ആ ആപ്പിള്‍- അതിനും വളരെ വളരെ മുമ്പു പോരായ്മകള്‍ക്കിടമില്ലാതിരുന്ന ഒരു പൂന്തോട്ടത്തിലെ വിലക്കപ്പെട്ട കനിയെ പോലെ - ഒരു തുടക്കമായിരുന്നു, 1665-ലെയോ 1666-ലെയോ വേനല്‍ ചൂടിലാണ് ആ പഴം ഞെട്ടറ്റ് വീണത്. എന്നാല്‍ അത് മതിയായിരുന്നു ഐസക് ന്യൂട്ടണ് ഗുരുത്വാകര്‍ഷണ സിദ്ധാന്തം കണ്ടെത്തുവാന്‍.

To advertise here,

1687-ല്‍ പ്രസിദ്ധീകരിച്ച 'പ്രകൃതി ശാസ്ത്രത്തിന്റെ ഗണിതതത്വങ്ങള്‍' എന്നോ മറ്റോ തര്‍ജ്ജമ ചെയ്യാവുന്ന, തന്റെ ഗ്രന്ഥത്തിലാണ് - Philosophiae Naturalis Principia Mathematica എന്ന് യഥാര്‍ത്ഥ നാമം - ഗുരുത്വാകര്‍ഷണ സിദ്ധാന്തം ന്യൂട്ടണ്‍ ആദ്യമായി അവതരിപ്പിക്കുന്നത്. ജോസഫ് ലൂയി ലെഗ്രാഞ്ച്  'മനുഷ്യചിന്തയുടെ ഏറ്റവും മഹത്തായ ഉല്‍പ്പന്നം' എന്ന് വിളിച്ചതും മൂന്ന് വോള്യമായി പുറത്തിറങ്ങിയതുമായ ആ ഗ്രന്ഥത്തിലൂടെ തന്നെയാണ് ചലനത്തെക്കുറിച്ചുള്ള ന്യൂട്ടോണിയന്‍ സിദ്ധാന്തങ്ങളും പുറത്തുവന്നത്. ലോകത്തെ മാറ്റിമറിച്ച ഈ പ്രസിദ്ധീകരണത്തെക്കുറിച്ച് ഓര്‍മ്മ വരാന്‍ കാരണമായത് ചലനത്തെക്കുറിച്ച് അയുക്തികള്‍ മുന്നോട്ട് വച്ച മറ്റൊരു ധിഷണാശാലിയെ ഓര്‍ത്തു പോയതുകൊണ്ടാണ്. സോക്രട്ടീസിന് മുമ്പ്, ബി.സി. അഞ്ചാം നൂറ്റാണ്ടില്‍ ഗ്രീസിലെ എലിയ എന്ന തീരദേശ ഗ്രാമത്തില്‍ ജീവിച്ചിരുന്ന സീനോ (Zeno of Elea) എന്ന തത്വശാസ്ത്രജ്ഞന്‍ വിചിത്രമായ ചില വാദങ്ങള്‍ അക്കാലത്ത് മുന്നോട്ടുവച്ചു. സമയം, സ്ഥൂലത, ചലനം എന്നിവ യാഥാര്‍ത്ഥ്യങ്ങളല്ലെന്നുള്ളതായിരുന്നു അവയിലൊന്ന്. ഇതിനോട് ചേര്‍ത്ത് അദ്ദേഹം നാല് യുക്തികളും (അയുക്തികളായാണ് അവ പില്‍ക്കാലത്ത് അറിയപ്പെട്ടതെങ്കിലും) പറഞ്ഞുവെച്ചു. അവയിലൊന്ന് ഹോമറിന്റെ ഇലിയഡിലെ യോദ്ധാവ് അക്കില്ലസ്സും ആമയും തമ്മിലുള്ള ഒരു ഓട്ടപ്പന്തയത്തെക്കുറിച്ചായിരുന്നു. ഈസോപ്പ് കെട്ടുകഥകളിലെ ആമയും മുയലും കഥയിലെ മുയലിനെ പോലെ, അതിവേഗം ഓടാന്‍ പ്രാപ്തിയുള്ള അക്കില്ലസ് ആദ്യമേ ഓടിത്തുടങ്ങാന്‍ ആമയ്ക്ക് സമ്മതം കൊടുത്തു, പുറകെയാണ് അയാള്‍ ഓടാന്‍ തുടങ്ങുന്നത്.  എത്ര വേഗത്തിലോടിയാലും ഗ്രീക്ക് നായകന് ആമയെ കടന്നു പോകാനാകില്ലെന്ന വാദവുമായി സീനോ ഇവിടെ കടന്നുവരുന്നു. അതിനദ്ദേഹം പറയുന്ന ന്യായീകരണം ഇതാണ്: അക്കിലസ് ഓടാന്‍ തുടങ്ങുന്ന നേരത്ത്, ഔദാര്യത്തില്‍ കിട്ടിയ സമയം കൊണ്ട് ആമ കുറച്ചു ദൂരം പോയിക്കഴിഞ്ഞിരിക്കും. അക്കിലസ്സിന് ആ ദൂരം കടക്കണമെങ്കില്‍ അതിന്റെ പാതി ദൂരം ആദ്യം കടക്കണം, ആ പാതി കടക്കണമെങ്കില്‍ അതിന്റെ പാതി കടക്കണം. അങ്ങനെ എപ്പോഴും ഒരു പാതി, അതെത്ര ചെറുതായാലും, ബാക്കി വരുമെന്നും അതുകൊണ്ടുതന്നെ അക്കിലസ് മത്സരത്തില്‍ തോല്‍ക്കുമെന്നും സീനോ വാദിച്ചു. മറ്റൊരു ദൃഷ്ടാന്തകഥയില്‍ അദ്ദേഹം തൊടുത്തുവിട്ട അമ്പിനെകുറിച്ചാണ് പറഞ്ഞത്, ആ അമ്പ് അനങ്ങുന്നതേയില്ലെന്ന്, കാരണമുണ്ട്, വില്ലില്‍ നിന്ന് പുറപ്പെട്ട അമ്പ് ഒരു നിമിഷത്തിന്റെ വളരെ ചെറിയൊരു മാത്രയില്‍ അന്തരീക്ഷത്തില്‍ നിശ്ചലമാണെന്നും നിശ്ചലമായതൊന്നും ചലിക്കുന്നില്ലെന്നും സീനോ വാദിച്ചു. ഈ വാദങ്ങള്‍ക്കൊന്നും മറുപടിയില്ലാതിരുന്ന ലോകം അവയെ സീനോയുടെ അയുക്തികള്‍ (Zeno's paradoxes) എന്നു വിളിച്ചു് മാറിനിന്നു, ഒരു നൂറ്റാണ്ടിനു ശേഷം അരിസ്റ്റോട്ടില്‍ ഒരുത്തരം കണ്ടെത്തുന്നതുവരെ.

 തൊള്ളായിരത്തി എഴുപതുകളുടെ അവസാനം സീനോയെക്കുറിച്ച് ആദ്യമായി വായിക്കുമ്പോള്‍ ആ ധിഷണാശക്തിയ്ക്ക് മുന്നില്‍ പരിഭ്രമത്തോടെ ഒരിട നിന്നു പോയിട്ടുണ്ട്. ബോര്‍ഹെസിന്റെ 'രാവണന്‍ കോട്ടകള്‍ ' (Labyrinths) എന്ന പുസ്തകത്തിലെ 'ആമയുടെ അവതാരങ്ങള്‍' എന്ന ലേഖനത്തില്‍ നിന്നാണ് സീനോ എന്ന നാമം ആദ്യം അറിയുന്നത്. രഹസ്യാത്ഭുതം (The Secret Miracle), വൃത്താകൃതിയിലെ അവശിഷ്ടങ്ങള്‍ (The Circular Ruins), ബാബേല്‍ ലൈബ്രറി (The Library of Babel), പിരിയുന്ന പാതകളുള്ള പൂന്തോട്ടം (The Garden of Forking Paths), ട്‌ളോണ്‍ ഉഖ്ബാര്‍ ഓര്‍ബിസ് ടെര്‍ഷ്യസ് (Tlon Uqbar Irbus Tertius) തുടങ്ങിയ എക്കാലത്തേയും മികച്ച ചെറുകഥകളില്‍ ചിലത് ആ കൃതിയിലുണ്ടായിരുന്നു, അതില്‍ നിന്നു തന്നെയാണ് എന്റെ ബോര്‍ഹസ് യാത്രയും തുടങ്ങുന്നത്. 
 
ബോര്‍ഹസ് ഒരു അത്ഭുതമായിരുന്നു എന്നും. നൊബേല്‍ സമ്മാനം ലഭിക്കാത്ത മഹാന്മാരായ എഴുത്തുകാരുടെ കണക്കെടുക്കുമ്പോള്‍ ആദ്യം വരുന്ന പേരുകളിലൊന്ന്, പത്താമത്തെ വയസ്സില്‍ ഓസ്‌ക്കാര്‍ വൈല്‍ഡിന്റെ ഹാപ്പി പ്രിന്‍സ് സ്പാനിഷ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത പ്രതിഭ, അന്‍പത്തഞ്ചാം വയസ്സില്‍ കാഴ്ച നഷ്ടപ്പെട്ടിട്ടും വൃദ്ധയായ അമ്മയുടെ സഹായത്തില്‍ എഴുത്തും വായനയും തുടര്‍ന്ന നിര്‍ബന്ധ ബുദ്ധി,  എന്നാലിതൊന്നുമല്ല എന്നെ അത്ഭുതപ്പെടുത്തിയത്. എഴുത്തിനു പുറകില്‍ ഹൃദയം മാത്രമല്ല തലച്ചോറ് കൂടിയുണ്ടെന്നും എന്നാലത് ഹൃദയത്തെ അഭിസംബോധന ചെയ്യണമെന്നും പഠിപ്പിച്ചത് ബോര്‍ഹസാണ്. മറ്റൊന്നുകൂടി എന്നെ അമ്പരപ്പിച്ചിരുന്നു, സ്വന്തമായി നോവലുകള്‍ കല്‍പ്പിച്ചുണ്ടാക്കി, അവയ്ക്ക് സ്വയം നിരൂപണമെഴുതുന്ന ഒരു ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു എന്ന കാര്യം (ജോണ്‍ ഷീവറിന്റെ ബുള്ളറ്റ് പാര്‍ക്ക് എന്ന നോവലില്‍ ചിത്രകാരന്‍ ഷോണ്‍ ഷാര്‍ഡിനെ കുറിച്ചുള്ള ഒരു സിനിമ മുഴുവനായി സ്വപ്നം കണ്ടതിനെക്കുറിച്ചു ഒരു കഥാപാത്രം ദീര്‍ഘമായി സംസാരിക്കുന്നത് ഓര്‍മ വരുന്നു).

 ബോര്‍ഹസ്, കാഴ്ച നഷ്ടപ്പെടുന്നതിന് തൊട്ടുമുമ്പ്, ഒരു നോവലിന് അവതാരിക എഴുതി, 130 പേജ് പോലുമില്ലാത്ത (എനിക്ക് കിട്ടിയ പുസ്തകം 117 പേജ്) The Invention of Morel എന്ന ചെറുനോവലിന്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ അഡോള്‍ഫോ ബിയോയ് കസാറസ് (Adolfo Bioy Casares) രചിച്ച രണ്ടാമത്തെ കൃതി (ഈ രണ്ട് ആര്‍ജന്റീനിയന്‍ എഴുത്തുകാരുടേയും സൗഹൃദം പ്രശസ്തമായിരുന്നു. സ്വന്തം കൃതികളെ കൂടാതെ അവര്‍ യോജിച്ചെഴുതിയ രചനകളും പുറത്തുവന്നിട്ടുണ്ട്, Honorio Bustos Domecq, Benito Suarez Lynch എന്നീ തൂലികാനാമങ്ങളില്‍). അവരുടെ സൗഹൃദത്തിന്മേല്‍, സ്മൃതിവാചകം പോലെ കസാറസിന്റെ വാക്കുകളുണ്ട്, 1986 ജൂണ്‍ 14ന് ജനീവയില്‍ വച്ച് കരളിലെ കാന്‍സര്‍ രോഗംമൂലം ബോര്‍ഹസ് മരിച്ചുവെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ പറഞ്ഞവയാണവ: 'ഒരു കൊച്ചു കടയുടെ മുന്നിലൂടെ ഞാന്‍ നടന്നു... ബോര്‍ഹസ് ഇല്ലാത്ത ലോകത്തിലെ എന്റെ ആദ്യ കാല്‍വയ്പ്പുകളാണതെന്ന് അറിഞ്ഞു കൊണ്ട് തന്നെ. ഇതെനിക്ക് അയാളോട് പറയണം. അയാള്‍ക്ക് അതിഷ്ടമാകും, എന്നാലും അയാള്‍ കരുതും അത് ഒരു മണ്ടന്‍ ചിന്തയാണെന്ന്.'

The Invention of Morel - പേരിന് H. G. Wells ന്റെ The Island of Doctor Moreau എന്ന കൃതിയിലെ ഭ്രാന്തന്‍ ശാസ്ത്രജ്ഞന്‍, മോറോയോട് കടപ്പാടുണ്ട്- 1940-ലാണ് പുറത്തിറങ്ങിയത്, ബോര്‍ഹസ്സിന്റെ സഹോദരി നോറ ബോര്‍ഹസ് രൂപകല്‍പ്പന ചെയ്ത പുറംചട്ടയോടെ. അവതാരികയില്‍ ബോര്‍ഹസ് ഈ നോവലിനെ കാഫ്കയുടെ The Trial, ജൂള്‍സ് വേണിന്റെ Voyage to the Centre of the Earth, ഹെന്റി ജെയിംസിന്റെ The Turn of the Screw തുടങ്ങിയ നോവലുകളുമായി താരതമ്യപ്പെടുത്തുന്നു, A work of reasoned imagination എന്ന് വിളിക്കുന്നു, ശേഷം അദ്ദേഹം അവതാരിക ഇങ്ങനെ അവസാനിപ്പിക്കുന്നു: 'ഈ കഥയെ കുറ്റമറ്റത് എന്ന് വിശേഷിപ്പിച്ചാല്‍ അത് പിശകോ അത്യുക്തിയോ ആകില്ല' (To classify it as perfect is neither an imprecision nor a hyperbole).

 Alain Robbe- Grillet എഴുതി അലന്‍ റെനെ സംവിധാനം ചെയ്ത Last Year at Marienbad എന്ന ഫ്രെഞ്ച് സിനിമയ്ക്ക് ഈ കൃതിയില്‍ നിന്നുള്ള പ്രേരണ റോബ്ഗ്രിയേ നിഷേധിക്കുന്നുണ്ടെങ്കിലും എമീഡിയോ ഗ്രെക്കോയുടെ 1974 ല്‍ ഇറങ്ങിയ Morel's Invention എന്ന ഇറ്റാലിയന്‍ ചിത്രം കസാറസിന് കഥയുടെ ക്രെഡിറ്റ് കൊടുക്കുന്നു. ആ കഥയാണെങ്കില്‍ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ഒരു മറുകാഴ്ചയാണ്.

'ഇന്ന്, ഈ ദ്വീപില്‍, ഒരത്ഭുതം നടന്നു: സമയത്തിനു മുമ്പേ വേനല്‍ക്കാലം എത്തിച്ചേര്‍ന്നു' (Today, on this island, a miracle happened: summer came ahead of time). ജീവപര്യന്തം ജയില്‍വാസത്തിന് ശിക്ഷിക്കപ്പെട്ടതിനാല്‍ പോലീസിന്റെ കയ്യെത്താദൂരം തിരഞ്ഞുനടക്കുന്ന ഒരു കുറ്റവാളി - അയാളൊരു കഥാകൃത്താണ് - കൊൽക്കത്തയിൽ കണ്ടുമുട്ടിയ ഒരു ഇറ്റലിക്കാരന്റെ സഹായത്തോടെ, ഏതോ ഒരു ദ്വീപിലേക്ക് ഒളിച്ചോടുന്നു. ആ വിചിത്രദ്വീപിലുള്ള അയാളുടെ അനുഭവങ്ങളുടെ തുടക്കമാണ് മേലെ എഴുതിയ വാചകം, ഈ വാചകത്തോടെയാണ് നോവല്‍ തുടങ്ങുന്നത്.

എഴുത്തുകാരന്‍ ദ്വീപില്‍ കുറെ ആളുകളെ; ഏതാണ്ട് മുപ്പതോളം പേരെ, കാണുന്നുണ്ട്, അതില്‍ ഒരു ഫ്രഞ്ച് യുവതിയും, ഫോസ്റ്റീന്‍ എന്നാണവളുടെ പേര്, അവള്‍ പലപ്പോഴും ഒരു പാറക്കെട്ടില്‍ വന്നിരിക്കുന്നു, ഇടയ്ക്ക് കൂടെ ഒരു താടിക്കാരനും. അയാളാണ് ഈ നോവലിന്റെ ശീര്‍ഷകത്തിലുള്ള മോറെല്‍. ക്രമേണ, യുവതിയുടേയും കൂട്ടുകാരന്റേയും പ്രവൃത്തികള്‍ എഴുത്തുകാരനെ വല്ലാതെ മഥിക്കുന്നു, അതൊരു ത്രികോണ പ്രണയത്തിന്റെ രൂപഭാവങ്ങള്‍ ആര്‍ജ്ജിക്കുന്നു. പോകപ്പോകെ, മനുഷ്യര്‍ ചിത്രങ്ങളായി പരിണമിക്കുന്നു. യാഥാര്‍ത്ഥ്യം എന്തെന്ന് തിരിച്ചറിയാനുള്ള കഴിവ് വായനക്കാരന് നഷ്ടപ്പെടുന്നു. അതിന്റെ ന്യായീകരണമെന്നോണം കസാറസ് ഇടയ്‌ക്കെവിടേയോ ഇങ്ങനെ കുറിച്ചു വയ്ക്കുകയും ചെയ്യുന്നു: 'ഒരു ചെപ്പടിവിദ്യക്കാരന്റെ ചലനങ്ങളെ മാന്ത്രിക വിദ്യയാക്കുന്നത് നമ്മുടെ കാഴ്ചയുടെ പരിമിതികളാണ് ' (What changes the sleight of hand artist's movements into magic is our inability to see.)

placeholder
Adolfo Bioy Casares
കസാറസ്

ഒരു അതിജീവന കഥ - survival story മാത്രമായി പോയേക്കാവുന്ന ഈ കൃതി നല്ല സാഹിത്യമായി മാറുന്നതെങ്ങനെ എന്നുള്ളതിന്റെ സൂചന ഈ കുറിപ്പിന്റെ ശീര്‍ഷകത്തിലുണ്ട്. യാഥാര്‍ത്ഥ്യമാണോ അതിയാഥാര്‍ത്ഥ്യമാണോ മതിഭ്രമമാണോ എന്ന തിരിച്ചറിവ് നഷ്ടപ്പെടുന്ന രചനാരീതിയും ഒന്നിലധികം കാഴ്ചപ്പാടുകളിലൂടെ ഈ കൃതിയെ നോക്കിക്കാണാമെന്നുള്ളതും അതിന് വളരെയേറെ സഹായകമാവുന്നു. ഒരിടത്ത് കസാറസ് ഇങ്ങനെ എഴുതുന്നു: 'സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമായോ, യാഥാര്‍ത്ഥ്യത്തെ ഭ്രാന്തായോ കണക്കാക്കണമെന്നു് ഞാന്‍ കരുതുന്നില്ല' (I do not believe that a dream should necessarily be taken for reality, or reality for madness). മറ്റൊരിടത്ത് ഇങ്ങനെ: 'I felt my pocket; I took out the book. I compared the two: they were not two copies of the same book, but the same copy twice...' ഈ കൃതിയുടെ അന്തസ്സത്ത മേലെയുള്ള ഉദ്ധരണികളില്‍ നിന്ന് വായിച്ചെടുക്കാം.

 കസാറസ് ഈ കൃതി സമര്‍പ്പിച്ചത് ബോര്‍ഹസ്സിനാണ്, ആത്മസുഹൃത്തിന് നല്‍കുവാന്‍ തിരഞ്ഞെടുത്തത് ഒരു മികച്ച സമ്മാനം തന്നെ. എന്നിരിക്കിലും, കുറ്റമറ്റ കൃതിയാണിത് എന്ന് ബോര്‍ഹസ് പറയുമ്പോള്‍, ഈയൊരു കാര്യത്തിലെങ്കിലും, മഹാനായ ആ ആര്‍ജന്റീന്‍ സാഹിത്യകാരനോട് വിയോജിക്കാനേ എനിക്കാവൂ. എന്തെല്ലാമോ കാരണങ്ങള്‍ മൂലം - പലയിടത്തും ഭാവനയുടെ നൈസര്‍ഗ്ഗികതയേക്കാള്‍ പ്രവൃത്തി നൈപുണ്യം, മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വൈകാരികതയ്ക്ക് മേലേ നില്‍ക്കുന്ന പ്രജ്ഞാപരത (ബോര്‍ഹസ് Reasoned Imagination എന്ന് പറഞ്ഞത് ഓര്‍ക്കുക), എന്നുള്ളതാവാം ആ കാരണങ്ങളിലൊന്ന് - സാഹിത്യ ചരിത്രത്തിലെ മഹത്തായ കൃതികളിരിക്കുന്ന തട്ടിലേക്ക് ഈ നോവലിന് എത്താനാകുന്നില്ല എന്നൊരു തോന്നല്‍.

എന്നാല്‍ പോലും, ഒടുവിലത്തെ വരിയില്‍ എഴുതാനാവുക, ആത്യന്തികമായി ഒരു നല്ല വായന തരുന്നുണ്ട് ഈ കൃതി എന്ന് തന്നെയാണ്.