1981-ല്‍ ദേവികുളം സബ്കളക്ടറായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.ജി.ആറിനെ അറസ്റ്റ് ചെയ്യാനൊരുങ്ങിയ കഥ വിവരിക്കുന്നുണ്ട് അല്‍ഫോണ്‍സ് കണ്ണന്താനം തന്റെ പുതിയ പുസ്തകത്തില്‍. കേരളവും തമിഴ്നാടും തമ്മില്‍ ഉടമസ്ഥതയെച്ചൊല്ലി തര്‍ക്കം നിലനിന്ന മംഗളാദേവി ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയ എം.ജി.ആറിനെ അറസ്റ്റ് ചെയ്യാന്‍ സര്‍വസന്നാഹങ്ങളുമായി കാത്തിരുന്ന യുവ ഉദ്യോഗസ്ഥന്റെ തലയ്ക്ക് ചില തമിഴ് സംഘടനകള്‍ അമ്പതിനായിരം രൂപ വിലയിട്ടെന്നും കണ്ണന്താനം പറയുന്നു.
മുന്‍ കേന്ദ്രമന്ത്രിയും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ അല്‍ഫോണ്‍സ് കണ്ണന്താനം തന്റെ സര്‍വീസ് കഥകള്‍ വിശദീകരിക്കുന്നത് അടുത്തമാസം പുറത്തിറങ്ങാനിരിക്കുന്ന 'ദ വിന്നിംഗ് ഫോര്‍മുല : 52 വേയ്സ് ടു ചെയ്ഞ്ച് യുവര്‍ ലൈഫ് 'എന്ന് പുതിയ പുസ്തകത്തിലാണ്. നവംബര്‍ 21 ന് ഡല്‍ഹിയില്‍ പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകം പ്രചോദന (മോട്ടിവേഷണല്‍) പുസ്തക വിഭാഗത്തില്‍പ്പെട്ടതാണ്. തന്റെ ജീവിതകഥയും സമൂഹത്തിന് മാതൃകയാക്കാവുന്ന 39 ജീവിതങ്ങളുടെ കഥയും കണ്ണന്താനം 52 അധ്യായങ്ങളിലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരളവും തമിഴ്നാടും മംഗളാദേവി ക്ഷേത്രത്തെച്ചൊല്ലി രൂക്ഷ തര്‍ക്കത്തിലായിരുന്ന കാലം. ക്ഷേത്രം തമിഴ്നാടിന്റേതാണെന്ന അവകാശവാദവുമായി അന്നത്തെ മുഖ്യമന്ത്രി എം.ജി.ആര്‍ മംഗളാദേവി സന്ദര്‍ശിക്കാനൊരുങ്ങിയതോടെ പ്രശ്നം രൂക്ഷമായി. രേഖകള്‍ പരിശോധിച്ച് അല്‍ഫോണ്‍സ് ക്ഷേത്രം കേരളത്തിന്റേതാണന്ന് ഉറപ്പിച്ചു. എം.ജി.ആറിന്റെ സന്ദര്‍ശനം തടയാന്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ക്രമസമാധാന പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി എം.ജി.ആറിനെ അറസ്റ്റ് ചെയ്യാനായിരുന്നു തീരുമാനമെന്ന് അല്‍ഫോണ്‍സ് പറയുന്നു. ഒടുവില്‍ എം.ജി.ആര്‍ മംഗളാദേവി സന്ദര്‍ശനം റദ്ദാക്കിയതോടെ പ്രശനങ്ങള്‍ അടങ്ങി. ''മനസ്സിനുള്ളില്‍ ഞാന്‍ ഒരു റിബലാണ്. ചിലപ്പോള്‍ കാരണത്തോടെ. ചിലപ്പോള്‍ കാരണമില്ലാതെ. ചോദ്യം ചെയ്യാതെ ഞാന്‍ ഒന്നും തന്നെ അംഗീകരിച്ചിട്ടില്ല. സിവില്‍ സര്‍വീസിന്റെ ചട്ടങ്ങള്‍ ഉള്‍പ്പടെ.''- കണ്ണന്താനം കുറിക്കുന്നു.
