ഒരു പുസ്തകം പരിഭാഷപ്പെടുത്തുമ്പോള്‍ വിവര്‍ത്തകന്‍ അതില്‍ തന്റേതായ ഭാവനകളും സംഭാവനകളും ചേര്‍ക്കുന്നത് തെറ്റാണോ? അല്ലെന്നാണ് ബ്രസീലിയന്‍ എഴുത്തുകാരന്‍ ലൂയിസ് ഫെര്‍നാന്ദോ വെരീസ്സിമോയുടെ Borges and the Eternal Orangutan എന്ന പുസ്തകത്തിലെ കഥാപാത്രമായ വോഗെല്‍സ്റ്റെയ്ന്‍ കരുതിയത്. അങ്ങനെ അയാള്‍ ബോര്‍ഹെസിന്റെ കഥയുടെ പരിഭാഷയില്‍ തന്റെ ഭാവനകൂടി ചേര്‍ത്തു. പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് നെറ്റിയില്‍ വാല്‍ പിടിപ്പിക്കുന്നതുപോലെയാണ് വോഗെല്‍സ്റ്റെയ്ന്റെ പ്രവൃത്തിയെന്നായിരുന്നു ബോര്‍ഹെസ് ഇതേപ്പറ്റി പ്രതികരിച്ചത്.

To advertise here,

അങ്ങനെയാണെങ്കില്‍ പരിഭാഷയില്‍ വിവര്‍ത്തകന്‍ സ്വന്തം സങ്കല്പസൃഷ്ടികള്‍ തിരുകിക്കയറ്റുന്നത് തെറ്റുതന്നെയാണ്. എന്നാല്‍, എപ്പോഴും അങ്ങനെയാവണമെന്നില്ല. ഭാവനയുപയോഗിച്ച് പരിഭാഷയെ ഏതാണ്ട് മുഴുവനായും മാറ്റുകയും മൂലകൃതിയെക്കാള്‍ പതിന്മടങ്ങ് മെച്ചപ്പെടുത്തുകയും ചെയ്ത ഒരു പരിഭാഷകനുണ്ട്. അദ്ദേഹത്തിന്റെ പേരാണ് വാള്‍ദിമര്‍ ആസ്മുന്‍ഡ്സണ്‍ (Valdimar ÁAsmundsson). അപ്പോള്‍ അദ്ദേഹം പരിഭാഷയില്‍ സ്വന്തം സംഭാവനകള്‍ ചേര്‍ത്ത് അധികമാനങ്ങള്‍ നല്‍കിയ ആ കൃതിയേതാണ്? മറ്റൊന്നുമല്ല, ബ്രാം സ്റ്റോക്കറുടെ സാക്ഷാല്‍ ഡ്രാക്കുള!

ബ്രാം സ്റ്റോക്കറുടെ സമകാലികനായിരുന്നു ഐസ്ലന്‍ഡുകാരനായ ആസ്മുന്‍ഡ്സണ്‍. 1897- ല്‍ പ്രസിദ്ധീകരിച്ച ഡ്രാക്കുളയെ 1901-ല്‍ 'ഇരുട്ടിന്റെ ശക്തികള്‍'(Makt Myrkranna) എന്ന പേരില്‍ ആസ്മുന്‍ഡ്സണ്‍ പരിഭാഷപ്പെടുത്തി. പിന്നീട് ഒരു നൂറ്റാണ്ടിലധികം ഈ കൃതിയുടെ മഹത്ത്വത്തെപ്പറ്റി ആരുമറിഞ്ഞില്ല. ഐസ്ലന്‍ഡിക് ഭാഷ പഠിക്കുക എന്നത് ഏറെ കഠിനമാണ് എന്നതും പുറംലോകത്തിന് ഈ പുസ്തകം അപ്രാപ്യമാകാന്‍ കാരണമായിട്ടുണ്ടാകാം. 2014-ല്‍ ഐസ്ലന്‍ഡിക് ഭാഷാവിദഗ്ധനായ ഹാന്‍സ് ഡി റൂസ് ഈ പരിഭാഷ വായിക്കാനിടയായി. ഞെട്ടിത്തരിച്ചുപോയി അദ്ദേഹം. കാരണം അത് വെറുമൊരു പരിഭാഷയായിരുന്നില്ല; പ്രണയവും കാമവും നിറഞ്ഞുകവിഞ്ഞ, രാഷ്ട്രീയമായ അധികമാനങ്ങളുള്ള, വേറിട്ട കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുമുള്ള, കൂടുതല്‍ ഉദ്വേഗജനകമായ, തികച്ചും വ്യത്യസ്തമായ മറ്റൊരു കൃതിയായിരുന്നു! ഡി റൂസ് 'ഇരുട്ടിന്റെ ശക്തികളെ' ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു. ഇന്ന് സാഹിത്യലോകത്ത് ഒരു വിസ്‌ഫോടനംതന്നെ തീര്‍ത്തിരിക്കുകയാണ് ഇംഗ്ലീഷ് ഭാഷയിലെഴുതപ്പെട്ട ഡ്രാക്കുളയുടെ ഐസ്ലന്‍ഡിക് ഭാഷയിലേക്കുള്ള മൊഴിമാറ്റത്തിന്റെ തിരികെ ഇംഗ്ലീഷിലേക്കുള്ള ഈ പരിഭാഷ.

placeholder
ബ്രാം സ്റ്റോക്കര്‍ | Photo: Wikipedia

പതിനഞ്ചാം നൂറ്റാണ്ടില്‍ റൊമാനിയയില്‍ ജീവിച്ചിരുന്ന അതിക്രൂരനായ ഭരണാധികാരിയായിരുന്നു വ്‌ലാദ് ടെപെസ് എന്നറിയപ്പെട്ടിരുന്ന ഡ്രാക്കുള. റാഡു ഫ്‌ലോറെസ്‌കുവും റെയ്മണ്ട് മക്നലിയും (Radu R. Florescu and Raymond T. McNally) ചേര്‍ന്നെഴുതിയ Dracula, Prince of Many Faces എന്ന പുസ്തകത്തില്‍ അദ്ദേഹത്തിന്റെ ക്രൂരതകള്‍ വര്‍ണിച്ചിരിക്കുന്നതിങ്ങനെ: 'എതിരാളികളായ ഭടന്മാരെ ഡ്രാക്കുള കൂട്ടക്കൊല ചെയ്തു. അവശേഷിച്ചവരെ അടുത്ത ഗ്രാമത്തിലേക്ക് കൊണ്ടുപോയി ശൂലത്തില്‍ തറച്ചു. തുടര്‍ന്ന് താല്‍മെ നഗരത്തിലെത്തിയ ഡ്രാക്കുള അവിടം ചുട്ടുചാമ്പലാക്കി. അവിടെയുള്ളവരെ കാബേജ് നുറുക്കുന്നതുപോലെ അരിഞ്ഞ് തളളി.' ഡ്രാക്കുളയുടെ അന്ത്യത്തെപ്പറ്റിയും ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. തുര്‍ക്കികള്‍ കൊലപ്പെടുത്തിയ ഡ്രാക്കുളയുടെ മൃതദേഹം ഒരു പള്ളിയുടെ അള്‍ത്താരയ്ക്കടിയില്‍ അടക്കംചെയ്തു. പിന്നീട് കല്ലറ തുറന്നപ്പോള്‍ കണ്ടത് മനുഷ്യന്റെയല്ല, മൃഗങ്ങളുടെ അവശിഷ്ടങ്ങളായിരുന്നത്രേ.

ഡ്രാക്കുളയുടെ രക്തദാഹത്തിന്റെയും ചെന്നായയും വവ്വാലും മറ്റുമായി രൂപം മാറാനുള്ള കഴിവിന്റെയും രൂപരേഖകളുണ്ടാക്കാന്‍ ബ്രാം സ്റ്റോക്കറെ ഇത്തരം കഥകള്‍ സഹായിച്ചിട്ടുണ്ടാവാം. ഡ്രാക്കുളയെപ്പറ്റിയുള്ള ഒരു ജര്‍മന്‍ കവിതയുടെ ഇംഗ്ലീഷ് പരിഭാഷയും സ്റ്റോക്കറെ മറ്റൊരുവിധത്തില്‍ വഴിതെറ്റിച്ചു. മിഷേല്‍ ബെഹെയ്മിന്റെ കവിതയിലെ 'രക്തത്തില്‍ കൈ കഴുകുന്ന ഡ്രാക്കുള' എന്ന അലങ്കാരപ്രയോഗം ഇംഗ്ലീഷിലെത്തിയപ്പോള്‍ 'എതിരാളികളുടെ ചോരയില്‍ റൊട്ടിമുക്കി ഭക്ഷിക്കുന്ന ഡ്രാക്കുള' എന്നായി മാറി. പരിഭാഷയില്‍ ഭാവന ചേര്‍ക്കുന്നത് ചിലപ്പോള്‍ വല്ലാത്ത കുഴപ്പങ്ങളുമുണ്ടാക്കും.

ഏതായാലും സ്റ്റോക്കറുടെ ഡ്രാക്കുള ശരിക്കും രക്തം കുടിക്കുന്നവനാണ്; യൗവനം നിലനിര്‍ത്താന്‍ വേണ്ടിമാത്രം. എന്നാല്‍, ആസ്മുന്‍ഡ്സന്റെ ഡ്രാക്കുള രക്തം കുടിക്കുന്നേയില്ല. റൊമാനിയയിലെ കാര്‍പാത്യന്‍ മലനിരകളിലെ ദുര്‍ഗം വിട്ട് അയാള്‍ ലണ്ടനിലെത്തുന്നത് രക്തപാനം ചെയ്യാനല്ല, ജനാധിപത്യഭരണകൂടങ്ങളെ അട്ടിമറിക്കാനാണ്. വംശീയമായി താഴേക്കിടയിലുള്ളവരെ ഉന്മൂലനം ചെയ്ത് ശുദ്ധരക്തമുള്ളവര്‍മാത്രം ജീവിക്കുന്ന ഒരു ലോകമാണ് അയാളുടെ സ്വപ്നം. ഇരുപതാം നൂറ്റാണ്ടിലും തുടര്‍ന്നും ഭരണത്തിലെത്തിയ വംശീയ ഏകാധിപതികളെ കാലേക്കൂട്ടി ചിത്രീകരിച്ചു എന്നതാണ് ആസ്മുന്‍ഡ്സന്റെ പുസ്തകത്തെ മഹത്ത്വപ്പെടുത്തുന്നത്.

ലണ്ടനില്‍ സ്ഥലം വാങ്ങാന്‍ ഡ്രാക്കുള വിളിച്ചുവരുത്തിയ ജോനാഥന്‍ ഹാര്‍കെര്‍ കാണുന്നത് കോട്ടയില്‍ ഏകനായി കഴിയുന്ന പ്രഭുവിനെയാണ്. എന്നാല്‍, നാത്ര എന്ന് പേരുള്ള ബധിരയും മൂകയുമായ ഒരു വൃദ്ധ പരിചാരികകൂടിയുണ്ട് ആസ്മുന്‍ഡ്സന്റെ കഥാപാത്രമായ തോമസ് ഹാര്‍കെറെ കൂട്ടിക്കൊണ്ടുപോകുന്ന ഡ്രാക്കുളയ്ക്ക്. സ്റ്റോക്കറുടെ കഥയിലെ ജോനാഥന്റെ രക്തമൂറ്റാന്‍ വരുന്ന യുവതികളായ മൂന്ന് രക്തരക്ഷസ്സുകള്‍ക്ക് പകരം സ്വര്‍ണത്തലമുടിയുള്ള, അതിസുന്ദരിയായ ഒരുവളാണ് ആസ്മുന്‍ഡ്സന്റെ കഥയില്‍.

placeholder
പുസ്തകത്തിന്റെ കവര്‍ പേജ്‌

പ്രതിശ്രുതവധുവായ വില്‍മയെ (സ്റ്റോക്കറുടെ മിന) മറന്ന് പലപ്പോഴും തോമസ് പ്രണയത്തിലാവുന്നുപോലുമുണ്ട് അവളുമായി. ആസ്മുന്‍ഡ്സണ്‍ പുസ്തകത്തില്‍നിന്ന്: 'അവള്‍ പറഞ്ഞു: ''എനിക്ക് ആളുകളെ ഇഷ്ടമാണ്. ഇവിടെ കാര്‍പാത്യനില്‍ ആളുകളേയില്ല.'' അവളുടെ കണ്ണുകള്‍ നിലാവില്‍ തിളങ്ങി. ഞാനെന്നെ മറന്നു. അവളെ കൈക്കുള്ളിലൊതുക്കി ചുംബിക്കാന്‍ ഞാന്‍ അടുത്തേക്ക് നീങ്ങി.' ഈ രചനയുടെ സ്വാധീനത്തില്‍പ്പെട്ടാണ് താന്‍ Under the Glacier എന്ന നോവലെഴുതിയതെന്ന് നൊബേല്‍ പുരസ്‌കാര ജേതാവായ ഐസ്ലന്‍ഡിക് എഴുത്തുകാരന്‍ ഹള്‍ദോര്‍ ലക്സ്നെസ്സ് (Halldor Laxness) പറഞ്ഞിട്ടുണ്ട്. ആ നോവലില്‍ അദ്ദേഹം എഴുതി: ''ഉറക്കത്തില്‍ അവന്‍ പ്രാണികളെ ജീവിതത്തിലേക്ക് വിളിച്ച് വരുത്തുന്നു, എന്നിട്ട് കണ്ണുകള്‍കൊണ്ട് കൊല്ലുന്നു.'' ഡ്രാക്കുളയെപ്പോലെ. 

ആസ്മുന്‍ഡ്സന്റെ കഥയില്‍ ഡ്രാക്കുളക്കോട്ടയില്‍ ബലികൊടുക്കപ്പെടുന്നവരുടെ ചോര കുടിക്കുന്നത് പ്രഭുവിന്റെ വാനരരൂപികളായ അനുയായികളാണ്. ഡ്രാക്കുളയെ എതിര്‍ക്കുന്നവര്‍ ഇല്ലാതാക്കുന്നതാകട്ടെ വെറുമൊരു രക്തരക്ഷസ്സിനെയല്ല, ലോകത്തെ കാല്‍ക്കീഴിലാക്കാന്‍ ശ്രമിക്കുന്ന ഒരു ഏകാധിപതിയെയാണ്. രക്തദാഹം എന്നത്  ശാരീരികമായ ആവശ്യമല്ല, തികച്ചും രാഷ്ട്രീയപരമാണെന്ന് ഒരു പരിഭാഷ അങ്ങനെ കാണിച്ചുതരുന്നു.