എന്തോ കടിച്ചെടുക്കുവാനായി കുനിയുന്ന ഒരാട്ടിന്‍കുട്ടിയുടെ തലയുടെ ആകൃതിയിലുള്ള ഒരു ഭൂഖണ്ഡം, ശാന്തസമുദ്രത്തില്‍ വലത്തോട്ട് ചെരിച്ചുപിടിച്ച ഒരാട്ടിന്‍ തല, അതാണ് ഓസ്‌ട്രേലിയ. പെര്‍ത്ത്, ഡാര്‍വിന്‍, സിഡ്‌നി, മെല്‍ബണ്‍, ഒട്ടാവ, ബ്രിസ്‌ബെയ്ന്‍, കാന്‍ബെറ, അഡലെയ്ഡ് തുടങ്ങിയ നഗരങ്ങളാണ് നമുക്ക് ഓസ്‌ട്രേലിയ. എന്നാല്‍, കടലിനോടടുത്ത ഈ നഗരങ്ങള്‍ പൊതിഞ്ഞുപിടിച്ചിരിക്കുന്ന, അധികമാരും കണക്കിലെടുക്കാത്ത, മറ്റൊരു സംസ്‌കാരം കാത്തുപോരുന്ന, ഇനിയൊരു ഓസ്‌ട്രേലിയയുമുണ്ട്, ഭൂഖണ്ഡത്തിന്റെ നടുഭാഗത്തായി. ആ ഭൂഭാഗങ്ങളെ കുറിച്ച് നാം അധികം കേട്ടിട്ടില്ല, അധികമാരും എഴുതി കണ്ടിട്ടുമില്ല. ലോകസാഹിത്യത്തിലെ നല്ല പേജുകളില്‍ ചിലത് The Other Australia എന്ന് വിവക്ഷിക്കപ്പെടുന്ന ഈ ഭൂമികയുടെ കഥയാണ് പറയുന്നത്. അതിനെ കുറിച്ചാണ് ഈ സംസാരം, ഓസ്‌ട്രേലിയന്‍ എഴുത്തുകാരനായ ജെറാള്‍ഡ് മര്‍നെയ്ന്‍ എഴുതിയതും മറ്റെങ്ങും കണ്ടു പരിചയമില്ലാത്ത ചിന്തകള്‍ നിറഞ്ഞതുമായ 'സമതലങ്ങള്‍' (The Plains)  എന്ന ചെറുനോവലിനെ കുറിച്ച്. 

To advertise here,

സമതലങ്ങളെ ഓര്‍ക്കുമ്പോള്‍ ലോകസാഹിത്യത്തിലെ മറ്റൊരത്ഭുതം കണ്‍മുന്നിലുണ്ട്. ഈ ലോകത്ത് ഇന്നേവരെ ഇറങ്ങിയ നോവലുകളില്‍ ഏറ്റവും ശ്രേഷ്ഠം എന്ന് ചിലരെങ്കിലും പറയുന്ന 'ഡോണ്‍ കീഹോട്ടെ' - മീഗല്‍ സെര്‍വന്റെസിന്റെ 'ഡോണ്‍ കീഹോട്ടെ' - യാഥാര്‍ത്ഥ്യത്തെ ക്ലാവ് പിടിച്ച ഒരു കണ്ണാടിച്ചില്ലിനപ്പുറത്തു നിന്ന് നോക്കിക്കാണുന്ന ഒരു മനുഷ്യന്റെ - അലോണ്‍സോ കിഹാനോ എന്നാണയാളുടെ പേര് - ജീവിതകഥയാണ്. എണ്ണൂറ്റിലധികം പേജുകള്‍ നീളുന്ന ഈ കൃതിയുടെ എട്ടാം അദ്ധ്യായത്തില്‍, താന്‍ ഒതു യോദ്ധാവാണ് എന്ന തെറ്റിദ്ധാരണയില്‍ ഡോണ്‍ കീഹോട്ടെ എന്ന പേര് സ്വയം സ്വീകരിച്ച അലോണ്‍സോയും സന്തത സഹചാരിയായ സാഞ്ചോ പാന്‍സയും, ഒരു സമതലത്തില്‍ എത്തിച്ചേരുന്നത് നാം കാണുന്നു. അനാദിയായി പരന്നുകിടക്കുന്ന ആ സമതലത്തില്‍ ഭീമാകാരന്മാരായ ദീകരജീവികളെയാണ് ഡോണ്‍ കാണുന്നത്. അവ ഭീകരജീവികളല്ല, കാറ്റാടി യന്ത്രങ്ങളാണെന്ന സാഞ്ചോ പാന്‍സയുടെ വാക്കുകള്‍ കണക്കിലെടുക്കാതെ, ഒരു വീരയോദ്ധാവിന് യോജിച്ച മട്ടില്‍ ആ ജീവികളുമായി പോരിനൊരുങ്ങുകയാണ് ഡോണ്‍. യുദ്ധത്തിന്റെ മൂര്‍ദ്ധന്യത്തില്‍ സമതലത്തില്‍ കാറ്റ് വീശുന്നു, ആ കാറ്റില്‍ കാറ്റാടിയന്ത്രങ്ങളുടെ പങ്കകള്‍ തിരിയുന്നു, അതിലൊരു പങ്കയുടെ അടിയേറ്റ് ഡോണ്‍ തെറിച്ചുവീഴുന്നു. ആ രംഗം കണ്ട് ലോകസാഹിത്യം മാത്രമല്ല ഇംഗ്ലീഷ് ഭാഷ പോലും ഒന്ന് മാറിയൊഴുകി. Tilting at the windmills (ഇല്ലാത്ത ഒരു ശത്രുവിനെതിരെയുള്ള യുദ്ധം) എന്ന ഭാഷാപ്രയോഗം ഈയൊരു യുദ്ധത്തില്‍ നിന്നാണ് ജനിക്കുന്നത്. 

ഈ യുദ്ധം നടക്കുന്ന ലാ മാഞ്ച എന്ന സ്പാനിഷ് മദ്ധ്യദേശത്ത് വരണ്ട സമതലങ്ങളാണ് നിറയെ. സമാനമായ ഭൂപ്രകൃതിയാണ് ലോകത്തിന്റെ മറ്റേ പകുതിയില്‍, ഭൂമിയ്ക്ക് കുറുകെ പകുതിയോളം സഞ്ചരിച്ച് ജെറാള്‍ഡ് മര്‍നെയ്‌ന്റെ നാട്ടിലെത്തിയാലും. 

മേലേപ്പറഞ്ഞ അലോന്‍സോ കിഹാനോയെ പോലെ അല്ലെങ്കിലും മര്‍നെയ്‌നും ഒരു വിചിത്ര വ്യക്തിത്വമാണ്. ഓസ്‌ട്രേലിയയില്‍ നിന്ന് പുറത്ത് പോയിട്ടേയില്ല അദ്ദേഹം, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ നിന്നുതന്നെ വളരെ കുറച്ചേ പുറത്തിറങ്ങിയിട്ടുള്ളൂ, ഒരിക്കല്‍ പോലും വിമാനത്തില്‍ കയറിയിട്ടില്ല, സണ്‍ഗ്ലാസ് വയ്ക്കാറില്ല, കംപ്യൂട്ടര്‍ ഉപയോഗിക്കാറേയില്ല. സമൂഹത്തിന്റെ പൊതുവഴിയില്‍ നിന്നു് മാറിനടക്കുന്ന അദ്ദേഹത്തിന്റെ ഈ സ്വഭാവവിശേഷങ്ങള്‍ എഴുത്തിലും കയറിക്കൂടിയത് ആരേയും ആശ്ചര്യപ്പെടുത്താന്‍ വഴിയില്ല. മര്‍നെയ്‌നിന്റെ എഴുത്തിനെ കുറിച്ച് ഒരു പഠനം തയ്യാറാക്കിയിട്ടുള്ള Emmett Stinson പറയുന്നതിതാണ്: 'ഒന്നിന് പുറകെ ഒന്നായി വരുന്ന സംഭവങ്ങളോ, സ്പര്‍ധകളോ, നാടകീയ പിരിമുറുക്കങ്ങളോ, ഒടുവില്‍ ഒരു സന്ധിയോ' ഒന്നും ഈ സാഹിത്യത്തില്‍ കാണില്ല. വായനയ്ക്ക് തയ്യാറെടുക്കുന്ന വായനക്കാരന് ഈ വാക്കുകള്‍ സഹായകരമാകാതിരിക്കില്ല. 

പുറകോട്ടുള്ള ഒരു കാഴ്ചയാണ് ഈ നോവല്‍. ഒരു സിനിമ സംവിധായകന്‍ The Interiors എന്ന സിനിമയുടെ - 'ഒരു പര്യവേക്ഷണയാത്രയുടെ രേഖകള്‍' (a record of a journey of exploration) എന്നാണയാള്‍ ആ സിനിമയെ കരുതുന്നത് - തിരക്കഥ തയ്യാറാക്കുന്നതിനായി ഓസ്‌ട്രേലിയയുടെ സമതലങ്ങളിലേക്ക് നടത്തിയ യാത്രയിലെ അനുഭവങ്ങളുടെ ഓര്‍മകള്‍ 20 കൊല്ലങ്ങള്‍ക്ക് ശേഷം മൂന്ന് ഭാഗങ്ങളായി തിരിച്ചപ്പോള്‍ ഈ ചെറുനോവലായി. 

ആ സമതലങ്ങളില്‍ അയാള്‍ പലരേയും കണ്ടുമുട്ടുന്നു, അയാളെ ജോലിയില്‍ എടുക്കുന്ന, പാര്‍ക്കാന്‍ ഇടം കൊടുക്കുന്ന ധനികനായ ഒരു ഭൂവുടമ, സ്വപ്നങ്ങളുടെ ഭൂപ്രകൃതികള്‍ വരയ്ക്കുന്ന ഒരു ചിത്രകാരന്‍, 'മൈലുകളോളം പരന്നുകിടക്കുന്ന പുല്‍മേടിന് കുറുകെ വീശുന്ന കാറ്റിന്റെ ശബ്ദം മോഹിപ്പിക്കുന്ന മൗനമായി കേള്‍ക്കാന്‍ കഴിയുന്ന' സഹജീവികളോട് കണ്ണുകടിയുള്ള ഒരു സംഗീതജ്ഞന്‍, കാറിന്റെ ചില്ലുകള്‍ കര്‍ട്ടനിട്ട് മറച്ച് രാത്രി തങ്ങുന്ന ഹോട്ടലുകളില്‍ നിന്ന് പുറത്തിറങ്ങാതെ ആഴ്ചകളോളം യാത്ര ചെയ്യുന്ന ഒരു സഞ്ചാരി, തന്റെ സിനിമയില്‍ അഭിനയിപ്പിക്കണമെന്ന ചിന്തയില്‍ പരിചയപ്പെടുന്ന പെണ്‍കുട്ടി (ഭൂവുടമയുടെ മകളാണവള്‍), ലൈബ്രറിയുടെ ഇടങ്ങളില്‍ കാണപ്പെടുന്ന സ്ത്രീ (അവരാണ് ഭൂവുടമയുടെ ഭാര്യ), അങ്ങനെ പലരേയും.

ബാറിലും ലൈബ്രറിയിലും വീട്ടുമുറ്റത്തുമുള്ള ചില കണ്ടുമുട്ടലുകള്‍ക്കപ്പുറം സംഭവങ്ങള്‍ അധികമില്ലാത്ത ഈ നോവല്‍ സമതലങ്ങളെ കുറിച്ചും സമതലവാസികളെ കുറിച്ചും വെളിച്ചത്തിന്റെ നിറരാശികളെ കുറിച്ചുമുള്ള ബൗദ്ധികവിചാരങ്ങളിലൂടെ സമതലത്തിനെ നിര്‍വചിക്കാന്‍ ശ്രമിക്കുന്നു. സമതലവാസികള്‍ അവരുടെ ചരിത്രത്തേയും അവരവരെ തന്നെയും നിറമുള്ള ചിഹ്നങ്ങള്‍ കൊണ്ട് അടയാളപ്പെടുത്തുന്നതിനെ കുറിച്ച് പറയുന്നു. പുറംലോകത്തിലെ മനുഷ്യരില്‍ നിന്ന് സമതലവാസികള്‍ വൈകാരികമായും ബൗദ്ധികമായും എങ്ങനെ വേറിട്ടു നില്‍ക്കുന്നു എന്ന് കാണിച്ചുതരുന്നു. എന്നാല്‍, അവസാനത്തെ അവലോകനത്തില്‍, നിറങ്ങളും ചിഹ്നങ്ങളും മനുഷ്യരുമല്ല എഴുത്തുകാരന്റെ മനസ്സില്‍, അതെല്ലാം നല്‍കുന്ന സാധ്യതകളെ വാക്കുകള്‍ കൊണ്ട് എങ്ങിനെ തെളിച്ചെടുക്കാം എന്നതാണ്, കാരണം മര്‍നെയ്‌നിന്റെ കാഴ്ചപ്പാടില്‍ യാഥാര്‍ഥ്യം എന്നൊന്നില്ല, സാധ്യതകളേയുള്ളൂ. വേറൊരു രീതിയില്‍ പറഞ്ഞാല്‍, വാക്കുകളുടെ പ്രയോഗത്തെ കുറിച്ച് (ജെ. എം. കൂറ്റ്‌സി പറയുന്നത് മര്‍നെയ്ന്‍ 'ചിന്തേരിട്ട വാചകങ്ങള്‍' chiseled sentences ആണ് എഴുതുന്നതെന്നാണ്), എഴുത്തിനെ കുറിച്ച്, ആവിഷ്‌ക്കാരത്തെ കുറിച്ച് ഒക്കെയാണ് ഈ നോവല്‍. അതുകൊണ്ടു തന്നെ, എഴുത്ത് വൈകാരികം എന്നതിനേക്കാള്‍ ബൗദ്ധികവും വിശകലനാത്മകവുമാണ് (ചിലപ്പോള്‍ അത് വിരോധാഭാസത്തിന്റെ വക്കിലെത്തി എന്ന് തോന്നിപ്പോകും). അതില്‍ കാഴ്ചകള്‍ വളരെ കുറവേയുള്ളൂ. ഈ വരികള്‍ ഒന്ന് നോക്കൂ.. 'നമ്മുടെ ആവശ്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കുമിടയില്‍ നാം നടത്തുന്ന വിട്ടുവീഴ്ചയാണ് നമ്മുടെ സുഖങ്ങളും സന്തോഷങ്ങളും' ഇനിയൊന്നു കൂടി... ഒരു ധാരണയുടെ, ഓര്‍മയുടെ, അനുമാനത്തിന്റെ മൂല്യം അവ വിശദീകരണത്തിന് വഴങ്ങുന്നില്ല എന്നതുകൊണ്ട് കുറയുകയല്ല, വര്‍ധിക്കുകയാണ് ചെയ്യുക'. പെട്ടെന്ന് മനസ്സിലെത്തുന്നു Pierre Menard, Author of the Quixote എന്ന ബോര്‍ഹസ് കഥ. ആ കഥ അവസാനിക്കുന്നത് 'അവ്യക്തത അര്‍ത്ഥഭംഗിയുടെ അടയാളമാണ് '(ambiguity is richness) എന്ന വാചകത്തിലാണ്. ഈ നോവല്‍ അവസാനിക്കുന്നത് മേല്‍പ്പറഞ്ഞ വാദത്തെ സാധൂകരിക്കുന്ന ഒരു വാചകത്തിലും: 'അന്ധകാരമാണ് എനിക്കപ്പുറം ഞാന്‍ കാണുന്നതെന്ത് എന്നതിന്റെ ഒരേയൊരു പ്രത്യക്ഷ ചിഹ്നം' (...the darkness that was the only visible sign of whatever I saw beyond myself)*. 

എളുപ്പവായന ഒട്ടുമല്ല ഈ നോവല്‍. ആദ്യത്തെ 40 പേജുകള്‍ കഴിയുമ്പോഴും, അതായത് ഈ കൃതിയുടെ കാല്‍ഭാഗം കഴിഞ്ഞിട്ടും, യാത്ര തുടങ്ങാത്തതുപോലെ, ഒന്നും നടക്കാത്തതുപോലെ, എങ്ങുമെത്താത്തതുപോലെ. പിന്നെയാണ് ഉഷ്ണമേറുന്നതും നാം അതിലേക്ക് ചേരുന്നതും വായനയുടെ വേഗം കൂടുന്നതും. 

The Topeka School എന്ന നോവലിന്റെ കര്‍ത്താവും കവിയും നിരൂപകനുമൊക്കെയായ ബെന്‍ ലേര്‍ണര്‍ (Ben Lerner) മര്‍നെയ്‌നിന്റെ എഴുത്തിനെ കുറിച്ച് കൗതുകകരമായ ഒരു കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കുന്നുണ്ട്. അനോസ്മിയ (anosmia) അല്ലെങ്കില്‍ ഗന്ധാന്ധത - ഗന്ധങ്ങള്‍ തിരിച്ചറിയാനുള്ള കഴിവില്ലായ്മ - എന്നൊരു രോഗാവസ്ഥ ഉണ്ടായിരുന്നു മര്‍നെയ്‌ന്. അത് അദ്ദേഹത്തിന് synesthesia (ഒരു വിവരവിനിമയത്തെ - stimulus - ഒന്നിലധികം ഇന്ദ്രിയങ്ങളിലൂടെ അറിയാനുള്ള ശേഷി) എന്ന കഴിവ് കൊടുത്തിരിക്കാം എന്ന് ലേര്‍ണര്‍ എഴുതുന്നു, അതിനായി മര്‍നെയ്ന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ - 'വയമ്പിന്‍ പൂവിന്റെ ഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്നുവെന്ന് നിങ്ങളെന്നോട് പറയുകയാണെങ്കില്‍, നീലലോഹിതവര്‍ണ്ണത്തിലുള്ള ചെറിയ ഈര്‍പ്പത്തുള്ളികള്‍ വായുവിലാകെ ഒഴുകി നടക്കുന്നതായി എനിക്ക് കാണാനാകും' - എടുത്തു വയ്ക്കുകയും ചെയ്യുന്നു. 

ശ്രദ്ധയൊന്ന് തെറ്റിയാല്‍ ചരട് മുറിഞ്ഞുപോകുന്ന ഈ വായനയുടെ ഇടയിലെവിടെയോ 'ആരും എത്തിപ്പെടാത്ത ഇരുണ്ട ഇടങ്ങളില്‍ നിന്നാവണം എല്ലാ വിദ്യയും, എല്ലാ കലയും ഉരുവമെടുക്കേണ്ടത്' എന്ന് നമുക്ക് വായിക്കാനാവും. ഈ കൃതിയെങ്ങനെ നല്ല സാഹിത്യമാകുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം ആ വാചകത്തിലുണ്ട്. 

*ഈ നീണ്ട വാചകം, വിവര്‍ത്തനത്തിന് വഴങ്ങാത്ത ഒന്നായതു കൊണ്ട്, രണ്ടായി മുറിച്ചിട്ടുണ്ട്. മുഴുവന്‍ വാചകം ഇങ്ങനെ: And so, on those darkening afternoons, at those scenes whose scenery seemed more often pointed at than observed, whenever the camera in my hand put me in mind of some young woman who might see me years afterwards as a man who saw further than others, I would always ask my patron at last to record the moment when I lifted my own camera to my face and stood with my eyes pressed against the lens and my fingers poised as if to expose to the film in its dark chamber the darkness that was the only visible sign of whatever I saw beyond myself.