
ഇരുപതുവര്‍ഷത്തെ പെണ്‍ജീവിതം
അത് നന്നായില്ലേ... വളരെ നന്നായി... പല അര്‍ഥത്തിലും അത് വളര്‍ന്നുപന്തലിച്ചു. കഴിയുന്ന എല്ലാ മേഖലകളിലും സ്ത്രീകള്‍ കഴിവുകള്‍ തെളിയിച്ചു. അറിവും കഴിവും സാമ്പത്തികമായ മെച്ചപ്പെടലുകളും സ്ത്രീജീവിതത്തിന്റെ വാതായനങ്ങള്‍ വിശാലമാക്കി. കുറച്ച് സ്ത്രീകളെങ്കിലും ലിംഗമേധാവിത്ത്വത്തില്‍ അടിയുറച്ച പല സമവാക്യങ്ങളെയും ചുണയായി എതിര്‍ക്കുകയും ജീവിതത്തെ സ്വന്തം ഇഷ്ടത്തിന് വ്യാഖ്യാനിക്കുകയും ചെയ്തു.
സ്ത്രീകളില്‍ കുറച്ചുപേരെങ്കിലും വിവിധതരം സമരങ്ങളില്‍, അതും സ്ത്രീജീവിതം കൂടുതല്‍ മെച്ചപ്പെട്ടതാക്കിത്തീര്‍ക്കാനുള്ള നിരന്തര സമരങ്ങളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയെന്നതും അവയില്‍ ചിലതിലെങ്കിലും ചെറിയ വിജയം നേടിയെന്നതും സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.
അരക്ഷിതമായോ
നന്മകളെ ഇങ്ങനെ സാമാന്യമായി പറഞ്ഞുവെക്കുമ്പോഴും സ്ത്രീജീവിതം ഏറെ അരക്ഷിതമായ കാലംകൂടിയാണ് കഴിഞ്ഞുപോയ ഇരുപതു വര്‍ഷങ്ങള്‍. സ്ത്രീകളുടെ സ്വത്തിനും അത് തനിക്ക് മാത്രമായി നേടുന്നതിനുംവേണ്ടി എന്തെല്ലാം തരം കുത്സിതപ്രവൃത്തികള്‍ ആവിഷ്‌കരിക്കാനാവുമോ അതെല്ലാം ഈ കാലയളവില്‍ സംഭവിച്ചിട്ടുണ്ട്. പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലിക്കുന്നതും ക്വട്ടേഷന്‍ നല്‍കി ബലാത്സംഗം ചെയ്യിക്കുന്നതും പിഞ്ചുകുഞ്ഞുങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്നുകളയുന്നതും ദളിതരെയും മുസ്ലിം സ്ത്രീകളെയും തിരഞ്ഞ് ആക്രമിക്കുന്നതും ഈ കാലത്ത് സാധാരണമായി. പെണ്ണുങ്ങള്‍ത്തന്നെ ഒരുമിച്ചുകൂടി മറ്റൊരു പെണ്ണിനെ ലൈംഗികമായി ആക്രമിക്കാന്‍ പുരുഷന്മാരോട് ആവശ്യപ്പെടുന്നത്രയും മാനസികവൈകൃതം മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ പുലര്‍ത്തുന്നതും ഈ കാലം കാണിച്ചുതന്നു.
സ്ത്രീ കൂടുതല്‍ സ്വതന്ത്രയാവുന്നോ, അഭിപ്രായങ്ങള്‍ ധൈര്യപൂര്‍വം പ്രകടിപ്പിക്കുന്നോ, അവകാശങ്ങളെപ്പറ്റി ബോധവതിയാകുന്നോ എന്ന സംശയം ലിംഗമേധാവിത്തലോകത്തെ വിറളിപിടിപ്പിക്കുന്നുണ്ട്. ഒരു തുള്ളി വെളിച്ചംപോലും അകത്തുകയറാത്തവിധം സ്ത്രീകളെയിട്ടടച്ചിരുന്ന സാമൂഹിക ആചാരങ്ങളുടെ കറുത്തപെട്ടി മെല്ലെമെല്ലെ തകരാന്‍ തുടങ്ങുമ്പോഴെല്ലാം ലിംഗമേധാവിത്തവ്യവസ്ഥ അതിന്മേല്‍ കൂടുതല്‍ക്കൂടുതല്‍ ആണികളടിച്ചുറപ്പിക്കാന്‍ പരിശ്രമിക്കും.
പെണ്‍കുട്ടി ജനിക്കുന്നതേ നിര്‍ഭാഗ്യമെന്നതില്‍ തുടങ്ങി സ്ത്രീ നേരത്തേതന്നെ വിവാഹിതയാകണം, സ്ത്രീ പഠിക്കേണ്ടതില്ല, കുടുംബം നോക്കിയാല്‍ മതി, വീട്ടിലിരുന്നാല്‍ മതി അങ്ങനെ ഇന്നും പലരും എടുത്തുപയോഗിക്കുന്ന ഫോസില്‍കാല വാചകങ്ങള്‍ ആ കറുത്തപെട്ടിയിലെ ആണികളാണ്. ഫോസില്‍ വാചകങ്ങള്‍ ഈ ഇരുപതുവര്‍ഷത്തില്‍ വര്‍ധിച്ചുവരുന്നുണ്ട്.
വിവാഹപ്രായം കൂട്ടുന്നകാര്യം പറഞ്ഞാല്‍, ബലാത്സംഗം എന്ന ക്രിമിനല്‍ കുറ്റത്തെപ്പറ്റി പറഞ്ഞാല്‍, തന്നെ അപമാനിച്ചവരെ സ്ത്രീ നേരിടാന്‍ ശ്രമിച്ചാല്‍ ഒക്കെ ഫോസില്‍ വാചകങ്ങളും ഫോസില്‍ മനുഷ്യരും ചടപടേന്ന് രംഗത്തുവരും. എല്ലാ മതങ്ങളും രാഷ്ട്രീയവും കാലം ഉപ്പിലിട്ട പഴമകളായി സ്ത്രീകള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ട സമയംകൂടിയാണിത്.
സ്ത്രീകളില്‍ നന്നേചെറിയ വിഭാഗമാണെങ്കിലും മേധാവിത്ത അനീതികള്‍ക്കെതിരേ ശക്തമായി പ്രതികരിക്കുമെന്നതും ഈ ഇരുപതുവര്‍ഷങ്ങള്‍ നമ്മെ കാണിച്ചുതന്നു. അവര്‍ എത്രമാത്രം നിന്ദിക്കപ്പെടുമെന്നും ഒതുക്കപ്പെടുമെന്നും എന്തെല്ലാം നഷ്ടപ്പെടുത്തേണ്ടിവരുമെന്നും നമ്മള്‍ കാണുന്നുമുണ്ട്. എല്ലാ സമരചരിത്രങ്ങളും അങ്ങനെയാണ്. അനീതികളെ തിരിച്ചറിയുന്നവര്‍ നന്നേ കുറവായിരിക്കും. തിരിച്ചറിഞ്ഞവരില്‍ കുറച്ചുപേരേ അതിനെതിരേ പ്രതികരിക്കൂ. പ്രതികരിക്കുന്നവര്‍തന്നെ ജീവിതകാലം മുഴുവനും അതിനെതിരേ പ്രതികരിക്കണമെന്നില്ല. ആളുകളുടെ എണ്ണം അങ്ങനെ കുറഞ്ഞുവരും..
Content Highlights: Kerala: women and quality of life Echmukutty
Published: 04 Nov 2020, 12:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented