സ്ത്രീസുരക്ഷ വിലയിരുത്താനായി അർധരാത്രിയിൽ വേഷം മാറി ബസ് സ്റ്റോപ്പിലെത്തിയ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്കുണ്ടായത് നടുക്കുന്ന അനുഭവം. ഹൈദരാബാദിലെ മൽകജ്ഗിരി പോലീസ് കമ്മിഷണറായ വി. സുമതിയാണ് പരിശോധനയ്ക്കായി യാത്രക്കാരിയുടെ വേഷത്തിൽ ദിൽസുഖ്‌നഗറിലെ ഒരു ബസ് സ്റ്റോപ്പിലെത്തിയത്. അർധരാത്രി 12:30 മുതൽ പുലർച്ചെ 3:30 വരെയായിരുന്നു കമ്മിഷണറുടെ അണ്ടർ കവർ ദൗത്യം.

To advertise here,

ബസ് സ്‌റ്റോപ്പിൽ ഒറ്റയ്ക്ക് നിൽക്കുകയായിരുന്ന സുമതിയെ മൂന്ന് മണിക്കൂറിനിടെ 40 പുരുഷന്മാരാണ് സമീപിച്ചത്. ഒപ്പം വരുന്നോ എന്ന് ചോദിച്ച് ലൈംഗികോദ്ദേശത്തോടെയാണ് ഇവർ എത്തിയത്. ഇവരിൽ ഭൂരിഭാഗവും മദ്യത്തിന്റേയും കഞ്ചാവിന്റേയും ലഹരിയിലായിരുന്നു. യുവാക്കളും വിദ്യാർഥികളുമെല്ലാം ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുവെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.

സുമതി സാധാരണ വേഷത്തിൽ ഒറ്റയ്ക്കാണ് നിന്നതെങ്കിലും അൽപ്പം മാറി മഫ്തിയിൽ പോലീസ് സംഘവുമുണ്ടായിരുന്നു. കമ്മിഷണറാണെന്നറിയാതെ സുമതിയോട് മോശമായി പെരുമാറിയവരെ പോലീസ് ഉടനടി കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുന്നതായും പോലീസ് അറിയിച്ചു.

രാത്രികാല പട്രോളിങ്ങിന്റെ കാര്യക്ഷമത പരിശോധിക്കുകയായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. കമ്മിഷണർ ബസ് സ്റ്റോപ്പിലെത്തി മിനിറ്റുകൾക്കകം പുരുഷന്മാർ സമീപിക്കാൻ ആരംഭിച്ചു. രാത്രി വൈകി യാത്ര ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ ദൗത്യം സഹായിച്ചുവെന്ന് കമ്മിഷണർ വി. സുമതി പ്രതികരിച്ചു. സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കമ്മിഷണർ ഉറപ്പുനൽകി.