ദീര്‍ഘകാലം ഹിറ്റ്‌ലറുടെ കാമുകിയായിരുന്ന, ഹിറ്റ്‌ലറോടൊപ്പം ആത്മഹത്യ ചെയ്ത് ഇവാ ബ്രൗണ്‍. ഹിറ്റ്‌ലറുടെ ഉള്‍ഭയങ്ങളെ നേരിട്ടുകണ്ടറിഞ്ഞ അദ്ദേഹത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരിയായി മാറിയ ഇവാ ബ്രൗണിനോടാണ് തന്റെ ദുര്‍ബലതകളെക്കുറിച്ച് ഹിറ്റ്‌ലര്‍ തുറന്നുപറഞ്ഞത്. ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് ഹിറ്റ്‌ലര്‍ തന്റെ ഔദ്യോഗിക ഭാര്യയായി അംഗീകരിച്ചതും ഇവാ ബ്രൗണിനെയായിരുന്നു. ഇവയുടെ വിഖ്യാതമായ ഡയറിക്കുറിപ്പുകള്‍ മാതൃഭൂമി ബുക്‌സിനുവേണ്ടി സുരേഷ് എം.ജി വിവര്‍ത്തനം ചെയ്തിരിക്കുന്നു. പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.  

To advertise here,

1937-ലെ അവസാന മാസങ്ങളിലാണ് ഇവാ ബ്രൗണിന്റെ ഡയറിക്കുറിപ്പുകള്‍ തുടങ്ങുന്നത്. അപ്പോഴേക്കും അവര്‍ ഹിറ്റ്ലറുമായി നല്ല അടുപ്പത്തിലായിട്ടുണ്ടായിരുന്നു. ആദ്യവരികള്‍ തെളിയിക്കുന്നത് അതാണ്. സത്യത്തില്‍ സമാധാനപൂര്‍ണ്ണമായ അവസാന വര്‍ഷമായിരുന്നു 1937. 1938 ഫെബ്രുവരി മുതല്‍ യുദ്ധത്തിന്റെ ഭീഷണി പ്രത്യക്ഷപ്പെട്ടുതുടങ്ങി. 1937-ല്‍ത്തന്നെ ഹിറ്റ്ലര്‍ ഓസ്ട്രിയയെ ആക്രമിക്കാന്‍ തയ്യാറെടുത്തുതുടങ്ങിയിരുന്നു. രാജ്യത്തിനകത്തും പാര്‍ട്ടിയും പട്ടാളവും തമ്മിലുള്ള യുദ്ധം അതിന്റെ അന്തിമഘട്ടത്തിലെത്തിയിരുന്നു. ഗോയ്റിങ്ങും ഹിംലറും ചേര്‍ന്ന് ബ്ലോംബെര്‍ഗിനെ യുദ്ധകാര്യ മന്ത്രാലയത്തില്‍നിന്ന് നീക്കം ചെയ്യുന്നതില്‍ വിജയം കൈവരിച്ചിരുന്നു. നിഗൂഢമായ ഒരവസ്ഥയില്‍ ജനറല്‍ വോണ്‍ ബ്ലോംബര്‍ഗ് ബര്‍ലിനില്‍നിന്നുള്ള ഒരു വേശ്യയെ വിവാഹം കഴിച്ചു. സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ പല തവണ ജയില്‍വാസമനുഭവിച്ചിട്ടുണ്ടായിരുന്നു. ഇത് അദ്ദേഹത്തെ ബലഹീനനാക്കി. ജനറല്‍ സ്റ്റാഫിന്റെ മുഖ്യനായ ജനറല്‍ വോണ്‍ ഫ്രിട്സ്ഷിന്റെ പേരില്‍ ഒരു ഗസ്റ്റപ്പൊയുടെ ആരോപണമുണ്ടായി. സ്വവര്‍ഗ്ഗരതിയുടെ ആരോപണമുണ്ടായി, അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടു. പക്ഷേ, പിന്നീട് അദ്ദേഹം തന്റെ നിരപരാധിത്വം തെളിയിച്ചു. ബ്ലോംബര്‍ഗ്-ഫ്രിട്സ്ഷ് എന്നിവര്‍ നേരിട്ട ഈ സ്ഥാനചലനങ്ങള്‍ വെഹ്ര്‍ഷ്തിനെ നാസി പാര്‍ട്ടിയുടെയും എസ്.എസ്സിന്റെയും തലപ്പത്തെത്തിച്ചു. വോണ്‍ ഫ്രിട്സ്ഷിനു മേല്‍ നാസികള്‍ നടത്തിയ നാണമില്ലാത്ത ആക്രമണത്തെ ജര്‍മന്‍ ജനറലുകള്‍ക്ക് അകറ്റുവാനോ എതിര്‍ക്കുവാനോ ആയില്ല.

ഇതിനെക്കുറിച്ചൊന്നും ഇവാ ബ്രൗണിനറിയില്ല. 'പാര്‍ട്ടി ഡെ ഓഫ് ലേബറില്‍' ഹിറ്റ്ലര്‍ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍, അവിടെ മൂന്നാം റൈക്കിന്റെ കരുത്ത് വമ്പന്‍ പരേഡുകളോടെ പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍, ഇവാ തന്റെ ഓര്‍മ്മക്കുറിപ്പുകളിലായിരുന്നു. ഏകദേശം അവര്‍ തമ്മില്‍ ആദ്യമായി കണ്ടുമുട്ടിയതിന്റെ വാര്‍ഷികത്തിലായിരുന്നു ഇത്. അപ്പോഴും ലോകം ഈ മനുഷ്യന്‍ വരുത്തിവെക്കാനിരിക്കുന്ന ഭീകരമായ അപകടം തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നില്ല. ഹിറ്റ്ലര്‍ അപ്പോള്‍ പ്രൊഫസര്‍ ബ്ല്യൂവറുടെ ടെക്സ്റ്റ് ബുക്ക് ഓഫ് സൈക്യാട്രി വായിക്കുകയായിരുന്നു. ആഴ്ചകളോളം ഈ വായന തുടര്‍ന്നു. അതിനിടയില്‍ തന്റെ മിസ്ട്രസിനു 'പ്രതിഭയും ഭ്രാന്തും' എന്ന വിഷയത്തില്‍ ഭാഷണങ്ങള്‍ നല്‍കി.

ജര്‍മന്‍ ഭാഷയിലാണ് ഇവാ ബ്രൗണ്‍ ഡയറി എഴുതിയത്. അതിനിടയില്‍ ബവാറിയന്‍ ചൊല്ലുകളും നാട്ടുഭാഷകളും ഉപയോഗിച്ചിട്ടുണ്ട്. അവയെല്ലാം കഴിയാവുന്ന വിധത്തില്‍ മൊഴിമാറ്റം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവയുടെയൊന്നും കൃത്യമായ തര്‍ജ്ജമ സാദ്ധ്യമല്ല.

