
അടൂർ: ഒരുവയസ്സുള്ള ബെല്ല എന്ന വളർത്തുനായ ഓർമയായി. എന്നാൽ, ബെല്ലയുടെ ജഡം രണ്ടുദിവസമായി പ്രത്യേകം സജ്ജീകരിച്ച സംവിധാനത്തിൽ വീട്ടിൽത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്, ഉടമസ്ഥ അടൂർ കേന്ദ്രീയവിദ്യാലയത്തിന് സമീപം നന്ദിയത്ത് ശാന്തിനി എസ്.പിള്ള. പെറ്റുകഴിഞ്ഞാണ് ബെല്ല ചത്തത്. ജീവനുതുല്യം സ്നേഹിച്ച ബെല്ലയുടെ മരണകാരണം അറിയണമെന്നതാണ് ശാന്തിനിയുടെ ആഗ്രഹം.
ഇതിനായി ജഡപരിശോധന നടത്തണമെന്ന ആവശ്യവുമായി ശാന്തിനി വിവിധ മൃഗാശുപത്രികളെ സമീപിച്ചു. എന്നാൽ, ആരും അതിന് തയ്യാറായില്ലെന്ന് ശാന്തിനി പറയുന്നു.
മാർച്ച് 31-നാണ് ബെൽജിയം മെലിനോയിസ് ഇനത്തിൽപ്പെട്ട, 70,000 രൂപയോളം വിലയുള്ള നായ രണ്ടുകുഞ്ഞുങ്ങളെ പെറ്റത്. രണ്ടുദിവസം കഴിഞ്ഞ് അവശത തുടങ്ങി. ഞായറാഴ്ച രാവിലെ അടൂർ വടക്കടത്തുകാവിൽ നായ്ക്കളെ പരിശോധിക്കുന്ന സ്വകാര്യ കേന്ദ്രത്തിലെത്തിച്ചു.
പാർവോ വൈറസ് ആണെന്നുപറഞ്ഞ് ഒൻപത് ഇഞ്ചക്ഷൻ നൽകിയെന്നും ശാന്തിനി പറയുന്നു. തുടർന്ന് വീട്ടിലെത്തിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെയോടെ ബെല്ല ചത്തു. ചത്തനിലയിൽ ഒരു നായക്കുട്ടിയെക്കൂടി സമീപത്ത് കണ്ടെത്തുകയും ചെയ്തു. ഒരുപക്ഷേ, ഈ നായക്കുട്ടിയെ പെറാൻപറ്റാതെ വന്നതാകാം പ്രശ്നത്തിനിടയാക്കിയതെന്ന് ശാന്തിനി പറയുന്നു. എന്നാൽ, അമിതമായി ഇഞ്ചക്ഷൻ നൽകിയത് ദോഷകരമായി ബാധിച്ചിരിക്കാമെന്നും ശാന്തിനി സംശയിക്കുന്നു.
തുടർന്നാണ് ബെല്ലയുടെ ജഡവുമായി ശാന്തിനി, ഭർത്താവ് രാഘേഷ് ആർ.പിള്ളയ്ക്കൊപ്പം അടൂർ നഗരസഭയുടെ മൃഗാശുപത്രിയിലെത്തിയത്. ജഡപരിശോധന വേണമെന്ന് പറഞ്ഞപ്പോൾ അധികൃതർ തിരുവല്ല മൃഗാശുപത്രിയിലേക്ക് അയച്ചു. അവിടെയെത്തിയപ്പോൾ, എവിടെയാണോ നായ ചത്തത്, അവിടത്തെ ഗവ. മൃഗാശുപത്രിയിൽ പരിശോധന നടത്തണമെന്നറിയിച്ചു. വീണ്ടും അടൂർ മൃഗാശുപത്രിയിലെത്തി.
പോലീസിന്റെ കത്തുവേണമെന്നായി ആശുപത്രി അധികൃതർ. അങ്ങനെ അടൂർ പോലീസിൽ പരാതി നൽകി. പോലീസ് പരാതി സ്വീകരിച്ച് പെറ്റീഷൻ നമ്പർ നൽകി. ഇതുമായി അടൂർ മൃഗാശുപത്രിയിലെത്തിയെങ്കിലും അധികൃതർ ജഡപരിശോധന നടത്താൻ പറ്റില്ലെന്ന് അറിയിച്ചെന്ന് ശാന്തിനി പറയുന്നു. ഇനി എന്തുചെയ്യണമെന്നറിയാത്ത വിഷമത്തിലാണ് ഇവർ. ഐസിട്ട പെട്ടിക്കുള്ളിലാണ് ബെല്ലയുടെ ജഡം സൂക്ഷിച്ചിരിക്കുന്നത്. ഇപ്പോൾത്തന്നെ സമയം അതിക്രമിച്ചു. ബുധനാഴ്ചയെങ്കിലും പോസ്റ്റുമോർട്ടം നടക്കണം. അല്ലെങ്കിൽ ജഡം സൂക്ഷിക്കാൻ പറ്റാതെവരുമെന്നും അവർ പറയുന്നു.
Content Highlights: shanthinis pet dog death, parvovirus, parvovirus symptoms in dog, parvovirus in dogs treatment
Published: 06 Apr 2022, 11:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented