ഫ്രഞ്ച് തത്വചിന്തകനും സാമൂഹിക ശാസ്ത്രജ്ഞനുമായ ഴാങ് ബോദ്രിയാദ് (Jean Baudrillard) തന്റെ 'The Mirror of Production' എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ഇങ്ങനെ എഴുതുന്നു: ''വിപ്ലവ ഭാവനയെ ഒരു ഭൂതം പിടികൂടിയിരിക്കുകയാണ്. ഉത്പാദനം എന്ന ഭൂതം. ഉത്പാദനക്ഷമതയെ സംബന്ധിച്ച അനിയന്ത്രിത ഭാവനയെ അത് പോഷിപ്പിക്കുന്നു. ഉത്പാദന സമ്പ്രദായത്തെ സംബന്ധിച്ച വിമര്‍ശന സിദ്ധാന്തം ഉത്പാദന തത്വത്തെ (principle of production) സ്പര്‍ശിക്കുന്നതേയില്ല. ഉത്പാദനത്തെ ഒരു മാതൃക എന്ന നിലയില്‍ ഊനം തട്ടാതെ അവശേഷിപ്പിച്ചുകൊണ്ട് അത് സംയോജിപ്പിച്ച എല്ലാ കാഴ്ചപ്പാടുകളും ഉത്പാദനത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ വംശാവലിയെ മാത്രമേ വിശദീകരിക്കുന്നുള്ളൂ. മുതലാളിത്ത ഉത്പാദന സമ്പ്രദായത്തെ സംബന്ധിച്ച വിമര്‍ശനത്തിന്റെ മറപറ്റിക്കൊണ്ട് ഈയൊരു മാതൃക പുനരാവിര്‍ഭവിക്കുകയും വിശിഷ്ടവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നു. അപരിചിതമായൊരു പകര്‍ച്ചവ്യാധി വഴി, ഈ ഉത്പാദന മാതൃക, വിപ്ലവ സംവാദങ്ങളെ ഉത്പാദനക്ഷമത സംബന്ധിച്ച വാങ്മയം മാത്രമായി ഉറപ്പിച്ചു നിര്‍ത്തുന്നു.''

To advertise here,

എല്ലായ്പ്പോഴും പ്രോമിഥിയന്‍ മനോഭാവത്താല്‍ ബന്ധിതനായ, സാങ്കേതികവിദ്യയിലൂടെ ഉയര്‍ന്നുവന്ന വ്യാവസായിക മുതലാളിത്തത്തെയും പ്രകൃതിയിന്മേലുള്ള മനുഷ്യാധിപത്യത്തെയും സംബന്ധിച്ച് വിമര്‍ശനങ്ങളുന്നയിക്കാത്ത ഒരു മാര്‍ക്സിനെ അവതരിപ്പിക്കുന്നതില്‍ പരമ്പരാഗത മാര്‍ക്സിസ്റ്റുകള്‍ എന്തുകൊണ്ട് തല്‍പ്പരരായി? നരവംശകേന്ദ്രിതവും ഉല്‍പ്പാദന സോഷ്യലിസത്തെ അടിസ്ഥാനപ്പെടുത്തിയതുമായ രാഷ്ട്രീയ വീക്ഷണത്തിന്റെ പേരില്‍ പാരിസ്ഥിതിക സംവാദങ്ങളില്‍ നിന്ന് മാര്‍ക്സിനെ അകറ്റി നിര്‍ത്തുന്നതില്‍ ആരാണ് ഉത്തരവാദി? പാരിസ്ഥിതിക തകര്‍ച്ചകളുടെയും വിഭവ ദൗര്‍ലഭ്യങ്ങളുടെയും കാലത്ത് ഒരു പാരിസ്ഥിതിക മാര്‍ക്സിസത്തെ മാര്‍ക്സിന്റെ തന്നെ ചിന്തകളില്‍ നിന്ന് കണ്ടെത്താന്‍ കഴിയുമോ?

