വായിച്ചുകഴിയുമ്പോള്‍ ആത്മാംശമുള്ളതായി തോന്നുന്ന ഒരു പുസ്തകം അവനവനെക്കുറിച്ചുള്ള ആഴമേറിയ ചിന്തകളിലേക്ക് ഒരു വായനക്കാരന്റെ മനസ്സിനെ ആനയിക്കും. കഥയോ കഥാപാത്രമോ വായിക്കുന്നയാളുടെ ചില ചിന്തകള്‍ക്ക് ശക്തിയാകും, ചില നിസ്സഹായതകളോര്‍ത്ത് നെടുവീര്‍പ്പാകും, അല്ലെങ്കില്‍ ചിലപ്പോള്‍ ചിരിയുടേയോ കരച്ചിലിന്റേയോ ദേഷ്യത്തിന്റേയോ പൊട്ടിത്തെറികളുടെ കാരണമായി പുറത്തുവരും. പുസ്തകത്തിലെ കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകളും ഉടലനക്കങ്ങളും അവാച്യവും സങ്കീര്‍ണവുമായ മനോവ്യാപാരങ്ങളും ഉള്ളില്‍ തങ്ങിനില്‍ക്കും. മികച്ചൊരു കൃതിയുടെ വായനയ്ക്കിടെ പുസ്തകത്താളുകള്‍ മറിയുന്നുണ്ടോ ഇല്ലയോ എന്നും വായിക്കുന്നവരറിയില്ല. അവരുടെ മനസ്സിനെ അത് വായനയിലേക്കൊഴുക്കിവിടും. ശേഷം തീര്‍ന്നുപോയല്ലോ എന്നൊരു നൊമ്പരം അത്തരം എഴുത്തുകള്‍ ബാക്കിവെയ്ക്കും. സമാനമായൊരു അനുഭവം നല്‍കാന്‍ ചില ചലച്ചിത്രങ്ങള്‍ക്കുമാകും.  

To advertise here,

ലോകമാകമാനമുള്ള വായനക്കാര്‍ നെഞ്ചേറ്റിയ പുസ്തകങ്ങളില്‍ ചിലതെങ്കിലും ചലച്ചിത്രമായി രൂപംപ്രാപിക്കാന്‍ നിര്‍ബന്ധിതമായിട്ടുണ്ട്. ഒരുപാട് അഡാപ്റ്റേഷനുകള്‍ സംഭവിച്ച അമേരിക്കന്‍ ക്ലാസിക് കൃതിയായ 'ലിറ്റില്‍ വിമിനെ' അതില്‍നിന്നൊട്ടും മാറ്റിനിര്‍ത്താന്‍ കഴിയില്ല. ഇന്നും കെടാതെ മിന്നുന്ന ലൂയിസ മേ ആല്‍ക്കോട്ടിന്റെ ലിറ്റില്‍ വിമിന്‍! 12 -ലധികം തവണ പല ഭാഷകളിലായി സ്‌ക്രീനില്‍ പിറവികൊണ്ട ആ നോവല്‍ ലോകശ്രദ്ധയാര്‍ജിക്കുന്നതില്‍ എന്നും മുന്നിട്ടുതന്നെ നിന്നു. സിനിമാപ്രേമികളില്‍ വലിയൊരു വിഭാഗത്തിന് ആരാധ്യയായ ഗ്രെറ്റ ഗെര്‍വിഗിന്റെ 'ലിറ്റില്‍ വിമിനും' കാലഘട്ടത്തിന്റെ അനിവാര്യതയായി സ്‌ക്രീനില്‍ തീയായ് പടര്‍ന്നു, ശാന്തതയോടെ.

placeholder
ലിറ്റില്‍ വിമിന്‍(2019) സിനിമയുടെ പോസ്റ്റര്‍ |
littlewomenmovie/Instagram

കാലാതിവര്‍ത്തിയായ ക്രാഫ്‌റ്റൊരുക്കിയ നോവലിസ്റ്റ് ലൂയിസയെ മനസ്സിലാരാധിച്ചിരുന്ന പെണ്‍കുട്ടിയായിരുന്നു ഗ്രെറ്റ. മുതിര്‍ന്നപ്പോള്‍ അഭിനേത്രി, സംവിധായിക, എഴുത്തുകാരി എന്നീ നിലകളില്‍ അവര്‍ ജനപ്രീതി നേടി. വ്യക്തിപരമായി ഗ്രെറ്റയെ ഏറെ സ്വാധീനിച്ച 'ലിറ്റില്‍ വിമിന്‍' എന്ന നോവല്‍ അഡാപ്റ്റ് ചെയ്ത് 2019 -ല്‍ അതേ പേരില്‍ സിനിമ സംവിധാനം ചെയ്തു. ആഗോള പ്രേക്ഷകരെ ആകര്‍ഷിച്ച ചിത്രത്തിന് ആറ് അക്കാദമി അവാര്‍ഡ് നോമിനേഷനുകളുമുണ്ടായിരുന്നു. സോണി പിക്‌ച്ചേഴ്‌സിനോട് തനിക്ക് മാത്രമേ ഈ നോവലിനോടും അതിന്റെ ആത്മാവിനോടും നീതിപുലര്‍ത്താനാകൂ, അതിനാല്‍ ഈ സിനിമ താന്‍ ചെയ്യാമെന്ന് പറഞ്ഞ് ഗ്രെറ്റ മുന്നോട്ടുവരികയായിരുന്നു. അതാവര്‍ത്തിച്ച് പറയാന്‍ ഗ്രെറ്റയെ പ്രേരിപ്പിച്ചത് ആ നോവലിനോടും നോവലിസ്റ്റിനോടും അവള്‍ക്കുണ്ടായിരുന്ന പ്രേമമായിരുന്നു, ആരാധനയായിരുന്നു. സിനിമ പുറത്തിറങ്ങിയശേഷം തന്റെ അഭിമുഖങ്ങളില്‍ ഗ്രെറ്റ പറഞ്ഞു: 'എന്റെ ബാല്യകാലത്തെ ആകര്‍ഷിച്ച കഥാപാത്രമായിരുന്നു ജോ എങ്കില്‍ എന്റെ സ്ത്രീത്വത്തെ അത്രയേറെ സ്വാധീനിച്ച നോവലിസ്റ്റായിരുന്നു ലൂയിസ'

ഒരു പുസ്തകം ഒട്ടേറെ അഡാപ്‌റ്റേഷനുകള്‍

പുസ്തകങ്ങളില്‍ നിന്ന് കടംകൊണ്ടവയായിരുന്നു ആരംഭകാലത്തെ സിനിമകളെന്നത് ചരിത്രമാണല്ലോ. നിരവധി കൃതികള്‍ അങ്ങനെ ചലച്ചിത്രങ്ങളായി രൂപമെടുത്തിട്ടുണ്ട്. ഗ്രാഫിക് നോവലായും, സിനിമകളായുമെല്ലാം ലോകം കണ്ട കൃതികളാണ് ഷേക്സ്പിയറിന്റേത്. 16-ാം നൂറ്റാണ്ടില്‍ അവതരിപ്പിക്കപ്പെട്ടതെന്ന് കരുതുന്നവയാണ് ഷേക്സ്പിയറിന്റെ ആദ്യനാടകങ്ങള്‍. അവയില്‍ പലതും പല ഭാഷകളില്‍ വ്യാപകമായി സ്വതന്ത്ര അഡാപ്റ്റേഷനുകള്‍ക്ക് വിധേയമായി. മലയാള ചലച്ചിത്രങ്ങളായ കളിയാട്ടം, കണ്ണകി, വീരം തുടങ്ങി ജയരാജ് സംവിധാനം ചെയ്ത സിനിമകള്‍ യഥാക്രമം 'ഒഥല്ലോ', 'ആന്റണി ആന്‍ഡ് ക്ലിയോപാട്ര', 'മാക്ബത്ത്' എന്നിവയില്‍ നിന്ന് അഡാപ്റ്റ് ചെയ്തവയാണ്. 'റോമിയോ ആന്റ് ജൂലിയറ്റും' സിനിമയായിട്ടുണ്ട്. ചാള്‍സ് ഡിക്കന്‍സിന്റെ 'ക്രിസ്മസ് കരോള്‍', 'ഒലിവര്‍ ട്വിസ്റ്റ്', വിക്ടര്‍ ഹ്യൂഗോയുടെ ഫ്രഞ്ച് നോവലായ 'ലെ മിസറബിള്‍സ്', ലൂയിസ് കരോളിന്റെ 'ആലീസ് ഇന്‍ വണ്ടര്‍ലാന്റ്', ലിയോ ടോള്‍സ്റ്റോയിയുടെ 'വാര്‍ ആന്‍ഡ് പീസ്', ജെ.കെ. റോളിങിന്റെ 'ഹാരി പോര്‍ട്ടര്‍', അലക്സാണ്ടര്‍ ഡ്യുമസിന്റെ 'ത്രീ മസ്‌ക്കറ്റിയേഴ്സ്' (The Three Musketeers)', ജേൻ ഓസ്റ്റന്റെ (Jane Austen) 'പ്രൈഡ് ആന്‍ഡ് പ്രെജുഡിസ്', ആര്‍തര്‍ കോനന്‍ ഡോയലിന്റെ (Arthur Conan Doyle) 'ഷെര്‍ലക് ഹോംസ്', ബ്രാം സ്റ്റോക്കറുടെ bram Stoker) 'ഡ്രാക്കുള', ആലീസ് വാക്കറുടെ 'ദ കളര്‍ പര്‍പ്പിള്‍' എന്നീ സാഹിത്യകൃതികളും സിനിമയായി പിറന്നവയാണ്. 

placeholder
പുസ്തകത്തിന്റെ കവര്‍
| Photo: amazone.in

ലിറ്റില്‍ വിമിനിലെ കഥയുടെ കാമ്പാണ് പല ഭാഷകളിലേക്ക് പറക്കാന്‍ നോവലിന് ചിറകുകള്‍ നല്‍കിയത്. അതുള്‍ക്കൊള്ളുന്ന ആശയം എക്കാലവും പ്രസക്തവുമാണ്. നാടകമായി, സിനിമകളായി, ടെലിവിഷന്‍ സീരീസായി,  എന്തിനേറെ പറയുന്നു, അനിമേഷന്‍ ചിത്രംവരെയായി അത് കാലങ്ങളോളം കാതങ്ങള്‍ താണ്ടിനടന്നുകൊണ്ടിരുന്നു. 1868-ലും 1869-ലും രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ അമേരിക്കന്‍ നോവലാണ് 'ലിറ്റില്‍ വിമിന്‍'. ഒരര്‍ധ ആത്മകഥ. ലൂയിസ മേ ആല്‍ക്കോട്ടിന്റേത് മാത്രമല്ല, വായനക്കാര്‍ പലരുടേയും ആത്മകഥാംശമുള്ള ഒരു ക്ലാസിക് രചന. നാല് സഹോദരിമാരുടെ ബാല്യം മുതല്‍ യൗവ്വനംവരെ നീളുന്ന ജീവിതയാത്രയാണ് ഇരുകൃതികളിലുമായി പറയുന്നത്. അന്നത്തെ സാമൂഹിക ചുറ്റുപാടില്‍ നിന്നും വ്യത്യസ്തമായ മനോഭാവത്തോടെയാണ് അവര്‍ ജീവിക്കുന്നത്. കാലികപ്രസക്തമായ പല കാര്യങ്ങളോടും അതിന് സാമ്യമുണ്ട്. 

അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിന് തൊട്ടുശേഷമുള്ള അക്കാലത്ത് സ്ത്രീ സ്വാതന്ത്ര്യമടക്കമുള്ള പുരോഗമനപരമായ ആശയങ്ങളും, വ്യക്തിദുഃഖങ്ങളും സ്വപ്നവും സ്വാതന്ത്ര്യവും എല്ലാം പ്രതിപാദിച്ച് പോകുന്ന നോവലിനെക്കുറിച്ച് പല അഭിപ്രായങ്ങളുമുണ്ടായി. ഡ്രാമ, കോമഡി, പ്രണയം, സാഹസികത എന്നിങ്ങനെ അന്നത്തെ അമേരിക്കന്‍ നോവലിലെ എല്ലാ പ്രത്യേകതകളും ഈ പുസ്തകത്തിനുണ്ടായിരുന്നു. പുതുതലമുറ വായനക്കാരെ ആകര്‍ഷിച്ച ലോകത്തിലെ മറ്റൊരു കൃതിയായി അങ്ങനെ ആല്‍ക്കോട്ടിന്റെ ലിറ്റില്‍ വിമിന്‍. വലിയ സാമ്പത്തിക വിജയവും നിരൂപകപ്രശംസയും അന്ന് നോവല്‍ നേടി. ദാരിദ്ര്യം  രുചിച്ചറിഞ്ഞും യുദ്ധത്തെ അതിജീവിച്ചും വളര്‍ന്നുവന്നവരായിരുന്നു നോവലിനകത്തും പുറത്തുമുള്ള ആളുകള്‍. ഫെമിനിസ്റ്റ് ആശയങ്ങളെ പിന്തുണയ്ക്കുന്ന സ്ത്രീയായിരുന്നു ലൂയിസ. അമ്മയും നാല് പെണ്‍മക്കളും അടങ്ങുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച് അവരുടെ വീടും ജീവിതവും വിവരിക്കുമ്പോഴും അതൊരിക്കലും പരമ്പരാഗത കുടുംബവ്യവസ്ഥിതിയിലുള്ള ഒരു വീടാകാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു.

placeholder
ലൂയിസ മേ ആല്‍ക്കോട്ട് | Photo: Wikipedia 

പെണ്ണുങ്ങള്‍ മാത്രമുള്ള ആ വീടിന്റെ അകത്തളങ്ങളില്‍ പൊട്ടിച്ചിരികളും തര്‍ക്കങ്ങളും നൊമ്പരങ്ങളും ആധികളും കോപവും സ്‌നേഹവും എല്ലാം പകൽപോലെ വ്യക്തമായിരുന്നു. എന്നാല്‍ പുറംലോകത്തിനത് 'അസാധാരണമായി'രുന്നു. പട്ടാളക്കാരനായ ഗൃഹനാഥന്റെ അഭാവത്തില്‍ ഗൃഹനാഥയാണ് നെടുംതൂണ്‍. പേര് മാര്‍മി. മറ്റേതൊരമ്മയേയും പോലെ സ്‌നേഹസമ്പന്ന തന്നെ. മൂത്തപുത്രി സുന്ദരിയായ മെഗ്, എഴുത്തുകാരിയാകാന്‍ അഭിനിവേശമുള്ള അത്യധ്വാനിയായ ജോ, ചിത്രകാരിയാകാനും ആ മേഖലയില്‍ പ്രശസ്തയാകാനും ആഗ്രഹിക്കുന്ന ഏമി, അല്‍പം നാണക്കാരിയായ സംഗീതപ്രേമി ഇളയവള്‍- ബെത്ത് എന്നിങ്ങനെ നാല് പേര്‍ ആ അമ്മത്തണലില്‍ വളരുന്നു. 
 
തിരശ്ശീലയിലെ ലിറ്റില്‍ വിമിന്‍ 

നിശബ്ദസിനിമയടക്കം പന്ത്രണ്ടിലേറെ തവണ സ്‌ക്രീനിലും വന്ന കൃതിയാണ് ലിറ്റില്‍ വിമിനെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? 1913-ലും 1918 ലും ബ്രിട്ടീഷ്, അമേരിക്കന്‍ നിശബ്ദസിനിമകളായാണ് ലിറ്റില്‍ വിമിനെത്തിയത്. 1933-ലെ സിനിമ സംസാരിച്ചു, 1949, 1994 എന്നീ വര്‍ഷങ്ങളിലും നോവലിന്റെ അതേ പേരില്‍ സിനിമയെത്തി. 1950- കളിലും 70- കളിലും ടി.വി. സീരിയലുകളായും ജന്മമെടുത്തു. 1987-ല്‍ ജാപ്പനീസ് അനിമേഷന്‍ 'ടേല്‍സ് ഓഫ് ലിറ്റില്‍ വിമിന്‍' ടി.വി. സീരീസും പുറത്തുവന്നിരുന്നു.

വായനക്കാരുടെ ഭാവനാലോകത്ത് മാത്രം വിഹരിച്ച ലിറ്റില്‍ വിമനിലെ കഥാപാത്രങ്ങളും കഥാപരിസരവും സ്‌ക്രീനില്‍ തെളിഞ്ഞത് ആരാധകരുടെ പ്രതീക്ഷയുയര്‍ത്തിക്കൊണ്ടായിരുന്നു. പ്രേക്ഷകര്‍ പല അഭിപ്രായങ്ങളുമുന്നയിച്ചു. നോവലിന്റെ തീക്ഷ്ണമായ സ്വതന്ത്രാവിഷ്‌കാരമാണ് ഗ്രെറ്റയുടേത്. ഒരെഴുത്തുകാരി മറ്റൊരെഴുത്തുകാരിയുടെ കൃതിക്ക് നല്‍കുന്ന ആദരവ് സിനിമക്കായി എഴുതിയ ഗ്രെറ്റയ്ക്ക് നല്‍കാനായി. അവര്‍ ആരാധിച്ചിരുന്ന എഴുത്തുകാരിക്കും പുസ്തകത്തിലെ പ്രധാനകഥാപാത്രമായ, എഴുത്തുകാരിയാകാന്‍ കൊതിക്കുന്നവള്‍ക്കും ഗ്രെറ്റ നല്‍കിയ ബഹുമാനം സ്‌ക്രീനിനായി ഒരുക്കിയ എഴുത്തില്‍ കാണാമായിരുന്നു. തിരക്കഥയിലേക്ക് നോവലിലെ തന്നെ പല ഡയലോഗുകളും ഗ്രെറ്റ പകര്‍ത്തി. അങ്ങനെ ആല്‍ക്കോട്ടിന്റെ ദീര്‍ഘദര്‍ശനത്തെക്കുറിച്ച് എടുത്തുപറഞ്ഞു.  

placeholder
Photo: littlewomenmovie/Instagram

ജീവിതത്തെക്കുറിച്ച് പലതരത്തില്‍ ചിന്തിക്കുന്ന നാല് പെണ്ണുങ്ങളാണ് ഗ്രെറ്റയുടേത്. അവരുടെ കൗമാരം മുതല്‍ യൗവ്വനം വരെ നീളുന്ന കഥയാണതില്‍. വളര്‍ന്നുവരുംതോറും തിരഞ്ഞെടുപ്പുകളുടെ കൃത്യതയെക്കുറിച്ചും വ്യക്തിസ്വാതന്ത്യത്തെക്കുറിച്ചും അവര്‍ ബോധവതികളാണ്. സ്വന്തം തീരുമാനങ്ങളുടെ, നിലനില്‍പ്പിന്റെ, സ്വപ്നങ്ങളുടെ പ്രസക്തിയെക്കുറിച്ച് ധാരണയുള്ള ആ പെണ്‍കുട്ടികള്‍ ഒരിക്കലും തങ്ങളുടെ എതിരഭിപ്രായക്കാരോട് പൊട്ടിത്തെറിക്കുന്നവരോ യുദ്ധം ചെയ്യാനിറങ്ങുന്നവരോ അല്ല. എന്നാല്‍ അഭിപ്രായവ്യത്യാസങ്ങളോട് നിസ്സംഗത കാണിക്കുന്നില്ലതാനും. ഗ്രെറ്റയുടെ സ്വന്തം മാര്‍ച്ച് സഹോദരിമാരാണവര്‍. നോവലിന്റെ മറ്റ് ചലച്ചിത്രാവിഷ്‌കാരങ്ങളിലെ കഥാപാത്രങ്ങളില്‍നിന്ന് വ്യത്യസ്തരായവരെയാണ് ഗ്രെറ്റയുടെ ലിറ്റില്‍ വിമിനില്‍ കാണാനാകുക. 

ഗ്രെറ്റയും ആല്‍ക്കോട്ടും സിനിമയും

എഴുത്തും വായനയുമുള്ള കൂട്ടത്തിലാണല്ലോ നോവലിലെ പ്രധാനകഥാപാത്രമായ ജോ. ജോസഫൈന്‍ മാര്‍ച്ച് എന്നാണ് അവളുടെ മുഴുവന്‍ പേര്. സ്വന്തം മേല്‍വിലാസത്തില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടി. അവളില്‍നിന്നത്ര വ്യത്യസ്തതയല്ല ഗ്രെറ്റയിലെ സ്ത്രീയുമെന്ന് സംവിധായിക പലവട്ടം പറഞ്ഞിട്ടുള്ളതാണ്. തിരക്കഥാകൃത്തും സിനിമ സംവിധായികയും അഭിനേതാവും മാത്രമല്ല നല്ലൊരു വായനക്കാരിയുമാണവര്‍. സ്ത്രീ കഥാപാത്രങ്ങള്‍ കൂടുതലുള്ള ആല്‍ക്കോട്ടിന്റെ നോവലിനെ സ്‌ക്രീനില്‍ മനോഹരമാക്കുന്നതില്‍ ഗ്രെറ്റയെന്ന എഴുത്തുകാരിക്കുള്ള പങ്ക് വിവരണാതീതമാണ്. ഓസ്‌കര്‍ നോമിനേഷനായി തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തിന്റെ നരേഷന്‍ 'മോഡേണ്‍' ആണ്. നോവലെഴുതിയ കാലഘട്ടത്തെ പശ്ചാത്തലമാക്കിയാണ് സിനിമയുള്ളതെങ്കിലും അവിശ്വസനീയമോ സങ്കീര്‍ണമോ ആയ ഒന്നും ഗ്രെറ്റ പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടില്ല. കാലാതിവര്‍ത്തിയായ ഒരു രചനയ്ക്കും അതിന്റെ രചയിതാവിനും അര്‍ഹിക്കുന്ന ബഹുമാനം നല്‍കിക്കൊണ്ട്‌ സിനിമയ്ക്കായി തൂലിക ചലിപ്പിച്ചിരിക്കുന്നു. 

'എനിക്കിഷ്ടമുള്ള ലിറ്റററി ക്യാരക്ടറായിരുന്നു ജോ. എനിക്കായിത്തീരാന്‍ കൊതിയുള്ള കഥാപാത്രമാണവള്‍. അവളാണ് എന്റെയാള്‍'-ഗ്രെറ്റയുടെ വാക്കുകള്‍(FilmIsNow Movie Bloopers & Extras എന്ന യൂട്യൂബ് ചാനലില്‍ സിനിമയെക്കുറിച്ച് സംസാരിച്ചപ്പോള്‍ പറഞ്ഞത്). സ്ത്രീ-പണം-കല എന്നതും കഥയുടെ കോര്‍ ആയി തെളിയുന്നുണ്ട് സിനിമയില്‍. ആല്‍ക്കോട്ട് അവതരിപ്പിച്ച കഥയോട് നീതി പുലര്‍ത്താന്‍ എനിക്കേ ആകൂ എന്നുറച്ച് വിശ്വസിക്കാന്‍ ഗ്രെറ്റയ്ക്ക് സാധ്യമായത് വിഷയത്തിന്റെ സാധ്യതയെക്കുറിച്ചും തികഞ്ഞ ബോധ്യമുള്ളതുകൊണ്ടുതന്നെയാകാം. അതെന്തുകൊണ്ടാണെന്ന് ഗ്രെറ്റയ്ക്കുള്ളിലെ എഴുത്തുകാരിക്കും അഭിനേത്രിക്കും പെണ്ണിനും മാത്രം വിവരിക്കാനാകുന്നതാണ്. 

placeholder
സിനിമയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ ഗ്രെറ്റയ്‌ക്കൊപ്പം
| littlewomenmovie/Instagram

സിനിമയ്ക്കായി രണ്ട് പുസ്തകമാണ് ഗ്രെറ്റ പഠനവിധേയമാക്കിയത്. ഒന്ന് കഥാപാത്രങ്ങളുടെ കുട്ടിക്കാലം വിശദീകരിക്കുന്ന ആല്‍ക്കോട്ടിന്റെ 'ലിറ്റല്‍ വിമിന്‍' ആദ്യഭാഗം. രണ്ടാമത്തേത് എട്ട് വര്‍ഷത്തിന് ശേഷം പ്രസിദ്ധീകരിച്ച, അവരുടെ യൗവ്വനകാലം പറയുന്ന രണ്ടാമത്തെ പുസ്തകം. 'ലിറ്റില്‍ വിമിന്‍' എന്ന കൃതികൊണ്ട് പ്രശസ്തമായതാണ് ലൂസിയ മേയ് ആല്‍ക്കോട്ട് എന്ന പേര്. അന്നും ഇന്നും പുസ്തകം ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നതില്‍ വലിയ മാറ്റം വന്നിട്ടില്ല. കഥകളേക്കാളും നേവലുകളേക്കാളും മികവുറ്റവയാണ് ആല്‍ക്കോട്ടിന്റെ ലേഖനങ്ങളെന്നും ഒരു വിഭാഗം വായനക്കാര്‍ അഭിപ്രായപ്പെടുന്നത് കൗതുകമേറിയ കാര്യമാണ്. യുദ്ധാന്തര അമേരിക്കയിലിരുന്ന് പുതിയ കാലത്തെ കഥയാണെന്ന് തോന്നുംവിധമൊരു കൃതി  അന്നെഴുതിയതിനെക്കുറിച്ച് ഇന്നാലോചിക്കുമ്പോള്‍ അത്ഭുതമായി തോന്നിയേക്കാം. അപ്പോള്‍ ആല്‍ക്കോട്ടിന്റെ ഭാഷയോട് തനിക്ക് പ്രണയമാണെന്ന് സംവിധായികയ്ക്കുള്ളിലെ എഴുത്തുകാരി വിളിച്ച് പറഞ്ഞതില്‍ തെല്ലും അത്ഭുതമില്ലെന്ന് തോന്നിപ്പോകും.  

ജോ വെറുമൊരു സ്വപ്നജീവിയല്ല, മെഗ്ഗിന്റേത് അലക്ഷ്യമായ ജീവിതവുമല്ല 

എഴുത്തുകാരിയായതുകൊണ്ട് ഗ്രെറ്റയ്ക്ക് മാത്രം സാധ്യമായ ചില കാര്യങ്ങള്‍ സിനിമയെ സഹായിച്ചിട്ടുണ്ട് എന്നത് നിസ്തര്‍ക്കമാണ്. ജോ, മെഗ്ഗ്, ഏമി, ബെത്ത് എന്നിവര്‍ക്ക് പുറമെ മാര്‍മിയും  മാര്‍ച്ച് ആന്റിയും അവര്‍ തിരഞ്ഞെടുത്ത ജീവിതം ജീവിച്ചുപോകുന്നവരാണ്. വൈവാഹിക ജീവിതത്തെക്കുറിച്ച് ഒരിക്കലും ചിന്തിക്കാത്ത ഒരുവളാണ് ജോസഫൈന്‍ മാര്‍ച്ച്. അവള്‍ പുസ്തകങ്ങളെ ഇഷ്ടപ്പെടുന്നു. ലോറിയുടെ പ്രണയാഭ്യര്‍ഥന നിരസിക്കുന്നു. സ്വന്തമായൊരു പുസ്തകമെഴുതാനും അത് പ്രസിദ്ധീകരിക്കാനും ശേഷം സാമ്പത്തിക ഭദ്രതനേടി കുടുംബത്തെ സംരക്ഷിക്കാനുമാണ് ജോ ആഗ്രഹിക്കുന്നതും അധ്വാനിക്കുന്നതും. വിവാഹിതയായാല്‍ മാത്രമാണ് ജീവിതം പൂര്‍ണമാകുക എന്ന് വിശ്വസിക്കുകയും അത് വിശ്വസിപ്പിക്കാന്‍ മിനക്കെടുകയും ചെയ്യുന്ന പിതൃസഹോദരി മാര്‍ച്ച് ആന്റിയോട്‌ ജോ പറയുന്നതിങ്ങനെയാണ്: I intend to make my own world.' സ്വയം രൂപപ്പെടുത്തിയെടുക്കുന്ന ജീവിതമാണ് അവളുടെ സ്വപ്നം. 

placeholder
ഏമിയായി ഫ്ളോറന്‍സ് പ്യൂ |
Screengrab/ Little women

ലോകമറിയുന്ന ഒരു പെയിന്ററാകാനാണ് ഏമി മാര്‍ച്ച് ആഗ്രഹിക്കുന്നത്. അവള്‍ പറയുന്നു: I want to be an artist in Paris and be the best painter in the world.' ബാല്യം മുതല്‍ ഏമി ആഗ്രഹിച്ച കാര്യത്തെയാണ് അവള്‍ തന്റെ യൗവ്വനത്തിലും വിടാതെ പിന്തുടരുന്നത്. 'I want to be great or nothing' എന്നുറപ്പിച്ചു പറയുന്ന ഏമിയില്‍ കലയില്‍ തിളങ്ങാനാകാത്തതിന്റെ നിരാശ നിഴലിക്കുന്നതും കാണാം. കലാകാരി അടിസ്ഥാനപരമായി ഒരു സ്ത്രീയാണ് എന്ന കാരണത്താല്‍ സമൂഹം നല്‍കുന്ന പ്രാധാന്യം എത്ര ചെറുതാണെന്നും അങ്ങനെയൊരു സമൂഹത്തില്‍ സ്ത്രീ എത്ര ചെറുതാണെന്നാണ് കരുതിവരുന്നതെന്നും അവള്‍ ലോറിയോട് പറയുന്നുണ്ട്. ആ സംഭാഷണങ്ങളില്‍ ഏമിയുടെ അമര്‍ഷവും രോഷവും പ്രകടമാണ്. 

മാര്‍ച്ച് കുടുംബത്തിലെ മൂത്തവളാണ് മെഗ്ഗ്. അവളെ അഭിനേതാവായി കാണാനാണ് അനുജത്തി ജോ ആഗ്രഹിക്കുന്നത്. എന്നാല്‍ മെഗ്ഗ് തിരഞ്ഞെടുക്കുന്നത് കുടുംബ ജീവിതമാണ്. ഭര്‍ത്താവ്, കുട്ടികള്‍ എന്നിവരോടൊപ്പമുള്ളൊരു ജീവിതമാണ് അവള്‍ ആഗ്രഹിക്കുന്നത്. ചേച്ചിയുടെ വിവാഹദിനത്തില്‍ അവളോട് ജോ പറയുകയാണ: 'നമുക്ക് ഒളിച്ചോടി പോകാം, നീ വിവാഹം കഴിക്കേണ്ട. ഞാനെന്റെ കഥകള്‍ വില്‍ക്കാം, ഫാക്ടറിയില്‍ ജോലി ചെയ്യാം, ഭക്ഷണമുണ്ടാക്കാം, വൃത്തിയാക്കാം എല്ലാം ചെയ്യാം. നമുക്കിപ്പോള്‍ ഇവിടെനിന്ന് ഓടിപ്പോകാം. നീ ഒരു നടിയാകേണ്ടവളാണ്. അരങ്ങിലൊരുങ്ങി അഭിനയിക്കേണ്ടവളാണ്' എന്ന്. എന്നാല്‍ മെഗ്ഗിന്റെ തീരുമാനത്തില്‍ മാറ്റമുണ്ടാകുന്നില്ല. അവള്‍ പ്രൊഫ. ജോണുമായി പ്രണയത്തിലാണ്. അയാളോടൊപ്പം കുട്ടികളുമായി സന്തോഷത്തോടെ ജീവിക്കാന്‍ അവള്‍ ആഗ്രഹിക്കുന്നു. 'You will be bored of him in two years and we will be interesting forever.' അതെല്ലാം രണ്ട് വര്‍ഷംകൊണ്ടില്ലാതാകും, എന്നാല്‍ നമ്മുടെ സ്‌നേഹം ഒരിക്കലും ഇല്ലാതാകുന്നില്ലെന്ന് പറഞ്ഞ് ജോ ചേച്ചിയെ വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

placeholder
മെഗ്ഗ് ആയി വേഷമിട്ട എമ്മ വാട്‌സണ്‍ | littlewomenmovie/Instagram

താന്‍ തിരഞ്ഞെടുത്ത ജീവിതം ഇതാണ് എന്നാണ് മെഗ്ഗ് അപ്പോള്‍ പറയുന്നത്: 'Just because my dreams are different than yours doenns't mean they are unimportant.' 'നിന്റെ സ്വപ്നത്തില്‍ നിന്ന് വ്യത്യസ്തമാണ് എന്റേത്. അതുകൊണ്ടുതന്നെ  അതൊരിക്കലും നിസ്സാരമാണെന്ന അര്‍ഥമില്ല' എന്ന് മെഗ്ഗ് ജോയ്ക്ക് ബോധ്യപ്പെടുത്തി നല്‍കുന്നു. അതുപക്ഷേ ജോയോട് മാത്രമല്ല പ്രേക്ഷകരോട് തന്നെയാണ് മെഗ്ഗ് പറയുന്നത്. വിവാഹിതരാകാന്‍ ആളുകള്‍ വിമുഖത കാണിക്കുന്നതുപോലെതന്നെ വിവാഹം ചെയ്ത് കുടുംബമായി ജീവിക്കാനും ചിലര്‍ ഇഷ്ടപ്പെടുന്നുണ്ട്. അതൊരു ചോയ്‌സ് ആണ്. എല്ലാവര്‍ക്കും അവരവരുടെ ചോയ്‌സ് തിരഞ്ഞെടുക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന് അംഗീകരിക്കാനുള്ള സാമാന്യബോധം ആധുനിക സമൂഹംപോലും പൂര്‍ണമായി നേടിയിട്ടില്ല. ആല്‍ക്കോട്ടിന്റെ സംഭാഷണങ്ങളും എഴുത്തും പലതും ഗ്രെറ്റ സിനിമയില്‍ ആവര്‍ത്തിക്കാനുള്ള കാരണം അതിന്റെ പുതുമ തന്നെയാണ്. ഇന്നും എന്നും പ്രസക്തമാണവയെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയാന്‍ കാരണവുമിതെല്ലാമാണ്. 

മാര്‍മിയും മാര്‍ച്ച് കുടുംബവും 

അമേരിക്കയിലെ മാസച്യുസെറ്റ്‌സില്‍ ജീവിക്കുന്ന കുടുംബം ആഭ്യന്തരയുദ്ധാനന്തരമുള്ള ദാരിദ്ര്യവും ദുഃഖങ്ങളും അനുഭവിക്കുന്നവരാണ്. അച്ഛന്റെ കത്തുകള്‍ക്കായി കാത്തിരിക്കുന്ന മാര്‍ച്ച് കുടുംബത്തെ പല ആഘോഷവേളകളിലും അച്ഛന്റെ അസാന്നിധ്യം നൊമ്പരപ്പെടുത്തുന്നത് കാണാം. അച്ഛന്‍ തന്റെ നാല് പെണ്‍മക്കളേയും വിളിക്കുന്നത് 'മൈ ഡിയര്‍ ലിറ്റില്‍ വിമിന്‍' എന്നാണ്. കത്തുകളിലൂടെ അവരെ അഭിസംബോധന ചെയ്യുന്നതും അങ്ങനെതന്നെ. ജീവിതത്തിന്റെ മൂല്യം പഠിപ്പിച്ചുകൊണ്ടാണ് മാര്‍മി മാര്‍ച്ച് നാല് പെണ്‍മക്കളേയും വളര്‍ത്തുന്നത്. അതുതന്നെയാണ് കത്തിലൂടെ അച്ഛന്‍ അമ്മയോട് സംസാരിക്കുന്നതും. ഒരു ക്രിസ്മസ് ദിനത്തില്‍ അയല്‍പക്കത്തെ വീട്ടിലെ ദാരിദ്ര്യം കണ്ടറിയുന്ന മാര്‍മി മക്കളോട് അവരുടെ പ്രഭാതഭക്ഷണം സമ്മാനമായി നല്‍കാന്‍ അഭ്യര്‍ഥിക്കുന്നുണ്ട് ചിത്രത്തില്‍. ഭക്ഷണം കഴിക്കാന്‍ മാര്‍മിയെ കാത്തിരിക്കുകയായിരുന്ന പെണ്‍കുട്ടികളോട് വളരെ പ്രയാസപ്പെട്ടാണ് അവള്‍ ആ അഭ്യര്‍ഥന തടത്തുന്നത്. കുട്ടികള്‍ അവരുടെ ഭക്ഷണം അയല്‍വീട്ടിലെ കുട്ടികള്‍ക്ക് ദാനം ചെയ്യുകയാണ്. ആ ക്രിസ്മസ് ദിനത്തില്‍ കനത്തില്‍ മഞ്ഞുപാകിയ വഴിയിലൂടെ വരിവരിയായി ഭക്ഷണവുമായി അവര്‍ നടന്നുനീങ്ങുന്നു. ഫ്രെയ്മില്‍ ഒരു ക്രിസ്ത്യന്‍ ആരാധനാലയം കാണാം. അതുംകടന്നുള്ള അവരുടെ യാത്ര ഒരു ചെറുകുടിലില്‍ ചെന്നവസാനിക്കുന്നു. മരുന്നും ഭക്ഷണവും തണുപ്പില്‍ നിന്ന് രക്ഷ നേടാനുള്ള തുണികളുമെല്ലാം അവര്‍ ആ കുടിലിലെ കുട്ടികള്‍ക്കും അമ്മയ്ക്കും നല്‍കി, സന്തോഷത്തോടെ വീട്ടിലേക്ക് തിരിക്കുന്നു. പിന്നീടൊരിക്കല്‍ മാര്‍മിയുടെ അസാന്നിധ്യത്തില്‍ ഇളയവള്‍ ബെത്ത് ആണ് ആ കുടിലിലേക്ക് ആവശ്യമായ സഹായമെത്തിക്കുന്നത്. അവിടെ നിന്ന് ബാധിക്കുന്ന പനിതന്നെയാണ് ഒടുവില്‍ അവളുടെ ജീവന്‍ കവരാന്‍ കാരണമാകുന്നതും.

placeholder
മാര്‍മിയായി വേഷമിട്ട ലോറ ഡേണ്‍ | littlewomenmovie/Instagram

 മറ്റുള്ളവരോട് സഹതാപം വളര്‍ത്താന്‍ മാത്രമല്ല മാര്‍മി മക്കളെ പഠിപ്പിക്കുന്നത്. 'മക്കളെ ദൂരേക്ക് പറഞ്ഞയക്കേണ്ടതുണ്ടോ' എന്ന് ലോറിയുടെ അധ്യാപകന്‍ (ജോണ്‍) ചോദിക്കുമ്പോള്‍: 'Girls have to go into the world and make up their own minds about things' എന്നാണവള്‍ പറയുന്നത്. ലോകം കാണാന്‍ തന്റെ പെണ്‍കുട്ടികള്‍ക്ക് ചിറക് നല്‍കുന്ന ഒരമ്മ. യാത്രകള്‍ ചെയ്ത് മനസ്സും ചിന്തകളും വിപുലപ്പെടുത്തേണ്ടതുണ്ട്, പെണ്‍കുട്ടികള്‍ ലോകം കാണേണ്ടതും സഞ്ചരിക്കേണ്ടതുമുണ്ടെന്ന് ചിന്തിക്കുന്ന മാര്‍മിയെ നമ്മളിലെത്രയോ പേര്‍ മനസ്സിലാരാധിച്ച് പോയേക്കാം.

അമ്മയുടെ ശിക്ഷണമില്ലാതെതന്നെ മാര്‍മിയുടെ മക്കള്‍ അവസരോചിതമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും നമുക്ക് കാണാം. യുദ്ധത്തില്‍ പരിക്കേറ്റ അച്ഛനെ ശുശ്രൂഷിക്കാനായി മാര്‍മി പുറപ്പെടാനൊരുങ്ങുമ്പോള്‍ തന്റെ തലമുടി മുറിച്ച് വിറ്റുകിട്ടിയ പണവുമായാണ് ജോ മാര്‍ച്ച് അമ്മയ്ക്കരികിലേക്ക് ഓടിയെത്തുന്നത്. ആ വീട്ടില്‍ ജോയ്ക്ക് മാത്രം ചെയ്യാനാകുന്നൊരു പ്രവൃത്തിയായിരുന്നു അത്. തലമുടി നഷ്ടപ്പെട്ടതില്‍ കരയുന്ന ജോയെ ആശ്വസിപ്പിക്കുന്നത് അവളുമായി തര്‍ക്കങ്ങളും പിണക്കങ്ങളുമുണ്ടാകാറുള്ള അനുജത്തി ഏമി മാര്‍ച്ചാണ്. ഏമിയും ജോയും അവരുടെ കഴിവുകളില്‍ വിശ്വസിക്കുകയും തങ്ങൾ ലോകമറിയപ്പെടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടായപ്പോള്‍ 'നിങ്ങള്‍ ഇരുവരും സഹോദരിമാരാണ്, പരസ്പരം വിദ്വേഷം വെച്ചുപുലര്‍ത്തരുതെന്ന് അമ്മ ഓര്‍മപ്പെടുത്തുന്നു. ബെത്ത് അസുഖബാധിതയായി കിടക്കുമ്പോള്‍ മാര്‍മിക്കുപകരം അനുജത്തിയെ പരിചരിക്കുന്നത് ജോയാണ്. കുടുംബ ബന്ധങ്ങള്‍ക്ക് മാര്‍ച്ച് കുടുംബം വലിയ പ്രാധാന്യവും നല്‍കുന്നു. വീട്ടിലെ സഹായിയായ ഹാനയോടടക്കമുള്ള അവരുടെയെല്ലാം ഇടപെടലുകളും സംസാരവും ഒക്കെ കണ്ട് ലോറന്‍സ്(ലോറി) അമ്പരന്ന് നോക്കിനില്‍ക്കുന്നപോലെയാണ് ലിറ്റില്‍ വിമിന്റെ വായനക്കാരുടേയും പ്രേക്ഷകരുടേയും സ്ഥിതി. ആരും ആഗ്രഹിച്ചുപോകുന്ന സ്‌നേഹമാണ് ആ കുടുംബത്തിന്റേയും അടിത്തറ. 

placeholder
മാര്‍മിയും ജോയും | littlewomenmovie/Instagram

നോവലിനും നോവലിസ്റ്റിനും ഗ്രെറ്റ നല്‍കിയ സമ്മാനം 

'ലിറ്റില്‍ വിമിന്‍' നോവല്‍ പ്രേമികളുടെ ധാരണകള്‍ക്ക് മങ്ങലേല്‍പ്പിക്കാതെയാണ് ഗ്രെറ്റ സിനിമയ്ക്കായി എഴുതിയതും സംവിധാനം ചെയ്തതും. ലൂയിസ മേ ആല്‍ക്കോട്ടിന്റെകൂടി ജീവിതം പഠിച്ചാണ് ഗ്രെറ്റ സിനിമയുടെ കഥാന്ത്യത്തിന് അര്‍ഥം നല്‍കുന്നത്. നോവലിസ്റ്റായ ജോ മാര്‍ച്ച് തന്റെ ആദ്യ പുസ്തകത്തിന്റെ പിറവി കാണുകയാണ്. ഗ്രെറ്റതന്നെ എഴുതി സംവിധാനം ചെയ്ത് 2017-ല്‍ പുറത്തിറങ്ങിയ 'ലേഡി ബേഡ്'(Lady Bird) എന്ന ചലച്ചിത്രത്തേക്കാള്‍ ലിറ്റല്‍ വിമിനാണ് തന്റെ ആത്മാവിനോട് ചേര്‍ന്നുനില്‍ക്കുന്നതെന്ന് അവര്‍ക്ക് പറയാനാകുന്നുവെങ്കില്‍ അതിനൊരു കാരണം മാത്രമേ കാണൂ, ഗ്രെറ്റ അഗാധമായി സ്‌നേഹിക്കുന്നു- ആല്‍ക്കോട്ടിനേയും അവരുടെ നോവലിനേയും. സോഴ്ഷ റൊനാന്റെ(Saoirse Ronan) ചടുലമായ അവതരണത്തില്‍ ജോ ജീവനുറ്റ് തിളങ്ങി. കലയോട് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്ന ഏമിയെ അവതരിപ്പിച്ചത് ഫ്‌ലോറന്‍സ് പ്യു (Florence Pugh)ആണ്. രണ്ട് കാലങ്ങളില്‍ ഇരുവരുടേയും പ്രണയിതാവായ ലോറിയായി ടിമെത്തി ശലമെ(Timothee Chalamet) യും മെഗ്ഗായി എമ്മ വാട്‌സണു(Emma Watson)മാണ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത്. മാര്‍മിയായി ലോറ ഡേണ്‍(Laura Dern). കൊച്ചനുജത്തി ബെത്തിനെ എലിസ സ്‌കാന്‍ലേനും (Eliza Scanlen) ഭംഗിയാക്കിയിരിക്കുന്നു. 

placeholder
മെഗ്ഗ്(Emma Watson), ജോ(Saoirse Ronan), ഏമി(Florence Pugh), ബെത്ത്‌(Eliza Scanlen)
| littlewomenmovie/Instagram

കുടുംബബന്ധങ്ങളില്‍ അന്തര്‍ലീനമായ സ്‌നേഹം, പ്രണയം, സ്വപ്നം, സ്വാതന്ത്യം, സഹജീവി സ്‌നേഹം, എന്നിവയെല്ലാം കൈകാര്യം ചെയ്യുന്ന ഒരു നോവലിന്, നോവലിസ്റ്റിന് ഗ്രെറ്റ നല്‍കിയ സമ്മാനം തന്നെയാണ് ഈ സിനിമ. സഹോദരീബന്ധമോ പ്രണയബന്ധമോ മനുഷ്യസ്നേഹമോ മാത്രമല്ല ലിറ്റില്‍ വിമിനില്‍ പറയുന്നത്. സ്വാതന്ത്ര്യബോധമാണ് മറ്റെന്തിനേക്കാളും മാര്‍ച്ച് പെണ്‍കുട്ടികളില്‍ തെളിഞ്ഞുകാണുന്നത്. അതാകട്ടെ, അവരിലോരോരുത്തരിലും വ്യത്യസ്തമാണുതാനും. ആല്‍ക്കോട്ടിന്റെ രചനകൾ വായിച്ച്, സ്‌നേഹിച്ച് വളര്‍ന്ന ഒരു പെണ്‍കുട്ടിക്ക് പിന്നീട് തന്റെ പ്രിയ എഴുത്തുകാരിക്കായി ഇങ്ങനെയൊരു ഉപഹാരം നല്‍കാനായത് കാലത്തിന്റെ കണക്ക് പുസ്തകത്തിലെവിടെയോ ചേര്‍ത്തുവെയ്ക്കപ്പെട്ടേക്കാം. ഒരുപാട് തവണ സ്‌ക്രീനില്‍ പതിഞ്ഞ കഥയേയും അതിലെ കഥാപാത്രങ്ങളേയും പുതിയ കാലത്തോട്, പുതിയ ചിന്താരീതികളോട് സമരസപ്പെടുന്ന ലിറ്റില്‍ വിമിനായി ഗ്രെറ്റ നമുക്ക് മുന്നിലെത്തിച്ചു. വീടുതന്നെയാണ് സിനിമയിലെ പ്രധാന ലൊക്കേഷന്‍. വീട്ടില്‍ പ്ലേസ് ചെയ്തിരിക്കുന്ന ക്യാമറ പകര്‍ത്തിയെടുക്കുന്ന കഥാപാത്രങ്ങളുടെ സ്വഭാവ-സംഭാഷണങ്ങളില്‍നിന്ന് മനസ്സിലാക്കാം ഗ്രെറ്റയുടെ പെണ്ണുങ്ങള്‍ എത്രത്തോളം വ്യത്യസ്തരാണെന്ന്. 

placeholder
ജോയും ലോറിയും | littlewomenmovie/Instagram

പെന്‍സില്‍വാനിയയിലെ ജര്‍മന്‍ ടൗണിലാണ് ലൂയിസ മേ ആല്‍ക്കോട്ട് (1832-1888) ജനിക്കുന്നത്. അമേരിക്കന്‍ തത്വചിന്തകനും അധ്യാപകനുമായിരുന്ന ബ്രോന്‍സണ്‍ ആല്‍ക്കോട്ടിന്റെ മകളായിരുന്നു ലൂയിസ. ബോസ്റ്റണിലും മാസച്യുസെറ്റ്‌സിലുമായിരുന്നു അവര്‍ ഒരുപാട് കാലം ചെലവഴിച്ചിരുന്നത്. ജീവിതപ്രാരാബ്ധങ്ങള്‍ അലട്ടിയിരുന്ന കുടുംബത്തെ സഹായിക്കാന്‍ ലൂയിസ ജോലികള്‍ ചെയ്തു. പിന്നീടാണ് എഴുത്തിലേക്കെത്തുന്നത്. അപ്പോഴത്തെ എഴുത്തുകള്‍ പലതും അവരുടെ നിത്യവൃത്തിക്കായുള്ളതായിരുന്നു. പിന്നീട് സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ പ്രത്യേക ശ്രദ്ധനല്‍കിയെഴുതി. അമേരിക്കന്‍ സിവില്‍ യുദ്ധസമയത്ത് നഴ്‌സായി സേവനമനുഷ്ഠിച്ചിരുന്ന ലൂയിസയ്ക്ക് അതിനിടയില്‍ ടൈഫോയ്ഡ് പിടിപെടുകയും വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ഹോസ്പിറ്റല്‍ സ്‌കെച്ചസ് (1863) പേരില്‍ പിന്നീട് പുസ്തകമായി വന്ന ലൂയിസയുടെ കത്തുകള്‍ പ്രശസ്തമാണ്. പിന്നീട് ദ അറ്റ്‌ലാന്റിക് മന്ത്‌ലിയിലും ലൂയിസയുടെ രചനകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ശേഷമാണ് 'ലിറ്റില്‍ വിമിന്‍' വരുന്നതും കൃതി അത്യധികം ജനപ്രീതി നേടുന്നതും. തന്റെ ബാല്യകാലസ്മരണകള്‍ തന്നെ ഓര്‍മിച്ചെഴുതി ലൂയിസ. ന്യൂ ഇംഗ്ലണ്ടിലെ കുടുംബങ്ങളിലെ പ്രവണതകളെ അവര്‍ വിവരിച്ചു. 1871, 1886 വര്‍ഷങ്ങളിലായി രണ്ട് പുസ്തകങ്ങള്‍ ലൂയിസ എഴുതി. Little men: Life at Plumfield with Jo's Boys, Jo's boys and How They Turned out എന്നിവയാണവ. ലിറ്റില്‍ വിമിന്റെ തന്നെ തുടര്‍ച്ചയായിരുന്നു ഈ രണ്ട് രചനകളും. 

