കൊച്ചി: റോഡരികില്‍നിന്ന് വാരിയെടുക്കുമ്പോള്‍ അവള്‍ വെറുമൊരു മാംസപിണ്ഡമായിരുന്നു. ചോരയില്‍ മുങ്ങിയ ദേഹത്തെ മുറിപ്പാടുകള്‍ ഓരോന്നായി ഡോക്ടര്‍മാര്‍ എണ്ണി. വയറ്റിലും കൈയിലും കഴുത്തിലുമെല്ലാമായി കത്തിമുന ആഴ്ന്നിറങ്ങിയത് 17 തവണ. അവള്‍ക്ക് പ്രായവും 17 തന്നെയായിരുന്നു.

To advertise here,

പ്രണയപ്പക ചിറകരിഞ്ഞു തളര്‍ത്തിയ ഈ പെണ്‍കുട്ടിയെ കേരളം മറക്കാന്‍ സമയമായിട്ടില്ല. കഴിഞ്ഞ ജനുവരി ആറിന് പകല്‍വെളിച്ചത്തില്‍ കാക്കനാടായിരുന്നു ആക്രമണം. കഴുത്തിനു പിന്നിലേറ്റ ആഴത്തിലുള്ള മുറിവ് അവളുടെ ഇടതുകാലും കൈയും തളര്‍ത്തി. തല ഒന്ന് നേരെ വയ്ക്കണമെങ്കില്‍ ബെല്‍റ്റിടണം. ലോകം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കിടക്കയിലേക്ക് ഒതുങ്ങിയെങ്കിലും അവള്‍ സ്വപ്നങ്ങളൊന്നും പിന്നിലുപേക്ഷിച്ചിട്ടില്ല.

''എഴുന്നേറ്റ് നടക്കണം, പഠിക്കണം. പിന്നെ ഒരു ജോലി വേണം... ഉമ്മായ്ക്കും വാപ്പായ്ക്കും ഞാനല്ലേ ഉള്ളൂ...'' ഞങ്ങളുടെയും ആശയാണിതെന്ന് അവളുടെ വാക്കുകള്‍ക്ക് ഉമ്മയുടെ പിന്തുണ. ''ഹാര്‍ട്ടിന്റെ പ്രശ്‌നമുണ്ട് വാപ്പയ്ക്ക്. മുന്‍പ് ഓട്ടോ ഓടിച്ചിരുന്നു.

കുറെ വര്‍ഷമായി ജോലിക്ക് പോകുന്നില്ല. അടുത്തൊരു ഹോട്ടലില്‍ ഭക്ഷണമുണ്ടാക്കലാണ് എന്റെ ജോലി. ആ വരുമാനത്തിലാണ് ചെലവും വീടിന്റെ വാടകയുമെല്ലാം കഴിയുന്നത്. ഇപ്പോ എനിക്കും ജോലിക്ക് പോകാനാകുന്നില്ല''.

ഈ കഷ്ടപ്പാടുകളെല്ലാം കണ്ട് വളര്‍ന്നതുകൊണ്ടാകണം അവള്‍ നന്നായി പഠിച്ചു. പത്താം ക്ലാസും പ്ലസ് ടുവുമെല്ലാം നല്ല മാര്‍ക്ക് വാങ്ങിയാണ് ജയിച്ചത്. പെട്ടെന്നൊരു ജോലിയെന്ന സ്വപ്നത്തില്‍ ഫാര്‍മസി കോഴ്‌സിന് ചേര്‍ന്നു. പഠനത്തിനു ശേഷമുള്ള സമയം ഡേ കെയറിലും ജോലി ചെയ്തു. ജനുവരി ആറിന് വൈകീട്ട് 4.30ഓടെയാണ് ജീവിതം കീഴ്‌മേല്‍ മറിച്ച ദുരന്തം. കോളേജില്‍നിന്ന് ഡേ കെയറിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അവള്‍. വഴിയില്‍ കാത്തുനിന്ന് അവന്‍ ആക്രമിക്കുകയായിരുന്നു. പരിസരവാസികള്‍ ഓടിവന്നതുകൊണ്ട് ജീവന്‍ ബാക്കിയായി.

''ഇവള് എല്ലാവരുമായി വലിയ അടുപ്പമാ. പക്ഷേ, ആ സ്‌നേഹം അവന്‍ തെറ്റായ രീതിയിലാ കണ്ടത്. ഒരു പയ്യന്‍ പിന്നാലെ നടക്കുന്നുണ്ടെന്ന് മോള് പറഞ്ഞിരുന്നു. പക്ഷേ, ഞാനത് അത്ര കാര്യമായി എടുത്തില്ല. സംഭവം നടന്ന ദിവസം രാവിലെ കോളേജിലേക്ക് പോകുമ്പോള്‍ റോഡില്‍ െവച്ച് അവന്‍ ബഹളമുണ്ടാക്കിയിരുന്നു.

അതിനെക്കുറിച്ച് മോള് ഫോണില്‍ വിളിച്ച് പറഞ്ഞു. ഫോണില്‍ അവനെ വിളിച്ചപ്പോള്‍ 'അമ്മയാണെ സത്യം. ഇനി ശല്യം ചെയ്യില്ലെ'ന്നാണ് പറഞ്ഞത്. അന്ന് വൈകുന്നേരം തന്നെയാണ് അവനീ കടുംകൈ ചെയ്തത്''  ഉമ്മയുടെ വാക്കുകളില്‍ കണ്ണീരിന്റെ നനവ്.

''ആക്രമണം നടത്തിയ യുവാവിപ്പോള്‍ ജയിലിലാണ്. അവളുടെ ജീവിതം ആസ്പത്രി കിടക്കയിലേക്ക് ഒതുങ്ങി. എല്ലാം കിടന്ന കിടപ്പിലാണ്.

ഭക്ഷണം വാരിക്കൊടുക്കും. പത്തു മിനിറ്റ് എഴുന്നേല്‍പ്പിച്ച് പുറം ചാരിയിരുത്തും. അതില്‍ കൂടുതല്‍ ഇരിക്കാനാകില്ല. ആദ്യം കുറച്ചുപേര്‍ സാനിറ്ററി പാഡൊക്കെ തന്ന് സഹായിച്ചിരുന്നു. ഇപ്പോഴതൊന്നുമില്ല.

ആസ്പത്രിയില്‍ ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്. വെല്ലൂരിലെ സ്വകാര്യ ആസ്പത്രിയില്‍ വിദഗ്ദ്ധ ചികിത്സ നിര്‍ദേശിച്ചിട്ടുണ്ട് ഡോക്ടര്‍മാര്‍. പക്ഷേ, ചെലവിന് ലക്ഷങ്ങള്‍ വേണം. കനിവ് തേടി പല വാതിലുകള്‍ മുട്ടിയിട്ടുണ്ട്. ആരെങ്കിലും സഹായിച്ചാല്‍ വെല്ലൂര് കൊണ്ടുപോകണം.

അവള്‍ പഴയതുപോലൊന്ന് നടന്നുകാണണം. ഞങ്ങള്‍ക്കാകെ അവളല്ലേയുള്ളൂ'' വാക്കുകള്‍ പാതിയില്‍ മുറിയുന്നു.

വിദഗ്ധ ചികിത്സ വേണം

വെല്ലൂരില്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനിലാണ് വിദഗ്ധ ചികിത്സ നിര്‍ദേശിച്ചിരിക്കുന്നത്. എങ്ങനെയെങ്കിലും എഴുന്നേറ്റ് നടക്കണമെന്ന് അവള്‍ക്ക് മോഹമുണ്ട്. പലയിടത്തും കുത്തേറ്റിരുന്നു. സ്‌പൈനല്‍ കോഡിനേറ്റ കുത്താണ് ശരീരത്തിന്റെ ഇടതുഭാഗം തളരാന്‍ കാരണമായത്  കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അവളെ ചികിത്സിക്കുന്ന ഡോക്ടറുടെ വാക്കുകള്‍.

Content Highlights: Woman stabbed 17 times by stalker survived