സാഹിത്യകാരന്മാരോട് ഭ്രാന്തിനുതുല്യമായ ആരാധനയുള്ള, ഉന്നത കുടുംബത്തില്‍ പിറന്ന ഒരു പെണ്‍കുട്ടി. പണ്ട് കോളേജില്‍ വെച്ച് പിറകെ നടന്നു ശല്യപ്പെടുത്തിയ സഹപാഠി പിന്നീട് എഴുത്തുകാരനായി തീര്‍ന്നെന്നും അയാള്‍ താന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു നോവലിന്റെ കര്‍ത്താവാണെന്നും കൂടി അറിയുമ്പോള്‍ എഴുത്തിനോടുള്ള  ഇഷ്ടം എഴുത്തുകാരനിലേക്ക്  സംക്രമിക്കുന്നു. താനൊരു 'വികാര ജീവി'യാണെന്ന് സ്വയം പ്രഖ്യാപിച്ച ആ മനുഷ്യന്‍ വെറുമൊരു നീചനും വഞ്ചകനുമാണെന്ന് ഒടുവില്‍ തിരിച്ചറിയുമ്പോള്‍ അവളാകെ തകര്‍ന്നുപോകുകയാണ്.

To advertise here,

1950-കളുടെ ഒടുവില്‍ പി ജെ ആന്റണിയും അഡ്വ. ജെ സി പാത്താടനും ചേര്‍ന്ന് കൊച്ചി ആസ്ഥാനമാക്കി രൂപം കൊടുത്ത പ്രതിഭാ ആര്‍ട്ട്‌സ് ക്ലബ്ബാണ് ആന്റണിയുടെ 'ഇന്‍ക്വിലാബിന്റെ മക്കളും' തോപ്പില്‍ ഭാസിയുടെ 'വിശക്കുന്ന കരിങ്കാലി'യുമൊക്കെ അവതരിപ്പിച്ചത്. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിയന്ത്രണമേറ്റെടുത്ത പ്രതിഭ അന്‍പതുകളുടെ ഒടുവില്‍ കരുനാഗപ്പള്ളിയിലേക്ക് ആസ്ഥാനം മാറ്റി.  പ്രതിഭാ  ആര്‍ട്ട്‌സ് ക്ലബ്ബിനു വേണ്ടി 1958-ല്‍ തോപ്പില്‍ ഭാസി എഴുതിയ മൂലധനം എന്ന നാടകത്തിലെ രണ്ട് ഉപനായികമാരില്‍ ഒരാളായിരുന്നു മാലതിയെന്ന നിഷ്‌ക്കളങ്കയും സ്വപനജീവിയുമായ പെണ്‍കുട്ടി. നാടകത്തിന്റെ സംവിധായകന്‍ കൂടിയായ തോപ്പില്‍ ഭാസി തന്നെ നായകവേഷവും കൈകാര്യം ചെയ്യുന്ന മൂലധനത്തില്‍ നായികയായ ശാരദയുടെ വേഷത്തില്‍ സുധര്‍മ്മയെയും വേറൊരു ഉപനായികയായ നബീസയുടെ റോളില്‍ രാജകുമാരിയെയും നിശ്ചയിച്ചുകഴിഞ്ഞു.  നാടകത്തിലെ  പാട്ടുകളിലേറെയും പാടുന്നത് മാലതിയെന്ന കഥാപാത്രമാണ്.  കെപിഎസിയില്‍ സുലോചന ചെയ്യുന്നതുപോലെ പാടാനും അഭിനയിക്കാനും ഒരുപോലെ കഴിവു പ്രകടിപ്പിക്കുന്ന ഒരു പെണ്‍കുട്ടിയെ അന്വേഷിച്ച് ഭാസിയും കേശവന്‍ പോറ്റിയും സമിതിയുടെ സെക്രട്ടറിയും നടനുമായ സിഎം ശങ്കരാടിയും കൂടി ഒരുപാടലഞ്ഞു. ഒടുവില്‍ അഭിനയിക്കാന്‍ മാത്രം അറിയുന്ന ഒരാളെ കിട്ടി.  ഇനി പാട്ടുകാരിയെ വേണം. തിരുവല്ലയ്ക്ക് അടുത്തൊരിടത്ത് താമസിക്കുന്ന ടി സി പൊന്നമ്മ എന്നൊരു പെണ്‍കുട്ടി നന്നായി പാട്ടുപാടുമെന്നറിഞ്ഞ് അങ്ങോട്ടേക്ക് പോയി. കവിയൂര്‍ എന്‍ എസ് എസ് ഹൈസ്‌കൂളില്‍ സെക്കന്റ് ഫോമില്‍ (ഇന്നത്തെ ഏഴാം ക്ലാസ്) പഠിക്കുന്ന അവളുടെ സ്വപ്നം എം എസ് സുബ്ബലക്ഷ്മിയെപ്പോലെ വലിയൊരു പാട്ടുകാരിയാകണമെന്നാണ്. ഭാസിക്കും പോറ്റി സാറിനും ശങ്കരാടിയ്ക്കും അവളുടെ പാട്ടും പ്രകൃതവുമൊക്കെ ഇഷ്ടമായി. പക്ഷേ, നാടകത്തിന്റെ സംഗീത സംവിധായകനായ പരവൂര്‍ ജി ദേവരാജന്‍ കൂടി കേട്ട് ഇഷ്ടപ്പെട്ടാല്‍ മാത്രമേ അവസാന തീരുമാനമെടുക്കാന്‍ പറ്റൂ. പൊന്നമ്മയെ ക്യാമ്പില്‍ കൊണ്ടുവന്ന് പാടിച്ചു കേട്ടപ്പോള്‍, ഒരു കടും പിടുത്തക്കാരനായി പൊതുവെ അറിയപ്പെടുന്ന ദേവരാജനും നന്നായി ബോധിച്ചു. ദേവരാജന് അവളെ നേരത്തെ അറിയാമായിരുന്നു. ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെയന്ന് തിരുവനന്തപുരത്തെ പാളയത്ത് രാഷ്ട്രപതിയുടെ മുന്നില്‍ പാടാനണിനിരന്ന നവയുഗ ഗായകരുടെ കൂട്ടത്തില്‍ ഈ കൗമാര പ്രായക്കാരിയുമുണ്ടായിരുന്നു. ദേവരാജന്റെ കരചലനങ്ങള്‍ക്കനുസരിച്ച് അന്നവര്‍ എല്ലാവരും ചേര്‍ന്ന് ഒരേ സ്വരത്തില്‍ പാടി: 
'ബലി കുടീരങ്ങളെ...'

നാടകത്തിന്റെ റിഹേഴ്‌സല്‍ പുരോഗമിക്കുന്ന വേളയിലാണ് ഭാസിക്ക് പുതിയൊരാശയം തോന്നിയത്. പുതിയ പാട്ടുകാരിയെ കൊണ്ടുതന്നെ മാലതിയുടെ വേഷവും കെട്ടിച്ചാലോ? കാഴ്ചയില്‍ ശരിക്കുള്ളതിനേക്കാള്‍ പ്രായം തോന്നിക്കുന്ന പതിനാലു വയസ്സുകാരി ദാവണിക്കു പകരം സാരിയുടുത്തുവന്നപ്പോള്‍ മാലതിയുടെ രൂപഭാവങ്ങളുമായി നല്ല ചേര്‍ച്ച. ആദ്യമൊന്ന് വിരണ്ടെങ്കിലും സംവിധായകനും ഒപ്പമഭിനയിക്കുന്നവരുമൊക്കെ ധൈര്യം കൊടുത്തപ്പോള്‍ ഒന്നു ശ്രമിച്ചു നോക്കാമെന്നായി. 

  നാടകത്തിലെ വില്ലന്‍ കഥാപാത്രമായ 'വികാരജീവി' മധുവിനെ ആരാധന മൂത്ത് പ്രണയിക്കുകയാണ് മാലതി. പ്രേമമെന്നാല്‍ എന്താണെന്നും എങ്ങിനെയാണ് പ്രേമിക്കേണ്ടതെന്നുമൊന്നും വശമില്ലാതിരുന്ന പൊന്നമ്മ, തോപ്പില്‍ ഭാസി പറഞ്ഞുകൊടുത്തതുപോലെയൊക്കെ ഭാവചലനങ്ങള്‍ പ്രകടിപ്പിക്കാന്‍ ശ്രമിച്ചു. റിഹേഴ്‌സല്‍ കുറച്ചങ്ങോട്ട് കഴിഞ്ഞപ്പോഴേക്കും മധുവിന്റെ വേഷമിട്ട അഡ്വ.ഗോപാലകൃഷ്ണന്‍ നായരോടൊപ്പം, ശരിക്കും അനുരാഗതരളിതയായ ഒരു യുവതിയെ പോലെ വളരെ സ്വാഭാവികതയോടെ പൊന്നമ്മ പ്രണയരംഗം അഭിനയിക്കാന്‍ തുടങ്ങി. മകള്‍ ഒരു കാമുകിയായി പെര്‍ഫോം ചെയ്യുന്നത് കണ്ടിരിക്കാനാകാതെ പിതാവ് ദാമോദരന്‍ റിഹേഴ്‌സല്‍ റൂമില്‍ നിന്നും പുറത്തേക്ക് പോയ്ക്കളഞ്ഞു. എന്നാല്‍, ആ കൗമാര പ്രായക്കാരിയുടെ മുഖത്ത് ലജ്ജയും പ്രണയവും ദേഷ്യവും സങ്കടവുമൊക്കെ സന്ദര്‍ഭാനുസരണം മാറി മാറി വിരിയുന്നതു കണ്ട് തോപ്പില്‍ ഭാസിയിലെ നാടകകൃത്തിനും സംവിധായകനും പൂര്‍ണതൃപ്തിയായി. ഭാസി തന്നെയാണ് പൊന്നമ്മയുടെ മുഖത്ത് ആദ്യമായി മേക്കപ്പിട്ടുകൊടുത്ത് അരങ്ങിലേക്ക് പറഞ്ഞയച്ചത്.

1958 ഒക്ടോബര്‍ രണ്ടാം തീയതി കായംകുളത്ത് വെച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി എംഎന്‍ ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്ത മൂലധനം അരങ്ങത്ത് അസാമാന്യ വിജയമായിരുന്നു. ഭാസി, സുധര്‍മ്മ, ശങ്കരാടി, മണവാളന്‍ ജോസഫ്, രാജകുമാരി, ഏബ്രഹാം, ഗോപാലകൃഷ്ണന്‍ നായര്‍ എന്നീ പരിചയസമ്പന്നരായ അഭിനേതാക്കളും മാസ്റ്റര്‍ പ്രിന്‍സ്, ബേബി രാധാമണി എന്ന രണ്ട് കുട്ടികളും ഗംഭീരപ്രകടനം കാഴ്ചവച്ച നാടകത്തില്‍, പുതുമുഖമായ പൊന്നമ്മ അവരോടെല്ലാം ഒപ്പത്തിനൊപ്പം പിടിച്ചു നില്‍ക്കുക തന്നെ ചെയ്തു.

ഓഎന്‍വി കുറുപ്പ് എഴുതി ദേവരാജന്‍ സംഗീതം പകര്‍ന്ന അതിമനോഹര ഗാനങ്ങള്‍ ഒരു തുടക്കക്കാരിയുടെ വെപ്രാളവും പതര്‍ച്ചയുമൊന്നും പ്രകടിപ്പിക്കാതെ തന്നെ പൊന്നമ്മ രംഗത്ത് പാടിയഭിനയിച്ചു.

'വാര്‍മഴവില്ലിന്റെ മാല കോര്‍ത്തു
കാര്‍മുകില്‍പ്പെണ്ണിനിന്നാരു തന്നു?'

'സല്‍ക്കലാ കന്യകേ...
കാല്‍ച്ചിലമ്പൊലി തൂവുകെന്‍ നെഞ്ചില്‍ നീ 
കാളിദാസന്റെ കാവ്യകുമാരികേ '

'ഓണപ്പൂ വിളിയില്‍, ഊഞ്ഞാല്‍ പാട്ടുകളില്‍,
ഓടം തുഴയൂ നീ ഓണപ്പൂത്തുമ്പീ 
ആവണി വെട്ടത്തിലാറാടി
തേന്‍ കുടം ചൂടിയ പൂ തേടി 
പാറിപ്പോകും മലര്‍ത്തുമ്പി 
പാട്ടൊന്നു പാടാമോ?'

ഇതിനുപുറമെ എം കെ സുകുമാരന്റെ നേതൃത്വത്തില്‍ പാടിയ അവതരണ ഗാനവും

'വസന്ത ഗായകരേ, നവയുഗ
 വസന്ത ഗായകരേ 
വസന്തമെത്തിയ കാവുകളില്‍
ഹൃദന്തവീണകള്‍ മീട്ടുന്നോരേ....'

അടുത്ത രണ്ടു വര്‍ഷക്കാലം കേരളത്തിനകത്തും പുറത്തുമുള്ള നിരവധി വേദികളില്‍' മൂലധനം' തകര്‍ത്തു മുന്നേറുമ്പോള്‍ ടിസി പൊന്നമ്മ എന്ന പെണ്‍കുട്ടി തന്റെ സ്വന്തം നാട്ടുകാര്‍ക്ക് അഭിമാനം പകര്‍ന്നുകൊണ്ട് പുതിയൊരു പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയിരുന്നു- കവിയൂര്‍ പൊന്നമ്മ.

1960-കളുടെ തുടക്കത്തില്‍ മൂലധനം നാടകത്തിന്റെ അവതരണം അവസാനിച്ചപ്പോള്‍ കുറച്ചുനാള്‍ ചങ്ങനാശ്ശേരി ഗീഥാ ആര്‍ട്ട്സ് ക്ലബിന്റെ 'ഒട്ടകവും സൂചിക്കുഴയും' എന്ന നാടകത്തില്‍ പൊന്നമ്മ അഭിനയിച്ചു. കത്തോലിക്കാ സമുദായത്തിലെ ചില ദുഷ്പ്രവണതകളെ തുറന്നുകാട്ടിയതിന്റെ പേരില്‍ മുട്ടത്തു വര്‍ക്കിയെഴുതിയ നാടകത്തിന്റെ അവതരണത്തിന് പള്ളിയുടെയും അല്‍മേയക്കാരില്‍ ഒരു വിഭാഗത്തിന്റെയും ഭാഗത്തുനിന്നു പല എതിര്‍പ്പുകളും നേരിടേണ്ടിവന്നു. സമിതിയുടെ ഉടമ കൂടിയായ ചാച്ചപ്പന്‍, മാനുവല്‍, ഡൊമിനിക് ആലുംമൂട് തുടങ്ങിയവരായിരുന്നു നാടകത്തിലെ പ്രധാന അഭിനേതാക്കളില്‍ ചിലര്‍. ചാച്ചപ്പന്‍ അവതരിപ്പിച്ച തുമ്പേല്‍ കുഞ്ഞുവറീച്ചന്‍ മുതലാളി എന്ന ദുഷ്ടനായ മുതലാളിയുടെ വിധവയായ മരുമകളുടെ വേഷമായിരുന്നു പൊന്നമ്മക്ക്. അമ്മായിയപ്പന്റെ കാമക്കണ്ണുകള്‍ ഒടുവില്‍ അവളുടെ നേര്‍ക്ക് നീളുകയാണ്...

'ഒട്ടകവും സൂചിക്കുഴയും 'അഭിനയിച്ചു കഴിഞ്ഞ് പൊന്നമ്മ ഗീഥാ വിട്ടുപോന്നപ്പോള്‍ അടുത്ത നാടകമായ 'ബലി'യില്‍ അഭിനയിക്കാനെത്തിയത് ലളിത എന്നു വിളിപ്പേരുള്ള ചങ്ങനാശ്ശേരിക്കാരി ഒരു മഹേശ്വരിയമ്മയാണ്.

കെപിഎസിയിലെ നായികയും ഗായികയുമായ സുലോചന സിനിമയിലഭിനയിക്കാനും പാട്ടുകളുടെ റിക്കാഡിംഗിനുമൊക്കെ വേണ്ടി മദ്രാസില്‍ പോകുമ്പോഴെല്ലാം പകരക്കാരിയായി വിളിക്കാറുണ്ടായിരുന്നത് പൊന്നമ്മയെയാണ്.' പുതിയ ആകാശം പുതിയ ഭൂമി' എന്ന നാടകത്തില്‍ ഒ. മാധവന്‍ വേഷമിട്ട സുകുമാരന്റെ ഭാര്യ ഉഷയായിട്ടാണ് പൊന്നമ്മ കെ പി എ സിയിലഭിനയിച്ചത്. കെപിഎസിയുടെ ആ ഒരൊറ്റ നാടകത്തില്‍ മാത്രമേ പൊന്നമ്മ വേഷമിട്ടിട്ടുള്ളൂ.

 'ചാഞ്ചാടുണ്ണീ ചെരിഞ്ഞാടുണ്ണീ'
കുഴഞ്ഞാടുണ്ണീ നിന്നാടാട്
പാലടയുണ്ട് പഴം നുറുക്കുണ്ട് 
പാല്‍പ്പായസമുണ്ട് നീയാടാട് '

'മനസ്സില്‍ വിരിയും താമര മലരില്‍ 
ഉഷസ്സു പോലെ നീയുണരില്ലേ'
മണിച്ചിലങ്കയുമായ് കാലില്‍
മണിച്ചിലങ്കയുമായ് '

 'ഒരിടത്തൊരിടത്തൊരു രാജ്യത്തെ രാജകുമാരീ 
ഒരു മുത്തശ്ശിക്കഥയുടെ മഞ്ചലിലേറി വരൂ നീ'

തുടങ്ങി സുലോചന പാടി ഹിറ്റാക്കിയ പാട്ടുകളാണ് പൊന്നമ്മയ്ക്ക് രംഗത്ത് പാടിയഭിനയിക്കാനുണ്ടായിരുന്നത്.

'ചാഞ്ചാടുണ്ണി' എന്ന പാട്ട് പഠിപ്പിച്ചുകൊടുക്കുമ്പോഴൊക്കെ 'ടുണ്ണീ' എന്നാണ് പൊന്നമ്മ പാടുന്നതെന്ന് പറഞ്ഞ് ദേവരാജന്‍ കളിയാക്കാറുണ്ടായിരുന്നതായി അന്ന് കെപിഎസിയില്‍ ഒപ്പമഭിനയിച്ചിരുന്ന ബിയാട്രീസ് പറഞ്ഞു കേട്ടിട്ടുണ്ട്. ഡയലോഗ് മനഃപാഠമാക്കുന്നതില്‍ അല്പം പിറകോട്ടായിരുന്ന പൊന്നമ്മക്ക് പ്രോംപ്ട് ചെയ്തുകൊടുക്കാന്‍ വേണ്ടി സെറ്റിന്റെ ഇടയിലായിട്ടൊക്കെ ഒളിച്ചു നിന്നതിന്റെ ഓര്‍മ്മകള്‍ കെപിഎസി ലീലയും ഒരിക്കല്‍ പങ്കുവെച്ചു. എങ്കിലും സുലോചന അനശ്വരമാക്കിയ ഉഷയ്ക്ക് ഒരു കോട്ടവും തട്ടാതെ തന്നെ പൊന്നമ്മ അരങ്ങത്ത് അവതരിപ്പിച്ചു. സുലോചനയുടെ സവിശേഷമായ ആലാപനശൈലിയില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന തന്റേതായ സ്വന്തം രീതിയില്‍ ആ പാട്ടുകളും മനോഹരമായി പാടി.

ഒരിക്കല്‍ സുലോചന 'അരപ്പവന്‍ 'എന്ന സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മദ്രാസില്‍ പോയപ്പോള്‍ പതിവുപോലെ പൊന്നമ്മയെ കെ പി എ സിയില്‍ നിന്നും വിളിച്ചു. കട്ടപ്പനയിലായിരുന്നു അന്ന് നാടകം. കെ പി എ സി സംഘത്തില്‍ സുലോചനയെ കാണാതിരുന്നപ്പോള്‍ അവിടുത്തുകാര്‍ പ്രശ്‌നമുണ്ടാക്കി. സുലോചനയില്ലാതെ നാടകം കളിക്കാന്‍ അവര്‍ സമ്മതിച്ചില്ല. അന്ന് വലിയ താരപരിവേഷമുണ്ടായിരുന്ന സുലോചനയോട് ആളുകള്‍ക്കുണ്ടായിരുന്ന കടുത്ത ആരാധനയായിരുന്നു അതിന്റെ കാരണം. 

അതിന് കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍വെച്ച് നാടകം നടക്കുമ്പോള്‍, ഒ. മാധവന്റെയും വിജയകുമാരിയുടെയും സമ്പാദ്യങ്ങളെല്ലാമടങ്ങുന്ന പെട്ടി മോഷണം പോയിരുന്നു. അവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യാന്‍ വേണ്ടി കൊല്ലത്തു വെച്ച് 'മുടിയനായ പുത്രന്‍' അവതരിപ്പിക്കാന്‍ തീരുമാനിച്ചു. അപ്രതീക്ഷിതമായി സുലോചനയ്ക്കപ്പോള്‍ പാട്ടുകളുടെ റിക്കാർഡിംഗിനായി മദ്രാസില്‍ പോകേണ്ടിവന്നു. പകരം പൊന്നമ്മയെയാണ് ചെല്ലമ്മയുടെ  വേഷം ചെയ്യാന്‍ വിളിച്ചത്. സുലോചനയുടെ മാസ്റ്റര്‍പീസ് വേഷമായിരുന്ന ആ പുലയപ്പെണ്‍കൊടിയെ അവതരിപ്പിക്കാന്‍ അന്ന് കഷ്ടിച്ച് പതിനേഴു വയസ്സ് മാത്രം പ്രായമുള്ള പൊന്നമ്മക്ക് തീരെ ആത്മവിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ട് 'മുടിയനായ പുത്രന് 'പകരം 'പുതിയ ആകാശം പുതിയ ഭൂമി'യാണ് അന്നു കൊല്ലത്ത് കളിച്ചത്. 'മുടിയനായ പുത്രന്‍' കാണാനുള്ള ആവേശവുമായി നാടകത്തിനായി കാത്തിരുന്ന കൊല്ലത്തുകാര്‍ പുതിയ ആകാശം കാണാന്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചില്ല. നാടകം അതുകൊണ്ട് പൊളിഞ്ഞുപോയി. ഒ. മാധവനും വിജയകുമാരിയും കെപിഎസിയില്‍ നിന്നും പിരിഞ്ഞു പോകുന്നതിലേക്കാണ് ആ സംഭവം വഴി തെളിച്ചത്. പിന്നീട് ദേവരാജനും ഒ.എന്‍വി യുമായി കൂട്ടുചേര്‍ന്ന് ഒ. മാധവന്‍ കാളിദാസ കലാകേന്ദ്രം എന്ന പുതിയ സമിതി രൂപീകരിക്കുന്നതില്‍ അങ്ങനെ കവിയൂര്‍ പൊന്നമ്മയും താനറിഞ്ഞുകൊണ്ടല്ലെങ്കിലും ചെറിയൊരു പങ്കുവഹിച്ചിട്ടുണ്ട്.

കാളിദാസ കലാകേന്ദ്രത്തിന്റെ ആദ്യ നാടകമായി വൈക്കം ചന്ദ്രശേഖരന്‍ നായരെഴുതിയ 'ഡോക്ടര്‍' അവതരിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ദേവരാജന്റെയും ഒ. മാധവന്റെയും മനസ്സില്‍ ആദ്യമോടിയെത്തിയ പേരുകളിലൊന്ന് കവിയൂര്‍ പൊന്നമ്മയുടേതാണ്. നായികാ പ്രാധാന്യമുള്ള  ഡോ.ജയശ്രീയുടെ വേഷത്തിലേക്ക് അങ്ങനെ പൊന്നമ്മയെ നിശ്ചയിച്ചു. റിഹേഴ്സലിനു വേണ്ടി കൊല്ലത്തെ കാളിദാസ കലാകേന്ദ്രത്തിന്റെ ക്യാമ്പിലെത്തിയപ്പോഴാണറിയുന്നത് നായികയും നര്‍ത്തകിയുമായ സീതയുടെ വേഷത്തില്‍ അഭിനയിക്കുന്നത് പഴയ കളിക്കൂട്ടുകാരിയായ പെരുന്ന ലീലാമണിയാണ്. പണ്ട് പൊന്നമ്മയുടെ ചെറിയ പ്രായത്തില്‍ ചങ്ങനാശ്ശേരിയില്‍ താമസിച്ചിരുന്നകാലത്ത് നൃത്തവും സംഗീതവും പഠിക്കാന്‍ പോയിരുന്നത് അവര്‍ രണ്ടുപേരും ഒരുമിച്ചായിരുന്നു. പിന്നീട് പൊന്നമ്മയും കുടുംബവും കവിയൂരിലേക്ക് പോന്നു. നൃത്തപഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ലീലാമണി കൊല്ലത്ത് കലാമണ്ഡലം ഗംഗാധരന്റെ ഡാന്‍സ് ട്രൂപ്പില്‍ ചേര്‍ന്നു. പൂതനാ മോക്ഷം ഏകാഭിനയമായി അവതരിപ്പിച്ചു പേരെടുത്ത ലീലാമണി ആദ്യമായിട്ടാണ് നാടകത്തില്‍ അഭിനയിക്കുന്നത്. നാടകത്തില്‍ പൊന്നമ്മ പാടുന്ന പാട്ടിനനുസൃതമായി നൃത്തം ചെയ്തുകൊണ്ടാണ് ലീലാമണിയുടെ രംഗപ്രവേശം തന്നെ. രണ്ടാള്‍ക്കും ഇതിനേക്കാള്‍ സന്തോഷമാകാനില്ല.

 ദുഷ്ടതയുടെയും സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെയും മൂര്‍ത്തിമത് ഭാവമായ സീനിയര്‍ ഡോക്ടറുടെ (ഒ.മാധവന്‍) നല്ലവളായ പുത്രി. അച്ഛന്റെ തിന്മകളോട്  പ്രതിഷേധമുള്ള, രോഗിയായ ജ്യേഷ്ഠനെ (വൈക്കം സുകുമാരന്‍ നായര്‍) പ്രാണനുതുല്യം സ്‌നേഹിക്കുന്ന, പാവപ്പെട്ടവരോട് കരുണയുള്ള ജയശ്രീ, അച്ഛന്‍ ശത്രുവായി കരുതുന്ന ഡോ.ജെയിംസിനെയാണ് (ടികെ ജോണ്‍) പ്രണയിക്കുന്നത്. നാടകരംഗത്തെ സാര്‍വ്വഭൗമനായ പികെ വിക്രമന്‍ നായരാണ് ഡോക്ടര്‍ സംവിധാനം ചെയ്തത്.

placeholder
വൈക്കം സുകുമാരൻ നായർ, പെരുന്ന ലീലാമണി എന്നിവരോടൊപ്പം കവിയൂര്‍ പൊന്നമ്മ

ഒ.എന്‍.വിയും ദേവരാജനും ചേര്‍ന്നൊരുക്കി കെ ഇ ശ്രീധരനും കവിയൂര്‍ പൊന്നമ്മയും കൊച്ചിന്‍ അമ്മിണിയുമെല്ലാം ചേര്‍ന്ന് സി.ഒ ആന്റോയുടെ നേതൃത്വത്തില്‍ പാടിയ അഭിവാദന ഗാനം പുതിയ നാടക സമിതിയുടെ വരവ് ആഘോഷത്തോടെ വിളിച്ചറിയിച്ചു .

 'വരിക ഗന്ധര്‍വ ഗായകാ വീണ്ടും 
വരിക, കാതോര്‍ത്തു നില്‍ക്കുന്നു കാലം
തരിക മാനവാത്മാവിന്റെ ശോക 
മധുരനാദ മലര്‍ മഞ്ജരികള്‍'

പുതിയ നാടകത്തിലെ ഗാനങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നെങ്കിലും പൊന്നമ്മ രംഗത്ത് പാടിയഭിനയിച്ച ഒരു പാട്ട് കൂട്ടത്തില്‍ വേറിട്ടുനില്‍ക്കുന്നു.

'പൂക്കാരാ പൂക്കാരാ 
കൈക്കുമ്പിളില്‍ നിന്നൊരു പൂ തരുമോ?
പൂക്കാരാ പൂ തരുമോ?'

പാട്ട് മാത്രമല്ല പൊന്നമ്മയുടെ അഭിനയവും ആസ്വാദകരുടെ കയ്യടി നേടി. ജനയുഗത്തില്‍  കെ ബാലകൃഷ്ണന്‍ എഴുതി.

'സമീപകാലത്ത് ഞാന്‍ സ്റ്റേജില്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും ശാലീനമായ സൗന്ദര്യം തുളുമ്പുന്ന മുഖമാണ് പൊന്നമ്മയുടേത് '

 പൊന്നമ്മ ആലപിച്ച 

'കാവ്യ ദേവതേ ഇതിലേ! ഇതിലേ!
മുത്തണിച്ചിലമ്പണിഞ്ഞു
പൂത്താലമേന്തി വന്നു 
നൃത്തമാടൂ കാവ്യദേവതേ' എന്ന പാട്ടിനും 

കെ ഇ ശ്രീധരന്‍ പാടിയ 

'വെണ്ണിലാച്ചോലയിലെ വെണ്ണക്കല്‍പ്പടവിങ്കല്‍
 മണ്‍ കുടമേന്തി ഒരു പെണ്ണു വന്നു' 

എന്ന പാട്ടിനും അനുസരിച്ച്  പെരുന്ന ലീലാമണി ചെയ്യുന്ന നൃത്തമായിരുന്നു നാടകത്തിന്റെ മറെറാരു ഹൈലൈറ്റ്. 'ഡോക്ടര്‍' നാടകത്തിന്റെ വിജയത്തോടെ കാളിദാസകലാകേന്ദ്രം എന്ന പുതിയ സമിതിയും കവിയൂര്‍ പൊന്നമ്മയും ടികെ ജോണും വൈക്കം സുകുമാരന്‍ നായരും അടക്കമുള്ള അതിലെ ചെറുപ്പക്കാരായ അഭിനേതാക്കളും മലയാള നാടകവേദിയുടെ മുന്‍ നിരയില്‍ തന്നെ ഇരിപ്പിടം നേടി.

 എന്നാല്‍ സമിതിയുടെ അടുത്ത നാടകമായ, വൈക്കത്തിന്റെ തന്നെ ജനനീ ജന്മഭൂമി അരങ്ങത്ത് വേണ്ടത്ര ശോഭിച്ചില്ല. പൊന്നമ്മയ്ക്ക് ഇത്തവണയും ഒ. മാധവന്റെ മകളുടെ വേഷം തന്നെയായിരുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരുദ്യോഗസ്ഥനായ ജോണ്‍ പൗലോസിന്റെ സ്‌നേഹസമ്പന്നയായ മകള്‍ രമണി.

ജര്‍മ്മനിയില്‍ ജോലി ചെയ്യുന്ന കാമുകനും ഭാവിവരനുമായ രാജനെ കുറിച്ചുള്ള രമണിയുടെ പ്രണയസ്മരണകള്‍ക്ക് മാധുര്യം പകര്‍ന്നുകൊണ്ട് അണിയറയിലിരുന്ന് സി.ഒ. ആന്റോ പാടിയ പാട്ട് തലമുറകളെ അതിജീവിച്ചുകൊണ്ട് ഇന്നും നമ്മോടൊപ്പമുണ്ട്.

'മധുരിക്കും ഓര്‍മ്മകളേ
മലര്‍മഞ്ചല്‍കൊണ്ടുവരൂ
കൊണ്ടുപോകൂ ഞങ്ങളെയാ 
മാഞ്ചുവട്ടില്‍...'

എന്നാല്‍ 'ഒരു രാജാവൊരു റാണിയായി വാഴാ'നായി കാത്തിരിക്കുന്ന രമണിയുടെ സ്വപ്നങ്ങള്‍ പാടെ തകര്‍ത്തുകൊണ്ട്, നാട്ടിലേക്ക് പുറപ്പെട്ട രാജന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെടുന്നു.

'പാനപാത്രം നീട്ടി നില്‍ക്കും 
പാതിരാമലരാണ് ഞാന്‍
വീണ തേടിത്തേടിയണയും
മൗനവേദനയാണു ഞാന്‍' 

എന്ന ദുഃഖഗാനം പാടുന്ന രമണിക്കുവേണ്ടി പൊന്നമ്മയാലപിച്ച മറെറാരു സുന്ദരഗാനം
ഇപ്പോള്‍ ദേവരാജന്റെ സ്വരത്തിലാണ് സംഗീതപ്രേമികള്‍ ആസ്വദിക്കുന്നത്.

  'കാറ്റിന്റെ തോണിയില്‍ പൂമണമേറ്റി 
  അക്കരയിക്കരെ പോണോരേ
  നിന്നേ പോ, ഒന്നു നിന്നേ പോ 
  ഒരു നുള്ളു പൂമണം തന്നേ പോ'

ലീലാമണിയുടെ മറ്റൊരു നൃത്തത്തിനും അകമ്പടിയാകുന്നത് പൊന്നമ്മയുടെ പാട്ടാണ്.

'ആരുടെ മാനസപ്പൊയ്കയില്‍ നിന്നുമി-
ന്നാരോമല്‍ ഹംസമേ, നീ വന്നൂ?
വെറ്റില തിന്നു ചുവന്ന ചുണ്ടില്‍ 
ഇത്തിരിത്താമരയല്ലിയുമായ് 
തൂവെള്ളിത്തൂവലും തുള്ളിത്തുള്ളി 
ആരുടെ ദൂതുമായ് നീ വന്നൂ?'

കവിയൂര്‍ പൊന്നമ്മയുടെ ഹ്രസ്വമായ നാടക ജീവിതത്തില്‍ ഏറ്റവും തിളങ്ങിനില്‍ക്കുന്ന കഥാപാത്രമെത്തുന്നത് അടുത്ത നാടകത്തിലാണ്. 1963 ല്‍ പൊന്‍കുന്നം വര്‍ക്കിയെഴുതി ജി ജനാര്‍ദ്ദനക്കുറുപ്പ് സംവിധാനം ചെയ്ത അള്‍ത്താരയിലെ ദുരന്ത നായികയായ റെബേക്ക. അഭിനയിച്ച നാടകങ്ങളില്‍ താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കഥാപാത്രമേതാണെന്ന ചോദ്യത്തിന് പൊന്നമ്മ ഒരിക്കല്‍ ഇങ്ങനെ മറുപടി പറഞ്ഞു:

'ശോകരസം അഭിനയിക്കുകയാണെനിക്കേറ്റവും ഇഷ്ടം. ആ ഒറ്റക്കാരണത്താല്‍ അള്‍ത്താരയിലെ റബേക്കയാണെനിക്കേറ്റവും ഇഷ്ടപ്പെട്ട വേഷം. കാണികള്‍ക്കും എന്റെ സഹപ്രവര്‍ത്തകര്‍ക്കും ഇഷ്ടപ്പെട്ടോ എന്നെനിക്കറിഞ്ഞുകൂടാ. പക്ഷേ, എന്റെ ഹൃദയത്തില്‍ കൂടുതല്‍ മിഴിവുറ്റു നില്‍ക്കുന്നത് റബേക്കയാണ്.'

ആസ്വാദകരുടെ അഭിപ്രായവും മറിച്ചൊന്നായിരുന്നില്ല. പക്വതയും പാകതയും വന്ന ഒരഭിനേത്രിയെയാണ് രോഗിണിയായ റബേക്കയിലൂടെ കാണികള്‍ കണ്ടത്. പില്‍ക്കാലത്ത് വെള്ളിത്തിരയില്‍ നാമെല്ലാം കണ്ടു സുപരിചിതമായി മാറിയ പൊന്നമ്മയുടെ തീര്‍ത്തും ഒതുക്കത്തിലുള്ള ഭാവപ്രകടനങ്ങള്‍ -subtle acting style - പരിശീലിച്ച കളരിയായിരുന്നു കാളിദാസകലാകേന്ദ്രം.

മലബാറിലെ മലയോരപ്രദേശത്ത് കുടിയേറിപ്പാര്‍ക്കുന്ന മാത്തന്‍ സാറിന്റെ (വര്‍ഗീസ് തിട്ടേല്‍) മൂത്ത മകള്‍ മാരകമായ ഹൃദ്രോഗത്തിനടിപ്പെട്ട റബേക്ക. വീട്ടിലെ വാടകക്കാരനായെത്തിയ ചിത്രകാരനായ അഭയചന്ദ്രനുമായി (ജേസി വര്‍ഗീസ്) പ്രണയ ബന്ധത്തിലാണ്. അനുജത്തി ക്ലാരയും (കലാമണ്ഡലം രാധ)അഭയനെ മൂകമായി സ്‌നേഹിക്കുന്നുണ്ടെങ്കിലും ചേച്ചിയുടെ മനസ്സറിഞ്ഞപ്പോള്‍ അവള്‍ പിന്മാറുന്നു. ഒടുവില്‍ റൗഡിയായ കടുവാ തോമസിന്റെ (മണവാളന്‍ ജോസഫ്) ഒളിവെടിയേറ്റ് മരിക്കുന്ന അഭയചന്ദ്രന്റെ മൃതദേഹത്തിനടുത്തായി റബേക്കയും ഹൃദയം പൊട്ടി മരിച്ചുവീഴുന്നു.

placeholder
കവിയൂര്‍ പൊന്നമ്മ, ജേസി വര്‍ഗീസ്

പൊന്നമ്മയിലെ അഭിനേത്രിയെപ്പോലെതന്നെ അല്ലെങ്കില്‍ അതിനെക്കാള്‍ അല്പം കൂടി ഉയരത്തില്‍ പൊന്നമ്മ എന്ന ഗായിക എത്തിച്ചേര്‍ന്ന നാടകമായിരുന്നു അള്‍ത്താര.

'വീണക്കമ്പികള്‍ മീട്ടിപ്പാടുക
വീണ്ടും ഗായകരേ!
ജീവിതം പോലവിരാമം,ഈ
ജീവിതകഥാനുഗാനം!' 

 സി.ഒ ആന്റോയും കെ ഇ ശ്രീധരനും കവിയൂര്‍ പൊന്നമ്മയുമെല്ലാം ചേര്‍ന്നാലപിച്ച അഭിവാദന ഗാനത്തോടെ യവനിക ഉയരുന്ന അള്‍ത്താര, ഒ എന്‍ വി- ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന ഒരു പിടി നല്ല ഗാനങ്ങള്‍ അരങ്ങത്തു കൊണ്ടുവന്നു. അതില്‍ പലതും പൊന്നമ്മയാണ് പാടിയഭിനയിച്ചത്.

'പൊട്ടിച്ചിരിച്ചു ഞാനെങ്കിലുമെന്‍ മനം പൊട്ടിക്കരയുകയായിരുന്നു
പൂത്തൂ വസന്തങ്ങള്‍ എങ്കിലും എന്നുള്ളില്‍
കത്തുന്ന തീവെയിലായിരുന്നു'

റബേക്കയുടെ ആത്മാവില്‍ നിന്നുയരുന്ന തേങ്ങല്‍ പോലെ ശോകസാന്ദ്രമായ ഈ ഗാനം പൊന്നമ്മ അരങ്ങത്ത് പാടിയഭിനയിച്ചപ്പോള്‍ നാടകം കണ്ടിരുന്നവരുടെയെല്ലാം ഉള്ളുവല്ലാതെ നൊന്തുപോയി.

'കത്തിജ്വലിക്കുമെന്‍ ദുഖത്തിനഗ്‌നിയില്‍
ശുദ്ധീകരിക്കേണമേ! എന്‍ ജീവനെ 
ശുദ്ധീകരിക്കേണമേ!' എന്ന പ്രാര്‍ത്ഥനാ ഗീതമുള്‍പ്പെടെ ശോകരസത്തിലുള്ള പാട്ടുകള്‍ വേറെയും പാടാനുണ്ടായിരുന്നു റബേക്ക എന്ന ദുഃഖപുത്രിക്ക്.

'മുള്‍ച്ചെടിക്കാട്ടില്‍ പിറന്നൂ ഞാന്‍, ഒരു 
മുള്‍ മുടി കൂടി വിടര്‍ന്നൂ ഞാന്‍
നിന്‍ കാല്‍ കഴുകാന്‍ പനിനീരുമായ് രണ്ടു
കണ്ണുകള്‍ കാത്തു നില്‍പ്പൂ!
ഇനിയും വരില്ലേ? ഇതിലെ വരില്ലേ?
ഇവളുടെ മിഴി നീരിന്നര്‍ച്ചന കൈക്കൊള്ളാന്‍
ഇനിയും ഇതിലേ വരില്ലേ?'

ആ പാട്ടിന്റെ മൂഡില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു വൈകാരിക ഭാവത്തോടെ പൊന്നമ്മ പാടിയ ഒരു പാട്ട് പെട്ടെന്നുതന്നെ വലിയ ഹിറ്റായി.

'വള വള വളേയ്!
വള വേണോ? വള വേണോ? വള വേണോ?
തരിവള! കരിവള! കുപ്പിവള!' 

ക്ലാര (കലാമണ്ഡലം രാധ) നൃത്തം വെയ്ക്കുമ്പോള്‍ റബേക്ക (കവിയൂര്‍ പൊന്നമ്മ ) പാടിയ 'കന്യാകുമാരിയിലെ ശംഖുവളയെയും കാശ്ശീന്നു കൊണ്ടുവന്ന പാശിവള'യെയും പറ്റിയുള്ള ഈ പാട്ട് ഒരുകാലത്ത് സ്‌കൂള്‍ കലോത്സവങ്ങളിലെ നാടോടി നൃത്തവേദികളില്‍ സ്ഥിരമായി മുഴങ്ങിക്കേട്ടിരുന്ന  ഗാനമാണ്.

'മഞ്ഞിന്റെ പട്ടുടുത്ത് 
മഞ്ചാടി മാല കോര്‍ക്കാം
മണ്ണില്‍ പിറന്ന ദേവകന്യകേ
ആരോടും മിണ്ടാതെ 
ആരാരും കാണാതെ
ആരെ കിനാവു കണ്ടു നീ?' 

കാളിദാസകലാകന്ദ്രത്തിന്റെ പ്രസിഡന്റ് കൂടിയായ ദേവരാജനെ വിവാഹം ചെയ്തതുകൊണ്ട് അഭിനയരംഗം വിട്ട പെരുന്ന ലീലാമണിക്കു പകരമെത്തിയ സഹോദരി രാധാമണിയാണ് (കലാമണ്ഡലം രാധ) നാടകത്തില്‍ പൊന്നമ്മയുടെ പാട്ടിനൊപ്പിച്ച് നൃത്തങ്ങളെല്ലാം അവതരിപ്പിച്ചത്.

സി.ഒ ആന്റോയുമായി ചേര്‍ന്നു പൊന്നമ്മ പാടിയ യുഗ്മഗാനമാകട്ടെ ജേസിയുമൊത്തുള്ള മികച്ച ഒരു അഭിനയ മുഹൂര്‍ത്തത്തിന് നിറംപകര്‍ന്ന ഒന്നായി മാറി.

'ഒരു വഴിത്താരയില്‍ ഒറ്റക്കു നിന്ന് ഞാന്‍
ഇരുളില്‍, കൂരിരുളില്‍, ഒരു മരുഭൂമിയില്‍ 
ദാഹിച്ചു നിന്ന് ഞാന്‍
വെയിലില്‍, തീ വെയിലില്‍'

'പൊന്നമ്മയുടെ ശാലീനസുന്ദരമായ ശബ്ദവും ആന്റോയുടെ വികാരസാന്ദ്രമായ ശാരീരവും കൂടി അനുഭൂതി ദായകമായ ഒരു വികാരമേഖല സൃഷ്ടിക്കുന്നു. രണ്ടുപേരും നമ്മുടെ ലളിത സംഗീതത്തിന്റെ മുതല്‍ക്കൂട്ടുകളാണ്.'

ജനയുഗം വാരികയില്‍ അള്‍ത്താരയെ നിരൂപണം ചെയ്തുകൊണ്ട് തെങ്ങമം ബാലകൃഷ്ണന്‍ എഴുതി.

അള്‍ത്താരയിലെ പതിനൊന്ന് ഗാനങ്ങളുടെ കൂട്ടത്തില്‍ സംഗീതപ്രേമികള്‍ക്ക് ഏറ്റവും പരിചിതമായ ഗാനം, രണ്ട് കമിതാക്കളും ഹൃദയം കൈമാറുന്ന നിമിഷത്തില്‍ അഭയന് വേണ്ടി ആന്റോ ( ഗ്രാമഫോണ്‍ റിക്കാഡില്‍ യേശുദാസ്) പാടുന്ന പാട്ടാണ്.

'അത്തിക്കായ്കള്‍ പഴുത്തല്ലോ!- തേന്‍
മുന്തിരിവള്ളി തളിര്‍ത്തല്ലോ!
യരൂശലേമിന്‍ കന്യകമാരേ 
വരൂ വരൂ വീണ്ടും... '

ഈ ഗാനരംഗങ്ങളെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ആ നാളുകളില്‍ നാടകത്തില്‍ കാമുകനായി അഭിനയിക്കുന്ന ജേസിയുമായി ജീവിതത്തിലും പൊന്നമ്മ ഗാഢപ്രണയത്തിലായിരുന്നു. എന്നാല്‍ കാളിദാസ കലാകേന്ദ്രത്തിന്റെ ക്യാമ്പിലും അരങ്ങത്തും അണിയറയിലുമെല്ലാം കര്‍ശനമായ പെരുമാറ്റച്ചട്ടം നടപ്പിലുണ്ടായിരുന്നു. നടീനടന്മാര്‍ തമ്മിലുള്ള കൊച്ചു വര്‍ത്തമാനങ്ങളോ പ്രണയസല്ലാപങ്ങളോ ഒന്നും അനുവദിക്കപ്പെട്ടിരുന്നില്ല. സമിതിയുടെ പ്രസിഡന്റ് ദേവരാജനാണ് ഈ ചട്ടം കൊണ്ടുവന്നതും എല്ലാവരും ഇതു പാലിക്കുന്നുണ്ടോയെന്ന് കാര്‍ക്കശ്യത്തോടെ നിരീക്ഷിച്ചു പോന്നതും. സമിതിയുടെ മുന്‍ നാടകങ്ങളിലെ നായികയായിരുന്ന പെരുന്ന ലീലാമണിയെ ഒച്ചയും ബഹളവുമൊന്നുമില്ലാതെ പ്രണയിച്ചു വിവാഹം കഴിച്ച് കാണിച്ചു കൊടുത്തു കൊണ്ട് അദ്ദേഹം മറ്റുള്ളവര്‍ക്ക് മാതൃകയാകുകയും ചെയ്തു. അതുകൊണ്ട് ദേവരാജന്‍ അറിയാതെ കാമുകീ കാമുകന്മാര്‍ തമ്മില്‍ 'മനസ്സ് കൈമാറാന്‍' ജേസി ഒരു വഴി കണ്ടുപിടിച്ചു. ഗാനരംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ പാട്ടിനിടയിലുള്ള interludes ന്റെ വേളയില്‍ പറയാനുള്ളതെല്ലാം പറയുക. അഭിനയത്തിന്റെ ഭാഗമായി മറ്റുള്ളവര്‍ കരുതിക്കൊള്ളും. തന്നെ പറ്റിക്കാന്‍ വേണ്ടി കാമുകീ കാമുകന്മാര്‍ കണ്ടുപിടിച്ച സൂത്രം മനസ്സിലാക്കിയ ദേവരാജന്‍ തന്നെയാണ് പിന്നീടൊരിക്കല്‍ ഇത് വെളിപ്പെടുത്തിയത്.

സുഭഗസുന്ദരനായ നാടക നടന്‍ എന്നതുപോലെ തന്നെ ജേസി കുറ്റിക്കാട് എന്നപേരില്‍ മനോരമ ആഴ്ചപ്പതിപ്പില്‍ നീണ്ടകഥ എഴുതുന്ന ആള്‍ എന്ന നിലയിലും അന്ന് സാമാന്യം പ്രശസ്തനായിരുന്നു ജേസി. രൂപഭാവങ്ങള്‍ കൊണ്ടൊക്കെ പൊന്നമ്മക്ക് നന്നേ ഇണങ്ങുന്ന ഒരാള്‍. എന്നാല്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറണം എന്ന ജേസിയുടെ ആവശ്യത്തിന് പൊന്നമ്മ തയ്യാറാകാതിരുന്നതുകൊണ്ടാണെന്ന് പറയപ്പെടുന്നു, ആ പ്രണയം നാടകക്യാമ്പില്‍ വെച്ചു തന്നെ പൊലിഞ്ഞുപോയി 

 അതിന് കുറച്ചു നാള്‍ മുമ്പ് നാടകത്തില്‍ നിന്നുതന്നെ മറ്റൊരു വിവാഹാലോചനയും പൊന്നമ്മയെ തേടിയെത്തിയിരുന്നു. പ്രതിഭയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ സമിതിയുടെ സെക്രട്ടറി കൂടിയായ സഹ നടന്‍ ശങ്കരാടിയാണ്, വിവാഹം കഴിച്ചാല്‍ കൊള്ളാം എന്ന ആഗ്രഹവുമായി പൊന്നമ്മയുടെ വീട്ടുകാരെ സമീപിച്ചത്. പൊന്നമ്മയെക്കാള്‍ പത്തിരുപത് വയസ്സിന് മൂപ്പുള്ള ശങ്കരാടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനുവാദം വാങ്ങിയിട്ടാണ് അതിനു മുതിര്‍ന്നത്. വിവാഹ നിശ്ചയമൊക്കെ കഴിഞ്ഞെങ്കിലും വിവാഹം എന്തുകൊണ്ടോ നടന്നില്ല. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് പിന്നീടൊരുപാട് സിനിമകളില്‍ ദമ്പതിമാരായും സഹോദരങ്ങളായുമൊക്കെ ഒരുമിച്ചഭിനയിച്ച ഈ പ്രതിഭകള്‍ രണ്ടും ഒരിക്കലും വെളിപ്പെടുത്തിയുമില്ല!

placeholder
ശങ്കരാടി

 1962- ല്‍ ജനനീ ജന്മഭൂമിയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് നാടകത്തിന്റെ ഡാന്‍സ് മാസ്റ്റര്‍ തങ്കപ്പന്റെ നിര്‍ദ്ദേശ പ്രകാരം പൊന്നമ്മ മെരിലാന്‍ഡിന്റെ പുണ്യ പുരാണ ചിത്രമായ ശ്രീരാമ പട്ടാഭിഷേകത്തില്‍ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ അഭിനയിച്ച രാവണന്റെ ഭാര്യ മണ്ഡോദരിയായി വെള്ളിത്തിരയിലെത്തുന്നത്. മെരിലാന്‍ഡിന്റെ തന്നെ കലയും കാമിനിയും, ആറ്റം ബോംബ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. പിന്നീട് നാടകത്തിലേക്ക് തിരിച്ചുപോയെങ്കിലും അള്‍ത്താരക്കുശേഷം കാളിദാസ കലാകേന്ദ്രം അരങ്ങത്തു കൊണ്ടുവന്ന കടല്‍പ്പാലത്തില്‍ അഭിനയിച്ചില്ല. അഭിനയത്തേക്കാള്‍ തനിക്കു പ്രിയപ്പെട്ട രംഗം സംഗീതമാണെന്ന് പൊന്നമ്മ അന്നു പറഞ്ഞിട്ടുണ്ട്. കൊല്ലത്ത് മാടന്‍ നടയില്‍ താമസിക്കുമ്പോള്‍ അഭിനയത്തോടൊപ്പം സംഗീത ക്കച്ചേരികളും ഊര്‍ജ്ജസ്വലതയോടെ നടത്തിവന്നു. 

1964-ല്‍ സിനിമയുടെ തട്ടകത്തിലേക്ക് കൂടു മാറാന്‍ തീരുമാനിച്ചതോടെ നാടകത്തിന്റെ മാത്രമല്ല സംഗീതത്തിന്റെ കൂടി അരങ്ങിനോടാണ് കവിയൂര്‍ പൊന്നമ്മ വിട പറഞ്ഞത്. കുടുംബിനി, റോസി, ദാഹം, ഓടയില്‍ നിന്ന്, തൊമ്മന്റെ മക്കള്‍... പതുക്കെ പതുക്കെ തന്നെക്കാള്‍ ഇരുപതും മുപ്പതും വയസ്സ് പ്രായക്കൂടുതലുള്ള നായകന്മാരുടെയും തന്റെ തന്നെ സമപ്രായക്കാരായ നായികമാരുടെയും അമ്മയുടെ വേഷത്തില്‍ കവിയൂര്‍ പൊന്നമ്മ മലയാള സിനിമയുടെ ധന്യമായ മാതൃസാന്നിധ്യമായി മാറി. നാടകവേദിക്കും സംഗീതലോകത്തിനും സംഭവിച്ച നഷ്ടം അങ്ങനെ സിനിമയുടെ ഏറ്റവും വലിയ നേട്ടമായി തീരുകയായിരുന്നു.