കാലചക്ര ഭ്രമണത്തിൽ മറഞ്ഞുപോകുന്ന മനുഷ്യസ്വത്വത്തിന്റെ വേരുകൾ തേടിയുള്ള സഞ്ചാരങ്ങളാണ് ഇ. സന്തോഷ്‌കുമാറിന്റെ 'നാരകങ്ങളുടെ ഉപമ' (2018), 'മ്യൂസിയം' (2025) എന്നീ കഥകൾ. കാലചരിത്രത്തിന്റെ പടവുകളിലൂടെ ആത്മത്തിന്റെ വേരുകൾ തേടുന്ന മനുഷ്യാസ്തിത്വത്തെ അവതരിപ്പിക്കുന്ന 'നാരകങ്ങളുടെ ഉപമ'യും, സ്വത്വത്തിന്റെ വിച്ഛേദങ്ങൾ അതീന്ദ്രീയ കാഴ്ചയായി അനുഭവിപ്പിക്കുന്ന 'മ്യൂസിയ'വും സമകാല കഥാഭാവുകത്വത്തിൽ സ്ഥലകാലപരമായ പുതിയൊരു അനുഭവത്തെ സൃഷ്ടിച്ച അസാധാരണമായ രചനകളായി വായിക്കപ്പെടുന്നു. എഴുത്ത് ആത്മീയമായ ഒരാവശ്യമായി കരുതുന്ന ഒരു എഴുത്തുകാരൻ ഇത്തരം അനുഭവങ്ങളുടെ ആവിഷ്‌കാരത്തിലേക്ക് ആകർഷിക്കപ്പെടുക സ്വാഭാവികമാണ്.

To advertise here,

കലാരചനകളിൽ മതിഭ്രമങ്ങളായും ഭ്രമകല്പനകളായും രൂപമെടുക്കുന്നത് മനുഷ്യന്റെ ബോധമണ്ഡലത്തിനു പിന്നിൽ തിരയിളക്കുന്ന അന്തരിന്ദ്രിയ ജ്ഞാനവും സമൂഹത്തിന്റെ അനുഭവങ്ങളുമാണെന്ന് ഈ കഥകളിലൂടെ നാം മനസ്സിലാക്കുന്നു. യാഥാർത്ഥ്യത്തിനും യുക്തിചിന്തയ്ക്കുമപ്പുറം മനുഷ്യൻ എന്ന സമസ്യയെ അനുഭവിപ്പിക്കാൻ കഥയുടെ മാന്ത്രികജാലംകൊണ്ട് കഴിയും എന്നു നമ്മെ ബോധ്യപ്പെടുത്തുന്ന കഥകളാണ് സന്തോഷ് കുമാറിന്റേത്. മനുഷ്യാസ്തിത്വത്തിന്റെ മഹാസമസ്യകളെ ഏറ്റവും ലളിതമായ ആഖ്യാനത്തിൽ ആവിഷ്‌കരിക്കുന്ന കലാതന്ത്രമാണ് സന്തോഷ്‌കുമാറിന്റെ കഥകളിൽ കാണാൻ കഴിയുക. ആധുനികതയുടെ കഥാലോകം കാണിച്ചുതന്ന ആത്മസ്വത്വാന്വേഷണത്തിന്റെ ദാർശനിക ലോകത്തിൽനിന്നു ഭിന്നമായി, ചരിത്രത്തിന്റെ വേരുകളിൽ മനുഷ്യസ്വത്വത്തെ കണ്ടെത്താൻ ശ്രമിക്കുന്ന ആഖ്യാനങ്ങളായാണ് അവയെ വായനക്കാർ തിരിച്ചറിഞ്ഞത്. അതുകൊണ്ടുതന്നെ പല അടരുകളിൽ ഖനനം ചെയ്ത് എടുക്കാവുന്ന വ്യാഖ്യാന സാധ്യതകൾ സന്തോഷ്‌കുമാറിന്റെ കഥകൾ നൽകുന്നു.

പല കഥകളിലും മനുഷ്യൻ എന്ന അവസ്ഥയുടെ ദർശനങ്ങളും ചിന്തകളുമാണ് കഥാപാത്ര ചിത്രീകരണമായി രൂപപ്പെടുന്നത്. മനസ്സ് എന്ന ആറാമിന്ദ്രിയത്തിന്റെ വ്യവഹാരങ്ങൾ കഥാഖ്യാനത്തിന്റെ ഭാഷയായി മാറുന്നതുകൊണ്ടുതന്നെ ഈ കഥകൾ അനേകം അർത്ഥതലങ്ങളിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നുണ്ട്. ആത്മീയവും ഭൗതികവുമായ മനുഷ്യാവസ്ഥകളെ കലാപരമായ ഉൾക്കാഴ്ചയോടെ അവതരിപ്പിക്കുന്ന നിരവധി കഥകൾ സന്തോഷ്‌കുമാർ എഴുതിയിട്ടുണ്ട്. ദാർശനികമായ തലത്തിൽ അവയോടു ചേർന്നുനിൽക്കുന്നവയാണ് ഈ രണ്ടു കഥകൾ.

ഭൂതകാലത്തിന്റെ അവശേഷിപ്പുകളായ പുരാവസ്തുക്കളുമായി ബന്ധിപ്പിച്ചുകൊണ്ടാണ് രണ്ട് കഥകളിലും സ്ഥലങ്ങളും ഇടങ്ങളും നിർണയിക്കപ്പെടുന്നത്. 'നാരകങ്ങളുടെ ഉപമ'യിൽ പുരാവസ്തു വകുപ്പിൽ ജോലി ചെയ്ത തമാനെയുടെ ഓർമകളിലൂടെ ഭൂവന്തരാളത്തിന്റെ അഗാധഗർത്തങ്ങൾ രൂപപ്പെടുന്നു; ഓർമയുടെ ആഖ്യാനം നടക്കുന്നതാവട്ടെ മലഞ്ചെരിവിലൂടെയുള്ള ഒരു ബസ് യാത്രയിലൂടെയും. മ്യൂസിയത്തിലെ കഥയിൽ കൂറ്റൻ ആശുപത്രിക്കെട്ടിടത്തിൽ എത്തിച്ചേർന്ന ആഖ്യാതാവിന്റെ ഓർമകളിലൂടെ വിശേഷപ്പെട്ട ഒരു മ്യൂസിയത്തിലെ അനുഭവക്കാഴ്ചകളായി കഥ അനാവരണം ചെയ്യപ്പെടുന്നു. ആഖ്യാതാവിലൂടെയും ഒന്നോ രണ്ടോ കഥാപാത്രങ്ങളിലൂടെയും മാത്രം ഉരുവപ്പെടുന്ന കഥാഖ്യാനങ്ങളാണ് രണ്ടും. ബസ് യാത്രയ്ക്കിടയിൽ യാദൃച്ഛികമായി കണ്ടുമുട്ടുന്ന തമാനെ എന്ന മനുഷ്യനും ആഖ്യാതാവായ 'ഞാൻ'എന്ന കഥാപാത്രവും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് നാരകങ്ങളുടെ ഉപമയിൽ ഭൂത, വർത്തമാന കാലങ്ങളിലൂടെയുള്ള സഞ്ചാരം നടക്കുന്നത്.

ഭൂമി കുഴിച്ച് പുരാവസ്തുക്കളെ കണ്ടെടുക്കുന്ന തൊഴിലിൽ നിന്നു വിരമിച്ച് നാട്ടിലേയ്ക്ക് തിരിച്ചു പോകുന്ന അസാധാരണ പ്രകൃതമുള്ള മനുഷ്യനാണ് തമാനെ. സ്വന്തം തൊഴിലിലൂടെ അയാൾ അനുഭവിച്ച സമയകാലങ്ങളാണ്, ചിന്തകളാണ് തമാനെ എന്ന മനുഷ്യനെ നിർണയിച്ചിട്ടുള്ളത്. ആറുവിരലുകളുള്ള മനുഷ്യൻ എന്നതാണ് ജൈവശരീരത്തിലെ അയാളുടെ അസാധാരണത്വം. ആറാമത്തെ വിരലിന്റെ കാഴ്ചയനുഭവവും ആഖ്യാതാവിന്റെ പ്രതികരണവും അസ്വഭാവികവും അപരിചിതവുമായ ഒന്നിനെ മനുഷ്യൻ എങ്ങനെ കാണുന്നു എന്നതിന്റെ തെളിവായി നിൽക്കുന്നു. ഭൂതകാലത്തെ തേടി ഭൂമിക്കടിയിൽ പതുക്കെ സഞ്ചരിച്ചുകൊണ്ടിരുന്ന തമാനെയുടെ കാലാനുഭവമാണ് അയാളുടെ ജീവിതദർശനമായി മാറുന്നത്. ഭൗതികകാലത്തിന്റെ-കലണ്ടർ കാലത്തിന്റെ വേഗതകളും ദ്രുതചലനങ്ങളും സ്വന്തം ജീവിതത്തിൽനിന്ന് അന്യമാവുകയും നൂറ്റാണ്ടുകളുടെ ചരിത്രത്തിലേക്ക് ഭൂമിയുടെ അടരുകളിലൂടെ സഞ്ചരിക്കുന്ന അനുഭവകാലത്തിന്റെ സൂക്ഷ്മചലനങ്ങളിലൂടെ കടന്നുപോവുകയും ചെയ്യുന്ന മനുഷ്യനാണ് തമാനെ.

'ഓരോ ഇഞ്ചും ഓരോ അടിയും മണ്ണിനടിയിലേക്ക് പോകുമ്പോൾ നിങ്ങൾ മണിക്കൂറുകളല്ല, നാഴികകളല്ല, നൂറ്റാണ്ടുകളാണ് പിന്നിടുന്നത് എന്നു കാണാം. ഓരോ ചുവടിലും എത്ര നൂറ്റാണ്ടുകൾ! അതുകൊണ്ടാവാം പുറത്തെ വേഗങ്ങളുമായി എനിക്ക് പൊരുത്തപ്പെടാനാവുന്നില്ല.'

'കുഴിച്ച് കുഴിച്ച് പോകുന്നത് എത്ര പതുക്കെയാണെന്നറിയാമോ? ഓരോ ഇഞ്ചും ഓരോ അടിയും ഇങ്ങനെ അടർത്തിമാറ്റി ഭൂമിക്കു പോലും വേദനിക്കാത്ത മട്ടിൽ, പതുക്കെ, വളരെ പതുക്കെ...

പോകപ്പോകെ നിദ്രയിലാണ്ടു കിടക്കുന്ന ജനപഥങ്ങൾ തെളിഞ്ഞു വരുന്നു. ചിലപ്പോൾ വലിയ നഗരങ്ങൾ, വർഷങ്ങൾ നീണ്ടു പോയ വേനലിൽ വറ്റിപ്പോയ ചില നദികൾ, മൃഗങ്ങളുടെ അസ്ഥികൾ അവയുടെ വരണ്ട കൊരലുകളിൽ ഇപ്പോഴും കെട്ടിക്കിടക്കുന്ന ദാഹം.'

തമാനെ എന്ന അസാധാരണ മനുഷ്യന്റെ കാലാനുഭവത്തെ രൂപപ്പെടുത്തുന്ന ആഖ്യാനങ്ങളാണ് ഇത്. കാലത്തെയും സമയത്തെയും രണ്ടു രീതിയിൽ അനുഭവിക്കുന്ന രണ്ടു മനുഷ്യരുടെ മുഖാമുഖ ഭാഷണങ്ങളാണ് നാം കഥയിൽ ആദ്യം കാണുക. കാലത്തിന്റെ വേഗതയിൽ-ഭൗതിക കാലത്തിൽ ലക്ഷ്യം പൂർത്തീകരിക്കാൻ, ടാർഗെറ്റുകൾ തികയ്ക്കാൻ ജീവിക്കുന്ന മനുഷ്യനായ ആഖ്യാതാവും പുറത്തെ വേഗങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാത്ത തമാനെയും. എന്നാൽ തമാനെയുടെ ജീവിതകഥകളിലൂടെ -ഓർമ്മകളിലൂടെയുള്ള സഞ്ചാരം പൂർത്തിയാവുമ്പോഴേയ്ക്കും 'ടാർഗെറ്റുകളും സമയക്കെടുതികളും പിന്നീട് എന്നെ അലട്ടിയില്ല' എന്നു പറയുന്ന ആഖ്യാതാവിനെ നാം കാണുന്നു. തമാനെയുടെ കാലദർശനങ്ങൾ-ജീവിതദർശനങ്ങൾ തന്നിലേക്ക് പകരുന്ന അഖ്യാതാവാകുന്നതോടെ കഥാകാരന്റെ കാലദർശനങ്ങളായും ജീവിത ദർശനങ്ങളായും ആഖ്യാനം പരിണമിക്കുകയാണ്.

'എന്റെ നോട്ടത്തിൽ ഇന്നു ഭൂമിയിൽ ജീവിച്ചിരിക്കുന്നവരാരും തന്നെ അത്ര വയസ്സു ചെന്നവരല്ല'
'പിന്നെ ഈ സമയം എന്നൊക്കെപ്പറയുന്നത് ഭൂമിയിൽ ഹ്രസ്വകാലം മാത്രം ജീവിച്ചിരിക്കുന്നു എന്ന് തോന്നുന്നവരുടെ പ്രശ്‌നമാണ്. ചെറിയ ദൂരം ഓടുന്നവരുടെ വിഷമങ്ങൾ. ഓട്ടം ഒരു തുടർച്ചയാണെന്നു വിചാരിക്കൂ. അഥവാ നിങ്ങൾ വീണിടത്തുനിന്നും തുടർന്ന് മറ്റൊരാൾ ഓടുന്നു എന്നു വിചാരിക്കു... എല്ലാ കുഴപ്പങ്ങളും തീരും.' -ഭൂതകാലത്തിന്റെ അഗാധഗർത്തത്തിൽ തന്റെ പൂർവഗാമിയെ കണ്ടെത്തുന്ന തമാനെയുടെ അനുഭവമായാണ് ആത്മീയമായ സ്വത്വാന്വേഷണത്തെ കഥ ആഖ്യാനം ചെയ്യുന്നത്. തന്റെതന്നെ പൂർവ്വഗാമി, തന്നെ മാത്രം കാത്തിരിക്കുന്ന ഒരാൾ, ഉണ്ട് എന്ന തോന്നലിലാണ് തമാനെ ആരും സഞ്ചരിക്കാത്ത വഴിയിലൂടെ ഓർമയുടെ അഗാധ ഗർത്തത്തിലൂടെ സഞ്ചരിച്ച് സ്വന്തം പിതൃരൂപത്തെ കണ്ടെത്തുന്നത്.

ടെലിപ്പതിക് സ്വഭാവമുള്ള ആ അനുഭവത്തെ ആഖ്യാനം ചെയ്യുന്നുണ്ട് തമാനെ. ''എനിക്കു വിഷമം തോന്നി. അന്നുരാത്രി ഉറങ്ങാതെ കിടക്കുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ അനുഭവം വീണ്ടും വീണ്ടും ഓർമിക്കുകയായിരുന്നു... എന്തോ അപരിചിതമായ ഒന്ന് എന്നെ തൊട്ടു വിളിക്കുന്നതുപോലെ. ആരുടെയോ ഒരു ശബ്ദം. എനിക്കും അവിടേക്ക് ചെന്നു നോക്കണമെന്നും പ്രയാസപ്പെട്ടിട്ടായാലും ആ ശബ്ദങ്ങൾ കേൾക്കണമെന്നും ഞാൻ വിചാരിച്ചു. അന്നു രാത്രി ഞാൻ ഉറങ്ങിയതേയില്ല.'' അഗാധമായ ഇരുണ്ട ഗർത്തതിലേക്ക് പതിച്ച തമാനെയുടെ അനുഭവം അയാളെ മറ്റൊരു ദർശനത്തിലേയ്ക്ക് കടത്തിവിടുന്നു. മൺഭരണിക്കകത്ത് ഇരുത്തിയ മട്ടിൽ ഒരു ശവശരീരം ആറു വിരലുകളോട് കൂടിയ കൈപ്പത്തിയുള്ള അസ്ഥികൂടം, കണ്ടെടുക്കുന്നതോടെ ആ കണ്ടെത്തലിന് നിയുക്തനായത് ഞാൻ മാത്രമായത് നിമിത്തമാണെന്ന ചിന്തയിൽ ഏകാന്തതയുടെ ചരിത്രത്തിലേക്ക് തന്റെ സ്വത്വത്തെ അയാൾ ചേർത്തുവയ്ക്കുകയാണ്.

''ആറുവിരലുകളുള്ള ആ മനുഷ്യൻ എത്രയോ നൂറ്റാണ്ടുകൾ നിശ്ശബ്ദനായി അവിടെത്തന്നെ ഉണ്ടായിരുന്നു.- ആലോചിക്കുമ്പോൾ അയാൾ എന്നെ കാത്തിരിക്കുകയായിരുന്നു എന്നു തോന്നും. തന്റെ അതേ

കുലചിഹ്നമുള്ള ഒരാൾ തേടി വരുന്നത് വരെ ഒറ്റയ്ക്ക് അവിടെ.'

'...ഈ പുരാതന മനുഷ്യനെ കണ്ടെത്തിയപ്പോൾ ഞാൻ എന്റെ ജാള്യങ്ങൾ മായ്ച്ചുകളഞ്ഞു. ഒരാൾക്ക് വ്യത്യസ്തനായിരിക്കാമെന്ന് മനസ്സിലായി. ഒറ്റപ്പെട്ടൊരു ജീവിതമാവാമെന്നും ഒറ്റപ്പെട്ട മരണമാവാമെന്നും വേണമെന്നുണ്ടെങ്കിൽ ഏകാന്തമായൊരു മരണാനന്തര ജീവിതം പോലുമാവാമെന്നും തെളിഞ്ഞു.''

ചരിത്രത്തിന്റെ ഇരുണ്ട ഇടത്തിൽ നിന്ന് സ്വത്വത്തെ കണ്ടെടുക്കുന്നതോടെ ഭൗതിക കാലത്തിന്റെയും വർത്തമാനകാലത്തിന്റെയും ആവേഗങ്ങളിൽനിന്ന് പൂർണനായും അയാൾ മുക്തനാകുകയാണ്. ഏകാന്തതയുടെ ആത്മീയാന്വേഷണമായി മാറുന്ന ധ്യാനാത്മക ജീവിതത്തിന്റെ മനുഷ്യരൂപമായി തമാനെ മാറുന്നു. കഥയിൽ, ധ്യാനാത്മക കാലത്തിന്റെ പ്രതിരൂപമായി, അസാധാരണമായ ആറാം വിരലും നാരകവും നിൽക്കുന്നു. ചെറുവിരലിനോട് പറ്റിച്ചേർന്ന് നിശ്ചലമായി നിൽക്കുന്ന തീരെ ചെറിയ വിരൽ കാലബോധമില്ലാതെ, ഉറങ്ങുന്ന ശിശുവിനെപ്പോലെ എന്നാണ് ആഖ്യാനം. നിശ്ചല കാലത്തിന്റെ അടയാളമായി നിൽക്കുന്ന വിരലിന്റെ അതേ ധ്യാനാത്മകത ഏറ്റവും പരിചിതമായ ഒരു രൂപകമായി മാറുന്നത് നാരകത്തിലാണ്.

'മഞ്ഞിലും വെയിലും മഴയിലും ധ്യാനിച്ചു നിൽക്കുന്ന നാരകം' തന്റെ വേരുകൾ ആഴത്തിൽ പടർത്തിക്കൊണ്ട് മറ്റ് ചലനങ്ങൾക്ക് സാക്ഷി മാത്രമായി നിൽക്കുന്നു. നാരകത്തിന്റെ ഈ കാഴ്ചയിലൂടെയാണ് കഥ ആരംഭിക്കുന്നതും അവസാനിക്കുന്നതും. അതിജീവനത്തിൽ സ്വയം മറികടക്കുന്നതിൽ മാത്രം ശ്രദ്ധിച്ചുകൊണ്ട്, ഭൂതകാലത്തിൽ വേരുകളാഴ്ത്തി ഭാവിയിലേക്ക് പടർന്നുനിൽക്കുന്ന നാരകത്തിൽ പ്രതീക്ഷയുടെ വെട്ടമായി പച്ച നാരങ്ങ തെളിഞ്ഞു കാണുകയും കാറ്റ് അതിനെമറച്ചുകളയുകയും ചെയ്യുന്ന കാഴ്ച അവസാനിക്കുന്നിടത്ത് കാലത്തിന്റെ ഗാഢദർശനങ്ങളിൽ സ്വയം പടർന്നു നിൽക്കുന്ന രൂപമാർജിക്കുകയാണ് കഥ. തന്നിലേയ്ക്കുതന്നെ ആഴ്ന്നിറങ്ങുന്ന അന്തരിന്ദ്രിയത്തിന്റെ അകക്കാഴ്ചയിലൂടെ ആത്മീയമായ സ്വത്വാന്വേഷണത്തിന്റെ ദർശനങ്ങൾ മാനവവംശത്തിന്റെ സംസ്‌കാര ചരിത്രങ്ങളിലേയ്ക്കു തുറന്നിടുന്ന നവ്യമായ ഒരനുഭവമാണ് നാരകങ്ങളുടെ ഉപമ.

സമയവും കാലവും സാഹിത്യകലയും തമ്മിലുള്ള ബന്ധത്തിൽ കഥാഖ്യാനത്തിന്റെ ഘടകങ്ങൾ എന്നതിലുപരി സ്ഥലകാലങ്ങൾതന്നെ കഥയുടെ രാഷ്ട്രീയത്തെ നിർണയിക്കാറുണ്ട്. ആ നിലയിൽ നാരകങ്ങളുടെ ഉപമ എന്ന കഥ കാലദർശനത്തിന്റെ രാഷ്ട്രീയത്തിലൂടെ രൂപപ്പെടുന്നതാണ്. കഥാകാലവും അഖ്യാനകാലവും വളരെ ഹ്രസ്വമായിരിക്കുകയും കഥയിലെ ആന്തരികകാലം (അനുഭവകാലം) പരിധിയില്ലാത്ത സുനിശ്ചിതമല്ലാത്ത ചരിത്രകാലത്തെയും ദർശനത്തെയും നിർമിക്കുകയും ചെയ്യുന്നു. ഭൗതികകാലത്തിന്റെ ഗതിയെ -വർത്തമാനത്തെ, അനുഭവകാലത്തിന്റെ ദർശനംകൊണ്ട് ചെറുക്കുന്ന കലയാണ് ഈ കഥയിൽ നാം കാണുന്നത്. ഓർമകളിലൂടെയാണ് ഈ കല അതിന്റെ സൗന്ദര്യത്തെ അനുഭവിപ്പിക്കുന്നത്. കാലത്തിന്റെയും സ്ഥലത്തിന്റെയും ദാർശനികവും സൗന്ദര്യാത്മകവുമായ ചിന്തകളെ അഗാധമായ ഇരുട്ടിന്റെ ലാവണ്യത്തിൽ പൊതിഞ്ഞിരിക്കുകയാണ് ഈ കഥയിൽ.

കഥയിൽ നിറഞ്ഞിരിക്കുന്ന ഇരുട്ട് പ്രതീക്ഷയുടെ പച്ചപ്പിൽ ചലിക്കുന്നതായ അനുഭവം നമുക്കുണ്ടാകുന്നു. ഇരുളും വെളിച്ചവും ഇടകലരുന്ന ദൃശ്യങ്ങളുടെ കാഴ്ചയാണ് കഥാഖ്യാനത്തിൽ നിറയുന്നത്. ഏകാന്തതയുടെയും ഭയത്തിന്റെയും ഇരുട്ട് കാഴ്ചകളിൽ ദൃശ്യമാണ്. കാലം / സമയം, ചലനം / നിശ്ചലത, ഏകാന്തത / ഭയം,ഇരുട്ട് / വെളിച്ചം എന്നിവയുടെ ദാർശനികവും മനോനിഷ്ഠവുമായ ആഖ്യാനമാണ് ഈ കഥ. ഈ ദർശനങ്ങളുടെ ഘടനയായി ഭാഷയും ശൈലിയും ആഖ്യാനശില്പത്തെ നിർമ്മിക്കുന്നു. വളരെ സാവധാനം ചലിക്കുന്ന കഥാഖ്യാനം സംഭവങ്ങളോ ക്രിയകളോ ഇല്ലാതെ ഓർമകളുടെയും സംഭാഷണ ശകലങ്ങളുടെയും രൂപത്തിൽ നിർവഹിക്കുന്നു. കഥയുടെ ഏകാഗ്രതയും ധ്യാനാത്മകമായ ആത്മീയാന്വേഷണത്തിന്റെ ഭാവതലവും ഐക്യപ്പെടുന്ന രൂപശില്പവും നാരകങ്ങളുടെ ഉപമയെ സവിശേഷമാക്കുന്നുണ്ട്. നാരകങ്ങളുടെ കാഴ്ചയിൽ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന കഥാഘടനയിൽ കാലത്തിന്റെ അമൂർത്തമായ അനുഭവങ്ങളെ വളരെ മിതത്വമുള്ള ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു. കാഴ്ചകളിലൂടെ ഓർമകൾ അനാവരണം ചെയ്യുന്ന കഥാതന്ത്രം വളരെ സൂക്ഷ്മമായി കഥയിൽ പരിചരിക്കുന്നുണ്ട്.

'നോക്കൂ, ഈ നാരകത്തിന് ഒരു സവിശേഷതയുണ്ട്' എന്ന കഥാരംഭം മുതൽ കാഴ്ചയുടെ തന്ത്രം തുടങ്ങുന്നുണ്ട്. ''ഇന്ന് ആ നാരകം കായ്ച്ചതു കണ്ടു. ചെറിയ കാറ്റുവീശിയപ്പോൾ ഇലകൾക്കിടയിൽ നിന്നു പച്ചനിറത്തിൽ ഒരു നാരങ്ങ തെളിഞ്ഞു വരുന്നു. അടുത്ത നിമിഷം തന്നെ ഇലകൾ അതിനെ കാഴ്ചയിൽ നിന്നു മറച്ചു കളയുകയും ചെയ്തു. ഞാനപ്പോൾ തമാനെയെ ഓർത്തു'' എന്നിങ്ങനെ കാഴ്ചയിൽനിന്ന് ഓർമയിലേക്ക് ചലിക്കുന്ന കഥാസഞ്ചാരം. പിന്നീട് രണ്ടു മണിക്കൂർ മലഞ്ചെരിവിലൂടെയുള്ള ബസ് യാത്ര ഭൗമാന്തരാളത്തിന്റെ അഗാധഗർത്തത്തിലൂടെയുള്ള സഞ്ചാരമായി തീരുന്നു. മഴയിലും മഞ്ഞിലും വെയിലിലും ധ്യാനിച്ചു നിൽക്കുന്ന നാരകത്തിന്റെ കാഴ്ച മുതൽ, തമാനെയുടെ പതുക്കെയുള്ള വളരെ പതുക്കെയുള്ള ചലനങ്ങളും, ബസിന്റെ ഇഴഞ്ഞു നീങ്ങലും വരെ ആന്തരിക കാലത്തിന്റെ സൂക്ഷ്മചലനത്തെ അനുഭവി പ്പിക്കുന്നു.

കഥയുടെ പ്രമേയവും കഥയിലൂടെ ഉരുത്തിരിയുന്ന ദർശനങ്ങളും ഭാഷാ ശില്പത്തിലൂടെ ഏറ്റവും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നുണ്ട് കഥാകാരൻ. കാലത്തെക്കുറിച്ചുള്ള ദർശനങ്ങളും സമയസങ്കല്പനങ്ങളുമാണ് കഥയുടെ പ്രമേയത്തെ നിർണ്ണയിക്കുന്നത് എന്നത് കൊണ്ട് തന്നെ ഭാഷയിലൂടെയും പ്രയോഗങ്ങളിലൂടെയും അത് സാധ്യമാവേണ്ടതുണ്ട്. കഥയിലെ ആനുഭവിക കാലം ചരിത്രത്തിന്റെ തുടർച്ചയുടെയും സമയ സങ്കല്പം ധ്യാനനിരതമായ നിശ്ചല കാലത്തിന്റെതുമാണ്. പ്രമേയത്തിന്റെ പരിസരമാവട്ടെ ഭൂതകാലത്തെ കുഴിച്ചെടുക്കുന്ന പുരാവസ്തു ഖനനത്തിന്റെയും. അഖ്യാന ഭാഷ ഇതിനോടൊത്ത് പോകാൻ തക്കതായ ഭാഷാ പരിചരണം കഥയുടെ തുടക്കം മുതൽ ഒടുക്കം വരെ ആഖ്യാതാവ് പാലിക്കുന്നുണ്ട്.

'നാരങ്ങയുടെ ഒന്നോ രണ്ടോ അല്ലികൾ വായിലേക്കിട്ട് അയാൾ ചവയ്ക്കുന്നു. പതുക്കെ, വളരെ പതുക്കെ. അലിയിക്കാനും രുചിക്കാനും പ്രയാസമുള്ള ഏതോ വിശിഷ്ട ഭോജ്യം ചവയ്ക്കുന്ന മാതിരി'

'ആരെയും ശ്രദ്ധിക്കാതെ ദൂരെയെവിടേക്കൊ നോക്കിക്കൊണ്ടിരിക്കയായിരുന്നു അയാൾ. എന്നാൽ കാഴ്ചയെന്തെങ്കിലും കാണുന്നതായും തോന്നിയില്ല . എന്തോ ആലോചനയിൽ മുഴുകിയിരിക്കയാവണം'

'...വാതുറന്ന് അത്ര തന്നെ പതുക്കെ അവ അതിനുള്ളിലേക്കു നിക്ഷേപിക്കുകയും ചെയ്തു. എല്ലാം ഒരു യന്ത്രം ചെയ്യുന്നത പോലുണ്ടായിരുന്നു. വാതുറക്കുന്നു. അടയുന്നു പതുക്കെ ചലിക്കുന്നു'.

തമാനെയെ കാണുന്ന ആദ്യ കാഴ്ച മേൽ പറഞ്ഞ ആഖ്യാനങ്ങൾ നിർവ്വഹിക്കുന്നു. ആ സന്ദർഭത്തിൽ തന്നെ അയാളുടെ ചലന രീതി വളരെപ്പതുക്കെ -സൂക്ഷ്മമായി എന്നതിൽ കേന്ദ്രീകരിക്കുന്നുണ്ട് ആഖ്യാനം. പിന്നീടങ്ങോട്ട് കഥയുടെ തുടർച്ചയിൽ എല്ലാ സന്ദർഭങ്ങളിലും അയാളുടെ ഭാഷണങ്ങളിൽ നിശ്ചലമോ- വളരെ സൂക്ഷ്മതയുള്ളതോ ആയ ചലനങ്ങളെക്കുറിച്ച് നാം കേൾക്കുന്നു. 'നമുക്കു ധൃതിയൊന്നും വേണ്ട. കുറച്ചു വൈകിയാലും ഒന്നുമില്ല. കാരണം നമ്മളന്വേഷിക്കുന്നതെല്ലാം അവിടെത്തന്നെയുണ്ടാവും. ഒപ്പം തന്നെ ഒരാളെയും തടസ്സപ്പെടുത്താതിരിക്കലാണ് നമ്മുടെ ജോലി. '

ഞാൻ പറയും കരുത്തോ വേഗതയോ അല്ല കാരുണ്യമാണ് ഈ തൊഴിലിനു വേണ്ടത്. ഭൂതകാലത്തോട് നിങ്ങളുടെ കാമുകിയോടെന്നപോലെ ഒരു കരുതൽ വേണം. അല്ലെങ്കിൽ നമ്മൾ അന്വേഷിക്കുന്ന ലോകം പിണങ്ങി പൊടിഞ്ഞു പോകും. ഭൂതകാലത്തിലേക്ക്- ഭൂമിയുടെ അടരുകളിലേക്ക് ആഴ്ന്നിറങ്ങുന്ന മനുഷ്യൻ ഭൂമിയോടും മണ്ണിനോടും കാലത്തോടും പുലർത്തുന്ന കാരുണ്യവും കരുതലും ഈ ആഖ്യാനം ഉൾക്കൊള്ളുന്നു. പിണങ്ങി പൊടിഞ്ഞു പോകും എന്ന പ്രയോഗം തന്നെ ആഖ്യാനത്തോട് എത്ര മാത്രം ചേർന്നുനിൽക്കുന്നു. ഭൂതകാലത്തെ കണ്ടെത്തുക, എന്നത് ചരിത്രത്തിലെ അമൂല്യമായ തെളിവുകൾ സൃഷ്ടിക്കുക എന്നതല്ല; ചരിത്രത്തിൽ ആത്മാന്വേഷണത്തിന്റെ വഴി തുറക്കുക എന്നതു കൂടിയാണ്. അത് ദ്രുതചലനങ്ങളില്ലാത്ത, വേഗതയില്ലാത്ത ധ്യാനനിരതമായ ഒരു അനുഭവകാലത്തിലേക്കുള്ള സഞ്ചാരം കൂടിയാണ്. അത്തരം സഞ്ചാരത്തെ കഥാഖ്യാനം സൂചിപ്പിക്കുന്നത്, ഉറക്കം, സ്വപ്നം ഇരുട്ട് എന്നിവയുടെ ഭാവാന്തരീക്ഷത്തിലൂടെയാണ്.

മലഞ്ചെരിവിലൂടെ സഞ്ചരിക്കുന്ന ബസിന്റെ തുരങ്ക യാത്രയിലെ ഇരുട്ട് മുതൽ ഇരുളും വെളിച്ചവും കലർന്ന അന്തരീക്ഷം കഥ സൃഷ്ടിക്കുന്നുണ്ട്. ബസിൽ ഉറങ്ങിപ്പോവുന്ന ആഖ്യാതാവിനെ തൊട്ടുണർത്തുന്ന തമാനെയുടെ ആഖ്യാനം- 'ഉറങ്ങുന്നവരെ ഒരിക്കലും അങ്ങനെ ഉണർത്തുക പതിവില്ല.'

'ശരിക്കും പറഞ്ഞാൽ ഉറങ്ങുന്നവരെ ഉണർത്താതെ ഇങ്ങനെ നിരീക്ഷിക്കുകയാണ് എന്റെ തൊഴിൽ'
സ്വപ്നങ്ങളെ ഉടയ്ക്കാതെ തന്നെ ഒരാളുടെ ഉറക്കത്തിലൂടെ പതിയെ നടന്നു പോകുന്ന പണി. അതേസമയം, അവരുടെ സ്വപ്നങ്ങൾ മാറാലകളെ പ്പോലെ നിങ്ങളുടെ ദേഹത്തു പറ്റുകയുമരുത്... അത് സൂക്ഷിക്കണം. ഇത്തരം ആഖ്യാനങ്ങൾ കഥയുടെ ഭാവത്തെയും ചലനത്തെയും സാന്ദ്രമാക്കുന്നുണ്ട്. ഇരുട്ടിന്റെ അന്തരീക്ഷവും ഇരുട്ടിന്റെ അനുഭവവും സ്ഥലരൂപത്തിലൂടെ കൈവരുന്നു. ഉപരിതലത്തിൽ നിന്നു ഭൂമിയുടെ ആഴങ്ങളിലേക്ക് പതിക്കുന്ന ആനുഭവിക സ്ഥലത്തിന്റെ ആഖ്യാനം ഭയത്തിന്റെയും ഏകാന്തതയുടെയും ഇരുട്ടിന്റെയും പരിസരത്തിൽ നിർവഹിക്കപ്പെടുന്നു. കാഴ്ചയുടെയും കേൾവിയുടെയും സ്പർശത്തിന്റെയും അനുഭവലോകത്തെ ഭാഷ അനാവരണം ചെയ്യുന്നു.

മരണത്തിന്റെ ഗന്ധവും ഒടുങ്ങാത്ത ജീവന്റെ കാമനയും മനുഷ്യശരീരം എന്ന മൂർത്തതയിലൂടെ ആവിഷ്‌കൃതമാവുകയാണ് 'മ്യൂസിയ'ത്തിൽ. ശരീരത്തിന്റെ ജഡം/ചേതന എന്ന രണ്ട് അവസ്ഥകളെയാണ് കഥാഖ്യാനത്തിന് സ്വീകരിച്ചിരിക്കുന്നത്. മനുഷ്യന്റെ രണ്ട് അവസ്ഥകൾ കൂടിയാണത്. മൃതശരീരവും മൃതതുല്യമായ ശരീരവും മരണത്തെ പ്രതിനിധീകരിക്കുന്നു. മൃതശരീരത്തിന്റെ കാഴ്ചയനുഭവത്തിലാണ് യാഥാർഥ്യത്തിനും യുക്തിചിന്തയ്ക്കുമപ്പുറമുള്ള അസാധാരണമോ അനിതരസാധാരണമോ ആയ മാന്ത്രികതയുടെ അംശങ്ങൾ കലർന്ന രംഗങ്ങൾ കഥ ആഖ്യാനം ചെയ്യുന്നത്.

കഥാഖ്യാനത്തിന്റെ പരിസരം ആശുപത്രിയും മ്യൂസിയവുമാണ്. സവിശേഷമായ രണ്ട് ഇടങ്ങളായാണ് കഥയിൽ ഈ സ്ഥലരൂപങ്ങൾ നിൽക്കുന്നത്. മൃതശരീരത്തെ പ്രദർശന വസ്തുവായി സംരക്ഷിച്ചിരിക്കുന്നു എന്ന സവിശേഷതയുള്ള മ്യൂസിയവും ആ മ്യൂസിയത്തിന്റെ കാവൽക്കാരനായിരുന്ന മൂർത്തി മൃതതുല്യമായ ശരീരമായി ഗാഢനിദ്രയിൽ ഏറെക്കാലമായികഴിയുന്ന ആശുപത്രിയുമാണ് കഥയിലെ സ്ഥലപരിസരങ്ങൾ. ഈ രണ്ടിടങ്ങളിലും അഖ്യാതാവായ 'ഞാൻ' കാണുന്ന കാഴ്ചകളുടെ അനുഭവമാണ് കഥയുടെ കേന്ദ്രം. ഇരുട്ട്, ഏകാന്തത, നിശ്ശബ്ദത എന്നിവയുടെ അസാധാരണ അനുഭവത്തെ-അതീന്ദ്രീയമായ ജ്ഞാനാനുഭവത്തെ- മനുഷ്യ ശരീരം എന്ന ദർശനത്തിലൂടെ അവതരിപ്പിക്കുന്ന കഥയാണ് മ്യൂസിയം. ഭയത്തിന്റെയും ഉത്കണ്ഠയുടെയും പ്രതിഫലനങ്ങളായ കാഴ്ചകളായോ, മതിഭ്രമമായോ അനുഭവപ്പെടുന്ന അസാധാരണമായ ഇന്ദ്രിയാനുഭവത്തിന്റെ അപൂർവ ആഖ്യാനമായി മ്യൂസിയം എന്ന കഥയെ വായിക്കാം. പഞ്ചേന്ദ്രിയങ്ങൾകൊണ്ട് അനുഭവ്യമാകുന്നതിനുമപ്പുറം ആറാമിന്ദ്രിയം എന്ന് വ്യവഹരിക്കപ്പെടുന്ന മനസ്സിന്റെ അധോതലങ്ങൾ കഥയ്ക്കകത്ത് പ്രധാനമാവുന്നുണ്ട്. അതുകൊണ്ടുതന്നെ മനോവിജ്ഞാനീയത്തിന്റെ അപഗ്രഥന പാഠം കഥയുടെ വിശലകനത്തിന് സ്വീകാര്യമാണ്.

അസാധാരണരായ മൂന്ന് കഥാപാത്രങ്ങളെയാണ് കഥയിൽ പ്രത്യക്ഷത്തിൽ നാം കാണുന്നത്. ആഖ്യാതാവായ 'ഞാൻ' എന്ന കഥാപാത്രം തന്നെയാണ് വീക്ഷണ സ്ഥാനവും കേന്ദ്രവുമായി നിൽക്കുന്നത്. കഥാകാരന്റെ 'ഞാൻ' എന്ന Second Self ആണ് ആഖ്യാനത്തെ നയിക്കുന്നത്. ഒരേ അനുഭവത്താൽ ഐക്യപ്പെടുന്ന മനുഷ്യർ തമ്മിലുള്ള മൈത്രി എന്ന നിലയിലാണ് ഈ മൂന്ന് കഥാപാത്രങ്ങളും തമ്മിലുള്ള ബന്ധം രൂപപ്പെടുന്നത്. ഏകാന്തതയെ, നിശ്ശബ്ദതയെ ഇഷ്ടപ്പെടുന്ന കഥാപാത്രമായ 'ഞാൻ' കണ്ടുമുട്ടുന്ന മറ്റ് രണ്ട് കഥാപാത്രങ്ങളും ഏകാന്തതയിലും ശൂന്യതയിലും അകപ്പെട്ടവരാണ്. I'ഞാൻ' എന്ന സ്വത്വത്തിന്റെതന്നെ അപരരൂപം എന്നു പറയാവുന്ന ശരീരങ്ങൾ. മ്യൂസിയത്തിലെ പേടകത്തിൽ അഴുകാതെ കിടക്കുന്ന വിശുദ്ധന്റെയും, പറങ്കിപ്പാതിരിയുടെയും മൃതശരീരക്കാഴ്ചകളും ഓർമകളും മ്യൂസിയം കാവൽക്കാരനായ മൂർത്തിയിലൂടെയും ആഖ്യാതാവിലൂടെയും അനാവരണം ചെയ്യപ്പെടുന്നു. സ്വന്തം കാഴ്ചയെ, തോന്നലിനെ വിശ്വസനീയമായി കരുതുകയും അതേ അനുഭവത്തിലൂടെ കടന്നുവന്ന മറ്റൊരു മനുഷ്യൻ എന്ന നിലയിലുമാണ് മൂർത്തിയുമായി തനിക്കുള്ള ബന്ധം എന്ന് ആഖ്യാതാവ് വെളിപ്പെടുത്തുന്നുണ്ട്. മ്യൂസിയത്തിലെ തന്റെ അനുഭവത്തെയും കാഴ്ചയെയും വിവരിക്കുമ്പോൾ ഇരുട്ടിന്റെയും ഭയത്തിന്റെയും ഉത്കണ്ഠകൾ വെളിപ്പെടുന്നു. മരണത്തിന്റെയും ഓർമകളുടെയും ഇരുണ്ട ലോകത്തിന്റെയും അജ്ഞാതമായ ഭാഷയാണ് ആ സന്ദർഭത്തിൽ അയാളെ എതിരേൽക്കുന്നത്.

ഭൂമിയിൽ സാധാരണമായി ജീവിച്ചു മരിച്ചു പോയവർക്കൊന്നും സാധ്യമല്ലാത്ത വിചിത്രമായൊരു മുഖഭാവത്തിലുള്ള വിശുദ്ധനിൽ നൂറ്റാണ്ടുകാലത്തെ മനുഷ്യവേദനയുടെ നിശ്ശബ്ദ നിലവിളിയും, നിസ്സഹായതയും നിഴലിക്കുന്ന വിചിത്രമായൊരു മുഖഭാവമാണ് ദർശിക്കുന്നത്. മരണത്തിന്റെ വേദനയും ജീവിതകാമനകളും ഓർമ്മകളും ഗാഢമായി ആവേശിച്ചിരിക്കുന്ന മനുഷ്യനെ ആ മൃതശരീരത്തിൽ കണ്ടെടുക്കുന്നു. മൃതമാക്കപ്പെട്ട ശരീരത്തിൽ ജീവന്റെ കണികകളുടെ ചലനങ്ങൾ അയാൾക്ക് അനുഭവപ്പെടുന്നു-യാഥാർത്ഥ്യമാണോ തോന്നലാണോ എന്ന് നിശ്ചയിക്കാനാവാത്ത കാഴ്ച. മൃതശരീരത്തിന്റെ ഉയിർപ്പ് അയാൾ അനുഭവിക്കുന്നു. ഭയത്തിന്റെ ഉച്ചാവസ്ഥയിൽ സ്തബ്ധമായിപ്പോകുന്ന 'ഞാൻ' എന്ന ശരീരത്തെയാണ് ആ ആഖ്യാനത്തിൽ കാണാൻ കഴിയുന്നത്. അദമ്യമായ ജീവിതപ്രേരണയിൽ മരണത്തിൽ നിന്നുമുള്ള കുതറലിന്റെ അനുഭവത്തെ ആഖ്യാനം ഉൾക്കൊള്ളുന്നു. ഇത് ആവർത്തിക്കുന്ന അനുഭവമായി മാറുന്നത് കഥയുടെ തുടർച്ചയിൽ നാം കാണുന്നുണ്ട്. വിശുദ്ധൻ അഴുകിത്തീർന്നതോടെ ശുന്യനായിത്തീരുന്ന മൂർത്തിയെ പിന്നീട് കാണുന്നത് മൃതാവസ്ഥയിലുള്ള ശരീരമായിട്ടാണ്.

ആശുപത്രിക്കിടക്കയിലെ മൂർത്തിയുടെ ശരീരവും 'ഞാൻ' എന്ന കഥാപാത്രത്തിന് മാത്രം കാണാവുന്ന കാഴ്ച നൽകുന്നു. മൃതശരീരത്തിന്റെ ചോദ്യങ്ങൾക്കു മുമ്പിൽ പതറിപ്പോകുന്ന, ആ സന്ദർഭത്തിലും വെളിപ്പെട്ടുപോകുന്ന തന്റെസ്വത്വത്തെ ഭയക്കുന്ന 'ഞാൻ' ആണ് ഇവിടെ നമ്മുടെ മുന്നിൽ നിൽക്കുന്നത്. ഓർമ്മകൾ ഒടുങ്ങാത്ത മനുഷ്യനിൽ ജീവിക്കുന്ന പ്രേരണകൾ, സഹജമായ കാമനകൾ, മരണത്തിന്റെ ഗന്ധത്തിലും അനുഭവിക്കുന്നു. മനുഷ്യാബോധത്തിന്റെ ഇരുണ്ട തലത്തിൽ ഉറഞ്ഞിരിക്കുന്ന സഹജമായ ജീവിതപ്രേരണകളെ മരണത്തിന്റെ പ്രതിരൂപത്തിൽ ആഖ്യാനം ചെയ്യുകയാണ് കഥ. ഏകാന്തമായ ജീവിതംകൊണ്ട് മൃതപ്രായയായ സ്ത്രീരൂപമാണ് മൂർത്തിയുടെ ഭാര്യയായി അയാളുടെ ശരീരത്തിന് കാവൽ നിൽക്കുന്നത്. കൂറ്റൻ ആശുപത്രിക്കെട്ടിടത്തിൽ തന്നെ ഭയപ്പെടുത്തുന്ന, ശവപേടകമായി അനുഭവപ്പെടുന്ന ലിഫ്റ്റിലെ നിശ്ചലയാത്രയും ഉത്കണ്ഠയുടെയും പ്രതീക്ഷയുടെയും കാഴ്ചയായ സ്ത്രീയും ജീവിതപ്രേരണയായി 'ഞാൻ' എന്ന മനുഷ്യന് അനുഭവപ്പെടുന്നുവെങ്കിലും, അത് പൂർണമായി അംഗീകരിക്കാത്ത സ്വയംബോധത്തെയാണ് ആഖ്യാനത്തിൽ കാണുന്നത്. നൂലിഴകളിൽ അവൾ തീർത്ത രക്തചുംബനത്തിന്റെ സ്പർശം വൈദ്യുതാഘാതം പോലെ അനുഭവിക്കുന്ന അയാൾക്ക് അവളുടെ സന്ദേശങ്ങൾ ഇല്ലാതാവുന്നതോടുകൂടി ശൂന്യനായി തീരുന്ന അവസ്ഥയുണ്ടാകുന്നുണ്ട്.

മൂർത്തിയുടെ ജഡതുല്യമായ ശരീരമല്ല; സ്ത്രീയുടെ സാമീപ്യമാണ് അയാളെ അവിടേക്ക് ആകർഷിക്കുന്നത് എന്ന് തിരിച്ചറിയുന്നുണ്ട്. ആശുപത്രിമുറിയിലും മരണത്തിന്റെ അഴുകിയ ഗന്ധം അനുഭവിക്കുന്നതോടെ അവിടുന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന അയാളുടെ നേരേ ഇരുകൈകളും നീട്ടി നിൽക്കുന്ന സന്ദർഭത്തെ ആഖ്യാനം ചെയ്യുന്നത് ഇപ്രകാരമാണ്.

''ആ കൈകളിൽ പിടിക്കുമ്പോൾ വലിയ തണുപ്പ് തോന്നി. ചെറിയ പക്ഷിക്കുഞ്ഞുങ്ങളെപ്പോലെ ആ കൈകൾ എന്റെ കരങ്ങൾക്കുള്ളിലിരുന്നു വിറയ്ക്കാൻ തുടങ്ങി. നൂലുകൾ കൊണ്ട് ചുംബനം നെയ്ത ആ വിരലുകൾ! അവയിൽ സൂചി കുത്തി മുറിഞ്ഞ പാടുകൾ... സ്പർശിക്കുമ്പോൾ കുഴലുകളിലെന്നവണ്ണം ഇരു ശരീരങ്ങളിലേയ്ക്കും ചോരയൊഴുകുന്നുവെന്നു തോന്നി. മനുഷ്യരെ തൊട്ടിട്ട് കുറേക്കാലമായി അവർ പതുക്കെ പറഞ്ഞു. ഞാനുമതേ, പക്ഷേ അതു പറയാൻ എനിക്ക് വാക്കുകൾ കിട്ടിയില്ല.''

സ്പർശം എന്ന അനുഭവത്തെ ജീവന്റെ ഗാഢമായ പ്രേരണയായി അവതരിപ്പിക്കുന്ന ആഖ്യാനമാണിത്. ജഡാവസ്ഥയിലുള്ള ശരീരത്തിന്റെ തണുപ്പും മരവിപ്പും പല സന്ദർഭങ്ങളിൽ അനുഭവിച്ച ശരീരം സ്‌നേഹത്തിന്റെ സ്പർശത്താൽ ഉയിർക്കുന്നതായി ആഖ്യാനം ചെയ്യുന്നു. ഏകാന്തതയുടെയും ജഡശരീരത്തിന്റെയും ആവർത്തിതാവസ്ഥയിൽ നിന്നു ഉയിരുണർവ്വിന്റെ ശരീരത്തിലേക്ക് ആത്മവത്തയെ ചേർത്തുനിർത്താൻ ശ്രമിക്കുന്ന 'ഞാൻ' എന്ന അബോധപ്രേരണയുടെ ആഖ്യാനമായിത്തീരുന്നു കഥ. മരണത്തിന്റെയും മൃതശരീരത്തിന്റെയും സാന്നിധ്യത്തിൽ മനുഷ്യസ്വത്വത്തിന്റെ, ജീവചൈതന്യത്തിന്റെ മഹത്വത്തെ അഥവാ മനുഷ്യൻ എന്ന ദർശനത്തെ ആഖ്യാനം ചെയ്യുന്ന കഥയാണ് മ്യൂസിയം. മനുഷ്യൻ എന്ന ഏകാന്തത, മനുഷ്യൻ എന്ന ഭയം, മനുഷ്യൻ എന്ന ഉത്കണ്ഠ, മനുഷ്യൻ എന്ന ശരീരം, മനുഷ്യൻ എന്ന ജഡം , മനുഷ്യൻ എന്ന മരണം, മനുഷ്യൻ എന്ന സ്‌നേഹം - എന്നിങ്ങനെ സങ്കീർണ്ണമായി നിൽക്കുന്ന മനുഷ്യ സമസ്യയുടെ ജ്ഞാനാനുഭവത്തെ ഇരുട്ടിലെ വെളിച്ചത്തിന്റെ ദർശനമായി ആഖ്യാനം ചെയ്യുകയാണ് മ്യൂസിയം.

ഞാൻ എന്ന കഥാപാത്രത്തിന്റെ ഭയത്തെ -തന്നെത്തന്നെ നഷ്ടപ്പെടുന്ന ഭയത്തെ പലയിടങ്ങളിലായി സൂചിപ്പിക്കുന്നുണ്ട്. ആശുപത്രിക്കെട്ടിടത്തിലെ ലിഫ്റ്റിനെ അയാൾ ഭയക്കുന്നു. അടഞ്ഞ പേടകത്തിനുള്ളിലെ നിശ്ചലമായതും ഭീതിദമായതുമായ സമയത്തെ ഭയക്കുന്നു. അടഞ്ഞ പേടകം എന്ന പ്രയോഗം -മ്യൂസിയത്തിലെ ശവപേടകത്തെ ഓർമ്മിപ്പിക്കുന്നു. മൃതശരീരത്തെ പച്ചമരുന്നുകൾ കൊണ്ട് സ്റ്റഫ് ചെയ്ത് സൂക്ഷിച്ചിരിക്കുന്ന ശവപേടകത്തിനരികിൽ നിൽക്കുന്ന അയാൾക്ക് അനുഭവപ്പെടുന്ന കാഴ്ചയും മരണഭയത്തിൽ നിന്നുള്ള കുതറലിന്റേതാണ്. കഥയുടെ ഒടുവിലും 'ലിഫ്റ്റ് വരും' എന്ന് പറയുമ്പോൾ 'എനിക്ക് സമയമുണ്ട്' എന്നാണ് അയാൾ മറുപടി പറയുന്നത്. ആ മറുപടിയാകട്ടെ, മരണത്തിന്റെ ഗന്ധം അനുഭവിക്കുന്നിടത്തുനിന്നുള്ള രക്ഷപ്പെടലാണ് എന്നതും ശ്രദ്ധേയം. ഏകാന്തതയുടെ തടവുകാരിയായി തീർന്ന മൂർത്തിയുടെ ഭാര്യ അസാധാരണമായ ഈ ജീവിതത്തിൽ നിന്ന് ഒരു പിടി വള്ളികണക്കെ മനുഷ്യൻ എന്ന ജീവശരീരത്തോട് ചേർന്നുനിൽക്കാൻ വെമ്പുന്നതായി കാണാം. മനുഷ്യൻ എന്ന ജഡാവസ്ഥയിൽ നിന്ന് ജീവൻ തുടിക്കുന്ന മനുഷ്യനിലേക്ക് സ്വന്തം ആത്മവത്തയെ പകർത്താൻ ശ്രമിക്കുന്ന സ്ത്രീയാണ് അവർ.

ഏകാന്തതയുടെ ഭീതിയെ മറികടക്കുന്ന രണ്ട് ശരീരങ്ങളായി മുഖാമുഖം നിൽക്കുന്ന മനുഷ്യർ, ജഡമായ മനുഷ്യാവസ്ഥയെ മറികടക്കാൻ ശ്രമിക്കുന്നു. ചേതനയുള്ള ശരീരത്തിന്റെ സ്പർശാനുഭവത്തിലൂടെ ഉയിർക്കുന്ന മനുഷ്യ ശരീരമായിത്തീരുന്ന മനുഷ്യാത്മാക്കളാണ് 'ഞാൻ' എന്ന ആഖ്യാതാവും ആ സ്ത്രീയും. ജഡമായ ശരീരാവസ്ഥ സ്പർശത്താൽ ഉയിരുണർവിന്റെ ശരീരമായി മാറുന്നു. സ്പർശത്തെ ഗാഢമായ ഇന്ദ്രിയാനുഭവമായി മാറ്റുന്നു ആഖ്യാനം. മനുഷ്യൻ എന്ന മഹാസ്വത്വത്തെ ഏറ്റവും ഉന്നിദ്രമായി കരുതുന്ന ആഖ്യാനം. ജീവിതം/മരണം എന്ന രണ്ടു യാഥാർഥ്യങ്ങൾക്കിടയിൽ മനുഷ്യസ്വത്വത്തിന്റെ കലക്കങ്ങൾ, സംഘർഷങ്ങൾ ഭയത്തിന്റെയും ഉത്കണ്ഠയുടെയും നിസ്സഹായതയുടെയും രൂപകങ്ങളിലൂടെ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു ഈ കഥയിൽ.

മനുഷ്യൻ എന്ന ദർശനമാണ് കഥയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ശരീരം, മനസ്സ്, ആത്മം (Self) എന്ന സങ്കല്പനങ്ങളുടെ അനുഭവാവസ്ഥയെ മനുഷ്യദർശനത്തിന്റെ ഉപാധിയായി സ്വീകരിച്ചു കൊണ്ടാണ് അത് നിർവ്വഹിക്കപ്പെടുന്നത്. ഇരുട്ടും നിശ്ശബ്ദതയും ചേരുന്ന ഇടങ്ങൾ കഥയുടെ ഭാവതലത്തെ കൂടുതൽ സാന്ദ്രമാക്കുന്നുണ്ട്. കഥാഖ്യാനത്തിന്റെ പതിഞ്ഞ രീതി കഥയിലെ ചലനത്തിന്റെയും നിശ്ചലതയുടെയും രൂപഘടനയായി പരുവപ്പെടുകയാണ്. ചലനം / നിശ്ചലത എന്നത് ഈ കഥയിലെയും ദർശനത്തെ നിർണ്ണയിക്കുന്നുണ്ട്. നിശ്ചലമായ, ജഡമായ മനുഷ്യശരീരവും -ചലിക്കുന്ന ശരീരവും എന്ന രണ്ട് അവസ്ഥകളാണ് കഥയിലെ പ്രമേയത്തെ പരുവപ്പെടുത്തുന്നത്. കാറ്റിൽ ഉലയുന്ന വൃക്ഷക്കൊമ്പുകൾ കാണാൻ ഇഷ്ടപ്പെടാത്ത മൂർത്തി, ചലിക്കുന്ന മേഘങ്ങളെ കണ്ടാൽ ഭയപ്പെടുന്ന മൂർത്തി, നിശ്ചലാവസ്ഥയിൽ ഗാഢനിദ്രയിൽ കഴിയുന്നു. അഖ്യാതാവ്, നിശ്ചലത ഭയമായി അനുഭവിക്കുന്ന ആളാണ്. മനുഷ്യാസ്തിത്വത്തെ ഉലച്ചുകളയുന്ന ആത്മീയമായ അനുഭവങ്ങൾക്ക് ചലനത്തിന്റെയും നിശ്ചലതയുടെയും ഭാവങ്ങൾ പകരുന്നു. മരണത്തിന്റെ നിശ്ചലതയെ സ്‌നേഹസ്പർശത്തിന്റെ ഉടലുണർവാക്കി മാറ്റുന്ന മാന്ത്രികതയിലാണ് മ്യൂസിയത്തിന്റെ ആഖ്യാനം നിൽക്കുന്നത്.

മനുഷ്യാസ്തിത്വത്തെ നിർണയിക്കുന്ന ആത്മീയസ്വത്വാന്വേഷണത്തിന്റെയും ജീവിതദർശനത്തിന്റെയും തലത്തിൽ 'നാരകങ്ങളുടെ ഉപമ'യും 'മ്യൂസിയ'വും സമാനതകൾ പുലർത്തുന്നുണ്ട്. രണ്ടു കഥകളും ഏകാന്തതയുടെ ചരിത്രത്തിൽ സ്വന്തം അസ്തിത്വത്തെ കണ്ടെത്താൻ ശ്രമിക്കുന്ന മനുഷ്യന്റെ ദർശനങ്ങളാണ് അവതരിപ്പിക്കുന്നത്. അപരിചിതവും അസാധാരണവുമായ സ്ഥലാനുഭവത്തിലാണ് രണ്ട് കഥകളും കാലത്തിന്റെയും സമയത്തിന്റെയും ദർശനങ്ങൾ ആഖ്യാനം ചെയ്യുന്നത്. ജീവിതത്തിനും മരണത്തിനുമിടയിലെ സ്വത്വസംഘർഷങ്ങൾ നൂറ്റാണ്ടുകാലത്തെ മനുഷ്യ ഏകാന്തതയുടെയും ചരിത്രത്തിന്റെയും തുടർച്ചകളിൽ കണ്ടെത്താനാണ് രണ്ട് ആഖ്യാനങ്ങളും ശ്രമിക്കുന്നത്. ചരിത്രത്തിന്റെ അഗാധഗർത്തത്തിൽ തന്റെ പൂർവഗാമിയെ കണ്ടെത്തുന്നതോടെ സ്വന്തം അസ്തിത്വം ഉറപ്പിച്ചെടുക്കുന്ന മനുഷ്യൻ നിർണ്ണയിക്കുന്ന ജീവിതദർശനങ്ങൾ ജീവിതപ്രേരണയായി തീരുന്നത് നാരകങ്ങളുടെ ഉപമയിൽ നാം കാണുന്നു.

സ്വത്വകാംക്ഷയിൽ ജഡത്വത്തെ അതിജീവിച്ച് ജീവന്റെ പ്രേരണയെ ബലപ്പെടുത്തുന്ന മനുഷ്യദർശനത്തെ മ്യൂസിയവും അവതരിപ്പിക്കുന്നു. പുരാവസ്തുവാകുന്ന മനുഷ്യശരീരമാണ് രണ്ടു കഥയിലും നാം കാണുന്നത്. ആ ശരീരങ്ങളിലാണ്, വർത്തമാനകാലത്തിൽ ജീവിക്കുന്ന മനുഷ്യൻ സ്വന്തം അസ്തിത്വത്തെ ഉറപ്പിച്ചെടുക്കുന്നത്. ജീവിത ദർശനങ്ങൾ രൂപപ്പെടുത്തുന്നത്. ജഡശരീരത്തിന്റെ ചലനങ്ങളിലൂടെയും സ്വർശങ്ങളിലൂടെയും ജീവന്റെ ഉൾപ്രേരണകളെ ബലപ്പെടുത്തുകയാണ് മ്യൂസിയത്തിലെ 'ഞാൻ' എന്ന മനുഷ്യൻ. ഓർമകളുടെയും ഘനീഭവിച്ച ഇരുട്ടിന്റെയും പരിസരത്തിലാണ് കഥകളിലെ സ്വത്വദർശനങ്ങൾ രൂപപ്പെടുന്നത്. മനുഷ്യൻ എന്ന ദർശനം- സമസ്യ ആത്മീയമായ സ്വത്വകാംക്ഷയായും അന്വേഷണമായും ഉരുത്തിരിയുന്ന ജ്ഞാനാനുഭവത്തെയാണ് രണ്ടു കഥകളും ആഖ്യാനം ചെയ്യുന്നത്.