ക്യാമറയും എഴുത്തും. ഇതില്‍ ഏതിനെയാണ്  മുകേഷ് കൂടുതല്‍ സ്നേഹിച്ചതെന്നറിയില്ല. രണ്ടിനെയും എന്നായിരിക്കും മുകേഷ് പറയാനിടയുള്ള ഉത്തരം. ക്യാമറാ ബാഗിനുള്ളില്‍ പതിവായി കരുതി വച്ചിരുന്ന പുസ്തകങ്ങള്‍ അവനെ അക്ഷരങ്ങളോടുള്ള വിടാത്ത ചങ്ങാത്തത്തിന്റെ വലയത്തില്‍ എക്കാലത്തും ചേര്‍ത്ത് നിര്‍ത്തിയിരുന്നു. ഒരു അപ്രതീക്ഷിത ചേരുവയോടെ.

To advertise here,

മുകേഷിന്റെ ക്യാമറയും എഴുത്തും, ആരും അതുവരെ കാണാത്ത ജീവിതത്തിന്റെ അതിജീവനകഥകള്‍ തേടിയിറങ്ങിയത് ഈ വായന നല്‍കിയ ഉള്‍ക്കരുത്തിലാണ്. പരപ്പനങ്ങാടിയില്‍ നിന്ന് മുപ്പത്തിനാല് വര്‍ഷം കൊണ്ട് കടന്നെത്തിയ മുകേഷിന്റെ ജീവിതവും അത്തരമൊരു അതിജീവനമായിരുന്നു.

വാര്‍ത്താ മാധ്യമങ്ങളുടെ ഇടമുറിയാത്ത തിരക്കിനിടയില്‍ വ്യത്യസ്തമായ ദൃശ്യങ്ങള്‍ക്ക് വേണ്ടി നടത്തിയ വേറിട്ട അന്വേഷണങ്ങള്‍ക്കൊപ്പം, ക്യാമറ അന്യജീവിതങ്ങളുടെ സങ്കടങ്ങളിലേക്ക് തിരിച്ചുവയ്ക്കാന്‍ മുകേഷിനെ പ്രേരിപ്പിച്ചത് ഈ അനുഭവപാഠങ്ങളാണ്.

ഡല്‍ഹിയില്‍ മാതൃഭൂമി ന്യൂസ് ചാനലില്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്നു മുകേഷ്. ചാനല്‍ വിട്ട്  ഞാന്‍ പത്രത്തിലേക്ക് മാറുമ്പോഴും സ്നേഹസൗഹൃദങ്ങളുടെ പങ്കിടല്‍ പതിവായിരുന്നു.

ഏറെ ഒച്ചയനക്കങ്ങളില്ലാതെ, പതിഞ്ഞ് പടരുന്ന ചെറുകാറ്റിനെപ്പോലെയായിരുന്നു മുകേഷിന്റെ സാന്നിധ്യം. എങ്കിലും രാജ്യം, രാഷ്ട്രീയം, സമൂഹം, വ്യവസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ ഗൗരവമുള്ള സംവാദങ്ങള്‍ മുകേഷിന്റെ ഉള്ളില്‍ എപ്പോഴും അലയടിച്ചിരുന്നു. അത് എഴുത്തു രൂപത്തില്‍ പലപ്പോഴായി പുറത്തു വന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കവര്‍ സ്റ്റോറികള്‍, മാതൃഭൂമി ഓണ്‍ലൈനില്‍ അതിജീവനം എന്ന പരമ്പര-അങ്ങനെ എഴുത്ത് ലോകം മുകേഷിന് മുന്നില്‍ വിശാലവാതില്‍ തുറന്നുവെച്ചു.

2018-ലാണ് മുകേഷ് എഴുത്തിലേക്ക് കടന്നത്. ആദ്യമായി രചനകള്‍ അവന്‍ തന്നത് മാധ്യമസുഹൃത്ത് സെബിക്കും (സെബി മാത്യു) എനിക്കുമായിരുന്നു. 'തോല്‍പിക്കപ്പെട്ട ജനതയുടെ ശരികള്‍' എന്നതായിരുന്നു ആ ലേഖനത്തിന്റെ തലക്കെട്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹം നേരിടുന്ന പ്രതിസന്ധികളായിരുന്നു ഉള്ളടക്കം. അത് പ്രകാശിതമായപ്പോള്‍ എ.വി.മുകേഷ് എന്ന എഴുത്തുകാരന്റെ തുടക്കമായി. ക്യാമറാമാന്‍ എന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും മുകേഷിന്റെ വിലാസം വിപുലമാകാന്‍ തുടങ്ങി.

പലപ്പോഴും മുകേഷിന്റെ രചനകളുടെ ആദ്യവായനക്കാരിലൊരാളാകാന്‍ കഴിഞ്ഞു. എഴുത്തുകള്‍ പുസ്തകമാക്കുന്നതിനെക്കുറിച്ച് പല വട്ടം ചര്‍ച്ച ചെയ്തു. അടുത്ത എഴുത്തിന്റെ പ്രമേയങ്ങളെക്കുറിച്ച് അഭിപ്രായം ചോദിച്ചു. നാട്ടിലേക്ക് മുകേഷ് മടങ്ങിയ ശേഷം വാട്സാപ്പിലായി പ്രതികരണങ്ങള്‍. അപ്പോഴൊക്കെ ഉള്ളാല്‍ ഞാന്‍ സന്തോഷിച്ചു.

പക്ഷെ, ഇന്ന് രാവിലെ കൊച്ചിയില്‍ നിന്ന് അരുണ്‍ ശങ്കര്‍ വിളിച്ചപ്പോള്‍ തകര്‍ന്നുപോയി. വാക്കുകള്‍ മുറിഞ്ഞ് നിശബ്ദനായി. വിളിച്ചവര്‍ക്കെല്ലാം എന്നെപ്പോലെ അക്ഷരങ്ങള്‍ മുറിഞ്ഞു. ഓഫീസനരുകില്‍ വച്ച് സെബിയെ കണ്ടപ്പോള്‍ ശൂന്യതയില്‍ പതറി ഞങ്ങള്‍ നിന്നു.