ദ്യപാനിയായ ഭർത്താവിന്റെ ഉപദ്രവം അതിരുവിട്ടതോടെ വീട്ടിൽ വന്നിരുന്ന ലോൺ റിക്കവറി ഏജൻ്റിനെ വിവാഹം ചെയ്ത് യുവതി.  ബിഹാറിലെ ജാമുയി ജില്ലയിലാണ് സംഭവം. ഇന്ദ്രകുമാരി എന്ന യുവതിയാണ് ഭർത്താവ് നകുൽ ശർമ്മയുടെ പീഡനത്തെ തുടർന്ന് ലോൺ റിക്കവറി ഏജൻ്റിനെ വിവാഹം ചെയ്തത്. 2022ലായിരുന്നു ഇന്ദ്രകുമാരിയും നകുൽ ശർമ്മയുമായുള്ള വിവാഹം. സ്ഥിരം മദ്യപിച്ചെത്തുന്ന യുവാവ് ഇന്ദ്രകുമാരിയെ ശാരീരികവും മാനസികവുമായി ഉപദ്രവിക്കുമായിരുന്നുവെന്ന് യുവതി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

To advertise here,

ഈ സമയത്ത്, ലോൺ തിരിച്ചടവിനായി റിക്കവറി ഏജൻ്റായ പവൻ കുമാർ യാദവ് വീട്ടിൽ പതിവായി എത്താറുണ്ടായിരുന്നു. കേവലം ലോൺ തിരിച്ചടവ് മാത്രമായിരുന്ന ബന്ധം പിന്നീട് സൗഹൃദമായി വളരുകയും പിന്നീട് പ്രണയമാകുകയുമായിരുന്നുവെന്നാണ് വിവരം. അഞ്ച് മാസത്തോളം ഇരുവരും ബന്ധം രഹസ്യമായി സൂക്ഷിച്ചു. പിന്നീട് നാടുവിടാൻ തീരുമാനിച്ച ഇരുവരും ഫെബ്രുവരി നാലിന് വിമാനം കയറി ഇന്ദ്രകുമാരിയുടെ അമ്മായി താമസിക്കുന്ന പശ്ചിമ ബംഗാളിലെ അസൻസോളിൽ എത്തി. 

ഫെബ്രുവരി 11ന് ഒരു ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. പരമ്പരാഗത ഹൈന്ദവ ആചാരങ്ങളോടെ നടന്ന വിവാഹത്തിൽ നിരവധി പേർ പങ്കെടുത്തു. തൊട്ടുപിന്നാലെ, ചടങ്ങിൻ്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും പെട്ടെന്ന് വൈറലാവുകയും ചെയ്തു. 

പവൻ്റെ കുടുംബം വിവാഹത്തിന് സമ്മതിച്ചെങ്കിലും യുവതിയുടെ കുടുംബം ഇതിനെ എതിർക്കുകയും യുവാവിനെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തു. യുവാവിനെതിരെ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. അതേസമയം സ്വന്തം ഇഷ്ടപ്രകാരമാണ് പവനുമായുള്ള വിവാഹം നടന്നതെന്ന് യുവതി പോലീസിന് മൊഴി നൽകിയതായാണ് വിവരം. ഇന്ദ്രകുമാരിയുടെ കുടുംബത്തിൽ നിന്നുള്ള ഭീഷണി കാരണം ഇവർ  പോലീസ് സംരക്ഷണം തേടിയിരിക്കുകയാണ്.