മാതാപിതാക്കള്‍ക്ക് എന്തെങ്കിലും സമ്മാനങ്ങള്‍ നല്‍കണമെന്ന് എല്ലാവരുടേയും ആഗ്രഹമായിരിക്കും. അപ്രതീക്ഷിതമായി കിട്ടുന്ന ഇത്തരം സമ്മാനങ്ങള്‍ മാതാപിതാക്കള്‍ക്കുണ്ടാക്കുന്ന സന്തോഷം അത്ര ചെറുതല്ല. അത്തരത്തില്‍ ജന്മദിനത്തില്‍ അമ്മയ്ക്ക് സ്വര്‍ണക്കമ്മലുകള്‍ സമ്മാനിച്ച ഒരു മകളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. അപര്‍ണ ദേവ്യല്‍ എന്ന കണ്ടന്റ് ക്രിയേറ്റാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

To advertise here,

അപര്‍ണ ഒരു ജ്വല്ലറിയില്‍ നിന്ന് കമ്മലുകള്‍ തിരഞ്ഞെടുക്കുന്നതും പിന്നീട് വീട്ടില്‍ എത്തി സമ്മാനമായി പൊതിഞ്ഞ് അമ്മയ്ക്ക് നല്‍കുന്നതും വീഡിയോയില്‍ കാണാം. സമ്മാനപ്പൊതി തുറന്നപ്പോള്‍ അമ്മ അത്ഭുതപ്പെടുകയും വികാരാധീനയാകുകയും ചെയ്തു. അമ്മ കമ്മലുകള്‍ സ്‌നേഹത്തോടെ തൊട്ടുനോക്കുന്നതും സ്വന്തം കാതുകളില്‍ അണിഞ്ഞുനോക്കുന്നതും വീഡിയോയിലുണ്ട്. നീ വളര്‍ന്ന് വലിയ ആളായെന്ന് അമ്മ മകളോട് പറയുന്നുമുണ്ട്.

'ലോകത്തിലെ എല്ലാ സന്തോഷവും നിങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞെങ്കില്‍' എന്നാണ് അപര്‍ണ വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയത്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. ഏതൊരു അമ്മയും ആഗ്രഹിക്കുന്ന നിമിഷമാണ് ഇതെന്നും എല്ലാ മക്കളും ഇതുപോലെയായിരുന്നെങ്കില്‍ എന്നുമെല്ലാം ആളുകള്‍ കുറിച്ചിട്ടുണ്ട്.