ഡല്‍ഹിയിലെ അനധികൃത ഭൂമികയ്യേറ്റം ഒഴിപ്പിച്ച് വീരപരിവേഷം നേടിയതിന്റെ അനുഭവവും പുസ്തകത്തില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. ഡല്‍ഹി വികസന അതോറിറ്റി കമ്മീഷണറായി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു ഈ നടപടി. തലസ്ഥാന നഗരത്തിന്റെ ഭൂമി ഏറ്റവും കൂടുതല്‍ കയ്യേറിയവരില്‍ ആദ്യത്തെ പത്തുപേര്‍ അന്നത്തെ രാഷ്ട്രീയ നേതാക്കളായിരുന്നു. അതില്‍ തന്നെ രണ്ട് ലക്ഷം ചതുരശ്ര അടി ഭൂമി ഒരു മാഫിയാ രാഷ്ട്രീയ നേതാവിന്റെ കൈവശവും! അന്നത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡണ്ടും 1984-ലെ സിഖ് കൂട്ടക്കൊലയുടെ സൂത്രധാരനുമായിരുന്നു ഈ നേതാവ്. ഭയലേശമില്ലാതെ 36 മണിക്കൂര്‍ തെരുവില്‍ ഇറങ്ങി നിന്ന് ഈ ഭൂമി കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചപ്പോള്‍ അടുത്ത ദിവസം മാധ്യമങ്ങള്‍ പേരിട്ടു: 'ദ ഡിമോളിഷന്‍ മാന്‍!' ഭൂമി തിരിച്ചുപിടിച്ച യുവകമ്മീഷണറെ പത്ത് ദിവസം കഴിഞ്ഞ നേരിട്ട് കണ്ടപ്പോള്‍ മാഫിയ നേതാവ് കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു: ''നിങ്ങള്‍ എന്റെ സുഹൃത്താണ്, നിങ്ങള്‍ മാത്രമാണ് എന്നെ തൊടാന്‍ ധൈര്യം കാട്ടിയ എക വ്യക്തി.''
1991- ല്‍ സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന തന്നെ, ഡല്‍ഹി വികസന അതോറിറ്റിയുടെ കമ്മീഷണറായി ഡപ്യൂട്ടേഷനില്‍ സ്ഥലം മാറ്റിയത് അന്നത്തെ അധികാരകേന്ദ്രങ്ങളുടെ ചില സമര്‍ഥമായ നീക്കങ്ങളുടെ ഫലമായിരുന്നുവെന്ന് പുസ്തകത്തില്‍ കണ്ണന്താനം തുടര്‍ന്ന് പറയുന്നു. ''ഞാന്‍ ഞെട്ടിപ്പോയി. ഞാനൊരിക്കലും കേന്ദ്ര സര്‍ക്കാരില്‍ ഡപ്യൂട്ടേഷനില്‍ പോകാന്‍ അപേക്ഷിച്ചിരുന്നില്ല. എന്നാല്‍ എന്നെ എന്തിനാണ് ഡപ്യൂട്ടേഷനില്‍ അയക്കുന്നതെന്ന് തൊട്ടുപിന്നാലെ മനസ്സിലാക്കി. അന്നത്തെ മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ആറ് ഐ.എ.എസ് ഉദ്യോസ്ഥരുമടങ്ങുന്നവര്‍ ഉള്‍പ്പെട്ട പാമോയില്‍ കേസായിരുന്നു കാരണം. പാമോയില്‍ ഇറക്കുമതിക്കുള്ള ഫയലില്‍ ഞാന്‍ വിയോജനക്കുറിപ്പ് എഴുതിയിരുന്നു.''-അല്‍ഫോണ്‍സ് ഓര്‍മിക്കുന്നു.
കടഞ്ഞെടുത്ത ജീവിതം
പത്താം ക്ലാസില്‍ 42 ശതമാനം മാര്‍ക്ക് മാത്രം വാങ്ങി ശരാശരിയിലും താഴെ നിലവാരമുറപ്പിച്ച നാട്ടിന്‍പുറത്തെ കുട്ടിയില്‍ നിന്ന് കേന്ദ്രമന്ത്രിപദം വരെയെത്തിയ ജീവിതഗാഥ പുസ്തകത്തിലെ വിവിധ അധ്യായങ്ങളില്‍ അല്‍ഫോണ്‍സ് കണ്ണന്താനം എഴുതുന്നുണ്ട്. പത്താം ക്ലാസില്‍ 42 ശതമാനം മാര്‍ക്ക് മാത്രം കിട്ടിയതിന്റെ നിരാശക്കിടയില്‍ കിട്ടിയ പരിഹാസങ്ങളും കുത്തുവാക്കുകളും അല്‍ഫോണ്‍സ് ഓര്‍മിക്കുന്നതിങ്ങനെ: ''42 ശതമാനം മാര്‍ക്ക് കിട്ടിയതിന് ശേഷം ഞാന്‍ ഒരിക്കലും അയല്‍പക്കനായകനായില്ല. ഞാന്‍ പോകുന്നയിടങ്ങളിലെല്ലാം പരിഹാസ പരാമര്‍ശങ്ങള്‍ ഉയര്‍ന്നു. ഇത് സഹിക്കാന്‍ കഴിയാതായപ്പോള്‍ ഞാന്‍ വീടിനടുത്തുള്ള മീനച്ചിലാറില്‍ ചൂണ്ടയിടാന്‍ പോയി. ആറ്റിലേക്ക് ചാഞ്ഞു കിടക്കുന്ന ഒരു മരച്ചില്ലയില്‍ ചൂണ്ടയുമായി ഞാന്‍ ഇരുന്നു. ഇടക്കെപ്പോഴോ മയങ്ങിപ്പോയപ്പോള്‍, എന്റെ കയ്യിലിരുന്ന ചൂണ്ട വെള്ളത്തിലേക്ക് വീണുപോയി. അര്‍ഥപൂര്‍ണമമായ ലോകത്തിലേക്കുള്ള എന്റെ ഏക ആയുധവും പോയി! ഞൊടിയിടയില്‍ ചിലത് സംഭവിച്ചു. എന്റെ അപ്രസക്തമായ ജീവിതത്തിനപ്പുറമുള്ള ലോകത്തെക്കുറിച്ച് ചിന്ത ഉയര്‍ന്നു വന്നു. പെട്ടെന്ന് രണ്ട് ചിന്തകള്‍ എന്റെ മനസ്സിലേക്ക് കടന്നു വന്നു. ഞാനൊരു വി്ഡ്ഢിയല്ല, എനിക്ക് തലച്ചോറുണ്ട് എന്നതായിരുന്നു ആദ്യത്തെ ചിന്ത. ഞാന്‍ ഒരു പാഴല്ല, എനിക്ക് കഴിവുകളുണ്ട് എന്നതായിരുന്നു രണ്ടാമത്തെ ചിന്ത.''-അല്‍ഫോണ്‍സ് കുറിക്കുന്നു.
ഈ ചിന്തകളെ താന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ ജീവിതം മറ്റൊന്നായി പരിണമിക്കാന്‍ തുടങ്ങിയെന്ന് കണ്ണന്താനം പറയുന്നു. ഇതാണ് തന്റെ ജീവിതത്തിന്റെ വഴിത്തിരിവെന്ന് അദ്ദേഹം പുസ്തകത്തില്‍ എഴുതുന്നുണ്ട്. ''ഇതാണെന്റെ ജീവിതത്തിന്റെ വഴിത്തിരിവ്. എന്റെ അധ്യാപകരോ, രക്ഷിതാക്കളോ അയല്‍ക്കാരോ അല്ല എനിക്ക് ബുദ്ധിയുണ്ടോ, എനിക്ക് കഴിവുകളുണ്ടോ എന്ന് തീരുമാനിക്കേണ്ടത്. എന്റെ ബുദ്ധിയെക്കുറിച്ച് ഞാന്‍ തന്നെ തീരുമാനിക്കണം. അങ്ങനെ എന്റെ കഴിവുകളെക്കുറിച്ച് ഞാന്‍ തന്നെ തീരുമാനിച്ചു.''-കണ്ണന്താനം ഓര്‍മിക്കുന്നു.
തുടര്‍ന്ന് കോളേജില്‍ പ്രവേശനം നേടിയ അല്‍ഫോണ്‍സ് ഇംഗ്ലീഷ് ഭാഷാ പഠനത്തിനായി കൈക്കൊണ്ട സാഹസങ്ങളെക്കുറിച്ച് സവിസ്തരം പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ''എന്റെ ആദ്യത്തെ മുന്‍ഗണന ഇംഗ്ലീഷ് പഠനമായിരുന്നു. ഞാന്‍ ബി.ബി.സി വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങി. എനിക്ക് ഇംഗ്ലീഷ് ഭാഷ സംസാരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ അതിന് പരിശീലന കോഴ്സുകളില്‍ ചേര്‍ന്നു. ഓക്സ്ഫോര്‍ഡ് നിഘണ്ടു എന്റെ സുഹൃത്തായി മാറി. എല്ലാ ദിവസവും ഞാന്‍ നിഘണ്ടുവിന്റെ 25 പേജ് വീതം പഠിക്കുമായിരുന്നു. ഞാന്‍ ഇംഗ്ലീഷ് ക്ലാസ്സിക്കുകള്‍ വായിക്കാന്‍ തുടങ്ങി. ചാള്‍സ് ഡിക്കന്‍സ്, ജെയിന്‍ ഓസ്റ്റിന്‍, ലിയോ ടോള്‍സ്റ്റോയി, പാബ്ലോ നെരുദ തുടങ്ങിയവരെ വായിച്ചു. വളരെ ഇഷ്ടപ്പെടുന്ന ഖണ്ഡികകള്‍ കണ്ടാല്‍ ഞാന്‍ എന്റെ രീതിയില്‍ പരിഭാഷപ്പെടുത്തുമായിരുന്നു. എവിടെയൊക്കെ അവസരങ്ങള്‍ ലഭിക്കുമോ, അവിടെയെല്ലാം ഞാന്‍ അത് പ്രയോഗിക്കും. പിന്നീട് ഞാന്‍ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക വായിക്കാന്‍ തുടങ്ങി.'' മൂന്ന് വര്‍ഷം കൊണ്ട്-അതായത് 15 വയസ്സ് മുതല്‍ 18 വയസ്സുവരെ-എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ മിക്കവാറും വാല്യങ്ങള്‍ വായിച്ചു തീര്‍ത്തെന്ന് അല്‍ഫോണ്‍സ് വിവരിക്കുന്നു.
ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുറപ്പിച്ചെന്ന് മനസ്സിലാക്കിയ അല്‍ഫോണ്‍സിന്റെ അടുത്ത ലക്ഷ്യം ഇംഗ്ലീഷ് പ്രഭാഷകനാവുകയായിരുന്നു. അതിനായി നടത്തിയ ശ്രമങ്ങള്‍ ഇങ്ങനെ :''ആറു മാസക്കാലത്തോളം ഞാന്‍ ഒരു മുറിയില്‍ അടച്ചിരുന്ന് ചുവരുകളോട് സംസാരിക്കാന്‍ തുടങ്ങി. രഹസ്യമായല്ല, ഉറക്കെ.''ആറ് മാസത്തെ പരിശീലനത്തിന് ശേഷം കോളേജിലെ ഡിബേറ്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ താന്‍ പര്യാപ്തനായെന്ന് കണ്ണന്താനം എഴതുന്നു. വിദ്യാര്‍ഥി ജീവിത കാലം പറയുന്ന ഈ അധ്യായത്തിന്റെ ഒടുവില്‍ കണ്ണന്താനം ചേര്‍ത്ത ഗുണപാഠം :നിങ്ങള്‍ക്ക് തലച്ചോറുണ്ട്. നിങ്ങള്‍ക്ക് കഴിവുകളുണ്ട്. നിങ്ങള്‍ കഠിനാധ്വാനം ചെയ്യുക.
ജീവിതം ഒരു വിജയകഥ
കേരളത്തിനകത്തും പുറത്തുമുള്ള 39 പേരുടെ ജീവിതങ്ങള്‍ കൂടി കണ്ണന്താനം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അഡീഷണല്‍ ഡി.ജി.പി പി.വിജയന്‍, പാരാ ഗെയിംസില്‍ മെഡലുകള്‍ വാരിക്കൂട്ടിയ ശീതള്‍ ദേവി, ആദിവാസി മേഖലകളില്‍ ആതുരസേവനം നിര്‍വഹിക്കുന്ന ഡോക്ടര്‍ ദമ്പതികളായ റെജി ജോര്‍ജ്-ലളിതാ റെജി, കേരളത്തിന്റെ മുന്‍ ഡി.ജി.പി ഋഷിരാജ് സിംഗ്, ഉത്തരാഖണ്ഡിലെ സില്‍ക്യാര-ബാര്‍കോട്ട് തുരങ്കത്തിലകപ്പെട്ടവരെ രക്ഷിച്ച റാറ്റ് ഹോള്‍ മൈനേഴ്സ്, വനിതാ പോലീസ് ഉദ്യോഗസ്ഥ ആനി ശിവ, ഇന്ത്യയുടെ മിസൈല്‍ വുമണ്‍ എന്നറിയപ്പെടുന്ന ടെസ്സി തോമസ് തുടങ്ങിയവരുടെ വിജയകഥകള്‍ വിവിധ അധ്യായങ്ങളില്‍ വിവരിക്കുന്നു. ശശി തരൂരാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ബ്ലൂംസ്ബെറിയാണ് പ്രസാധകര്‍.
Content Highlights: alphonse kannanthanam book the winning formula 52 ways to change your life manoj menon writes
Published: 28 Oct 2024, 07:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented