ഞാറ്റ്യേല ശ്രീധരനോടൊപ്പം സംവിധായകൻ നന്ദൻ
മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്കാം കരസ്ഥമാക്കിയ ഡ്രീമിങ് ഓഫ് വേഡ്സിൻെറ സംവിധായകനും പ്രശസ്ത എഴുത്തുകാരന് സി.വി ബാലകൃഷ്ണന്റെ മകനുമായ
നന്ദന് മാതൃഭൂമി ഡോട്കോമിനോട് സംസാരിക്കുന്നു.
Dreaming of Words എന്ന ഡോക്യുമെന്ററിയിലേക്ക് എത്തുന്നത് ഒരു പത്രവാര്‍ത്തയിലൂടെയാണ്. ഞാറ്റ്യേല ശ്രീധരന് എന്നയാളെപ്പറ്റിയായിരുന്നു വാര്‍ത്ത. നാലാം തരം വരെ മാത്രമേ അദ്ദേഹം വിദ്യാഭ്യാസം നേടിയിട്ടുണ്ടായിരുന്നുള്ളൂ. പിന്നെ ബീഡി നിര്‍മാണ തൊഴിലിലേക്ക് തിരിഞ്ഞു. വളരെ സാധാരണ ജീവിതം നയിക്കുന്ന മനുഷ്യന്. അദ്ദേഹം തന്റെ സ്വന്തം പ്രയത്നത്താല്‍ ആദ്യം തമിഴ് പഠിച്ചു, കന്നഡ പഠിച്ചു, പിന്നെ തെലുങ്കു പഠിച്ചു. മാതൃഭാഷയായ മലയാളവും ചേര്‍ത്ത് നാല് ദക്ഷിണേന്ത്യന്‍ ഭാഷകള്‍ സ്വായത്തമാക്കിയ അദ്ദേഹം ഭാഷാസ്നേഹം അവിടം കൊണ്ട് നിര്‍ത്തിയില്ല. തമിഴ്-കന്നഡ-തെലുങ്കു- മലയാളം ഭാഷാനിഘണ്ടുനിര്മാണത്തിനായിരുന്നു പിന്നെയുള്ള ജീവിതം മുഴുവന്‍ നീക്കിവെച്ചത്. മലയാളത്തിലെ ഒരു വാക്ക് എടുത്താല്‍ അതിന്റെ തമിഴ് പദവും കന്നഡയും തെലുങ്കും ലഭിക്കുന്ന തരത്തിലുള്ള നിഘണ്ടു നിര്‍മിക്കുക എന്ന ലക്ഷ്യം!
25 വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു ഈ ചതുര്‍ദ്രാവിഡഭാഷാനിഘണ്ടു. വാക്കുകളെ സ്വപ്നം കാണുമ്പോള്‍ എന്ന അര്‍ഥത്തിലാണ് Dreaming of Words എന്നു പേരിടുന്നത്. ഡോക്യുമെന്ററി എടുക്കുന്ന സമയത്ത് നിഘണ്ടു അച്ചടിച്ചിട്ടുണ്ടായിരുന്നില്ല. അദ്ദേഹം പ്രമുഖ ഭാഷാ പണ്ഡിതനോ ഡോക്ടറേറ്റ് ഡിഗ്രി ഉള്ള ആളോ അല്ല എന്നത് തന്നെ നിഘണ്ടു പ്രസിദ്ധീകരിക്കുന്നത് പ്രധാന തടസ്സമായിരുന്നു. ഞാന്‍ എഞ്ചിനീയറിങ് പഠിച്ചത് ബാംഗ്ലൂരിലാണ്. അവിടെ പലഭാഷകള്‍ പറയുന്നവരാണ് ഉള്ളത്. തമിഴും തെലുങ്കും കന്നടഡയും മലയാളവും ഇംഗ്ലീഷും ഹിന്ദിയുമെല്ലാം സാധാരണ കേള്‍ക്കുന്ന ഭാഷകളാണ്. ഭാഷകള്‍ പഠിക്കാനുള്ള താല്പര്യത്തില് ഇത്തരത്തിലൊരു നിഘണ്ടു അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് ഇദ്ദേഹത്തെക്കുറിച്ചുള്ള വാര്‍ത്ത വായിക്കുന്നത്.

തലശ്ശേരിയിലാണ് അദ്ദേഹത്തിന്റെ വീട്. മലയാള നിഘണ്ടുനിര്‍മാണത്തില്‍ അഹോരാത്രം പ്രവര്‍ത്തിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ട് താമസിച്ചതും തലശ്ശേരിയിലായിരുന്നല്ലോ. ഞാറ്റ്യേല ശ്രീധരനെ നേരില്‍ പോയി കണ്ടു, സംസാരിച്ചു. അപ്പോഴാണ് അറിയുന്നത് നിഘണ്ടു അച്ചടിക്കാന്‍ പ്രസാധകരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന്. പിന്നീട് അത് പുസ്തകരൂപത്തിലായി. കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ആണ് അച്ചടിച്ചത്. ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക് ഫോറം നല്കുന്ന ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് അവാര്‍ഡ് അദ്ദേഹത്തിന് നല്കി ആദരിച്ചു.
ഭാഷകളോടുള്ള താല്പര്യമാണ് ഈ ഡോക്യുമെന്ററി എടുക്കാനുള്ള കാരണം. മലയാളത്തിലെ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ലഭിച്ചപ്പോള്‍ സന്തോഷമായിരുന്നു. ദേശീയ അവാര്‍ഡുകൂടി കിട്ടിയപ്പോള്‍ വളരെയധികം സന്തോഷമുണ്ട്. ഡോക്യുമെന്ററിക്ക് കിട്ടുന്നതിനേക്കാല്‍ കൂടുതല്‍ അംഗീകാരങ്ങള്‍ അദ്ദേഹത്തിന് കിട്ടേണ്ടതുണ്ട്. കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ കാല്‍നൂറ്റാണ്ട് കാലം ഭാഷകള്‍ക്കായി മാറ്റിവെച്ചതാണ്. എണ്‍പത്തിനാല് വയസ്സുണ്ട് ഇപ്പോള്‍. സര്‍ക്കാര്‍ തലത്തിലുള്ള പുരസ്കാരങ്ങള്‍ വൈകാതെ തന്നെ വന്നുചേരട്ടെ.
ഡോക്യുമെന്ററി, സിനിമാപ്രവര്‍ത്തനങ്ങള്‍, ജോലി, എഴുത്ത് എല്ലാം ഞാന്‍ ക്രിയേറ്റീവ് ആയിട്ടാണ് എടുക്കുന്നത്. ആകാശപ്പന്ത് എന്ന പുസ്തകം കുട്ടികള്‍ക്കായി എഴുതിയ നോവലാണ്. മറ്റൊരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..