1937

ബുധനാഴ്ച രാത്രി. ജാലകത്തിലൂടെ നിലാവെത്തുന്നുണ്ട്. എനിക്കുറങ്ങാനാകുന്നില്ല. ഞങ്ങളുടെ പരിചയത്തിന്റെ വാര്‍ഷികം ഇന്ന് ഞാന്‍ ആഘോഷിച്ചു, ഞങ്ങളുടെ ആദ്യ ലാളനകളുടെ. അതിനുശേഷം എന്തൊക്കെ സംഭവിച്ചു. ജീവിതം എത്ര മാറി! 'അദ്ദേഹ'ത്തിനതൊന്നും ഓര്‍മ്മയുണ്ടാകില്ല. ഇതിലും പ്രാധാന്യമുള്ള പല കാര്യങ്ങളും അദ്ദേഹത്തിനോര്‍ക്കാനുണ്ട്. ഇങ്ങനെയുള്ളതൊന്നും എനിക്ക് പ്രതീക്ഷിക്കാനാകില്ല. എന്നാല്‍ എല്ലാം ഇന്നലെ അല്ലെങ്കില്‍ ഇന്നു കഴിഞ്ഞതുപോലെ ഞാനോര്‍ക്കുന്നു. എച്ച്. വഴി അദ്ദേഹം എന്നെ കാണണം എന്നറിയിച്ചത്! ബ്രൗണെസ് ഹോസില്‍ ആറുമണിക്കു ചെന്നു കാണാനാണു പറഞ്ഞത്. എന്തെങ്കിലും എഴുതിയെടുക്കാനാകും അല്ലെങ്കില്‍ അതുപോലെ എന്തെങ്കിലും ജോലിക്കാകും എന്നാണ് ഞാന്‍ കരുതിയത്. ഞാനൊരു വിഡ്ഢി! ഭാഗ്യമെന്നു പറയട്ടെ, ഹെന്റിക്കിന് എല്ലാം മനസ്സിലായിട്ടുണ്ടായിരുന്നു. ഒരുപക്ഷേ, അവരത് ചര്‍ച്ച ചെയ്തിട്ടുണ്ടാകാം. അങ്ങനെ ഞാന്‍ വിശ്വസിക്കുന്നില്ല എന്നത് മറ്റൊരു കാര്യം. എച്ച്. എന്നെ ഈ സമാഗമത്തിനു തയ്യാറാക്കി എന്നതു നന്നായി. വളരെ കൗശലത്തിലൊന്നുമല്ല ഒരു തമാശയെന്ന മട്ടിലാണ് അയാളതു ചെയ്തത്. ദുഃഖാര്‍ത്തമായ ഒരു വാര്‍ത്ത ഭാര്യയെ അറിയിക്കേണ്ടിവരുന്നവനെപ്പോലെയാണയാള്‍ അതു ചെയ്തത്. അങ്ങനെയുള്ള അവസരത്തില്‍ വാര്‍ത്തയെത്തിക്കുന്നയാള്‍ 'താങ്കള്‍ മായെറുടെ വിധവയാണോ?' എന്നൊക്കെ ചോദിക്കില്ലേ അതുപോലെ. എച്ച്. എന്നെ വിളിച്ച് 'നന്നായി ഒന്ന് കുളിക്ക്. ശരീരം മുഴുക്കെ വൃത്തിയായിരിക്കണം. ഫ്യൂറര്‍ക്ക് ശരീരവൃത്തി എന്നാല്‍ ഭ്രാന്താണ്. അദ്ദേഹത്തിന് നിന്നെക്കുറിച്ചെന്തോ മതിപ്പ് തോന്നിയിരിക്കുന്നു' എന്നു പറഞ്ഞു. അതു കേട്ടപ്പോള്‍ ഞാന്‍ അദ്ഭുതപ്പെട്ടു. അപ്പോള്‍ എനിക്ക് അഭിമാനമാണോ അതോ ഭയമാണോ തോന്നിയതെന്നൊന്നും അറിയില്ല. ഞാന്‍ 'അദ്ദേഹ'ത്തെ പല തവണ കണ്ടിട്ടുണ്ട്. പക്ഷേ, അതൊക്കെ കുറച്ചു ദൂരെനിന്നായിരുന്നു- ഇപ്പോഴിതാ അദ്ദേഹത്തിനെന്നോട് മതിപ്പ് തോന്നിയിരിക്കുന്നു എന്നറിയുന്നു!

അദ്ദേഹമെത്തിയപ്പോള്‍ എന്നെ നോക്കിയ ആ നോട്ടം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. ഞാന്‍ ശരീരത്തിനോട് ഇറുകിക്കിടക്കുന്ന ഒരു മേല്‍ക്കുപ്പായമാണണിഞ്ഞിരുന്നത്, നീല നിറത്തിലുള്ളത്, കമ്പിളികൊണ്ടുള്ളത്. അദ്ദേഹം അകത്തു വന്നപ്പോള്‍ ഞാന്‍ ഒന്ന് നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിച്ചു. അത് ഞാനറിയാതെ ചെയ്തതാണ്. ആ അവസരത്തില്‍ മറ്റേതൊരു പെണ്‍കുട്ടിയായിരുന്നെങ്കിലും അങ്ങനെ ചെയ്യുമായിരുന്നു. അതൊരു നിഷ്‌കളങ്ക പ്രവൃത്തിയല്ലേ? അതിനു ശേഷമോ? രാഷ്ട്രം മുഴുക്കെ ധരിക്കുന്ന തരത്തിലുള്ള ഒലീവ് പച്ച ഉടുപ്പും കറുത്ത ബോഡീസും ഞാനണിഞ്ഞിട്ടില്ല. സില്‍ക്കിന്റെ അടിയുടുപ്പും എനിക്കണിയേണ്ടിവന്നില്ല. അക്കാലത്ത് എന്റെ പക്കലുണ്ടായിരുന്ന ഏക സില്‍ക് അടിവസ്ത്രമായിരുന്നു അത്. അത് കുറച്ച് ചെറുതായിരുന്നു; ശരീരത്തില്‍ ഇറുകിക്കിടക്കുന്നതും. എന്റെ ശരീരത്തില്‍ ഒരു തുള്ളി സുഗന്ധം ഞാന്‍ പൂശിയിരുന്നില്ല. എന്റെ പക്കല്‍ അതില്ലായിരുന്നുവെന്നതാണ് സത്യം. അത് സത്യത്തില്‍ നന്നായി. അദ്ദേഹത്തിന് ഇത്തരം പെര്‍ഫ്യൂമുകളോട് വെറുപ്പാണ്. വെറുപ്പില്ലെങ്കിലും ഇഷ്ടക്കുറവെങ്കിലുമുണ്ട്. 'മണക്കുന്ന സ്ത്രീകള്‍' എന്ന് അദ്ദേഹം എപ്പോഴും മുറുമുറുക്കും.

തീവണ്ടിയിലാണ് ഞാന്‍ വന്നത്. പ്രധാന കവാടത്തിലൂടെ അകത്തേക്കു പ്രവേശിക്കരുതെന്ന് എനിക്ക് നിര്‍ദ്ദേശമുണ്ടായിരുന്നു. ഒരു പാര്‍ശ്വവാതിലുണ്ടായിരുന്നു. അവിടെ ഒരു സഹായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ അയാള്‍ക്കു പുറകെ നടന്നു. പലയിടത്തുകൂടെ സഞ്ചരിച്ചുവെന്നു തോന്നി. ഈ സിനിമകളിലൊക്കെ കാണില്ലേ, അതുപോലെ. അങ്ങനെ ഞങ്ങള്‍ ഒരു കോണിപ്പടിക്കരികിലെത്തി. അവിടെ ഇരുട്ടായിരുന്നു. അയാള്‍ എന്നെ കൈ പിടിച്ച് നടത്തിച്ചു. ഞങ്ങളെത്തിയത് ഒരു തുറന്ന സ്ഥലത്തായിരുന്നു. അത് മുറിച്ചുകടന്നപ്പോള്‍ അവിടെ ഒരു ഫ്രഞ്ച് ജാലകം കണ്ടു. അതിലൂടെ നോക്കിയാല്‍ പട്ടണം മുഴുക്കെ കാണാമായിരുന്നു. വീണ്ടും ഒരു ഇടനാഴിയിലേക്കാണത് കടന്നുചെന്നത്. പക്ഷേ, അവിടെയൊന്നും ഒരു മനുഷ്യജീവിയില്ല. ആ വീട്ടില്‍ ആരുമില്ലെന്നു തോന്നി. എനിക്ക് ഭയന്നില്ലെന്നു പറഞ്ഞാല്‍ അത് നുണയാകും. ഭയത്തോടൊപ്പം എനിക്ക് ജിജ്ഞാസയുമുണ്ടായിരുന്നു. ഭ്രാന്തമായ ജിജ്ഞാസ. ഒന്നുമില്ലെങ്കിലും അതൊരു ഭ്രാന്തന്‍ സാഹസമായിരുന്നുവല്ലോ.

അവസാനം ഞങ്ങള്‍ നിറയേ കര്‍ട്ടനുകളുള്ള ഒരു മുറിയിലെത്തി. അവിടെനിന്നും സാധാരണ രീതിയില്‍ വെളിച്ചമുള്ള മറ്റൊരു മുറിയിലേക്കു കടന്നു. അതദ്ദേഹത്തിന്റെ കാത്തിരിപ്പുമുറിയായിരുന്നു. വെളുപ്പും സ്വര്‍ണ്ണനിറവും ആ മുറിയെ അലങ്കരിച്ചു. അവിടെനിന്നൊരു വാതില്‍ അദ്ദേഹത്തിന്റെ പഠനമുറിയിലേക്ക് തുറക്കുന്നു. ആ വാതിലിനു മുന്നില്‍ അതിഗംഭീരനായ ജര്‍മന്‍ ഷെപ്പേര്‍ഡ് കിടപ്പുണ്ടായിരുന്നു. അവന്‍ പിന്നീടെന്നെ അവന്റെ യജമാനത്തിയായി സ്വീകരിച്ചു. മറ്റൊരു സ്ത്രീയോടും അവന്‍ ഇങ്ങനെ പെരുമാറിയിട്ടില്ലെന്ന് അവിടെയുള്ളവരെല്ലാം എന്നോട് പറയുകയുണ്ടായി. വാതില്‍ പെട്ടെന്ന് തുറന്നപ്പോള്‍ ഞാന്‍ ഭയന്നത് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. അത് തല നരച്ച ഷ്വാര്‍സ് ആയിരുന്നു. റൈക്കിന്റെ ഖജാന്‍ജി. അയാളുടെ കൈയില്‍ ഒരു കെട്ട് ഫയലുകളുണ്ടായിരുന്നു. അയാള്‍ തന്റെ കാലില്ലാക്കണ്ണടയിലൂടെ എന്നെയൊന്നു നോക്കി. അതിനു പുറകിലാണദ്ദേഹം വന്നത്. അദ്ദേഹം എന്നെ കരുണയോടെ നോക്കി. എന്റെ കൈ പിടിച്ചു. 'വരൂ, എന്റെ മുറിയിലിരിക്കുകയാകും കുറച്ചുകൂടി സൗകര്യം' എന്നു പറഞ്ഞ് അദ്ദേഹം നടന്നു.

അതൊരു വലിയ മുറിയായിരുന്നു. നല്ല വെളിച്ചമുണ്ടായിരുന്നു. ഒരു സ്വപ്നത്തിലെന്നപോലെ എനിക്കിപ്പോഴും അത് കാണാനുണ്ട്. അതിനുശേഷം ഞാന്‍ പലതവണ ആ മുറി കണ്ടിട്ടുണ്ട്. എന്നാല്‍ അന്ന് ആദ്യമായി കണ്ടപ്പോളുള്ളത്ര തിളക്കം ആ മുറിക്ക് പിന്നെ കണ്ടിട്ടില്ല... നല്ല അന്തരീക്ഷമായിരുന്നു അകത്ത്. ചിത്രങ്ങള്‍ നിറഞ്ഞ കടലാസുകളും പുസ്തകങ്ങളും പൂക്കളും ഒരു വലിയ പിയാനോയും എരിഞ്ഞുകൊണ്ടിരുന്ന നെരിപ്പോടുമുണ്ടായിരുന്നു. ഒരു യക്ഷിക്കഥപോലെ തോന്നി എനിക്കത്. 'അപ്പോള്‍ നീയാണ് ഫ്രൗലീന്‍ ഹോഫ്മാന്‍, അല്ലേ?' അദ്ദേഹം ചോദിച്ചു. അതു കേട്ടപ്പോള്‍ എനിക്ക് നാക്കില്ലാതായി. സ്വരം പുറത്തുവരാതായി. ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു. 'ഹെയ്ല്‍ ഹിറ്റ്ലര്‍, മൈ ഫ്യൂറര്‍.  ഞാന്‍ ഫ്രൗലീന്‍ ഹോഫ്മാനല്ല. ഞാന്‍ ഫ്രൗലീന്‍ ഇവാ ബ്രൗണാണ്.' യഥാര്‍ത്ഥത്തില്‍ 'ഹെയ്ല്‍, മൈ ഫ്യൂറര്‍' എന്നായിരുന്നു പറയേണ്ടിയിരുന്നത്. അതു പറഞ്ഞ് അദ്ദേഹം പിന്നീടു പലപ്പോഴും ചിരിക്കാറുണ്ടായിരുന്നു.

ആദ്യ കൂടിക്കാഴ്ചയിലും അതേ ഹൃദ്യമായ ചിരിയുണ്ടായിരുന്നു. ആ ചിരിയാണ് അന്നെന്റെ ഭയമില്ലാതാക്കിയത്. ആ നീലിച്ച കണ്ണുകളുയര്‍ത്തി അദ്ദേഹമെന്നെ നോക്കി. എന്റെ ഭയം പൂര്‍ണ്ണമായും ഇല്ലാതായി. അത്താഴം ഗംഭീരമായിരുന്നു. ഉല്ലാസവാനായ മനം കവരുന്ന ആതിഥേയനായി അദ്ദേഹം. അതിനുശേഷം ഞാന്‍ മനസ്സിലാക്കിയൊരു കാര്യമുണ്ട്. അദ്ദേഹം മിതഭക്ഷണം ഇഷ്ടപ്പെടുന്നവനാണ്. അന്ന് എന്റെ വരവു പ്രമാണിച്ച് വിരുന്നൊരുക്കിയതാണ്.  ഹോര്‍സ് ഡി'ഓയുവറിലും റഷ്യന്‍ കാവിയറിലുമായിരുന്നു തുടക്കം. 'കൊച്ചു സ്റ്റാലിന്‍ പിതാവിന് അയച്ചുതരാനാകുന്നതില്‍ മികച്ചത്,' അദ്ദേഹം പറഞ്ഞു. അതിനോടൊപ്പം സാല്‍മണ്‍ മത്സ്യമെത്തി. പിന്നെ കാട്ടുകോഴിയുടെ ഇറച്ചി. വളരെ മൃദുവായിരുന്നു അത്. നാക്കില്‍വെച്ചാല്‍ അലിഞ്ഞുപോകുന്നതുപോലെ മൃദുവായത്. ഞാന്‍ മാത്രമാണന്ന് വീഞ്ഞു കുടിച്ചത്. അദ്ദേഹം ഒഴിച്ചുതന്നു. ആദ്യം തണുത്ത ചാബ്ലിസ്. പിന്നെ പെരിയര്‍ ഷോവറ്റ്. അവസാനം ഹൗടെ സൗടേണ്‍. അതിനുശേഷം അദ്ദേഹം സ്വയം കാപ്പിയുണ്ടാക്കി. എനിക്കെന്തോ വല്ലാത്ത സന്തോഷം തോന്നി. ഞാന്‍ സംസാരിച്ചുകൊണ്ടേയിരുന്നു. ഞാന്‍ ഏഴാം സ്വര്‍ഗ്ഗത്തിലായിരുന്നു. ഞാന്‍ സോഫയില്‍ ചാരിക്കിടന്നു. എഴുന്നേറ്റപ്പോള്‍ ഞാന്‍ മെത്തയിലായിരുന്നു. ആദ്യതവണയായതിനാല്‍ ജീവിതാവസാനംവരെ ആ ഓര്‍മ്മകള്‍ തങ്ങിനില്‍ക്കേണ്ടതാണല്ലോ. എന്നാല്‍ എത്ര ശ്രമിച്ചിട്ടും അതിനിടയില്‍ എന്തൊക്കെ സംഭവിച്ചുവെന്ന് എനിക്കോര്‍ക്കാനായില്ല. ഇപ്പോഴും എനിക്കത് ഓര്‍മ്മയില്ല.

ഒക്ടോബര്‍ 1937

ഒറ്റക്കൈയന്‍ ഹെര്‍ അമന്‍ എന്നെ കാണാന്‍ വന്നു. എനിക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കാനായിരുന്നു ആ വരവ്. 'പാര്‍ട്ടിയുടെ പേരില്‍' ആയിരുന്നു ആ നിര്‍ദ്ദേശങ്ങള്‍. എനിക്ക് അദ്ദേഹവുമായുള്ള ബന്ധം മുന്‍നിറുത്തിയുള്ളവ. ഞാന്‍ ഇപ്പോള്‍ പാര്‍ട്ടി സംവിധാനത്തിന്റെ ഭാഗമായിരിക്കുന്നു! എന്നാല്‍ അയാള്‍ പറഞ്ഞത് അംഗീകരിക്കാന്‍ ഞാന്‍ വിസമ്മതിച്ചു. ഫ്യൂററോട് ഞാന്‍ എന്തു സംസാരിക്കുന്നുവെന്നതില്‍ ശ്രദ്ധ വേണമെന്നും അതെന്തുതന്നെയായാലും തന്നോട് ആദ്യം ചര്‍ച്ച ചെയ്യണം എന്നുമായിരുന്നു നിര്‍ദ്ദേശം. ഇത്, തീര്‍ച്ചയായും അസംബന്ധമാണ്. അദ്ദേഹം എന്നോട് ചോദ്യങ്ങള്‍ അപൂര്‍വ്വമായേ ചോദിക്കാറുള്ളൂ. കുറച്ചുകാലം മുമ്പ് അദ്ദേഹമെന്നോട് 'ഗോറിങ്ങും ഗീബല്‍സും തമ്മില്‍ ഒരു അഭിപ്രായവ്യത്യാസമുണ്ടെന്ന് ജനങ്ങള്‍ എന്തുകൊണ്ട് കരുതുന്നു?' എന്ന് ചോദിക്കുകയുണ്ടായി. എന്നാല്‍ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ വളരെ അപൂര്‍വ്വമായേ സംഭവിക്കാറുള്ളൂ. അങ്ങനെ ചോദ്യങ്ങള്‍ വന്നാല്‍ ഞാന്‍ എപ്പോഴും അദ്ദേഹത്തിനോട് സത്യം പറയും. അലങ്കാരങ്ങളില്ലാത്ത സത്യം. അതിന് എനിക്ക് ഹെര്‍ അമന്റെ സഹായം ആവശ്യമില്ല. എന്നിലൂടെ എന്തെങ്കിലും കാര്യമറിയാന്‍, എന്തെങ്കിലും കണ്ടെത്താന്‍, ഫ്യൂറര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് കണ്ടെത്തിയിരിക്കും. അവരുടെ അഭിപ്രായം എന്നിലൂടെ അറിയിക്കാന്‍ എന്നെ കിട്ടില്ല. ഒരുപക്ഷേ, പണ്ടുകാലത്ത് ഫ്രാന്‍സിസ് ജോസഫ് മഹാരാജാവിനെ വിവരമറിയിക്കാനൊക്കെ ചെയ്തിരുന്നതുപോലെ ഇവിടെയും അവര്‍ അവസാനം അതിനായി ഒരു വര്‍ത്തമാനപ്പത്രം ഇറക്കിയേക്കാം. അദ്ദേഹത്തെ അടിസ്ഥാനപരമായി ആരും മനസ്സിലാക്കുന്നില്ല. താനൊരു രാഷ്ട്രീയ ബുദ്ധിജീവിയാണെന്ന് അവരൊക്കെ പറയുന്നുണ്ടെന്ന് ഏതാനും ദിവസം മുമ്പ് അദ്ദേഹം എന്നോട് പറയുകയുണ്ടായി. 'പക്ഷേ, ഞാനൊരു രാഷ്ട്രീയ പ്രതിഭാശാലിയല്ല. ഞാനൊരു പ്രതിഭാശാലി മാത്രമാണ്. എന്റെ കാലഘട്ടത്തിന്റെ പ്രതിഭ. ഈ കാലം എന്റെ പേരിലാകും അറിയപ്പെടുക.' ഏതൊരു തൊഴില്‍ തിരഞ്ഞെടുത്താലും അതില്‍ ലോകത്തിലെതന്നെ ഉന്നതസ്ഥാനീയനാകാന്‍ തനിക്കാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ഈ യുഗത്തിലൊരു പരിവര്‍ത്തനം വരുത്താന്‍ രാഷ്ട്രീയത്തിനേ കഴിയുകയുള്ളൂ എന്നതിനാലാണ് ഞാന്‍ രാഷ്ടീയക്കാരനായത്. അതുപോലെത്തന്നെ പരിവര്‍ത്തനക്ഷമതയുള്ള ഒന്നാണ് യുദ്ധം. പക്ഷേ, അതിനതിന്റെ യഥാര്‍ത്ഥ രൂപം നല്‍കണമെന്നു മാത്രം. യുദ്ധം അനിവാര്യമെങ്കില്‍, അത് അനിവാര്യമായിക്കൊണ്ടിരിക്കുകയാണെന്നു തോന്നുന്നു, എന്റെ കാലത്തെ ഏറ്റവും പ്രാധാന്യമുള്ള ജനറല്‍ ഞാനാകും.' ഇതെല്ലാം കേട്ട് ഞാന്‍ നിശ്ശബ്ദയായി ഇരുന്നു. ഞാന്‍ വല്ലാതെ ചെറുതായതുപോലെ തോന്നി. അല്ലെങ്കില്‍ത്തന്നെ എനിക്കെന്തു പറയാനാകും? അദ്ദേഹം പറഞ്ഞത് ഒരുപക്ഷേ, ശരിയാകാം, അല്ലെങ്കില്‍ തെറ്റാകാം.

ഓസ്ട്രിയയിലെ ആദ്യ നാസി അട്ടിമറിശ്രമം 1934 ജൂലായിലാണുണ്ടായത്. ഒരു ചെറിയ അയല്‍രാജ്യത്തിന്റെ ആഭ്യന്തരപ്രശ്നം എന്ന നിലയിലാണത് അന്ന് മൂന്നാം റൈക്കില്‍ അതവതരിപ്പിക്കപ്പെട്ടത്. ബര്‍ലിനില്‍നിന്നുള്ള ഒരു ഔദ്യോഗിക പ്രസ്താവമനുസരിച്ച് അതിന്റെ ഉദ്ഭവത്തിലോ വികാസത്തിലോ ജര്‍മനിക്ക് ഒരു പങ്കുമില്ലായിരുന്നു. ഈ പ്രസ്താവം വാസ്തവവിരുദ്ധമാണെന്നു പണ്ടേ തെളിയിക്കപ്പെട്ടതാണ്. ഓസ്ട്രിയന്‍ ചാന്‍സലറായ ഡോക്ടര്‍ ഡോള്‍ഫസിന്റെ കൊലപാതകത്തില്‍ ജര്‍മന്‍ നാസികളുടെ പങ്ക് ഒരിക്കലും വെളിവായിട്ടില്ല. ഈ ചോദ്യത്തിന് ആദ്യമായി വ്യക്തമായ, സംശയമേതുമില്ലാത്ത, ഒരുത്തരം ഈ ഡയറിക്കുറിപ്പുകള്‍ തരുന്നുണ്ട്:

ഹെസ്സയുടെ വീട്ടില്‍ ഒരാള്‍ക്ക് എപ്പോഴും താത്പര്യം ജനിപ്പിക്കുന്ന ആരെയെങ്കിലും കണ്ടുമുട്ടാനാകും. അതില്‍ ഏറ്റവും രസികന്‍ പ്രൊഫസര്‍ ഹൗഷോഫര്‍ ആയിരുന്നില്ല, വിയന്നയില്‍നിന്നുള്ള ഡോക്ടര്‍ മാഡറാണ്. ഹെസ്സ അയാളെ തന്റെ ചിറകിന്‍കീഴിലാക്കിയിരുന്നു. 1934 ജൂലായ് മാസത്തില്‍ വിയന്നയില്‍ നടന്ന നാഷണല്‍ സോഷ്യലിസ്റ്റ് ലഹളയില്‍ വിലപ്പെട്ട, പ്രശ്നകരമായ, ഒരു കത്തു സൂക്ഷിച്ചത് ഈ യുവാവായിരുന്നു. പോലീസിനു പിടികൂടുവാനാകുന്നതിനു മുമ്പ് അയാള്‍ ആ കത്ത് നശിപ്പിച്ചുകളഞ്ഞു. അട്ടിമറി ശ്രമിക്കുകയാണെങ്കില്‍ ഡോക്ടര്‍ ഡോള്‍ഫസ് യാതൊരു കാരണവശാലും അത് അതിജീവിക്കരുതെന്ന് റുഡോള്‍ഫ് ഹെസ്സ ഈ കത്തില്‍ വളരെ വ്യക്തമായി പറഞ്ഞിരുന്നു. ഡോക്ടര്‍ ഡോള്‍ഫസിന്റെ വധശിക്ഷ നടപ്പിലാക്കാനായി തിരഞ്ഞെടുക്കപ്പെട്ട പ്ലനേറ്റ (ഇദ്ദേഹമാണ് ഡോള്‍ഫസിനെ വെടിവെച്ചു കൊന്നത്. ഈ കൊലക്കുറ്റത്തിന് വിയന്നയില്‍വെച്ച് ഇദ്ദേഹത്തെ തൂക്കിലേറ്റുകയുണ്ടായി) ഈ കത്ത് കണ്ടിരുന്നു. ധീരനായ ഒരു നാഷണല്‍ സോഷ്യലിസ്റ്റ് എന്ന നിലയില്‍ അയാള്‍ തന്റെ കര്‍ത്തവ്യം ചെയ്തു. അതിനായി മരണം വരിക്കുകയും ചെയ്തു. അപകടകാരിയായ ആ കത്ത് വിയന്നയിലെ ചാന്‍സലറിയില്‍നിന്ന് ഡോക്ടര്‍ മാഡര്‍ കടത്തിക്കൊണ്ടുവന്ന് ഉടന്‍ നശിപ്പിച്ചു. ഇതിന് ഹെസ്സിന് അയാളോട് നന്ദിയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

മ്യൂണിക്, ശരത്കാലം, 1937

വീണ്ടും തുടര്‍ച്ചയായി മണിക്കൂറുകളോളം അദ്ദേഹത്തിനു വായിച്ചുകൊടുക്കേണ്ടുന്ന കാലം വന്നിരിക്കുന്നു. അദ്ദേഹം അനങ്ങാതിരിക്കില്ല, വിശ്രമിക്കില്ല. മുറിയില്‍ അലഞ്ഞുനടക്കും. കണ്ണാടിക്കരികില്‍പ്പോയി തന്നത്തന്നെ തുറിച്ചുനോക്കും. താനൊരു അപരിചിതനാണെന്ന മട്ടിലാണ് ഈ നോട്ടം. എന്നാല്‍ ഇതൊന്നും എന്നെ ഞാന്‍ ചെയ്യുന്ന ജോലിയില്‍നിന്ന് വ്യതിചലിപ്പിക്കരുത്. ചിലപ്പോള്‍ ഞാന്‍ വായിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അദ്ദേഹം മറ്റൊരു പുസ്തകമെടുത്ത് താളുകള്‍ മറിക്കാന്‍ തുടങ്ങും. ഞാന്‍ വായന നിറുത്തണോ എന്നു ചോദിച്ചാല്‍ 'വേണ്ട... വേണ്ട... തുടര്‍ന്നോളൂ... സാവധാനത്തില്‍... വ്യക്തമായി വായിച്ചാല്‍ മതി' എന്നു പറയും. അപ്പോള്‍ എന്തു ചിന്തിക്കണം എന്നെനിക്കറിയില്ല. അദ്ദേഹത്തിന് ഞാന്‍ വായിക്കുന്നത് ശ്രദ്ധിക്കുന്നതിനോടൊപ്പം വേറെ വായിക്കാനുമാകുന്നുണ്ടോ? അതോ ഞാന്‍ വായിക്കുന്നതൊന്നും കേള്‍ക്കുന്നില്ല എന്നാണോ? അദ്ദേഹത്തിന്റെ മനസ്സിലിപ്പോള്‍ ഭാവിയെക്കുറിച്ചുള്ള പദ്ധതികളാണ്. അദ്ദേഹത്തിന് വാസ്തുശില്‍പ്പവിദ്യ പഠിക്കണം. 'എനിക്ക് താത്പര്യമുള്ള, എന്നെ ബാധിക്കുന്ന ഏക കല അതു മാത്രമാണ്,' അദ്ദേഹം പറയും. 'ചെറുകഥകളെഴുതാനാകുമല്ലോ എന്ന് പലപ്പോഴും ഞാന്‍ ചിന്തിക്കാറുണ്ട്. എന്നാല്‍ അപ്പോഴൊക്കെ ഞാന്‍ എന്നെ ഏറ്റവും മഹാന്മാരായവരുമൊത്ത് താരതമ്യം ചെയ്യും. അങ്ങനെ ആ ശ്രമം ഉപേക്ഷിക്കും. ചിത്രകല എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ നിസ്സാരമായ ഒന്നാണ്. എന്നാല്‍ ചിത്രകലയ്ക്ക് എന്തെങ്കിലും പ്രകടമാക്കാനാകുന്ന ഒരു കാലത്തല്ല നമ്മളിപ്പോള്‍ ജീവിക്കുന്നത്. ' അത്രയും പറഞ്ഞ് അദ്ദേഹം വീണ്ടും കണ്ണാടിക്കു മുന്നിലേക്കു പോയി നാക്കുനീട്ടി അവിടേക്കു നോക്കി. അതിനെപ്പോഴും മഞ്ഞ നിറമാണ്. ഒരുപക്ഷേ, കരള്‍വീക്കമുള്ളതിനാലാകാം ഈ മഞ്ഞ നിറം. 'എനിക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിക്കണമെന്നുണ്ട്. പക്ഷേ, അത് ആരുമറിയരുത്. ഭാഷകള്‍ അപകടകാരികളാണെന്നാണ് ഞാന്‍ കരുതുന്നത്. രാഷ്ട്രീയ-സാംസ്‌കാരിക അധികാരം പരത്താനുപയോഗിക്കുന്ന ഏറ്റവും വിനാശകാരിയായ വൈറസാണത്. ഈ യൂറോപ്പു മുഴുക്കെ ജര്‍മന്‍ ഭാഷ സംസാരിച്ചുതുടങ്ങിയാലേ എനിക്കെന്റെ ലക്ഷ്യം നേടാനായി എന്ന് പറയാനാകുകയുള്ളൂ,' അദ്ദേഹം പറഞ്ഞു. അപ്പോഴേക്കും സമയം ഏഴുമണിയായിട്ടുണ്ടായിരുന്നു. ഞാന്‍ വല്ലാതെ ക്ഷീണിതയായിരുന്നു. പുലര്‍ച്ചെ മൂന്നുമണി മുതല്‍ വായിക്കുകയാണ്. വാക്കുകളും വരികളും എന്റെ കണ്ണിനു മുന്നില്‍ നൃത്തം ചെയ്യുകയാണ്. എന്നിട്ടും അദ്ദേഹത്തിനുറക്കം വരുന്നില്ല. അവസാനം അദ്ദേഹം കുളിമുറിയില്‍ കയറി. പക്ഷേ, അപ്പോഴും എനിക്ക് വായന നിറുത്താനാകില്ല. എന്തിനധികം, കൈകാലുകള്‍ നിവര്‍ത്തിമടക്കുന്ന തന്റെ പതിവ് പ്രഭാതവ്യായാമത്തിനിടയില്‍പ്പോലും വായന തുടരേണ്ടി വന്നു. അതും കഴിഞ്ഞാണ് 'ഇന്നേക്ക് ഇത്ര മതി, രസകരമായിരുന്നു' എന്നദ്ദേഹം പറഞ്ഞത്. എന്നിട്ട് സോഫയിലിരുന്ന് കൈയും കാലും തിരുമ്മി. റെക്സിന്റെ പുറത്ത് തടവിക്കൊണ്ട്, 'ശരി, ഇനി കുളിച്ചോളൂ. അതിനു ശേഷം നമുക്കൊന്ന് നടക്കാനിറങ്ങാം' എന്നു പറഞ്ഞു.

ഞാന്‍ കുളിക്കുന്നത് അദ്ദേഹം കണ്ടുകൊണ്ടിരിക്കും. എപ്പോഴും അതങ്ങനെയാണ്. അതദ്ദേഹത്തിനു കണ്ടുമതിയാകാത്തത് എന്റെ ഭാഗ്യമാണെന്നു ഞാന്‍ കരുതുന്നു. വ്യായാമം ചെയ്യുന്ന എന്നെ നോക്കിയിരിക്കുന്നത് അദ്ദേഹത്തിനു പ്രത്യേകിച്ചും ഇഷ്ടമായിരുന്നു. വ്യായാമം ദീര്‍ഘകാലമായി ഞാന്‍ ചെയ്തിരുന്നതാണെങ്കിലും എനിക്കുവേണ്ടി അദ്ദേഹം രൂപകല്‍പ്പന ചെയ്തിരിക്കുന്നവയാണ് ചെയ്യേണ്ടത്. 'നിന്റെ ശരീരം എങ്ങനെ വേണമെങ്കിലും വളയുന്നതാണ്,' അദ്ദേഹം പറഞ്ഞു. അതൊരു അഭിനന്ദനമായിരുന്നു. ഇതേ വാക്കുകള്‍ അദ്ദേഹം പലപ്പോഴും പറയുന്നതാണ്. അതിനു ശേഷം എന്റെ ശരീരത്തിലെ വിശദാംശങ്ങളിലേക്ക് എന്റെ ശ്രദ്ധ ക്ഷണിക്കും. എന്റെ ശരീരത്തെക്കുറിച്ച് എനിക്കറിയാവുന്നതില്‍ കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹത്തിനറിയാം.

ഓസ്ട്രിയന്‍ പ്രശ്നത്തിനുള്ള 'പോംവഴി' ഹിറ്റ്ലറും റുഡോള്‍ഫ് ഹെസ്സും 1937-ലെ സെപ്റ്റംബറിലോ നവംബറിലോ നടപ്പിലാക്കാനാണ് പദ്ധതിയിട്ടിരുന്നതെന്ന് ഇവാ ബ്രൗണിന്റെ ഡയറിക്കുറിപ്പുകള്‍ സംശയമില്ലാതെ തെളിയിക്കുന്നുണ്ട്. വിയന്നയിലെ ജര്‍മന്‍ അംബാസിഡറായ പാപെനും അദ്ദേഹത്തിന്റെ മിലിട്ടറി അറ്റാഷെയും ഈ തീയതി അനുയോജ്യമെന്ന അഭിപ്രായക്കാരായിരുന്നു. ഓസ്ട്രിയക്കെതിരെയുള്ള പ്രവര്‍ത്തനം ഹിറ്റ്ലര്‍ എന്തുകൊണ്ട് നീട്ടിവെച്ചു എന്നതിനായുള്ള ഏറ്റവും അദ്ഭുതകരമായ വിശദീകരണമിതാ:

നവംബര്‍ 1937, ഞായറാഴ്ച. മ്ലാനമായ, മൂടിക്കെട്ടിയ ഒരു ദിവസം. ഞങ്ങളുടെ സഭയിലെ ജ്യോതിഷിയായ പ്രൊഫസര്‍ ഡബ്ല്യുവും ഞാനും ദീര്‍ഘനേരമായി അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു. ആറുമണിക്കാണ് അദ്ദേഹം എത്തിയത്. മൂന്നുമണിക്കു വരുമെന്നാണ് പറഞ്ഞിരുന്നത്. വന്നപ്പോള്‍ ഡബ്ല്യുവിനെ കാണാന്‍ താത്പര്യമില്ലെന്നും അയാളെ പറഞ്ഞുവിടാനും എന്നോട് ആവശ്യപ്പെട്ടു. പല പ്രധാന കാര്യങ്ങളും നടന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഓസ്ട്രിയയും ജര്‍മനിയും തമ്മിലുള്ള ആന്‍ഷുലസ് ഒരുപക്ഷേ, ഉടന്‍ നടന്നേക്കും. പാപെനും ടാഫ്സുമൊത്ത് ഹെസ്സ് പദ്ധതിയിട്ട കാര്യങ്ങള്‍ നടപ്പില്‍ വരുത്താനൊരുങ്ങുകയാണ് (ജര്‍മനിയിലെ നാസി പാര്‍ട്ടിയുടെ മുഖ്യ സംഘാടകനായിരുന്നു ടഫ്സ്). ഈ വേനലില്‍ അതു നടപ്പിലാക്കാനാണയാള്‍ പദ്ധതിയിടുന്നത്. എ. അതില്‍ ആവേശഭരിതനായിരുന്നു. ഇങ്ങനെ ഒരവസ്ഥയില്‍ അദ്ദേഹത്തെ ഞാന്‍ ദീര്‍ഘകാലമായി കണ്ടിട്ടില്ല. അതിനാല്‍ എന്നോടൊപ്പം ഒറ്റയ്ക്കു ചെലവഴിക്കാനാണ് അപ്പോള്‍ അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് ഞാന്‍ ശ്രദ്ധിച്ചു. സംസാരിക്കാന്‍ ഒരവസരം വേണമായിരുന്നു. കുറച്ചു ലാളന വേണമായിരുന്നു. പക്ഷേ, പിന്നീട് അദ്ദേഹം ഡബ്ല്യുവിനെ കാണാന്‍ സമ്മതിച്ചു. വളരെ സന്തോഷത്തോടെ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു.''താരകങ്ങള്‍ എന്തു പറയുന്നു''എന്നു ചോദിച്ചു. ''നല്ലതു മാത്രം പ്രിയ ഫ്യൂറര്‍. ഇപ്പോഴേക്ക് നല്ല കാര്യങ്ങള്‍ മാത്രം,'' വൃദ്ധന്‍ മറുപടി പറഞ്ഞു. ''ഈ ഇപ്പോഴേക്ക് എന്നു പറഞ്ഞതിനെന്താണര്‍ത്ഥം? അതിനു ശേഷം അത്ര നല്ലതല്ല എന്നോ മറ്റോ അത് പറയുന്നുണ്ടോ?'' വൃദ്ധന്‍ ഡബ്ല്യു അത്ര പെട്ടെന്ന് അമ്പരക്കുന്ന കൂട്ടത്തിലല്ല. ജൂതന്മാര്‍ സംസാരിക്കുന്നതിന്റെ ഒരു ഏകദേശരൂപമുണ്ട് അദ്ദേഹത്തിന്റെ സംസാരത്തിന്. ഒരുപക്ഷേ, അദ്ദേഹത്തിലും കുറച്ച് ജൂതരക്തമുണ്ടാകാം. ''അടുത്ത വര്‍ഷം, അതായത് 1938, താങ്കളുടെ ജീവിതത്തിലെ ഏറ്റവും നല്ല വര്‍ഷമാകും ഫ്യൂറര്‍. അതാണ് ഞാന്‍ ഉദ്ദേശിച്ചത്.''
''എന്നുവെച്ചാല്‍ 1938 കഴിഞ്ഞാല്‍ എന്റെ നക്ഷത്രങ്ങള്‍ മങ്ങിത്തുടങ്ങും എന്നാണോ?''

''താങ്കളുടേതുപോലെയുള്ള ഒരു താരകം അത്ര പെട്ടെന്ന് മങ്ങില്ല പ്രിയ ഫ്യൂറര്‍. അത് ഒന്നുകില്‍ തിളങ്ങിക്കൊണ്ടേയിരിക്കും, അല്ലെങ്കില്‍ അതിനെ കെടുത്തിക്കളയണം.''
''അതിനെ കെടുത്തിക്കളയണമെന്നോ?''
വൃദ്ധന്‍ ഡബ്ല്യു കുറച്ചു പരിഭ്രാന്തനാകാന്‍ തുടങ്ങി. ആ ചര്‍ച്ചതന്നെ പരിഭ്രാന്തിയുണര്‍ത്തുന്നതായിരുന്നു. ''എന്റെ പ്രിയ ഫ്യൂറര്‍... ഒരു ജ്യോതിഷിക്കും അത്തരം കാര്യങ്ങള്‍ പ്രവചിക്കാനാകില്ല. 1938-ലെ താങ്കളുടെ ജാതകം ഞാനെഴുതിയിട്ടുണ്ട്. അത് ഒരിക്കല്‍ക്കൂടി പറയാം. താങ്കളുടെ ജീവിതത്തിലെ ഏറ്റവും നല്ല വര്‍ഷമാകും അത്. ''
''1937 ആയിരിക്കില്ലേ?''
''ഇല്ല, 1938.''

അദ്ദേഹം വൃദ്ധനോട് യാത്രപറഞ്ഞ് എനിക്കു നേരേ തിരിഞ്ഞു. ''ഞങ്ങള്‍ക്കു പരസ്പരം അധികം സംസാരത്തിന്റെ ആവശ്യമില്ല, ഞാനും ഈ ഡബ്ല്യുവും തമ്മില്‍. ഞങ്ങളുടെ മനസ്സില്‍ എന്താണെന്ന് ഇരുവര്‍ക്കും പെട്ടെന്നു മനസ്സിലാകും. ആ ഓസ്ട്രിയന്‍ ഇടപാട് ഇപ്പോള്‍ തുടങ്ങരുതെന്നാണ് അയാള്‍ ഉപദേശിക്കുന്നത്. പാപെനും മഫും (ജനറല്‍ മഫ്, വിയന്നയിലെ ജര്‍മന്‍ പട്ടാള ഉപസ്ഥാനപതി) വന്നിരുന്നു. അവര്‍ പറയുന്നത് ഇതാണേറ്റവും നല്ല മാസം എന്നാണ്. ഓസ്ട്രിയയിലെ പാര്‍ട്ടി സഖാക്കളെ ഇനിയും കാത്തിരിപ്പിക്കാന്‍ എനിക്കാകില്ല.'' അദ്ദേഹം മുറിയില്‍ ഉലാത്തി. വിരലുകൊണ്ട് മേശപ്പുറത്ത് താളം പിടിച്ചു. 'ഇത്രയും മഹത്തായ ഒരു സാമ്രാജ്യത്തെ നയിക്കുമ്പോള്‍ ഒരാള്‍ നക്ഷത്രങ്ങളെ ആശ്രയിക്കുന്നതില്‍ അഭിമാനക്കുറവൊന്നുമില്ല,' ആത്മഗതമെന്നനിലയിലാണതു പറഞ്ഞത്. 'ഈ ഓസ്ട്രിയന്‍ കാര്യം എനിക്ക് വലിയ ആവേശം തരുന്നുണ്ട്. എന്റെ ജീവിതത്തില്‍ ഇതിനു മുമ്പൊരിക്കലും ഇത്രയും ഉത്തേജനം എനിക്കു ലഭിച്ചിട്ടില്ല. ചിലപ്പോഴൊക്കെ എന്തൊക്കെയോ അതിനിറങ്ങരുതെന്ന് എനിക്കൊരു മുന്നറിയിപ്പു തരുന്നതുപോലെ തോന്നാറുണ്ട്. ഇപ്പോള്‍ ഈ വൃദ്ധനും അതുതന്നെ പറയുന്നു... വിലക്കപ്പെട്ടതാണെന്ന്. ഈ മാന്ത്രിക സൂചനകള്‍ പലപ്പോഴും എന്നെ സഹായിച്ചിട്ടുണ്ട്. ഇതിന് ഏതൊരു രഹസ്യാന്വേഷണവകുപ്പിനെക്കാളും രാജ്യതാത്പര്യങ്ങളെക്കാളും കരുത്തുണ്ടാകും. എന്തായാലും ഓസ്ട്രിയന്‍ പ്രശ്നത്തിനൊരു പോംവഴി ഞാന്‍ കണ്ടെത്തും. ഇനിയിപ്പോ നൂറിരട്ടി വിലകൊടുക്കേണ്ടിവന്നാലും അതെല്ലാം റൈക്കിനുവേണ്ടിയല്ലേ. ഓസ്ട്രിയ ഒപ്പമുണ്ടെങ്കിലേ ഈ സാമ്രാജ്യത്തിന് നിലനില്‍പ്പുള്ളൂ. അതല്ലെങ്കില്‍ ഇത് നശിക്കും.' അദ്ദേഹം ഉത്തേജിതനായിരുന്നു. ഇതുപോലെ ഇതിനു മുമ്പൊരിക്കലും ഞാനദ്ദേഹത്തെ കണ്ടിട്ടില്ല. അതിനുശേഷം അദ്ദേഹം ഞാനുമൊത്ത് ശയിച്ചു... അപ്പോള്‍ അദ്ദേഹം എന്നെ അകമഴിഞ്ഞ് സ്നേഹിക്കുന്നുണ്ടെന്ന് എനിക്കു തോന്നി...

നവംബര്‍ 1937-ലും 'ഹിറ്റ്ലര്‍ യൂത്തി'ന്റെ ഫ്യൂററായിരുന്ന ബാല്‍ഡൂര്‍ വോണ്‍ ഷിറാക്കിന് ന്യൂറംബര്‍ഗ് കോടതിക്കു മുന്നില്‍ ഗൊയ്ഥേയിലേക്ക് ജര്‍മന്‍ ജനതയ്ക്കു വഴികാണിച്ചത് താനാണെന്ന അവകാശവാദം ആവര്‍ത്തിക്കാന്‍ ലജ്ജയില്ലായിരുന്നു. എന്നാല്‍ തന്റെ സുഹൃത്തുക്കളുടെയും സതീര്‍ത്ഥ്യരുടെയും വൃന്ദത്തില്‍ ഈ 'ആത്മീയ നേതാവ്' എങ്ങനെയാണ് വെളിപ്പെടുന്നത്?

നവംബര്‍, 1937

എച്ചിന്റെയവിടെ നടന്ന സത്കാരം പതിവിലേറെ വിസ്മയകരമായിരുന്നു. എര്‍ണ പതിവുപോലെ എന്നോട് കുറച്ച് അധികാരഭാവത്തോടെ പെരുമാറി എന്നതു വാസ്തവം. ഞാനവളുടെ ജീവനക്കാരിയാണെന്ന മട്ടിലാണവള്‍ പെരുമാറുന്നത്. പ്രസന്നവതിയെങ്കിലും അവളൊരു പ്രാകൃത ജീവിയല്ലേ. ബാല്‍ഡൂര്‍ (ബാല്‍ഡൂര്‍ വോണ്‍ ഷിറാക്ക്, ജര്‍മന്‍ യുവജന നേതാവ്, പിന്നീട് വിയന്നയുടെ ഗൗലൈറ്ററായി) ഉണ്ടെങ്കില്‍ ഞാന്‍ അയാള്‍ക്കൊപ്പം ആനന്ദത്തോടെ സമയം ചെലവിടും. അയാള്‍ എന്റെ പ്രത്യേക 'ശൃംഗാരി'തന്നെയാണ്. എന്നാല്‍ നിഷ്‌കളങ്കനാണ്. ഞാന്‍ ഗ്രെട്ഷനെ അനുകരിക്കും; അയാള്‍ ഫൗസ്റ്റിനെയും. ഞങ്ങള്‍ ഇരുവര്‍ക്കും അതിഷ്ടമാണ്. എന്നെ പ്രലോഭിപ്പിക്കാന്‍ ഇടയ്ക്ക് അയാള്‍ ശ്രമിക്കും, ഞാന്‍ പ്രതിരോധിക്കും. സഭയില്‍വെച്ച് അയാള്‍ എന്നെ ചുംബിച്ചു എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ല. എന്നാല്‍ ഇത്രയും വലിയ രാജ്യദ്രോഹം നടത്തിയപ്പോള്‍ പാവം ഫൗസ്റ്റ് വല്ലാതെ ഭയന്നു എന്നെനിക്കുറപ്പുണ്ട്. എന്തായാലും അതിനും അവസാനം വേണമല്ലോ. ഹിറ്റ്ലര്‍ യൂത്ത് സംഘടനയില്‍പ്പെട്ട ഒരു പൊട്ടിപ്പെണ്ണ് അവനെ തൂങ്ങിപ്പിടിച്ച് നടപ്പുണ്ടായിരുന്നു. ആ സായാഹ്നം മുഴുക്കെ അവള്‍ അയാളെ പിടികൂടിയത് അവിടെയുള്ളവര്‍ക്കെല്ലാം ഒരു തമാശയായി. അര്‍ദ്ധരാത്രിയായപ്പോഴേക്കും അയാള്‍ പൂര്‍ണ്ണമായും കുടിച്ചുന്മത്തനായി. അയാളെയും അവളെയും എല്ലാവരുംകൂടിഒരു മുറിയിലിട്ടു പൂട്ടി. ഒന്നാം നിലയിലായിരുന്നു ആ മുറി. അവിടെവെച്ച് അവര്‍ ഇരുവരും ഈ ലോകത്തിന്റെ അനുഗ്രഹത്തോടെ 'വിവാഹിതരാകട്ടേ' എന്ന് എല്ലാവരും ചേര്‍ന്ന് തീരുമാനിച്ചു. അതിനുശേഷം ഞങ്ങള്‍ താഴേക്കിറങ്ങി. പിന്നെ ആറുമണിക്കാണ് അവരെ 'തുറന്നുവിട്ടത്. ' ആ പെണ്‍കുട്ടി നിശ്ശബ്ദം, കണ്ണീര്‍ വാര്‍ത്ത് മുറിയില്‍നിന്നിറങ്ങി ഓടിപ്പോയി. ആകാവുന്നതിലധികം തിന്നുകയും കുടിക്കുകയും ചെയ്ത ആ യുവാവാകട്ടെ സംഗതിമൊത്തം അലങ്കോലമാക്കിയിട്ടുണ്ടായിരുന്നു. അതൊരു ദുഃഖകരമായ വിവാഹരാത്രിയായിട്ടുണ്ടാകും എന്നാണ് എര്‍ണ അതു കണ്ടപ്പോള്‍ പറഞ്ഞത്. ബി. പക്ഷേ, പൂര്‍വ്വസ്ഥിതിയിലെത്താന്‍ പിന്നെ അധികസമയമെടുത്തില്ല. ഞങ്ങള്‍ അയാളെ കഴുകി വൃത്തിയാക്കി-ഒരു കുതിരയെ കഴുകുന്നതുപോലെ കഴുകി. അയാള്‍ ഉണരുന്നതുവരെ കഴുകി. അപ്പോള്‍ അയാള്‍ തനിക്ക് വീണ്ടും മദ്യപിക്കണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങളെല്ലാം എതിര്‍ത്തു. അയാള്‍ക്ക് വെളിവ് വന്നുതുടങ്ങിയപ്പോള്‍ എന്നെ വീട്ടില്‍ വിടാന്‍ ഒപ്പം വരാന്‍ ഞാനയാളെ അനുവദിച്ചു. അയാളെന്നും കുസൃതിയായിരുന്നു. ആ യാത്രയിലും അയാള്‍ എന്നെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു, ഞാന്‍ എതിര്‍ത്തു. അയാള്‍ അതു കണ്ട് നിരാശനായി. ജീവിതത്തില്‍ താന്‍ ആഗ്രഹിക്കുന്ന ഏക കാര്യം ബുഡാപെസ്റ്റില്‍ ഒരു വേശ്യാലയം നടത്തിപ്പുകാരനാകണം എന്നതാണെന്ന് അയാളപ്പോള്‍ പറഞ്ഞു. അതെന്റെ ശബ്ദമില്ലാതാക്കി. അയാള്‍ തമാശപറയുകയാണോ അതോ ഗൗരവത്തിലാണോ എന്നറിയില്ല. എന്നാല്‍ യൂത്തിന്റെ റൈക്ക് ലീഡര്‍ക്ക് അനുയോജ്യമായ ഒരു സംഭാഷണമല്ല അത്. ഞാനതു തുറന്നുപറഞ്ഞു. എന്നാല്‍ അയാള്‍ അതേ ആശയം വീണ്ടും ആവര്‍ത്തിച്ചു. കാത്തിരുന്നു കാണൂ താന്‍ ഇച്ഛിക്കുന്നത് നേടിയെടുക്കും എന്നു പറഞ്ഞു. ആക്സ്മാന്‍ സാല്‍സ്ബര്‍ഗില്‍ വെച്ച് നടത്താന്‍ പദ്ധതിയിടുന്ന മൊസാര്‍ട്ട് ഫെസ്റ്റിവല്‍ എന്ന വിഡ്ഢിത്തം നിറഞ്ഞ ആശയത്തിനെക്കാള്‍ നല്ലതാണിത് എന്നും അയാള്‍പറഞ്ഞു. മൊസാര്‍ട്ട് ഫെസ്റ്റിവല്‍ ബയ്റൂത്തിലെ ഫെസ്റ്റിവലിന്റെ പ്രഭ നഷ്ടപ്പെടുത്തുന്നതായിരുന്നു. ഞാന്‍ അയാളെ സംസാരിക്കാന്‍ വിട്ടു. അയാളപ്പോള്‍ ആശയക്കുഴപ്പം ബാധിച്ചവനെപ്പോലെ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. അവസാനം എന്നെ വീട്ടിലേക്കെത്തിക്കാന്‍ വന്നവനെ ഞാന്‍ വീട്ടില്‍ കൊണ്ടുപോയി വിടേണ്ടിവന്നു.