
തിരുവനന്തപുരം: മ്യാന്‍മാറില്‍ പട്ടാള അട്ടിമറിയുടെ ചരിത്രം ആവര്‍ത്തിക്കുമ്പോള്‍ ആദ്യ അധികാരം പിടിച്ചെടുക്കലിന്റെയും കൂട്ടക്കൊലയുടെയും വാര്‍ത്ത എക്കാലത്തെയും വാര്‍ത്താ സ്‌കൂപ്പായി ചരിത്രത്തില്‍ ഇടംനേടിയിരുന്നു.
ആധുനിക മ്യാന്‍മാറിന്റെ (പഴയ ബര്‍മ) പിതാവായ ജനറല്‍ ആങ്‌സാന്‍ അടക്കം ആറുമന്ത്രിമാരെ വെടിവച്ചുകൊന്ന് അന്ന് പട്ടാളം അധികാരംപിടിച്ച ദാരുണ സംഭവത്തിനു തൊട്ടുപിന്നാലെ സ്ഥലത്തെത്തി നേരില്‍ക്കണ്ട്, ലോകത്തെ അറിയിച്ചത് ആലപ്പുഴ തോട്ടപ്പള്ളി സ്വദേശിയായ എം. ശിവറാം എന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു. ഇപ്പോഴത്തെ ഭരണകക്ഷിനേതാവും നൊബേല്‍ ജേതാവുമായ ആങ്‌സാന്‍ സൂചിയുടെ പിതാവ് ജനറല്‍ ആങ്‌സാന്റെ മരണം മ്യാന്‍മാറിന്റെ ചരിത്രത്തില്‍ എക്കാലത്തും രക്തക്കറ പിടിച്ചുകിടക്കുന്നതാണ്.

വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ തെക്കുകിഴക്ക് ഏഷ്യാ ലേഖകനായിരുന്ന അദ്ദേഹം അന്ന് റംഗൂണില്‍ താമസിക്കുകയായിരുന്നു. നഗരത്തില്‍ നടക്കാനിറങ്ങിയ ശിവറാം തന്റെ മുന്നിലൂടെ സൈനിക വാഹനം ബര്‍മീസ് സെക്രട്ടേറിയറ്റിലേക്ക് ഇരച്ചുകയറുന്നത് യാദൃച്ഛികമായാണു കണ്ടത്. സെക്രട്ടേറിയറ്റിനുള്ളില്‍ തുരുതുരെ വെടിയൊച്ചയും മുഴങ്ങി. സംഭവമെന്തെന്നറിയാന്‍ പാര്‍ലമെന്റ് ഹൗസിലേക്ക് ഓടിയെത്തിയപ്പോഴാണ് ഇവര്‍ വെടിയേറ്റു മരിച്ചുകിടക്കുന്നതു കണ്ടത്.
ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടയുടന്‍ സ്വന്തം ഓഫീസിലേക്കോടി വാര്‍ത്ത കുറിച്ചുനല്‍കി. അപ്പോഴേക്കും ബര്‍മയുടെ അധികാരംപിടിച്ച പട്ടാളം എല്ലാ വാര്‍ത്താവിനിമയ ബന്ധങ്ങളും വിച്ഛേദിച്ചിരുന്നു. 1947 ജൂലായ് 19-ന് റോയിട്ടേഴ്സിന്റെ ടെലിപ്രിന്റര്‍ കുറിച്ചിട്ട ശിവറാമിന്റെ ഏതാനും വരികള്‍മാത്രമാണ് രണ്ടുദിവസത്തോളം ലോകം ചര്‍ച്ചചെയ്തത്. മാധവന്‍പിള്ള ശിവരാമന്‍പിള്ള എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യപേര്.
സകല ടെലിഫോണ്‍ ലൈനുകളും ടെലിപ്രിന്റര്‍ ലൈനുകളും നിശ്ചലമായ ഘട്ടത്തില്‍ അദ്ദേഹം തിരക്കിട്ട് എയര്‍പോര്‍ട്ടില്‍ ചെന്ന്, ഇംഗ്ലണ്ടിലേക്കു പോവുകയായിരുന്ന ഒരാള്‍ വശമാണ് വാര്‍ത്ത പുറത്തേക്കയച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ജാനമ്മ ശിവറാം പിന്നീടു പറഞ്ഞിട്ടുണ്ട്. അന്ന് ലോകമെങ്ങുമുള്ള പത്രങ്ങളില്‍ 'എം. ശിവറാം റിപ്പോര്‍ട്സ് ഫ്രം ബര്‍മ' എന്നുപറഞ്ഞാണ് ആ വാര്‍ത്ത അടിച്ചുവന്നത്. ഒറ്റദിവസംകൊണ്ട് അദ്ദേഹം ലോകപ്രശസ്തനായി.
സുഭാഷ് ചന്ദ്രബോസിനൊപ്പം സ്വതന്ത്ര ഇന്ത്യക്കായി പോരാടിയിട്ടുള്ള അദ്ദേഹം പിന്നീട് അദ്ദേഹത്തോടു വഴിപിരിഞ്ഞാണ് പത്രപ്രവര്‍ത്തനത്തില്‍ ചുവടുറപ്പിച്ചത്. ഇന്ത്യയില്‍ പി.ടി.ഐ.യിലും ഫ്രീപ്രസിലും ആകാശവാണി വാര്‍ത്താവിഭാഗത്തിലും ജോലിചെയ്തിട്ടുള്ള അദ്ദേഹം 1967-ല്‍ പത്രപ്രവര്‍ത്തനം മതിയാക്കി തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി. 1972-ല്‍ 65-ാം വയസ്സിലായിരുന്നു അന്ത്യം. 2005-ല്‍ ജാനമ്മ ശിവറാമും യാത്രയായി.
Content Highlights: general Aung San assassination myanmar
Published: 03 Feb 2021, 10:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented