നൊരു ഭാഗം വായിക്കാം...
അങ്ങനെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരത്തിന് നഗരം സജ്ജമായി. സ്റ്റേഡിയത്തിന്റെ നിര്‍മാണം പരിപൂര്‍ണമായില്ലെങ്കിലും പരമാവധി കാണികളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിച്ചു. സ്ത്രീകള്‍ക്ക് പ്രത്യേക ഗാലറി ഒരുക്കിയിരുന്ന കാര്യം ഒരു സുഹൃത്ത് ഈയിടെ വിളിച്ചറിയിച്ചു. വിദേശ ടീമുകള്‍ വന്നെത്തിത്തുടങ്ങി. നഗരം അതിന്റെ ഉജ്ജ്വലമായ ആതിഥേയമര്യാദയുടെ കമ്പളം വിരിച്ച് കളിക്കാരെ വരവേറ്റു. ആ പരിമളപ്രചുരിമയില്‍ പഞ്ചനക്ഷത്രത്തിന്റെ കുറവൊക്കെ വിദേശകളിക്കാര്‍ മറന്നു. പരമാവധി സൗകര്യങ്ങളൊരുക്കാന്‍ ഹോട്ടലുടമകളും കമ്മിറ്റിക്കാരും അഹോരാത്രം പണിയെടുത്തു. റോഡുകള്‍ക്കു പുതിയ മുഖം, നഗരത്തിനു പുതിയ ഭാവം. ജനങ്ങള്‍ക്ക് അഭൂതപൂര്‍വമായ ഉത്സാഹം. നഗരത്തില്‍ ഉത്സവരാവുകള്‍ വിരുന്നുവന്നു. പുതിയ വിളക്കുകള്‍ കണ്ണുതുറന്നു. വര്‍ണോജ്ജ്വലമായ ഉദ്ഘാടനച്ചടങ്ങ് ഓര്‍മയില്‍ തങ്ങുംവിധം വ്യത്യസ്തമായി. കളി തുടങ്ങുംമുമ്പേ നഗരത്തിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി. സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. ഈയിടെ അന്തരിച്ച ഓട്ടോചന്ദ്രന്റെ നേതൃത്വത്തില്‍ ഗാലറിയില്‍ പലപല ഉത്സാഹപരിപാടികള്‍ അരങ്ങേറി.
കോഴിക്കോട്ടുനിന്നുള്ള ഫുട്‌ബോള്‍ മത്സരം ആദ്യമായി ദൂരദര്‍ശനില്‍ തത്സമയം സംപ്രേഷണം ചെയ്യപ്പെട്ടു. മുഖ്യമന്ത്രി കരുണാകരന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഞാന്‍ അദ്ദേഹത്തിനു നല്‍കിയ വാക്ക് നല്ലൊരളവില്‍ പാലിക്കാനായി. അദ്ദേഹത്തിനത് ബോധ്യപ്പെടുകയും ചെയ്തു. കോഴിക്കോട്ടുകാരുടെ മുഖത്ത് ആനന്ദത്തിന്റെയും അഭിമാനത്തിന്റെയും തിളക്കമുണ്ടായിരുന്നു. എന്നാല്‍, ഈ അദ്ഭുതം കാഴ്ചവെക്കാനായത് എന്റെ മിടുക്കല്ല. ഒരാശയം എന്നിലുദിച്ചെങ്കിലും അത് പ്രാവര്‍ത്തികമാക്കാന്‍ അനേകം പേരുടെ അധ്വാനവും ത്യാഗശീലവും നേതൃഗുണവും വേണ്ടിവന്നു. അങ്ങനെയുള്ള ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും നടത്തിയ സമര്‍പ്പണമനോഭാവത്താല്‍ അനുഗൃഹീതമായ അധ്വാനമാണ് ആ നഗരവസന്തത്തെ തുയിലുണര്‍ത്തിയത്. എല്ലാവരുടെയും പേരുകള്‍ ഇവിടെ എഴുതാന്‍ മുതിരുന്നില്ല. എങ്കിലും ജാഗ്രതയോടെ എന്നോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച എ.ഡി.എം. പത്മനാഭന്‍ നമ്പ്യാരെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. ആ ദിവസങ്ങളില്‍ രാത്രി പത്തുമണിയോടെയല്ലാതെ അദ്ദേഹം വീട്ടിലെത്തിയിരുന്നില്ല.
പകലൊക്കെ ഓഫീസ് ജോലിയുണ്ടുതാനും. പത്മനാഭന്‍ നമ്പ്യാര്‍ ഇപ്പോള്‍ ഒപ്പമില്ല. അതുപോലെത്തന്നെ ഗ്രാമവികസനവകുപ്പിലെ ജില്ലാ ഓഫീസറായിരുന്ന എപ്പോഴും ഒപ്പം നിന്ന എടത്തില്‍ ഗംഗാധരന്‍. അക്കൂട്ടത്തില്‍ ജീവിച്ചിരിക്കുന്നവര്‍ ഇന്ന് കുറവ്. സ്വര്‍ഗസ്ഥരായവരും വാര്‍ധക്യത്തിലെത്തിയവരുമായ എല്ലാ സഹപ്രവര്‍ത്തകരെയും നന്ദിപൂര്‍വം ഓര്‍ക്കുന്നു. ഒന്നിച്ചു പ്രവര്‍ത്തിച്ച് ഒരു നഗരത്തെ നവീകരിക്കാന്‍ നമുക്കു സാധിച്ചല്ലോ. 1987ലെ നെഹ്രു ട്രോഫിയുടെ വിജയത്തിന്റെയും നഗരവികസനനേട്ടങ്ങളുടെയും യഥാര്‍ഥശില്പികള്‍ അവരെല്ലാമാണ്. ഒരു കൂട്ടായ്മയുടെ പുഷ്പിക്കലായിരുന്നു ആ നേട്ടങ്ങള്‍. അപൂര്‍വമായി മാത്രം അനുഭവിക്കാന്‍ കഴിയുന്ന ജീവിതസുകൃതം. അതിനി ഒരിക്കലും ആവര്‍ത്തിക്കുകയുമില്ലല്ലോ.

കോഴിക്കോട് കലക്ടറുടെ ഏക ജോലി ഫുട്‌ബോള്‍ നടത്തിക്കല്‍ മാത്രമല്ല. മറ്റനേകം പ്രശ്‌നങ്ങളില്‍ ഇടപെടാതെ തരമില്ല. കലക്ടറോടൊപ്പം കാറില്‍ സഞ്ചരിക്കാന്‍ നിയുക്തനായ പോലീസുകാരനെ വേണ്ട എന്നുവെച്ചതായിരുന്നു എന്റെ ആദ്യത്തെ ഭരണപരിഷ്‌കാരം. സ്വന്തം ജില്ലയില്‍ പോലീസ് സംരക്ഷണത്തോടെയല്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അത് കലക്ടറുടെ പരാജയമായി ഞാന്‍ കരുതി. പിന്നെ ഉമ്മര്‍ എന്ന ഡ്രൈവര്‍ തികച്ചും പ്രാപ്തന്‍. ഒരു പോലീസ് സഹായവും ഉമ്മറിനു വേണ്ട. ഉച്ചതിരിഞ്ഞ് മൂന്നുമുതല്‍ അഞ്ചുവരെയാണ് പൊതുജനങ്ങള്‍ക്കുള്ള സന്ദര്‍ശനസമയം. അതും ഞാന്‍ മാറ്റി. കലക്ടറെ കാണാന്‍ നിശ്ചിതസമയമില്ല. ഞാന്‍ ഓഫീസിലുണ്ടെങ്കില്‍ എപ്പോഴും കാണാം (ഈ നയം സര്‍വീസിന്റെ അവസാനനാള്‍വരെയും തുടര്‍ന്നു). ഫുട്‌ബോളിനുവേണ്ടി സ്റ്റേഡിയവും നഗരവും സജ്ജമാക്കുക എന്നത് തീര്‍ച്ചയായും രസമുള്ള ജോലിയായിരുന്നു, ശ്രമകരമായിരുന്നെങ്കിലും. മറ്റു ഔദ്യോഗികജോലികള്‍ ഇത്രയുംതന്നെ രസപ്രദമല്ല. ചില സംഭവങ്ങള്‍ മാത്രം ഓര്‍ത്തെടുക്കുകയാണ്. പ്രത്യേകിച്ചൊരു ക്രമമില്ലാതെ.
1988 ജൂലായ് എട്ടിനായിരുന്നു നൂറ്റിയഞ്ചു യാത്രക്കാരുടെ ജീവനപഹരിച്ച പെരുമണ്‍ ട്രെയിന്‍ ദുരന്തം. കാരണമെന്തെന്ന് ഇപ്പോഴും പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിക്കാത്ത ആ അപകടത്തില്‍ അഷ്ടമുടിക്കായലില്‍ ആണ്ടുപോയ റെയില്‍വേ ബോഗികള്‍ പൊക്കിയെടുക്കാനായി കോഴിക്കോട് ജില്ലാ കലക്ടറെത്തേടി ദക്ഷിണ റെയില്‍വേയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഫോണ്‍വിളികളെത്തി. ബേപ്പൂരിലെ ഖലാസികളെ എത്രയും പെട്ടെന്ന് പെരുമണ്ണിലെത്തിക്കണം. ഉരുനിര്‍മാണത്തിന്റെ സുദീര്‍ഘപാരമ്പര്യമുള്ള ബേപ്പൂരിലെ ഖലാസികളുടെ അറിവും വിരുതും വായിച്ചറിഞ്ഞിട്ടുണ്ടെന്നല്ലാതെ നേരില്‍ ഞാന്‍ കണ്ടിരുന്നില്ല. പ്രാദേശികമായ അന്വേഷണത്തില്‍ കായല്‍ച്ചെളിയില്‍ പുതഞ്ഞുപോയ കൂറ്റന്‍ വാഗണുകള്‍ പൊക്കിയെടുക്കാന്‍ ഇവര്‍ക്കു സാധിക്കും എന്നറിഞ്ഞു. ബേപ്പൂരിലെ പത്തോളം ഖലാസികളെ അങ്ങനെ വാഹനത്തില്‍ പെരുമണ്ണിലെത്തിച്ചു. റെയില്‍വേയുടെ കരുത്തുറ്റ ക്രെയിനുകള്‍ പരാജയപ്പെട്ടുനിന്നിടത്ത് നൂറ്റാണ്ടുകളുടെ അറിവിന്റെ പാരമ്പര്യംകൊണ്ട് സജ്ജരായ ഖലാസികള്‍ കയറും കപ്പിയും കൊണ്ട് വാഗണുകള്‍ പൊക്കിയെടുത്തത് ചരിത്രം. കോഴിക്കോടിന് അതൊരു അസാധാരണമായ അഭിമാനസന്ദര്‍ഭമായിരുന്നു.
1986 ലെ ഏഷ്യന്‍ ഗെയിംസില്‍ നാലു സ്വര്‍ണമെഡലുകളും ഒരു വെള്ളിമെഡലും നേടിയ പി.ടി. ഉഷയെ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ യഥോചിതം പുരസ്‌കരിക്കാന്‍ തീരുമാനിച്ചു. പയ്യോളിയില്‍ നേരത്തേതന്നെ ഉഷയ്ക്കുവേണ്ടി ഒരു വീടു പണിയുന്നുണ്ടായിരുന്നു. ഞാന്‍ ചാര്‍ജെടുക്കുമ്പോള്‍ പണി പകുതിയെത്തിയിരുന്ന വീട് പൂര്‍ത്തിയാക്കി താക്കോല്‍ ഉഷയ്ക്കു കൈമാറാനും വീടിന് ഉഷസ്സ് എന്നു പേരിടാനും എനിക്ക് അവസരം കിട്ടി. ഇന്നിപ്പോള്‍ പി.ടി. ഉഷ രാജ്യസഭാംഗവും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമാണ്. സ്വന്തമായി കായിക അക്കാദമി നടത്തുകയും ചെയ്യുന്നു. ഇന്ത്യന്‍ കായികനഭസ്സിലെ താരമായി പി.ടി. ഉഷ ഇപ്പോഴും വിളങ്ങിനില്‍ക്കുമ്പോള്‍ 1986ലെ ആ ആഘോഷദിനങ്ങള്‍ സന്തോഷത്തോടെ ഓര്‍ത്തുപോകുന്നെന്നുമാത്രം.

മാതൃഭൂമിയിലെ വി. രാജഗോപാലനായിരുന്നു സ്‌പോര്‍ട്‌സ് വിഷയങ്ങളിലെ എന്റെ അനൗപചാരിക ഉപദേഷ്ടാവ്. നല്ല സുഹൃത്തായിരുന്നു രാജഗോപാല്‍. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അകാലത്തിലെത്തിയ മൃതിക്കു രാജഗോപാല്‍ കീഴടങ്ങിയതിനോട് ഞാന്‍ ഇപ്പോഴും പൊരുത്തപ്പെട്ടിട്ടില്ല. സ്വകാര്യമായി എന്നെ രൂക്ഷമായി വിമര്‍ശിക്കാനും കൃത്യമായ സൂചനകള്‍ നല്‍കാനും എന്റെ ചില മണ്ടന്‍ മുന്‍വിധികള്‍ ധീരമായി തിരുത്തിക്കാനും രാജഗോപാലിന്റെ ആ സ്‌നേഹസ്വാതന്ത്ര്യം എനിക്കു തുണയായി. ഒരു ഓണാഘോഷപരിപാടി നടക്കുകയാണ്, മാനാഞ്ചിറയില്‍. മൈതാനത്തു വലിയ ജനക്കൂട്ടമാണ്. നിരത്തിലും ജനപ്രവാഹം. മാനാഞ്ചിറയില്‍ നടക്കുന്ന ഗാനമേള കേട്ടിരിക്കുകയാണ് ഞാന്‍. വൈദ്യുതി നിലച്ചു. ഓണാഘോഷം നടക്കുമ്പോള്‍ സാധാരണ ഇങ്ങനെ സംഭവിക്കില്ല. മാനാഞ്ചിറയില്‍ മാത്രം ജനറേറ്റര്‍ കരുതിയിരുന്നു.
അഞ്ചുപത്തു മിനിറ്റെടുത്തു ജനറേറ്റര്‍ പ്രവര്‍ത്തിക്കാന്‍. പിറ്റേന്ന് പത്രത്തില്‍ ചില വാര്‍ത്തകള്‍ വന്നു. നഗരം ഇരുട്ടിലായ മുക്കാല്‍ മണിക്കൂറോളം നിരത്തുകളില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടന്നു. ഓണാഘോഷം സംഘടിപ്പിച്ച ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചയായി അത് വ്യാഖ്യാനിക്കപ്പെട്ടു. വൈകുന്നേരം പത്രലേഖകര്‍ കലക്ടറുടെ പ്രതികരണം ആരായാനായി ചുറ്റും കൂടി. 'മാനാഞ്ചിറയില്‍ ജനറേറ്റര്‍ ഉണ്ടായിരുന്നു. അവിടെ ഒരനാശാസ്യവും നടന്നില്ല' എന്ന് ഞാന്‍ തറപ്പിച്ചുപറഞ്ഞു. അപ്പോഴാണ് സൗമ്യപ്രകൃതിയായ ബാലകൃഷ്ണന്‍ എന്ന മാതൃഭൂമി ലേഖകന്റെ ചങ്കില്‍ തറയ്ക്കുന്ന ചോദ്യം, ഒരിക്കലും മറക്കാത്ത ഒരു ചോദ്യം: 'അല്ല സര്‍, താങ്കള്‍ മാനാഞ്ചിറയുടെ മാത്രം കലക്ടറാണോ?' മറുപടിയുണ്ടോ ആ ചോദ്യത്തിന്? മനോരമയിലെ ദാമോദരന്‍, കേരളകൗമുദിയിലെ സജീവന്‍, ഇന്ത്യന്‍ എക്‌സ്പ്രസിലെ മാധവന്‍കുട്ടി, ഫോട്ടോഗ്രാഫര്‍മാരായ നാരായണന്‍, മുസ്തഫ... അങ്ങനെ അനേകം മാധ്യമസുഹൃത്തുക്കളുണ്ടായിരുന്നു അന്ന്. അവരെല്ലാം യഥാകാലം നല്‍കിയ വിവരങ്ങളും പങ്കിട്ട അഭിപ്രായങ്ങളും എനിക്കു നല്‍കിയിട്ടുള്ള വിവരങ്ങളും ഉള്‍ക്കാഴ്ചകളും നിസ്സാരമല്ല.
പി.ടി. ഉഷയ്ക്ക് മാനാഞ്ചിറ മൈതാനത്തുവെച്ച് നല്‍കിയ വിപുലമായ സ്വീകരണത്തില്‍ മുഖ്യമന്ത്രി കരുണാകരന്‍ പങ്കെടുത്തു. അന്ന് സ്വാഗതം പറയാന്‍ മൈക്കിനു മുന്നില്‍ നിന്ന എനിക്ക് ശബ്ദം പുറത്തുവന്നില്ല. കുറച്ചു മാസംമുമ്പേ സംസാരിക്കാന്‍ പ്രയാസമുണ്ടായിരുന്നു. സ്വരനാളിയില്‍ കുരുമുളകുവലിപ്പത്തിലുള്ള ഒരു വളര്‍ച്ച ഡോക്ടര്‍ അശോക് കുമാര്‍ എന്ന ഇ.എന്‍.ടി. സര്‍ജന്‍ നാലഞ്ചു മാസത്തിനുമുമ്പേ കണ്ടതാണ്. അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും ഉപദേശിച്ചതാണ്. വോക്കല്‍ കോര്‍ഡിലെ ഓപ്പറേഷനെക്കുറിച്ചാലോചിച്ചപ്പോള്‍ എനിക്കു വല്ലാത്തൊരാശങ്ക. വല്ല കൈപ്പിഴയും പറ്റിയാല്‍ ശിഷ്ടജീവിതത്തില്‍ ശബ്ദമില്ലാതെ വരില്ലേ? ഞാന്‍ സകല ആയുര്‍വേദ ഹോമിയോ യുനാനി നാടന്‍മരുന്നുകളും പ്രയോഗിച്ചുനോക്കി. ശബ്ദം തഥൈവ. എനിക്കാണെങ്കില്‍ ദിവസവും മീറ്റിങ്ങുകളും പൊതുയോഗങ്ങളും. 'ആയുധം കൈയിലില്ലാത്തോന്‍ അടരാടുന്നതെങ്ങനെ' എന്ന അവസ്ഥ. അപ്പോഴാണ് പി.ടി. ഉഷയുടെ സ്വീകരണം. മുഖ്യമന്ത്രി എന്റെ ശബ്ദവൈകല്യം ശ്രദ്ധിച്ചു.
പോകുംമുമ്പ് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഒരിക്കലും മറക്കാനാവില്ല. 'നിങ്ങളുടെ ശബ്ദം കഴിഞ്ഞ പ്രാവശ്യവും ഞാന്‍ ശ്രദ്ധിച്ചു. ഇന്ന് സംസാരിക്കാനേ സാധിച്ചില്ല. ഒരു ദിവസംപോലും പാഴാക്കാതെ സര്‍ജറി നടത്തണം. ഇവിടെ ചെയ്യാന്‍ മടിയാണെങ്കില്‍ വിദേശത്തു പോയി ചെയ്യൂ. സര്‍ക്കാര്‍ ചെലവു വഹിക്കും. ഇത് വെച്ചുകൊണ്ടിരിക്കരുത്.' ആ കരുതല്‍ എന്നെ അലിയിച്ചുകളഞ്ഞു. അശാസ്ത്രീയ ഭയം മറന്ന് ഞാന്‍ നേരെ ഡോക്ടര്‍ അശോക് കുമാറിന്റെ വീട്ടിലേക്കു ചെന്നു (അഥവാ കീഴടങ്ങി) ഓപ്പറേഷന്‍ ദിവസം നിശ്ചയിച്ചു. അദ്ദേഹം നിശ്ചിതദിവസംകൊണ്ട് ആ കൃത്യം ഭംഗിയായി നിറവേറ്റി. തൊണ്ടയ്ക്കുള്ളിലെ കുരുമുളക് മണി വെട്ടിയെടുത്ത് പരിശോധനയ്ക്കയച്ചു. നിര്‍ദോഷിയാണെന്ന് റിപ്പോര്‍ട്ടും വന്നു. അന്ന് വീണ്ടെടുത്ത ശബ്ദത്തിന്റെ ബലത്തില്‍ ജീവിതം ഇപ്പോഴും മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കുന്നു.
ചില പ്രധാന വ്യക്തികളുടെ മരണവും കോഴിക്കോട് ജീവിതസ്മൃതികളില്‍ ശ്യാമം കലര്‍ത്തിയിരിക്കുന്നു. ജോണ്‍ എബ്രഹാമുമായി അധികമാര്‍ക്കുമറിഞ്ഞുകൂടാത്ത സവിശേഷമായ ഒരു ബന്ധമുണ്ടെനിക്ക്. ജോണ്‍ നാല്പതു ദിവസം മാത്രം നീണ്ട ഒരു വൈവാഹികബന്ധത്തില്‍ പങ്കാളിയായി. ആ പെണ്‍കുട്ടി അസാമാന്യയായ ധിഷണാശാലിയായിരുന്നു; എന്റെ ഒരു മുന്‍കാലസ്‌നേഹിതയും. ഞാന്‍ ഈ ബന്ധത്തെക്കുറിച്ച് അറിയുമ്പോഴേക്കും നാല്പതു ദിവസത്തെ ബാന്ധവം അവസാനിച്ചിരുന്നു. സ്‌നേഹിതയോട് ഞാന്‍ ചോദിച്ചു: 'ഇതെങ്ങനെ സംഭവിച്ചു?' ഇതായിരുന്നു മറുപടി: 'ഞങ്ങള്‍ ഒന്നിച്ചുകഴിഞ്ഞ നാല്പതു ദിവസവും ജോണ്‍ ഒരു മാന്യനായിരുന്നു. സ്‌നേഹമുള്ള പുരുഷനായിരുന്നു.
മദ്യപിച്ചാല്‍ എല്ലാം അവസാനിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. നാല്പത്തിയൊന്നാംദിവസം അയാള്‍ മദ്യപിച്ചുവന്നു. ഞാന്‍ ഇറങ്ങിപ്പോരുകയും ചെയ്തു.' ഒരു ദിവസം വൈകുന്നേരം കോഴിക്കോട് എന്‍.ബി.എസ്. പുസ്തകശാലയുടെ മുന്നില്‍വെച്ച് ജോണിനെ കണ്ടു. 'അവള്‍ എന്നോടെല്ലാം പറഞ്ഞിട്ടുണ്ട്. പഴയ സ്‌നേഹിതയാണല്ലേ?' എന്നു പറഞ്ഞ് സംഭാഷണം ആരംഭിച്ച ജോണിന്റെ കുസൃതിയുള്ള കണ്ണുവെട്ടിച്ച് ഞാന്‍ മുങ്ങിക്കളഞ്ഞു. രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ടെറസ്സിന്റെ മുകളില്‍നിന്നു വീണ് ആ ജീനിയസിന്റെ ജീവിതം അകാലത്തില്‍ പൊലിയുന്നത്. ടൗണ്‍ഹാളില്‍ ശരീരം പൊതുദര്‍ശനത്തിനു വെക്കാനുമെല്ലാം വേണ്ട തീരുമാനങ്ങളെടുക്കാന്‍ എനിക്കു സാധിച്ചു. ആ മരവിച്ചുകിടപ്പിലും ജോണ്‍ എന്നെ നോക്കി ഗൂഢമായി ചിരിക്കുംപോലെ എനിക്കു തോന്നി.

പാര്‍ലമെന്റ് മെമ്പറായിരുന്ന സൗമ്യനായ ഡോ. കെ.ജി. അടിയോടിയുടെ ഹൃദയാഘാതത്താലുള്ള ആകസ്മിക മരണമാണ് മറ്റൊരോര്‍മ്മ. പേരാമ്പ്രയില്‍ ഔദ്യോഗികയാത്ര പോയാല്‍ അദ്ദേഹം അവിടെയുണ്ടെങ്കില്‍ ആ വീട്ടില്‍ പോകാതിരിക്കില്ല ഞാന്‍. ധന്യത പകരുന്ന സാന്നിധ്യമായിരുന്നു ഡോ. അടിയോടിയുടേത്. അദ്ദേഹത്തിന്റെ മരണം മറക്കാതിരിക്കാന്‍ മറ്റൊരു കാരണവുമുണ്ട്. ലോക്‌സഭയുടെ കാലാവധി പിന്നെയും രണ്ടു വര്‍ഷമുണ്ടായിരുന്നതുകൊണ്ട് ഇടക്കാലതിരഞ്ഞെടുപ്പുണ്ടാവും. ഡോ. അടിയോടിയുടെ സീറ്റില്‍ മത്സരിക്കാന്‍ ഒരു മുഖ്യധാരാ രാഷ്ട്രീയനേതൃത്വം എന്നോടാവശ്യപ്പെട്ടു. റിട്ടയര്‍ ചെയ്യാന്‍ പിന്നെയും ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ ബാക്കിയുള്ള ഞാന്‍ സ്‌നേഹപൂര്‍വം, നന്ദിപൂര്‍വം ആ ക്ഷണം നിരസിച്ചു. അതെത്ര നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നുമുണ്ട്.
Content Highlights: K. Jayakumar memoir Sancharathinte sangeetham book by Mathrubhumi books
Published: 02 Mar 2024, 09:39 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented