
ഫെബ്രുവരി എട്ടുമുതല്‍ 11വരെ നടക്കുന്ന 'മാതൃഭൂമി' സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന നൈജീരിയന്‍ എഴുത്തുകാരന്‍ ചിഗോസീ ഒബ്യോമയുടെ 'ദ ഫിഷര്‍മെന്‍', 'ആന്‍ ഓര്‍ക്കസ്ട്ര ഓഫ് മൈനോറിറ്റീസ്' എന്നീ നോവലുകളെക്കുറിച്ച്;
ഒരിക്കല്‍, നൈജീരിയയിലെ പുതിയ എഴുത്തുകാരില്‍ ശ്രദ്ധേയനായ ചിഗോസി ഒബ്യോമ(Chigozie Obioma)യോട് അദ്ദേഹത്തിന്റെ അച്ഛന്‍ പറഞ്ഞു: ''നഗ്‌നനായ ഒരു മനുഷ്യന്‍ നിനക്ക് വസ്ത്രങ്ങള്‍ തരുകയാണെങ്കില്‍ അയാളെ സൂക്ഷിക്കണം.'' പഴഞ്ചൊല്ലുകള്‍ വ്യാഖ്യാനിക്കുന്നത് ഇഗ്‌ബോ വംശജര്‍ തെറ്റാണെന്നുകരുതുന്നു. ഒബ്യോമയുടെ അച്ഛനും ആ വാക്കുകളെപ്പറ്റി കൂടുതലൊന്നും പറഞ്ഞില്ല. പക്ഷേ, ഒബ്യോമയുടെ ആഖ്യാനങ്ങളെല്ലാം ആ പഴഞ്ചൊല്ലിന്റെ വിശദീകരണങ്ങളാണ്. കറുത്തവര്‍ക്ക് ലഭിക്കുന്നതെല്ലാം തങ്ങളുടെ ഔദാര്യമാണെന്ന് കരുതുന്ന പുറംലോകത്തിന്റെ നഗ്‌നതയെപ്പറ്റി, ആ ഔദാര്യത്തില്‍ സ്വത്വം നഷ്ടപ്പെടുന്ന കറുത്തവന്റെ ഇരുണ്ടതും എന്നാല്‍, മാന്ത്രികവുമായ ലോകങ്ങളെപ്പറ്റി അദ്ദേഹം എഴുതുന്നു.
1986-ല്‍ നൈജീരിയയിലെ ഇഗ്‌ബോ വംശത്തില്‍ ജനിച്ച ഒബ്യോമയെ ഏറ്റവുമധികം സ്വാധീനിച്ച എഴുത്തുകാരിലൊരാള്‍ ചിനുവാ അച്ചേബേയായതില്‍ അദ്ഭുതമില്ല. അച്ചേബേയുടെ 'ഏരോ ഓഫ് ഗോഡ്' മുതലായ കൃതികളില്‍ കാണുന്ന ഇഗ്‌ബോ സംസ്‌കാരത്തിന്റെയും മിത്തുകളുടെയും ഭംഗി ഒബ്യോമയുടെ എഴുത്തിലുമുണ്ട്. അദ്ദേഹത്തിന്റെ ആദ്യനോവലായ 'ദ ഫിഷര്‍മെന്‍' 2015-ലെ ബുക്കര്‍ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചു. രണ്ടാമത്തെ നോവലായ 'ആന്‍ ഓര്‍ക്കസ്ട്ര ഓഫ് മൈനോറിറ്റീസ്' 2019-ലെ ബുക്കര്‍ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും സ്ഥാനംനേടി. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരിലൊരാള്‍ അരുന്ധതി റോയ് ആണെന്നുപറഞ്ഞിട്ടുള്ള ഒബ്യോമയുടെ രണ്ടു നോവലുകളും ഒട്ടേറെ അന്താരാഷ്ട്രബഹുമതികള്‍ നേടിയവയാണ്.
ഇക്കേന, ബോജ, ഒബെംബെ, ബെഞ്ചമിന്‍ എന്നീ നാല് സഹോദരന്മാരുടെ കഥയാണ് 'ദ ഫിഷര്‍മെന്‍' എന്ന നോവല്‍. അവരുടെ കര്‍ക്കശനും ബാങ്കുദ്യോഗസ്ഥനുമായ അച്ഛന് മറ്റൊരു നാട്ടിലേക്ക് സ്ഥലംമാറ്റംകിട്ടുന്ന സമയത്താണ് കഥ തുടങ്ങുന്നത്. അച്ഛന്‍ പോയതോടെ കിട്ടിയ സ്വാതന്ത്ര്യം സഹോദരന്മാര്‍ ആഘോഷിക്കുന്നു. അങ്ങനെ ഒരു ദിവസം പ്രേതനദിയായ ഒമി-അലയില്‍ മീന്‍പിടിക്കാന്‍ പോകുകയാണ് അവര്‍.

കഥയില്‍ ഈ നദിക്ക് സവിശേഷമായ സ്ഥാനമാണുള്ളത്. പണ്ടുകാലത്ത് ഒമി-അലയെ ഒരു ദൈവമായി ആളുകള്‍ ആരാധിച്ചിരുന്നു. നദിയുടെപേരില്‍ അവര്‍ ക്ഷേത്രങ്ങള്‍ പണിതു. യൂറോപ്യന്മാര്‍ ക്രിസ്തുമതം പ്രചരിപ്പിച്ചതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. നദിയെ ആരും പൂജിക്കാതായി. മാത്രമല്ല, പിശാചുക്കളുടെ ആവാസസ്ഥാനമായി കരുതാനും തുടങ്ങി. ഈ നദിയിലേക്കാണ് സഹോദരന്മാര്‍ മീന്‍പിടിക്കാന്‍പോയത്. നദിയിലെ പിശാചുക്കളുടെ ശാപംകൊണ്ടോ എന്തോ അതോടെ അവരുടെ ജീവിതഗതിയും താറുമാറാകുന്നു.
പകല്‍സമയത്ത് ഭ്രാന്തനും നേരമിരുളുന്നതോടെ പ്രവാചകനുമായി മാറുന്ന അബുലുവാണ് അവരുടെ ജീവിതം വഴിതിരിച്ചുവിടുന്നത്. മീന്‍പിടിക്കാന്‍പോയ അവര്‍ അബുലുവിന്റെ മുന്നില്‍പ്പെടുന്നു. സന്ധ്യയുടെ മാന്ത്രികവെളിച്ചത്തില്‍, വൃത്തികെട്ട ആ ഭ്രാന്തന്‍ അമാനുഷികശക്തിയുള്ള പ്രവാചകനായി മാറുകയായിരുന്നു. ഇക്കേനയെ മീന്‍പിടിത്തക്കാരിലൊരാള്‍ കൊല്ലുമെന്നായിരുന്നു അന്ന് അബുലുവിന്റെ പ്രവചനം. ഇപ്പോള്‍ മീന്‍പിടിത്തക്കാരായി മാറിയ സഹോദരന്മാരിലൊരാള്‍ തന്നെ കൊല്ലുമെന് ഇക്കേന വിശ്വസിക്കാന്‍ തുടങ്ങി. അതവന്റെ താളംതെറ്റിച്ചു. തന്റെ മുറിയില്‍ ഉറങ്ങിയിരുന്ന ബോജയെയായിരുന്നു ഇക്കേനയ്ക്ക് കൂടുതല്‍ സംശയം. സഹോദരന്മാര്‍ അവനെ സമാശ്വസിപ്പിച്ചതൊന്നും ഫലിച്ചില്ല. ഭയംകാരണം ഇക്കേന ഭ്രാന്തനെപ്പോലെയായി. അവന്‍ ബോജയെ കൊല്ലാന്‍ ശ്രമിക്കുന്നു. മല്‍പ്പിടിത്തത്തിനിടയില്‍ അബദ്ധത്തില്‍ ബോജയുടെ കൈകൊണ്ട് ഇക്കേന കൊല്ലപ്പെടുന്നു. തുടര്‍ന്ന് ബോജ ആത്മഹത്യചെയ്യുന്നു.
ഭ്രാന്തനും പ്രവാചകനുമായ അബുലുവിനെപ്പോലുള്ള ഒരു കഥാപാത്രം തികച്ചും ഒരപൂര്‍വസൃഷ്ടിയാണ്. കവിതപോലെയാണ് അവന്റെ പ്രവചനങ്ങള്‍. അബുലു പ്രവചിക്കുന്നതിങ്ങനെ: ''നിന്റെ നാവ് വിശന്നുവലഞ്ഞ ഒരു മൃഗത്തെപ്പോലെ വായില്‍നിന്ന് പുറത്തുചാടും. പിന്നെ അതൊരിക്കലും തിരിച്ചുപോവുകയുമില്ല.'' വന്യവും മനോഹരവും ചിലപ്പോള്‍ പൈശാചികവുമാണ് ഒബ്യോമയുടെ മാന്ത്രികമായ കഥപറച്ചില്‍.
സൈപ്രസില്‍ പഠിക്കുന്നകാലത്തെ തന്റെ അനുഭവങ്ങളായിരിക്കാം ഒബ്യോമയ്ക്ക് 'ആന്‍ ഓര്‍ക്കസ്ട്ര ഓഫ് മൈനോറിറ്റീസ്' എഴുതാന്‍ പ്രേരണയായത്. ഇതിലെ നായകനായ ചിനോണ്‍സോ ഒലിസ എന്ന കോഴിവില്‍പ്പനക്കാരന്‍ പഠിക്കാന്‍ പോകുന്നതും സൈപ്രസിലേക്കുതന്നെ.
ഒരു പാലത്തില്‍വെച്ചാണ് ചിനോണ്‍സോ ദാലിയെ കാണുന്നത്. അവള്‍ പുഴയിലേക്ക് ചാടാനൊരുങ്ങുകയാണെന്ന് മനസ്സിലാക്കിയ ചിനോണ്‍സോ തന്റെ ഏറ്റവുംനല്ല രണ്ട് കോഴികളെ പുഴയിലേക്കെറിഞ്ഞു. അതുകണ്ടതോടെ വീഴ്ചയുടെ ഭയങ്കരത്വം മനസ്സിലാക്കിയ ദാലി ആ ഉദ്യമത്തില്‍നിന്ന് പിന്‍വാങ്ങി. അവര്‍ പ്രണയത്തിലായി. പക്ഷേ, ദാലിയുടെ ധനികരായ മാതാപിതാക്കള്‍ക്ക് ആ ബന്ധം ഇഷ്ടമായിരുന്നില്ല. ചിനോണ്‍സോക്ക് വിദ്യാഭ്യാസമില്ലെന്നതായിരുന്നു അവര്‍ പറഞ്ഞ കാരണം. ഒടുവില്‍ കോഴിഫാം വിറ്റ് ഒരു ഇടനിലക്കാരന്റെ സഹായത്തോടെ ചിനോണ്‍സോ പഠനത്തിനായി സൈപ്രസിലേക്ക് പോകുകയാണ്.

അവിടെയെത്തിയപ്പോഴാണ് ഇടനിലക്കാരന്‍ തന്നെ ചതിച്ചതാണെന്നകാര്യം ചിനോണ്‍സോക്ക് മനസ്സിലായത്. ഒടുവില്‍ ചിനോണ്‍സോ തടവിലാകുന്നു. നാട്ടില്‍ തിരിച്ചെത്തിയ ചിനോണ്‍സോ, ദാലി വേറൊരാളെ വിവാഹം കഴിച്ചെന്നറിഞ്ഞ് ഭ്രാന്തനെപ്പോലെയായി. അവള്‍ അകത്തുണ്ടെന്നറിയാതെ അവന്‍ അവളുടെ വീടിന് തീവെക്കുകയും അവള്‍ വെന്തുമരിക്കുകയും ചെയ്യുന്നു.
ഇതെല്ലാം ചിനോണ്‍സോയുടെ 'ചി'(Chi - കാവല്‍മാലാഖ) പറയുന്ന വിധത്തിലാണ് നോവല്‍ എഴുതപ്പെട്ടിരിക്കുന്നത്. ഇഗ്‌ബോ മിത്തോളജിയിലെ ഒരു പ്രധാന കഥാപാത്രമാണ് 'ചി'. ഇമ്മാനുവല്‍ ഒജിയാകു (Emmanuel Ojiaku) എഴുതിയ Odinani: The Igbo Sacred Tradition എന്ന പുസ്തകത്തില്‍ 'ചി'യെപ്പറ്റി പറയുന്നതിങ്ങനെ: ''ചുക്ക് വു എന്ന പരമശക്തനായ ദൈവത്തോട് മനുഷ്യനെ ചേര്‍ക്കുന്ന കണ്ണിയാണ് 'ചി'. മനുഷ്യന്റെ ഇഹലോകസഞ്ചാരത്തിന്റെ പാതകൂടിയാണ് അത്.'' 'ചി' യെപ്പറ്റി അറിഞ്ഞെങ്കില്‍ മാത്രമേ ഒബ്യോമയുടെ ഈ നോവല്‍ പൂര്‍ണമായി മനസ്സിലാവുകയുള്ളൂ. ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടുപോകുന്നവരാണ് ഒബ്യോമയുടെ കഥാപാത്രങ്ങള്‍. ഭ്രാന്തന്‍പ്രവചനങ്ങള്‍ക്ക് കാതോര്‍ത്ത് ഭയപ്പാടോടെ അവര്‍ ഒമി-അല നദിപോലെ എല്ലാവരില്‍നിന്നും ഒഴിഞ്ഞ്, അരികുമാറി ഒഴുകുന്നു.
Content Highlights: Jayakrishnan, Chigozie Obioma, Nigerian writer, Vakkolam
Published: 15 Jan 2024, 10:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented