ഴുത്തിനെക്കുറിച്ച് സംസാരിക്കുമ്പോൾ വാചാലനാകുന്ന വ്യക്തിയായിരുന്നു അന്തരിച്ച എഴുത്തുകാരൻ ഡോ. ടി.ആർ. ശങ്കുണ്ണി. ശാസ്ത്രകാരൻ, ബാലസാഹിത്യകാരൻ, നോവലിസ്റ്റ്, അധ്യാപകൻ തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചയാൾ. കഷ്ടപ്പാട് നിറഞ്ഞ ബാല്യത്തിൽ പുസ്തകങ്ങളായിരുന്നു ആത്മമിത്രങ്ങൾ. പിൽക്കാലത്തെ എഴുത്തിന് വായന പ്രേരകമായി.

To advertise here,

അദ്ദേഹം ചേർപ്പ് സി.എൻ.എൻ. സ്‌കൂളിൽ തേഡ് ഇന്റർമീഡിയറ്റിന് പഠിക്കുമ്പോഴാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നത്.

ഇന്റർമീഡിയറ്റ് ജയിച്ചശേഷം സാമ്പത്തിക പരാധീനത കാരണം രണ്ടു വർഷം പഠനം മുടങ്ങി. അക്കാലത്ത് കൂടുതൽ സമയം ചെലവഴിച്ചത് ലൈബ്രറിയിലാണ്. പിന്നെ ഇംഗ്ലീഷീലും കമ്പമുണ്ടായി. ലോക ക്ലാസിക്കുകൾ വായിച്ചു. മലയാളസാഹിത്യത്തിലാണ് താത്പര്യമെങ്കിലും വെറ്ററിനറി കോളേജിൽനിന്ന് ബിരുദം നേടി. അവിടെത്തന്നെ അധ്യാപകനുമായി.

എൻ.വി. കൃഷ്ണവാര്യർ പത്രാധിപരായിരുന്നപ്പോൾ മാതൃഭൂമിയിൽ അദ്ദേഹത്തിന്റെ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ കൃഷ്ണവാര്യരെ ഗുരുവിന്റെ സ്ഥാനത്താണ് ടി.ആർ. ശങ്കുണ്ണി കരുതിയിരുന്നത്. തൃശ്ശൂർ രാമവർമപുരത്ത് 1969-ൽ നടന്ന മൂന്നുദിവസത്തെ എഴുത്തുകാരുടെ കൂട്ടായ്മയാണ് സാഹിത്യജീവിതത്തിൽ വഴിത്തിരിവായത്. എസ്.കെ. പൊറ്റെക്കാട്ട്. എം.ടി. വാസുദേവൻ നായർ, പാറപ്പുറത്ത്, ഗുപ്തൻ നായർ തുടങ്ങിയ മുൻനിര എഴുത്തുകാർ അന്നവിടെ പങ്കെടുത്തിരുന്നു. അവരുമായുള്ള ഇടപെടൽ അദ്ദേഹത്തിന് വലിയ അനുഭവമായി.

സാഹിത്യത്തിൽ അമ്മയുടെ സ്ഥാനം ബാലാമണിയമ്മയ്ക്കാണ്. 'യതിഭംഗം' എന്ന നോവലിന്റെ അവതാരിക എഴുതിയത് ബാലാമണിയമ്മയാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് 50 ബാലശാസ്ത്രസാഹിത്യ ഗ്രന്ഥങ്ങൾ പുറത്തിറക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. 1978-ലെ കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്രപുരസ്‌കാരവും അദ്ദേഹത്തിന്റെ എഴുത്തിന് കിട്ടിയ വലിയ അംഗീകാരങ്ങളായിരുന്നു.