placeholder
സിനിമയില്‍ നിന്ന്‌ |Photo: littlewomenmovie/Instagram

തനിക്കും കുടുംബത്തിനും താങ്ങായി നില്‍ക്കാനാകണമെന്ന് സ്വപ്നം കണ്ട ലൂയിസയും ലിറ്റില്‍ വിമിനിലെ ജോയും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ല. ഇരുവര്‍ക്കും കുടുംബമെന്നാല്‍ എല്ലാമായിരുന്നു. തന്റെ തന്നെ മുന്‍കാല ജീവിതത്തെ മുന്‍നിര്‍ത്തിക്കൊണ്ടാണ് ആല്‍ക്കോട്ട് ലിറ്റില്‍ വിമിന്‍ രചിച്ചതെന്നതിന് തെളിവായി ഈയൊരൊറ്റ കഥാപാത്രത്തെതന്നെ പരിശോധിച്ചാല്‍ മതി. ഉറക്കമൊഴിച്ചിരുന്നെഴുതുന്ന, വിരലുകളിലെപ്പോഴും മഷിക്കറ പടര്‍ന്ന പെണ്‍കുട്ടിയാണ് ജോ. പെണ്‍കുട്ടികള്‍ക്ക് സമൂഹം നല്‍കുന്ന സ്‌പെഷ്യല്‍ കെയറുകളോട് അവള്‍ക്ക് പുച്ഛമാണ്. അച്ഛനോടൊപ്പം ആര്‍മിയില്‍ പോകാന്‍ അവള്‍ തയാറാണ്. ഇങ്ങനെ പെരുമാറരുത്, അത് പറയരുത്, ഇത് മിണ്ടരുത് എന്നെല്ലാം പറഞ്ഞ് ചേച്ചി മെഗ്ഗ് അവളെ പലപ്പോഴും മര്യാദ പഠിപ്പിക്കുന്നുണ്ട്. 

ജീവിതത്തില്‍ ഒരുപാട് വേദനകള്‍ അനുഭവിക്കേണ്ടി വന്ന കഥാപാത്രമാണ് ജോ. ബാഹ്യമായ സൗന്ദര്യസങ്കല്‍പങ്ങളോട് അവള്‍ക്കൊട്ടും താല്‍പര്യമില്ല. പുസ്തകങ്ങളോടും എഴുത്തിനോടും പ്രണയബദ്ധയായ അവള്‍ എപ്പോഴും കുടുംബത്തിനകത്തും പുറത്തും ചെറിയ വിചാരണകള്‍ക്കും കളിയാക്കലുകള്‍ക്കും വിധേയയാകുന്നുണ്ട്. അതിലൊന്നും തളരുന്ന മനസ്സേ ആയിരുന്നില്ല ജോയുടേത്. എന്നാല്‍ അനുജത്തി ഏമി മാര്‍ച്ച്, ജോ എഴുതിവെച്ച നോവല്‍ എടുത്ത് തീയിലെരിച്ച് കളയുമ്പോള്‍ ജോയുടെ സര്‍വ നിയന്ത്രണവുമില്ലാതാകുന്നു. കരയാന്‍ മാത്രമേ ഇനി കഴിയൂ എന്നവള്‍ മനസ്സിലാക്കുന്നു, ഏമി ചെയ്ത തെറ്റിന് 'ജീവിതത്തിലൊരിക്കലും ഞാന്‍ നിന്നോട് പൊറുക്കില്ല' എന്ന് ജോ ആണയിട്ട് പറയുന്നു. ചെറിയ വഴക്കിന്റെ പേരിലാണെങ്കിലും  സഹോദരിയെ തളര്‍ത്താന്‍ പദ്ധതിയിടുന്ന ഏമിക്ക് അറിയാമായിരുന്നു ജോയ്ക്ക് പ്രിയപ്പെട്ടത്, വിലപ്പെട്ടത് അവളുടെ അക്ഷരങ്ങളാണെന്നും ജോയെ തളര്‍ത്താനാകുക 
അവളുടെ ആകെയുള്ള സമ്പാദ്യമായ എഴുത്തുകള്‍ ഇല്ലാതാക്കികൊണ്ടാണെന്നും. 

ബെത്തിന് അസുഖം മൂര്‍ച്ഛിക്കുന്ന സമയത്ത് ന്യൂയോര്‍ക്കിലായിരുന്ന ജോ വീട്ടിലേക്ക് ഉടനടി പുറപ്പെടുകയാണ്. ആ സാഹചര്യത്തില്‍ അവള്‍ തന്റെ കരിയറിനെക്കുറിച്ച് പോലും മറന്നുകൊണ്ടാണ് കുടുംബത്തോടൊപ്പം നില്‍ക്കുന്നത്. ലൂയിസ തന്റെ കുടുംബത്തിനായി പലപ്പോഴും നിസ്വാര്‍ഥയായി പെരുമാറിയ പോലെതന്നെയായിരുന്നു അത്. ഗ്രെറ്റ പറയുന്നു: 'ഞാന്‍ തന്നെയാകുന്നു ജോ' എന്ന്, പ്രേക്ഷകരും. നോവലില്‍ ജോയെ ഒരിക്കലും വിവാഹിതയായി ചിത്രീകരിക്കാന്‍ ലൂയിസ  ഉദ്ദേശിച്ചിരുന്നില്ല. പക്ഷെ പുസ്തകം വില്‍ക്കാനുള്ളതാണെന്ന ഒറ്റക്കാരണത്താല്‍ അവര്‍  പ്രതിസന്ധിയിലാകുന്നു. സിനിമയില്‍ ജോയും പബ്ലിഷറും തമ്മിലുള്ള സംഭാഷണത്തില്‍ അത് വ്യക്തമാണ്. ജോയ്ക്ക് ഒരിക്കലും തന്റെ നായികയെ വിവാഹിതയായി കാണേണ്ടിയിരുന്നില്ല. അവള്‍ക്കൊരിക്കലും അതായിരുന്നില്ല വേണ്ടിയിരുന്നത്. പുസ്തകം അണിയറയിലൊരുങ്ങുന്നത് ജോ കാണുന്നത് ജയിലിനുസമമായ ഒരു റൂമിനകത്തുനിന്നാണ്. ആദ്യപുസ്തകം പ്രദ്ധീകരിക്കുന്നതിന്റെ ആകാംക്ഷയും സന്തോഷവും അവളിലുണ്ടെങ്കിലും പണത്തിനായി നായികയെ വിവാഹത്തിന് വിട്ട് നല്‍കേണ്ടിവന്നത്, മറിച്ചാണെങ്കില്‍ നോവലിന്റെ അന്ത്യം നായികയെ കൊന്നുകളഞ്ഞിട്ടാകണമെന്ന പബ്ലിഷറുടെ കല്‍പനയ്ക്ക് കീഴടങ്ങാന്‍ കഴിയാത്തതിനാലാണ്. 

placeholder
സിനിമയിലെ രംഗം | Screengrab/Little women 

പബ്ലിഷറും ജോയും സിനിമ തുടങ്ങുമ്പോള്‍ സംസാരിക്കുന്നത്: 'മെയിന്‍ ക്യാരക്ടര്‍ ഷുഡ് ബി എ ഗേള്‍, മേക്ക് ഷുവര്‍ ഷി ഗെറ്റ് മാരീഡ് ബൈ ദി എന്‍ഡ് ഓര്‍ ഡെഡ് ഐദര്‍ വേ' എന്നാണ്. കഥയില്‍ കേന്ദ്രബിന്ദു ഒരു സ്ത്രീയായിരിക്കണം, അവസാനം അവള്‍ വിവാഹിതയായെന്ന് ഉറപ്പിക്കണം. ഇല്ലെങ്കില്‍ മരിച്ചെന്നും. അതായിരുന്നു നിയമം. പിന്നീടൊരിക്കല്‍ നോവല്‍ വായിച്ച് അയാള്‍ പറയുന്നു: 'ഇറ്റ്സ് റൊമാന്‍സ്.' ഉടനെ ജോ പറയുന്നു:'ഇറ്റ്സ് മെഴ്സനറി'-പുസ്തകത്തെ വില്‍പ്പനോപാധിയാക്കാന്‍  അവള്‍ താല്‍പ്പര്യപ്പെടുന്നില്ല. പുസ്തകത്തിന്റെ കോപ്പിറൈറ്റിനായി  അവള്‍ വാദിക്കുന്നുണ്ട്. പുസ്തക വില്‍പനയുടെ മാനദണ്ഡപ്രകാരം നായികയെ  വിവാഹത്തിലേക്കെത്തിക്കേണ്ടിവന്നതിലുള്ള അമര്‍ഷത്തോടെ തന്നെ ജോ പറയുന്നു: 'ഐ വാണ്ട് ടു ഓണ്‍ മൈ ഓണ്‍ ബുക്ക്.' ജോയുടെ എഴുത്തിന്റേയും ജോ എന്ന എഴുത്തുകാരിയുടേയും യാത്രയില്‍ അവള്‍ കൈവരിച്ച ആത്മധൈര്യം സ്വന്തം പേരില്‍ എഴുതാനും അവളെ പ്രാപ്തയാക്കി. പുസ്തകം പുറത്തിറക്കുക എന്ന ജോയുടെ പ്രഥമ ലക്ഷ്യത്തിലേക്ക് ഗ്രെറ്റയുമെത്തുന്നു. 

placeholder
Screengrab/Little women 

ലൂയിസ ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള കഥാന്ത്യത്തോടെ ഗ്രെറ്റ സിനിമ അവസാനിപ്പിക്കുന്നുണ്ട്. കഥാപാത്രത്തെ കൊല്ലുന്നതിനേക്കാള്‍ നല്ലത് അവള്‍ തന്റെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നതാണെന്ന ആശ്വാസം പ്രേക്ഷകരിലേക്കെത്തിച്ചുകൊണ്ട് ലിറ്റില്‍ വിമിന്‍ സിനിമ അവസാനിക്കുന്നു. അവസാനരംഗം കാണുന്നവര്‍ക്ക് തോന്നിയേക്കാം, ജോയെ ധൃതിപിടിച്ച് പ്രണയത്തിലേക്ക് കൊണ്ടുപോയതെന്തിനാണെന്ന്‌. ജോസഫൈന്‍ മാര്‍ച്ച് തന്നെയാണല്ലോ ലൂയിസ മേ ആല്‍ക്കോട്ട്. നോവലിസ്റ്റിനേയും നായികയേയും ഒരുമിച്ച് വധിക്കുന്നതിനേക്കാള്‍ നല്ലതല്ലെ അവരെ ജീവിക്കാനനുവദിക്കുന്നത് എന്നാണ് ഗ്രെറ്റയെപ്പോലെ പലര്‍ക്കും അതിന് മറുപടി പറയാനുള്ളത്. ആ കഥാന്ത്യം ഇഷ്ടപ്പെടുന്നവരുണ്ടാകാം. അവസാനം അവള്‍ വൈവാഹിക ജീവിതത്തിലേക്ക് കടന്ന് സ്ത്രീയെന്ന ജീവിയുടെ മാനംകാത്തു എന്ന് ആശ്വസിക്കുന്നവരുണ്ടാകാം. എന്നാല്‍ ജോ അവളുടെ എക്കാലത്തേയും സ്വപ്നം നിറവേറ്റിയതിനുശേഷമാണ് ജീവിതത്തിന്റെ മറ്റൊരു യാഥാര്‍ഥ്യത്തിലേക്ക് കടന്നുചെല്ലുന്നത്. ന്യൂയോര്‍ക്കില്‍വെച്ച് ജോയുടെ എഴുത്തിനെക്കുറിച്ച് ആദ്യമായി അഭിപ്രായം പറയുന്നതും എഴുത്തിലെ തിരുത്തിനെ ചൂണ്ടിക്കാണിക്കുന്നതും ഫ്രെഡറിക്കാണ്. ഇത്രയും കാലമായി നിന്നോട് ആരും ഇത് പറഞ്ഞിട്ടില്ലേ എന്ന് അയാള്‍ ചോദിക്കുന്നുണ്ട്.

placeholder
ഫ്രെഡറിക്ക് എന്ന കഥാപാത്രമായി ലൂയി ഗാരല്‍(Louis Garrel) | Screengrab/Little women

ജോയുടെ എഴുത്തുകളുടെ വായനക്കാരി അനുജത്തി ബെത്ത് ആയിരുന്നു. എനിക്കായി എഴുതൂ എന്ന് ബെത്ത് ജോയോട് പറയുന്നുണ്ട്. അവളുടെ മരണശേഷം തളര്‍ന്നുപോകുന്ന ജോ തന്റെ എഴുത്തുകളെടുത്ത് കത്തിക്കുന്നു. 'ഫൊര്‍ ബെത്ത്' എന്നെഴുതിയ വാചകം കണ്ണിലുടക്കുന്നു, വീടിന്റെ മച്ചിലിരുന്ന് രാപ്പകലില്ലാതെ അവള്‍ എഴുതാനാരംഭിക്കുന്നു. സ്വയം ഉള്‍ക്കൊണ്ടും തിരുത്തിയുമുള്ള ആ എഴുത്തുകളാണ് ജോ പിന്നീട് 'ലിറ്റില്‍ വിമിന്‍' എന്നപേരില്‍ പുസ്തകമാക്കുന്നത്. മാര്‍ച്ച് പെണ്‍കുട്ടികള്‍ ശരിയായി വിദ്യാഭ്യാസം നേടിയിട്ടില്ലാതിരുന്നതിനാല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഒരു സ്‌കൂള്‍ തുടങ്ങാന്‍ അവള്‍ പദ്ധതിയിടുന്നു. സ്വയം മനസ്സിലാക്കാന്‍ ജോയ്ക്ക്‌ വഴികാണിച്ച, അതിനൊരു കാരണമായി തീര്‍ന്ന ഫ്രെഡറിക്ക് തന്നെയല്ലേ അവളുടെ ജീവിതപങ്കാളിയാകാന്‍ ഏറ്റവും അനുയോജ്യന്‍? 

വെറുമൊരു കുടുംബകഥയല്ല ലിറ്റില്‍ വിമിന്‍. ഒരേ വീട്ടിലെ വൈവിധ്യമാര്‍ന്ന മനസ്സും സ്വപ്‌നങ്ങളുമുള്ള ഓരോ ജീവിതങ്ങളേയും അതില്‍ കാണാം. സമൂഹം ചൂണ്ടിക്കാണിച്ച ചുറ്റുപാടുകള്‍ക്കുള്ളില്‍ ഒതുങ്ങിനിന്ന് ചിന്തകളെ പരിമിതപ്പെടുത്തിയവരായിരുന്നില്ല അവര്‍. ഒഴുക്കിനെതിരെ നീന്തുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന പല അവസ്ഥകളിലൂടെയും അവരില്‍ പലരും കടന്നുപോകുന്നുണ്ട്. അപ്പോള്‍ നേരിടേണ്ടിവന്ന പല നിസ്സഹായാവസ്ഥകളേയും തുറന്നുപറയുന്നുണ്ട്. സ്‌നേഹവുമായി കോര്‍ത്തുകെട്ടി ബന്ധിച്ചിടേണ്ട മനസ്സുകളല്ല സ്ത്രീകളുടേതെന്ന്, അങ്ങനെയൊരു നിര്‍വചനമെന്തിനെന്ന് വേദനിക്കുന്നുണ്ട്. ഫെമിനിസ്റ്റ് ചിന്താധാരയോട് ആഭിമുഖ്യമുള്ള ലൂയിസയുടെ എഴുത്ത് കാലം കാത്തുവെക്കുന്നു. പുനരാവിഷ്‌കരിക്കുംതോറും പഴയതെന്ന തോന്നലിനെ 'ലിറ്റില്‍ വിമിന്‍' പൊടിതട്ടിക്കളയുമെന്ന് തീര്‍ച്ചയാണ്.