അത്തരമൊരു മാര്‍ക്സിനെ കണ്ടെത്തണമെങ്കില്‍ ഉത്പാദന തത്വത്തെ സ്പര്‍ശിക്കാത്ത ഉത്പാദന സമ്പ്രദായത്തെ സംബന്ധിച്ച കേവല വിമര്‍ശനത്തില്‍ ബന്ധിതനായ മാര്‍ക്സിനെ വിമോചിപ്പിക്കുകയും മനുഷ്യ-പ്രകൃതി ബന്ധങ്ങളില്‍ മൂലധനം സൃഷ്ടിക്കുന്ന 'പരിഹരിക്കാനാകാത്ത വിള്ളലുകള്‍' സംബന്ധിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയ മാര്‍ക്സിനെ വീണ്ടെടുക്കുകയും ചെയ്യേണ്ടിവരും. അതിന് പില്‍ക്കാല മാര്‍ക്സ് രചനകളില്‍ പ്രാധാന്യത്തോടെ സൂചിപ്പിക്കപ്പെട്ടതും എന്നാല്‍ അദ്ദേഹം ഏറെയൊന്നും വിശദീകരിച്ചിട്ടിണ്ടാത്തതുമായ 'ഉപാപചയ വിള്ളല്‍' എന്ന കാഴ്ചപ്പാടിനെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്.

ഉപാപചയ വിള്ളല്‍ (metabolic rift)

എന്താണ് മാര്‍ക്സ് വിശദീകരിക്കുന്ന 'ഉപാപചയ വിള്ളല്‍' എന്ന് നോക്കാം. ഇതര പ്രകൃതിയുമായുള്ള മനുഷ്യന്റെ ജൈവപാരസ്പര്യമാണ് ജീവിതത്തിന്റെ അടിസ്ഥാനമെന്നും, എന്നാല്‍ ആവാസവ്യവസ്ഥകളുമായുള്ള മനുഷ്യ ഇടപെടലുകള്‍ മുതലാളിത്ത ഉത്പാദന സംവിധാനങ്ങളില്‍ അനിവാര്യമായ വിള്ളലുകള്‍ (rift) സൃഷ്ടിക്കുകയും മനുഷ്യരുടെയും മനുഷ്യേതര ജീവികളുടെയും നിലനില്‍പ്പിന് ഭീഷണിയാവുകയും ചെയ്യുന്നു എന്നാണ് ഉപാപചയ വിള്ളല്‍ എന്നതിലൂടെ മാര്‍ക്സ് വിശദീകരിക്കുന്നത്.

മുതലാളിത്ത ഉത്പാദന വ്യവസ്ഥ, മറ്റെന്തിനെയുമെന്നപോലെ, പ്രകൃതിയെയും ലാഭം പെരുപ്പിക്കാനുള്ള ഉപാധിയായി മാത്രം പരിഗണിച്ചതിനെ സംബന്ധിച്ച്, മാര്‍ക്സ് ബോധവാനായിരുന്നു എന്നത്, ഉപാപചയ വിള്ളല്‍ സംബന്ധിച്ച അദ്ദേഹത്തിന്റെ പില്‍ക്കാല എഴുത്തുകള്‍ കൂടുതല്‍ തെളിമ നല്‍കുന്നുണ്ട്. മുതലാളിത്തത്തിന് കീഴിലുള്ള അസമത്വ വിനിമയ (unequal exchange)ത്തെ സംബന്ധിച്ച വിശകലനത്തിലും 'ഉപാചയ വിള്ളല്‍' എന്ന മാര്‍ക്സിന്റെ ആശയം പ്രധാന പങ്കുവഹിക്കുന്നുണ്ട്.

മാര്‍ക്‌സിന്റെ അഭിപ്രായത്തില്‍, ഉപാപചയ വിള്ളല്‍ മൂന്ന് വ്യത്യസ്ത തലങ്ങളിലും രൂപങ്ങളിലും പ്രത്യക്ഷപ്പെടുന്നു. ഏറ്റവും അടിസ്ഥാനപരമായി, ഉപാപചയ വിള്ളല്‍ എന്നത് മുതലാളിത്ത ഉത്പാദന വ്യവസ്ഥ സ്വാഭാവിക രാസവിനിമയത്തിലെ ചാക്രിക പ്രക്രിയകളിന്മേല്‍ സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളാണ്. ആധുനിക കൃഷിരീതികള്‍ മണ്ണിന്റെ ഉര്‍വ്വരതയില്‍ സൃഷ്ടിക്കുന്ന തകര്‍ച്ചയാണ് മാര്‍ക്സ് പലപ്പോഴും ഉദാഹരണമായി ചൂണ്ടിക്കാട്ടാറുള്ളത്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ നടപ്പിലാക്കപ്പെടുന്ന വ്യാവസായിക കൃഷി, ഒരു പ്രദേശത്തിന്റെ മണ്ണിലെ പോഷകാംശങ്ങള്‍ കൂടുതല്‍ വേഗത്തിലും സൂക്ഷ്മതയിലും ആഗിരണം ചെയ്യുകയും വിദൂര സ്ഥലങ്ങളിലേക്ക് അവ എത്തിക്കുകയും ചെയ്യുന്നു. ലാഭവിഹിതം കൂട്ടാനുള്ള ഈ പ്രക്രിയയ്ക്കിടയില്‍ കൃഷി ചെയ്യുന്ന പ്രദേശങ്ങളിലേക്ക് ഒരിക്കലും ജൈവാംശങ്ങള്‍ തിരിച്ചുചെല്ലുന്നില്ല എന്നത് ഉപാപചയ വിള്ളലിന്റെ പ്രാഥമിക ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്. ജര്‍മ്മന്‍ രസതന്ത്രജ്ഞനായ ജസ്റ്റസ് വോണ്‍ ലീബിഗി (Justus Frieherr Von Liebig)ന്റെ അഗ്രികള്‍ച്ചറല്‍ കെമിസ്ട്രിയും (1862) അദ്ദേഹത്തിന്റെ ഉപാപചയ സിദ്ധാന്തവുമാണ് കൃഷിയിലെ ഈ 'കൊള്ള' സമ്പ്രദായത്തെ മൂലധനവുമായി സമന്വയിപ്പിക്കാന്‍ മാര്‍ക്‌സിനെ പ്രേരിപ്പിച്ചത്.

''മുതലാളിത്ത ഉല്‍പ്പാദനം നഗര ജനസംഖ്യ അനുദിനം വളരുന്നതിന് കാരണമാകുന്നു. തല്‍ഫലമായി, ഇത് മനുഷ്യനും ഭൂമിയും തമ്മിലുള്ള ഉപാപചയ ഇടപെടലിനെ തടസ്സപ്പെടുത്തുന്നു, അതായത് ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും രൂപത്തില്‍ മനുഷ്യന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ മണ്ണിലേക്ക് തിരികെച്ചെല്ലുന്നതിന് ഇവ തടസ്സം സൃഷ്ടിക്കുന്നു; അതുകൊണ്ടുതന്നെ ഇത് മണ്ണിന്റെ ശാശ്വതമായ ഫലഭൂയിഷ്ഠതയ്ക്കുള്ള സ്വാഭാവിക പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു. അങ്ങനെ അത് ഒരേസമയം നഗര തൊഴിലാളിയുടെ ശാരീരിക ആരോഗ്യത്തെയും ഗ്രാമീണ തൊഴിലാളിയുടെ ബൗദ്ധിക ജീവിതത്തെയും നശിപ്പിക്കുന്നു. ഒരു നിശ്ചിത സമയത്തേക്ക് മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ദ്ധിപ്പിക്കുന്നതിലൂടെ എല്ലാ പുരോഗതിയും ആ ഫലഭൂയിഷ്ഠതയ്ക്ക് കാരണമാകുന്ന ദീര്‍ഘകാല സ്രോതസ്സുകളെ നശിപ്പിക്കുന്നതിലേക്കുള്ള പുരോഗതിയായി മാറുന്നു. മുതലാളിത്ത ഉല്‍പ്പാദനം, ഉല്‍പാദനത്തിന്റെ സാമൂഹിക പ്രക്രിയയുടെ സാങ്കേതികതകളും സംയോജനത്തിലെ അളവും മാത്രമേ വികസിപ്പിക്കുകയുള്ളൂ. ഒരേസമയം എല്ലാ സമ്പത്തിന്റെയും യഥാര്‍ത്ഥ സ്രോതസ്സുകളെ - മണ്ണിനെയും തൊഴിലാളിയെയും - അവ ഇല്ലാതാക്കുന്നു.'' (Capital, Vol-1, 637).

ഉപാപചയ വിള്ളലുകളെ സംബന്ധിച്ച മൂര്‍ത്തമായ ഉദാഹരണം നല്‍കുന്നതോടൊപ്പം മുതലാളിത്ത വാണിജ്യ-വ്യാപാര രീതികള്‍ സൃഷ്ടിക്കുന്ന അസന്തുലിത വിഭവ പ്രവാഹത്തെ സംബന്ധിച്ചും മാര്‍ക്സ് സൂചന നല്‍കുന്നു: ''ഈ രീതിയില്‍ (വലിയ തോതിലുള്ള ഭൂവുടമസ്ഥത) മണ്ണിന്റെ സ്വാഭാവിക നിയമങ്ങള്‍ നിര്‍ദ്ദേശിക്കുന്ന സാമൂഹിക ഉപാപചയവും സ്വാഭാവിക രാസവിനിമയവും തമ്മിലുള്ള പരസ്പരാശ്രിത പ്രക്രിയയില്‍ പരിഹരിക്കാനാകാത്ത വിള്ളലുണ്ടാക്കുന്ന അവസ്ഥകള്‍ സൃഷ്ടിക്കുന്നു. മണ്ണിന്റെ ചൈതന്യം നശിപ്പിക്കുന്നതാണ് ഇതിന്റെ ഫലം, വ്യാപാരം ഈ നാശത്തെ ഒരു രാജ്യത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് കൊണ്ടുപോകുന്നു.'' (ലീബിഗ്.) (MEGA II/4.2: 752-3).

'തൊഴില്‍ ശക്തി' (labour force), 'പ്രകൃതി ശക്തി' (natural force) എന്നീ രണ്ട് അടിസ്ഥാന ഉല്‍പ്പപാദന ഘടകങ്ങളുടെ മുതലാളിത്ത ദുര്‍വിനിയോഗത്തെ 
മാര്‍ക്‌സ് നിരന്തരമായി പ്രശ്നവല്‍ക്കരിച്ചിരുന്നു. അധ്വാനത്തിന്റെയും പ്രകൃതിയുടെയും അന്യവല്‍ക്കരണം പരസ്പര പൂരകമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മൂലധനം അധ്വാനശക്തിയെ ചൂഷണം ചെയ്യുക മാത്രമല്ല ലോകത്തെ മുഴുവന്‍ കീഴ്പ്പെടുത്തുകയും ചെയ്യുന്നു, ഇത് 'സ്ഥലം (സ്‌കെയില്‍)', 'സമയം (നിരക്ക്)' എന്നിവയെ സാരമായി ബാധിക്കുന്നു. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നതും ത്വരിതഗതിയിലുള്ളതുമായ സമ്പദ്‌വ്യവസ്ഥയുടെ  വലുപ്പത്തി (scale)ല്‍, മൂലധനം അഭൂതപൂര്‍വമായ തലത്തില്‍ സ്ഥല-കാല (spatio-temporal) പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരുന്നുവെന്ന് മാര്‍ക്സ് വിലയിരുത്തുന്നു.

ഉത്പാദന ശക്തികളുടെ വികാസത്തിനും അതിന്റെ നിയന്ത്രണത്തിനും ഒരുപോലെ കാരണമായ മൂലധനാധിപത്യത്തില്‍ നിന്നുള്ള മോചനത്തിനും 
മാര്‍ക്സിലെ ഇക്കോളജിസ്റ്റിനെ കണ്ടെത്തുന്നതിനും പരമ്പരാഗത മാര്‍ക്സിസ്റ്റുകളാല്‍ ബന്ധിതനായ മാര്‍ക്സിനെ വിമോചിപ്പിക്കാതെ തരമില്ല.