കേരളത്തിന്റെ സാംസ്‌കാരിക പശ്ചാത്തലം രൂപപ്പെടുത്തുന്നതില്‍ കാവുകള്‍ വഹിച്ച പങ്ക് വലുതാണ്. കാവ് എന്ന പദത്തിന് മരക്കൂട്ടം, ഭദ്രകാളിയുടെ ക്ഷേത്രം എന്നിങ്ങനെ വിവിധ അര്‍ഥങ്ങളുണ്ട്. പ്രകൃതിയുമായി ബന്ധപ്പെട്ട വിശ്വാസവും ആരാധനയും സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുതന്നെ മനുഷ്യരുടെ ഭാഗമായിരുന്നു. കാവുകള്‍ പ്രകൃതിദേവതയുടെ ഇരിപ്പിടമാണ്. മാതൃദൈവസങ്കല്പം ലോകത്തിലെ എല്ലാ സംസ്‌കൃത സമൂഹത്തിലും പ്രാചീനകാലം മുതല്‍ക്കുതന്നെ നിലവിലുണ്ടായിരുന്നു. ഭാരതത്തില്‍, പ്രത്യേകിച്ച് ദ്രാവിഡദേശത്തില്‍ ഈ സങ്കല്പത്തിന് സംഘകാലത്തിനുമുമ്പുതന്നെ ചരിത്രമുണ്ട്. കേരളത്തിലെ അമ്മദൈവസങ്കല്പം സംഘകാലത്തുനിന്നും വന്നതാണ്. കേരളത്തില്‍ കാവ് പശ്ചാത്തലമായും ക്ഷേത്രം പശ്ചാത്തലമായും രണ്ടുതരം മാതൃദേവതാസങ്കല്പമുണ്ട്. ഇവയില്‍ കാവുമായി ബന്ധപ്പെട്ട അമ്മദൈവ സങ്കല്പത്തിനാണ് പഴക്കം.
മലയാളിയുടെ സ്വഭാവസമീപനങ്ങളില്‍പോലും കാവുകളുടെ സംസ്‌കാരം സ്വാധീനം ചെലുത്തിയിട്ടുണ്ട്. മനഃശാസ്ത്രരംഗത്ത് മൗലിക സംഭാവനകള്‍ നല്‍കിയ കാള്‍ യുങ്ങിന്റെ സഞ്ചിതാവബോധം എന്ന ആശയത്തെ ഇതിനോട് ചേര്‍ത്തുവായിക്കാം. ഓരോ മനുഷ്യമനസ്സിലും പ്രാചീനകാലം മുതല്‍ക്കുള്ള, തലമുറകളിലൂടെ കൈമാറിവന്ന സാമൂഹിക മനസ്സ് പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. കാവിലെ മാതൃസങ്കല്പത്തെ ഈ നിരീക്ഷണവുമായി ബന്ധപ്പെടുത്താം.
എന്നാല്‍ കാള്‍ യുങ്ങിനെ മലയാളി പരിചയപ്പെടുന്നതിനു മുമ്പുതന്നെ നമ്മുടെ ഒരു മഹാകവി കാവിനെയും കേരളീയനെയും ബന്ധപ്പെടുത്തി സമാനമായ ഒരു നിരീക്ഷണം നടത്തിയിട്ടുണ്ട്. ഇടശ്ശേരിയാണ് ആ കവി.
ഇടശ്ശേരിയും കാവും
മാറില്‍ അമ്മിഞ്ഞയും കൈയില്‍ കൊടുംകൊലവാളും ഏന്തിനില്‍ക്കുന്ന മൂര്‍ത്തി കാവിലുണ്ടെങ്കിലും ഇല്ലെങ്കിലും ശരി, ഓരോ കേരളീയന്റെയും ഉള്ളിലുണ്ടെന്ന് ഇടശ്ശേരി പറയുന്നു. സ്‌നേഹവും വാത്സല്യവും കരുതലും ഉള്ളപ്പോള്‍ത്തന്നെ അധര്‍മത്തോട് സന്ധിയില്ലാത്ത നിലകൊണ്ട് ഉഗ്രകോപത്തോടെ കാവല്‍ നില്‍ക്കുന്ന മാതൃദൈവസങ്കല്പം മലയാളിക്ക് സ്വന്തമായുണ്ട്. കേരളത്തിന്റെ പ്രാക്തനമായ തനത് സ്വത്വത്തെ മറ്റാരെക്കാളും സൂക്ഷ്മമായി തിരിച്ചറിഞ്ഞ കവിയായിരുന്നു ഇടശ്ശേരി. കാവിലെപ്പാട്ട്, പൂതപ്പാട്ട്, പൊട്ടിപുറത്ത് ശീവോതി അകത്ത്, മലയാളി തുടങ്ങിയ കവിതകള്‍ അതിന്റെ തെളിവുകളാണ്. അമ്മദൈവമെന്ന ആദിസങ്കല്പത്തിന്റെ ഭിന്നഭാവങ്ങളെ ഇത്രയും ശക്തവും സുന്ദരവുമായി അവതരിപ്പിച്ച കവികള്‍ ഭാരതത്തില്‍തന്നെ അധികമില്ല.
കാവിലെപ്പാട്ടില്‍ ഇടശ്ശേരി അവതരിപ്പിക്കുന്ന ഭദ്രകാളിയെ കേരളത്തിനു പുറത്തുള്ള പുരാവൃത്തങ്ങളിലൊന്നും കാണാന്‍ സാധിക്കില്ല. 'ക്രൂരയാണ് കുപിതയാണ് ഞങ്ങളുടെ ദേവി, ചോരകൊണ്ട് തെച്ചിമലര്‍ മാലയിടും ദേവി 'എന്നിങ്ങനെയാണ് അദ്ദേഹം ഭദ്രകാളിയെ അവതരിപ്പിക്കുന്നത്. പുരാവൃത്തത്തില്‍ മാറ്റമില്ലെങ്കിലും ഭാവതലത്തില്‍ അതിന് മാറ്റമുണ്ട്. സുംഭനിസുംഭാദികളെ കൊന്നൊടുക്കിയ ദേവിതന്നെയാണിത്. അതേസമയം സുരഭിലപ്പൂവല്ലിപോലെയാണ് ദേവിയിരിക്കുന്നത്. അങ്ങനെ കവി കാവിലെ ദേവിക്ക് രണ്ട് വിരുദ്ധമുഖങ്ങള്‍ കല്പിക്കുന്നു. ഒന്ന് ക്രൗര്യത്തിന്റെയും മറ്റൊന്ന് സ്‌നേഹത്തിന്റെയും. ഈ വിരുദ്ധഭാവങ്ങള്‍ സമന്വയിക്കുന്ന മാനസികഘടന ഓരോ കേരളീയന്റെയും പൈതൃകമാണെന്നാണ് ഇടശ്ശേരി നിരീക്ഷിക്കുന്നത്.

സമയമായി സമയമായി
തേരിറങ്ങുകംബേ
സകലലോകപാലനൈക
സമയമതാലംബേ
എന്നിങ്ങനെ കാവിലെ ദേവിയെ വിളിച്ചുണര്‍ത്തുന്ന കവി ഒരര്‍ഥത്തില്‍ സ്വന്തം സ്വത്വത്തെത്തന്നെയാണ് തോറ്റിയുണര്‍ത്തുന്നത്. മാതൃദൈവസങ്കല്പത്തിന്റെ ദ്രാവിഡമുഖം ഇതില്‍നിന്നും അകലെയല്ല. അവിടെ ദേവിക്ക് വേറെയും ഭാവങ്ങളുണ്ട് എന്നുമാത്രം. വിശ്വാസത്തിന്റെ കാര്യത്തില്‍ ദ്രാവിഡദേശത്തിന്റെ പൊതു ആരാധനാ പാരമ്പര്യത്തില്‍നിന്ന് മലയാളികള്‍ അകന്നു നിന്നിട്ടില്ല. ആത്മീയമായ ഒരു സാംസ്‌കാരിക പൈതൃകം ഭാരതീയര്‍ക്ക് പൊതുവായുണ്ടല്ലോ. ഭാരതം കണ്ട ഏറ്റവും വലിയ സംഗീതജ്ഞനും കൊല്ലൂര്‍ മൂകാംബികാദാസനുമായ ഇശൈജ്ഞാനി ഇളയരാജയുടെ സംഗീതത്തിൽ പ്രസിദ്ധമായ 'ജനനീ ജനനീ ജഗംനീ അകംനീ /ജഗത്കാരിണി നീ പരിപൂരണി നീ' എന്നുതുടങ്ങുന്ന ഗാനത്തില്‍ ജഗദീശ്വരിയുടെ വൈഭവം ലളിതസുന്ദരമായി അവതരിപ്പിച്ചിട്ടുണ്ട്.
ഈ പാട്ടിന്റെ ചരണത്തില്‍ 'ചതുര്‍വേദങ്ങളും പഞ്ചഭൂതങ്ങളും/ഷണ്‍മാര്‍ഗങ്ങളും സപ്തതീര്‍ഥങ്ങളും/അഷ്ടയോഗങ്ങളും നവയാഗങ്ങളും/തൊഴും പൂങ്കഴലേ മലൈമാമകളെ' എന്ന ഭാഗത്ത് ജഗദീശ്വരിയുടെ ശക്തിസൗന്ദര്യങ്ങള്‍ കവിയരശ്ശ് വാലി മനോഹരമായി വര്‍ണിച്ചിരിക്കുന്നു. ഈ ഗാനം അമ്മദൈവസങ്കല്പത്തിന്റെ ദ്രാവിഡത്തനിമ വിളിച്ചോതുന്നുണ്ട്.
ആദിപരാശക്തി സങ്കല്പവുമായി ബന്ധപ്പെട്ട് ഭാരതത്തിലെ മറ്റ് പ്രദേശങ്ങളില്‍ പ്രചാരത്തിലുള്ള ആരാധനാരീതികളില്‍നിന്ന് കേരളീയ ആരാധനാരീതി ഭിന്നമാവുന്നത് കാവുകളുടെ ചരിത്രമുള്ളതുകൊണ്ടാണ് എന്ന് ഇതില്‍നിന്നും വ്യക്തമാണ്. കേരളത്തിനകത്തും പുറത്തുമുള്ള നവരാത്രി ആഘോഷങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും.
Content Highlights: edassery poems kavu and cultural background of kerala
Published: 22 Oct 2023, 03:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented